17/04/2026

സഖി : ഭാഗം 04

രചന – Zehnazeeb

“ലയ… നീ എന്താ ഇവിടെ?” ആലിയുടെ സംസാരത്തിൽ നിറഞ്ഞു നിന്ന ഇഷ്ടക്കേട് സ്പഷ്ടം ആയിരുന്നു. അവളുടെ മുഖത്തേക്ക് കുറ്റബോധം ഏതും ഇല്ലാതെ നോക്കാൻ ശ്രമിച്ചു ഞാൻ ഇതിനിടെ പരാജയപ്പെട്ടു പോയിരുന്നു. “നീ എന്തിനു ഇതൊക്കെ ചെയ്യുന്നു ഇന്ന് ഞാൻ ചോദിക്കുന്നില്ല… പറയാനുണ്ട്… അത് പറയാം… അതിനു മുൻപ് ഇദ്ദേഹത്തോട് കുറച്ചു ചോദിക്കാൻ ഉണ്ട്. രണ്ടു പേരും ഒരുമിച്ച് ഉണ്ടായത് നന്നായി…. രണ്ടിടത്തേക്ക് ഉള്ള യാത്ര എനിക്ക് ലാഭമായി… ” എന്തിനോ തയ്യാറായി അവള് എൻ്റെ നേരെ തിരിഞ്ഞപ്പോൾ, എങ്ങനെയോ ഉണ്ടാക്കി കൂട്ടിയ ധൈര്യത്തിൽ അവളെ നോക്കി… “നച്ചി ഏട്ടൻ… ക്ഷമിക്കണം, വിളിച്ച് ശീലിച്ചു പോയത് കൊണ്ടാണു… പിന്നെ നിങ്ങളെ രണ്ടിനേം വിളിക്കാൻ പറ്റിയ പേര് വിളിക്കാൻ എൻ്റെ സംസ്കാരം എന്നെ അനുവദിക്കാത്തത് കൊണ്ടും മാത്രം ആണ് ഇപ്പൊ ഈ ഏട്ടാ വിളി… ഒരു നിമിഷം പോലും അത് നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണെന്ന് തെറ്റിദ്ധരിച്ചു പോവരുത്.

നിങ്ങളോട് എനിക്ക് ബഹുമാനം ഉണ്ടായിരുന്നു. ഒരു പക്ഷെ ദൈവ സമാനമായി ഞാൻ നിങ്ങളെ കണ്ടിരുന്നു. എപ്പോഴാണ് എന്നറിയ്യോ? നിങ്ങളുടെ കൂടെ ആ പെണ്ണ് എത്ര സന്തോഷവതിയായിരുന്നു എന്ന് കണ്ടപ്പോൾ… ഇതുവരെ മനസ്സറിഞ്ഞ് ചിരിച്ചു കണ്ടിട്ടില്ലാത്ത പാവം, നിങ്ങളുടെ കാര്യം പറയുമ്പോൾ, ഉള്ളം നിറഞ്ഞു പുഞ്ചിരിച്ചു കണ്ടപ്പോൾ… പിന്നെ അവളെ താലി കെട്ടി സ്വന്തമാക്കി അന്തസ്സായി നോക്കുന്നു എന്ന് കണ്ടപോൾ… അവളെ പോലേ നൈർമല്യം ഉള്ള പെണ്ണിനു അവള് deserve ചെയ്തതു പോലെ ഒരു ജീവിതം, finally കിട്ടി എന്ന് തോന്നിയപ്പോൾ… പക്ഷേ അതൊക്കെ ഇങ്ങനെ അതിനെ ഇട്ട് നരകിപ്പിക്കാൻ ആയിരുന്നു എങ്കിൽ കൊന്നു കളഞ്ഞു കൂടായിരുന്നോ അതിനെ? ആരും ചോദിക്കാൻ വരില്ലായിരുന്നല്ലോ! എന്തിനാ അതിനെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു, ആശിപ്പിച്ച് ഇങ്ങനെ പടുകുഴിയിലേക്ക് തള്ളി ഇട്ടത്???” അവളുടെ ശബ്ദം ഇടറുന്നത് അറിയുന്നുണ്ടായിരുന്നു… ദേഷ്യം ആയിരുന്നു അത് കേട്ടപ്പോൾ വന്നത്… അത്യധികം പുച്ഛത്തോടെ ആയിരുന്നു ഞാൻ മറുപടി പറഞ്ഞ് തുടങ്ങിയത്… “നൈർമല്യം ഉള്ള പെണ്ണോ? അത് കൊണ്ടാവും സ്വന്തം ഫ്രണ്ടിനെയും എന്നെയും ചതിച്ചത്…” “വാട്ട്?” ലയ മനസ്സിലാവാത്തത് പോലെ നെറ്റി ചുളിച്ചു.

“ഇവൾക്ക് വിശദീകരണം കൊടുക്കണ്ട ആവശ്യം ഇല്ലാ നാഷ് നമുക്ക്… നമ്മൾക്ക് പരസ്പരം ഇഷ്ടം ആണെങ്കിൽ, ഇവള് ആരാ ഇടയിൽ വരാൻ…!!” ആലി ചൊടിച്ചു. എന്നെ പിടിച്ചു വലിച്ചു അകത്തേക്ക് പോവാൻ പോയവളെ ലയ തടഞ്ഞു. “ഞാൻ ആരും ആയിരിക്കില്ല. പക്ഷേ ചോദിക്കാൻ അവകാശം ഉള്ള ആളുണ്ട്… നക്ഷത്ര… നീ ഇപ്പൊ ഈ അധികാരത്തോടെ പിടിച്ചിരിക്കുന്ന ആളുടെമേൽ ശരിക്കും അവകാശം ഉള്ളവൾ… അവള് പക്ഷേ ചോദിക്കില്ല… അത് കൊണ്ട് ഞാൻ ചോദിക്കുന്നു… എനിക്ക് അറിയണം… അറിഞ്ഞിട്ടെ ഞാൻ ഇവിടെ നിന്ന് പോവൂ…” ലയ അവളെ തറപ്പിച്ചു നോക്കി പറഞ്ഞപ്പോൾ, എൻ്റെ കയ്യിൽ ഉള്ള അവളുടെ പിടി അയയുന്നത് ഞാൻ അറിഞ്ഞു. ഒപ്പം അവളുടെ മുഖം വിവർണം ആയതും അറിഞ്ഞു എങ്കിലും, അപ്പൊൾ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഉള്ള വീർപ്പുമുട്ടൽ ആയിരുന്നു. “ആര് ആരെ ചതിച്ചു എന്നാ നച്ചു ഏട്ടൻ പറഞ്ഞത്?” ലയ വീണ്ടും എനിക്ക് നേരെ തിരിഞ്ഞു.

