രചന – അനീഷ ആകാശ്
മോതിരം മാറാൻ ഡേറ്റ് ഫിക്സ് ചെയ്‌തു എന്നറിഞ്ഞപ്പോൾ ഭദ്രക്ക് ടെൻഷൻ കൂടി…
എടുത്ത തീരുമാനം എത്രത്തോളം ശെരിയാണെന്ന് ഒരു പിടിത്തവുമില്ലാതെ താൻ എന്തിനാ ഇത്ര പെട്ടെന്ന് സമ്മതം മൂളിയത്…
ഈശ്വരാ ഇനിയുള്ള ജീവിതം ഒരു പരീക്ഷണം തന്നായിരിക്കുമല്ലോ…
ചിന്തകൾ കാടുകേറി പോയപ്പോഴാണ് പുറകിൽ നിന്ന് ആരോ തലക്കിട്ട് അടിച്ചത്…
“അമ്മേ….. ”
വേദനകൊണ്ട് അവൾ തിരിഞ്ഞു നോക്കി
അവൾ കരയുന്നതും നോക്കി ചിരിക്കുകയായിരുന്നു മഹി…
” നിങ്ങളെന്റെ കാലനാണോ മനുഷ്യ…. ”
“ഞാൻ നിന്റെ കാലന്റെ കൂട്ടുകാരനാ…”
“അപ്പോൾ കാലന്റെ കൈയിലേയ്ക്കാണ് കൊടുക്കുന്നതെന്ന് ഉറപ്പുണ്ടല്ലേ? ”
“അവൻ കാലനല്ല ദേവനാ… പിന്നെ നിന്നെ കെട്ടിക്കഴിഞ്ഞിട്ട് ചിലപ്പോൾ കാലനാകാനും ചാൻസ് ഉണ്ട്… ”
അവളുടെ മുന്നിലേക്ക് നിന്ന് കൊണ്ട് മഹി പറഞ്ഞു…
അപ്പോഴുള്ള അവളുടെ മുഖം കണ്ടപ്പോൾ മഹിക്ക് ചിരി വന്നു
“എന്തിനാ ഇങ്ങനെ ചിരിക്കുന്നത്? ഒരു വല്യ തമാശ…. ”
“തമാശയൊന്നും അല്ലായെ…. നിന്റെ സ്വഭാവം വെച്ച് അവൻ കാലനാകാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞെന്നെ ഉള്ളു… ”
“മഹിയെട്ടാ വേണ്ട… എനിക്ക് ആലോചിച്ചിട്ട് തല പുകയുവാ.. നിങ്ങളൊക്കെ പറഞ്ഞത് കേട്ടിട്ടാ ഞാൻ ഇതിന് സമ്മതം പറഞ്ഞത്.അവസാനം എല്ലാരും എന്നെ കളിയാക്കാൻ നിന്നാൽ ഉണ്ടല്ലോ? ”
മഹിയോട് കൈചൂണ്ടികൊണ്ട് അവൾ പറഞ്ഞു
“എന്റെ പൊന്നുമോളെ… നീ ഒന്നടങ്ങ്… ദേവനെ കുറിച്ച് എനിക്ക് നന്നായിട്ട് അറിയാവുന്നത് കൊണ്ടല്ലേ നിനക്ക് ചേരുമെന്ന് പറഞ്ഞത്.. ഇപ്പോഴത്തെ ഇഷ്ടക്കേടൊക്കെ കുറച്ചുനാളേ കാണു.. പിന്നെ നിന്നെ ദേവൻ കൈ വെള്ളയിൽ കൊണ്ട് നടക്കും..നീ കണ്ടോ.. ”
”
“കൈവെള്ളയിലാണോ കാൽവെള്ളയിലാണോ എന്ന് കെട്ടിക്കഴിഞ്ഞു കാണാം.. ”
“അതൊക്കെ പോട്ടെ ഡേറ്റ് ഫിക്സ് ചെയ്‌തത് നീ അറിഞ്ഞോ? ”
“ഉം… അമ്മ പറഞ്ഞു.. നെക്സ്റ്റ് സൺഡേ.. ”
വിഷമത്തോടെ ഭദ്ര പറഞ്ഞു
“കൊച്ചച്ഛൻ വീട്ടിൽ വന്നിരുന്നു.. അച്ഛനോടൊക്കെ പറയണത് കേട്ടു.. ”
മഹി ഭദ്രയുടെ കൈകൾ അവന്റെ കൈകൾക്കുള്ളിലേക്ക് വെച്ചു
“അപ്പോൾ അടുത്ത ആഴ്ച്ച എന്റെ കുറുമ്പിയുടെ ഈ വിരലിൽ ദേവൻ എന്നെഴുതിയ മോതിരം കാണാമല്ലേ ? ”
“ഇങ്ങനെയൊക്കെ പറയാതെ മഹിയെട്ടാ, എനിക്കാകെ ടെൻഷൻ ആകുന്നു ”
“നീ ടെൻഷനടിക്കുന്നത് എന്തിനാ? ഈ മഹിയേട്ടൻ കൂടെ ഉള്ളപ്പോൾ ഒരു പേടിയും എന്റെ കാന്താരിക്ക് വേണ്ട… ”
മാഹിയുടെ വാക്കുകൾ ഭദ്രയ്ക്ക് തെല്ലൊരു ആശ്വാസം നൽകി…
*************************
സന്ധ്യക്ക് നാമം ജപിച്ചിട്ട് ദേവകി മേനോന്റെ അടുത്ത് വന്നു ഇരുന്നു..
