18/04/2026

ഭാര്യ : അവസാന ഭാഗം

രചന – റോസിലി തോമസ്

ഒരു വെളുപ്പാന്കാലം. അതീവ സന്തോഷത്തോടെ തന്റെ അരികിൽ ഫോണും പിടിച്ചിരിക്കുന്ന ശ്രീദേവിയെ കണ്ട് ജയദേവൻ പുതപ്പ് മാറ്റി എഴുന്നേറ്റു എന്താ ഇന്നിത്ര സന്തോഷം..? ആദ്യം കാപ്പി കുടിക്ക് പറയാം. എഴുന്നേറ്റാലുടൻ ജയദേവനു കാപ്പി നിർബന്ധം ആണ്. അവൻ കാപ്പി ഊതികുടിച്ചുകൊണ്ടിരുന്നപ്പോഴാണ് അവൾ പറഞ്ഞു തുടങ്ങിയത് ഇന്നാണ് വീട്ടിൽ നിന്ന് എല്ലാവരും വരുന്നത് എന്നെ കൂട്ടിക്കൊണ്ട് പോകാൻ.. കൂട്ടികൊണ്ട് പോവാനോ എവിടേയ്ക്ക്. ആ ഞെട്ടലിൽ അവന്റെ ചുണ്ട് പൊള്ളി. അവൻ കാപ്പി മേശപ്പുറത്ത് വെച്ച് ബാത്‌റൂമിലേയ്ക്ക് നടന്നു ഏട്ടനെന്താ ഒന്നും അറിയാത്തത് പോലെ സംസാരിക്കുന്നത്. ഏഴാം മാസത്തിൽ എന്നെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോകുമെന്ന് ഏട്ടന് അറിയാൻ പാടില്ലേ.. അറിയുവൊക്കെ ചെയ്യാം.. പക്ഷേ നീ ഇവിടെനിന്നു എവിടേയ്ക്കും പോകുന്നില്ല.. ജയേട്ടാ.. അതേ ജയേട്ടൻ തന്നെ. നിനക്കിനി വേണെങ്കിൽ രണ്ടുദിവസം വല്ലോം പോയി നിന്നോ അവിടെ.

അല്ലാതെ രണ്ടു മൂന്നു മാസം എന്നെക്കൊണ്ട് പറ്റില്ല ശ്രീ.. അവൾ ഒന്നും മിണ്ടാതെ കട്ടിലിൽ മുഖം താഴ്ത്തിയിരുന്നു. സന്തോഷം ഒരുപാട് ഉണ്ടായിരുന്നത് കൊണ്ടാവണം പോകേണ്ട എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞത്. ജയദേവൻ കുളിച്ചു തല തുവർത്തി വരുമ്പോഴും ശ്രീദേവി ഏതോ ചിന്തയിൽ മുഴുകി കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നു നീ ഇതുവരെ അടുക്കളയിലേയ്ക്ക് പോയില്ലേ.. എനിക്ക് ഓഫീസിൽ പോകണം നീ വേഗം ചെന്ന് കഴിക്കാൻ എന്താണെന്ന് വെച്ചാൽ എടുത്തു വയ്ക്ക് എല്ലാം കേട്ടുകൊണ്ട് പുറത്തു നിന്ന സുലോചനയുടെ മുഖം സന്തോഷത്താൽ തുടുത്തു. അവൾക്കങ്ങിനെ തന്നെ വേണം. അവർ മനസ്സിൽ പറഞ്ഞു ശ്രീദേവി മുഖം വീർപ്പിച്ചു പുറത്തേയ്ക്ക് വരുമ്പോൾ വാതിൽക്കൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന അമ്മായിയമ്മയെ കണ്ട് അവൾക്ക് ദേഷ്യം വന്നു.

അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് പോയി. അമ്മയെന്താ ഇവിടെ നിൽക്കുന്നെ.. ഷർട് ഇൻ ചെയ്തു പുറത്തേയ്ക്ക് വന്ന ജയദേവൻ മുറിക്ക് പുറത്തു അമ്മയെ കണ്ട് ഞെട്ടിപ്പോയി ഞാൻ വെറുതെ , അവളെ കാണാഞ്ഞിട്ട് വിളിക്കാൻ വന്നതാ.. അവള് താഴേയ്ക്ക് പോയല്ലോ.. ആ… അവർ മുഖത്തെ സന്തോഷം മറച്ചു വെച്ച് തിരിഞ്ഞു നടന്നു. വൈകുന്നേരം നാലു മണി ആയതോടെ ശ്രീദേവിയുടെ വീട്ടുകാർ വന്നു. ശ്രീദേവിയെ കൊണ്ടുപോകാൻ.. പത്തു കൂട്ടം പലഹാരങ്ങളുമായി അമ്മയും അമ്മാവന്മാരും അമ്മായിമാരും ഉണ്ടായിരുന്നു. ശ്രീധരൻ ആണ് പുറത്തേയ്ക്ക് ഇറങ്ങി വന്നത് ആഹാ ആരിത്. വരൂ കയറി വരൂ.. അയാൾ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു ശ്രീദേവി… അച്ഛൻ അകത്തേയ്ക്ക് നോക്കി വിളിച്ചു. വർത്തമാനം കേട്ട് സുലോചനയും കാത്തുവും പുറത്തേയ്ക്ക് വന്നു എല്ലാരും ഉണ്ടല്ലോ എന്താ വിശേഷിച്ചു.. ഏഴാം മാസത്തിൽ ഗർഭിണിയെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ട് പോകുന്ന ഒരു ചടങ്ങുണ്ടല്ലോ.. ഓ അത് ഞാനങ്ങു മറന്നു.

നീ പോയി ശ്രീദേവിയെ വിളിച്ചു കൊണ്ട് വാ.. അച്ഛൻ മകളെ (കാത്തു )നോക്കി പറഞ്ഞു വേണ്ട എവിടെയാണെന്ന് പറഞ്ഞാൽ മതി ഞങ്ങൾ പോയി കണ്ടോളാം.. അമ്മയും കൂടെയുണ്ടായിരുന്ന അമ്മായിമാരും പറഞ്ഞു. അപ്പോഴേക്കും ശ്രീദേവി പുറത്തേയ്ക്ക് വന്നു . മോളെ കണ്ടതും അമ്മ ഓടിച്ചെന്നു കെട്ടിപിടിച്ചു മോളെ , നിന്റെ മുഖം എന്താ വാടിയിരിക്കുന്നെ.. ഏയ് അത് രണ്ടുമൂന്നു മാസം നമ്മളോടൊപ്പം നിൽക്കണമല്ലോ എന്ന് ചിന്തിച്ചിട്ടാവും. അമ്മായി പറഞ്ഞു ജയൻ എന്തിയെ മോളെ.. അമ്മ മകളുടെ മുടിയിൽ തലോടുന്നതിനിടയിൽ ചോദിച്ചു ഓഫീസിൽ പോയിരിക്കുവാ.. ബാലൻ വയ്യാതെ ഇരിപ്പാണെന്ന് കരുതി ചടങ്ങുകൾ ഒന്നും മാറ്റി വയ്ക്കാൻ പാടില്ലല്ലോ.. അമ്മാവന്റെ ശബ്ദം കേട്ട് ശ്രീദേവി ഹാളിലേക്ക് നോക്കി. എല്ലാരും ഉണ്ടായിരുന്നു. പെട്ടന്ന് അവൾക്ക് കരച്ചിൽ വന്നു മുഖം പൊത്തി അകത്തേയ്ക്ക് ഓടി സമയം പൊയ്ക്കൊണ്ടിരുന്നു.