“നിൻ്റെ നിഷ്കളങ്ക ആയി ഫ്രണ്ട്… എനിക്ക് ഇവളെ ആണ് ഇഷ്ടം എന്ന് പറഞ്ഞല്ലേ അവളുടെ അടുത്ത് ഹെൽപ് ചോദിച്ച് ചെന്നത്… എന്നിട്ട് ആലിക്കു എന്നെ ഇഷ്ടം ആണെന്ന് അറിഞ്ഞിട്ടും, അതെന്നോട് പറയാതെ, അവൾക്ക് എന്നെ ഇഷ്ടം ആണ് എന്ന് അറിഞ്ഞിട്ടും, എൻ്റെ ഇഷ്ടം അവളോട് പറയാതെ, എൻ്റെ അടുത്തു വന്നു അഭിനയിച്ചു തകർത്തു, പഞ്ച പാവം ചമഞ്ഞ അവളെ ഞാൻ പിന്നെ എന്ത് വിളിക്കണം… ? പുണ്യവതി എന്നോ?” ദേഷ്യം കൊണ്ട് ഞാൻ വിറച്ച് പോയിരുന്നു അത് പറയുമ്പോൾ… വളരെ അധികം effort എടുത്താണ് ഞാൻ അത് പറഞ്ഞത്… വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ചു തൊണ്ടക്കുഴിയിൽ തടഞ്ഞത്, ഉറക്കെ സംസാരിച്ചപ്പോൾ ആണ് പുറത്തേക്ക് വന്നതു. ഞാൻ പറഞ്ഞത് കേട്ട് ലയ ആദ്യം ഞെട്ടി… പിന്നെ പൊട്ടി പൊട്ടി ചിരിക്കാൻ തുടങ്ങി… ഇടയ്ക്ക് എന്നെയും പിന്നെ ആലിയേയും നോക്കി അട്ടഹസിച്ചു ചിരിക്കുന്ന അവളെ കണ്ട് ദേഷ്യം കൂടി കൂടി വന്നു… അവള് നിർത്താതെ വന്നപ്പോൾ, കയ്യിൽ ഇരുന്ന ഫോൺ താഴേക്ക് വലിച്ചെറിഞ്ഞു… “ജസ്റ്റ് shut up!!!” ഫോണിനൊപ്പം എൻ്റെ വാക്കുകളും ചിതറി തെറിച്ചു.

പക്ഷേ ലയ പിന്നെയും ചിരിച്ചു കൊണ്ടിരുന്നു. മുഷ്‌ടി ചുരുട്ടി സ്വയം കൺട്രോൾ ചെയ്തു നിന്ന തൻ്റെ മുന്പിൽ ആയി, സോപാനതിൽ ഇരുന്ന് കൊണ്ട്, അവള് വീണ്ടും തന്നോട് ചോദിച്ചു…” ഇവൾക്ക് നിങ്ങളോട് ഉള്ള ഇഷ്ടം നച്ചു പറയാതെ ഇരുന്നതാണോ അവള് നിങ്ങളോട് ചെയ്ത ദ്രോഹം?” അപ്പോഴും അവളുടെ മുഖത്ത് പരിഹാസം നിറഞ്ഞ ചിരി ഉണ്ടായിരുന്നു. കാര്യം മനസ്സിലാവാതെ അവളെ നോക്കി നിൽക്കാനേ അപ്പോ ആയുള്ളൂ… തല കുനിച്ചു നിൽക്കുന്ന ആലിയെ കണ്ടപ്പോൾ, ചതി പറ്റിയത് ഇപ്പോഴാണ് എന്ന് ഒരു തിരിച്ചറിവ് വന്നു തുടങ്ങി. ഉള്ളിൽ അടക്കി വച്ചാ കുറ്റ ബോധം പുറത്തേക്ക് ഒഴുകി തുടങ്ങി… പരിഹാസം നിറഞ്ഞ ചിരി മാറി, ലയായുടെ മുഖത്ത് ക്രൗര്യം നിറയുന്നത് ഞാൻ നോക്കി നിന്നു…” ഇവൾക്ക് നിങ്ങളോടുള്ള ദിവ്യ പ്രേമം നിങ്ങളോട് പറഞ്ഞില്ല എന്ന് പറഞ്ഞാണ് അവളെ നിങൾ ഇത്രയും ദ്രോഹിച്ചത് എങ്കിൽ, ഈ സംഭവിച്ചത് ഒക്കെ നാന്നായെ ഉള്ളൂ.. നിങ്ങൾ അവളെ ഉപേക്ഷിക്കണം… കാരണം അവളുടെ സ്നേഹം നിങ്ങളെ പോലെ ഒരു ചതിയൻ അർഹിക്കുന്നില്ല.

ഉണ്ടായിരുന്നു എങ്കിൽ, ഒരുത്തി വന്നു ഇങ്ങനെ ഒരു പച്ച കള്ളം നിങ്ങളുടെ ഭാര്യയെ കുറിച്ചു പറയുമ്പോൾ, at least അവളോട് ഒന്ന് ചോദിക്കാൻ ഉള്ള മര്യാദ എങ്കിലും നിങ്ങൾ കാണിച്ചേനെ… അത് ചെയ്യാതെ ഇവളുടെ ഒരു വാക്ക് കേട്ട് നച്ചുവിനെ നിങ്ങൾ ചതിച്ചതിന് അർത്ഥം ഒന്നെ ഉള്ളൂ… നിങ്ങള് ഒരിക്കളും അവളെ പ്രണയിച്ചിരുന്നില്ല…” “Nooo….” അറിയാതെ എതിർത്തു പോയി… അത് സത്യം അല്ല… അവളെ താൻ പ്രണയിച്ചിരുന്നു… ഇപ്പോഴും പ്രണയിക്കുന്നു… ജീവനേക്കാൾ കൂടുതൽ… പക്ഷേ അത് ഉറക്കെ പറയാൻ തുനിഞ്ഞ നാവിനെ ഹൃദയം വിലക്കി… അതായിരുന്നു തന്നെ കേൾക്കാതെ ഇരുന്നതിന് ഹൃദയം എനിക്ക് നൽകിയ ശിക്ഷ. എൻ്റെ പ്രണയത്തെ കുറിച്ചു നിസാരവൽകരിച്ച് പറയുന്നത്, തിരിച്ചൊന്നും പറയാൻ ആവാതെ, നാവ് പിടിച്ചു കെട്ടിയത് പോലേ കേട്ട് നിൽക്കുക… ഒഴുകി ഇറങ്ങുന്ന കണ്ണിനെ തുടക്കാൻ പോലും ആവാതെ നിന്നു.

