രചന – ജിഫ്ന നിസാർ
കുതിച്ചു തുള്ളുന്ന മനസ്സിനെയൊന്നു കൈ പിടിയിലൊതുക്കാനെന്നത് പോലെ പാത്തു ഒരു നിമിഷം കണ്ണുകൾ അടച്ചിട്ട് ദീർഘശ്വാസമെടുത്തു.
അപ്പോഴേക്കും വാതിലിൽ തട്ടുന്നതിന്റെ സ്പീഡ് വളരെയധികം കൂടിയിരുന്നു.
പേ പിടിച്ചവനെ പോലെ പുറത്തുള്ളത് ഷാഹിദ് തന്നെയാണെന്നുറപ്പാണ്.
അവൻ വരുമെന്ന് മുന്നറിയിപ്പ് തന്നിട്ട് ഇറങ്ങി പോയവനെ കുറിച്ചോർത്തു കൊണ്ടവളുടെ നെഞ്ച് പിടഞ്ഞു.
“പടച്ചോനെ.. കാത്തോളണേ. ന്റെ ജീവനാണ്.ജീവിതമാണ് ”
പ്രിയപ്പെട്ടവനുള്ള പ്രാർത്ഥനയോടെ തന്നെയാണ് ഷാഹിദിനു മുന്നിൽ വാതിൽ തുറന്നു കൊടുത്തത്.
എരിയിച്ചു കളയുന്നൊരു നോട്ടം.
വാതിൽ തുറന്നു കൊടുക്കാൻ വൈകിയതിനാവും.
വലിഞ്ഞു മുറുകിയ മുഖത്തോടെ അകത്തേക്ക് കയറിയവന് വേണ്ടി അവൾ മാറി നിന്നു കൊടുത്തു.
മുറിയിലകമാനം ഷാഹിദിന്റെ കണ്ണുകൾ ഓടി നടന്നു.
“എന്താ.. എന്താ നോക്കുന്നത്?”
അവന്റെ തിരച്ചിൽ ഏകദേശമൊന്നു ഒതുങ്ങുന്നത് വരെയും മിണ്ടാതെ നിന്നിരുന്ന പാത്തു പതിയെ ചോദിക്കുന്നത് കേട്ടതും ഷാഹിദ് അവളെയൊന്ന് കൂടി തുറിച്ചു നോക്കി.
ആ മുഖത്തു വല്ല മാറ്റവുമുണ്ടോ എന്നുള്ള അന്വേഷണം പോലെ അവന്റെ കണ്ണുകൾ കൂർത്തു.
“നിനക്കറിയില്ലേ?”
അവൾക്ക് മുന്നിൽ ചെന്നു നിന്നിട്ട് അവൻ ചോദിച്ചു.
“ഇല്ല.. അറിയുമായിരുന്നുവെങ്കിൽ ഞാനിങ്ങനെ ചോദിക്കില്ലല്ലോ?”
ഒട്ടും പതർച്ചയില്ലാത്ത അവളുടെ സ്വരം.
“മ്മ്മ്..”
കനത്തിലൊരു മൂളൽ മാത്രമാണ് അവൻ ഉത്തരമായി നൽകിയത്.
ക്രിസ്റ്റിയുമായുള്ള ബന്ധം തനിക്കറിയാമെന്ന് അവളോട് അവനപ്പോൾ പറയാൻ കഴിയുമായിരുന്നില്ല.
എല്ലാം അറിഞ്ഞിട്ടും പിന്നെന്തിന് നാളത്തെ ഫങ്ക്ഷൻ എന്നവൾ തിരിച്ചു ചോദിച്ചാൽ കുരുങ്ങി പോകും.
അവളെ കൂടെ നിർത്തേണ്ടത് ഇപ്പൊ തന്റെ ആവിശ്യമാണ്.
രെജിസ്റ്റർക്ക് മുന്നിൽ പൂർണ മനസ്സോടെ അവളുടെയൊരു സൈൻ കിട്ടുന്നതോടെ മാത്രം കയ്യിലാവുന്ന കോടികൾ.
അതിലാണ് അവന്റെ മനസ്സ് മുഴുവനും.
അതൊന്ന് കയ്യിൽ കിട്ടികോട്ടെ. പിന്നെ നീ അറിയാൻ പോകുന്നേ ഒള്ളൂ ഈ ഷാഹിദ് ആരാണെന്നുള്ളത്.
ഇപ്പോഴുള്ള ഈ അവഗണനകൾക്ക് അന്ന് നീ ഉത്തരം പറഞ്ഞു വേദനിക്കും.
വേദനിപ്പിക്കും ഞാൻ ”
അവന്റെ മനസ്സ് മുരളുന്നുണ്ടായിരുന്നു.
“വാതിലടച്ചോ.. ഞാൻ പോകുന്നു ”
കൂടുതലൊന്നും പറയാൻ പറ്റിയ സമയമല്ലെന്ന് തോന്നിയിട്ടാണ് ഷാഹിദ് തിരികെ നടക്കാൻ തുടങ്ങിയത്.
“ഇവിടെന്താ തിരഞ്ഞത്..?അതൊന്ന് പറഞ്ഞു തന്നിട്ട് പോകൂ. നിക്ക് ഇതിനുള്ളിൽ കിടക്കാനുള്ളതല്ലേ.?”
പാത്തു വിടാനുള്ള ഭാവമില്ലാതെ ഷാഹിദിനെ നോക്കി.
“അത്.. അതൊന്നുമില്ല. എനിക്കൊരു മിസ്അണ്ടർസ്റ്റാന്റിങ് സംഭവിച്ചു പോയതാ. ഡോണ്ട് വറി. താൻ കയറി കിടന്നോ. പേടിക്കാൻ ഒന്നുമില്ല ”
വരുത്തി കൂട്ടിയ ഒരു ചിരിയോടെ അവൻ പറഞ്ഞു.
ഉള്ളിലെ പുച്ഛം ചുണ്ടുകൾ കൂട്ട് പിടിക്കാതിരിക്കാൻ പാത്തു നന്നായി പരിശ്രമിച്ചിരുന്നു.
“നാളത്തെ.. എൻഗേജ് മെന്റ് ഫങ്ക്ഷനെ കുറിച്ച് എന്നോടൊന്നു സൂചിപ്പിക്കാഞ്ഞതെന്തേ?”
വീണ്ടും അവൾ അവനെ നോക്കി.
“അത്.. അത് പിന്നെ മാമന്മാർക്ക് വലിയ നിർബന്ധം. പിന്നെ എന്നായാലും വെണ്ടതല്ലേ.? അതിങ്ങനെ നീട്ടി കൊണ്ട് പോവണ്ടല്ലോ ”
ഗൗരവത്തോടെ ഷാഹിദ് അവൾക്ക് മുന്നിൽ പോയി നിന്നു.