പുറത്തു ഒരു കയ്യ് വന്നു തട്ടിയപ്പോഴാണ് അവൾ എഴുന്നേറ്റിരുന്നത്. കരഞ്ഞു മുഖം ഒക്കെ വല്ലാതായിരുന്നു ശ്രീ.. എന്റെ സ്വാർത്ഥത കാരണം നിന്റെ ആഗ്രഹങ്ങൾ ഒന്നും മാറ്റി വയ്ക്കണ്ട. വേഗം റെഡിയാവ് സങ്കടം ഉള്ളിലൊതുക്കി ജയദേവൻ പറഞ്ഞു ഏട്ടാ.. അവൾ കരഞ്ഞു കൊണ്ടു ആ മാറിലേക്ക് ചേർന്നു. ഏയ് കരയാതെ. ഈ രണ്ടു മാസം പെട്ടന്ന് പോവില്ലേ.. ഏട്ടത്തിയമ്മേ.. വാതിൽക്കൽ വന്നു നിന്ന് കാർത്തിക അകത്തേയ്ക്ക് നോക്കി വിളിച്ചു കാത്തു , നീ ഏട്ടത്തിയെ വേഗം റെഡിയാക്ക് കണ്ണിൽ നനവ് പടരുന്നത് കാണാതിരിക്കാൻ അവൻ വേഗത്തിൽ പുറത്തേയ്ക്ക് നടന്നു ഏട്ടാ .. അവര് പോകാനിറങ്ങി അടുക്കളയോട് ചേർന്നു നട്ട് പിടിപ്പിച്ചിരിക്കുന്ന പച്ചക്കറികൾക്ക് നടുവിലായി ഇട്ടിരുന്ന ഡ്രസ്സ് പോലും മാറാതെ ഓഫീസിലേയ്ക്ക് പോയ അതേ ഡ്രസ്സിൽ നിൽക്കുകയായിരുന്ന ജയദേവൻ ഞെട്ടി തിരിഞ്ഞു കാത്തു പിന്നിൽ നിശബ്ദം നിൽക്കുകയായിരുന്നു. അവള്ക്കും നല്ല സങ്കടം ഉണ്ട് ഏട്ടത്തിയമ്മ പോകുന്നതിൽ എന്നാ പിന്നെ വൈകിക്കുന്നില്ല ഇറങ്ങട്ടെ.. അമ്മാവന്റെ ശബ്ദം നിശബ്ദതയെ ഭേദിച്ചു. വിങ്ങിപൊട്ടി അവൾ ഭർത്താവിന്റെ മാറിലേക്ക് ചാഞ്ഞു.

എത്രയൊക്കെ ആയാലും പോകാനിറങ്ങിയപ്പോ മനസ്സിൽ വല്ലാത്ത ഭാരം. രണ്ടുമാസക്കാലം കാണാതെ നിൽക്കുന്നതോർത്ത് മനസ്സ് പിടഞ്ഞു. അമ്മ അവളുടെ കയ്യിൽ പിടിച്ചു . ഗേറ്റ് കടന്ന് അകലെ മറയുന്നത് വരെ ജയദേവനും കാർത്തികയും നോക്കിനിന്നു അന്ന് രാത്രിയിൽ ഉണ്ണാൻ വരാതെ മുറ്റത്തെ ഊഞ്ഞാലിൽ ഇരിക്കുന്ന ഏട്ടന്റെ അടുത്തേയ്ക്ക് കാത്തു വന്നു ഏട്ടനെന്താ ഇവിടെ ഇരിക്കുന്നെ. അച്ഛൻ അന്വേഷിക്കുന്നുണ്ട് നീ പൊയ്ക്കോ ഞാൻ വന്നേയ്ക്കാം. അവൻ മറുപടി പറഞ്ഞു. അവൾ പോയതും അവൻ ഫോണെടുത്ത് ശ്രീദേവിയെ വിളിച്ചു. ആദ്യത്തെ റിങ്ങിൽ തന്നെ അവൾ ഫോണെടുത്തു ഏട്ടനെന്താ ഇതുവരെ വിളിക്കാഞ്ഞേ. ഞാനെന്തു മാത്രം വിഷമിച്ചു എന്നറിയോ.. മ്മ് ഞാൻ ഇത്തിരി തിരക്കിലായിരുന്നു മ്മ് തിരക്ക്.

