The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അഞ്ജു തങ്കച്ചൻ
പതിയെ അയാൾക്കൊപ്പം നടന്നെത്തി ആ മുഖത്തേക്കവൾ ഒളിക്കണ്ണിട്ട് നോക്കി.
തന്നെ ശ്രെദ്ദിക്കുന്നത് പോലുമില്ല.
അവൾ മെല്ലെ ഒന്ന് ചുമച്ച് ഞാൻ ഇവിടെഉണ്ട് എന്ന് അറിയിച്ചു നോക്കി.
എവിടെ… ഒന്ന് നോക്കുന്നത് പോലുമില്ല.
രണ്ടും കല്പ്പിച്ച് അവൾ ഹലോ…. എന്ന് പറഞ്ഞു.
അവളെ ഒന്ന് നോക്കിയിട്ട് അയാൾ സ്പീഡിൽ മുന്നിലേക്ക് നടന്നു.
അതേ… എന്താ എന്നോട് ഒന്നും മിണ്ടാത്തത്?
അവൾ ഒപ്പം ചെന്നു ചോദിച്ചു.
ഇത്തവണ അയാൾ ഒന്ന് പുഞ്ചിരിച്ചു.
ഇന്നെന്താ മോള് താമസിച്ചോ സ്കൂളിൽ പോകാൻ?
ഞാൻ മോളൊന്നും അല്ല എനിക്ക് പതിനഞ്ചു വയസ് പ്രായമുണ്ട് കേട്ടോ..
ഓഹോ അത് അത്ര വലിയ പ്രായമാണോ?
പിന്നല്ലാതെ..
എന്നാൽ വേഗം സ്കൂളിൽ പോകാൻ നോക്ക്.
അതൊക്കെ ഞാൻ പൊയ്ക്കോളാം. ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം ചേട്ടൻ ആലോചിച്ചോ?
എന്ത്?
എനിക്ക് ചേട്ടനെ ഇഷ്ട്ടമാണ്, ഞാൻ ഇച്ചിരി കൂടെ വളർന്നു കഴിഞ്ഞ് ചേട്ടനെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അറിയിച്ചിരുന്നു.അതാ ചോദിച്ചത്.
എന്റെ പോന്നു മോളേ… നീയൊരു കൊച്ച് കുഞ്ഞാണ് നിന്റെ വായിൽ നിന്നും വരുന്നത് കേട്ടാൽ ഏതാണ്ട് കല്യാണപ്രായം കഴിഞ്ഞ സ്ത്രീയെ പോലെ ഉണ്ടല്ലോ.
മോളാദ്യം പോയി വല്ലതും പഠിക്കു. വിവാഹപ്രായം എത്തുമ്പോൾ അച്ഛനും അമ്മയും നല്ലൊരാളെ കണ്ടെത്തി തരും.
എനിക്ക് വേറെ ആരെയും വേണ്ട.
കൊച്ചിന്റെ വീട്ടുപേരെന്താ?
ഇവിടെയുള്ളവരെ ഒക്കെ മിക്കവാറും ഞാൻ അറിയുന്നതാണല്ലോ..എവിടെയാ വീട്?
അച്ഛന് സ്ഥലം മാറ്റം കിട്ടി ഇങ്ങോട്ട് വന്നിട്ട് ഒരു കൊല്ലമേ ആയുള്ളൂ…
അത് ശരി.
എന്തായാലും ഞാൻ വീട്ടിൽ വരുന്നുണ്ട്, മകളുടെ കുഞ്ഞ് വായിലെ വർത്തമാനം അവരെ ഒന്ന് അറിയിക്കണമല്ലോ.
അയ്യോ അതൊന്നും വേണ്ട.
എന്നാൽ സ്കൂളിൽ പോകാൻ നോക്ക്. മേലിൽ ഇങ്ങനത്തെ സംസാരവുമായി വന്നേക്കരുത് കേട്ടല്ലോ..
അവളുടെ മുഖം വാടി.
അയാളുടെ നേർക്ക് കനത്തിൽ ഒന്ന് നോക്കിയിട്ട് അവൾ മുന്നോട്ട് നടന്നു പോയി.
അവളുടെ സംസാരം തീരെ ഇഷ്ട്ടപ്പെട്ടില്ലെങ്കിലും ആ കുറുമ്പ് നിറഞ്ഞ നോട്ടം കണ്ടപ്പോൾ അയാളുടെ ഉള്ളിൽ വാത്സല്യത്തിന്റെ ഉറവ കിനിഞ്ഞിറങ്ങി.
