രചന – രോഹിണി ആമി
ജീവനായിരുന്നു ഭാഗിക്ക് ഹരിയെന്നാൽ …….അവളെ അറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ ഹരിക്കും ഭാഗിയില്ലാതെ പറ്റില്ലെന്നായി ……… ഹരി പറഞ്ഞിരുന്ന കാരണങ്ങൾ എല്ലാം വിവാഹത്തിന് തടസ്സമായപ്പോൾ ഭാഗ്യയുടെ മാത്രം വാശിക്കും നിർബന്ധത്തിനും വീട്ടുകാർ വഴങ്ങിക്കൊടുത്തു………. പിന്നീടാണ് അവർക്ക് മനസ്സിലായത് ഭാഗ്യ ആയിരുന്നു ശരിയെന്നു…….. നല്ലൊരു മകനായും ഭർത്താവായും ചേട്ടനായും ഹരിക്ക് നൂറിൽ നൂറായിരുന്നു മാർക്ക്…..
എല്ലാ സൗകര്യങ്ങളിലും വളർന്നു വന്നവളാണ് ഭാഗ്യയെങ്കിലും ഹരിയുടെ വീട് അവൾക്കൊരു സ്വർഗ്ഗം തന്നെയായിരുന്നു….. അമ്മയ്ക്കൊപ്പം അടുക്കളയിൽ സഹായിച്ചും അച്ഛന്റെ കൂടെ തൊടിയിൽ സഹായിച്ചും അവൾ അവർക്കൊപ്പമൊരാളായി മാറിക്കഴിഞ്ഞിരുന്നു………. ഹരി കൂടെയുള്ളപ്പോൾ ഒന്നും ഒരു കുറവായി ഭാഗിക്കു തോന്നിയതേയില്ല……… ഭാഗ്യയെന്ന ഭാഗിയുടെ സന്തോഷം മാത്രം മതിയായിരുന്നു ആ വീട്ടിലുള്ള മൂന്നാളുടെയും മനസ്സു നിറയാൻ …………
ഒരുപാട് ആഗ്രഹിച്ചിരുന്ന ജോലി സ്വന്തമായ സന്തോഷത്തിൽ വീട്ടിലേക്ക് എത്താനുള്ള തിരക്കിലായിരുന്നു ഹരി……… അത് കേൾക്കുമ്പോൾ ഭാഗിയുടെ മുഖത്ത് ഹരിയ്ക്കായി മാത്രം വിരിയുന്ന ചിരി മാത്രമായിരുന്നു മനസ്സിൽ…….. ഹരിയുടെ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല………. മനസ്സിനേക്കാൾ വേഗത ബൈക്കിന് ഉണ്ടായിരുന്നുവെന്ന് ഹരി അറിഞ്ഞിരുന്നില്ല ……… എതിരെ വന്ന വണ്ടിയിൽ ഇടിച്ച് വീഴുമ്പോഴും കണ്ണിലേക്കു ഇരുട്ട് കയറുമ്പോഴും മുൻപിൽ ഭാഗ്യ മാത്രമായിരുന്നു…………. അച്ഛനെയും അമ്മയെയും അവളെയും ഒരിക്കൽ കൂടി കാണണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ……….
തിരിച്ചു കിട്ടുമ്പോൾ ആ ശരീരത്തിന് ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളു…… ഒന്നെഴുന്നേറ്റ് നടക്കാനാവാതെ ഒന്ന് സംസാരിക്കാൻ പറ്റാതെ……….
