26/05/2026

ഈ നിമിഷം : ഭാഗം 36

രചന – രോഹിണി ആമി

വിഷ്ണു തന്റെ കോളറിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പദ്മയുടെ കയ്യിൽ മുറുക്കി പിടിച്ചു.. എന്നിട്ട് പറഞ്ഞു ..

“ഞാൻ കാരണം ഈ വീട്ടിൽ ഒരുപാട് കണ്ണുനീർ വീഴ്ത്തിയതാണ് പദ്മ.. ഈ മനസ്സിനെ ഇപ്പോളും ഇതൊക്കെ വേദനിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല.. നിന്നെ കരയിപ്പിച്ചതിന്റെ ഒക്കെയാണ് ഞാനിന്നീ അനുഭവിക്കുന്നത്.. മാന്യമായിട്ട് നിന്നോടൊന്ന് സംസാരിച്ചിട്ട് പോലുമില്ല അന്ന് .. മാപ്പ് ചോദിക്കാൻ പോലുമുള്ള അർഹത ഇല്ല.. എങ്കിലും… എന്നോടൊന്നു ക്ഷമിച്ചു കൂടെ.. പ്ലീസ്.. അന്ന് അങ്ങനെ ഒക്കെ സംഭവിച്ചു പോയി.. നഷ്ടങ്ങൾ മാത്രമേ അതിന് ശേഷം ഉണ്ടായിട്ടുള്ളൂ ഇന്ന് വരെ”… ആ വാക്കുകൾ വിഷ്ണുവിന്റെ ഉള്ളിൽ നിന്നും വന്നതാണ്.. താമസിച്ചു പോയെങ്കിലും അറിഞ്ഞുകൊണ്ടുള്ള ഒരു പശ്ചാത്താപം.. എല്ലാവരും പദ്മ എന്തു പറയും എന്നറിയാൻ അവളെയൊന്നു നോക്കി.. മാധവന്റെ കണ്ണുകൾ പദ്മയുടെ കൈകൾക്ക് മേലെ വെച്ചിരിക്കുന്ന വിഷ്ണുവിന്റെ കൈകളിലേക്കായിരുന്നു.. അത് കാണുമ്പോൾ നെഞ്ചിൽ എന്തോ ഒരു വിഷമം ഉരുണ്ടു കയറുന്നു.. അമ്മയുടെ കൈകൾ തന്നെ അങ്ങനെ പിടിച്ചിട്ടില്ലായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോയി..

പദ്മ വിഷ്ണുവിന്റെ കയ്യിൽ നിന്നും കൈ തെറിപ്പിച്ചു തിരിച്ചെടുത്തു.. “എനിക്ക് ആരോടും ദേഷ്യമില്ല.. ആരോടും.. അന്ന് നിങ്ങൾ എന്നെ ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ എനിക്ക് എന്റെ മാധവേട്ടനെ കിട്ടില്ല.. അതിനു മാത്രം നന്ദിയുണ്ട് നിങ്ങളോടെനിക്ക്.. ചേച്ചി ഒരിക്കലും നിങ്ങളെ മറന്ന് തെറ്റൊന്നും ചെയ്യില്ല.. എനിക്കുറപ്പുണ്ട്.. അവളെ എന്തും പറഞ്ഞോ പക്ഷേ ദുഷിച്ചു മാത്രം പറയരുത്.. അത് കേട്ടപ്പോൾ ദേഷ്യം വന്നതാണ്.. ക്ഷമിക്കണം”…………… പദ്മ കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് മെല്ലെ പറഞ്ഞു… “ചേച്ചിയോട് ഒന്ന് സംസാരിക്കണം എന്നേ പറഞ്ഞുള്ളു.. അവൾ ചെയ്തതെല്ലാം ശരിയാണെന്നു ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ല.. അവൾ പാവം ആണെന്ന് ഞാൻ അന്നും ഇന്നും പറയും.. കാരണം അവളെ ഞാൻ അറിഞ്ഞിടത്തോളം മാറ്റാർക്കുമറിയില്ല.. മറ്റുള്ളവർക്ക് മുന്നിൽ താനെന്തോ ഒരു സംഭവം ആണെന്നുള്ള കാട്ടിക്കൂട്ടലാണ് പലതും.. അവളെ തിരുത്താൻ നോക്കിയിട്ടുണ്ട് ഞാനും പലവട്ടം.. ചിലതൊക്കെ സ്വയം മനസ്സിലാക്കിയും അറിഞ്ഞുമല്ലാതെ പഠിക്കില്ല ചിലർ.. നിങ്ങളും അങ്ങനെ അല്ലായിരുന്നോ.. ജീവിതം ആണ്, ചിലപ്പോഴൊന്നും നമ്മൾ ആഗ്രഹിക്കും പോലെ നടക്കണമെന്നില്ല .. ഇപ്പോളാണ് അവൾക്ക് മനസ്സിലായത് ഒരു വീഴ്ച വരുമ്പോൾ കൂടെ നിൽക്കാൻ വീട്ടുകാർ മാത്രെ കാണൂ ന്ന്.. അതുകൊണ്ടാണ് അങ്ങോട്ടേക്ക് തന്നെ ഓടി വന്നതും.. അവൾ ഏറെ വേദനിപ്പിച്ചത് എന്നെയാണ്.. എത്ര ദേഷ്യം ഉണ്ടെങ്കിലും ഒരാൾ മാപ്പ് പറയുമ്പോൾ ക്ഷമിക്കാനേ അറിയൂ എനിക്ക്.. പ്രത്യേകിച്ച് എന്റെ കൂടപ്പിറപ്പ്.. അവൾക്ക് അങ്ങനൊരു തോന്നൽ ഇല്ലായിരുന്നുവെങ്കിലും എനിക്കുണ്ട് അന്നുമിന്നും .. ഞാൻ അവളെ തള്ളിപ്പറയില്ല… ഇന്നും ഓർക്കുമ്പോൾ പൊള്ളുന്ന ചില വാക്കുകൾ ഉണ്ട് നിങ്ങൾ രണ്ടാളും തന്നത്.. എന്നുവെച്ചു പകരം വീട്ടാനോ അതേപോലെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനോ അറിയാഞ്ഞിട്ടല്ല.. അതെനിക്ക് ശീലമില്ല”..പദ്മ അത്രയും പറഞ്ഞിട്ട് മാറി നിന്നു..

