22/04/2026

നിയതി :ഭാഗം 47

രചന:കണ്ണൻ്റെ മാത്രം

വിൻസെന്റിനെ ആൻജിയോപ്ലാസ്റ്റിക്കായി കയറ്റിയിരിക്കുകയാണ്.. ബ്ലോക്ക്‌ ഉണ്ടെന്ന് അറിഞ്ഞു പെട്ടന്ന് തന്നെ ഇത് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു… ജോയുടെ അവസ്ഥ നിധിക്ക് മനസിലാകുന്നുണ്ടായിരുന്നു… എന്തൊക്കെയായാലും അവന്റെ പപ്പ അല്ലേ… എത്രയൊക്കെ നമ്മളെ അവഗണിച്ചവർ ആണെങ്കിലും അവർക്കെന്തെങ്കിലും എന്ന് കേട്ടാൽ നമുക്ക് സഹിക്കാൻ പറ്റില്ലല്ലോ… നിധി അവന്റെ കൂടെ തന്നെ നിന്നു ഒരു താങ്ങിനെന്നോണം…. മീരയും ശിവയും ഉണ്ടായിരുന്നു അവർക്കൊപ്പം എന്ത് സഹായത്തിനും… രണ്ടു മണിക്കൂറുകൾക്ക് ശേഷം പ്രൊസീജിയർ കഴിഞ്ഞ് വിൻസെന്റ് ഓക്കേയാണ് എന്നറിഞ്ഞപ്പോൾ ആണ് എല്ലാവർക്കും സമാധാനമായത്… ഇന്ന് എന്തായാലും റൂമിലേക്ക് മാറ്റില്ല… അവിടെ വെയിറ്റ് ചെയ്യേണ്ട കാര്യമില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവിടെ തന്നെ ഒരു റൂമെടുത്ത് ഗ്രേസിയമ്മയും ആൽബിയും ആദവും അവിടെ നിന്നു… ആൽബിയാണ് നിർബന്ധിച്ച് ജോയോട് വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞത്… നിധിയെ കാണുമ്പോൾ ഉള്ള ഗ്രേസിയമ്മയുടെ പെരുമാറ്റം അവനെ വിഷമിപ്പിക്കുന്നുണ്ട് എന്ന് മനസിലാക്കിയപ്പോൾ ആണ് ആൽബി അവനെ വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചത്…. ചെയ്‌തു തീർക്കാൻ ഇനിയും ഒത്തിരി കാര്യങ്ങൾ ഉള്ളതുകൊണ്ട് ജോയും സമ്മതിച്ചു….

മീരയെ പോയിക്കണ്ടു യാത്രപറഞ്ഞു വീരനുള്ള സ്പെഷ്യൽ മരുന്നും വാങ്ങി വരുന്ന നേരത്താണ് നിധിമോളെ എന്നൊരു വിളിക്കേട്ടത്… അവൾ തിരിഞ്ഞു നോക്കിയപ്പോൾ ബ്രഹ്മൻ ആണ്… അവൾ താൻ നിൽക്കുന്നതിന്റെ ചുറ്റും ഒന്ന് നോക്കികൊണ്ട്‌ ബ്രഹ്മന്റെ മുഖത്തേക്ക് നോക്കി ഒന്നുമറിയാത്തപോലെ ചോദിച്ചു…അമ്മാവൻ എന്താ ഇവിടെ…നമ്മുടെ അമന് ഒരു ആക്‌സിഡന്റ് മോളെ… ഇവിടെ അഡ്മിറ്റ്‌ ആണ്….ആണോ… എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്… അല്ല എവിടെ വച്ചായിരുന്നു ആക്സിഡന്റ്… നിധി ഒന്നും അറിയാത്ത പോലെ ചോദിച്ചു…

