17/04/2026

പാർവതി പരിണയം : ഭാഗം 20

രചന – മൈഥിലി മിത്ര

എടാ അപ്പു, അവനേതു റൂമിലാണ് അഡ്മിറ്റ്‌ ആയിരിക്കുന്നത്.. നീയൊന്നു വിളിച്ചു നോക്കിക്കേ “… അനന്തന്റെ സുഹൃത്തു രാജീവിനു ചെറിയൊരു ആക്സിഡന്റ് ആയി.. ടൗണിൽ വെച്ചായത് കൊണ്ടു, അടുത്തുള്ള GV ഹോസ്പിറ്റലിലാണ് അഡ്മിറ്റ്‌ ചെയ്തത്.. അതറിഞ്ഞങ്ങോട്ട് ചെന്നതാണ് അപ്പുവും അനന്തനും.. “ഏട്ടാ, നൂറ്റി പത്താം നമ്പർ ആണെന്ന പറഞ്ഞെ “.. മ്മ് എന്ന് മൂളിക്കൊണ്ട് ഹോസ്പിറ്റലിനു ഉള്ളിലേക്ക് കടന്നവർ.. റൂമിന്റെ കാര്യം റീസെപ്ഷനിൽ ചോദിച്ചു മനസ്സിലാക്കി, മുകളിലത്തെ ഫ്ലോറിലേക്ക് സ്റ്റെപ്പുകൾ കയറി.. “അപ്പു , ഉണ്ണിയിവിടെയല്ലേ ജോയിൻ ചെയ്തത്.. അവനറിയോ രാജീവിവിടെ ആക്സിഡന്റായി കിടക്കുന്ന കാര്യം “… അനന്തൻ ഫോണെടുത്തു ഉണ്ണിയെ വിളിച്ചു നോക്കി.. പക്ഷെ ഔട്ട് ഓഫ് റേഞ്ച് എന്നാണ് ഉത്തരം കിട്ടിയത്… “ഇവനിതു എവിടെപോയതാ അപ്പൂ, വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ “… “ചിലപ്പോൾ ബിസി ആയിരിക്കും ഏട്ടാ “… പറഞ്ഞുകൊണ്ടവർ ഫസ്റ്റ് ഫ്ലോറിലുള്ള നൂറ്റി പത്താം മുറിയിലേക്ക് കടന്നു… കട്ടിലിൽ കിടക്കുകയാണ് രാജീവ്‌.. അടുത്തായിട്ട് തന്നെ അവന്റെ അച്ഛനും, ഭാര്യയും നിൽപ്പുണ്ടായിരുന്നു..

തലയിൽ വലിയൊരു കെട്ടുണ്ട്, ഇടത്തെ കൈക്കു ഫ്രാക്ടർ ഉണ്ടെന്നു തോന്നുന്നു… അത് സ്ലിങ്ങിൽ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു.. അനന്തനെയും അപ്പുവിനെയും കണ്ടപ്പോൾ, രാജീവ് എഴുന്നേൽക്കാൻ ചെറിയൊരു ശ്രമം നടത്തി… “വേണ്ടടാ കിടന്നോ എഴുന്നേൽക്കണ്ട “.. അനന്തൻ അവന്റെ കട്ടിലിനടുത്തു കിടന്ന കസേരയിലായിട്ട് ഇരുന്നു… “എങ്ങനെയാടാ ആക്സിഡന്റ് ഉണ്ടായത് “… ചോദിച്ചത്. രാജീവിനോടാണെങ്കിലും ഉത്തരം പറഞ്ഞത് അവന്റെ അച്ഛനായിരുന്നു… “രാവിലെ ടൗണിലേക്കെന്നും പറഞ്ഞ് ഇങ്ങോട്ടേക്ക് ഓട്ടം വന്നതാ മോനെ.. രാവിലെ മഴയല്ലായിരുന്നോ.. ആളെ ഇവിടെ ഇറക്കി തിരിച്ചുവരാൻ വേണ്ടി നിന്നതാ.. അപ്പഴാ ഒരു പട്ടി ഓട്ടോയ്ക്ക് കുറുകെ ചാടിയത്.. കാലക്കേടെന്നു അല്ലാതെ എന്തു പറയാൻ…”… അവന്റെ വീട്ടിലെ ആകെയൊരു വരുമാനം രാജിവാണ്.. ഓട്ടോയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ആ കുടുംബം ജീവിച്ചു പോകുന്നത് തന്നെ .. അവന്റെ കുടുംബത്തിന്റെ അവസ്ഥയോർത്തു അനന്തന്റെ നെഞ്ചു നീറി..