“ആയിരിക്കാം പദ്മാ.. പദ്മയ്ക്ക് ഹിമ ചെയ്തതും പറഞ്ഞതുമൊക്കെ മറക്കാനും പൊറുക്കാനും പറ്റുമായിരിക്കും.. ചിലപ്പോൾ എന്റെ ഹരി ആയിരുന്നെങ്കിലും സഹോദരന്റെ സ്ഥാനത്തു നിന്ന് ഞാനും ഇങ്ങനെ ഒക്കെ തന്നെയാവും മറ്റൊരാളോട് പറയുക.. പക്ഷേ എനിക്ക് വന്ന നഷ്ടം…. അതെന്റെ കുഞ്ഞാണ്.. എത്രമാത്രം ആഗ്രഹിച്ചതാണെന്ന് അറിയുമോ ഞാൻ.. അത് നികത്താൻ ആരെക്കൊണ്ടും കഴിയില്ല”.. വിഷ്ണുവിന്റെ ശബ്ദം ഇടറി.. തലയും കുനിച്ചു ഇരുന്നു.. രണ്ടു തുള്ളി അയാളുടെ മടിയിലേക്ക് അടർന്നു വീണു..

മാധവന് തന്റെയാ പഴയ കാലം ഒന്നുകൂടെ മുന്നിലേക്ക് വന്നു.. ഒരു കുഞ്ഞിന്റെ നഷ്ടം.. അത് ഒരമ്മയെപ്പോലെ തന്നെ അച്ഛനും സഹിക്കാൻ കഴിയില്ല.. ഇങ്ങനെ ഇരുന്നു കരഞ്ഞപ്പോൾ തന്നെയൊന്ന് ആശ്വസിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല.. അറിയാതെ കാലുകൾ അയാൾക്കരികിലേക്ക് ചലിച്ചു.. അയാളുടെ തോളിൽ പിടിച്ചു ചേർന്നിരുന്നു.. “എല്ലാം കഴിഞ്ഞില്ലേ വിഷ്ണൂ….പോട്ടേ … ഈ കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ ഞാൻ ആരുമല്ല.. പക്ഷേ പറയാതിരിക്കാനും കഴിയുന്നില്ല.. പരസ്പരം ഒന്ന് പറഞ്ഞു തീർക്കാൻ പറ്റാത്ത കാര്യങ്ങളില്ല.. വിഷ്ണു പറഞ്ഞത് പോലെ ഹിമയ്ക്കും ഉണ്ടാവില്ലേ എന്തെങ്കിലുമൊക്കെ പറയാൻ.. അത് കേൾക്കണം”.. മുഖമൊന്നുയർത്താതെ കേട്ടിരിക്കുകയാണ് വിഷ്ണു.. അമ്മ അടുത്തു വന്നു വിഷ്ണുവിന്റെ തലയിൽ തലോടി.. ആ മുഖത്തും വിഷമം ആണ് തന്റെ വീട്ടിലെ കുഞ്ഞിന്റെ നഷ്ടം ഓർത്ത്.. മാധവൻ വീണ്ടും പറഞ്ഞു..

“പദ്മ പറഞ്ഞത് ഒക്കെയും ഒരു സഹോദരിയുടെ സ്ഥാനത്തു നിന്ന് മാത്രമാണ്.. പദ്മയെ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്, എന്തൊക്കെ ചെയ്താലും പറഞ്ഞാലും അവളൊരിക്കലും ഹിമയെ തള്ളിപ്പറയില്ല ചിലപ്പോൾ കൊന്നാൽ പോലും.. അവളോട് ഒരു ദേഷ്യം തോന്നരുത് അമ്മേ “… പദ്മയെ എല്ലാവരും ഒറ്റപ്പെടുത്തുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു മാധവന്.. അവൾ വിഷമിക്കുന്നത് കാണാൻ സാധിക്കില്ല..