“എന്നാലും… എന്നോടൊന്ന്…”
“എനിക്ക് വേണ്ടിയാണ് നീ ഇങ്ങോട്ട് വന്നതെന്ന് മറ്റാരെക്കാളും നിനക്കറിയില്ലേ ഫാത്തിമ.?അങ്ങനെയുള്ള നിനക്ക് എതിർപ്പൊന്നും ഉണ്ടാവാൻ സാധ്യതയുണ്ടാവില്ലെന്ന് ഉറപ്പല്ലേ.?ഇതിപ്പോ കല്യാണമൊന്നുല്ലല്ലോ. ജസ്റ്റ് ഒരു എൻഗേജ് മെന്റ്. ചടങ്ങുകൾ എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് അവരെല്ലാം പറയുബോൾ എന്തിന്റെ പേരിലാണ് ഞാനത് വേണ്ടന്ന് പറയുന്നത്. സൊ… എനിക്കിത് അത്ര വലിയൊരു ഇഷ്യു ആയിട്ട് തോന്നിയിട്ടില്ല. ഈ നിമിഷം വരെയും ”
നീ അതിനെ ചോദ്യം ചെയ്യേണ്ടതില്ല എന്നൊരു ധ്വനികൂടിയുണ്ടായിരുന്നു അവന്റെ വാക്കുകളിൽ.
വല്ലാത്തൊരു മുറുക്കം.
മുഖവും വാക്കുകളും.
കൂടുതൽ എന്തെങ്കിലും ചോദിച്ചിട്ട് അവന്റെ പ്രകോപിപ്പിക്കരുതെന്ന് ക്രിസ്റ്റി പറഞ്ഞത് കൊണ്ട് മാത്രം അവൾ പിന്നൊന്നും മിണ്ടാതെ നിന്നു.
“അറിയേണ്ടത്.. അതിനി എന്തായാലും നിന്നെ അറിയിച്ചിരിക്കും. പക്ഷേ എല്ലാം അറിയണമെന്ന് വാശി പിടിക്കരുത്.. എനിക്കത് ഇഷ്ടമല്ല.അറിയിക്കേണ്ടത് കൃത്യമായി ഞാൻ അറിയിക്കും.എനിക്കിഷ്ടമല്ലാത്തതൊന്നും എന്റെ പെണ്ണ് ചെയ്യരുതെന്ന് കൂടി എനിക്ക് ആഗ്രഹമുണ്ട്. മനസ്സിലായോ?”
ഷാഹിദ് കുറച്ചു കൂടി അവൾക്കരികിലേക്ക് നീങ്ങി നിന്നിട്ട് ചോദിച്ചു.
“എന്റെ പെണ്ണ്..”
ആ വാക്കുകൾ മാത്രമാണ് അവളെ പൊള്ളിച്ചത്.
“ഞാൻ നിന്റെയല്ല. എന്നിൽ നിനക്കൊരു അവകാശവുമില്ല. എന്റെ ഉയിരോട് ചേർന്നു പോയൊരുത്തനുണ്ട്.. അവനിലേക്ക് ചേരാനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഒടുവിൽ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നിട്ട് ഞാൻ വരും.. നിന്നോട് പകരം ചോദിക്കാൻ..”
മനസ്സ് കൊണ്ട് പാത്തു അവനോട് കലഹിച്ചു.
ഷാഹിദ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിൽപ്പായിരുന്നു.
അവൾ എന്തെങ്കിലും എതിർപ്പ് പറയുമെന്ന് അവൻ കരുതിയെങ്കിലും അവളൊന്നും മിണ്ടാതെ തിരികെ മുറിയിലേക്ക് കയറി വാതിൽ അൽപ്പം ഉറക്കെ തന്നെ അടച്ചു കൊണ്ട് കുറ്റിയിട്ടു.
അവളുടെയാ പ്രവർത്തി അവനീയെറെ ദേഷ്യം പിടിപ്പിച്ചിരുന്നു.
അവളുടെ മുറിയുടെ മുന്നിൽ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ വീണ്ടും കണ്ണുകൾ കൂടുതൽ ജാഗ്രതയോടെ ആരെയോ തേടി കൊണ്ടിരുന്നു.
താൻ ഊഹിച്ചത് പോലെ.. അവൻ.. ആ ക്രിസ്റ്റി ഫിലിപ്പ് അവനിവിടെ വന്നുവെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.
“ഇപ്പൊ നീ വലിയ മിടുക്കനായി തിരികെ പോയിരിക്കും. പക്ഷേ.. ഇനി ഞാനൊരുക്കുന്ന കെണിയിൽ നിന്നും സാക്ഷാൽ പടച്ചോന് പോലും നിന്നെ രക്ഷിക്കാൻ കഴിയില്ല. കാത്തിരുന്നോ നീ.. ക്രിസ്റ്റി ഫിലിപ്പ്..”
തിരികെയിറങ്ങുമ്പോൾ അവന്റെ പല്ലുകൾ ദേഷ്യം കൊണ്ട് ചേർന്നമർന്നിരുന്നു.
❣️❣️
വിറക്കുന്ന കൈകൾ കൊണ്ട് ആസിയയുമ്മ ഷാനവാസിന്റെ മുഖത്തു തലോടി.
ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ പൂത്തുലഞ്ഞു കാണുന്നുണ്ട്.
“ഉമ്മാക്ക് പെരുത്ത് സന്തോഷായി ഷാനോ.. ന്റെ എത്ര കാലത്തെ പ്രാർത്ഥനയാണെന്ന് അറിയോ അനക്ക് ”
ആ പറഞ്ഞത് ശെരിയാണ്.
സന്തോഷം കൊണ്ടവരുടെ വാക്കുകൾ ഇടറി പോയിരുന്നു.
“സാരല്ല ഉമ്മാ. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നല്ലേ. ഇതിപ്പോ ഇപ്പഴാ പടച്ചോൻ എനിക്ക് വിധിച്ചതെന്ന് കരുതിയ മതി ”
ഷാനവാസ് ചിരിയോടെ അവരുടെ മെല്ലിച്ച കൈകൾ മുറുകെ പിടിച്ചു.
“പോടാ അവിടുന്ന്.. പറയുബോയൊക്കെ ഓന്റെയൊരു ലൊടുക്ക് ന്യായം കൊണ്ട് വന്നിട്ടിപ്പോ.. സമയം ആയില്ല പോലും ”
അവർ അയാളുടെ തോളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു.
“കാര്യമൊക്കെ ശെരി തന്നെ. പക്ഷേ ആര് പെണ്ണ് തരും.? ഉമ്മാന്റെ പുന്നാര മോന് ഇരുപത്തിയഞ്ചല്ല.വയസ്സ് പത്തു നാല്പതു കഴിഞ്ഞു. ചെറിയ ചെക്കന്മാർ പോലും കെട്ടാനൊരു പെണ്ണിനെ കിട്ടാണ്ട് ഓടി പാഞ്ഞു നടക്കുന്ന ഇക്കാലത്താ ഞാൻ ചെല്ലുന്നത്. അടി കിട്ടാഞ്ഞ ഭാഗ്യം ”
ഷാനവാസ് താടിക്ക് കൈ കൊടുത്തു കൊണ്ട് സങ്കടം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
“നന്നായി പോയി.. കിട്ടിയാ അങ്ങട്ട് സഹിച്ചോ. നല്ല പ്രായത്തിൽ ഞാൻ പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ? അങ്ങനെ തന്നെ വേണം അനക്ക് ”
അതും പറഞ്ഞിട്ട് ആസിയയുമ്മ ഉറക്കെ പൊട്ടിചിരിച്ചു പോയി.