എനിക്ക് തെറ്റു പറ്റിയിരിക്കുന്നു… തൻ്റെ പ്രണയത്തെ ഞാൻ തന്നെ തോൽപ്പിച്ച് കളഞ്ഞിരിക്കുന്നു… “ഞാൻ പറഞ്ഞു കഴിഞ്ഞില്ല… നിങ്ങളെ പോലെ അവളെ സ്നേഹിക്കാത്ത ഒരാളുടെ കൂടെ അല്ല അവള് ജീവിക്കേണ്ടത്… അവളെ സ്നേഹിക്കുന്ന, അവളെ മനസിലാക്കുന്ന, അവളുടെ വില അറിയുന്ന ആളുടെ കൂടെ വേണം അവള് ജീവിക്കാൻ… ഇങ്ങനെ ഒരു ചതിയുടെ കഥ ഇവള് മേനഞ്ഞുണ്ടാക്കി പറഞ്ഞില്ലായിരുന്നു എങ്കിലും, നിങ്ങള് നച്ചുവിനെ വഞ്ചിക്കുമായിരുന്നു… ഒന്നുകിൽ ഇവളുടെ കൂടെ ചേർന്ന്, അല്ലെങ്കിൽ നിങ്ങളെ ചിരിച്ചു കാണിക്കുന്ന മറ്റേതെങ്കിലും ഒരുവളും ആയി ചേർന്ന്… നിങ്ങള് ഒരിക്കലും അർഹിക്കാത്ത ഒന്നാണ് നിങ്ങള് ചവിട്ടി മെതിച്ച് കളഞ്ഞത്. She deserves ബെറ്റർ. പിന്നെ… നിങ്ങളെ പോലെ ഒരു പമ്പര വിഡ്ഢി അവളുടെ സത്യമായ പ്രണയം അർഹിക്കുന്നില്ല… You don’t deserve her… ദാ ഇവളെ പോലെ, selfish ആയ, shallow ആയ ഒരു പെണ്ണിനെയെ നിങൾ അർഹിക്കുന്നുള്ളൂ…” ലയ പറഞ്ഞു നിർത്തുമ്പോൾ മനസ്സിൽ ചോദ്യങ്ങൾ പലതായിരുന്നു.

“ലയ… എന്ത്… എന്താ സംഭവിച്ചത്…? എനിക്ക്… എനിക്ക് എവിടെ ആണ് തെറ്റു പറ്റിയത്?” ഉള്ളിലെ കുറ്റബോധത്തിൻ്റെ ഭാരം താങ്ങാൻ ആവാതെ, തൂണിൽ പിടിച്ചു സോപാനത്തതിലേക്ക് ഇരുന്നു പോയിരുന്നു. “തെറ്റ് പറ്റിയത് നിങ്ങൾക്കല്ല, നച്ചികെത്… എൻ്റെ നച്ചുവിനാണ്… നിങ്ങളെ വിശ്വസിച്ചതിൽ… എന്തിനേക്കാളും അധികം ആയി നിങ്ങളെ സ്നേഹിച്ചതിന്… ഇപ്പോഴും എല്ലാം അറിഞ്ഞിട്ടും നിങ്ങളെ മാത്രം സ്നേഹിക്കുന്നതിന്… വിശ്വസിക്കുന്നതിന്… ” കവിളിലെക്ക് ഒഴുകി ഇറങ്ങിയ കണ്ണീരിനെ പുറം കൈ കൊണ്ട് തുടച്ചു കളഞ്ഞു. അവളുടെ കത്തുന്ന മിഴികളെ നേരിടാൻ ആവുന്നുണ്ടായിരുന്നില്ല. ഒരു ചോദ്യം അപ്പോഴും മനസ്സിൽ ബാക്കി ആയിരുന്നു… “നിനക്ക് ഇഷ്ടം അല്ലായിരുന്നു എങ്കിൽ… പിന്നെ എന്തിന്… എന്തിനായിരുന്നു… ആലി?” ചോദ്യം മുഴുവനും ആക്കാൻ ഉള്ള ശക്തി ഇല്ലായിരുന്നു. ” നോ… അങ്ങനെ അല്ല… എനിക്കിഷ്ടം ആയിരുന്നു നാശിനെ… ഇഷ്ടം ആണ്…” ആലി ചാടി കയറി പറഞ്ഞു.

” എപ്പോ തുടങ്ങിയ ഇഷ്ടം ആണ് എന്ന് കൂടെ പറഞ്ഞു കൊടുക്കു… ” പുച്ഛത്തോടെ ലയ അത് പറഞ്ഞപ്പോൾ, ആലിയുടെ തല വീണ്ടും കുനിഞ്ഞു… ഒരു ഉത്തരത്തിനായി വീണ്ടും ലയയെ നോക്കി… ” ഇവൾക്ക് നിങ്ങളോട് പ്രേമം, അങ്ങനെ വിളിക്കാമോ എന്നറിയില്ല… തോന്നിയ വികാരം എന്തായാലും, അത് തുടങ്ങിയത് നിങ്ങള് നച്ചുവും ആയി പ്രണയത്തിൽ ആയി കഴിഞ്ഞാണ്… കൂട്ടത്തിൽ തന്നെക്കാൾ പല കാര്യത്തിലും പുറകിൽ നിൽക്കുന്ന ഒരുവൾക്ക് തന്നെക്കാൾ നല്ലൊരു ജീവിതം കിട്ടുന്നു എന്ന് അറിഞ്ഞപ്പോ തൊട്ട്… ഒപ്പം ഇവള് boyfriend എന്ന് വിളിച്ചിരുന്ന ഇവളുടെ ATM ഇവളെ dump ചെയ്യുക കൂടെ ചെയ്തപ്പോൾ, അസൂയ ആയിരുന്നു ആദ്യം… എന്തൊക്കെയോ പറഞ്ഞ് അവളുടെ മനസ്സിൽ നിങ്ങളെ കുറിച്ച് സംശയത്തിൻ്റെ വിത്ത് പാകാൻ നോക്കി… പക്ഷേ ഒന്നിനും അവൾക്ക് നിങ്ങളോടുള്ള വിശ്വാസത്തെ തകർക്കാൻ ആയില്ല. അവസാനം ഒന്നും നടക്കാതെ വന്നപ്പോഴാണ് നിങ്ങളുടെ അഫ്ഫെയർനെ കുറിച്ച് അവളുടെ വീട്ടിൽ വിളിച്ച് പറഞ്ഞത്.