ഭാഗ്യയോട് ഡോക്ടർസ് എല്ലാം വിശദീകരിച്ചു കൊടുക്കുമ്പോഴും അവൾ കേൾക്കുന്നുണ്ടോയെന്ന് തന്നെ സംശയമായിരുന്നു……… ഹരിയുടെ അവസ്ഥ ആദ്യം മനസ്സ് കൊണ്ട് അംഗീകരിച്ചതും ഭാഗ്യയാണ്……അച്ഛനും അമ്മയും മകന് സംഭവിച്ചത് കണ്ടു പാതി ചത്തത് പോലെയായി…….ആ മുറിയിൽ നിന്നിറങ്ങുമ്പോൾ എല്ലാവരും കണ്ടത് വേറൊരു ഭാഗ്യയെ ആയിരുന്നു……… അച്ഛനെയും അമ്മയെയും ചേർത്തു പിടിച്ചു ഹരിയേട്ടന്റെ ജീവൻ എങ്കിലും തിരിച്ചു കിട്ടിയില്ലേ എന്നു പറഞ്ഞു ആശ്വസിപ്പിക്കുന്ന ഭാഗ്യയെ…….. രണ്ടാളുടെയും കണ്ണുകൾ തോരുന്നില്ലെങ്കിലും ചങ്കുറപ്പുള്ള മകൾ കൂടെയുള്ളത് അവരുടെ ആശ്വാസമായിരുന്നു……… ഐ സി യു വിൽ കയറി കാണുമ്പോഴും ദിവസങ്ങൾക്കു ശേഷം റൂമിലേക്ക് മാറുമ്പോഴും ഭാഗ്യയെ കാണുമ്പോൾ ഹരി കണ്ണടച്ച് പിടിച്ചു കിടക്കും……. അവൾ നോക്കുന്നില്ലെന്ന് കാണുമ്പോൾ കണ്ണു നിറയെ കാണും….. ഒളിച്ചുകളി മനസ്സിലായെങ്കിലും വീട്ടിൽ എത്തും വരെ ഭാഗ്യയും ക്ഷമിച്ചു……
മുറിവുകളെല്ലാം ഒരുവിധം ഉണങ്ങി……. തലയ്ക്കായിരുന്നു പരിക്ക് കൂടുതൽ……. കളഞ്ഞ മുടിയെല്ലാം കിളിർത്തു വരുന്നുണ്ട്……. മുഖത്താകെ മുറിവിന്റെയും സ്റ്റിച്ചിന്റെയും പാടുകളാണ്………….ഹരിയുടെ കാര്യങ്ങൾ എല്ലാം ഭാഗി ഏറ്റെടുത്തു…… ഇറുക്കി കണ്ണടച്ച് പിടിച്ചു ഹരി എതിർപ്പ് അറിയിച്ചുകൊണ്ടേയിരുന്നു…….. അമ്മയും അച്ഛനും വരുമ്പോൾ അവരെ മാത്രം നോക്കും…… കണ്ണു നിറഞ്ഞൊഴുകും……… ഹരി സാധാരണ രീതിയിൽ തന്നെ ആണെന്നുള്ള പെരുമാറ്റമായിരുന്നു ഭാഗിയുടേത്…… അവളുടെ മനസ്സിന്റെ നില തെറ്റിയൊന്ന് വരെ സംശയം തോന്നി എല്ലാവർക്കും …….
വളരെ ശ്രദ്ധയോടെ ജ്യൂസ് സ്പൂണിൽ കോരിക്കുടിപ്പിക്കയാണ് ഭാഗി……. ഒലിച്ചിറങ്ങുന്നത് പതിയെ തുടച്ചെടുക്കുന്നുമുണ്ട്……. തന്നെ നോക്കുന്നതേയില്ല……. കയ്യിലിരുന്ന ജ്യൂസ് മാറ്റിവെച്ചു ഹരിയുടെ നെഞ്ചിലേക്ക് മുഖം വെച്ചു…….