ആദ്യം കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു… ഇപ്പൊ കുറച്ച് സമാധാനം ഉണ്ട്… മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്… ബോധം വന്നിട്ടില്ല ഇതുവരെ… ആ കണ്ണാടിപ്പുഴ ഭാഗത്ത്‌ വച്ചായിരുന്നു ആക്‌സിഡന്റ്.. അവൻ എന്തിനാ അങ്ങോട്ട് പോയത് എന്ന് മനസിലാകുന്നില്ല… ലോറി ആയിരുന്നു എന്നാ അറിഞ്ഞത്… ഡ്രൈവറെ പോലീസിന് കിട്ടിയിരുന്നു പിന്നെ ഡീറ്റെയിൽസ്ഒന്നുംഅറിഞ്ഞില്ല…ആണോ… ഡ്രൈവറെ പോലീസിന് കിട്ടി എന്നല്ലേ പറഞ്ഞത്.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ അമ്മാവാ… അതും പറഞ്ഞ് നിധി ഫോൺ എടുത്ത് ആർക്കോ വിളിച്ച് ആ ഭാഗത്തെ സ്റ്റേഷൻ നമ്പർ വാങ്ങി.. പിന്നെ നേരെ ആ സ്റ്റേഷനിലേക്ക് വിളിച്ചു…Mr. ഇബ്രാഹിം അല്ലേ ഞാൻ നിയതി രാംകുമാർ ആണ്.. കളക്ടർ.. അപ്പുറത്ത് ഫോൺ എടുത്തതും നിധി പറഞ്ഞു…

*********

ഇന്ന് ഒരു ആക്‌സിഡന്റ് നടന്നില്ലേ ആ കണ്ണാടിപ്പുഴ ഭാഗത്ത്‌ വച്ചിട്ട്.. ഒരു ലോറിയും കാറും തമ്മിൽ അതിന്റെ ഡീറ്റെയിൽസ് ഒന്ന് അറിയണമായിരുന്നു.. എന്റെ കസിൻ ആണ് ആ കാറിൽ ഉണ്ടായിരുന്നത്…

**************

കൊട്ടേഷനോ… നിധി അതും പറഞ്ഞ് ഫോൺ സ്പീക്കറിൽ ഇട്ടു… ബ്രഹ്മനും നിധി കൊട്ടേഷൻ എന്ന് പറഞ്ഞപ്പോൾ ആകെ അന്താളിച്ചു…അതേ മാഡം കൊട്ടേഷൻ തന്നെ… ആ ലോറി ഡ്രൈവറെ ഒന്ന് നന്നായി ചോദ്യം ചെയ്തപ്പോൾ അയാൾ സത്യം പറഞ്ഞു..ഏതോ ഒരു ശ്രീജിത്ത് ആണ് ഇവനെ കോൺടാക്ട് ചെയ്യ്തത് എന്നാ പറഞ്ഞത്.. പക്ഷേ ഇവന്റെ അക്കൗണ്ടിലേക്ക് പൈസ വന്നിട്ടുള്ളത് ഒരു മനുവിന്റെ അക്കൗണ്ടിൽ നിന്നാണ്.. ഇവൻ രണ്ടാളെയും കണ്ടിട്ടില്ല.. ഫോൺ വഴിയായിരുന്നു എല്ലാം…

മനുവും ശ്രീജിത്തുമോ അതാരാ… അമന് അങ്ങനെ വല്ല ശത്രുക്കളും ഉണ്ടോ അമ്മാവാ… അവൾ ബ്രഹ്മനെ നോക്കികൊണ്ട്‌ ചോദിച്ചു..ബ്രഹ്മൻ അപ്പോഴും ആ രണ്ടു പേരുകൾ കേട്ട ഞെട്ടലിൽ ആയിരുന്നു… പക്ഷേ നിധി ചോദിക്കുന്നത് കേട്ടപ്പോൾ അയാൾ അറിയില്ല എന്നതുപോലെ തലയാട്ടിക്കാട്ടി….ആ രണ്ടുപേരുകൾ അല്ലാതെ വേറെ എന്തെങ്കിലും തെളിവുകൾ കിട്ടിയിട്ടുണ്ടോ ഇബ്രാഹിം… എപ്പോഴാണ് ഇയാൾക്ക് കൊട്ടേഷൻ കൊടുത്തത്…പ്രത്യേകിച്ച് ഒന്നും കിട്ടിയിട്ടില്ല മേഡം.. പിന്നെ അയാൾക്ക് കൊട്ടേഷൻ കൊടുത്തത് ഇന്നലെ രാത്രി ഒരു 10 മണിക്ക് ശേഷം ആണ്.. ഇന്ന് തന്നെ ചെയ്യണം എന്ന് പ്രേത്യേകം പറഞ്ഞു എന്നാ അയാൾ പറഞ്ഞത്.. പിന്നെ മേഡം.. അയാൾ പറയുന്നത് ഇതിന് പിന്നിൽ ആ രണ്ടുപേർ മാത്രം അല്ലാ എന്നാ.. ഏതോ ഒരു വീരൻ സാറിന്റെ പേര് അവർ പറയുന്നത് കേട്ടു എന്നാ അയാൾ പറയുന്നത്.. പക്ഷേ അയാൾക്ക് വേറെ ഡീറ്റെയിൽസ് ഒന്നും അറിയില്ല…