“സാരല്യട.. കുറഞ്ഞോളും.. ആ പിന്നെ, ഉണ്ണി ഇവിടെയാണ് ഇപ്പോ വർക്കു ചെയ്യുന്നത്.. ഞാനവനോട് പറഞ്ഞോളാം കെട്ടോ..”… കസേരയിൽ നിന്നും എഴുന്നേറ്റു, ഒരു പൊതിയെടുത്തു അനന്തൻ രാജീവിന്റെ നേരെ നീട്ടി… “എന്താടാ ഇത് “… നെറ്റി ചുളിച്ചുകൊണ്ടുള്ള അവന്റെ ചോദ്യത്തിന്, അനന്തനൊന്നു ചിരിച്ചു… “ആവശ്യത്തിന് ഉപകരിക്കേണ്ടതല്ലെടാ സൗഹൃദങ്ങൾ.. ഞാൻ പിന്നെയെന്തിനാടാ നിന്റെ കൂട്ടുകാരനെന്നു പറഞ്ഞു നടക്കുന്നെ “… പറഞ്ഞുകൊണ്ട് ആ പൊതി നിർബന്ധിച്ചു രാജീവിന്റെ കൈയ്യിൽ വെച്ചു കൊടുത്തു.. അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു… “ഇനിയിതിന്റെ പേരിൽ കണ്ണു നിറക്കേണ്ട.. എന്തേലും ആവശ്യമുണ്ടെൽ ഉണ്ണിയെ വിളിക്കാൻ മറക്കേണ്ട കെട്ടോ “… അനന്തനു നേരെ രാജീവിന്റെയച്ഛൻ കൈകൾ കൂപ്പി അയാളുടെ കണ്ണുകളിൽ അവനോടുള്ള വാത്സല്യത്തിൽ കലർന്ന ബഹുമാനമായിരുന്നു.. “എന്താ അച്ഛാ ഇത്.. ഇങ്ങനെ കൈകൂപ്പി എന്നെ കൊച്ചാക്കരുത് കെട്ടോ “.. അവനാ കൈകളിൽ കയറിപിടിച്ചു അരുതേയെന്നു മുഖം കൊണ്ടു ആഗ്യം കാട്ടി.. “എന്ന ഞങ്ങളിറങ്ങട്ടെ പെങ്ങളെ, എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം “.. രാജീവിന്റെ ഭാര്യ അവനു നേരെ തലയാട്ടി..

“എന്ന ശരിയെട “.. രാജീവിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു…. അനന്തനും അപ്പുവും മുറിക്കു പുറത്തേക്ക് നടന്നു . പടികളിറങ്ങി റീസെപ്ഷന് അടുത്തേക്ക് ചെന്നപ്പോഴാണ് അവനു ഉണ്ണിയുടെ കാര്യം ഓർമ്മ വന്നത്.. “എടാ അപ്പു, അവന്റെ ഫോൺ ഇപ്പോഴും off ആണല്ലോ.”… “അറിഞ്ഞൂടാ ഏട്ടാ, ഇപ്പോഴും സ്വിച്ച്ഡ് ഓഫ്‌ ആണ് “… അപ്പു ഫോൺ ചെവിയരുകിൽ വെച്ചു ഉണ്ണിയുടെ നമ്പർ ഡയൽ ചെയ്തുകൊണ്ടേയിരുന്നു.. “വാടാ നമ്മുക്ക് റീസെപ്ഷനിൽ ഒന്ന് ചോദിക്കാം.. എന്തായാലും ഇവിടം വരെ വന്നതല്ലേ, അവനെയൊന്നു കണ്ടിട്ട് പോകാം “.. അനന്തന്റെ പുറകെ അപ്പുവും റിസപ്ഷനടുത്തേക്ക് നടന്നു… “എസ്ക്യൂസ്‌ മി മാം.. “… സിസ്റ്റത്തിൽ എന്തോ work ചെയ്തുകൊണ്ടിരുന്ന നീല സാരിയുടുത്ത ഒരു പെൺകുട്ടി അവരുടെ നേരെ മുഖമുയർത്തി നോക്കി.. “യെസ്.. പ്ലീസ് “… അവൾ ഭാവ്യതയോടെ ചോദിച്ചു.. “ഡോക്ടർ.ഉണ്ണി കൃഷ്ണ.. കാർഡിയോളജിസ്റ്.. റൂം ഏതാണ് “… “അപ്പോയ്ന്റ്മെന്റ് ഉണ്ടോ “… “ഇല്ല മാഡം, ഞാൻ അവന്റെ brother ആണ്.. ഒന്ന് കാണാനായിട്ട് വന്നതാ “… “ഒരു മിനിറ്റ് സർ.. ഒന്ന് check ചെയ്തോട്ടെ “.. റീസെപ്ഷനിസ്റ്റ് ആർക്കോ ഫോൺ ചെയ്തു സംസാരിച്ചു അവസാനിക്കുന്നത് വരെ അവർ wait ചെയ്തു..

