രചന – ഊർമ്മിള മിഥിലാത്മജ
രാത്രി വൈകും തോറുമവൾ പിച്ചും പെയ്യും പറഞ്ഞു കൊണ്ടിരുന്നു.. ആ രാത്രിയാകെ അവളെയും ഉണ്ണിയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ യാചിക്കുകയായിരുന്നു.. ഇടക്കെപ്പോഴോ തൻവിയും സുഗുണനും എല്ലാവരും കടന്നുവന്നത് വേദ് വേദനയോടെ കേട്ടിരുന്നു. അവന്റെ മിഴികൾ നിറഞ്ഞൊഴുകി… എത്രയും പെട്ടന്നൊരു പരിഹാരം കാണണമെന്നവൻ മനസ്സിലുറപ്പിച്ചു.. അവളുടെ പനിചൂടിൽ അവനവളെ ചേർത്തണച്ചു കിടന്നു.. നേരം നന്നേ വെളുത്തശേഷമാണ് ലക്ഷ്മി ഉറക്കമുണർന്നത്.. അപ്പോളും അവളെ ചേർത്ത് പിടിച്ചു വേദ് അവളോട് ചേർന്നിരിപ്പുണ്ടായിരുന്നു… പെട്ടന്നൊരു പിടച്ചിലോടവൾ അവനിൽ നിന്നടർന്നുമാറിയിരുന്നു… അവളുടെ തലക്കാകെ വല്ലാത്ത ഭാരം വച്ചതായി അവൾക്ക് തോന്നി…
മെല്ലെ എഴുന്നേറ്റ് കുളിക്കാനുള്ള ഡ്രെസ്സും എടുത്തു പുറത്തേക്ക് നടക്കുമ്പോളും അവളെത്തന്നെ ഇമചിമ്മാതെ നോക്കിയിരിക്കുന്ന വേദിനെ അവൾ ശ്രദ്ധിച്ചിരുന്നു..പക്ഷെ തിരിഞ്ഞു നോക്കുവാനോ മറുപടി പറയുവാനോ അവൾക്കായില്ല സുഗുണൻ പറഞ്ഞ വാക്കുകൾ ആ പെണ്ണിനെ അത്രമേൽ നോവിച്ചിരുന്നു.. ഇന്നലെയയാൾ നടുറോഡിൽ ഇല്ലായ്മ ചെയ്‍തത് അവളിലെ പെണ്ണിനെ തന്നെയാണെന്നവൾ ഓർത്തു… അടുക്കളപ്പുറത്തു ബെഞ്ചിൽ ഇരുപ്പുറപ്പിച്ചിരുക്കുന്ന ലക്ഷ്മിയെ കണ്ടാണ് വേദ് അവിടെക്ക് നടന്നത് അവളുടെ മുഖമാകെ വാടിതളർന്നിരുന്നു… കരഞ്ഞുവീർത്ത കൺതടങ്ങൾ തുറക്കാൻ മടികാണിക്കുന്നതായി തോന്നിയവന്. ന്റെ കുട്ടിയാകെ വാടിപ്പോയി.. കണ്ടോ അവളുടെ മുഖമൊക്കെ വീങ്ങിയിരിക്കണത്… മോള് ഈ കഞ്ഞിയങ്ങു കുടിക്കാൻ നോക്ക്.. എന്നാലേ ഒന്ന് എഴുന്നേറ്റ് നിൽക്കാനുള്ള ജീവൻ ന്റെ കുട്ടിക്ക് ഉണ്ടാവു… അമ്മായി നല്ല ചൂടുകഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്… ഇങ്ങനെ ചടഞ്ഞുകൂടിയിരിക്കാതെ ലച്ചു വേഗം ഇതേടുത്ത് കുടിച്ചേ.. അതും പറഞ്ഞു അവൾക്ക് മുന്നിലേക്ക് ആവിപറക്കുന്ന കഞ്ഞിയുമായി വരുന്ന അമ്മായിയെ അവൾ മെല്ലെ മിഴികളിയർത്തി നോക്കി…
നിക്ക് വിശക്കണില്ല അമ്മായി… ഇപ്പൊ വേണ്ട… അതും പറഞ്ഞവൾ വീണ്ടും പുറത്തേക്ക് കണ്ണും നട്ടിരുന്നു… ആഹ ഇപ്പൊ അങ്ങനെയായോ പിന്നെ ആർക്ക് വേണ്ടിയ ലച്ചൂട്ട്യേ ഞാനീ കഞ്ഞി ഉണ്ടാക്കിയത്.. ഒന്നും പറയണ്ട വേഗം വാ തുറന്നെ അമ്മായി വാരിത്തരാം കഞ്ഞി കുടിച്ചിട്ടുള്ള വർത്താനം ഒക്കെ മതിയിനി… എഴുന്നേറ്റ് നിൽക്കാൻ പോലുമുള്ള ജീവനില്ലല്ലോ നിനക്ക്… വേഗം ഈ കഞ്ഞികോരിക്കുടിച്ചിട്ട് ആശുപത്രിയിൽ പോകാൻ നോക്ക് രണ്ടുപേരും കൂടി .. വേദ്… നീ മോളെയും കൊണ്ടൊന്നു ഹോസ്പിറ്റലിൽ പോയി വാ.. ഇന്നലെ രാത്രി മുഴുവൻ പനിയായിരുന്നില്ലേ…ഇപ്പോഴും പനിക്കുന്നുണ്ട്… അതും പോരാഞ്ഞു ആ തണുപ്പ് വെള്ളത്തിൽ പോയി കുളിക്കേം ചെയ്തു… അവർ പരിഭവത്തോടെ അവളെ നോക്കി പറഞ്ഞു… ലക്ഷ്മിക്ക് നേരെ നീട്ടിയ കഞ്ഞിക്കു നേരെയവൾ മുഖം തിരിച്ചിരുന്നപ്പോൾ ആ അമ്മയുടെ മുഖം വാടുന്നത് കണ്ട വേദ് കഞ്ഞിയും പാത്രവും കയ്യിലെടുത്തവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു…
മനസ്സില്ലാ മനസ്സോടെ അവന്റെ പുറകെ പോകുന്ന ലക്ഷ്മി ആ അമ്മയുടെ ഉള്ളിലും നോവ് പടർതഎനിക്ക് .. വീടിന് പുറത്ത് പാടത്തുനിന്നും കയറിവരുന്ന നടവരമ്പിൽ ഇരിക്കുകയായിരുന്നു വേദും ലക്ഷ്മിയും… വേദ് ഒരു സ്പൂൺ കഞ്ഞി അവൾക്ക് നേരെ നീട്ടി.. പക്ഷെ അവൾ നിഷേധാർത്ഥത്തിൽ തലമാറ്റിയപ്പോൾ അവൻ നിർബന്ധിച്ചവളെകൊണ്ടത് കഴിപ്പിച്ചു… ഓരോ തവണയും വേദ് കഞ്ഞി നീട്ടുമ്പോളും മതിയെന്നവൾ പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിനു മുന്നിൽ മുട്ട് മടക്കുകയല്ലാതെ അവൾക്ക് വേറെ വഴിയുണ്ടായിരുന്നില്ല… നിമിഷങ്ങൾക്കുള്ളിൽ കഞ്ഞിപ്പാത്രം കാലിയാക്കി വേദ് വിജയഭാവത്തിൽ അവളെ നോക്കുമ്പോളും അവളവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു… ചിരിയോടെ അവൻ അവളുടെ സെറ്റിന്റെ കരകൊണ്ട് അവളുടെ വായ തുടച്ച് കൊടുത്തുകൊണ്ട് അവൾക്കഭിമുഖമായി ഇരുന്നു …
എനിക്കറിയാം തന്നെ തനിച്ചാക്കി പോന്നത് എന്റെ തെറ്റ് തന്നെയാണ്.. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു…. ലക്ഷ്മി എനിക്ക് തന്നെ ഇഷ്ടം ആയത് കൊണ്ട് തന്നെയാണ് വിവാഹം കഴിച്ചത്..അല്ലാതെ മറ്റൊരാളുടെ വാക്കുകേട്ട് താനൊരിക്കലും എന്നെ അളക്കരുത്…ഇഷ്ടമില്ലാത്ത ഒരു പെണ്ണിനെ ജീവിതത്തിൽ വിളിച്ചു ചേർത്ത് ജന്മം പാഴാക്കുന്ന ഒരു പൊട്ടനാണ് ഞാനെന്ന് താൻ കരുതിയോ ??? എനിക്കറിയാം തന്റെ മനസ്സിൽ ഉണ്ണിയുടെ സ്ഥാനം… സ്നേഹിക്കുന്നവർ ഇല്ലാതെ ആവുമ്പോൾ ഉള്ള സങ്കടം എനിക്ക് നന്നായറിയാം. അത് ഉണ്ണിയെപ്പോലൊരു നന്മയുള്ള മനുഷ്യൻ ആവുമ്പോൾ വേദന കൂടും . ഒരുപക്ഷെ തന്നെപ്പോലെ എടുത്തുപറയാൻ ബന്ധമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉണ്ണിപോയതിന്റെ വേദന ഇന്നും അനുഭവിക്കുന്നവനാണ് ഞാൻ… ഒരു മുറിയിൽ ഒരുകട്ടിലിൽ ഒന്നിച്ചു കിടന്നവർ .. പങ്കിട്ടു കഴിച്ചവർ… എന്റെ ഏറ്റവും നല്ല സുഹൃതും സഹോദരനും ഒക്കെയായിരുന്നവൻ..