പണ്ട് പ്രണയക്കാലത്ത്, ശ്രീദേവി പറയുമായിരുന്നു. വിശ്വേട്ടാ നമുക്ക് ഒരു കുറുമ്പി പെൺകുഞ്ഞ് വേണമെന്ന്…
നിറയെ കുസൃതി കാട്ടി അവൾ ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കണമെന്ന്.
ആ സ്വപ്നങ്ങളെ എല്ലാം മറന്ന് അവൾ തന്നെ വിട്ടിട്ട് പോയി.
മറ്റൊരു ലോകത്തിൽ അവൾ എനിക്കായി കാത്തിരിപ്പുണ്ടാവും.
അവൾക്കില്ലാത്ത ഒരു ജീവിതം എനിക്കും വേണ്ടെന്നു തോന്നി.താൻ ഒറ്റക്കാണ് ഇപ്പോഴും, മറ്റൊരു ഇണയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നത് കൊണ്ട് വിവാഹം വേണ്ടാന്ന് വച്ചു.
ശ്രീദേവി…. ദേ… ഈ പോയതും ഒരു കുസൃതി പെൺകൊച്ചാ. നീയിപോ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒരു കുറുമ്പി നമുക്കും ഉണ്ടാകുമായിരുന്നു..
അയാളുടെ കണ്ണുകൾ നിറഞ്ഞു.
**********
അന്ന് ക്ലാസ്സിൽ ഇരുന്നിട്ടും അമ്മുവിന് ഒന്നും ശ്രെദ്ദിക്കാൻ തോന്നിയില്ല.
ഞാൻ ചെറിയ കുട്ടി ആയതുകൊണ്ടാണോ എന്നെ ആ ചേട്ടന് ഇഷ്ട്ടമല്ലാത്തത്.
എന്നെ ആർക്കും ഇഷ്ട്ടമല്ല. എനിക്ക് ആരും ഇല്ല.
ഒരിത്തിരി പോലും സ്നേഹം അമ്മയോ അച്ഛനോ തരാറില്ല.
എല്ലാം വാങ്ങിത്തന്നാൽ മാത്രം മതി മകൾക്ക് എന്നാണ് അവരുടെ വിചാരം.
ഒന്ന് കെട്ടിപ്പിടിച്ച്, നെറ്റിയിൽ ഒരുമ്മ തരാൻ പോലും അമ്മയോ അച്ഛനോ വരാറില്ല.
അവർക്ക് ഞാൻ ജനിക്കാതിരിക്കുന്നതായിരുന്നു ഇഷ്ട്ടം.
നിനക്ക് വേണ്ടിയാണ് എന്റെ ജീവിതം ഇവിടെ ഈ നരകത്തിൽ ഞാൻ ഹോമിക്കുന്നത് എന്ന് എത്ര തവണ അമ്മ പറഞ്ഞു.
അതിനർത്ഥം ഞാൻ ഇല്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ടെന്നല്ലേ?
അവളുടെ ചുണ്ടുകൾ വിതുമ്പലിൽ വിറച്ചു.
ഉച്ചക്ക് ആഹാരം കഴിക്കാൻ തോന്നിയില്ല. സുഹൃത്തുക്കളുടെ നിർബന്ധത്തിൽ ലഞ്ച് ബോക്സ് തുറന്ന് അൽപ്പം കഴിച്ചു.
വിശപ്പ് കെട്ട് പോയിരിക്കുന്നു.
കൂട്ടുകാർ ഉള്ളതാണ് ഒരാശ്വാസം. പക്ഷെ അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടൊന്നും ഇല്ല.
അത്രേം പ്രായം ഉള്ള ആളെയാണ് താൻ സ്നേഹിക്കുന്നത് എന്നറിഞ്ഞാൽ അവർ ചിരിക്കും.
ആര് എന്തൊക്കെ പറഞ്ഞാലും എനിക്കെന്റെ ഇഷ്ട്ടം മറക്കാൻ ഒക്കില്ല.
സ്നേഹിക്കുന്നത് തെറ്റൊന്നും അല്ലല്ലോ.
അന്ന് വൈകുന്നേരം വീട്ടിലേക്കു പോകുന്ന വഴിയിൽ ഉള്ള തയ്യൽ കടയിൽ അവൾ കയറി.