അവശതയെല്ലാം അവർ മറന്നു പോയത് പോലെ.
താനൊരു വിവാഹത്തിന് സമ്മതിച്ചു എന്നയറിവ് തന്നെ അവർക്കൊരു പുതിയ പ്രതീക്ഷ കൊടുത്തത് പോലെ.
ഷാനവാസ് ഏറെ സ്നേഹത്തോടെ അവരുടെ കൈ പിടിച്ചിട്ട് താങ്ങി എഴുന്നേൽപ്പിച്ചിരുത്തി.
എന്നിട്ട് അവരുടെ അരികിൽ ചേർന്നിരുന്നു.
“ഒന്നും ണ്ടാവില്ല ഷാനോ.. അനക്ക് പറ്റിയൊരു പെണ്ണ് ഈ ദുനിയാവിൽ എവിടെയോ ഉണ്ടെടാ. ഉമ്മാന്റെ കുട്ടി ഓളെയൊന്ന് കണ്ടു പിടിക്കേണ്ട താമസമേയൊള്ളു. ശ്രമിച്ചാ നടക്കാത്തതായി ന്താ ഷാനോ ള്ളത്. ഇജ്ജാങ്ങോട്ട് ഇറങ്ങി നോക്കെടാ മോനെ ”
ആസിയുമ്മ സ്നേഹത്തോടെ അവന്റെ തോളിൽ ചാരി കൊണ്ട് പറഞ്ഞു.
ഷാനവാസിന്റെ ചുണ്ടിൽ മനോഹരമായൊരു ചിരിയുണ്ടായിരുന്നു അത് കേട്ടതും.
അന്നോളം അങ്ങനൊരു സ്വപ്നം പോലുമുണ്ടായിട്ടില്ല. ഈ ജന്മം മുഴുവനും ഉമ്മാക്ക് വേണ്ടി എന്നായിരുന്നു മനസ്സിൽ.
ഇന്നിപ്പോൾ നനുത്തൊരു മന്ദാഹാസത്തോടെ ഹൃദയത്തിലേക്ക് വയ്യാത്ത കാലുകൾ വലിച്ചു നീക്കി കൊണ്ടൊരുവൾ എത്ര വേഗത്തിലാണ് കയറി കൂടിയിരിക്കുന്നത്.
ഓർക്കുമ്പോൾ തന്റെ ചുണ്ടിലൊരു ചിരി പകരാൻ പാകത്തിന് സന്തോഷം നിറച്ചു കൊണ്ട്…
ആസിയുമ്മ വീണ്ടും വീണ്ടും എന്തൊക്കെയോ സ്വപ്നങ്ങൾ പറയുന്നുണ്ട്.
“അതെല്ലാം നടന്നു കാണാനും ആാാ സന്തോഷം അനുഭവിക്കാനും ന്റുമ്മാക്ക് നീ ആയുസ്സും ആരോഗ്യവും കൊടുക്കണേ പടച്ചോനെ “ന്ന് മൂകമായി.. ഹൃദയം നൊന്തു കൊണ്ട് പ്രാർത്ഥിക്കുകയാണ് ഷാനവാസ് അപ്പോഴും.
❤️❤️
“നീ കയറുന്നില്ലേ?”
വീട്ടിലേക്ക് തിരികെയ്യെത്തിയതും ക്രിസ്റ്റി ചോദിച്ചു.
അകത്തേക്ക് ചെന്നിട്ട് പ്രിയപെട്ടവളെയൊരു നോക്ക് കാണാൻ ഒരുപാട് കൊതിയുണ്ടായിട്ടും.. നേരമൊരുപാടായിയെന്ന് കാരണം പറഞ്ഞിട്ട് ഫൈസി ഒഴിഞ്ഞു.
“ഇന്നിനി വേറെ വെളിച്ചം കൊടുപ്പ് ഒന്നുമില്ലല്ലോ?”
ക്രിസ്റ്റീയെ കൂർപ്പിച്ചു നോക്കി കൊണ്ട് ഫൈസി ചോദിച്ചു.
“അതെന്താടാ അങ്ങനെ ഒരു ചോദ്യം?”
“അല്ല.. നിനക്ക് പ്രണയം തലക്ക് പിടിച്ചു പിരി പോയി നിൽക്കുവാ.ചുറ്റും ഉള്ളതിനെയൊന്നും കാണില്ല.അവിടൊരുത്തൻ നിനക്കായ് വല വിരിച്ചു കൊണ്ട് കാത്തിരിപ്പുണ്ട്.അതൊന്ന് ക്ലിയർ ചെയ്യാൻ വേണ്ടി ചോദിച്ചതാ ”
ഫൈസി ഗൗരവത്തോടെ പറഞ്ഞു.
“ആഹ്.. പ്രണയം അങ്ങനാണ് എന്ന് ഒരിക്കലും പ്രണയിക്കാത്ത നിനക്കെങ്ങനെ അറിയാമെടാ മോനെ ഫൈസി?”
കള്ളചിരിയോടെ വീണ്ടും ക്രിസ്റ്റിയുടെ ചോദ്യം.
ഫൈസി പെട്ടത് പോലെ ഒരു നിമിഷം നിന്ന് പോയി.
ഇവനിത് എന്ത് ഭാവിച്ച ന്റെ പടച്ചോനെ?
പഹയന്റെ ഓരോ വാക്കുകളും എന്റെ ഇടനെഞ്ചിലാണ് പൊട്ടി ചിതറുന്നതെന്ന് ഇവനറിയുന്നുണ്ടോ?
അവളെ ഒന്നറിയിച്ചിട്ട്.. ആ ഉത്തരമൊന്നു കേട്ടാൽ..അതിനി എന്തായാലും.. ഇവനോട് ഒന്ന് പറഞ്ഞിട്ട് ഹൃദയത്തിലെ ഈ ഒളിച്ചു കളിയുടെ ഭാരം ഒഴിവാക്കാമായിരുന്നു.
“എന്തോന്നെടെ..ഇത്രേം ഓർക്കാൻ..?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“സിലബസിൽ ഇല്ലാത്ത ചോദ്യം ചോദിച്ചതും പോരാ.ഓന്റൊരു..ഒലക്കമ്മലെ സംശയം.”
ഫൈസി അവസാന അടവേണോണം പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
“ആഹ്.. അത് വിട് മോനെ.നീ ഉത്തരം പറഞ്ഞിട്ട് പോയാ മതി ”
ക്രിസ്റ്റി വിടാനുള്ള ഭാവമില്ല.
