17/04/2026

വധു : അവസാന ഭാഗം

രചന – ആയിഷ അക്ബർ

പ്രഭ സന്തോഷം കൊണ്ടാവാം കണ്ണുകളൊന്ന് അമർത്തി തുടച്ചു…..

സായു വല്ലാത്തൊരു ഭാവത്തോടെ പ്രഭയുടെ സന്തോഷം ഒപ്പിയെടുത്തു….

മുറിച്ച കേക്കിന്റെ ബാക്കിയിൽ നിന്നും ഒരു കഷ്ണം എടുത്തയാൾ ശ്രീ ബാലയുടെ വായിലേക്ക് വെച്ചു കൊടുത്തു…
സന്തോഷം കൊണ്ടവളുടെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു…..

അവൾ അയാളുടെ അനുഗ്രഹത്തിനെന്ന വണ്ണം കാലിൽ വീഴാനൊരുങ്ങിയതും അയാൾ സ്നേഹത്തോടെ തന്നെ അത് നിരസിച്ചു….

ഇനി അങ്ങോട്ട് നല്ല ശ്രദ്ധ വേണം…..

എന്റെ അനന്തരാവകാശിയാണ് മോളുടെ വയറ്റിൽ…..

ഇക്കാണുന്ന സ്വത്തുക്കൾക്കും ഞങ്ങളെക്കെല്ലാവർക്കും കൂടിയുള്ള അവകാശി….

ചിരിയോടെ പ്രഭയത് പറഞ്ഞതും എല്ലാവരും ഒരു പോലെ മനസ്സറിഞ്ഞൊന്ന് ചിരിച്ചു……

പവി വന്നവളെ ചേർത്ത് പിടിച്ചു…..

എല്ലാവരും പുതിയ അതിഥിയെ സ്വീകരിക്കാനുള്ള തിരക്കിലായിരുന്നു…..

ആദ്യത്തെ മൂന്നാലു മാസം ജോലി തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നിൽക്കാൻ വേണ്ടി തറവാട്ടിൽ തന്നെയാണ് നിന്നത്…….

സായു അവിടെയും…..

സമയം കിട്ടുമ്പോൾ അവനോടി വരും….

അവന്റെ പ്രിയതമയെയും തന്റെ ഹൃദയത്തിൽ മൊട്ടിട്ടു തുടങ്ങിയ തന്റെ കുഞ്ഞിനേയും കാണാൻ….

ഒരു രാജ്ഞി യേ പോലെ അവളെ പരിചരിക്കാൻ ആ വീട്ടിലുള്ളവർ മത്സരിച്ചു….

പവിയും പ്രഭയും കിടക്കുന്നതിന്റെ അപ്പുറത്തെ മുറിയിലായാണ് ബാലയെ അവർ കിടത്തിയത്….

രണ്ട് മുറിയുടെയും വാതിലുകൾ എപ്പോഴും തുറന്ന് കിടന്നു…..

രാത്രി സമയങ്ങളിൽ പ്രഭ ഇടയ്ക്കിടെ എഴുന്നേറ്റ് അവൾക്കെന്തെങ്കിലും വയ്യായ്ക ഉണ്ടോയെന്നു നോക്കി കൊണ്ടേയിരുന്നു….

ആ കുഞ്ഞിനെ ഒന്നെടുക്കാൻ അത്രയേറെ അക്ഷമരായിരുന്നു അവിടെയുള്ള ഓരോരുത്തരും…..

റെസ്റ്റിന്റെ സമയം കഴിഞ്ഞെന്ന് തോന്നിയത് കൊണ്ട് തന്നെ അഞ്ചു മാസം കഴിഞ്ഞപ്പോൾ സായു അവളെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി…

ഇനി പ്രസവത്തിന്റെ സമയത്ത് വരാമെന്നു പറഞ് പ്രഭയും പവിയും തിരികെയും പോയി….

ആ ബാൽക്കണിയിലേ ഊഞ്ഞാലിൽ അവളെ ഇരുത്തി പൊന്തി നിൽക്കുന്ന അവളുടേ വയറിൽ അവൻ തല ചേർത്ത് വെച്ചിരുന്നു….

അകത്തുള്ള തന്റെ കുഞ്ഞിനോട് വിശേഷം പറയാനെന്ന പോൽ…..

മരണത്തിലേക്ക് നീങ്ങി പ്പോയിരുന്ന തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയതവളാണ്….

മരണത്തിനു പകരമായി ഇത്രയും മനോഹരമായ ജീവിതം തനിക്ക് വെച്ച് നീട്ടിയ ദൈവത്തിനോടവൻ ഒരായിരം നന്ദി പറഞ്ഞു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്നാ ദിവസം ഹോപിറ്റലിലെ കാര്യങ്ങളെല്ലാം നോക്കാൻ ഏറെ നാൾക്ക് ശേഷം പോയതായിരുന്നവൾ…..

എല്ലാം കഴിഞ്ഞിറങ്ങും വഴിയാണ് ആ കാഴ്ച്ചയിൽ അവളുടേ ഹൃദയം പെട്ടെന്നൊന്ന് നിശ്ചലമായത്…..