ഹരിയേട്ടാ……. എന്താണ് ഉദ്ദേശം…….. ഇങ്ങനെ ഭാഗിയെ മാത്രം നോക്കാതിരിക്കാൻ ഞാൻ എന്താ ചെയ്തേ……… ഒരുമാതിരി ഫിലിമിൽ ഒക്കെ കാണും പോലെ ഭർത്താവ് കിടപ്പായാൽ ഭാര്യയോട് ഇട്ടേച്ചു പോകാനും നിനക്ക് നല്ലൊരു ജീവിതം ഉണ്ടെന്നും വേറെ വിവാഹം കഴിക്കണമെന്നും എന്നെക്കൊണ്ട് ഇനിയൊന്നിനും കഴിയില്ലെന്നുമുള്ള ഡയലോഗ് ഒക്കെ പറയാൻ തോന്നുന്നുണ്ടോ……… അങ്ങനെ വല്ലതും തോന്നുന്നുണ്ടെങ്കിൽ അതിനുള്ളത് ഞാനിപ്പോൾ പറയാം……
ഇങ്ങനെ മസിൽ പിടിച്ചു കിടക്കുന്നത് കൊണ്ടോ ദേഷ്യപ്പെട്ടത് കൊണ്ടോ ഭാഗി ഹരിയേട്ടനെ വിട്ടു പോവില്ല……. ഭാഗിയെക്കാൾ അത് നന്നായറിയാവുന്നത് ഹരിയേട്ടനല്ലേ……പിന്നെയെന്തിനാ വാശി……..
രണ്ടു കയ്യുമെടുത്തു കവിളിൽ ചേർത്തു പിടിച്ചു……… ഇങ്ങനെ എന്നെ മാത്രം നോക്കാതിരിക്കല്ലേ….. ഈ ദേഷ്യം മാത്രം സഹിക്കാനാവില്ല എനിക്ക്……… ഞാൻ നോക്കിക്കോളാം………. പൊന്നുപോലെ………എന്റെ കുഞ്ഞിനെപ്പോലെ……. ഒരിക്കലും വിട്ടിട്ട് പോവില്ല ഞാൻ………..
എനിക്ക് സഹതാപം അല്ല ഹരിയേട്ടാ നിങ്ങളോട് …….. കടമയും ചെയ്തു തീർക്കുകയല്ല………. ആരെയും ബോധിപ്പിക്കാനുമല്ല……….. ഇഷ്ടമാണ്…………. ഒരുപാടൊരുപാട് ഇഷ്ടമാണ്……… അതിങ്ങനെ ചലനമറ്റു കിടന്നാലും ഇല്ലെങ്കിലും……..ഞാൻ നിങ്ങളെ സ്നേഹിക്കും………
ഈ കണ്ണിന്റെ ചലനം മാത്രം മതി ഭാഗിക്ക് ……… ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുമെനിക്ക് എല്ലാം…….. ഭാഗി ഹരിയുടെ കണ്ണുകളിലേക്ക് ഊതി……… ഇമകൾ ചിമ്മിയപ്പോൾ കവിൾ ചേർത്തു വെച്ചു………. നിറഞ്ഞൊഴുകിയ കണ്ണുനീർ ചുണ്ടു കൊണ്ട് ഒപ്പിയെടുത്തു കവിളിൽ നല്ലൊരു കടി വെച്ചു കൊടുത്തു……….. ഇത് ഇനിയിങ്ങനെ ചിന്തിക്കാതിരിക്കാൻ………. ഇനീം കിട്ടും….. നോക്കിക്കോ……. വിരൽ ചൂണ്ടി പറഞ്ഞു………. ഹരിയുടെ കണ്ണുകൾ ഒന്ന് പ്രകാശിച്ചത് പോലെ തോന്നി……
ചികിത്സ കൊണ്ടൊന്നും കാര്യമില്ലെന്ന് ഡോക്ടേഴ്സ് പറഞ്ഞിട്ടും ഭാഗി അതൊന്നും മുഖവുരയ്ക്കെടുത്തില്ല…….. ഹരിയുടെ ചികിത്സയ്ക്കും മരുന്നിനും വേണ്ടി ഭാഗി തന്റെ സ്വർണം ഓരോന്നോരോന്നായി വിൽക്കാൻ തുടങ്ങി……….. എങ്കിലും ആരെയും ബുദ്ധിമുട്ടിക്കാൻ പോയില്ല………..തന്റെ മുഴുവൻ സമയവും ഹരിക്കായി മാറ്റിവെച്ചു……. ഇടയ്ക്കൊക്കെ ഓടിവന്നു നെറ്റിയിലും കവിളിലും ഒക്കെ ഉമ്മ വെച്ച് കൂടെയുണ്ടെന്ന് അറിയിച്ചു……….. ഹരി ഭാഗിയെ മനസ്സിൽ വിചാരിച്ചാൽ എവിടെ നിന്നായാലും കാറ്റുപോലെ ഓടി വന്നിരിക്കും ഭാഗി…….. അതിന്റെ അത്ഭുതം ഹരിയുടെ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു………