അയൽവക്കത്തുള്ള ശരണ്യ ചേച്ചിയുടെ കടയാണ് അത്.
തയ്ക്കാൻ കൊടുക്കുന്നത് ആ ചേച്ചിയുടെ അടുത്താണ്.
തയ്ക്കാൻ കൊടുത്തിട്ടില്ലെങ്കിലും വൈകുന്നേരം അമ്മു ആ തയ്യൽ കടയിൽ കയറി കുറച്ച് നേരം ഇരുന്നിട്ടേ പോകാറുള്ളൂ..
അവൾക്ക് ശരണ്യ ചേച്ചിയെ ജീവനാണ്.
ശരണ്യ ചേച്ചിക്ക് അമ്മുവിനെയും അങ്ങനെത്തന്നെയാണ്.
സ്കൂളിലെ വിശേഷങ്ങളും ഒക്കെ അവൾ ചേച്ചിയോടാണ് പറയുന്നത്.
അവൾക്കായി, അവളുടെ സംസാരം കേൾക്കാനായി അവർ വൈകുന്നേരങ്ങളിൽ കാത്തിരിക്കാറുണ്ട്.
സ്കൂളിൽ നിന്നും മകൾ മടങ്ങിയെത്താൻ കാത്തിരിക്കുന്ന അമ്മയെ പോലെ. അമ്മുവിന്റെ വരവിനായി ശരണ്യയും കാത്തിരിക്കാറുണ്ട്.
അമ്മു സ്കൂൾ ബാഗും തോളിലിട്ട് കടയിലേക്ക് കയറി ചെന്നു.
ഇന്നെന്താ എന്റെ കുട്ടിയെ കടന്നൽ കുത്തിയോ?മുഖം ഇത്രേം വീർത്തിരിക്കുന്നത്.
ശരണ്യ ചോദിച്ചു.
അമ്മു ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്നു.
എന്താ ഇന്ന് ടീച്ചർ വഴക്ക് വല്ലതും പറഞ്ഞോ?
ഉത്തരമില്ല…
അമ്മുക്കുട്ടീ…. അവർ അവളുടെ താടയിൽ പിടിച്ചു.
എന്റെ മോൾക്ക് എന്താ വിഷമം? എന്നോട് പറ.
എന്താണേലും നമുക്ക് പരിഹരിക്കാം.
ഒരൊറ്റ പൊട്ടിക്കരച്ചിലായിരുന്നു അവൾക്കുള്ള ഉത്തരം.
ആ കരച്ചിൽ കണ്ടതും ശരണ്യ കസേരയിൽ നിന്നും എഴുന്നേറ്റു.
എന്താ മോളേ… എന്തിനാ കരയുന്നത്. അവർ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
സാരമില്ല….. അവളുടെ നിറുകയിൽ അവർ തലോടി.
ആ കരച്ചിൽ… ആ കണ്ണുനീർ,അവരെ വല്ലാതെ ഉലച്ചു കളഞ്ഞു.അത്രമാത്രം അവർ അമ്മുവിനെ സ്നേഹിക്കുന്നുണ്ടായിരുന്നു.
കുറച്ച് നേരം കഴിഞ്ഞ് അമ്മു തല ഉയർത്തിയതും. ശരണ്യ അവളുടെ മുഖത്തെ കണ്ണുനീർ തുടച്ചു.
നോക്ക് നിനക്ക് ഞാൻ അമ്മയെ പോലെയല്ലേ, എന്നോട് മോള് പറ എന്താ പ്രശ്നം?
മോളെ ആരെങ്കിലും എന്തേലും പറഞ്ഞോ?
എന്താ എന്റെ കുഞ്ഞിന്റെ വിഷമം.
അമ്മു ശരണ്യയുടെ മുഖത്തേക്ക് നോക്കി.
വിശ്വനാഥൻ എന്ന ആളോടുള്ള തന്റെ ഇഷ്ടവും മറ്റും തുറന്നു പറയണോ?
പറഞ്ഞാൽ ചേച്ചിക്ക് എന്നോട് ഇഷ്ടക്കേട് ഉണ്ടാകുമോ?
എന്താ മോളേ… ആലോചിക്കുന്നത്?
എനിക്കൊരു കാര്യം പറയാനുണ്ട് ചേച്ചീ..
പറ… എന്താ?
അത് പിന്നെ…..
അവൾ തലകുനിച്ചു..
********
തുടരും.