ഐ സി യു വിന്റെ മുമ്പിൽ നിന്ന് തേങ്ങി കരയുന്ന ആ സ്ത്രീയെ തനിക്ക് നന്നായറിയാം….

ഒരു ജീൻസും അതിലേക്കൊരു ഓപ്പൺ ടോപ്പുമാണ് വേഷം…..

കൂടെ ഭർത്താവെന്നു തോന്നിപ്പിക്കുന്ന ഒരാളുണ്ട്…

അയാളും കരയുക യാണ്…

എന്താ….. എന്താ ആ കേസ്….

അവരുടെ മകൾ ആക്‌സിഡന്റ് ആയി സീരിയസ് ആണ് ഡോക്ടർ ….
ആകെയുള്ള മോളാണെന്ന് തോന്നുന്നു…

ശ്രീ ബാല ചോദിച്ചപ്പോഴേക്കും ഒരു നേഴ്സ് വളരെയധികം നിരാശയോടെ അത് പറയുമ്പോൾ ശ്രീ ബാലക്ക് ഒരു നിർവികാരത യാണ് തോന്നിയത്……

അവൾ അങ്ങോട്ട് നടന്നു…

അവളെ കണ്ടതും എല്ലാവരും ബഹുമാനത്തോടെ അടുത്തേക്ക് വന്നു…

അവൾ ഓൺ ഡ്യൂട്ടി യിലുള്ള ഡോക്ടറോട് കേസിനെ പറ്റി ചോദിച്ചറിയുന്നത് കണ്ടതും ആ സ്ത്രീയിലൊരു പ്രതീക്ഷയെന്നോണം അവർ എഴുന്നേറ്റ് അവളുടേ അടുത്തേക്ക് വന്നു…….

ഡോക്ടർ….. എന്റെ…. എന്റെ മോളേ രക്ഷിക്കണം…..
വർഷങ്ങൾ കാത്തിരുന്നു കിട്ടിയതാ ഞങ്ങൾക്കവളെ…..
എത്ര ചിലവ് വന്നാലും കുഴപ്പമില്ല…..
ഞങ്ങൾക്ക്…. ഞങ്ങൾക്കവളെ തിരിച് തരണം ഡോക്ടർ….

അതും പറഞ്ഞൊരു പൊട്ടി കരച്ചിലോടെ കൈ കൂപ്പി തന്റെ മുമ്പിൽ നിൽക്കുന്ന അവരോടവാൾക്ക് പുച്ഛം തോന്നി……

പണ്ട്….. ഞാനും കരഞ്ഞിട്ടുണ്ട് ഇത് പോലെ…..

അവൾ അങ്ങേയറ്റം ശാന്തമായി അത് പറയുമ്പോൾ ഒരു ഡോക്ടറിൽ നിന്ന് പ്രതീക്ഷിക്കാത്ത തരം വാക്കുകളായത് കൊണ്ട് തന്നെ അവർ സംശയത്തോടെ അവളെയൊന്ന് നോക്കി….

പക്ഷെ….. അത്….. മോൾക്ക് വേണ്ടിയായിരുന്നില്ല….

എന്റെ….. അമ്മക്ക് വേണ്ടിയായിരുന്നു….

എന്നേ ഇട്ടെറിഞ്ഞു പോകുമ്പോളില്ലാത്ത ആ മാതൃ സ്നേഹം ഇപ്പോഴെവിടെ നിന്ന് വന്നു എന്നെനിക് അത്ഭുതം തോന്നുന്നു ……

അവളൊരു പുച്ഛത്തോടെ അത് ചോദിച്ചതും അവർ തറഞ്ഞു നിന്ന് പോയിരുന്നു…..

ബാ….. ല…..

അവരോർത്തെടുത്തത് പറഞ്ഞപ്പോഴേക്കും അവൾ അവർക്ക് നേരെ കൈകളുയർത്തി……

ഡോക്ടർ… ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കണം…..
എനിക്ക്…. എനിക്ക് വേണ്ടപ്പെട്ട ആളുകളാ….

ഡോക്ടറെ നോക്കി ശ്രീ ബാല അതും പറഞ്ഞവിടെ നിന്ന് തിരിഞ്ഞപ്പോഴേക്കും സായു അങ്ങോട്ടെത്തിയിരുന്നു….

എത്ര നേരമായി ഞാൻ ഫോൺ ചെയ്യുന്നു…..

ഞാൻ…. ഞാൻ കേട്ടില്ല….. ഫോൺ താഴെയാണ്….

അവളത് പറഞ്ഞതും അവനവളെ ചേർത്ത് പിടിച്ചവിടെ നിന്നും നടന്നു….

കണ്ണിൽ നിന്ന് അവൾ മായും വരെ ആ സ്ത്രീ അവളെ നോക്കി അങ്ങനെ നിന്നു…

എന്റെ മകൾക്ക് വേണ്ടി ഒരമ്മയുടെ സ്നേഹ വാത്സല്യങ്ങൾ നിഷേധിച്ച താൻ അവൾക്ക് മുമ്പിൽ യാചിക്കുന്ന അവസ്ഥ……

കാലം തനിക്ക് കാത്തു വെച്ചതിത്ര വലിയ ശിക്ഷയാണെന്ന് താൻ പ്രതീക്ഷിച്ചിട്ടില്ല…

അവരോരു കരച്ചിലോടെ കസേരയിലേക്കമർന്നു..