എനിക്കറിയാം ഏട്ടൻ എന്നെയോർത്ത് ഇരിക്കുകയായിരുന്നു നീ വല്ലതും കഴിച്ചോ ശ്രീ..? ഇല്ല ഏട്ടനില്ലാതെ എനിക്ക് കഴിക്കാൻ തോന്നുന്നില്ല അല്ല നീ രാവിലെ പോകാൻ നല്ല സന്തോഷത്തിൽ ഇരുന്നതാണല്ലോ പിന്നെന്താ പെട്ടന്ന് ഒരു സങ്കടം സ്വന്തം വീട്ടിലേയ്ക്ക് പോകുന്നത് ഏതൊരു പെണ്ണിനും സന്തോഷം ആണ് ഏട്ടാ.. പക്ഷേ ഭർത്താവിനെ കാണാതെ ദിവസങ്ങൾ കാത്ത് കഴിയുമ്പോൾ നല്ല വിഷമം തോന്നും മ്മ് നീ പോയി വല്ലതും കഴിക്ക് ഈ സമയത്ത് നല്ലവണ്ണം ആഹാരം കഴിക്കണം ഞാനിടയ്ക്ക് വരാം.. ശരി ഏട്ടാ.. രണ്ടുപേരും ഫോൺ കട്ടിലിൽ താഴ്ത്തി വെച്ച് മുഖം തുടച്ചു ഇനിയിപ്പോ കഴിക്കാലോ അല്ലെ ചോറും കൂട്ടാനുമായി വാതിൽക്കൽ നിന്ന അമ്മ ചോദിച്ചു. അവൾ മറുപടിയായി പുഞ്ചിരിച്ചു ദിവസങ്ങളും മാസങ്ങളും അതിവേഗം കടന്നുപോയി. ഡെയ്റ്റ് അടുക്കും തോറും അവളിലെ ഭയം വർധിച്ചു ഏട്ടാ… !! എന്താ ശ്രീ..?? എനിക്ക് പേടിയാവുന്നു എന്തിനു..? ഞാൻ മരിച്ചു പോകുമോ..? ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ.. എനിക്ക് എന്തോ അങ്ങനെ തോന്നുന്നു.

ഞാൻ മരിച്ചാൽ ഏട്ടൻ വിഷമിക്കുവോ.. അവളുടെ ആവശ്യമില്ലാത്ത ചോദ്യവും ഭയവും കണ്ട് അവനരിശം വന്നു. പിന്നേ ഗർഭിണികൾ എല്ലാം മരിക്കുവല്ലേ.. !! നീ ഓരോന്ന് ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കല്ലേ പൊന്നേ.. !! അയാൾ അവളെ സമാധാനിപ്പിച്ചു ഫോൺ വെച്ചു പെട്ടന്നാണ് അടിവയറ്റിൽ വേദന തോന്നിയത്. അവൾ ഉറക്കെ കരഞ്ഞു അമ്മേ.. തലയിണയിൽ ഞെക്കി സകല ദൈവങ്ങളെയും വിളിച്ചു അവൾ ഉറക്കെ കരഞ്ഞു അടുത്ത റൂമിൽ നിന്ന് അമ്മയും അച്ചനും ഓടിയെത്തി എന്താ മോളെ..? വയറു വേദനിക്കുന്നു.. അയ്യോ ഇപ്പൊ എന്താ ചെയ്ക.. നിങ്ങള് വേഗം പോയി ഫോണെടുത്ത് ജയനെ വിളിക്ക് അമ്മ മകളുടെ തല മടിയിൽ വെച്ച് ഉച്ചത്തിൽ പറഞ്ഞു.

അൽപ്പം കഴിഞ്ഞപ്പോൾ വണ്ടിയുമായി ജയദേവൻ എത്തി. അവൻ ഓടി മുറിയിൽ വരുമ്പോൾ കട്ടിലിൽ കിടന്നു ഉരുളുകയായിരുന്നു ശ്രീദേവി. നല്ലോണം ബ്ലീഡിങ്ങും ഉണ്ടായിരുന്നു. നൈറ്റിയിലും ബെഡിലും മുഴുവൻ രക്തം. അവൻ ഓടിവന്നു അവളെ കോരിയെടുത്തു. അമ്മേ ഡോർ തുറക്ക്. വണ്ടിയുടെ അടുത്തെത്തിയതും അവൻ പറഞ്ഞു. ഹോസ്പിറ്റൽ എത്തിയതും ഒരു സ്ട്രെക്ച്ചർ അവർക്ക് നേരെ എത്തി. അവൻ കോരിയെടുത്ത് അവളെ അതിൽ കിടത്തി.കണ്ണുകളിലെ നനവ് ഒപ്പുമ്പോഴേയ്ക്കും അവളെ അവർ ലേബർ റൂമിലേയ്ക്ക് കയറ്റിയിരുന്നു. ചുറ്റുമുള്ളവർ പരിഹസിച്ചപ്പോഴും വേദന കൊണ്ട് അവൾ അലറികരഞ്ഞു. ഒടുവിൽ ഒരാണ്കുഞ്ഞിന് ജന്മം നൽകിയപ്പോഴേയ്ക്കും അവൾ തളർന്നു പോയി.