“എന്തൊക്കെയാ മോനേ നീയീ പറയുന്നത്.. പദ്മയോട് ദേഷ്യം തോന്നാനോ.. വിഷ്ണു ഇവളോട് ഇത്രയൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അമ്മയും ഇന്നാണ് അറിയുന്നത്.. ഒരുപാട് വേദനിച്ചില്ലേ ഈ വീട്ടിൽ വന്നിട്ട് ഇവൾ.. എന്നിട്ടും അച്ഛൻ പോയീന്നു കേട്ടപ്പോൾ ഓടി വന്നു എനിക്ക് കൂട്ടായില്ലേ.. ശരിക്കും അതിന്റെ ആവശ്യം അവൾക്കുണ്ടായിരുന്നില്ല.. എന്നിട്ടും……….. ഈ വീട്ടിൽ ആർക്കും പദ്മയോട് ദേഷ്യം ഇല്ല.. സ്നേഹം മാത്രമേ ഉള്ളൂ… പിന്നെ ഇങ്ങനൊരു കൂടപ്പിറപ്പ് ഒരു ഭാഗ്യമല്ലേ.. ഏതവസ്ഥയിലും സഹോദരിയെ തള്ളിപ്പറയാത്തവൾ”.. അമ്മ പദ്മയെ കൈകാട്ടി വിളിച്ചു അടുത്ത് പിടിച്ചിരുത്തി.. അമ്മയുടെ കയ്യെടുത്തു ചുണ്ടിൽ ചേർത്തു വിങ്ങിപ്പൊട്ടി..

“ക്ഷമിക്ക് അമ്മേ.. അമ്മേടെ മുന്നിൽ വെച്ച് വിഷ്ണുവിനോട്‌ ദേഷ്യപ്പെട്ടതിനും, അങ്ങനെ ഒക്കെ പെരുമാറിയതിനും.. വിഷമം ആയോ”.. അമ്മയുടെ താടിയിൽ പിടിച്ചു ചോദിച്ചു.. “ചേച്ചിയെ ദുഷിച്ചു പറയുന്നത് കേട്ടപ്പോൾ ഉള്ളിലെ ദേഷ്യം എന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതാണ്.. ഒരു ജീവൻ മനഃപൂർവം വേണ്ടെന്ന് വെക്കാനൊന്നും അവൾക്കാവില്ല അമ്മേ.. അതിനുള്ള ധൈര്യം ഒന്നുമില്ല”.. അമ്മ പദ്മയുടെ കണ്ണുനീർ തുടച്ചു കൊടുത്തു.. ഇനി കരയരുതെന്ന് പറഞ്ഞു… “എന്റെ അറിവിൽ ചേച്ചിക്കൊരു പ്രണയം ഉണ്ടായിട്ടില്ല, വിഷ്ണുവിനോട് അല്ലാതെ .. ഇന്നും അതെ.. നിങ്ങളെ അവൾക്ക് അത്രയ്ക്ക് ഇഷ്ടമാണ്, അതുകൊണ്ടാണ് നിങ്ങൾ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ സൂയിസൈഡ് ചെയ്യാൻ തുടങ്ങിയതും”.. പദ്മയുടെ കണ്ണു നിറഞ്ഞു..

എല്ലാവരും അമ്പരപ്പോടെ തമ്മിൽ തമ്മിൽ നോക്കി.. അമ്മ മാധവനെ ഒന്ന് നോക്കി.. “സത്യമാണ് അമ്മേ.. അച്ഛൻ കണ്ടില്ലായിരുന്നുവെങ്കിൽ ഇപ്പോൾ”…. വിഷ്ണു ഒന്നും മിണ്ടാതെ തലയും കുനിച്ചു ഇരിപ്പാണ്.. അത്രയും പ്രതീക്ഷിച്ചില്ലെന്ന് ആ മുഖം കണ്ടാലറിയാം.. മാധവൻ വിഷ്ണുവിനെ ഒന്നു നോക്കി.. നിലത്തേക്ക് നോക്കി ഇരിക്കുകയാണ്.. അയാളോട് ചെറിയൊരു അലിവ് തോന്നി.. അയാളുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ അയാൾ ശരിയാണ്.. ഹിമയെ അയാളിപ്പോഴും സ്നേഹിക്കുന്നുണ്ട്.. പ്രതീക്ഷിച്ച പോലുള്ള ജീവിതം കിട്ടാത്തതിന്റെ എല്ലാ വേദനയും ആ മുഖത്തുണ്ട്..

“ദൈവമേ.. ഈ കുട്ടികൾ ഇതെന്തൊക്കെയാ ചെയ്തു കൂട്ടുന്നത്”.. അമ്മ കയ്യിലേക്ക് തല താങ്ങി വിഷമത്തിൽ ചോദിച്ചു..

” അന്ന് ഹോസ്പിറ്റലിൽ വെച്ചാണ് ഹിമ വിഷ്ണുവിനെ വിളിച്ചതും നിങ്ങൾ കാൾ കട്ട്‌ ചെയ്തതും എല്ലാം.. അന്നാണ് ആദ്യമായി ഹിമ കരയുന്നത് ഞാൻ കാണുന്നത്.. പുറമെ കാണിക്കുന്ന ധൈര്യമേ ഉള്ളൂന്ന് അന്ന് മനസ്സിലായി.. ഹിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അച്ഛന്റെ ജീവനും കൂടിയാവും പോകുന്നത്.. പദ്മയാണ് ഹിമയ്ക്ക് കാവലായി ഇരുന്നത്.. ഹിമയെ തനിച്ചിരുത്താൻ ഇന്നും അവൾക്ക് പേടിയാണ്.. എന്തെങ്കിലുമൊന്ന് സംഭവിച്ചിട്ട് പിന്നെ ഓർത്തു വിഷമിച്ചിട്ടു കാര്യമുണ്ടോ.. അതിന്റെ കൂടി വിഷമം ആണ് ഇന്ന് പദ്മ കാണിച്ചത്.. മറ്റൊരാൾക്കൊപ്പം നിൽക്കാൻ ഇപ്പോളത്തെ അവസ്ഥയിൽ അവളെക്കൊണ്ട് കഴിയില്ല..”.. ഹരിയും വിഷ്ണുവും അമ്മയും മാധവൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുകയാണ്..

“അതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഉള്ള പോലെ തോന്നി ഹിമയ്ക്ക്.. എന്നോടും പദ്മയോടും മനസ്സറിഞ്ഞു ക്ഷമ ചോദിച്ചു.. കളവായിരുന്നില്ല അത്.. ഒരാൾ മാറാൻ ആഗ്രഹിക്കുണ്ടെങ്കിൽ ചേർത്തു പിടിച്ചു കൂടെ നിർത്തണം.. അയാൾ മാറും.. അതിനുള്ള ഏറ്റവും വലിയ തെളിവ് ഞാൻ തന്നെയാണ്.. എന്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചതാണ് പദ്മ കാരണം”..

“ഒരു അവസരം കൂടി കൊടുത്തു നോക്കൂ ഹിമയ്ക്ക്.. ഞാൻ നിർബന്ധിക്കില്ല.. പക്ഷേ ഹിമയ്ക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് ഒരു തീരുമാനം എടുത്താൽ പോരേ.. ആഗ്രഹിച്ച ജീവിതം നമ്മുടേതാക്കി തീർക്കാൻ നമ്മൾ തന്നെ ശ്രമിക്കണം വിഷ്ണൂ .. പരസ്പരം ഒന്ന് മനസ്സിലാക്കി ജീവിച്ചാൽ മതി, അതങ്ങനെ നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ഒരൊഴുക്കിൽ പൊക്കോളും..തെറ്റ് തിരുത്താൻ ഹിമ തയ്യാറായാൽ രണ്ടാൾക്കും ആഗ്രഹിച്ചത് പോലൊരു ജീവിതം കിട്ടുമെങ്കിൽ അതല്ലേ നല്ലത്.. ഒന്ന് ചിന്തിച്ചു നോക്കൂ”.. മാധവൻ പറഞ്ഞു നിർത്തി.. വിഷ്ണു മാധവൻ പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ടു.. ആളിപ്പോളും ചെറിയൊരു ഷോക്കിലാണ്.. ഹിമയെപ്പോലൊരാൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതോർത്തിട്ട്.. അഹങ്കാരം കൊണ്ട് മൂടിയ ഹിമ എന്നൊരാൾ ഇത്രയുമേ ഉണ്ടായിരുന്നുള്ളോ.. വിഷ്ണു മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അമ്മ പറഞ്ഞു..

“വിഷ്ണു വരും.. അവൻ വന്നില്ലെങ്കിൽ ഞാൻ വരും.. ഇത്രയും കാലം ഇവരുടെ ഇഷ്ടത്തിന് വിട്ടു.. ഇനിയില്ല.. എനിക്കൊന്നു ഹിമയെ കാണണം.. സംസാരിക്കണം”.. അമ്മ തറപ്പിച്ചു പറഞ്ഞു.. എന്നിട്ട് മാധവന്റെ അടുത്തു വന്നു മുഖം പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു പറഞ്ഞു.. “വല്യ പുള്ളിയായിപ്പോയി നീ, സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ .. പണ്ടത്തെ മാധവനിൽ നിന്നും ഒരുപാട്.. ഒരുപാട് മാറി.. അമ്മയ്ക്ക് സന്തോഷം ആയി.. നിന്റെ ഭാഗ്യം ആണ് പദ്മ എന്നാണ് അമ്മ വിചാരിച്ചത്.. പക്ഷേ.. അവളുടെ നല്ല മനസ്സിന് ദൈവം കൊടുത്തതാ നിന്നെ”.. അമ്മയതു പറഞ്ഞപ്പോൾ മാധവൻ പദ്മയെ ഒന്നു നോക്കി.. അവളുടെ മുഖം ഒന്ന് തിളങ്ങിയത് പോലെ.. അല്ലെങ്കിലും മാധവനെ ആരു നല്ലതു പറഞ്ഞാലും ആ മുഖം തെളിയും.. എനിക്കൊന്നും കാണാൻ വയ്യേ എന്ന രീതിയിൽ ഹരി എഴുന്നേറ്റു പോയി..

