16/04/2026

ശിവഭദ്ര : ഭാഗം 03

രചന – ജ്വാലാമുഖി

വെറുതെ മനസ്സിൽ ഒരോരോ മോഹങ്ങൾ വാരിയിടണ്ടായിരുന്നു.. ആ രാത്രി ഉറക്കം എന്റെ കണ്ണുകളെ തഴുകിയില്ല… വേണ്ട അര്ഹിക്കാത്തത് ഒന്നും ഈ ഭദ്രക്ക് വേണ്ട..

ആ അധ്യായം ഞാൻ അവിടെ അടച്ചു..

വൈകിട്ട് പതിവുപോലെ അമ്പലത്തിലേക്ക് നടക്കുമ്പോൾ ഇനി ആ മുഖം കാണരുതേ എന്നായിരുന്നു മനസ്സിൽ..

എന്റെ പ്രാർത്ഥന എന്നോണം അവൻ വന്നില്ല…

പൂജ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അമ്പലകുളത്തിന്റെ പടവുകളിൽ അങ്ങോട്ട്‌ തിരിഞ്ഞു ഇരിക്കുന്ന ആ രൂപം കണ്ടതും എന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു…

“ഭദ്ര… ”

കണ്ടില്ല എന്ന് കരുതി തിരിച്ചു നടന്ന എന്നെ ആ ഒറ്റ വിളിയിൽ അവൻ തളച്ചിട്ടു..

“താൻ എന്തായാലും കുളത്തിലേക്കു വരും എന്ന് അറിയുന്നത് കൊണ്ടാണ് ഞാൻ ഇവിടെ കാത്തിരുന്നത്… എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം തന്നോട് പറയാൻ ഉണ്ട്… ”

മറുപടി ഒന്നും പറയാതെ നിന്നത് കൊണ്ടാകാം അവൻ വീണ്ടും തുടർന്നു…

“ഞാൻ നാളെ അമേരിക്കയിലേക്ക് തിരിച്ചു പോകും.. ”

അത് വരെ തല താഴ്ത്തി നിന്ന എന്റെ മുഖം പെട്ടന്ന് ഉയർന്നു ആ കണ്ണുകളിലേക്ക് ഞാൻ നോക്കി…

“തിരിച്ചു വരുന്ന വരെ എനിക്ക് വേണ്ടി കാത്തിരിക്കണം… പ്ലീസ്.. എനിക്ക് പോകാതെ വേറെ വഴിയില്ല.. ഒരു ആറു മാസം … അതിനുള്ളിൽ ഞാൻ വരും… ”

തൊണ്ട വരണ്ടിട്ടു വാക്കുകൾ ഒന്നും പുറത്തു വരാതെ വീർപ്പു മുട്ടി ഞാൻ നിന്നു..

“താൻ എന്തേലും ഒന്നു പറ… ഇങ്ങനെ മിണ്ടാതെ നിൽക്കല്ലേ… ആകെ തകർന്നു നിൽക്കാ ഞാൻ… എന്തേലും ഒന്നു മിണ്ടു ഭദ്രേ… ”

എന്താണ് പറ്റിയത്.. എന്തിനാ പോണേ… നൂറു കൂട്ടം കാര്യങ്ങൾ എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്നു പക്ഷെ വേണ്ട… ഈ അദ്ധ്യായം തീർന്നതാണ്.. എന്തായാലും അവൻ നാളെ പോകും ഇനി ചിലപ്പോൾ അവൻ വരുമ്പോളേക്കും ഈ കഴുത്തിൽ ആരെങ്കിലും താലി ചാർത്തി കാണും.. എല്ലാം ഇങ്ങനെ തീരട്ടെ… ഈ മൗനം നല്ലതിനാകട്ടെ…

ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു ഞാൻ..