“എടാ.. അതിപ്പോ.. ഇതൊക്കെ അറിയാൻ പ്രണയം… പ്രണയം വേണമെന്നുണ്ടോ.?ഞാൻ കാണുന്നതല്ലേ.. നിലാവാത്തു അഴിച്ചു വിട്ട കോഴിയെ പോലെ.. ഇവിടൊരുത്തൻ നിലാവിന്റെ തോഴനെ പോലെ ചുറ്റി തിരിയുന്നത്.അത്രയൊക്കെ അറിവ് മതി തത്കാലം ഇതൊക്കെ പറയാൻ ”
ഫൈസി പറഞ്ഞത് കേട്ടതും ക്രിസ്റ്റിയൊന്നു തല കുലുക്കി.
“ഓ..അങ്ങനെ ആണല്ലേ..? ശെരി.. ആയിക്കോട്ടെ.”
ക്രിസ്റ്റി ചിരിയോടെ സമ്മതിച്ചു കൊടുത്തു.
‘ശെരിയെന്നാ.. ഞാൻ പോയി.”
അത് പറഞ്ഞു കൊണ്ട് ഫൈസി ബൈക്കിലേക്ക് കയറി.
“ന്താടാ?”
പോക്കറ്റിൽ മാറി മാറി തിരയുന്ന ഫൈസിയോട് ക്രിസ്റ്റി ചോദിച്ചു.
“കീ…കാണുന്നില്ലടാ ”
ഫൈസി വീണ്ടും ജീൻസിന്റെ പോക്കറ്റിൽ തപ്പി കൊണ്ട് പറഞ്ഞു.
“നീ എവിടാ വെച്ചത്..?ഓർത്തു നോക്ക് ”
“എനിക്കോർമ്മയില്ലേടാ. സാധാരണ പോക്കറ്റിൽ ഇടാറുള്ളതാ ”
“എന്റെ മുറിയിൽ ഉണ്ടോ ഇനി?”
“അറിയില്ല ”
ഫൈസി കൈ മലർത്തി..
“വാ നോക്കാം ”
അതും പറഞ്ഞിട്ട് ക്രിസ്റ്റി അകത്തേക്ക് കയറുമ്പോൾ.. എങ്ങാനും പോവും മുന്നേ പ്രിയപ്പെട്ടവളുടെ മുഖമൊന്നു കാണാൻ വീണ്ടും അങ്ങോട്ട് കയറാൻ ആ കീ മനഃപൂർവം അവിടെ വെച്ചതോർത്തു കൊണ്ട് ഫൈസി ചിരിക്കുന്നുണ്ടായിരുന്നു..
തുടരും.
“ഇവിടെല്ലാരും ഉറങ്ങിയോടാ?”
അകത്തേക്ക് കയറുമ്പോൾ ഒട്ടൊരു നിരാശയിലാണ് ഫൈസിയുടെ ചോദ്യം.
ഒരൊറ്റ നോക്കിന് വേണ്ടിയാണ് ഈ സാഹസം മുഴുവനും കാണിക്കുന്നത്.
അതിനിയും നടക്കില്ലേ എന്നായിരുന്നു ആ നിരാശ.
“സമയം പതിനൊന്നു കഴിഞ്ഞു. അതറിഞ്ഞിട്ടില്ലേ നീ?”
ക്രിസ്റ്റി ചിരിയോടെ അവനെ നോക്കി.
“അതൊക്കെയൊരു സമയമാണോ ന്റെ ക്രിസ്റ്റി?”
മനസ്സിലെ വേദന അടക്കി പിടിച്ചു കൊണ്ട് നേർത്തൊരു ചിരിയോടെ അത് പറഞ്ഞിട്ട് ഫൈസി അവനൊപ്പം മുകളിലേക്ക് കയറി.
ക്രിസ്റ്റി ഇറങ്ങി പോകുന്നത് കണ്ടത് കൊണ്ടാണ് ഡെയ്സി മുൻ വശത്തെ വാതിൽ കുറ്റിയിടാതെ ചാരി വെച്ചത്.
ഹാളിലെ ഒരു ബൾബ് മാത്രം കത്തി കിടക്കുന്നുണ്ട്.
“നിനക്ക് കഴിക്കാൻ വല്ലതും വേണോ ടാ ”
മുകളിലേക്ക് സ്റ്റെപ്പ് കയറുന്നത് നിർത്തി ക്രിസ്റ്റി ഫൈസിയെ നോക്കി.
“ഏയ്.. ഞാൻ കഴിച്ചിട്ട വന്നത് ”
അവൻ കയറുന്നതിനിടെ പറഞ്ഞു.
അത് കേട്ടതോടെ ക്രിസ്റ്റി അവന് പിറകെ ചെന്നു.
മുകളിലേക്ക് എത്തിയതും ഫൈസിയുടെ മുഖം കൂടുതൽ മങ്ങി.
അവരെല്ലാം ഉറക്കമായെന്ന് അടയാളപ്പെടുത്തുന്നത് പോലെ… അണഞ്ഞു കഴിഞ്ഞ വെളിച്ചം അവനുള്ളിൽ ഇരുട്ട് പടർത്തി.
“അവിടെങ്ങാനും ഉണ്ടോയൊന്നു നോക്ക്.. നിന്റെ കീ ”
ക്രിസ്റ്റി അവന്റെ മുറിയിലേക്ക് കയറിയതും ഫൈസിയോട് പറഞ്ഞിട്ട് നേരെ ബാത്റൂമിലേക്കാണ് പോയത്.
മേശയുടെ മുകളിൽ വെച്ച കീ എടുക്കാൻ വേണ്ടി ഫൈസി തിരിഞ്ഞതും കാറ്റ് പോലെ പാഞ്ഞു വന്നിട്ട് ഉടുമ്പടക്കം അവനെയെന്തോ ഇറുക്കി കെട്ടിപിടിച്ചു നിന്നതും ഒരു നിമിഷം കൊണ്ട് കഴിഞ്ഞിരുന്നു.
തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് ആദ്യം ഒരു നിമിഷം ഞെട്ടി പോയെങ്കിലും.. ചേർന്നു വന്നു നിൽക്കുന്നത് സ്വന്തം പ്രാണൻ തന്നെയാണെന്നുള്ള ഓർമ… അവനൊന്നു വിറച്ചു പോയി.
പുറത്തേക്ക് മുഖം ചേർത്ത് വെച്ചവൾ കരയുകയാണെന്ന് ഷർട്ടിൽ പതിയുന്ന ഇളം ചൂടറിഞ്ഞതും അവൻ മനസ്സിലാക്കി.
എന്ത് പറ്റിയെന്നോർത്ത് ഹൃദയം പിടഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ നിൽക്കാനേ അവനപ്പോൾ കഴിഞ്ഞതൊള്ളൂ.
അവളുടെ സാമീപ്യം അവനെ അത്രമേൽ തളർത്തി കളഞ്ഞത് പോലെ… ഫൈസി വിറച്ചു.
പുറം മേനിയിൽ ചേർന്നു നിന്ന് കൊണ്ട് കരച്ചിൽ കൊണ്ടുലയുന്നവളെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കാൻ തോന്നിയത് അവൻ വളരെ ശ്രമപ്പെട്ടുകൊണ്ടാണ് ഒതുക്കിയത്.