ശ്രീ ബാലാ മാഡത്തിന്റെ ആരാണ് നിങ്ങൾ….

ഒരു നേഴ്സ് വന്നത് ചോദിക്കുമ്പോൾ എന്ത് പറയണമെന്നറിയാതെ അവരൊന്നു വിയർത്തു…

പരിചയക്കാരാണ്……

അത്ര മാത്രം പറഞ്ഞു നിർത്തി….

ശ്രീ ബാലയുടെ കൂടെ വന്നതാരാണ്….
അവർ ഒരു സംശയത്തോടെ ചോദിച്ചു….

അതാണ്‌ അവരുടെ ഭർത്താവ്…..
സായന്ദ് പ്രഭാകർ….
എസ് പി ഗ്രൂപ്പ്‌ എന്ന് കേട്ടിട്ടുണ്ടോ…. അതിന്റെ ഫൗണ്ടർ ആണ്….
ഈ ആശുപത്രിയൊക്കെ ആള് ഭാര്യക്ക് വേണ്ടി ഉണ്ടാക്കിയതാണ്…..

നേഴ്സ് ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി പോകുമ്പോൾ അവരുടെ മനസ്സിനെ കീഴടക്കിയിരുന്ന ആ വികാരം അവർക് തന്നെ അളന്നെടുക്കാൻ കഴിഞ്ഞിരുന്നില്ല…..

വെറുമൊരു നാട്ടിൻ പുറത്തെ ഒരു കുഞ്ഞ് വീട്ടിൽ സ്വത്തേന്ന് പറയാൻ ഒന്നുമില്ലാതെയാണ് താനവളെ ഉപേക്ഷിച്ചത്….
എന്നാലിന്ന് അവളോ…..

അന്ന് തന്റെ പുതിയ ജീവിതത്തെ താനത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു….
അത് കൊണ്ട് തന്നെയാണ് എല്ലാവരെയും മറന്ന് പോയത്…..

ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ആശുപത്രികളിൽ ഇറങ്ങി കയറുമ്പോഴും അവളുടേ മുഖം മനസ്സിൽ വന്നിരുന്നില്ല എന്നത് തന്നെയാണ് സത്യം…….

അവളെയും അവളെ ചേർത്ത് പിടിച്ചു നടന്നു പോകുന്ന അവനെയും നോക്കി അവർ ഏങ്ങലുകൾ കടിച്ചമർത്തി അങ്ങനെ ഇരുന്നു……

അത്…. അതാരാണെന്നറിയുമോ….
എനിക്ക്…. എനിക്ക് ജന്മം തന്ന ആളാണ്….

അവളത് പറഞ്ഞതും അവനൊന്നു പിറകിലേക്ക് തിരിഞ്ഞു നോക്കി…

അതേ…. ആ കണ്ണുകളിൽ കാണുന്നുണ്ട് ഒരു കടലോളം കുറ്റ ബോധം….

അവനത് പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു….

ഏതെങ്കിലും ഒരു തെരുവിൽ വെച്ച് കണ്ട് മുട്ടുമെന്നായിരിക്കും അവർ കരുതിയിരുന്നത്…..
അതിന് പകരം ഇത്ര വലിയ നിലയിലെത്തി കണ്ടതിലുള്ള കുറ്റ ബോധമാവും…..

അവൾ പുച്ഛത്തോടെയൊന്ന് ചിരിച്ചു…..

അതിൽ നിന്ന് തന്നെ അവന് മനസ്സിലായിരുന്നു അവൾക്കുള്ളിൽ അവരോടുള്ള ദേഷ്യവും പകയും……

പിന്നെ അവനൊന്നും പറഞ്ഞില്ല…….

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചെന്നു താനറിഞ്ഞു….

ബന്ധം കൊണ്ട് തനിക്ക് അനിയത്തിയായിരിക്കും..

അത് കഴിഞ്ഞ് ഒരാഴ്ചക് ശേഷം ഹോസ്പിറ്റലിൽ അവരുണ്ടെന്നും പറഞ് തനിക്കൊരു കാൾ വന്നു…..

തന്നെ കാണണമെന്നും സംസാരിക്കണമെന്നും പറഞ് കൊണ്ട്….

താനതിനെ നിരസിക്കാൻ മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല..

എന്നാൽ അവർ തന്നെ ഫോൺ വാങ്ങി സംസാരിക്കുമ്പോൾ താൻ തടഞ്ഞില്ല….

തിരിച് മുംബൈയിലേക്ക് പോകുകയാണ്….

അതിനു മുൻപ് മോളേ യൊന്നു കാണാൻ….

അവരുടെ സ്വരം ദയനീയമായിരുന്നു…….

എനിക്ക്…. എനിക്ക് അമ്മ മുത്തശ്ശിയായിരുന്നു….

ഒരമ്മയുടെ എല്ലാ സ്നേഹവും തന്നിട്ടാണ് അവർ പോയത്…..

ഇന്ന് മകളെ കാണാൻ കാത്തിരിക്കും പോലെ അമ്മയെ കാണാൻ കാത്തിരുന്നൊരു കാലം എനിക്കുമുണ്ടായിരുന്നു….

എന്നാൽ ഇന്നത് മാറി….