പെട്ടന്ന് അവൻ എന്റെ രണ്ടു കൈകളും പിടിച്ചു കുളപ്പടവിന്റെ ചുവരിലേക്ക് ചേർത്ത് നിർത്തിയതും തരിച്ചു നിന്നുപോയി ഞാൻ…

ഒന്നു ചെറുക്കാൻ പോലും ആകാതെ ആ കരവലയത്തിൽ ഒതുങ്ങിപോയി.. അവന്റെ ശ്വാസം എന്നിലേക്കു അടുത്തു വരുന്നത് ഞാൻ അറിഞ്ഞു… പക്ഷെ അനങ്ങാൻ പോലും ഉള്ള സമയം കിട്ടിയില്ല അപ്പോളേക്കും ഒരു ദീർഘ ചുംബനം അവനെന്റെ അധരങ്ങളിൽ തന്നിരുന്നു… കിതപ്പോടെ അവനെ അടർത്തി മാറ്റി പൊട്ടി കരയാനേ എനിക്കായുള്ളു…

“എന്നോട് ദേഷ്യം തോന്നരുത്… ഈ ആറു മാസം എനിക്ക് ഓർക്കാൻ എന്തേലും വേണ്ടേ ഭദ്രേ… എനിക്ക് വേണ്ടി… എന്റെ പെണ്ണായി നീ ഇവിടെ ഉണ്ടാകണം.. ”

വലിയൊരു അബരാധം ചെയ്ത മനസ്സോടെ ഞാൻ താഴെ ഇരുന്നു പോയി..

അപ്പോളും അടുത്ത് വന്നിരുന്നു എന്നെ ആശ്വസിപ്പിക്കാൻ അവൻ മറന്നില്ല..

“ഭദ്ര… ആ കൈകൾ ഒന്നു നീട്ടിക്കെ… ”

മുഖം പൊത്തി കരയുന്ന എന്റെ കൈകൾ വലിച്ചെടുത്തു മോതിരവിരലിൽ അവൻ ഒരു മോതിരം അണിയിച്ചു.. ഒന്നും മിണ്ടാതെ ഞാൻ നോക്കി നിന്നു…

“ഭദ്ര… ഇതുവരെ താൻ എന്നോടൊന്നു മിണ്ടിയില്ല… ചെയ്തത് തെറ്റാണ് അറിയാം… ഇഷ്ടമാണോ എന്ന് പോലും ഞാൻ ഇതുവരെ തന്നോട് ചോദിച്ചില്ല… പക്ഷെ തന്റെ കണ്ണുകൾ പറയുന്നുണ്ട്… ഈ ഹൃദയം മൊത്തം ശിവയാണെന്ന്… ”

“ഞാൻ പോട്ടെ തിരുമേനി തിരക്കും… ”

അവിടെ നിന്നും ഓടി രക്ഷപെടാൻ ആയിരുന്നു എനിക്ക് തിടുക്കം.. പക്ഷെ എന്റെ കൈകളിൽ പിന്നെയും പിടുത്തം വീണിരുന്നു..

“എനിക്ക് വേണ്ടി കാത്തിരിക്കും എന്നൊരു ഉറപ്പ്… ”

“എനിക്ക് അതിനു കഴിയില്ല… ”

“അതെന്താ.. തനിക്കു എന്നെ ഇഷ്ടല്ലേ… പറ ഭദ്രേ… പറ.. എന്റെ മുഖത്തേക്ക് നോക്കി പറ… ഇനി എന്നെ വിശ്വാസം ഇല്ലാത്തോണ്ടാണോ.. നിനക്ക് വേണ്ടി ഞാൻ മരിക്കണോ.. പറ… ”

ഒരു പ്രാന്തനെ പോലെ അവൻ എന്തൊക്കെയോ പുലമ്പുന്നത് കണ്ടപ്പോൾ എന്റെ ചങ്കൊന്ന് പിടഞ്ഞു…

“ശിവ… ”

“പറ ഭദ്രേ…. എന്നെ ഇഷ്ടല്ലേ…? ”

“ഇഷ്ടാണ് ഒരുപാട്… ”

അത് പറഞ്ഞു ആ മാറിലേക്ക് വീഴുമ്പോൾ എന്റെ ഹൃദയം ശക്തിയിൽ മിടിക്കുന്നുണ്ടായിരുന്നു…

“കാത്തിരുന്നോളാം ശിവ… ഞാൻ കാത്തിരുന്നോളാം… ”

ആ മാറിൽ ചാഞ്ഞു കൊണ്ടു ഞാൻ അത് പറയുമ്പോൾ ആ കരങ്ങൾ എന്നെ പൊതിഞ്ഞത് ഞാൻ അറിഞ്ഞു…

എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല..