മ്മ്… ഒത്തിരി നന്ദി ഇബ്രാഹിം.. താങ്കൾ ഇത്രയും ഡീറ്റൈൽഡ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന്… ഈ കേസുമായി ബന്ധപ്പെട്ടു എന്തെങ്കിലും അറിയുകയാണെങ്കിൽ എന്നെ ഒന്ന് അറിയിക്കണം…ഉറപ്പായും മേഡം….എങ്കിൽ ശരിയെടോ.. നിധി ഫോൺ വച്ചുകൊണ്ട് ബ്രഹ്മനെ നോക്കി… അയാൾ അപ്പോഴും കേട്ടകാര്യങ്ങളുടെ ഞെട്ടലിൽ ആയിരുന്നു.. നിധിക്ക് ഉള്ളിൽ ഒരു പുച്ഛമാണ് തോന്നിയത് അയാളുടെ അവിശ്വാസത്തോടെ ഉള്ള നിൽപ്പ് കണ്ടപ്പോൾ…

എന്താ അമ്മാവാ.. അമ്മാവൻ എന്താ ആകെ പകച്ചു നിൽക്കുന്നത്… നിധി ചോദിച്ചു…മോളെ നിധി എനിക്കൊരു കാര്യം പറയാനുണ്ട്… എന്താ അമ്മാവാ…മോളെ.. ആ പോലീസുക്കാരൻ പറഞ്ഞ ശ്രീജിത്തും മനുവും ഒക്കെ എനിക്ക് അറിയുന്ന ആളുകൾ ആണെന്ന് തോന്നുന്നു.. അതുപോലെ ലാസ്റ്റ് പറഞ്ഞ ആ വീരൻ സാറും… പിന്നെ അയാൾ പറഞ്ഞ സമയം… എല്ലാം…ഏഹ്ഹ് അറിയോ അമ്മാവന് അവരെ… എങ്കിൽ ഈസി ആയല്ലോ… എത്രയും പെട്ടന്ന് അവരെ കണ്ടെത്താലോ… ആരാ അവർ… നിധി അത്ഭുതം ഭാവിച്ചു…അച്ഛന്റെ കൂടെ എപ്പോഴും ഉണ്ടാകുന്ന രണ്ട് പയ്യന്മാർ ഉണ്ട്.. അവരുടെ പേര് ശ്രീജിത്ത്‌ എന്നും മനു എന്നുമാണ്… അവർ അച്ഛനെ വിളിക്കാ വീരൻ സാർ എന്നാണ്… അതുമാത്രമല്ല മോളെ ഇന്നലെ രാത്രി പുറത്തേക്ക് പോയതാണ് അച്ഛൻ.. പിന്നെ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.. എല്ലാംകൂടി കൂട്ടി വായിക്കുമ്പോൾ…. അയാൾ അത് മുഴവനാക്കാതെ നിർത്തി…