അവളെ അവർ വന്നു തല്ലിയും ചീത്ത പറഞ്ഞും പിടിച്ചു കൊണ്ട് പോയപ്പോൾ, ഇവള് സമാധാനിച്ചു. പക്ഷേ പിറ്റേന്ന് നിങ്ങൾ അവളെ വിളിച്ചിറക്കി കൊണ്ട് വന്നു എന്ന് അറിഞ്ഞപ്പോള് അസൂയ പതിന്മടങ്ങായി… അവളോട് സംസാരിക്കാൻ പോലും പറ്റാത്ത രീതിയിൽ അസൂയ വളർന്നു. എന്നാലും ഈ സമയത്ത് ഒന്നും നിങ്ങളെ അവള് ആഗ്രഹിച്ചിരുന്നില്ല കേട്ടോ… ആ സമയം ഇവൾക്ക് boyfriends രണ്ട് പേരായിരുന്നു… എന്നാലും, ഓരോ ദിവസവും കോളജിൽ വരുമ്പോള് നച്ചുവിനെ കൂടുതൽ കൂടുതൽ സന്തോഷവതിയായി കൂടെ കണ്ടപ്പോ സഹിക്കാൻ ആയില്ല, അല്ലേ ആലി? അവളോട് മര്യാദയ്ക്ക് സംസാരിക്കാൻ തുടങ്ങിയപ്പോൾ കരുതി, ചിലപ്പോ നന്നായി കാണും എന്ന്… ഒരിക്കൽ ഒരു ഫ്രീ അവറിൽ പിടിച്ചിരുത്തി നിങ്ങളുടെ ലൗ സ്റ്റോറി പറയാൻ പറഞ്ഞപ്പോൾ, അവള് എല്ലാം പറഞ്ഞു. അവളുടെ ഉളളിൽ അല്ലേ കളങ്കം ഇല്ലാതുള്ളു… സോ എല്ലാം ഇവളോട് തന്നെ തുറന്നു പറയുന്നതിൽ തെറ്റൊന്നും കണ്ടില്ല.

പക്ഷേ ഇവളിൽ അത് അവളോട് പക ആണ് ജനിപ്പിച്ചത്… തൻ്റെ എന്തോ തട്ടി എടുത്ത് കൈക്കലാക്കിയ വില്ലത്തി ആയി അവളെ കണ്ടു. അതിനു ആക്കം കൂട്ടാൻ ആയി, ആരിൽ നിന്നോ അറിഞ്ഞ നിങ്ങളുടെ ഫിനാൻഷ്യൽ സ്റ്റാറ്റസും … അതിനു മുൻപ് കിട്ടുന്ന ഗിഫ്റ്റിനെ കുറിച്ചു അല്ലാതെ, അത് അയക്കുന്ന ആളിനെ കുറിച്ച് അറിയാൻ താൽപ്പര്യം കാണിക്കാതെ ഇരുന്നവൾക്ക്, അവൻ മറ്റൊരാളുടെത് ആയി എന്ന് അറിഞ്ഞപ്പോ ദിവ്യ പ്രേമം. നിങ്ങള് പ്രണയത്തിൽ ആവുന്നതിന് മുൻപ്, ഗിഫ്റ്റ് തരുന്ന ആളെ അന്വേഷിച്ചു കണ്ടു പിടിക്കേണ്ടേ എന്ന് ചോദിച്ചു നച്ചു പുറകെ നടന്നപ്പോൾ അവൾക്ക് നച്ചുവിനോട് പുച്ഛം ആയിരുന്നൂ. ആയിരം പേര് നേരിട്ട് വന്ന് ഇഷ്ടം പറയുമ്പോൾ, ഒളിഞ്ഞിരുന്ന് പ്രേമിക്കുന്നവനെ തപ്പി പോവാൻ അവൾക്ക് സമയം ഇല്ല പോലും… അവളോട് തന്നെ വേണം എങ്കിൽ പോയി തപ്പി കണ്ട് പിടിച്ച് പ്രേമിച്ചോ എന്നും പറഞ്ഞിരുന്നു.

പല തവണ നിങ്ങളിലേക്ക് ഇവളുടെ ശ്രദ്ധ എത്തിക്കാൻ നച്ചു ശ്രമിച്ചിരുന്നു… നിങ്ങൾ നച്ചുവിനെ കാണാൻ ആയി അടിക്കടി വന്നിരുന്നപ്പോഴും, നിങൾ അവളോട് അടുക്കാൻ ശ്രമിച്ചു തുടങ്ങിയപ്പോഴും, അവൾക്കു നിങ്ങളോടും ഒരു ഇഷ്ടം തോന്നി തുടങ്ങി എന്ന് സ്വയം മനസ്സിലാക്കി കഴിഞ്ഞും അവള് നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ പ്രണയത്തെ നേടി തരാൻ ശ്രമിച്ചിരുന്നു. പക്ഷേ കേവലം ഒരു കഫെ മാനേജർ മാത്രം ആണ് നിങ്ങൾ എന്ന് തെറ്റിദ്ധരിച്ചത് കൊണ്ട് അപ്പൊൾ ഒന്നും ഇവൾക്ക് നിങ്ങളോട് ഒരു താൽപ്പര്യവും തോന്നിയില്ല. പക്ഷേ നിങ്ങൾ അവളുടേത് ആയി കഴിഞ്ഞപ്പോൾ, ദാ ഈ നിൽക്കുന്നവൾക്ക് അത് സഹിച്ചില്ല. നിങ്ങളുടെ ഫ്ലാറ്റിലേക്ക് വരാൻ ഇവള് ഉത്സാഹം കാണിച്ചപ്പോൾ ആദ്യം സംശയം തോന്നിയിരുന്നു എങ്കിലും, നിങ്ങളുടെ ഭാഗത്ത് നിന്നും ഇവൾക്ക് അനുകൂലം ആയ ഒരു response കാണത്തിരുന്നപ്പോൾ ഞാൻ ആശ്വസിച്ചു… പക്ഷെ… ” ലയ ഒന്ന് നിർത്തി, ആഞ്ഞ് ശ്വാസം എടുത്തു… “അല്ല… നിങൾ പറഞ്ഞല്ലോ, നച്ചും നിങ്ങളെ ചതിച്ചു എന്ന്??? നിങ്ങളുടെ മുൻപിൽ അഭിനയിച്ചു നിങ്ങളെ വളച്ചെടുത്തു എന്നോ മറ്റോ… അകന്നു പോവാൻ ശ്രമിച്ചവളെ, നിങ്ങൾ അല്ലേ വീണ്ടും വീണ്ടും വലിച്ചടുപ്പിച്ചതു.