“താൻ വീട്ടിലേക്ക് പൊക്കോ.. നേരം ഇരുട്ടി… ”

അത് പറഞ്ഞു എന്നെ അടർത്തി മാറ്റി വിടുമ്പോൾ ഉള്ളിൽ വല്ലാത്തൊരു നോവ് പടരുന്നത് ഞാൻ അറിഞ്ഞു…

ഒരു കാവൽക്കാരനെ പോലെ വരമ്പത്തൂടെ എന്റെ പിറകിൽ അവനും ഉണ്ടായിരുന്നു…

കൂടെ ചേർന്ന് നടക്കാൻ ഒക്കെ അന്നേരം എനിക്ക് തോന്നിപ്പോയി…

മനസ്സിൽ പ്രണയം നുരഞ്ഞു പൊന്തി…

വീടിന്റെ മുന്നിലേക്കുള്ള കൽപടികൾ എത്തിയതും തിരിഞ്ഞു ഒന്നു നോക്കി.. ചങ്ക് പൊട്ടുന്ന പോലെ തോന്നിയെനിക്ക്…

എന്തായാലും അമ്മ ഉമ്മറത്തൊന്നും ഇല്ല .. ഭാഗ്യം.. ഞാൻ തിരിഞ്ഞു നോക്കി… അവൻ ഇപ്പോളും അവിടെ നില്പുണ്ട്….

വീട് പൂട്ടിയിട്ടുണ്ട്… അപ്പൊ അമ്മ എങ്ങോട്ടോ പോയിരിക്കുകയാണ്..

ഞാൻ വീടും പടിക്കലേക്ക് ഓടി..

“നാളെ എപ്പോളാ പോവാ… ”

“രാവിലെ നേരത്തെ പോകും… ”

“താൻ പൊയ്ക്കോ… അമ്മ എങ്ങാനും കാണും.. ”

കണ്ണുകൾ തുടച്ചു തിരിഞ്ഞു നടന്നു ഞാൻ…

വയ്യ…കാലുകൾക്കൊക്കെ വല്ലാത്ത ഭാരം…

എങ്ങനെയോ ചായ്പ്പിൽ കയറി കതകടച്ചു… തലയിണയിൽ മുഖം അമർത്തി കിടന്നു ഞാൻ…

“നീ എന്താ കിടക്കണേ…? ”

“അമ്മ വന്നോ.. ”

“ഞാൻ റേഷൻ കട വരെ പോയതാ.. നീ വന്നിട്ട് ഡ്രസ്സ്‌ ഒന്നും മാറിയില്ലേ… ”

“നല്ല തലവേദന… അതോണ്ട് കിടന്നതാ… ”

“ഉം.. ഗൗരി വന്നില്ലേ.. ”

“നാളെ തൊട്ടു കാണും… ”

“കാപ്പി വല്ലോം വേണോ നിനക്ക്.. ”

“വേണ്ടമ്മേ… ”

“ഓപ്പേ കണ്ടിരുന്നു… ”

“ഉം.. ”

“കാച്ചുനെ നീ വഴക്ക് പറഞ്ഞു എന്നോ.. ഇനിയും വൈകിപ്പിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞു.. ”

“എനിക്ക് ഇഷ്ടല്ല കാച്ചുനെ.. ”

“എനിക്കറിയാം… നിന്നെ തയ്യൽ പഠിപ്പിക്കാൻ വിടാൻ പോവാ.. ഇപ്പൊ കല്യാണം നോക്കണില്ല എന്ന് പറഞ്ഞു ഞാൻ… ”

“ക്ക്… പഠിക്കണം എന്നുണ്ട്… ”

“കോളേജിൽ ഒക്കെ വിട്ടിട്ട് വേണം എന്റെ കൈ വിട്ടു പോകാൻ… ”

“ഇല്ല.. ഞാൻ കുരുത്തക്കേടൊന്നും കാട്ടില്ല.. ”

“നോക്കട്ടെ.. എന്തായാലും ഈ വർഷം കഴിയട്ടെ… ”

******

ദിവസങ്ങൾ കാട്ടുകുതിരയെ പോലെ പാഞ്ഞു…

ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ എനിക്ക് തന്നിട്ടല്ലേ എന്റെ ശിവ പോയത്.. അതുകൊണ്ട് എന്റെ ദിവസങ്ങൾ ഒക്കെ പെട്ടന്ന് കടന്നു പോയി…

ഒന്ന് കാണാൻ ഒരുപാട് കൊതിച്ചു… എങ്കിലും അവന്റെ നെഞ്ചിലെ ചൂട് ഇന്നും ഈ നെഞ്ചിൽ ഉള്ളതുകൊണ്ടാകും കണ്ണടച്ചാൽ എന്റെ ശിവ മുന്നിൽ നില്കുന്നത് പോലെ ഒക്കെ എനിക്ക് തോന്നിയത്…

ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്… വല്ലാത്ത ഒരു സുഖം…

ഓരോ ദിവസവും കടന്നു പോകുന്നത് ഞാൻ പോലും അറിയാറില്ല ..