****** ശ്രീദേവി പ്രസവിച്ചു. ആൺകുഞ്ഞാണ്‌.. കുഞ്ഞിനെ ജയദേവന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ നേഴ്സ് പറഞ്ഞു. സന്തോഷത്തോടെ അവൻ ആ കുഞ്ഞിനെ കൈകളിൽ വാങ്ങി അമ്മയ്ക്കരികിലേയ്ക്ക് കൊണ്ടുവന്നു. അമ്മേ ഒന്ന് നോക്കമ്മേ അമ്മേടെ ജയന്റെ കുഞ്ഞാ… !! സുലോചനേ ആ കുഞ്ഞിനോട് നിന്റെ ദേഷ്യം കാട്ടരുതേ.. !! മുഖം തിരിച്ചു നിന്ന ഭാര്യയോട് ശ്രീധരൻ പറഞ്ഞു. അതുവരെ ഉണ്ടായിരുന്ന സങ്കടവും ദേഷ്യവും എല്ലാം മാറ്റി അവർ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി ചുംബനങ്ങളാൽ നിറച്ചു. എനിക്ക് ദേഷ്യം ഒന്നുമില്ല. ഏതൊരമ്മയെ പോലെ ഞാനും ആഗ്രഹിച്ചുപോയി എന്റെ മോന്റെ നല്ലതിന് വേണ്ടി അവനൊരു നല്ല ജീവിതം കിട്ടാൻ.. !! എന്നാലും സുലൂ നിന്റെ ദേഷ്യവും വാശിയും ഇത്തിരി കൂടുതൽ ആയിരുന്നു. അറിയാം മാപ്പ് ചോദിക്കുവാ. ഒപ്പം ശ്രീദേവിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എനിക്കൊരു ഉണ്ണിക്കണ്ണനെ അവൾ തന്നതിൽ.. സിസ്റ്റർ ശ്രീദേവിക്ക് എങ്ങനെ ഉണ്ട്..?? കുഴപ്പം ഒന്നുമില്ല.

അൽപ്പം കഴിയുമ്പോൾ മുറിയിലേയ്ക്ക് മാറ്റും. അതുകേട്ടപ്പോഴാണ് അവനു സമാധാനം ആയതു.അവൾ മുറിയിലേയ്ക്ക് വരുമ്പോൾ സ്നേഹം കൊണ്ടു പൊതിയാൻ രണ്ടുവീട്ടുക്കാർ ആണ് കാത്തിരുന്നത്. സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞു ജയദേവനും പുറത്തു കാത്തുനിന്നു തന്റെ ശ്രീയെ തനിക്ക് തന്നെ ആദ്യം കാണാൻ… ശ്രീ.. കുഞ്ഞിനെ മാറോട് ചേർത്തു കിടന്ന അവളെ അവൻ വിളിച്ചു അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. അത്യാഹ്ലാദത്തോടെ അവൾ അവനെ നോക്കി. അടുത്ത് കിടന്ന കുഞ്ഞിനെ അവൾ ഒന്നുകൂടി നോക്കി എത്ര കണ്ടിട്ടും മതിവരാതെ.. ഞങ്ങൾക്ക് അങ്ങോട്ട് വരാമോ..? സുലോചനയാണ് ചോദിച്ചത്. അമ്മേ.. മോളെ നിന്നെ ഒരുപാട് വേദനിപ്പിച്ചു. മാപ്പ് എല്ലാത്തിനും. ഇനി മുതൽ നീ എനിക്ക് മകളാണ്.. അവളുടെ മിഴികളിലെ നനവ് അവർ തുടച്ചു. ഇനി കരയരുത്… അവർ ഒന്നുചേർന്ന് പുഞ്ചിരിച്ചു…(അവസാനിച്ചു)