ജീവിതത്തിൽ സ്നേഹവും കെയറും എന്താണ് എന്ന് അറിയാത്തവളാണ്… എത്ര ഒഴിഞ്ഞു മാറിയിട്ടും വീണ്ടും വീണ്ടും നിങ്ങള് കാണിച്ച, നിർബന്ധിച്ച് അവളിലേക്ക് അടിച്ചേൽപ്പിച്ച പ്രണയം അവളും സ്വീകരിച്ചു, അവൾക്ക് കിട്ടിയതിനു പതിൻമടങ്ങ് ഇരട്ടി ആയി തിരികെ തന്നു എന്നല്ലാതെ, അവളു എന്ത് തെറ്റാണു ചെയ്തത്??!” മറുപടി ഒന്നും ഇല്ലാതെ, ഒക്കെ കേട്ടു തളർന്ന് ഇരിക്കാൻ മാത്രമേ അപ്പോ എന്നെ കൊണ്ട് ആകുമായിരുന്നുള്ളു… ഞാൻ അറിയുന്ന, അനുഭവിക്കുന്ന ഈ വേദന, ഞാൻ കൊടുത്തതിൽ ആയിരത്തിൽ ഒന്ന് പോലും ആവില്ല എന്ന് എനിക്ക് അറിയാമായിരുന്നു. “നിങ്ങളുടെ രണ്ടിൻ്റെം കണ്ണും കണ്ണും കൊണ്ടുള്ള കഥ പറച്ചിൽ തുടങ്ങിയപ്പോഴേ ഞാൻ ശ്രദ്ധിച്ചിരുന്നു, നിങ്ങൾക്ക് അവളോടുള്ള സ്വഭാവത്തിലെ വ്യത്യാസം.

അത് പക്ഷേ പറഞ്ഞു കൊടുത്തിട്ട് പോലും, ആ പൊട്ടിക്ക് മനസ്സിലായില്ല… നിങ്ങള് അവൾക്ക് ദൈവം ആയിരുന്നു… അതു കൊണ്ടാണല്ലോ… ഇത്ര ഒക്കെ അനുഭവിച്ചിട്ടും… നിങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി ഉടുത്തൊരുങ്ങി വിഷ്ണു ഏട്ടൻ്റെ പാർട്ടിക്ക് പോണം എന്നും പറഞ്ഞു സാരി വാങ്ങാൻ ഇന്ന് എന്നെയും കൊണ്ട് അവള് മാളിൽ വന്നതു… ഒരോ സാരി എടുക്കുമ്പോഴും ഈ കളർ ഏട്ടന് ഇഷ്ടാവില്ല, ഇങ്ങനെ കുത്തുള്ളത് ഏട്ടന് ഇഷ്‌ടാവില്ല, ഇത് വട്ടത്തിൽ ഇരിക്കുന്നതാണ് ഏട്ടന് ഇഷ്ടം എന്നൊക്കെ പറഞ്ഞു, കുറെ ഏറെ നേരം തപ്പി നടന്ന് ഒരു സാരി വാങ്ങിയത്. ഇന്ന് ഒരുങ്ങി ഏട്ടനെ ഞെട്ടിക്കും എന്നും പറഞ്ഞു ഇറങ്ങിയ ആളാണ്, അവസാനം സ്വന്തം ഭർത്താവും കൂട്ടുകാരിയും പബ്ലിക് ആയി flirt ചെയ്യുന്നത് കണ്ട് ഞെട്ടിയത്. അതെൻ്റെ ഏട്ടനാവില്ല എന്ന് പറഞ്ഞ് അവളു പോവാൻ ഒരുങ്ങിയപ്പോൾ ഞാൻ വിളിച്ചതാണ് എൻ്റെ കൂടെ വന്നു സത്യാവസ്ഥ കണ്ട് ഉറപ്പിക്കാൻ. പക്ഷേ സമ്മതിക്കാതെ മാറി നിന്നു.

അവളെ കാണിക്കാനായി തന്നെ ആണ്, അവൾക്ക് കാണാൻ പാകത്തിൽ നിങ്ങളെ വിളിച്ചത്. കണ്ടു… നിങ്ങള് ആണെന്ന് ബോധ്യപ്പെട്ടു… എന്നാലും നിങ്ങളെ അവിശ്വസിക്കില്ല പോലും. ശരി… നിങ്ങള് രണ്ടും കൂടെ എങ്ങോട്ടാ എന്ന് നോക്കിയിട്ട് വരാം എന്ന് പറഞ്ഞ്, പിടിച്ചു വലിച്ചാണ് നിങ്ങളുടെ പുറകെ വന്നതു… ഇവളുമായി നിങ്ങൾ ഇഴുകി ചേർന്ന് ഇരിക്കുന്നത് കണ്ടിട്ടും, എന്തിന് നിങ്ങൾ ഇവളെ ഉമ്മ വയ്ക്കുന്നത് കണ്ടിട്ട് പോലും, അവള് പറഞ്ഞത് അവളുടെ ഏട്ടന് അറിയാതെ പറ്റിയതാവും എന്നാണ്… എത്ര പറഞ്ഞു കൊടുത്താലും അവൾക്ക് മനസ്സിലാവില്ല എങ്കിൽ അനുഭവിക്കട്ടെ… അവളുടെ നച്ചി ഏട്ടൻ അവളെ തള്ളി പറയില്ല എന്നാണ് അവളുടെ വിശ്വാസം…. അവൾക്ക് ആ വിശ്വാസം ഉണ്ട് എങ്കിലും ഇവളോട് രണ്ടു വർത്തമാനം പറയണം എന്ന് എനിക്ക് തോന്നി… ഒരു കാര്യം ഇല്ല എന്നറിയാം. പക്ഷേ എൻ്റെ ഒരു സമാധാനത്തിന്… അല്ലെങ്കിൽ പിന്നെ നിങ്ങളും ഞാനും തമ്മിൽ ഒരു വ്യത്യാസം ഇല്ലാതെ ആയി പോവും…. അപ്പോ ശരി… ഇവൾക്കിട്ട് ഇന്ന് രണ്ടു പൊട്ടിക്കണം, നാളെ നിങ്ങളെ വന്നു കണ്ട്, നിങ്ങൾക്കിട്ട് പൊട്ടിക്കണം എന്ന് കരുതിയാ ഇരുന്നത്…ഇവിടേക്ക് വരുമ്പോൾ ചിലപ്പോൾ ഇങ്ങനേ ഒരു കാഴ്ച കാണേണ്ടി വരും എന്ന് മനസ്സിൽ തോന്നിയിരുന്നു…