“അതെ ആ കുട്ടിയുടെ വീട്ടിൽ നിന്ന് വിളിച്ചോ? ”
“ഉം…. അവർക്ക് സമ്മതം തന്നെയാ… ”
“അപ്പോൾ ഇനി ബാക്കിയുള്ള കാര്യങ്ങൾ നോക്കണ്ടേ? ”
“അതിന് ഇതൊരു ചെറിയ ചടങ്ങല്ലേ ദേവകി.. ഒരുപാട് ഒരുക്കങ്ങളൊന്നും വേണ്ട.. ”
“ഒരുക്കങ്ങൾ അല്ലല്ലോ… മോതിരം വാങ്ങണ്ടേ? ഡ്രെസ്സൊക്കെ എടുക്കണം.. ഇതിനൊക്കെ ടൈം ഉണ്ടോ? ‘
“അതിനൊക്കെ ഒരുപാട് ടൈം എന്തിനാ? ദേവന് ഒഴിവുള്ളപ്പോൾ കാർ എടുത്ത് എല്ലാരുംകൂടി പോയി വാങ്ങാൻ ഒരുപാട് ടൈം വേണോ? പിന്നെ മോതിരത്തിൽ പേരെഴുതാൻ കടക്കാർക്ക് കുറച്ച് ടൈം വേണം . രണ്ട് ദിവസമെങ്കിലും കുറഞ്ഞത് വേണം ”
മേനോൻ ആലോജിച്ചിട്ട് പറഞ്ഞു
“അപ്പോൾ നാളെ തന്നെ പോകാം അല്ലേ? ”
“ഉം… ദേവനോട് ചോദിക്ക് അയാൾ എപ്പോഴാ ഫ്രീ ആകുന്നതെന്ന്… ”
“ഞാൻ ചോദിക്കാം.. പിന്നെ ആരെയൊക്കെ വിളിക്കണമെന്ന് പറഞ്ഞില്ല.. ”
“വിളി ചുരുക്കാം… തന്റെയും എന്റെയും സഹോദരങ്ങളെ മാത്രം വിളിക്കാം. ”
“അപ്പോൾ വിദ്യയുടെ വീട്ടിൽ വിളിക്കണോ? ”
“അതെന്താ വിളിക്കണോ എന്നൊരു ചോദ്യം? അവിടെ അല്ലേ ആദ്യം വിളിക്കേണ്ടത്… നമ്മുടെ മകന് നല്ലൊരു ജീവിതം കിട്ടുന്നത് അവൾ അറിയണം .. ”
മേനോന്റെ മറുപടി കേട്ടപ്പോൾ കൂടുതലൊന്നും പറയാതെ ദേവകി എഴുന്നേറ്റ് അകത്തേക്ക് പോയി..
ദേവന്റെ മുറിയിൽ ചെന്നപ്പോൾ എന്തൊക്കെയോ എഴുതുകയായിരുന്നു അവൻ
“മോനേ… ”
അമ്മയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി..
“എന്താ അമ്മേ? ”
“നീ എന്താ എഴുതുന്നത്? അത്യാവശ്യം ഉള്ളത് എന്തെങ്കിലും ആണോ?.. ”
“അത്യാവിശ്യമൊക്കെ ഉള്ളതാ എഴുതുന്നത്.. എന്നാലും അമ്മ എന്നോട് എന്തോ പറയാൻ വന്നതല്ലേ … ഞാനിത് പിന്നെ എഴുതിക്കൊള്ളാം ”
ബുക്ക് മടക്കി വെച്ചുകൊണ്ട് ദേവൻ പറഞ്ഞു
“നാളെ നീ എപ്പോഴാ ഫ്രീ ആകുക.? ”
” നാളെ അല്പം ബിസിയാ… എന്നാലും ഞാൻ അമ്മക്ക് വേണ്ടി വൈകുന്നേരം ഫ്രീ ആകാം… എന്താ അമ്മേ കാര്യം?”