“സർ.. ഡോക്ടർ next month ടെൻത് മുതൽ ആണ് ഇവിടെ ജോയിൻ ചെയ്യുന്നത്.. “… സംശയത്തോടെ അപ്പു അനന്തനെ നോക്കി.. “മാഡം ഒന്നൂടെ ഒന്ന് check ചെയ്യുവോ.. അവൻ ഇന്ന് രാവിലെ ഇവിടെ ജോയിൻ ചെയ്യുവെന്നാണല്ലോ പറഞ്ഞത് “… അനന്തൻ പറഞ്ഞത് ശരി വെക്കുന്ന രീതിയിൽ അപ്പുവും തലയാട്ടി…. ” ഡോക്ടർ ഉണ്ണികൃഷ്ണ .. കാർഡിയാക് സർജൻ ന്യൂ അപ്പോയിൻമെന്റ്… നേരത്തെ ടീവി ന്യൂസിൽ ഒക്കെ വന്നിട്ടുള്ള… അതുതന്നെയല്ലേ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ.. ” റീസെപ്ഷനിസ്റ്റിന്റെ ചോദ്യത്തിന് അനന്തൻ തലയാട്ടികൊണ്ട് മൂളി.. ” എങ്കിൽ ആ ആള് നെക്സ്റ്റ് മന്ത് ടെൻതിനാണ് ഈ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്നത്..” ” ശരി മാഡം താങ്ക്യൂ “… പറഞ്ഞുകൊണ്ടവർ ഹോസ്പിറ്റലിനു പുറത്തേക്ക് നടന്നു .. ഉണ്ണിയെന്തിനു ജോലിക്ക് പോകുന്നെന്നു കള്ളം പറയുന്നു.. ഡ്യൂട്ടിക്കാണെന്നും പറഞ്ഞിവൻ എങ്ങോട്ട് പോയി.. പലവിധ ആലോചനകളാൽ അനന്തന്റെയും അപ്പുവിന്റെയും മനസ്സ് കലുഷിതമായി… പാർക്കിൽ നിന്നും ബൈക്ക് എടുത്ത്, അവർ ഹോസ്പിറ്റലിൽ നിന്നും വെളിയിലേക്കിറങ്ങി… തിരിച്ചുള്ള യാത്രയിൽ രണ്ടുപേരും മൗനമായിരുന്നു.. തിരക്കുപിടിച്ച ടൗണിലെ റോഡിൽ കൂടി, അനന്തന്റെ ബൈക്ക് പതിയെ മുന്നോട്ടു നീങ്ങി.. റോഡിൽ റെഡ് സിഗ്നൽ കത്തിയപ്പോൾ അവൻ വണ്ടി നിർത്തി…