പക്ഷേ മുത്തശ്ശൻ അങ്ങനെ ചെയ്യുമോ… അവൾ ചോദിച്ചു…അറിയില്ല മോളെ എനിക്കാകെ പ്രാന്തെടുക്കുന്നു…ഹാ… അമ്മാവൻ വിഷമിക്കല്ലേ നമുക്ക് ഇതിന്റെ സത്യാവസ്ഥ കണ്ടെത്താമെന്നേ.. ഞാൻ അന്വേഷിക്കാം…അതേ മോളെ… ആരാണെങ്കിലും അവർക്ക് തക്കതായ ശിക്ഷ വാങ്ങികൊടുക്കണം… എന്റെ കുഞ്ഞിനെ ഇങ്ങനെ കെടുത്തിയവൻ ഇനി രണ്ട് കാലിൽ നടക്കണ്ട… അതിപ്പോ ആരാണെങ്കിലും… അയാൾ ഒരു പകയോടെ പറഞ്ഞു…

നിധിക്ക് അയാളുടെ സംസാരം കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്… ആരുടെ വാക്കിന്റെ പുറത്തായാലും എത്രയോ പേർക്ക് ഇവർ ദ്രോഹം ചെയ്തിരിക്കുന്നു… ഇപ്പൊ സ്വന്തം ചോരക്ക് പറ്റിയപ്പോ അയാൾക്കത് പൊള്ളി… അവൾ ഒരു പുച്ഛത്തോടെ ആലോചിച്ചു…അല്ല മോള് എന്താ ഹോസ്പിറ്റലിൽ….ഇച്ചായന്റെ പപ്പക്ക് സുഖമില്ലാതെ ഇവിടെ അഡ്മിറ്റ്‌ ആയിട്ടുണ്ട്… അങ്ങനെ വന്നതാ… ഞാൻ പോട്ടെ അമ്മാവാ… അമ്മാവൻ വിഷമിക്കണ്ട.. അമന്റെ ആക്സിഡന്റിന് പിന്നിൽ ആരാണെങ്കിലും അയാളെ കണ്ടെത്തിയിരിക്കും….

ശരി മോളെ… മോളെ കണ്ടതുകൊണ്ട് ഇതൊക്കെ അറിഞ്ഞു… എന്തായാലും സത്യങ്ങൾ അറിയട്ടെ… എന്നിട്ട് തീരുമാനിക്കാം ഇതിന് പിന്നിൽ ഉള്ളവരെ എന്ത്‌ ചെയ്യണം എന്ന്… അയാൾ പകയോടെ പറഞ്ഞുകൊണ്ട് നിധിയോട് യാത്ര പറഞ്ഞ് പോയി…. നിധി നേരെ മീരയുടെ കാബിൻ ലക്ഷ്യമാക്കിയും നടന്നു…ആ ഞാൻ നിന്നെ കാണണം എന്ന് കരുതി ഇരിക്കായിരുന്നു… നിധി മീരയുടെ കാബിനിലേക്ക് കയറിയതും മീര പറഞ്ഞു…എന്താടാ കാര്യം… മീരയുടെ മുന്നിൽ ഉള്ള കസേരയിലേക്ക് ഇരുന്നുകൊണ്ട് അവൾ ചോദിച്ചു…എന്താടാ പെട്ടന്ന് വിൻസെന്റ് അങ്കിളിന് പറ്റിയത്… വല്ലാതെ ടെൻഷൻ അടിച്ചിട്ടുണ്ട് ആള് എന്നാണല്ലോ കാർഡിയാക് സർജൻ പറഞ്ഞത്… BP കൺട്രോളിൽ കൊണ്ടുവരാൻ വല്ലാതെ ബുദ്ധിമുട്ടി എന്ന് പറഞ്ഞു ആള്.. ഇപ്പോഴും ഹൈ തന്നെ ആണെന്നാ പറഞ്ഞത്….