തന്റെ ചെറിയൊരു അനക്കം പോലും.. അവളുടെ ഈ നിൽപ്പ് അവസാനിപ്പിക്കുമെന്ന് പേടിച്ചു കൊണ്ടവൻ ശ്വാസം പോലും വിടാൻ മടിച്ചു.
പക്ഷേ തൊട്ടടുത്ത നിമിഷം ക്രിസ്റ്റി ബാത്റൂമിൽ നിന്നുമിറങ്ങി വന്നതോടെ ആ ശബ്ദം കേട്ട് തലയുയർത്തി നോക്കിയ മീരാ പൊള്ളിയത് പോലെ പിടഞ്ഞു മാറി.
“തെണ്ടി… ഇറങ്ങി വരാൻ കണ്ട നേരം ”
അവളകന്നു മാറിയതും ഫൈസി പല്ല് കടിച്ചു കൊണ്ട് ക്രിസ്റ്റിയെ തല ചെരിച്ചു നോക്കി.
“എന്തേ മോളെ?”
ഞെട്ടി തരിച്ചു കൊണ്ട് അവനെയും ഫൈസിയെയും മാറി മാറി നോക്കി വിളറി നിൽക്കുന്ന മീരയോട് അവൻ ചോദിച്ചു.
അവനോടെന്തു പറയണമെന്നറിയാത്ത ഒരവസ്ഥയിൽ അവളും പകച്ചു പോയിരുന്നു.
അതിനേക്കാൾ.. തനിക്കു മുന്നിലേക്ക് തിരിഞ്ഞ ഫൈസിയുടെ മുഖത്തെക്ക് നോക്കാൻ അവൾക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു.
വർക്കിയോട് അങ്ങനെയെല്ലാം പറഞ്ഞെങ്കിലും.. സ്വന്തം അച്ഛൻ.. അയാളെ അത്രയും അടുത്ത്… ആദ്യമായി കണ്മുന്നിൽ കണ്ടിട്ടും നീ ആരാന്നുള്ള ചോദ്യം… അതവളുടെ ഉള്ളിൽ കനൽ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു.
ക്രിസ്റ്റി വരുന്നതും കാത്ത് ഉറങ്ങാതെയിരുന്നത്.. നെഞ്ചിൽ കനം തൂങ്ങി കിടന്നു ശ്വാസം മുട്ടിക്കുന്ന ആ ഭാരം. അതൊന്ന് അവനെ അറിയിക്കണം.. ആ നെഞ്ചിൽ ചേർത്ത് പിടിച്ചു പറയുന്ന ആശ്വാസവാക്കുകൾ കൊണ്ടുള്ളം തണുപ്പിക്കണം എന്നൊക്കെ കരുതി തന്നെയാണ്.
വന്നുവെന്ന് മനസിലായതും മറ്റൊന്നും ഓർക്കാതെ ഓടി വന്നു കെട്ടിപിടിച്ചു നിന്നതും ഉള്ളിൽ സങ്കടത്തിന്റെ ശക്തമായ തിരയുള്ളത് കൊണ്ടാണ്.
പക്ഷേ… അവനൊപ്പം ഫൈസി കൂടി ഉണ്ടാവുമെന്ന് അവൾ സ്വപ്നത്തിൽ കൂടി കരുതിയിട്ടില്ല.
ഇച്ഛയാണെന്ന് കരുതിയിട്ടാണ് അത്രേം ചേർന്നു നിന്നത്
ഇപ്പോഴത് ഓർക്കുമ്പോൾ അവൾക്കുള്ളിൽ ഒരു പരവേശമാണ് തോന്നുന്നതും.
“ഡീ ”
ഒരക്ഷരം മിണ്ടാതെ തന്നെയും ഫൈസിയെയും ഒന്ന് തുറിച്ചു നോക്കിയിട്ട് പിന്നെ മിണ്ടാതെ നിൽക്കുന്ന മീരയെ ക്രിസ്റ്റി തോളിൽ പിടിച്ചുലച്ചു.
“എന്തേ.. പറ്റിയത്. എന്തിനാ നീ കരയുന്നത്?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
പക്ഷേ അതിനുത്തരമൊന്നും പറയാതെ ഫൈസിയെ ഒന്ന് കൂടി നോക്കി അവളിറങ്ങി പോയതും ക്രിസ്റ്റി നെറ്റി ചുളിച്ചു.
“ഈ പെണ്ണിനിതു എന്തോ പറ്റി?”
അവൾ പോയ വഴിയേ നോക്കി പറഞ്ഞിട്ട് ക്രിസ്റ്റി ഫൈസിയെ നോക്കി.
അവന്റെ പറന്നു പോയ കിളികളിൽ ചിലതിനെയൊക്ക അവൻ ആട്ടി പിടിച്ചു കൂട്ടിലാക്കി വെച്ചിട്ടുണ്ട്.
എന്നിട്ടും പൂർണമായും വെളിവ് വരാത്ത പോലാണ് നിൽപ്പ്.
ക്രിസ്റ്റിക്ക് അത് കണ്ടതും ചിരി വന്നു.
“നീ എന്നതാടാ എന്റെ കൊച്ചിനെ ചെയ്തത്?”
അവൻ ചിരിയൊതുക്കി ഫൈസിയെ നോക്കി കണ്ണുരുട്ടി.
“ഞാനോ.. ഞാൻ ന്തോ ചെയ്യാൻ?”
അവൻ കൈ മലർത്തി കാണിച്ചു നിരപരാധിത്തം വെളിവാക്കി.
“പിന്നെന്തിനാ അവൾ കരയുന്നത്?”
ക്രിസ്റ്റി വീണ്ടും അവന്റെ നേരെ കൂർപ്പിച്ചു നോക്കി.
“അതിന്നോടാണോ ചോദിക്കുന്നത്.?”
“നീയല്ലേ ഇവിടുണ്ടായിരുന്നത്. അപ്പോപ്പിന്നെ നിന്നോടല്ലേ ചോദിക്കേണ്ടതും?”
“ഓഹോ.. അങ്ങനെയാണോ.. എങ്കിൽ കേട്ടോ.. ഞാനവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു. ന്തേയ്?”
ഫൈസി ക്രിസ്റ്റിയുടെ ചോദ്യം ഇഷ്ടപെടാത്തത് പോലെ വീറോടെ അവനെ നോക്കി.
“എങ്കിൽ അടിച്ചു നിന്റെ പല്ല് ഞാൻ കൊഴുക്കും ”
ക്രിസ്റ്റി അവന് നേരെ മുഷ്‌ടി ചുരുട്ടി കൊണ്ട് കൈ ഉയർത്തിയതും ഫൈസി മുഖം പിന്നിലേക്ക് വെട്ടിച്ചു.
“എന്റെ നെഞ്ചിൽ കേറി മാന്തി പറിക്കാതെ ആ പെണ്ണെന്തിനാ കരഞ്ഞതെന്ന് പോയി നോക്കുവോ നീ.. ഏഹ്?”