വണ്ടികളുടെ കാതടപ്പിക്കുന്ന ഹോൺ ശബ്ദവും, ആളുകളുടെ തിക്കുംതിരക്കും അവൻ അറിയുന്നുണ്ടായിരുന്നില്ല… റോഡിന്റെ ഇരുവശങ്ങളിലും, പല തരത്തിലുള്ള ഷോപ്പുകളാണ്.. സിഗ്നലിന്റെ അപ്പുറത്തെ വശത്തുള്ള വഴിയിൽ ലോയേഴ്‌സിന്റെ ഓഫീസുകളും ഉണ്ട്… അപ്പു വെറുതെ അങ്ങോട്ടേക്കൊക്കെ കണ്ണുകൾ ഓടിച്ചു.. പൊടുന്നനെയാണ് ഉണ്ണിയെ അവിടെയുള്ള ഒരു ലോയർ ഓഫീസിന്റെ മുമ്പിൽ കാണാൻ കഴിഞ്ഞത്.. ഒരു വക്കീലിനോട് എന്തോ കാര്യമായിട്ട് സംസാരിക്കുകയാണവൻ… “അനന്തേട്ട നമ്മുടെ ഉണ്ണിയല്ലെയത് “… അനന്തന്റെ തോളിലവൻ ചെറുതായി തട്ടി.. അപ്പു കൈ നീട്ടിയ ദിശയിലേക്ക്, അനന്തൻ നോക്കി… അതേ ഉണ്ണി തന്നെയാണ്.. അവനെന്തിനായിരിക്കും അവിടേക്കു പോയത്.. എന്താണവന് സംഭവിച്ചത്.. ഉണ്ണിയുടെ മുഖം കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നവരെപോലെ വാടിയിരുന്നു.. ഇടയ്ക്കു കൈകൊണ്ടു നെറ്റി തടവുന്നുമുണ്ട്… ഗ്രീൻ സിഗ്നൽ തെളിഞ്ഞപ്പോഴേക്കും, ഉണ്ണിയെ ഒന്നുകൂടി നോക്കിയിട്ട് അനന്തൻ ബൈക്ക് മുന്നോട്ടേക്കെടുത്തു… ” അനന്തേട്ടാ “… തോളിൽ മുറുകുന്ന അപ്പുവിന്റെ കൈകൾ അവന്റെ ടെൻഷൻ എടുത്തു കാട്ടി …

“അറിഞ്ഞൂടാ അപ്പൂ “… “മറ്റേ ഹോസ്പിറ്റൽ കേസ് എല്ലാം കഴിഞ്ഞതല്ലേ ഏട്ടാ “… ഒരു മൂളിച്ചയായിരുന്നു അനന്തന്റെ മറുപടി… കണ്ടുപിടിക്കണം, അവന്റെ മനസ്സ് അതിനുവേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു.. 💞💞💞💞 സ്കൂളിൽ നിന്നും വന്ന ശേഷം, കുളിയൊക്കെ കഴിഞ്ഞു വീടിനു മുന്നിലുള്ള ചെറിയ തിണ്ണയിൽ ഇരിക്കുകയായിരുന്നു രേവതി.. എന്തൊക്കെയോ ആലോചിച്ചുകൊണ്ട് തലമുടി വെറുതെ കോതിക്കൊണ്ടിരുന്നവൾ .. രേവതിയുടെ മനസ്സ് കെട്ടുപൊട്ടിയ പട്ടം പോലെ എങ്ങോ അലഞ്ഞുതിരിഞ്ഞു നടന്നു… മറക്കണം എല്ലാം മറക്കണം, ഭിക്ഷ യാചിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല.. എല്ലാം തന്റെ തെറ്റാണ് .. അനന്തേട്ടന്റെ മനസ്സിൽ ഒരിക്കലും തനിക്കൊരു സ്ഥാനമുണ്ടാവില്ല.. ഒരിക്കലും… കണ്ണു എന്തിനോ വേണ്ടി നിറഞ്ഞിരുന്നവളുടെ.. നെഞ്ചിൽ ഒരു ഭാരം എടുത്തു വെച്ചപോലെ.. സഹിക്കാൻ വയ്യാതെ ആയപ്പോൾ, രണ്ടു കണ്ണുകളും ഇറുക്കിയടച്ചവൾ.. അറിയാതെ ഒഴുകുന്ന കണ്ണീരിനെ പിടിച്ചു വെച്ചില്ല .. ഒഴുകട്ടെ, ഒഴുകിയൊഴുകി വറ്റി പോകട്ടെ… വേദനിച്ചു വേദനിച്ചു തനിക്കു ഭ്രാന്തായോ എന്നുപോലും അവൾക്കു തോന്നിപ്പോയി…