ആ പഴയ ബാലയെ ഇനി നിങ്ങൾ കാണുക യെന്നത് ഏറെ പ്രയാസമാണ്…..

അതും പറഞ്ഞവൾ ഫോൺ കട്ട്‌ ചെയ്യുമ്പോൾ അപ്പുറത്തെ വിതുമ്പൽ കേട്ടിരുന്നെങ്കിലും അവൾക്കൊന്നും തോന്നിയില്ല…….

അവൾ നിർവികാരമായി ദൂരേക്ക് നോക്കി ഇരുന്നു….

കാളിങ് ബെൽ ശബ്ദമുണ്ടാക്കിയപ്പോഴാണ് ബാല ഇരുന്നിടത് നിന്നോന്നെഴുന്നേറ്റത്…..

വാതിൽ തുറന്നതും മുമ്പിൽ നിൽക്കുന്ന ആളേ കണ്ട് അവളുടേ കണ്ണുകൾ വിടർന്നു…..

അമ്മേ….. എന്ന് വിളച്ചവളവരെ വാരി പുണരുമ്പോൾ അത് വരെ മനസ്സിൽ തളം കെട്ടി നിന്നിരുന്ന പ്രയാസമെല്ലാം പാടേ അലിഞ്ഞു പോയത് പോലെ അവൾക്ക് തോന്നി…

അവളുടേ മിഴികൾ എന്തിനോ നിറഞ്ഞു….

പവിയും അവളെ കെട്ടി പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി……

എനിക് അവിടെ ഇരുന്നിട്ടൊരു സമാധാനമില്ല മോളേ…. ഇനിയേതായാലും പ്രസവം കഴിഞ്ഞേ തിരിച് പോകുന്നുള്ളൂ……

പവി അത് പറയുമ്പോൾ ആ വാക്കുകളിൽ കലർന്ന സ്നേഹത്തിന്റെ ആഴി അവൾക്കളന്നെടുക്കാൻ കഴിഞ്ഞിരുന്നു..

ജന്മം നൽകിയിട്ടും തന്റെ കടമകൾ മറന്ന പെറ്റമ്മ ഒരു ഭാഗത്തു നിൽക്കുമ്പോഴും കർമം കൊണ്ടോരമ്മയെ ദൈവം എനിക്കെത്തിച്ചു തന്നു…..

അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകി….

പ്രസവം കഴിഞിട്ടിനെന്തിനാ പോകുന്നത്….
അപ്പോഴും പോകേണ്ട…

അവളതും പറഞ്ഞവരെ ഒന്ന് കൂടി വാരി പുണർന്നു……

സായു അകത്തേക്ക് കയറി വരുമ്പോൾ കെട്ടിപ്പിടിച്ചു നിൽക്കുന്ന അമ്മയെയും ബാല യെയുമാണ് കാണുന്നത്….

കണ്ണുകൾക്ക് അത്രയേറെ മനോഹരമായ മറ്റൊരു കാഴ്ചയുണ്ടോ……

അച്ഛൻ വന്നില്ലേ അമ്മേ….

അവനത് ചോദിച്ചതും അവരവനെ കടുപ്പിച്ചോന്ന് നോക്കി…..

നിനക്കൊന്ന് വിളിക്കാമായിരുന്നില്ലേ…
എങ്കിൽ എല്ലാം ഇട്ടെറിഞ്ഞു വന്നേനെ….

പവി അത് പറയുമ്പോൾ സായു ഒന്നും മിണ്ടിയില്ല…

കുറച്ചു കൂടി സമ്പാധിക്കട്ടെ….
പ്രാരാബ്ദങ്ങളൊക്കെ കൂടി വരികയല്ലേ….
മുത്തശ്ശനാവാൻ പോവുകയല്ലേ…..

സായു കുസൃതി യോടെ അതും പറഞ് പവിയൂടെ കവിളിലൊന്ന് നുള്ളി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിന്നെ പിന്നെ ബാലക്ക് ബുദ്ധിമുട്ടുകൾ ഏറി വരികയായിരുന്നു….

അവളുടേ ശരീരം തടിച്ചു….
കൺ തടങ്ങളിൽ കറുപ്പ് പടർന്നു……

അപ്പോഴും സ്നേഹത്തോടെ അവളെ തഴുകാൻ അവനെപ്പോഴും കൂടെയുണ്ടായിരുന്നു….

വാത്സല്യം അവളിലേക്ക് ചൊരിയാൻ പവിയും….

പറഞ്ഞ ഡേറ്റ് ആയിട്ടും അവൾക്ക് വേദനയൊന്നും വന്നിരുന്നില്ല…..

അത് കൊണ്ട് തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി…..

വേദന വരുത്താൻ മരുന്നുകൾ വച്ചെങ്കിലും വേദന വന്നില്ല…..

വേദന വരാൻ വേണ്ടി ആ ആശുപത്രിയിലെ കോണിപ്പടികൾ കയറി യിറങ്ങുമ്പോഴും അവൻ കൈ പിടിച് ഒപ്പമുണ്ടായിരുന്നു…..

ചെറിയ വേദനകൾ വന്നു തുടങ്ങുമ്പോൾ അവളുടേ കണ്ണുകൾ നിറഞ്ഞു….