ഒരു സംഭവം ഉണ്ടായി ഇന്ന് അതിന്റെ ആഫ്റ്റർ എഫക്ട് ആണ് ഇതൊക്കെ എന്നും പറഞ്ഞ് നിധി സേവ്യറും ഹന്നയും ചെയ്തുകൂട്ടിയതും ഇന്ന് അയാളെ ചോദ്യം ചെയ്തതും അയാൾ ആഗ്നസ് മമ്മയുടെ കാര്യം പറഞ്ഞതും അങ്ങനെ എല്ലാം അവളോട്‌ പറഞ്ഞു…ഛെ… ഇയാൾ ഇത്ര ചെറ്റ ആയിരുന്നോ… ഇതാണ് ആരുടേയും മുഖം നോക്കി സ്വഭാവം വിലയിരുത്താൻ പറ്റില്ല എന്ന് പറയുന്നത്… ആ പെണ്ണിന്റെ ന്യൂസ്‌ കേട്ടപ്പോൾ എനിക്ക് ഇത്ര ഞെട്ടൽ ഉണ്ടായിരുന്നില്ല.. പക്ഷേ ഇത്.. അയാളെ ഇങ്ങനെ ഒന്നും ഒരിക്കലും കരുതിയിട്ടില്ല… വെറുതെ വിടരുത് നിധി ഇയാളെ ഒന്നും.. വെറുതെ ഭൂമിക്ക് ഭാരമായി എന്തിനാ ഇങ്ങനെ കുറേ നികൃഷ്ട ജന്മങ്ങൾ… എന്നാലും എങ്ങനെ അയാൾക്ക് അയാളുടെ പേരകുട്ടിക്ക് തുല്യമായ കുഞ്ഞിയെ ഇങ്ങനെ കാമകണ്ണുകൊണ്ട് നോക്കാൻ പറ്റി… ഛെ… അവൾക്ക് അറപ്പും വെറുപ്പും എല്ലാം തോന്നി….

ഇന്നത്തെ കാലം അതല്ലേ മീര.. സ്വന്തം അച്ഛനാൽ പീഡിപ്പിക്കപെടുന്ന എത്രയോ വാർത്തകൾ നമ്മൾ കേൾക്കുന്നു.. അതിലും എത്രയോ അധികം ആരും അറിയാതെ പോകുന്നുണ്ട്… ആ കുറച്ച് നിമിഷത്തെ സുഖത്തിന് വേണ്ടി സ്വന്തം മകളെ പോലും കടിച്ചുകീറാൻ മടിയില്ലാത്ത കുറേ രാക്ഷസന്മാർ ഉള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത്… നിധി ദേഷ്യത്തോടെ പറഞ്ഞു നിർത്തി…അതുമാത്രമോ.. നൊന്തുപ്പെറ്റ അമ്മമാർ തന്നെ സ്വന്തം മക്കളെ കൂട്ടികൊടുക്കുന്നു… ചില അമ്മമാർ മോളെയും കൊണ്ട് വരും.. ആ കുട്ടി ചൈൽഡ് അബ്യൂസിന് ഇരയായിട്ടുണ്ടാകും… അത് ഞാൻ അവരോട് പറഞ്ഞിട്ട് ഇത് കേസ് ആക്കാൻ പറയുമ്പോൾ അവരുടെ മറുപടി എന്താണെന്നറിയോ ഇതൊക്കെ പുറത്തറിഞ്ഞാൽ നാണക്കേട് ആണെന്ന്… അവർ ആ പെൺകുട്ടിയെയും കൊന്ന് ജീവനൊടുക്കുമെന്ന്… ചിലപ്പോ മൂന്നോ നാലോ വയസ്സൊക്കെ ഉണ്ടാവുള്ളൂ നിധി… ജനിറ്റൽ ഏരിയ മുഴുവൻ പൊട്ടി പഴുത്തു ഒന്ന് തൊടുമ്പോൾ വരെ അലറി കരയുന്ന കുഞ്ഞുങ്ങൾ… സഹിക്കില്ല… എന്നാലോ അത് ചെയ്തവനെ എന്തെങ്കിലും ചെയ്യാൻ അവർക്ക് പേടി… ആ അമ്മമാർ ശരിക്ക് മക്കളെ കൂട്ടികൊടുക്കുകയല്ലേ ചെയ്യുന്നത്… എന്നോട് ഒരിക്കൽ ഒരു മോള് ചോദിച്ചിട്ടുണ്ട് എന്നെ ഒന്ന് കൊന്നുതരുമോ ഡോക്ടർ ആന്റി.. മൂത്രമൊഴിക്കുമ്പോൾ ഒക്കെ ജീവൻ പോവുകയാണെന്ന്… എന്റെ പ്രൊഫഷൻ വരെ വെറുത്തുപോയി ഞാൻ അന്ന്… മീര കരയുകയായിരുന്നു.. നിധിയും… ഒരിക്കൽ ഒരു അമ്മയോട് ഇത് ഞാൻ കേസ് ആക്കും എന്ന് പറഞ്ഞതിന് അവർ എന്നോട് പറഞ്ഞത് എന്താന്ന്‌ അറിയോ എന്റെ മോളെ ഡോക്ടർ ട്രീറ്റ്‌ ചെയ്യണ്ട എന്ന്… എന്നിട്ടും അത് ഞാൻ കേസ് ആക്കി… അതിന് അവർ ചെയ്യ്തത് എന്താന്ന് അറിയോ നിനക്ക്.. അവർ ആ കുഞ്ഞിനേയും കൊന്ന് അവർ അങ്ങോട്ട് ആത്മഹത്യ ചെയ്തു… ഞാൻ കാരണം ആണല്ലോ അവർ അങ്ങനെ ചെയ്യ്തത് എന്നാലോചിച്ച് ഞാൻ വിഷമിച്ചതിന് കൈയും കണക്കും ഇല്ലാ… അതിന് ശേഷം എനിക്ക് കേസ് ആക്കാൻ പേടിയാ നിധി… ഓരോ പ്രാവശ്യവും അങ്ങനെ ഒരു ചിന്ത വരുമ്പോൾ കേസ് ആക്കല്ലേ ഡോക്ടർ ആന്റി അമ്മ എന്നെ കൊന്നുകളയും എന്ന് പറഞ്ഞു കരഞ്ഞ ആ കുഞ്ഞിന്റെ കരച്ചിൽ എന്റെ ചെവിയിൽ വരും.. അന്ന് ഞാൻ അത് എന്റെ ഇഷ്ടത്തിന് കേസ് ആക്കിയില്ലായിരുന്നെങ്കിൽ ആ കുഞ്ഞ് ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു… പലപ്പോഴും ഞങ്ങൾ ഡോക്ടർമാർ നിസ്സഹായരാകുന്നത് ഇങ്ങനെ ഉള്ള പേരെന്റിസിന്റെ മുന്നിൽ ആണ്..