ഭാഗ്യയുടെ വീട്ടുകാർ വരുമ്പോൾ ഹരിയോടുള്ള സഹതാപത്തിലേറെ ഭാഗ്യയോടുള്ള സഹതാപമായിരുന്നു അവരുടെ മുഖത്ത് തെളിഞ്ഞു കാണുക…….. ഒരിക്കൽ അവരുടെ വിഷമം കണ്ട് ഹരിയുടെ അച്ഛനും അമ്മയും അവളോട് അവരുടെ കൂടെ പോകാൻ പറഞ്ഞു……… ഞങ്ങൾ നോക്കിക്കോളാം ഹരിയെ എന്നും പറഞ്ഞു ……. ഭാഗ്യയുടെ അച്ഛനുമമ്മയും പ്രതീക്ഷയോടെ അവളെ നോക്കി………
എല്ലാവരും മനഃപൂർവം മറന്നു പോകുന്ന ഒരു കാര്യമുണ്ട്……… എന്റെ ഭർത്താവ് ഇന്നും ജീവനോടെ ഉണ്ടെന്നുള്ള കാര്യം…….. സന്തോഷത്തിലും സങ്കടത്തിലും കൂടെയുണ്ടാവുമെന്ന് വാക്ക് കൊടുത്തിട്ടുണ്ട് ഞാൻ അദ്ദേഹത്തിന് ……. ഇനി ഇത് പറയാൻ വേണ്ടി ആരും ഇങ്ങോട്ട് വരരുത്……… ഇതൊക്കെ കേൾക്കുമ്പോൾ ഹരിയേട്ടനുണ്ടാകുന്ന വിഷമം എന്താ ആരുമോർക്കാത്തത്……..
പിന്നീട് അതിനെക്കുറിച്ചു ആരും സംസാരിച്ചില്ല…….. ആർക്കു മുന്നിലും തോറ്റു കൊടുക്കാൻ ഭാഗ്യ തയ്യാറല്ലായിരുന്നു…….. ദിവസങ്ങൾ പോകേ എല്ലാവരുടെയും മുഖത്തെ വിഷമം മാഞ്ഞു തുടങ്ങി……. ഹരി ഇങ്ങനെയാണെന്ന് അംഗീകരിച്ചു കഴിഞ്ഞു………… ഇടയ്ക്കിടെ പറയാതെ അക്കൗണ്ടിലേക്കു അച്ഛനിടുന്ന പൈസ സ്നേഹത്തോടെ തന്നെ ഭാഗി തിരിച്ചയക്കും……… ഹരി ആർക്കുമൊരു ബാധ്യതയോ ഭാരമോ ആവരുതെന്ന് ഭാഗ്യയ്ക്ക് നിർബന്ധമുണ്ടായിരുന്നു……… താൻ ഹരിയുടെ പാതിയല്ല ഹരി തന്നെയാണെന്ന് ഓരോ ദിവസവും ഭാഗ്യ തെളിയിച്ചു കൊണ്ടിരുന്നു………..
ഹരിയ്ക്ക് അറിയാമായിരുന്നു ദൈവം തനിക്ക് തരുന്ന ഗിഫ്റ്റ് ആണ് ഓരോ പുതിയ പുലരികളും ന്ന്………. മൂന്നാളുടെയും പ്രാർത്ഥന ഒന്നു കൊണ്ടു മാത്രം കിട്ടുന്ന ബോണസ് ……… ആദ്യമൊക്കെ ആർക്കുമൊരു ശല്യമാവാതെ ഒന്നു പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു……………. ഇടയ്ക്കിടെ ഓടി വന്നു സ്നേഹത്തോടെ മുത്തുന്ന എന്റെ ഭാഗിയെ കാണുമ്പോൾ…. അവളുടെ ചിരിയ്ക്കുന്ന മുഖം കാണുമ്പോൾ….,…..ഇങ്ങനെ ആണെങ്കിൽ കൂടി ജീവിക്കാൻ കൊതിയാവുകയാണ്…………
നെഞ്ചിൽ മുഖം ചേർത്ത് ഓരോ ദിവസത്തെയും വിശേഷങ്ങൾ പറഞ്ഞു കേൾപ്പിക്കുമ്പോൾ ഒന്ന് മൂളി കേൾക്കാനെങ്കിലും പറ്റിയിരുന്നെങ്കിലെന്ന് ഓർക്കാറുണ്ട്……..