അതിലേക്കാളേറെ അവന്റെ മിഴികൾ പെയ്തു തുടങ്ങിയിരുന്നു…..

വേദന വന്നെങ്കിലും കുട്ടി തല തിരിഞ്ഞു വരാത്തത് കൊണ്ട് തന്നെ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറയുമ്പോൾ അവന്റെ ചങ്കോന്ന് പിടച്ചു….

അപ്പോഴേക്കും പ്രഭ അങ്ങോട്ടെത്തിയിരുന്നു…..

അയാളുടെ കണ്ണിലും നനവൂറി…..

സിസേറിയന് വേണ്ടി ഒപ്പിട്ട് കൊടുക്കുമ്പോൾ കണ്ണ് നീർ അവന്റെ കാഴ്ചയെ മറച്ചു പിടിച്ചിരുന്നു……

ഇളം നീല നിറത്തിലുള്ള ആ ഡ്രെസ്സിട്ട് അവളെ തന്റെ മുമ്പിലേക്ക് കൊണ്ട് വന്നപ്പോൾ തന്നെ കണ്ടിട്ടായിരുന്നു അവളുടേ കണ്ണുകളും ഒരു വേള ഒന്ന് പിടച്ചത്……

അത്ര നേരം വേദന സഹിച്ചത് കൊണ്ടാവാം അവൾ വല്ലാത്തെ ക്ഷീണിച്ചിട്ടുണ്ട്…..

അവനവളുടെ കൈ അവന്റെ കൈക്കുള്ളിലാക്കി ആ നെറ്റിയിൽ ചുണ്ട് ചേർത്തു……

തന്റെ വേദന ഒട്ടും കുറയാതെ അവനിലേക്കും പടർന്നിട്ടുണ്ടെന്ന് അവൾക്കറിയാമായിരുന്നു……

അവൾ തന്നിൽ നിന്നകന്ന് പോകുമ്പോഴും അവനവളെ തന്നെ നോക്കി നിന്നു…..

മുൻപ് തന്റെ ഓപ്പറേഷൻ നടക്കുമ്പോൾ അവളനുഭവിച്ച വേദന അപ്പോൾ എത്രത്തോളമായിരിക്കുമെന്നാണ് അവനാലോചിച്ചത്…..

ടെൻഷൻ ആവാൻ മാത്രമൊന്നുമില്ലെടോ…..
തന്റെ കുഞ്ഞിനെയും കൊണ്ട് വരാം…..

സായുവിന്റെ തോളിൽ തട്ടി ഡോക്ടർ അന്ന അതും പറഞ് അകത്തേക്ക് പോകുമ്പോഴും അവന് ചിരിക്കാൻ കഴിഞ്ഞില്ല….

സമയം കടന്നു പോയി കൊണ്ടിരുന്നു…..

നടന്നിട്ടും ഇരുന്നിട്ടും ഒന്നും അവന് മനസ്സമാധാനം ഇല്ലായിരുന്നു…….

അമ്മ എന്തൊക്കെയോ പ്രാർത്ഥനയിലാണ്….
ഇനി വിളിക്കാത്ത ദൈവങ്ങളൊന്നും ബാക്കിയുണ്ടാവില്ല….

അച്ഛന്റെ മുഖവും വലിഞ്ഞു മുറുക്കി കാണാം….

അവൻ മുഖം പൊത്തി അങ്ങനെ ഇരുന്നു….

അൽപനേരം ഇരുന്നതും ഡോക്ടർ പുറത്തേക്ക് വന്നു…..

കൺഗ്രാറ്റ്സ് സായന്ദ് ….. ഡോക്ടറുടെ ഓപ്പറേഷൻ കഴിഞ്ഞു…..
ആൺ കുട്ടിയാണ്…..

ശ്രീ ബാല…..

ഡോക്ടറത് പറഞ്ഞതും ആദ്യം അവൻ ചോദിച്ചത് അതായിരുന്നു….

ശീ ഈസ്‌ ആൽറൈറ്….

ഡോക്ടർ ചിരിച്ചു കൊണ്ടതും പറഞ് അകത്തേക്ക് പോകുമ്പോൾ ഈ ലോകതുള്ള സന്തോഷം മുഴുവൻ തന്റെ കൈ പിടിയിലേക്ക് ഒതുങ്ങിയത് പോലവന് തോന്നി….

പവിയും പ്രഭയും തമ്മിൽ സന്തോഷത്താൽ വാരി പുണർന്നു……

സായു അൽപ നേരം കൂടി ആ കസേരയിലേക്കിരുന്നു…

കണ്ണുകൾ ഇപ്പോഴും പെയ്യുന്നുണ്ട്….

ഇത് വരെ അനുഭവിച്ച മാനസിക സമ്മർദ്ധവും ഇപ്പോഴുള്ള സന്തോഷവും ഒക്കെ കൊണ്ടാവാം….

അവൻ കണ്ണുകൾ അമർത്തി തുടച്ചു…..

അൽപ നേരം അങ്ങനെ ഇരുന്നപ്പോഴാണ് ഡോക്ടർ വീണ്ടും വരുന്നത്….