“മോനേ മോതിരവും ഡ്രെസ്സും എടുക്കണ്ടേ.. ഇനി കുറച്ച് ദിവസമല്ലേ ഉള്ളു… ”
“അതിന് ഞാൻ എന്തിനാ വരുന്നത്? നിങ്ങളൊക്കെയല്ലേ തീരുമാനിക്കുന്നത്… ഇതൊക്കെ ചെയ്യാനും നിങ്ങളൊക്കെ തന്നെ മതി… ”
“എന്താ ദേവാ നീ ഇങ്ങനെ തുടങ്ങുന്നത്… നിന്റെ അമ്മ സമാധാനത്തോടെ ഉറങ്ങിയിട്ട് എത്ര നാളായെന്ന് അറിയുമോ? നിനക്ക് നിന്റെ കാര്യമല്ലേ ഉള്ളു…ഞാൻ ചെയ്‌ത തെറ്റിന് ഇത്രയൊക്കെ ശിക്ഷിക്കണോ ദേവാ… ”
അമ്മയുടെ വാക്കുകളിലെ സങ്കടം ദേവനെ വിഷമത്തിലാക്കി
“നീ നിന്റെ ഇഷ്ടം പോലെ ചെയ്‌തോ… ഞാൻ ഇനി ഒന്നും പറയില്ല.. മരണം വരെ ഞാൻ ഇങ്ങനെ ഉരുകി ജീവിച്ചോളാം… ”
ദേവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ദേവകി പുറത്തേക്ക് പോയി
*************************
രാത്രി ഒരുപാട് വൈകിയിട്ടും ദേവന് ഉറക്കം വന്നില്ല…
ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ട് ദേവൻ എഴുന്നേറ്റ് ഡോർ തുറന്നു…
“ഏട്ടൻ ഉറങ്ങി കാണില്ലെന്ന് എനിക്ക് തോന്നി.. ”
റൂമിനുള്ളിലേക്ക് കയറികൊണ്ട് ധ്യാൻ പറഞ്ഞു
“നീ എന്താ ഈ നേരത്ത്,? ”
“ഏട്ടനോട് ഒരു കാര്യം പറയാനാ… ഏട്ടനറിയാമല്ലോ എനിക്ക് വിദ്യയെ തീരെ ഇഷ്ടമില്ലാരുന്നു. അത് ഞാൻ ഏട്ടനോട് നേരിട്ട് പറഞ്ഞിട്ടുള്ളതുമാ? ”
“അതിന് ?.. ”
നീരസത്തോടെ ദേവൻ പറഞ്ഞു
“അതിന് ഇപ്പോൾ ഒന്നുമില്ല… ചേട്ടൻ അവൾക്ക് വേണ്ടി ഇങ്ങനെ ജീവിതം കളയുന്നത് കാണുമ്പോൾ സങ്കടം വരുന്നുണ്ട്.. അവളെ ഓർത്തൊരിക്കലും ജീവിതം പാഴാക്കാൻ ഏട്ടൻ തയാറല്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.. പക്ഷേ ചേട്ടൻ ചെയുന്നത് അത് തന്നെയാ .. ഒന്നാലോജിച്ച് നോക്കിയാൽ ചേട്ടനും അത് മനസിലാക്കും.. ”
“നിനക്കിപ്പോൾ എന്താ വേണ്ടത്? ”
ദേഷ്യത്തോടെ ദേവൻ ചോദിച്ചു
“പണം കണ്ട് ചേട്ടന്റെ മുഖം മറന്ന ആ പെണ്ണിന് വേണ്ടി നമ്മുടെ അമ്മയെ വേദനിപ്പിക്കരുത്…നിങ്ങൾ തമ്മിലുള്ളത് ദിവ്യ പ്രണയം ഒന്നുമല്ലല്ലോ.. ആണെങ്കിൽ അവൾ മറ്റൊരുത്തനെ കണ്ടപ്പോൾ ഏട്ടനെ മറക്കുവായിരുന്നോ… ഏട്ടന് എന്തും തീരുമാനിക്കാം ഏട്ടനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ഓർത്തിട്ട് വേണം ഒരു തീരുമാനം എടുക്കാൻ എന്ന് മാത്രം… ”
ധ്യാൻ പറഞ്ഞു തീർത്തിട്ട് ഇറങ്ങി പോയി…
*****************************
രാവിലെ തന്നെ ദേവൻ അമ്മയെ കാണാൻ മുറിയിലേക്ക് ചെന്നു…
ദേവനെ കണ്ടിട്ടും ഒന്നും മിണ്ടാതെ ദേവകി കിടന്നു..