“ടീച്ചറെ “… പാറുവിന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. കണ്ണുകൾ അമർത്തിത്തുടച്ചു തിണ്ണയിൽ നിന്നും അവളെഴുന്നേറ്റു.. “ആഹാ, പാറൂട്ടിയായിരുന്നോ “… മുഖത്തൊരു പുഞ്ചിരിയുടെ മുഖം മൂടിയണിഞ്ഞു, അടുത്തേക്ക് വന്ന പാറുവിന്റെ കരം പിടിച്ചവൾ… “ടീച്ചറ് കരഞ്ഞുവല്ലേ “… “ഏയ്.. കരഞ്ഞില്ലല്ലോ പാറുവേ “.. “അതു ടീച്ചറിന്റെ മുഖം കണ്ടാലറിയാം “… അവളുടെ കരഞ്ഞു വീർത്ത കൺ പോളകൾ പാറുവിൽ സങ്കടമുണർത്തി.. “ചെറിയൊരു തലവേദന.. അല്ലാതെ കരഞ്ഞതൊന്നുമല്ല “… പാറുവിന്റെ കൈ പിടിച്ചു, അവൾ തിണ്ണയിലേക്കിരുന്നു… കൂടെയവളും.. കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല.. “ടീച്ചറ് വന്ന കാര്യം മാഷ് പറഞ്ഞ ഞാൻ അറിഞ്ഞേ.. എന്നെ ഒന്ന് വിളിക്ക പോലുമില്ലല്ലോ ഇപ്പോ.. ഞാൻ അന്യായായില്ലേ “.. നിശബ്‍ദതക്കൊടുവിൽ പാറു പറഞ്ഞു… രേവതിക്കവളോട് അലിവ് തോന്നി… “എന്താ മോളെ ഇങ്ങനെയൊക്കെ പറയണേ.. അന്യയാവുകയോ, അതും നീയെനിക്ക് “.. വാത്സല്യത്തോടെയവളെ ചേർത്തുപിടിച്ചു രേവതി.. “അങ്ങനെയൊന്നും ആലോചിക്കുക പോലും ചെയ്യരുത് എന്റെ കൂട്ടി “… പാറു അവളെ മുഖമുയർത്തി നോക്കി…

“അനന്തേട്ടനോട് ദേഷ്യാണോ ടീച്ചറിന് “… രേവതിയൊന്നു ഞെട്ടി.. പാറുവിനെ ചേർത്തുപിടിച്ചയവളുടെ കൈകൾ അയഞ്ഞു.. “ദേഷ്യോ, അതും അനന്തേട്ടനോട് “… പറയുമ്പോൾ മുറിഞ്ഞ വാക്കുകൾ കൂട്ടിച്ചേർക്കാൻ അവൾ പാടുപെട്ടു.. പാറുവിനു അതു കണ്ടു നിൽക്കാനായില്ല.. “ടീച്ചറിനെ ഏട്ടന് വല്യ ഇഷ്ടാ, ഭാമേച്ചിയെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ.. “.. പകുതിക്കു വെച്ചത് നിർത്തി രേവതിയെ നോക്കിയവൾ… “സാരല്യാടി പെണ്ണേ.. എനിക്കതു വിധിച്ചിട്ടില്ലായിരുന്നു.. വിട്ടേക്ക് “… കുന്നോളം സങ്കടത്തെ മനസ്സിൽ ഒളിപ്പിച്ചു വെച്ചു, ചിരിയണിയുന്നവളെ പാറു അത്ഭുതത്തോടെ കാണുകയായിരുന്നു.. അവരോടവൾക്ക് തീരാത്ത ബഹുമാനം തോന്നി.. “വന്നിട്ട് ഞാൻ നിനക്കൊന്നും തന്നില്ലല്ലോ പാറുവേ.. നീയിരിക്കു, ഞാൻ കാപ്പിയിട്ടൊണ്ട് വരാം..”.. “ഹാ, ഇവിടെയൊരിക്കെന്റെ ഏട്ടത്തി “… പറഞ്ഞുകൊണ്ട് കയ്യിൽ പിടിച്ചു തടഞ്ഞവളെ രേവതി നിറകണ്ണുകളോടെ നോക്കി… പാറുവും അപ്പോഴാണ് തന്റെ നാവിൽ നിന്നും വന്ന വാക്കിനെ കുറിച്ചോർത്തത്… “അതു പിന്നെ ഞാൻ.. ടീച്ചറെ.. അതു “… രേവതിയവളുടെ വാപൊത്തി.. “വേണ്ട മോളെ, അറിയാതെ വിളിച്ചതാണെന്നറിയാം.. പക്ഷെ, അതു കേട്ടപ്പോൾ… എനിക്ക്.. എന്താണെന്നറിയില്ല.. നീ ഒരുവട്ടമെങ്കിലും എന്നെയങ്ങനെ വിളിച്ചല്ലോ.. എനിക്കതു മതി മോളെ “… പാറു അറിയുകയായിരുന്നു, അവർക്കു നന്ദേട്ടനോടുള്ള പ്രണയം.. ആരുടെ കൂടെ നിൽക്കണമെന്നറിയാതെ അവളുഴറി… (തുടരും )