മൂന്നാളും റെഡിയാവാൻ പോയപ്പോൾ മാധവനരികിലേക്ക് പദ്മ ചേർന്നിരുന്നു… “ഒരുവക തിന്നുകേമില്ല കുടിക്കുകയുമില്ല.. എന്നിട്ട് ഒന്നു നേരെചൊവ്വേ ആഞ്ഞു ശ്വാസം വിടാനുള്ള ശക്തി പോലുമില്ല.. അല്ലാ നിന്നോട് ആരാ പറഞ്ഞേ വല്ലവന്റേം നെഞ്ചത്തോട്ട് പോയി കേറാൻ”.. മെല്ലെ ദേഷ്യത്തിൽ ചോദിക്കുന്ന മാധവന്റെ മുഖത്തേക്ക് നോക്കി..”സോറി.. പറ്റിപ്പോയി.. വിഷമമായോ”.. കവിളിൽ കൈവെച്ചു ചോദിച്ചു പദ്മ.. മാധവൻ മറുപടി ഒന്നും പറയാതെ കൈ എടുത്തു മാറ്റി വെളിയിലേക്ക് നടന്നു.. എന്തോ വല്ലാണ്ട് വിഷമം വന്നു പോയി പദ്മയ്ക്ക്.. ആ നേരം ചേച്ചിയെ മറ്റൊരാളെക്കൂട്ടി പറഞ്ഞു കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല.. വേറെന്തു തോന്നിവാസം കാട്ടിയാലും അവൾ വിഷ്ണുവിനെ മറന്ന് ഒന്നും ചെയ്യില്ല.. പിന്നെ കുഞ്ഞിന്റെ കാര്യം കൂടി കേട്ടപ്പോൾ ദേഷ്യം ആയിരുന്നോ സങ്കടം ആയിരുന്നോ എന്നറിയില്ല.. പണ്ടേ മറന്നെന്നു കരുതിയ പലതും മനസ്സിൽ നിന്നും അറിയാതെ പുറത്തേക്ക് ചാടി വന്നതാ..

മാധവന് അരികിൽ പോയി നിൽക്കണമെന്നുണ്ട് .. പക്ഷേ ഒന്നെഴുന്നേൽക്കാൻ കഴിയുന്നില്ല.. ശരീരം ഉറച്ചു പോയതുപോലെ.. തന്റെ നോട്ടം കണ്ടിട്ടും കണ്ട ഭാവമില്ല.. പക്ഷേ ഇടയ്ക്ക് ഇടയ്ക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ട്.. പിന്നിലേക്ക് ചാഞ്ഞിരുന്ന് തല ചേർത്തു വെച്ചു… കല്ലെടുത്തു വെച്ചതുപോലുണ്ട് മനസ്സിൽ.. ശ്വാസം വിടാൻ പോലും വയ്യാത്ത അത്രയും ഭാരത്തിൽ.. ചേച്ചിക്ക് ഇത്രയും വലിയൊരു കാര്യം സംഭവിച്ചിട്ട് ഒന്ന് പറയാത്തതിൽ.. എങ്കിലും ആ കുഞ്ഞ്.. എന്റെ ചേച്ചിയുടെ കുഞ്ഞ്.. ഏങ്ങലോ വിങ്ങിപ്പൊട്ടലോ ഇല്ലാതെ കണ്ണു രണ്ടും നിറഞ്ഞൊഴുകി.. ഒരു നിമിഷം കൊണ്ട് ഹിമയുടെ കുഞ്ഞിലേയുള്ള രൂപം വെച്ച് ആ കുഞ്ഞിന്റെ മുഖം മനസ്സിൽ കണ്ടു.. ചിരി കണ്ടു.. കയ്യും കാലുമിട്ടടിച്ചു കൊഞ്ചുന്നത് കണ്ടു.. ചെറിയൊരു ചിരി ചുണ്ടിൽ തെളിഞ്ഞിട്ട് അതേപോലെ അണഞ്ഞു.. ഒന്നും അറിയേണ്ടായിരുന്നു ഒന്നും.. മനസ്സ് കിടന്നു പിടച്ചത് മുഴുവൻ ഇത് കേൾക്കാൻ വേണ്ടിയായിരുന്നോ ദൈവമേ.. അടുത്ത് ആരോ വന്നിരുന്നു.. കണ്ണു തുറക്കാതെ തന്നെ ആരാണെന്ന് മനസ്സിലായി.. തോളിലേക്ക് നെറ്റി മുട്ടിച്ചിരുന്നു.. കണ്ണു തുടച്ചു തന്നു കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു കൂടെ നടത്തി കാറിൽ കൊണ്ടിരുത്തി..ഡ്രൈവ് ചെയ്യുമ്പോഴും പദ്മയോട് മിണ്ടാതിരിക്കുന്ന മാധവനെ കണ്ടപ്പോൾ വിഷമം ഒന്നുകൂടി കൂടി..

“ഇങ്ങനെ മിണ്ടാതിരിക്കല്ലേ മാധവാ എന്നോട് .. പിണങ്ങല്ലേ.. വിഷമം വരുന്നു”..