ഞാനും ആ സ്നേഹത്തെ അറിഞ്ഞവനാണ്.. അതുകൊണ്ട് തന്നെ ലക്ഷ്മിക്ക് പെട്ടന്നൊരു മാറ്റം ആവില്ലന്നെനിക്കറിയാം.. തനിക് ആവശ്യത്തിനുള്ള സമയം എടിത്തോട്ടെ എന്ന് കരുതിയാണ് ഞാൻ തന്നെ കൂടെ വരാൻ നിർബന്ധിക്കാതെ തിരിച്ചു പോയത്.. പക്ഷെ അതൊരു അബദ്ധമായെന്നു തോന്നുന്നു … തൻവിയോ സുഗുണനോ അല്ല നമ്മുടെ ജീവിതം തീർച്ചപ്പെടുത്തേണ്ടത് .. നമ്മളാണ്… എനിക്ക് തന്നെ മടുത്തിട്ടോ കഴിവില്ലാഞ്ഞിട്ടോ അല്ല ഞാൻ തന്നോട് അകലം പാലിക്കുന്നത്.. തന്റെ ഇഷ്ടത്തോടെ മാത്രമേ എനിക്ക് തന്നെ ആവശ്യമുണ്ടായിരുന്നുള്ളു… കൈക്കരുത്ത് കാണിച്ചുസ്വന്തമാക്കാൻ ആയിരുന്നെങ്കിൽ എന്റെ താലി തന്റെ കഴുത്തിൽ വീണ അന്ന് രാത്രിപോലും എനിക്ക് തന്നെ കീഴ്പ്പെടുത്താമായിരുന്നു… പിടിച്ചു വാങ്ങുന്നതല്ല സ്നേഹം എന്നെനിക്കറിയാം.. താൻ മനസ്സോടെ തരുമ്പോൾ മാത്രമേ അവിടെ പ്രണയം ഉണ്ടാവുകയുള്ളു.. അതുകൊണ്ട് ദയവുചെയ്ത് താൻ ഇനിയെങ്കിലും മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കാൻ നിൽക്കരുത്…
തൻവി അവളെന്റെ ഏറ്റവും നല്ല സുഹൃത്താണ്… താൻ ഫോൺ വിളിക്കുമ്പോഴൊക്കെ അവളാണ് എന്നോട് പറഞ്ഞുകൊണ്ടിരുന്നത് തനിക്കെന്നോട് ഇഷ്ട്ടമുണ്ടെന്നു.. പക്ഷെ തനിക്കത് പറയാൻ മടിയാണെന്ന്… ഇന്നലെ തന്റെ നാവിൽ നിന്നങ്ങനെയൊക്കെ കേട്ടപ്പോ അവളുടെ പിടിവിട്ടു പോയതാണ്.. എന്റെ ജീവിതം ഇല്ലാതാവരുത് എന്നുമാത്രമേ അവൾ കരുതിയിട്ടുള്ളു.. അവളിന്നലെ പറഞ്ഞതിനൊക്കെ ഞാൻ ക്ഷമ ചോദിക്കുന്നു… ഇപ്പോഴും ഞാനിതു പറഞ്ഞില്ലെങ്കിൽ എന്നത്തേക്കുമായ് എനിക്ക് നിന്നെ നഷ്ട്ടമാകും.. എത്രവേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയ്യാറാണ്… ഉണ്ണിക്ക് കൊടുത്തതിന്റെ ഒരു അംശമെങ്കിലും സ്നേഹം എനിക്ക് തന്നൂടെ..
ആരുമില്ലാതിരുന്ന ജീവതത്തിൽ ആരൊക്കെയോ ഉണ്ടെന്ന തോന്നൽ വന്നതിപ്പോളാ അതില്ലാതാക്കാൻ തോന്നണില്ല… സ്നേഹിക്കാൻ പറ്റുവോ തനിക്കെന്നെ??? വേദന തിങ്ങിയ കണ്ണുകളോടെയുള്ള അവന്റെ ചോദ്യം അവൾക്ക് സങ്കടം ഉണ്ടാക്കി.. അവളവന്റെ മുടികളിൽ ചെറുതായി വിരലോടിച്ചുകൊണ്ട് മെല്ലെ ചിരിച്ചു… ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. എങ്കിലും അവളുടെ മനസ്സാകെ സുഗുണൻ പറഞ്ഞ വാക്കുകൾ അലയടിച്ചുകൊണ്ടിരുന്നു… അവളുടെ ചിന്തകളുടെ അർത്ഥം അവനു മനസ്സിലായിരുന്നു.. സുഗുണനെ ക്കുറിച്ചൊർത്തപ്പോൾ അവന്റെ മുഖത്ത് ക്രൂരമായൊരു ചിരിപരന്നു… തുടരും…

by