പെടുന്നനെ ഫൈസി ഒച്ചയിട്ടതും ക്രിസ്റ്റി ഞെട്ടി പോയി.
“അല്ലപിന്നെ.. ഞാനവളെ ഒന്നും ചെയ്യില്ലെന്ന് എന്നേക്കാൾ നന്നായി നിനക്കറിയില്ലേടാ തെണ്ടി. എന്നിട്ടും നിന്ന് എന്നെ ചോദ്യം ചെയ്യാതെ അവളെന്തിന് കരഞ്ഞു എന്ന് പോയി നോക്കാതെ നിൽക്കുവാ അവൻ ”
ഫൈസി വീണ്ടും പല്ല് കടിച്ചു.
കണ്ണ് നിറച്ചു കൊണ്ടിറങ്ങി പോയവൾ അവന്റെ ഇടനെഞ്ചിലൊരു മുറിവായി തീർന്നിരിക്കുന്നു.
അതിന്റെ നീറ്റലും പുകച്ചിലും അവന് സഹിക്കാവുന്നതിലും എത്രയോ അധികമാണ്.
“അതിന് നീ എന്നാത്തിനാ ടാ വെറുതെ ചൂടാവുന്നത്?”
ക്രിസ്റ്റി അവന് മുന്നിൽ നടുവിന് കൈ കൊടുത്തു നിന്ന് കൊണ്ട് ചോദിച്ചു.
“വേണ്ടടാ.. ഞാൻ നിന്നെ പിടിച്ചൊരു അവാർഡ് തരാം. അത് മതിയാകുമോ? അവനൊരു തൊലിഞ്ഞ ഇച്ഛാ വന്നേക്കുന്നു?”
ഫൈസി പുച്ഛത്തോടെ ചുണ്ട് കോട്ടി.
“അത്രേം നോവുന്നുണ്ടെങ്കിൽ നീ പോയി ചോദിക്കെടാ.. അവളോട് എന്നാ പറ്റിയെന്നു”
“ഞാൻ ചോദിക്കും എനിക്ക് നോവും. പക്ഷേ ഞാൻ ചോദിച്ചാ അവള് വല്ലതും മൊഴിയണ്ടേ.. മനുഷ്യന്റെ ജീവൻ പോകും പോലാ ഇവിടെ നിൽക്കുന്നത്.. അത്.. അത് വല്ലതും നിനക്കറിയോ?”
ഫൈസി വീണ്ടും ക്രിസ്റ്റിക്ക് നേരെ ചാടി.
നേർത്തൊരു ചിരിയോടെ അവനെ നോക്കി നിൽക്കുന്ന ക്രിസ്റ്റി ഒരു നിമിഷം ഒന്നും മിണ്ടിയില്ല.
അവന്റെ നിൽപ്പ് കണ്ടതും താനിപ്പോൾ വിളിച്ചു പറഞ്ഞതോർക്കേ ഫൈസിയുടെ മുഖം കുനിച്ചു.
പടച്ചോനെ.. ഉള്ളിലെ ടെൻഷൻ കൊണ്ട് അറിയാതെ എന്തൊക്കെയോ പറഞ്ഞും പോയി.
ഇനിയിപ്പോ എന്ത് പറഞ്ഞിട്ടാണ് ഇവന് മുന്നിൽനിന്നും ഒന്നൂരി പോരുന്നത്?
“അതെന്താടാ… അവളുടെ കണ്ണ് നിറയുമ്പോൾ നിനക്കിത്രേം നോവുന്നത്.. ഏഹ്?”
അതേ ചിരിയിൽ തന്നെയാണ് ക്രിസ്റ്റിയുടെ ചോദ്യം.
ഫൈസി വിയർത്തു പോയിരുന്നു.
“എടാ… അത് പിന്നെ ഞാൻ..”
അന്നാദ്യമായി ഫൈസി ക്രിസ്റ്റിയുടെ മുന്നിൽ വാക്കുകൾക്കായി തപ്പി തടഞ്ഞു.
“മുഖം ഉയർത്തി പറയെടാ അങ്ങോട്ട്…?”
ക്രിസ്റ്റി വീണ്ടും ഫൈസിയെ നോക്കി.
അപ്പോഴും അവനൊന്നും മിണ്ടിയില്ല.
“നീ എന്താടാ കരുതിയത്. നിന്റെ മനസ്സെനിക്കറിയാൻ നീ പറയണമെന്നോ?”
അതേ ചിരിയോടെ ക്രിസ്റ്റി അത് ചോദിക്കുമ്പോൾ ഫൈസി ഞെട്ടി കൊണ്ടവനെ നോക്കി.
“എനിക്കിത് മനസ്സിലായിട്ട് നാള് കുറെയായി. നീയായിട്ട് പറയട്ടെ ന്ന് കരുതി ഞാനും മിണ്ടാതെ നടന്നതാ.”
ഫൈസി ശ്വാസം അടക്കി പിടിച്ചു കൊണ്ടാണ് അവനെ നോക്കുന്നത്.
“എന്നെയറിയാൻ നിനക്കാരുടെയെങ്കിലും സഹായം വേണ്ടല്ലോ ഫൈസി. അത് പോലെ തന്നെയല്ലേടാ എനിക്ക് നീയും? ”
ക്രിസ്റ്റി പറഞ്ഞു മുഴുവനാക്കും മുന്നേ ഫൈസി അവനെ കെട്ടിപിടിച്ചു.
“സോറിയെടാ.. ഞാൻ.. ഞാൻ മനഃപൂർവം അല്ല.. അവൾക്ക് പോലും അറിയില്ല. ആദ്യം അതിനൊരു തീരുമാനമായിട്ട് നിന്നോട് പറയാന്ന് കരുതിയിട്ടാ ”
അവനോട് ചേർന്ന് നിന്നിട്ട് കുറ്റബോധത്തോടെ പറയാൻ ശ്രമിക്കുന്ന ഫൈസിയെ ക്രിസ്റ്റി അടർത്തി മാറ്റി.
“എനിക്ക് മനസ്സിലാവുമെടാ ”
അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.
“വാ നമ്മുക്ക് രണ്ടു പേർക്കും കൂടി പോയിട്ട് ചോദിക്കാം അവളോട്.. എന്തിനാ എന്റെ ചെങ്ങാതിയുടെ ഖൽബ് പിടയിക്കാൻ നീ നിന്റെ കണ്ണ് നിറച്ചതെന്ന്..”
ക്രിസ്റ്റി അവനെ പുടിച്ചുലച്ചു കൊണ്ട് ചോദിച്ചു.
“ഞാനില്ല.. നീ പോയാ മതി ”
ചിരിയോടെ തന്നെ ഫൈസി അവനെ നോക്കി.
“ഓ.. നിനക്കൊന്ന് കണ്ടാൽ മതിയല്ലോ ല്ലേ. അതിന് വേണ്ടിയല്ലേ മനഃപൂർവം കീ ഇവിടെ വെച്ചതും ”
ക്രിസ്റ്റി ചോദിച്ചതും ഫൈസി കള്ള ചിരിയോടെ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടവനെ നോക്കി.