“അതിനു ഞാൻ നിന്നോട് പിണങ്ങിയെന്ന് പറഞ്ഞോ.. കുശുമ്പ് പോലെ എന്തോ ഒന്ന് മനസ്സിൽ ഉണ്ട്.. അത്രേയുള്ളൂ.. നിനക്കറിയാമല്ലോ എന്നെ നന്നായിട്ട് .. അതിനുള്ള കാരണവും.. നിന്നെ കൂടുതൽ അറിയുമ്പോഴും നിന്നോടുള്ള എന്റെ സ്നേഹം കൂടുമ്പോഴുമെല്ലാം എന്നിലെ സ്വാർത്ഥത ഉണരുന്നത് എന്റെ തെറ്റാണോ”.. പദ്മ അത് കേട്ടപ്പോൾ മുഖം കുനിച്ചു .. ഒന്നും മാധവന് ഒളിച്ചു വെക്കാൻ അറിയില്ല.. മനസ്സിലുള്ളത് മുഖത്തും, മുഖത്തു കാണുന്നത് നാവിലും പിന്നീടത് പുറത്തേക്കും വരും.. “ഇതെപ്പോൾ തുടങ്ങിയ കരച്ചിൽ ആണ് നീ .. പണ്ടത്തെ കാര്യങ്ങൾ ഓർത്തിട്ടാണോ.. ഒക്കെയും മറന്നെന്നു പറഞ്ഞിട്ട്.. ചുമ്മാ കിടന്നു കരഞ്ഞു വല്ലതും വരുത്തി വെക്കണ്ട പദ്മാ”.. മാധവന്റെ ദേഷ്യത്തിലുള്ള സംസാരം കുറച്ചേറെ വേദനിപ്പിച്ചു അവളെ.. ഓർക്കുന്നത് മുഴുവൻ ഒരു കുഞ്ഞു മുഖമാണെന്ന് പറയണമെന്നുണ്ടായിരുന്നു.. വേണ്ടാ.. അപ്പോൾ മാധവനും ഓർമ്മയിലേക്കൊരു കുഞ്ഞുമുഖം കയറി വരും.. ഒരു കണക്കിന് മിന്നൂട്ടന്റെ കുഞ്ഞാവയുടെ മുഖം ഒരിക്കൽ പോലും കാണാതിരുന്നത് നന്നായി.. ഇല്ലായിരുന്നെങ്കിൽ എപ്പോളും മനസ്സിൽ അതിങ്ങനെ തികട്ടി വന്നേനെ.. മാധവനെ പറഞ്ഞിട്ട് കാര്യമില്ല, ജ്യോതിക്കൊപ്പം മാധവനെ ചിന്തിക്കാൻ പോലുമാവില്ല തനിക്ക് .. അതേപോലെ തന്നെ ആവില്ലേ തിരിച്ചും..

വീട്ടിൽ എത്തിയതും മിന്നു ഓടി വന്നു തോളിൽ കയറി.. മുഖം രണ്ടു കയ്യിലും പിടിച്ചു നോക്കിയിട്ട് ചോദിച്ചു അമ്മയെന്തിനാ കരഞ്ഞതെന്ന്.. ഒന്നും മിണ്ടാതെ ഇരിക്കുന്ന പദ്മയെ നോക്കിയിട്ട് മാധവനെ സൂക്ഷിച്ചു നോക്കി.. “ഞാൻ നിന്റെ അമ്മേനെ ഒന്നും ചെയ്തിട്ടില്ല.. എന്നെ ഇങ്ങനെ നോക്കിപ്പേടിപ്പിക്കാൻ”.. മാധവൻ ദേഷ്യത്തിൽ കൈ മലർത്തി..

“ചേച്ചിയമ്മ കുറേ മുട്ടായി വാങ്ങിത്തന്നു.. ഉമ്മ വെച്ചു ഇബ്ടേം ഇബ്ടേം ഒക്കെ.. ഞാൻ തൂത്തു കളഞ്ഞപ്പോൾ വീണ്ടും തന്നു.. നിച്ചു ഇട്ടായില്ല.. എന്നെ എടുത്തു.. ഞാൻ അപ്പൂപ്പന്റെ അടുത്ത് പോയി ഇരുന്നേ.. പിന്നേം പിന്നേം എന്നോട് കൂടുവോ ന്ന് ചോദിച്ചു പിറകേ നടക്കുവാ”.. രഹസ്യമായി പദ്മയുടെ ചെവിയിൽ മിന്നു പറഞ്ഞു.. “അമ്മയെന്താ ഒന്നും മിണ്ടാത്തെ”.. ഇത്രയും വലിയൊരു കാര്യം പറഞ്ഞിട്ടും മറുത്തൊന്നും പറയാതിരിക്കുന്ന പദ്മയെ കണ്ടപ്പോൾ മിന്നു ദേഷ്യത്തിൽ ചോദിച്ചു..

“മ്മ്.. നിന്റെ അമ്മേടെ നാവ് എവിടെയോ വെച്ചു മറന്നു.. നാവ് വർക്ക്‌ ചെയ്യുന്നില്ലെങ്കിലെന്താ കണ്ണ് നന്നായിട്ട് പണി എടുക്കുന്നില്ലേ”.. മാധവൻ പറഞ്ഞപ്പോൾ പദ്മ ഒന്നു സൂക്ഷിച്ചു നോക്കി .. അച്ഛൻ എന്ത് കുന്തവാ ഈ പറയുന്നത്.. മിന്നു മാധവനെ നോക്കി ആലോചിച്ചു നിന്നു..