അമ്മക്ക് തന്നോട് പിണക്കമാണെന്ന് ദേവന് മനസ്സിലായി..
“അമ്മേ… ഞാൻ നാലുമണിക്ക് വരാം ഷോപ്പിങ്ങിന് പോകാൻ. അപ്പോഴത്തേക്ക് റെഡിയായി ഇരിക്കണം.. ”
“നിനക്ക് ഈ ബന്ധത്തിന്ന് സമ്മതമില്ലെങ്കിൽ ഷോപ്പിങ്ങിന്റെ കാര്യമില്ല… ”
“അമ്മയോട് ഞാൻ വരുമെന്ന് പറഞ്ഞല്ലോ… ഇനി അതിനെ പറ്റി കൂടുതലൊന്നും ആരും പറയണ്ട… ”
പറഞ്ഞിട്ട് ദേവൻ പുറത്തേക്ക് പോയി…
മേനോന്റെ അടുത്ത് ചെന്ന് ദേവകി കാര്യം പറഞ്ഞു
“മോതിരം അളവില്ലാതെ എങ്ങനെ എടുക്കും? ”
ദേവകി സംശയം പ്രകടിപ്പിച്ചു..
“അതും നേരാണല്ലോ.. ഞാനൊന്ന് അവിടേക്ക് വിളിക്കാം.. ”
ദേവകിക്ക് മറുപടി കൊടുത്തിട്ട് ഫോണിൽ സംസാരിക്കാൻ പുറത്തേക്ക് പോയി.
അല്പസമയം കഴിഞ്ഞപ്പോൾ അകത്തേക്ക് കയറി വന്നിട്ട് പറഞ്ഞു
“അവർ പറയുന്നത് രണ്ട് കൂട്ടർക്കും ഒരേ കടയിൽ നിന്ന് എടുക്കാമെന്ന്… അതാകുമ്പോൾ മോതിരം ഇട്ടുനോക്കി വാങ്ങാമല്ലോ.. ”
“അതാണ് നല്ലത്.. ഇന്ന് തന്നെ പോകാമെന്ന് പറഞ്ഞില്ലേ? ”
“പറഞ്ഞിട്ടുണ്ട്.. സമയവും പറഞ്ഞു.. അവർ ഷോപ്പിലേക്ക് വന്നുകൊള്ളും.. നമ്മൾ താമസിക്കാൻ പാടില്ല.. ദയ വരുന്നുണ്ടെങ്കിൽ നേരത്തെ വരാൻ പറയണം ”
“അവളെ നമ്മുക്ക് പോകുന്നവഴി കോളേജിൽ നിന്ന് വിളിക്കാം… ”
“അതുമതി.. അപ്പോൾ താൻ പോയി ജോലിയൊക്കെ തീർക്കാൻ നോക്ക്… ”
മേനോൻ ദേവകിയോട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി..
******************************
മേനോനും കുടുംബവും നേരത്തേ തന്നെ ഷോപ്പിൽ എത്തി…
മോതിരം സെലക്ട് ചെയ്‌തുകൊണ്ടിരുന്നപ്പോൾ രാഘവമേനോന്റെ കാർ ഷോപ്പിന്റെ മുന്നിൽ വന്നു നിന്നു
അവരെ കണ്ടതും മേനോൻ എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് ചെന്നു…
“ഞങ്ങൾ അല്പം താമസിച്ചു.. വന്നിട്ട് ഒരുപാട് നേരമായോ? ”
രാഘവമേനോൻ ഡോർ തുറന്നുകൊണ്ട് മേനോനോട് ചോദിച്ചു
“കുറച്ചു നേരമായി വന്നിട്ട്.. അകത്തേക്ക് കയറി വാ അവരൊക്കെ അവിടുണ്ട്.മോതിരം സെലക്ട് ചെയ്യുവാ… ”
മേനോന്റെ ഒപ്പം അവരും അകത്തേക്ക് കയറി
ഭദ്രയെ കണ്ടതും ദയ ഓടി ചെന്ന് കൈയിൽ പിടിച്ചുകൊണ്ടുപോയി ഒരു ചെയറിൽ ഇരുത്തി..
“ചേച്ചി ഇവിടിരുന്നേ… നിങ്ങൾക്ക് ഇഷ്ടമുള്ള മോതിരം സെലക്ട് ചെയ്‌തോ… എന്തെങ്കിലും കൺഫ്യൂഷൻ ഉണ്ടെങ്കിൽ ദാ ഇരിക്കുന്നു ആള്. അങ്ങോട്ടേക്ക് ചോദിച്ചോ.. ”
അപ്പോഴാണ് തന്റെ സൈഡിൽ ഇരിക്കുന്ന ദേവനെ അവൾ ശ്രദ്ധിച്ചത്
തുടരും

by