കണ്ണുകൾ വേഗം നീണ്ടു പോയത് ഡോക്ടറുടെ കയിലുള്ള ആ വെള്ള തുണിയിലേക്കായിരുന്നു…

അതിലുള്ളത് തന്റെ പ്രാണനാണെന്ന് അവന് വ്യക്തമായി അറിയാമായിരുന്നു…..

കുഞ്ഞിനെ വാങ്ങെടാ…

പവി അത് പറയുമ്പോൾ സന്തോഷത്താൽ മതി മറന്നിരുന്നു….

അച്ഛൻ… അച്ഛൻ ആദ്യം വാങ്ങട്ടെ…..

പെട്ടെന്ന് അവനത് പറഞ്ഞതും പ്രഭക്ക് ഉള്ളിലൊരു തേങ്ങൽ വന്നു നിന്നത് പോലെ തോന്നി…

പവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..

പ്രഭ പതിയേ ആ കുഞ്ഞിനെ കൈ നീട്ടി വാങ്ങുമ്പോൾ അവന്റെ വരവ് തന്റെ ഹൃദയത്തിലേക്കാണെന്ന് അയാളറിയുന്നുണ്ടായിരുന്നു……

ചുവന്നു തുടുത്ത ആ കവിളിലേക്ക് അയാൾ ചുണ്ടുകൾ ചേർത്തു….

പിന്നീട് പതിയേ സായുവിന്റെ കയ്യിലേക്ക് നീട്ടി…..

തന്റെ രക്തം….. ഇനി മുതൽ തന്റെ ശ്വാസമിടിപ്പ് പോലും ഇവന് വേണ്ടിയാകുമെന്ന് മനസ്സ് പറയുന്നു…..
ആ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ അവന് കണ്ണുകളെടുക്കാൻ കഴിഞ്ഞില്ല……

അവൻ കൈ ഒന്ന് കൂടി ഉയർത്തി അവനെ നെഞ്ചോട് ചേർത്ത് വെച്ചങ്ങനെ നിന്നു……

ഡോക്ടറെ ഐ സി യു വിലെക് ഷിഫ്റ്റ്‌ ചെയ്തിട്ടുണ്ട്….. വേണമെങ്കിൽ കയറി കണ്ടോളു…..

ഡോക്ടർ വന്നത് പറഞ്ഞതും അവളെ കാണാൻ തന്റെ കണ്ണുകൾ തുടിക്കുന്നത് കൊണ്ട് തന്നെ അവൻ പെട്ടെന്നകത്തേക്ക് കയറി….

ശ്രീ…..
അവൻ വിളിച്ചതും ചെറു മയക്കത്തിക്കായിരുന്ന അവൾ കണ്ണുകൾ തുറന്നു…

അവളുടേ മുഖത്തെ നിറഞ്ഞ ചിരിയിലുണ്ടായിരുന്നു എല്ലാം…..

ആയുധം കൊണ്ട് ആളേ വരവേൽക്കേണ്ടി വന്നു അല്ലേ….

അവൾ കുസൃതിയോടെ അത് ചോദിച്ചതും അവനൊന്നു പുഞ്ചിരിച്ചു….

തന്നെ ഒരച്ഛനാക്കിയതിലുള്ള സന്തോഷം ആ മുഖത്ത് പരന്ന് കണ്ടതും അവളത്രയേറെ സന്തോഷവതിയായിരുന്നു….

അവൻ അവളുടേ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു….
അത്രമേൽ പ്രണയത്തോടെ…….

🔹🔹🔹🔹🔹🔹🔹🔹🔹🔹
തറവാട്ടിലേക്ക് അവളെ കൊണ്ട് പോകാൻ മുത്തശ്ശി പറഞ്ഞിരുന്നെങ്കിലും ദൂര കൂടുതൽ കാരണം അങ്ങോട്ട് പോയില്ല…

പകരം മുത്തശ്ശനും മുത്തശ്ശിയും വല്യച്ഛനും വല്യമ്മയും എല്ലാവരും ഇങ്ങോട്ട് വരികയാണ് ചെയ്തത്…….

മുറിവ് കാരണം തിരിയാൻ പോലും പറ്റാത്ത അവസ്ഥയിൽ എപ്പോഴും അവൻ കൂടെയുണ്ടായിരുന്നു…..

മരുന്നുകളും കഷായങ്ങളുമായി അവളെ എല്ലാം കുടിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനും മുത്തശ്ശിയും അമ്മയും തിരക്ക് കൂട്ടി..

അച്ചൻ സദാ സമയവും കുഞ്ഞിനെ നോക്കി കൊണ്ടിരുന്നു…..

കുഞ്ഞിനുള്ള പേര് അച്ഛന്റെ ഇഷ്ടമായിരുന്നു….

അവരവനെ ധ്രുവ് എന്ന് വിളിച്ചു…..

നാല്പതു ദിവസമൊക്കെ കഴിഞ്ഞപ്പോൾ മുത്തശ്ശനും മുത്തശ്ശിയും തറവാട്ടിലേക്ക് തിരിച് പോയി….

ഞങ്ങളും…. നാളെ പോവുകയാ സായു…..

രണ്ട് ദിവസം കൂടി കഴിഞ്ഞ് അമ്മയത് പറയുമ്പോൾ കുഞ്ഞിനെ കയ്യിൽ പിടിച് പ്രഭയും അവർക്കരികിലുണ്ടായിരുന്നു……

സായു അവർക്ക് നേരെ ഒന്ന് തലയുയർത്തി..