****

“തിങ്കളാഴ്ച മുതൽ കോളേജിൽ പോകാൻ പോവാന്ന് കേട്ടല്ലോ… ”

“ഉം.. അമ്മ സമ്മതിച്ചു തിരുമേനി.. ”

“ശിവ നാളെ എത്തും… ”

ഞെട്ടിത്തരിച്ചു ഞാൻ തിരുമേനിയെ നോക്കി…

“അത്… ”

“ക്ക് ഒക്കെ അറിയാം കുട്ട്യേ…. ശിവ എന്നോട് എല്ലാം പറഞ്ഞിരുന്നു… ഇന്ന് രാവിലെ അവന്റെ അമ്മ ഇവിടെ വന്നിരുന്നു.. അവനു എന്തോ പേപ്പർ ശരിയാക്കാൻ ഉണ്ട് അതുകൊണ്ട് രണ്ടു ദിവസത്തേക്കു വരുന്നുണ്ട്.. നാളെ രാവിലെ മറ്റോ ശിവ എത്തും എന്ന് പറഞ്ഞു.. ”

“ഉം… ”

തല കുനിച്ചു പിടിച്ചു ഒന്ന് മൂളാനുള്ള ശക്തിയെ എനിക്കപ്പോൾ ഉണ്ടാരുന്നുള്ളു..

“എന്താ നാണം കാന്താരിക്ക്.. ”

“ഏയ്‌.. അമ്മോടൊന്നും പറയല്ലെട്ടോ… ”

അത് പറഞ്ഞു വരമ്പത്തൂടെ ഓടുമ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു…

****

പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം എന്നിൽ പടർന്നു…

ഒന്നു കണ്ടാൽ മതി എന്റെ കണ്ണാ… !!!

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു കഴിച്ചു കൂട്ടി… വൈകുന്നേരം ഒന്നാകാൻ കൊതിച്ചു…

നേരം പോണേമില്ലല്ലോ കൃഷ്ണ… !!

നല്ല വീതിയിൽ കസവുള്ള സാരി നോക്കി തപ്പി എടുത്തു അമ്പലത്തിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾ എനിക്ക് മുന്നേ ഓടുകയായിരുന്നു…

“ഹോ ദേവികുട്ടി ഇന്ന് നേരത്തെ ആണല്ലോ.. ”

“ഏയ്‌.. എന്നത്തേയും പോലെ തന്നാ.. ”

“എന്നോട് തന്നെ വേണോ ഈ കള്ളം.. ”

ചമ്മിയ ചിരിയോടെ ഞാൻ മാല കെട്ടാൻ നടന്നു… പൂക്കൾ എടുത്തു വാഴനാരിലേക്ക് വക്കുമ്പോളും കണ്ണുകൾ അമ്പലത്തിന്റെ പടിപ്പുരയിലേക്ക് ആയിരുന്നു..

കുറച്ചു കഴിഞ്ഞതും കസവു മുണ്ടും കറുത്ത ഷർട്ടും ഇട്ടു എന്റെ ഗന്ധർവ്വൻ പടിപ്പുര കടക്കുന്നത് ഞാൻ കണ്ടു…

നെഞ്ചിടിപ്പ് കൂടി കൂടി വന്നു..

ആ മുഖത്തേക്ക് നോക്കാൻ ഉള്ള ശക്തി പോലും ഇല്ലാതെ… ആലില പോലെ വിറച്ചു പോയി ഞാൻ..

അടുത്തെത്തിയതും ഇടക്കണ്ണിട്ടു ഒരു നോട്ടം നോക്കിയതും മിന്നലേറ്റതു പോലെ ഒരു കൊള്ളിയാൻ ഉള്ളിൽ പാഞ്ഞു…

“ഞാൻ തൊഴുത്തിട്ട് വരാം.. ”

അത് പറഞ്ഞു അവൻ നടയിലേക്ക് നടന്നതും കുറെ ചേച്ചിമാർ തൊഴാൻ കയറി വന്നു..