“അമ്മയ്ക്ക് നല്ല തലവേദന ഉണ്ട്.. വിശേഷം ഒക്കെ അമ്മ കുറച്ചു കഴിഞ്ഞു കേൾക്കാം കേട്ടോ”.. മിന്നൂട്ടന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചിട്ട് മാധവനെയൊന്നു നോക്കാതെ അകത്തേക്ക് നടന്നു.. അവളോട് പറഞ്ഞത് കുറച്ചു കൂടിപ്പോയെന്ന് മാധവന് തോന്നി.. അത്ര പെട്ടെന്നൊന്നും ചിലതൊക്കെ ആർക്കും മറക്കാനാവില്ല.. എത്ര മറന്നുവെന്ന് പറഞ്ഞാലും ഉള്ളിലിങ്ങനെ ഒരു നൊമ്പരമായിട്ട് ഉണ്ടാവും.. മറ്റൊരാളോട് പറയാൻ പോലും സാധിക്കാതെ… ഇന്നാണ് താനും അറിയുന്നത് വിഷ്ണു പദ്മയ്ക്ക് ഇത്രയും വിഷമം കൊടുത്തിരുന്നുവെന്ന്.. ചിന്തിച്ചു നിൽക്കുമ്പോഴേക്കും വിഷ്ണു എത്തിയിരുന്നു.. അവരെയും കൂട്ടി അകത്തേക്ക് നടന്നു…

എല്ലാവരെയും കണ്ടിട്ട് അച്ഛനും അമ്മയുമൊന്ന് അമ്പരന്നുവെങ്കിലും മാധവന്റെ ഒന്നുമില്ല എന്ന് കണ്ണുകൊണ്ടുള്ള ചലനം അവർക്ക് ആശ്വാസമായിരുന്നു.. വിഷ്ണുവിനെയും ഹരിയെയും അച്ഛൻ പിടിച്ചിരുത്തി.. ആന്തലോടെ ഇടയ്ക്കിടെ വിഷ്ണുവിനെ നോക്കുന്നുണ്ടായിരുന്നു..

മുഖമൊന്നു കഴുകി വന്നപ്പോഴേക്കും മുറിയിൽ മാധവൻ ഉണ്ടായിരുന്നു.. പിടിച്ചിരുത്തി നെറ്റിയിൽ ബാം പുരട്ടി തന്നു.. രണ്ടു വിരലാലെ നെറ്റി ഉഴിഞ്ഞു.. കെട്ടിപ്പിടിച്ചു ആ വയറിലേക്ക് മുഖം ചേർത്തു വെച്ചു.. “എന്നോട് പിണങ്ങല്ലേ മാധവാ.. വിഷമം വരുന്നു”……

“നിനക്ക് മാത്രേ ഉള്ളോ വിഷമം.. എനിക്കുമുണ്ടാവില്ലേ … അവിടെ വെച്ച് എത്ര നേരം നീയെന്നെ നോക്കാതിരുന്നു.. എനിക്കിഷ്ടമല്ലെന്നറിഞ്ഞിട്ടും ഇപ്പോളും കണ്ണും നിറച്ചു ഇരിക്കുവല്ലേ .. അത്രയും അടുത്തുണ്ടായിട്ടും എന്റെ അടുത്തേക്ക് ഒന്നു വന്നോ”… മാധവൻ എണ്ണിയെണ്ണി തന്റെ വിഷമങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.. പദ്മയുടെ പിടിയൊന്നു മുറുകിയപ്പോൾ ചോദിച്ചു.. “ആ പോട്ടേ… ഇനി കരയുവോ”…

“മ്മ്.. ചിലപ്പോൾ”…. അടുത്തു പിടിച്ചിരുത്തി നെഞ്ചിൽ ചാഞ്ഞു.. “ആ കുഞ്ഞ്.. അത് വല്ലാതെ വേദനിപ്പിക്കുന്നു.. ഓർക്കാതിരിക്കാൻ കഴിയുന്നില്ല”.. ഒന്നും മിണ്ടാതെ ഇരിക്കുന്ന മാധവനെ തലയുയർത്തി നോക്കി.. “ചേച്ചിക്കില്ലാത്ത വിഷമം എനിക്കെന്തിനാന്ന് ആലോചിക്കുവാണോ.. സഹോദരങ്ങളുടെ കുഞ്ഞ് എന്നൊക്കെ പറഞ്ഞാൽ അത് ഒരു ഭാഗ്യം തന്നെയാണ് മാധവാ.. നമ്മുടെ കയ്യിലൂടെ കൊഞ്ചി കൊഞ്ചി വളരുന്ന കുഞ്ഞ്”.. മാധവൻ പദ്മയെ കേട്ടിരിക്കുവാണ്.. അവളുടെ ആഗ്രഹവും സ്നേഹവും ഒക്കെയും ആ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാം.. ആരുമല്ലാത്ത തന്റെ കുഞ്ഞു പോയപ്പോൾ വിഷമിച്ചവളാണ് അപ്പോൾ പിന്നെ സ്വന്തം വീട്ടിലെ ആകുമ്പോൾ എത്ര വേദനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു..

“സാരമില്ല.. ഇനി അതൊന്നും ഓർക്കേണ്ട…. കഴിഞ്ഞു.. ഇപ്പോ അങ്ങോട്ടേക്ക് വാ”.. നെഞ്ചിൽ നിന്നും പിടിച്ചു മാറ്റിയിട്ടു പറഞ്ഞു.”അവിടെ പലതും കേൾക്കും ഇനീം, വല്ലവന്റേം നെഞ്ചത്തോട്ട് കേറിയേക്കരുത്”.. പദ്മ ഒന്നു ചിരിച്ചു.. കയ്യിൽ പിടിച്ചു വലിച്ചു നടക്കുന്നവനെ തിരിച്ചു നിർത്തി ഇറുക്കി കെട്ടിപ്പിടിച്ചു നെഞ്ചിൽ ചുണ്ടു ചേർത്തു.. “ഈ നെഞ്ചുള്ളപ്പോൾ എനിക്കെന്തിനാ വല്ലവന്റേം നെഞ്ച് മാധവാ.. ഒന്ന് കൊടുക്കാനാ പോയത്.. എന്താ ഏതാ എന്നൊന്നും ആലോചിക്കാതെ ഒരു പെണ്ണിനെപ്പറ്റി വായിൽ തോന്നുന്നത് പറയുന്നതിന്.. പക്ഷേ പറ്റിയില്ല.. ആ പിടി വീട്ടിരുന്നേൽ ഞാൻ താഴെ വീണേനെ.. ശരീരം പെട്ടെന്ന് തളരും പോലെ തോന്നി”…