മീരാ… ഏതോ ലോകത്തെന്നപോലെ സംസാരിക്കുന്ന മീരയെ നിധി വിളിച്ചു…കഴിഞ്ഞിട്ടില്ല നിധി ഇനിയും ഉണ്ട്… ഒരു ഗൈനക്കോളജി ഡോക്ടർ ആയതുകൊണ്ട് മാത്രം കാണേണ്ടി വന്നിട്ടുള്ള കാര്യങ്ങൾ…. താൻ വിളിച്ചത് പോലും അറിയാതെ ഏതോ ലോകത്തെന്നപോലെ ഇരുന്ന് സംസാരിക്കുന്ന മീരയെ നിധി വിഷമത്തോടെ നോക്കി.. അവളുടെ ഉള്ളിൽ കിടന്ന് വിങ്ങുന്ന നോവുകൾ അവൾ പറഞ്ഞു തീർത്തോട്ടെ എന്ന് കരുതി നിധി അവളെ തടസ്സപ്പെടുത്താതെ നല്ലൊരു കേൾവിക്കാരിയായി…

തുടരും…

വിഷുന്റെ അന്ന് നാട്ടിൽ എത്തി… ക്ലൈമറ്റ് ചേഞ്ച്‌ മോന് പിന്നെയും പനി പിടിച്ചു… ഇത്തിരി കാര്യമായി പണികിട്ടി… അത്രക്ക് ചൂടല്ലേ… 40 യിലും അധികം ആണ് ടെമ്പേറേചർ കാണിക്കുന്നത്… വേറെ ഒന്നിനെക്കുറിച്ച് ചിന്തിക്കാനും നേരം കിട്ടുന്നില്ല പിള്ളേരെ.. മനസിലാക്കുമെന്ന് കരുതുന്നു…