ഒന്നു മിണ്ടാൻ കൊതിച്ചു മാറി നിന്നു ഞാൻ…

“ദൂരെക്കൊന്നും പോകണ്ട ട്ടോ.. ”

തിരുമേനി അടുത്ത് വന്നു അത് പറയുമ്പോൾ ഉള്ളിൽ ചിരിച്ചു ഞാൻ..

“കുളപ്പടവിലേക്ക് വാ… ”

എന്ന് ചെവിയിൽ പറഞ്ഞവൻ നടക്കുമ്പോൾ അനുസരണ ഉള്ള കുട്ടിയെ പോലെ പിന്നാലെ നടന്നു പോയി ഞാൻ..

“എന്താടോ തന്റെ മുഖത്തൊരു വാട്ടം.. ”

“ഏയ്‌… തോന്നുന്നതാ.. ”

“ഞാൻ നാളെ രാത്രി പോകും… രണ്ടു ദിവസത്തേക്ക് കള്ളം പറഞ്ഞു പോന്നതാ ഞാൻ.. എന്തോ തന്നെ കാണാതെ എനിക്ക് അവിടെ നിൽക്കാൻ പട്ടണില്ലടോ… ”

“എന്റെ കൃഷ്ണ.. അപ്പൊ എന്തോ പേപ്പർ റെഡി ആക്കാൻ ഉണ്ടെന്നൊക്കെ പറഞ്ഞത് കള്ളം ആയിരുന്നോ.. ”

“ആണെന്നെ… ഇതൊക്കെ താൻ എങ്ങനെ അറിഞ്ഞു.. ”

“തിരുമേനി പറഞ്ഞു… ”

“എനിക്ക് തോന്നി.. അമ്മ എന്തായലും തിരുമേനിയോട് പറയും എന്ന് എനിക്ക് അറിയായിരുന്നു… പിന്നെ ആകെ ടെൻഷൻ തനിക്കു അമ്പലത്തിൽ വരാൻ പറ്റാത്ത വല്ല സമയവും ആണോ എന്നുള്ളതായിരുന്നു.. ”

“ഉം.. രണ്ടു ദിവസം കൂടി കഴിഞ്ഞിട്ടാണെൽ പെട്ടേനെ.. ”

“ദേവി അങ്ങനെ നമ്മളെ ചതിക്കോ.. ”

അന്ന് ഏറെ നേരം ആ ഇരുപ്പു ഇരുന്നു പോയി ഞങ്ങൾ…

******

എന്ത് ആലോചിച്ചു ഇരിക്കാ നീ… ബാഗ് ഒക്കെ പാക്ക് ചെയ്യാനില്ലെ…

“എല്ലാം ഞാൻ എടുത്തു വച്ചു അമ്മ… ”

“എന്നും എണ്ണ തേച്ചു കുളിക്കണം ട്ടോ.. ഇല്ലേൽ മുടി ഒക്കെ പോകും.. ”

“അമ്മ ഒറ്റക്കല്ലേ എന്നൊരു വിഷമം മാത്രം ഉള്ളു എനിക്ക്.. ”

“അതൊന്നും മോള് ഓർക്കണ്ട.. അമ്മേടെ ഗതി മോൾക്ക്‌ വരരുത്… സ്വന്തം കാലിൽ നില്ക്കു ആദ്യം.. ”

അമ്മയുടെ വകയിലെ ഒരു വല്യച്ഛൻ വഴി ബാംഗ്ലൂരിൽ ഒരു ജോലി തരപ്പെട്ടപ്പോൾ രണ്ടാമതൊന്നു ഞാൻ ആലോച്ചില്ല.. ഡിഗ്രി കഴിഞ്ഞു തുടർന്നും പഠിക്കണം എന്ന മോഹം ഉപേക്ഷിച്ചു ഈ നാട്ടിന്നെ മാറുന്നത് ആ മുഖം ഇനി കണ്മുന്നിൽ വരാതിരിക്കാൻ മാത്രം ആണ്..

ശിവ… ഇനി ഭദ്ര ഒരിക്കലും നിന്റെ കണ്മുന്നിൽ വരില്ല… !!!! ഒരിക്കലും… !!

തുടരും….