മാധവൻ മുഖത്തൊക്കെ ഒന്ന് തലോടി… വാടിയിരിക്കുന്ന കവിളിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു.. എന്നിട്ടു ചേർത്തു പിടിച്ചു കൂടെ നടത്തി.. കുറച്ചു നേരമായിട്ടും ഹിമയെ കാണാഞ്ഞത് കൊണ്ട് അമ്മയോട് ചോദിച്ചു ഹിമ എവിടെയെന്ന്.. ദീപുവിനൊപ്പം പശുവിനെയും കൊണ്ട് മാധവന്റെ തോട്ടത്തിലേക്ക് പോയിട്ടുണ്ട് ന്ന് പറഞ്ഞു..

ദൈവമേ എന്റെ കൃഷി.. നെഞ്ചിൽ അറിയാതെ കൈവെച്ചു മാധവൻ.. പദ്മ ആ കൈ എടുത്തുമാറ്റി.. ഒന്നുമുണ്ടാവില്ലെന്ന് ചിരിയോടെ പറഞ്ഞു.. മാധവൻ ചെല്ലുമ്പോൾ ദീപുവും ഹിമയും പശുവിനെ തലോടി എന്തൊക്കെയോ സംസാരിക്കുകയാണ്.. ഹിന്ദിയിൽ.. ഇടയ്ക്കിടെ രണ്ടിന്റേം വായിൽ നിന്നും മാധവൻ എന്ന് വരുന്നുണ്ട്.. അത് മാത്രമാണ് ഒന്ന് മനസ്സിലായത്.. തന്നെ കണ്ടപ്പോൾ രണ്ടും കൂടി ചിരിയോടെ കുറച്ചു കൂടുതൽ ബോൽത്താൻ തുടങ്ങി.. ഓ നമുക്കിട്ടു പണിയുവാണ്.. ഹിമ അടുത്തേക്ക് വന്നു കൈ നീട്ടിയപ്പോൾ വലിച്ചു കയറ്റി .. എവിടെ പോയതാ എന്നൊക്കെ ചോദിക്കുന്നുണ്ട്.. കയ്യും മുഖവും ഒക്കെ കഴുകി മാധവന് പിറകെ വന്ന ഹിമ വിഷ്ണുവിന്റെ കാർ കിടക്കുന്നത് കണ്ട് ഒന്ന് ഞെട്ടി.. അനങ്ങാനാവാതെ നിന്നിടത്തു തന്നെ നിൽക്കുവാണ്.. മാധവൻ വരാൻ കൈകൊണ്ടു കാണിച്ചു.. “മാധവാ… ഞാൻ.. ഞാൻ.. എനിക്ക്.. എനിക്ക്….ഞാൻ വരില്ല”… ഹിമ വിയർത്തു കുളിച്ചു.. സംസാരിക്കാൻ വാക്കുകൾ മറന്നത് പോലെ…

“എന്തേ മലയാളം മറന്നോ.. എങ്കിൽ നമുക്ക് ഹിന്ദിയിൽ സംസാരിച്ചു നോക്കാം.. വാ”.. ചിരിയോടെ പറഞ്ഞു.. എന്നിട്ടും അനങ്ങാതെ നിൽക്കുന്ന ഹിമയോട് മാധവൻ പറഞ്ഞു.. “വാ.. എന്നാണെങ്കിലും ഇങ്ങനൊരു കൂടിക്കാഴ്ച്ച ഉണ്ടായല്ലേ പറ്റൂ.. തനിയെ ഇത്രയൊക്കെ ഒപ്പിച്ചു വെച്ചതല്ലേ.. ഒരു ക്ഷമ പറച്ചിൽ അവിടെയും വേണ്ടേ.. ഇങ്ങനെ തീരുവാണെങ്കിൽ തീരട്ടേന്ന്”.. ഹിമ ഒന്ന് നോക്കി.. എല്ലാം അറിഞ്ഞുവെന്ന് മാധവൻ പറഞ്ഞു.. കൈകൾ തമ്മിൽ കൂട്ടിതിരുമ്മി നിൽക്കുന്ന ഹിമയെ മാധവൻ കൂട്ടികൊണ്ട് പോയി എല്ലാവർക്കും മുന്നിലേക്ക് നിർത്തി.. ആരൊക്കെയാണ് മുന്നിൽ ഇരിക്കുന്നതെന്നു പോലും മുഖമുയർത്തി നോക്കാൻ ഹിമയെക്കൊണ്ട് കഴിഞ്ഞില്ല.. മാധവന് അരികിലേക്ക് നീങ്ങി നീങ്ങി നിന്നു..

♥️ഉടനെ വരും ♥️