പക്ഷേ കണ്മുന്നിൽ കണ്ടപ്പോൾ എനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല. അവളെങ്ങനെ ഇപ്പോഴും പിടിച്ചു നിൽക്കുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല. അവളുടെ മനസ്സിൽ ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും ഇപ്പൊ തകർന്നു കാണും… ഇല്ലെങ്കിൽ നിങ്ങൾ ഇപ്പൊ അവളുടെ കൂടെ കണ്ടേനെ… നിങ്ങൾ ഇവിടെ അന്തിയുറങ്ങാൻ വരില്ലായിരുന്നു. നെഞ്ച് പൊട്ടി ഇപ്പൊ മരിച്ചു പോയിട്ടുണ്ടാവും ചിലപ്പോ… മരിക്കട്ടെ…അത് അവൾക്ക് ഒരു അനുഗ്രഹമായിരിക്കും… അല്ലെങ്കിൽ ഇഞ്ചിഞ്ചായി അവള് പിടഞ്ഞു മരിക്കേണ്ടി വരും… ഒരു വിഡ്ഡിയെ പ്രണയിച്ചതിനുള്ള ശിക്ഷ… അനുഭവിക്കട്ടെ….” കണ്ണു അമർത്തി തുടച്ച്, തല കയ്യിൽ താങ്ങി ഇരിക്കുന്ന നച്ചികേതിനെയും, വാതിലിൽ ചാരി നിൽക്കുന്ന ആലിയേയും രണ്ടാമതൊന്ന് നോക്കാതെ അവള് ഇറങ്ങി പോയി. കേട്ടത് എല്ലാം ഷോക്ക് ആയിരുന്നു… ശരീരം മരവിച്ച് പോയിരുന്നു. ഇരുന്ന ഇരുപ്പിൽ നിന്ന് അനങ്ങാൻ ആവാതെ ഞാൻ ഇരുന്നു… കണ്ണിന് മുന്നിൽ ഓരോ തവണയും എൻ്റെ ദേഷ്യം കണ്ട്, തൻ്റെ തെറ്റെന്താണ് എന്ന് അറിയാതെ പകച്ചു നിൽക്കുന്ന ഒരു പാവം പെണ്ണിൻ്റെ, എൻ്റെ നച്ചു മുഖം തെളിഞ്ഞു.

എനിക്കു വേണ്ടി, എനിക്ക് ഇഷ്ടം ഉള്ളത് ഉണ്ടാക്കി കൊണ്ട് വന്നു ഒരു വാക്കിനായി എൻ്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന പെണ്ണ്. ഒന്നും മിണ്ടാതെ പാത്രം തട്ടി നീക്കി എഴുന്നേറ്റു പോവുമ്പോൾ ദയനീയം ആയി എന്നെ നോക്കി, പേടിയോടെ നിൽക്കുന്ന ഒരു പാവം… എങ്ങനെ എൻ്റെ പിണക്കം മാറ്റണം എന്നറിയാതെ, രാത്രി എന്നെ കെട്ടി പിടിച്ച് പിണക്കം മാറ്റാൻ വരുന്ന പെണ്ണ്… നാശമെന്നും ശല്ല്യം എന്നും ഒക്കെ വിളിച്ച് അവളുടെ കൈ തട്ടി എറിഞ്ഞു, എഴുന്നേറ്റു പോവുമ്പോൾ, തേങ്ങി കരയുന്ന എൻ്റെ പെണ്ണ്. ആലിയും ഞാനുമായുള്ള നോട്ടങ്ങൾക്കും, തൊട്ട് തലോടലുകൾക്കും ഇടയിൽ പലപ്പോഴും കണ്ടിട്ടുണ്ട്, ഞാൻ നോക്കുമ്പോൾ എന്നിൽ നിന്ന് പേടിച്ച് കണ്ണ് മാറ്റുന്ന ആ പാവത്തിനെ… അവള് കണ്ടില്ല എന്ന് ആലോചിച്ചു, അവളെ വിഡ്ഢി ആക്കിയതിൽ സന്തോഷിച്ചു ഞാനിരിന്നപ്പോൾ അറിഞ്ഞിരുന്നില്ല, എന്നും എപ്പോഴും വിഡ്ഢി ഞാൻ തന്നെ ആയിരുന്നു എന്നു… ആരെയും തെറ്റ് പറയാൻ ഇല്ല .. കുറ്റം എല്ലാം എൻ്റെ തന്നെ ആണ്. എനിക്കായി ജീവിക്കുന്നവളെ ആരുടെയോ വാക്ക് കേട്ട്, ആ പ്രലോഭനത്തിൽ വീണു തള്ളി പറയരുതായിരുന്നു…