“എന്നാ കള്ള കാമുകൻ ചെല്ല്. ഞാൻ ചോദിച്ചിട്ട് നിന്നെ അറിയിച്ചോളാം.”
ക്രിസ്റ്റി അവന്റെ തോളിൽ തട്ടി.
“ബൈ…”
കൂടുതലൊന്നും പറയാൻ നിൽക്കാതെ ഫൈസി കീ എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു.
“പേടിക്കേണ്ട.. ഞാൻ പറഞ്ഞിട്ടല്ല. നീ പറഞ്ഞിട്ട് തന്നെ അവളത് അറിയണം ”
വാതിൽക്കൽ എത്തിയിട്ട് തിരിഞ്ഞു നോക്കിയ ഫൈസിയോടെ ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.
“പിന്നൊരു കാര്യം.. അവൾക്ക് മോഹം കൊടുത്തിട്ട് ഒടുവിൽ.. ജാതി മതം ന്നൊക്കെ പറഞ്ഞിട്ട് അതിന്റെ കണ്ണ് നിറച്ചാൽ.. നീ കാരണം അവളുടെ മനസ്സ് വേദനിച്ചാൽ.. അറിയാലോ നിനക്കെന്നെ?”
അത് പറയുമ്പോൾ ക്രിസ്റ്റിയെന്ന ആങ്ങളയാണ് ഫൈസിക്ക് മുന്നിൽ നിന്നിരുന്നത്.
“ജീവൻ പോവേണ്ടി വന്നാലും ഫൈസൽ മുഹമ്മദ് വാക്ക് മാറില്ലെന്ന് നിന്നോളം അറിയാവുന്നവർ ഈ ഭൂമിയിലുണ്ടോ ടാ ”
വാതിൽ പടിയിൽ ചാരി നെഞ്ചിൽ കൈ കെട്ടി നിന്ന് കൊണ്ട് അവനത് പറയുമ്പോൾ അതിലുണ്ടായിരുന്നു ക്രിസ്റ്റിക്കുള്ള ഉത്തരം..
അവനവളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നതിന്റെ അടയാളം കൂടിയുണ്ടായിരുന്നു ആ വാക്കുകൾക്കുള്ളിൽ…
❣️❣️
ക്രിസ്റ്റി ചെല്ലുമ്പോൾ കിടക്കയിൽ മുഖം കുനിച്ചിരിപ്പാണ് മീരാ.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞു കൊണ്ട് എഴുന്നേറ്റു നിന്നവളുടെ കണ്ണുകൾ തനിക്കു പിറകിൽ വീണ്ടും ആരെയോ പരതുന്നതറിഞ്ഞതും അവനൊന്നു ചിരിച്ചു.
ഫൈസി പോയി ”
അവൻ അത് പറഞ്ഞു കൊണ്ട് കിടക്കയിൽ പോയിരുന്നു.
“എന്തായിരുന്നു ഇത്രേം സങ്കടം?”
തനിക്കരികിലേക്ക് മീരയെ കൈ പിടിച്ചിരുത്തുന്നതിനിടെ ക്രിസ്റ്റി ചോദിച്ചു.
ഞൊടിയിട കൊണ്ടവൾക്ക് സങ്കടം വന്നു വിങ്ങി.
കണ്ണുകൾ നിറഞ്ഞു.
“അച്ഛൻ..”
അത്ര മാത്രം പറഞ്ഞു കൊണ്ടവൾ മുഖം താഴ്ത്തി.
“കാണാൻ വന്നിരുന്നു. അല്ലേ?”
പുച്ഛത്തോടെ ക്രിസ്റ്റി ചോദിച്ചു.
“മ്മ് ”
“അതിന് നീ എന്നാത്തിനാ മോളെ കരയുന്നത്? ഞാനിത് കുറച്ചു മുന്നേ പ്രതീക്ഷിച്ചിരുന്നു ”
ക്രിസ്റ്റി അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ചോദിച്ചു.
“എന്നോട്.. നീ ആരാന്ന് ചോദിച്ചു..”
ക്രിസ്റ്റിയെ നോക്കി അവളത് പറയുമ്പോൾ.. കണ്ണുനീർ കവിളിലേക്ക് ഒലിചിറങ്ങി.
“അതയാളുടെ വിധിയാണ് മീരേ. സ്വന്തം രക്തത്തെ തിരിച്ചറിയാൻ കൂടി കഴിയാതെ.. അയാളിനിയും അനുഭവിക്കാൻ കിടക്കുന്നതേയൊള്ളു ”
അത് പറയുമ്പോൾ ക്രിസ്റ്റിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
“ഇതിനാണോ ഇപ്പൊയീ കരയുന്നത്. അയ്യേ..”
ക്രിസ്റ്റി മുഖം ചുളിച്ചു.
“അയാൾക്ക് മുന്നിലും പോയി കണ്ണീരോലിപ്പിച്ചു നിന്നിട്ട് ആ ശാരിയാന്റിയുടെ വില കളഞ്ഞോടി നീ? ”
അവളെ അടർത്തി മാറ്റി കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
നേർത്തൊരു ചിരിയോടെ ആ ഓർമയിൽ അവൾ ഇല്ലെന്ന് തലയാട്ടി കൊണ്ട് ക്രിസ്റ്റിയെ നോക്കി.
“അതാണ്…”
അവൻ അവളുടെ കവിളിൽ തട്ടി.
“ഇനി കരയേണ്ടത്.. അത് വർക്കി ചെറിയാനാണ് മീരേ.”
ക്രിസ്റ്റി അവളോട് പറഞ്ഞു കൊണ്ട് എഴുന്നേറ്റു.
“അത് കൊണ്ട് ഒന്നും ആലോചിച്ചു വെറുതെ ടെൻഷനാവാതെ കിടന്നുറങ് നീ. നേരം ഒരുപാടായി”
അതും പറഞ്ഞിട്ട് ക്രിസ്റ്റി തിരിഞ്ഞു.
ഇച്ഛാ.. ”
അവൻ പുറത്തേക്കിറങ്ങും മുന്നേ മീരാ വിളിച്ചു.
“ഞാൻ.. ഞാൻ ഇച്ഛയാണെന്ന് കരുതിയിട്ടാ.. ഫൈസിക്കാനെ…”
പാതി പറഞ്ഞിട്ട് മീരാ ആകുലതയോടെ ക്രിസ്റ്റിയെ നോക്കി.
“ആ മരപ്പട്ടി എപ്പഴാ മോളെ ഫൈസിക്കയായി മാറിയത്?”
അവൾക്ക് നേരെ തിരിഞ്ഞു നിന്ന് ചിരിയോടെ അവനത് ചോദിക്കുമ്പോൾ.. മീരാ വെപ്രാളത്തോടെ മുഖം ഒളിപ്പിച്ചു പിടിക്കാനുള്ള വ്യഗ്രതയിലായിരുന്നു.
❣️❣️
ഉറക്കം ഉണരുമ്പോൾ തന്നെ ക്രിസ്റ്റിക്കൊരു വല്ലായ്മയുണ്ടായിരുന്നു.