എന്തിനാ…. എന്തിനാ പോകുന്നത്….

അവനത് ചോദിച്ചതും പ്രഭ അവന് നേരെയൊന്നു നോക്കി ….

എല്ലാവരും ഇവിടെയല്ലേ ഉള്ളത്…. പിന്നെന്തിനാ തിരിച് പോകുന്നത്….

അവൻ വീണ്ടും അത് ചോദിക്കുമ്പോൾ പവിയുടെ ഉള്ളിലൊരു തണുപ്പിരചെത്തുന്നത് അവരറിഞ്ഞു…..

ആർക്ക് വേണ്ടിയാ ഇനിയും സമ്പാധിക്കുന്നത്…
എനിക്ക്…. നിങ്ങളൊരുമിച്ച് ഇവിടെ ഉണ്ടാവുക എന്നതിൽ കവിഞ് മറ്റൊരു സമ്പാദ്യവും വേണ്ടാ….
പിന്നെ…. ഇവന് വേണ്ടി യാണെങ്കിൽ അത് ഞാൻ സമ്പാധിക്കുന്നുണ്ടല്ലോ….

സായു ഒരു ചിരിയോടെ കുഞ്ഞിനെ നോക്കി അത് പറഞ്ഞത് പ്രഭയോടായിരുന്നു…..

അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു…..

കുഞ്ഞിനെ വിട്ട് പോകാൻ തോന്നിയിട്ടല്ല…. മറിച് അവനൊരു വാക്ക് പറയാത്തത് കൊണ്ട് മാത്രമാണ് തിരിച്ചു പോകാൻ തുനിഞ്ഞത്….

അയാൾ പവിയിലേക്കൊന്ന് നോക്കി..

പവിയുടെ മുഖത്തും വല്ലാത്തൊരു സന്തോഷം പരന്ന് കാണാം….

അവന് അച്ഛനും അമ്മയും മാത്രം പോരല്ലോ….

മുത്തഷനും മുത്തശ്ശിയും എല്ലാവരും വേണ്ടെ ….

ബാല ചിരിയോടെ അത് പറഞ്ഞതും അവിടമാകെ സന്തോഷ പ്പേമാരി പെയ്തിറങ്ങിയിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീണ്ടും മുത്തശ്ശൻറെ ഒരു പിറന്നാൾ ദിവസം എല്ലാവരും ആ വീട്ടിൽ ഒരുമിച്ചു കൂടിയിരുന്നു….

ആ വീട്ടിൽ മുഴുവനായി ഒരു കുഞ്ഞു പുഞ്ചിരി ഓടി നടന്നു……

ധ്രൂ …. നിൽക്ക്…..

ബാല അവന് പിറകെ ഓടുമ്പോൾ അവനോടി എത്തി നിന്നത് പ്രഭയുടെ കൈകളിലായിരുന്നു…..

മുത്തശ്ശ…… എനിക്ക് മാമു വാന്ത…….

അവൻ കൊഞ്ചി കൊണ്ടത് പറഞ്ഞതും പ്രഭ അവനെ കൈകളിൽ കോരിയെടുത്തു..

അങ്ങനെ പറയല്ലേടാ കണ്ണാ….
മുത്തശ്ശിടെ കുട്ടൻ കഴിക്കെടാ….

അപ്പോഴേക്കും പവി അതും പറഞ്ഞവർക്കടുത്തേക്ക് വന്നു…..

അവർക്കെതിർ വശത്തു ലാപ്ടോപ്പിൽ കണ്ണും നട്ടിരുന്ന സായു ഒരു പുഞ്ചിരിയോടെ അവന്റെ സംസാരത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചു……

എങ്കി പപ്പാ തരാം….. വാ….

സായു അവനെ അടുത്തേക്ക് വിളിച്ചു…..

വാന്ത….
അവൻ മുഖം കൂർപ്പിച്ചു….

നിങ്ങളെ പോലെ തന്നെ അവന്റെ സ്വഭാവവും….
വല്ലാത്ത വാശിയാ…..

ബാല അല്പം പതിയേ അതും പറഞ്ഞവനടുത് വന്നിരുന്നു…..

എങ്കി ഞാൻ തരാം….
മുത്തശ്ശി അതും പറഞ് വന്നപ്പോഴും അവൻ വേണ്ടെന്ന് തന്നെ തലയാട്ടി…..

മുത്തശ്ശനും വല്യച്ഛനും എല്ലാവരും ശ്രമിച്ചിട്ടും അവൻ കഴിക്കാൻ കൂട്ടാക്കിയില്ല……

എങ്കി നമുക്ക് ആന കളിച്ചാലോ……

പ്രഭ പെട്ടെന്നത് ചോദിച്ചതും അവന്റെ മുഖം തെളിഞ്ഞു….

ആ….. ആ…..
അവൻ അതും പറഞ് കയ്കൊട്ടാൻ തുടങ്ങി……

പ്രഭ പെട്ടെന്ന് ആ നിലത്തു മുട്ട് കുത്തി നിന്നു…..