അവളുടെ കാല് കഴുകിയ വെള്ളം കുടിക്കാൻ ഉള്ള അർഹത പോലും എനിക്കില്ല… ചെയ്തു പോയ തെറ്റുകൾക്ക് ഏതു ഗംഗയിൽ മുങ്ങിയാൽ പാപഭാരം ഒഴിയും എന്ന് അറിയാതെ ഞാൻ ഉഴറി…അവളോട് പറഞ്ഞ് പോയ വാക്കുകൾ ഓർത്ത് ശരീരവും മനസ്സും ഒന്നാകെ നീറി പുകഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയിൽ, മുടി കൊരുത്ത് പിടിച്ചു വലിക്കുമ്പോൾ ആണ്, തോളിൽ ആരോ കൈ വച്ചത്. പൊള്ളിയത് പോലെ , കൈ തട്ടി മാറ്റിക്കൊണ്ട് എഴുന്നേറ്റു. അവളെ നോക്കാതെ പുറത്തേക്ക് നടക്കാൻ തുടങ്ങി. “നാഷ്… പ്ലീസ്… എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കൂ…” അവള് ദയനീയം ആയി പറഞ്ഞു. “അതുല്യ, നിന്നെ ഞാൻ തല്ലാത്തത്, ഈ കാര്യത്തിൽ നിന്നെക്കാൾ തെറ്റ് ചെയ്തത് ഞാൻ ആയതു കൊണ്ടാണു… നിന്നോട് ഒരു അപേക്ഷയെ ഉള്ളൂ… ഇനി എൻ്റെ മുൻപിൽ നീ വരരുത്… എനിക്ക് നച്ചുവിനെ വേണം… ഒരു ജീവിതം എനിക്ക് ഉണ്ടെങ്കിൽ അത് അവളുടെ കൂടെയെ കാണൂ. എനിക്ക് പറ്റിയ ഒരു തെറ്റ് മാത്രം ആണ് നീ.

ജീവിതത്തിൽ ഞാൻ ഏറ്റവും regret ചെയ്യുന്ന തെറ്റ്… ആ തെറ്റ് ഞാൻ തിരുത്തും… ഇനിയും ഞങ്ങൾക്കിടയിൽ നീ വന്നാൽ, എൻ്റെ പെണ്ണിൻ്റെ കണ്ണു നീ കാരണം നിറഞ്ഞാൽ, ചിലപ്പോ കൊന്നു കളയും ഞാൻ നിന്നെ. അത് കൊണ്ടു… അവസാനം ആയി പറയുന്നു… ഇനി നമ്മൾ തമ്മിൽ കാണാൻ ഇട വരാതിരിക്കട്ടെ… ” ഉള്ളിലെ ദേഷ്യവും സങ്കടവും ഒക്കെ എങ്ങനെ കൺട്രോൾ ചെയ്തു എന്ന് അറിയില്ല. മുൻപോട്ടു നടക്കുമ്പോൾ കയ്യിൽ പിടിച്ചു നിൽക്കാൻ നോക്കിയവളെ, ഒറ്റ നോട്ടം കൊണ്ട്, ദൂരേക്ക് മാറ്റി, വേഗം വന്നു കാറിൽ കയറി… കുടിച്ച കള്ളോക്കെ ഇറങ്ങിയിരുന്നു… നച്ചുവിനെ ഒന്നു കാണണം എന്ന് മാത്രം ആയിരുന്നു മനസ്സിൽ. അവസാനം അവളെ നോക്കിയപ്പോൾ ഉള്ള അവളുടെ മുഖം ഓർമ്മയിലേക്ക് വന്നതും, അറിയാതെ accelerator ഇൽ കാലുകൾ അമർന്നു… അവളുടെ കൈ… അവള് ഹോസ്പിറ്റലിൽ പോയി കാണുവോ… പരിഭ്രാന്തിയോടെ പാൻ്റ്‌സിൻ്റെ പോക്കറ്റിൽ ഫോൺ തപ്പിയപ്പൊഴാണ് അത് പൊട്ടിച്ചു കളഞ്ഞത് ഓർമ്മ വന്നത്. അവളോട് ചെയ്തതും പറഞ്ഞതും ഓരോന്നും ആലോചിക്കും തോറും, നെറ്റിയിലും മുഖത്തും ഒക്കെ സ്വയം അടിച്ചു വേദനിപ്പിച്ചിട്ടും ഇനിയും എനിക്ക് വേദനിക്കണം എന്ന വാശി പോലെ വീണ്ടും വീണ്ടും അടിച്ചു. എത്ര സ്പീഡിൽ ഓടിച്ചിട്ടു എത്താത്തത് പോലെ, പിന്നെയും പിന്നെയും സ്പീഡ് കൂട്ടിക്കൊണ്ടിരുന്നു.

ട്രാഫിക് ഒക്കെ കഴിഞ്ഞു ഫ്ലാറ്റിൽ എത്തുമ്പോൾ ഓടുകയായിരുന്നു … ലിഫ്റ്റ് വരാൻ വൈകിയപ്പോൾ 8ത് ഫ്ലോർ വരെ ഓടി കയറി… മുകളിൽ എത്തുമ്പോഴും അത്രയും സ്റ്റെപ്സ് കയറിയതിൻ്റെ ക്ഷീണം അറിഞ്ഞില്ല. ഓടി ഫ്ലാറ്റിലേക്ക് ചെന്നു, ലോക്ക് തിരിച്ചതും, അത് തുറന്നു വന്നു. “നച്ചു…” ഉറക്കെ വിളിച്ചു… അന്നാദ്യമായ് എൻ്റെ വിളിക്ക് പിറകെ “ദാ വരുന്നേട്ടാ” എന്നുള്ള അവളുടേ മറുപടി കേട്ടില്ല… തുടർച്ച ആയുള്ള എൻ്റെ വിളികൾക്ക് നിശബ്ദത മാത്രം ആയിരുന്നു ഉണ്ടായിരുന്നത്… പിന്നീട് ഇന്ന് വരെ അവളുടെ ശബ്ദം ഈ ഫ്ലാറ്റിൽ കേട്ടിട്ടില്ല… അവളെ തിരക്കി പലയിടത്തും, പലരുടെയും പുറകെ അലഞ്ഞു…. ആർക്കും അറിയില്ല എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു. ആലി പല തവണ ഫോൺ ചെയ്തു… എടുക്കാതെ കട്ട് ചെയ്തിട്ടും ശല്യം ചെയ്തു കൊണ്ടിരുന്നപ്പോൾ ബ്ലോക്ക് ചെയ്തു. എന്നിട്ടും മനസ്സിലാക്കാതെ, വന്നിരുന്നു എന്നെ കാണാൻ… അവൾക്ക് ഒരു ചാൻസ് കൂടെ കൊടുക്കാൻ പറഞ്ഞു… എനിക്കും വേണ്ടിയിരുന്നത് ഒരു ചാൻസ് ആയിരുന്നു…