ദേ…. വരുന്നുണ്ട് എന്റെ ഭാഗി……. വല്ലാതെ ക്ഷീണിച്ചു പോയി……. എല്ലാവർക്കു മുന്നിലും സന്തോഷിച്ചു നടക്കുന്നവളുടെ മനസ്സ് എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് എനിക്ക് മാത്രമേ അറിയൂ…….. ഉറങ്ങിയെന്നു വിചാരിച്ചു തന്റെ മുഖത്ത് വിരലോടിച്ചു വിതുമ്പി കരയുന്ന ഭാഗിയെയും തനിക്ക് മാത്രമേ അറിയൂ…………
എന്താ ഹരിയേട്ടാ ചിന്തിക്കുന്നേ…… മുഖത്തൊരു സന്തോഷം …… കാര്യമെന്താ…….. ഭാഗി അടുത്തു വന്നിരുന്നു കയ്യിൽ തലോടി…….. ഒന്നുമില്ലെന്ന് ഹരി കണ്ണുകളടച്ചു കാണിച്ചു…….. ഉയർന്നു പൊങ്ങുന്ന ശ്വാസത്തിന്റെ താളത്തിൽ ഭാഗ്യ ഹരിയോടൊപ്പം കണ്ണുകളടച്ചു…………….
ഹരിയുടെ തണുപ്പ് തന്റെ ശരീരത്തിലേക്ക് പടരുന്നതറിയാതെ ഹരിയും താനും മാത്രമുള്ള ഒരു ലോകത്തായിരുന്നു ഭാഗ്യ…………. താനൊന്ന് ഉറങ്ങാൻ കാത്തിരിക്കുകയായിരുന്നു ആ ഹൃദയം നിലയ്ക്കാനെന്ന് ഭാഗി അറിഞ്ഞിരുന്നില്ല………ഇനി തനിക്കൊപ്പം ഹരിയില്ലെന്ന സത്യം ഭാഗി മനസ്സിലാക്കി………
എന്നെ ഒന്നുണർത്താതെ പോയി അല്ലേ ഹരിയേട്ടാ……. തോൽപ്പിച്ചു കളഞ്ഞില്ലേ ഈ ഭാഗിയെ………….. താടിയിലൂടെ വിരലോടിച്ചു പറഞ്ഞു………..
തിരിച്ചു വാ ഹരിയേട്ടാ…… ഇങ്ങനെ കിടന്നാൽ മാത്രം മതി….. ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം………. വായോ………. തിരിച്ചു വാ……… ഹൃദയം പൊട്ടുന്ന പോലെ അലറി വിളിച്ചു …….. കണ്ണുകൾ അടഞ്ഞു പോകുമ്പോൾ ഭാഗി സന്തോഷിച്ചു താനും ഹരിയേട്ടനൊപ്പം പോകുകയാണെന്ന് വിചാരിച്ച്……….. പക്ഷേ ആയിരുന്നില്ലെന്ന് ബോധം വീണപ്പോഴാണ് അറിഞ്ഞത്………. ഒന്ന് കരയാൻ പോലുമുള്ള ആരോഗ്യമുണ്ടായിരുന്നില്ല……….. അത്രയ്ക്ക് തളർന്നു പോയിരുന്നു ഭാഗ്യ ……….