ചിന്തകൾ കാട് കയറി അസ്വസ്ഥത നിറഞ്ഞ മനസ്സോടെ ഇന്നലെ പാതിരാവോളം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
എത്രയൊക്കെ ധൈര്യപ്പെടുത്തിയാലും.. എന്തിന്റെ പേരിലായിരുന്നാലും ഷാഹിദിനൊപ്പം ചേർന്നു നിൽക്കേണ്ടി വരുന്ന സ്വന്തം പ്രാണനെ ഓർത്തവൻ പൊള്ളി പിടഞ്ഞു.
അവൾക്കുള്ളിലും ഇതിനേക്കാൾ ഒരായിരമിരട്ടി നോവായിരിക്കുമെന്ന് അവനറിയാം.
താൻ കൊടുക്കുന്ന സ്നേഹത്തിന്റെ കെട്ടുറപ്പിലാവും ഇന്നവൾ അവന് മുന്നിൽ പോയി നിൽക്കുന്നതെന്നറിയാം.
അതാണവനെ കൂടുതൽ വേദനിപ്പിക്കുന്നതും.
ഇനിയുള്ള കാര്യങ്ങൾ കുറച്ചു കൂടി വേഗത്തിലാക്കിയേ പറ്റൂ.
എൻഗേജ്‌മെന്റ് എന്നതിനെ മറയാക്കി അവൻ അടുത്ത പ്ലാൻ റെഡിയാക്കുന്നതിന് മുന്നേ എന്നെന്നേക്കുമായി അവനെ ഒതുക്കാനുള്ള ഒരു പ്ലാൻ.. അത് തനിക്ക് റെഡിയാക്കിയേ പറ്റൂ.
അവന്റെ മുഖം വലിഞ്ഞു മുറുകി.
❣️❣️
ഷാഹിദിനു മുന്നിൽ നിൽക്കുന്ന പാത്തുവിന്റെ കല്ലിച്ച ഭാവത്തിലേക്കാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.
അറക്കലെ അന്നവിടെ കൂടിയ തരുണിമണികൾക്കെല്ലാം അവളെ കൊല്ലാനുള്ളത്രേം ദേഷ്യമുണ്ടായിരുന്നു.
നടക്കുമെന്നുറപ്പില്ലാഞ്ഞിട്ടയും എത്രയോ കാലം അവരുടെ സ്വപ്നനിമിഷമാണ് കണ്മുന്നിൽ നടക്കാൻ പോകുന്നതെന്ന ചിന്ത ഓരോ നിമിഷവും അവരെ ഓരോരുത്തരെയും അസ്വസ്ഥതപ്പെടുത്തി.
അവരെല്ലാം കൊതിച്ച.. ഷാഹിദിന്റെ ബീവിയെന്ന പട്ടം സ്വന്തമായി കിട്ടാൻ പോകുന്നവളുടെ മുഖം.. കടന്നൽ കുത്തിയത് പോലെ വീർത്തു നിൽക്കുന്നതിലാണ് അവർക്കെല്ലാം അത്ഭുതം തോന്നിയത്.
അവരുടെ മനസ്സിൽ.. ഇനിയവൾ രാക്ഞ്ജിയാണെന്നുള്ള ഓർമയാണെങ്കിൽ… അവൾക്കുള്ളിൽ പ്രിയപ്പെട്ടവന്റെ മുഖമാണ് വേദന നിറച്ചത്.
ഷാഹിദ് ആഹ്ലാദതിന്റെ കൊടുമുടിയിലാണെന്ന് അവന്റെ നിറഞ്ഞ ചിരി കാണുമ്പോൾ തന്നെ അറിയാം.
ഓഫ് വൈറ്റ് നിറത്തിലുള്ള ഷർവാണിയും .. അതിന് ചേരുന്നൊരു തലപ്പാവ് കൂടിയായപ്പോൾ അവന്റെ മൊഞ്ച് ഇരട്ടിയായിരുന്നു.
അവൻ പ്രതീക്ഷിച്ചത് പോലൊരു എതിർപ്പ് പാത്തു പറഞ്ഞില്ലെന്നത് കൂടി അവനുള്ളം ശാന്തമാക്കുമ്പോൾ… ക്രിസ്റ്റി പറഞ്ഞ ഓരോ വാക്കും തളർന്നു പോകാതിരിക്കാൻ ഉരുവിട്ട് കൊണ്ട് അവനരികിൽ പാത്തു നിൽപ്പുണ്ട്… പതറാതെ.
❣️❣️
പത്തു മിനിറ്റോളം കാത്തിരിക്കേണ്ടി വന്നിട്ടാണ് അന്ന് വർക്കിയുടെ മുന്നിൽ രാവിലെ ഭക്ഷണമെത്തിയത്.
ജീവിതത്തിന്റെ താളം തെറ്റുന്നുണ്ടന്നത് തോന്നൽ മാത്രമല്ലെന്ന് അന്നാദ്യമായി അയാൾക്ക് ബോധ്യമായി.
ഡെയ്സി അയാൾക്ക് മുന്നിലേക്ക് പോലും വരുന്നുണ്ടായിരുന്നില്ല.
എത്രയൊക്കെ അലറി വിളിച്ചാലും അവിടെ അയാളെ ആരും മൈന്റ് ചെയ്യുന്നില്ല എന്നതാണ് വർക്കി നേരിടുന്ന പ്രധാന വെല്ലുവിളി.
തന്നെ നേർക്ക് കണ്ടാൽ വിറച്ചിരുന്ന ജോലികാർക്കെല്ലാം ഇന്നിപ്പോ വല്ലാത്തൊരു ഭാവം.
എന്ത് പറഞ്ഞാലും ഒരു പുച്ഛം നിറഞ്ഞ ചിരി.
എല്ലാം.. എല്ലാം അവനൊറ്റയൊരുത്തൻ കാരണമാണന്നോർക്കേ.. വീണ്ടും വർക്കിയുടെ പല്ലുകൾ ഞെരിഞ്ഞു.
റിഷിനെ പുറത്തേക്ക് കാണാനേ ഇല്ലന്നയാൾ ഓർത്തു.
വർക്കി കഴിച്ചു കൊണ്ടിരിക്കുന്നത്തിനിടെ തന്നെയാണ് ക്രിസ്റ്റീയോടെന്തോ പറഞ്ഞു ഉറക്കെ ചിരിച്ചു കൊണ്ട് അവന്റെ കൂടെ പടികളിറങ്ങി വരുന്ന മീരയും ദിലും അയാളുടെ ശ്രദ്ധിയിൽ പെട്ടത്.
എന്തൊരു സന്തോഷമാണാ പെൺകുട്ടികളുടെ മുഖത്തെന്നാണ് അയാളുടെ കഴുകൻ മനസ്സ് ആദ്യം കണ്ട് പിടിച്ചത്.
അതാണയാളെ കൂടുതൽ അസ്വസ്ഥതപ്പെടുത്തിയതും…
തുടരും..