നച്ചുവിൻ്റെ ജീവിതത്തിൽ… അന്നവൾ പറഞ്ഞതാണ്, എന്നെ വേണ്ടാതെ ഉപേക്ഷിച്ച് പോയവൾക്കായി എന്തിന് കാത്തിരിക്കണം എന്ന്… എൻ്റെ നച്ചു ഇപ്പോൾ മറ്റാർക്കെങ്കിലും സ്വന്തം ആയി കാണും എന്ന്… തകർന്നു പോയി അത് കേട്ടപ്പോൾ… വൈകാതെ നച്ചുവിനെ വീണ്ടും കാണാം എന്ന പ്രതീക്ഷ അസ്തമിക്കന്നത് അറിഞ്ഞു. പിന്നെയും അവള് എന്തൊക്കെയോ പറഞ്ഞു… ഒന്നും കേട്ടില്ല എന്നതാണ് സത്യം… മനസ്സ് നച്ചുവിൽ മാത്രം കുരുങ്ങി കിടന്നു. ആലിയുടേ ചുണ്ട് കവിളിൽ പതിഞ്ഞപ്പോഴാണ് ബോധം ഉണ്ടായത്. പുഴു അരിക്കുന്നത് പോലെ ആണ് തോന്നിയത്, അവളുടെ ചുണ്ട് പത്തിഞ്ഞിടത്ത്. വന്ന ദേഷ്യം മുഴുവനും കൈകളിലേക്ക് ആവാഹിച്ച് അവളുടെ ഇരു കവിളിലും മാറി മാറി അടിക്കുമ്പോഴും, മേലാൽ മുൻപിൽ വന്നു പോവരുത് എന്ന് അലറിക്കൊണ്ട്, ഫ്ലാറ്റിനു പുറത്തേക്ക് തള്ളി കതകടക്കുമ്പോഴും, ദേഷ്യം മാറിയിരുന്നില്ല. കണ്ണിൽ കണ്ടതും, കയ്യിൽ കിട്ടിയതും എല്ലാം തല്ലി പൊട്ടിച്ചു. എത്ര നാളാണ് വീട്ടിൽ തന്നെ കഴിച്ചു കൂട്ടിയത് എന്നറിയില്ല. ദിവസങ്ങൾ ആണോ… ആഴ്ചകൾ ആണോ… മാസങ്ങൾ ആണോ… ഒന്നും അറിഞ്ഞില്ല.

അവള് അന്ന് അഴിച്ചിട്ടു പോയ സാരിയിൽ കെട്ടിപിടിച്ചു കിടന്നാൽ മാത്രം കുറച്ചു നേരം ഒന്ന് മയങ്ങാൻ ആവും… അല്ലെങ്കിൽ, ഒന്നിനും വയ്യാതെ, ഞങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോയിലേക്ക് കണ്ണും നട്ടിരിക്കും. ഇടയ്ക്ക് എപ്പോഴൊക്കെയോ വിഷ്ണു വരും. കുറെ ചീത്ത പറയും… കുറ്റപ്പെടുത്തും, സമാധാനിപ്പിക്കും… ഭക്ഷണം കഴിപ്പിക്കും. ഒന്നിനോടും റിയാക്റ്റ് പോലും ചെയ്യാൻ തോന്നാറില്ല. അവൻ വിളിച്ചു പറഞ്ഞിട്ടാണോ എന്നറിയില്ല. അമ്മ വിളിച്ചിരുന്നു. കുറെ സമാധാനിപ്പിക്കാൻ നോക്കി. വാക്കുകൾ ചെവിയിൽ പതിയുന്നതല്ലാതെ മനസ്സിലേക്ക് എത്തുന്നില്ലായിരുന്നു… ഇടയിൽ കുറേ നാളുകൾ എൻ്റെ ഓർമ്മയിൽ ഇല്ല… ഓർമ്മ വരുമ്പോൾ, കയ്യിലും, നെറ്റിയിലും ഒക്കെ ചുറ്റിക്കെട്ടുണ്ട്… ഹോസ്പിറ്റലിൽ ആണ്… വിഷ്ണു ഉണ്ടായിരുന്നു റൂമിൽ… ട്രീറ്റ്മെൻ്റ്ലായിരുന്നു എന്ന് മാത്രം മനസ്സിലായി… കൂടുതലായി ഞാൻ ഒന്നും ചോദിച്ചില്ല… അവൻ ഒന്നും പറഞ്ഞതും ഇല്ല… ഫ്ലാറ്റിൽ തിരികെ വന്നപ്പോൾ, എൻ്റെ കണ്ണുകൾ പ്രതീക്ഷയോടെ ഓരോ കോണിലും അവളെ തേടി… വെറുതെ… പിന്നെ അതിൽ ഏതോ ഒരു കോണിൽ ഞാനും പോയിരുന്നു… അവളൂടെ മടങ്ങി വരവും പ്രതീക്ഷിച്ചു…

ഒരു ദിവസം വിഷ്ണു വന്നു… നിർബന്ധിച്ച് പിടിച്ചു shave ചെയ്യിച്ചു, കുളിച്ചിട്ട് വരാൻ പറഞ്ഞു. ഞാൻ തിരിച്ചു വരുമ്പോൾ, അവൻ ബാഗിൽ എൻ്റെ ഡ്രസ്സ് എടുത്ത് വയ്ക്കുന്നുണ്ട്. എന്തോ, ഒന്നും ചോദിക്കാൻ തോന്നിയില്ല. ഒരു പാവയെ പോലെ, അവനെ അനുസരിച്ചു. കാറിൽ ദൂരങ്ങൾ താണ്ടുമ്പോൾ, വഴിയിൽ സ്ഥാനം പിടിച്ചിട്ടുള്ള ബോർഡുകളിൽ മലയാളം കണ്ട് തുടങ്ങിയപ്പോൾ, കേരളം എത്തി എന്നറിഞ്ഞു… Marine ഡ്രൈവ് പാലം കണ്ടപ്പോൾ, കൊച്ചിയിൽ ആണെന്നും. കോൺവെൻ്റ് റോഡിൽ ഉള്ള ഒരു കഫെയുടെ മുൻപിൽ അവൻ വണ്ടി നിർത്തി. അത്യാവശ്യം വലിയ ഒരു കഫേ ആയിരുന്നു അത്. അവനൊപ്പം ഒരു ബൂത്തിൽ ഇടം പിടിക്കുമ്പോൾ, നോട്ടം ചില്ല് കൊണ്ടുള്ള ചുവരിലൂടെ പുറത്തേക്ക് ആയിരുന്നു… “ഗുഡ് afternoon, Sir… My name is നക്ഷത്ര, I ll be your server today, what can I get you to drink?” തുടരും…