ഉണ്ണാതെയും ഉറങ്ങാതെയും ഇരിക്കുന്ന ഭാഗ്യയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി………. പോകുമ്പോൾ അച്ഛനെയും അമ്മയെയും നോക്കാനോ ഒന്ന് സംസാരിക്കാനോ അവളെക്കൊണ്ടായില്ല………… അവളുടെ അവസ്ഥ അവർക്കും സഹിക്കുന്നുണ്ടായിരുന്നില്ല……….. അവൾ പോകുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു………. ജീവനുള്ള ഹരി അടുത്തുണ്ടെങ്കിലേ ധൈര്യവും സന്തോഷവും ഭാഗ്യയ്ക്ക് മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കൂ ന്ന് എല്ലാവർക്കും അറിയാം………
റൂമിന് വെളിയിൽ ഇറങ്ങാൻ പോലും ആഗ്രഹിച്ചില്ല ഭാഗ്യ………… ജനലും വാതിലും തുറക്കാതെ ഇരുട്ടിനെ കൂട്ടുപിടിച്ചു………. ഹരിയുമായുള്ള ആ ഫോട്ടോയും നോക്കിയിരിക്കും ഏറെനേരം ……….. അതിൽ നോക്കി സംസാരിക്കും……… അന്ന് മുതൽ തോൽക്കാൻ തുടങ്ങിയതാണ് ഭാഗ്യ…….. എല്ലാവർക്ക് മുന്നിലും……….. പഴയ ഭാഗ്യയുടെ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോഴത്തെ ഭാഗ്യക്ക് ………….. അച്ഛനും അമ്മയും പഴയ തറവാട്ടിലേക്ക് പോയിന്ന് അറിഞ്ഞു………….. പിന്നീടെപ്പോഴോ അമ്മയുടെ മരണം അറിഞ്ഞു………അവസാനമായി അമ്മയെ ഒന്ന് കാണാൻ ചെന്നപ്പോൾ അച്ഛൻ ചേർത്തു പിടിച്ചു കരഞ്ഞു………. കരയാൻ തനിക്കിനി കണ്ണുനീർ മിച്ചമില്ല………….
വീണ്ടും റൂമിൽ അടച്ചു ഇരിക്കാൻ തുടങ്ങിയപ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ വീട്ടുകാർ എടുക്കാൻ തുടങ്ങി………… തനിക്ക് ഇനിയൊരു ജീവിതം സാധിക്കില്ലെന്ന് അവർക്ക് നന്നായിട്ടറിയാം………. നിർബന്ധിച്ചില്ല ആരും…….. പക്ഷേ……. അനിയന് ഒരു ജീവിതം ഉണ്ടെങ്കിൽ അത് തനിക്കൊരു ജീവിതം ഉണ്ടായതിന് ശേഷം എന്നവൻ തീർത്തു പറഞ്ഞു……… അച്ഛന്റെയും അമ്മയുടെയും സങ്കടം സഹിക്കാൻ കഴിയാതെ സമ്മതിക്കേണ്ടി വന്നു……… തോൽക്കേണ്ടി വന്നു എല്ലാവർക്കും മുന്നിൽ……
ആർക്കു മുന്നിലും കെട്ടിയൊരുങ്ങി നിൽക്കാൻ സാധിക്കില്ലെന്ന് മാത്രം പറഞ്ഞു…….. ബാലുവിന്റെ ആലോചന എല്ലാവർക്കും ഇഷ്ടമായി……. ബാലുവിനെയും…….ഭാഗ്യ കണ്ടത് ബാലുവിനൊപ്പം നിൽക്കുന്ന അഞ്ചുവയസ്സുകാരിയെയാണ്…….. ആ കുഞ്ഞിന്റെ ചിരിയാണ്……….ഭാഗ്യയെ ഇഷ്ടമായോന്ന് അച്ഛൻ ചോദിച്ചതിനുള്ള മറുപടി ഭാഗ്യയുടെ നെഞ്ചിൽ ഒട്ടി നിന്നാണ് ആ കുഞ്ഞ് പറഞ്ഞത്……….. ഒത്തിരി ഇഷ്ടായി….. ന്ന്…….
തുടരും

by