പവി കുഞ്ഞിനെയെടുത് പ്രഭയുടെ മുതുകിൽ വെച്ച് കൊടുത്തതും പ്രഭ ആനയെ പോലെ കൈ കൊണ്ട് കാണിക്കാൻ തുടങ്ങിയതും സായുവിന് ചിരി പൊട്ടിയിരുന്നു….

പവി ബാലയുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി മുതുകിലിരിക്കുന്ന കുഞ്ഞിന്റെ വായിലേക്ക് വാരി കൊടുക്കുന്നുണ്ട്…..

അവന്റെ ചിരി അച്ഛനെ ദേഷ്യം പിടിപ്പിക്കുമോയെന്ന് ഭയന്ന് ബാല അവനരികിലിരുന്നു അവന്റെ കയ്യിലൊന്ന് നുള്ളിയിരുന്നു….

പക്ഷെ എന്നിട്ടും അവന്റെ ചിരി കൂടുകയല്ലാതെ കുറഞ്ഞില്ല…
അവന്റെ ചിരി ഉറക്കെയായി…..

അവന്റെ ശബ്ദം കേട്ടത് കൊണ്ട് തന്നെ എല്ലാവരും അവനെ യൊന്നു നോക്കി…

എങ്ങനെ…. എങ്ങനെ ഉണ്ടായിരുന്നോരാളാ…..

പ്രഭയെ കളിയാക്കി യെന്ന വണ്ണം അവൻ വീണ്ടും അത് പറഞ് ചിരിക്കുമ്പോൾ അവിടമാകെ ഒരു കൂട്ട ചിരി മുഴങ്ങിയിരുന്നു….

പ്രഭക്കൊരു ജാള്യത തോന്നിയെങ്കിലും ധ്രു വിന്റെ പുഞ്ചിരിക്ക് മുമ്പിൽ കീഴടങ്ങിയെന്ന പോൽ അയാൾ വീണ്ടും ആന കളി തുടർന്നു…..

എല്ലാവരും കുഞ്ഞിനെ നോക്കിയിരിക്കുന്ന അതേ സമയം മനസ്സിൽ നിറഞ്ഞു നിന്ന അതേ സന്തോഷത്തോടെ ഇടതു കൈയാൽ അവനവളെ തന്നോട് ചേർത്ത് പിടിച്ചു….

താങ്ക് യു….. എന്റെ ജീവിതത്തിലേക്ക് വന്നതിന്……
നീ വന്നതിനു ശേഷമാണ് എന്റെ ജീവിതം ഇത്രയും മനോഹരമായത്……

അവൻ അവളുടേ മിഴികളിൽ നോക്കി അത് പറഞ്ഞതും അവളും അവനെ ഒരു നിമിഷം നോക്കിയിരുന്നു…..

എന്റെയും…..
അവളതും പറഞ്ഞോന്നു പുഞ്ചിരിച്ചു…..

ശെരിക്കും…..
അവൻ കുസൃതി ചിരിയോടെ അത് ചോദിച്ചു കൊണ്ട് ഒന്ന് കൂടി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു……

അപ്പോഴും അവൾ ഹൃദയം കൊണ്ട് ദൈവത്തിനു നന്ദി പറയുകയായിരുന്നു….

പ്രതിസന്തികളിൽ തന്നെ തനിച്ചാക്കിയതിനു…..

ഇന്നോളം തന്ന സങ്കടങ്ങൾക്ക് പകരമായി അവനെന്ന വലിയ തനിക്ക് ലോകം തുറന്ന് തന്നതിന്…….

അവളൊന്ന് കൂടി അവനെന്ന തണലിലേക്ക് ഒതുങ്ങിയിരുന്നു…..

ശുഭം……..

എന്റെ സമയക്കുറവും മടിയും എല്ലാം മറന്ന് ഞാൻ എഴുതുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഓരോരുത്തരുടെയും വാക്ക് കൊണ്ട് മാത്രമാണ്….

സായുവും ബാലയും വിട പറയുകയാണ്…..

കുറച് ദിവസങ്ങളായി നിങ്ങൾ അവരോടൊപ്പമുണ്ടായിരുന്നു….
എല്ലാവർക്കും അവരെ ഇഷ്ടപ്പെട്ടു എന്ന് തന്നെ വിശ്വസിച്ചാണ് ഞാൻ അവസാനിപ്പിക്കുന്നത് …

ഇനിയും വലിച്ചു നീട്ടൽ…അതെന്നെ കൊണ്ട് നടക്കില്ല……
പുതിയ കഥാപാത്രങ്ങളെ ഒക്കെ കൂട്ടി ചേർത്ത് നീട്ടി വലിക്കാൻ അറിയാത്തത് കൊണ്ടല്ല….
ഞാനെഴുതുന്ന ഒരോ പ്രണയങ്ങൾക്കും എന്റെ മനസ്സിൽ അത്രയേറെ മൂല്യമുണ്ട്…

വലിച്ചു നീട്ടി അതിന്റെ ഭംഗി കളയാൻ എനിക്കൊട്ടും ഇഷ്ടമല്ല……
പിന്നീടൊരിക്കൽ ഇത് വായിക്കുമ്പോൾ എനിക്കൊരു അതൃപ്തി തോന്നാത്ത വിധം തന്നെ ഞാൻ നിർത്തുകയാണ്……