21/04/2026

മാംഗല്യം : ഭാഗം 16

രചന – അയിഷ അക്ബർ

അമ്മ പോകുന്നു എന്നോർക്കുമ്പോൾ എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന അതേ ദുഃഖ ഭാരം മീരയെയും കീഴ്പ്പെടുത്തിയിരുന്നു…..

അമ്മ ഇറങ്ങുമ്പോൾ അച്ഛന്റെ മുഖത്ത് പടർന്നൊരു തരം വേദന മീരയിൽ കൗതുകം നിറച്ചു..

വിവിയായിരുന്നു അമ്മയെ കൊണ്ടാക്കാൻ പോയിരുന്നത്….

അപ്പച്ചിയോട് വഴക്കിനൊന്നും പോകരുത്…അമ്മ ഇല്ലാന്ന് കരുതി നേരത്തിനു ഭക്ഷണം കഴിക്കാതിരിക്കരുത്…..

ദേവുവിനോട് അത് പറയുമ്പോൾ അവരിൽ നിറഞ്ഞൊരു ആശങ്ക മീരയറിയുന്നുണ്ടായിരുന്നു…..

ആ വയറ്റിൽ കിടന്നവളല്ല അവളെന്നു തന്റെ ഹൃദയം പലപ്പോഴും മറന്ന് പോകുന്നു……

വിവിയോട് വഴക്കുണ്ടാക്കി ഭക്ഷണത്തിനോട് മുഖം കറുപ്പിക്കരുതെന്നെ എനിക്ക് നിന്നോടും പറയാനുള്ളൂ…..

ദേവുവിനോട് പറഞ്ഞ് തന്നിലേക്ക് തിരിഞ്ഞവരത് പറയുമ്പോൾ അവരില്ലാത്ത വീടിന്റെ ശൂന്യത അവളുടെയുള്ളിലും നോവ് നിറക്കുന്നുണ്ടായിരുന്നു….

ഇവിടെ നിന്നിറങ്ങുമ്പോഴും തങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് അവരിൽ നിറഞ്ഞു നിൽക്കുന്നതെന്ന് കൗതുകത്തോടെ അവളോർത്തു…..

അക്ഷരം തെറ്റാതെ അവരെ അമ്മയെന്നു വിളിക്കാൻ അവൾക്ക് തോന്നി….

വിവി അമ്മയെ കൂട്ടി മുറ്റം കടന്ന് പോകുന്നത് നോക്കിയവർ ഉമ്മറത്തു നിന്നു……

ദേവുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു….

അവൾ മുറിയിലേക്ക് നടന്നു….

മീരക്കും വല്ലാത്തൊരു സങ്കടം തോന്നി….

താത്കാലികമായ അവരുടേ വേർപാടിന് പോലും ഹൃദയത്തെ നോവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവരെത്ര മാത്രം തന്നെ സ്വാദീനിച്ചിട്ടുണ്ട്……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നേരം ഇരുട്ടും തോറും പേടിയാവുന്നു ഏട്ടത്തീ…..

ദേവു അത് പറയുമ്പോൾ മീര സംശയത്തോടെ അവളെ നോക്കി….

രാത്രിയാവുമ്പോഴേക്കും അപ്പച്ചി എത്തുമെന്നാ പറഞ്ഞത്…. അത് തന്നെ…

ദേവു അത് പറയുമ്പോൾ മീരക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നേരം സന്ധ്യ മയങ്ങിയതും മുറ്റത്ത് വന്നു നിന്ന ഓട്ടോയിൽ നിന്നും അവരിറങ്ങി……

മാധവനും ദേവുവും ഉമ്മറത്തു തന്നെയിരിക്കുന്നുണ്ടായിരുന്നു…..

ഏട്ടാ…… അവർ മാധവനെ വിളിച്ചു കൊണ്ട് കയറി….

ഹാ…. കയറി വാ…. നേരം ഇരുട്ടുന്നത് വരെ നീ കാത്തിരുന്നതെന്തിനാ….

മാധവന്നത് ചോദിക്കുമ്പോൾ ഭാരതി ദേവുവിനെയൊന്ന് ചൂഴ്ന്ന് നോക്കി….

അവൾ പതിയേ ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

അവിടുത്തെ കാര്യങ്ങളെല്ലാം ഒന്നോതുക്കി തീർക്കണ്ടേ ഏട്ടാ…..

പുഞ്ചിരിച്ചു ഭാരതി മാധവനോടായി പറഞ്ഞ്….

വിവി എവിടെ…….

ഏട്ടനെത്തിയിട്ടില്ല….

അവരത് ചോദിച്ചതും ദേവു വേഗം മറുപടി കൊടുത്തു……

അപ്പോഴാണ് മീരയങ്ങാട്ട് വരുന്നത്……

മീരയെ കണ്ടതും അവർ അടി മുതൽ മുടി വരെയൊന്നിറുത്തി നോക്കി….

മീരക്ക് ആ നോട്ടം അസ്സഹനീയമായത് കൊണ്ട് തന്നെ മീര അവരെയും ഒന്നിരുത്തി നോക്കാൻ മറന്നില്ല…..

നല്ല ഉയരമുള്ള ആ സ്ത്രീക്ക് ഉയരത്തിനൊത്ത വണ്ണവുമുണ്ടായിരുന്നു…..

നെറ്റിയിൽ ഒരു വലിയ വട്ടപ്പോട്ട് കൂടി സ്ഥാനം പിടിച്ചിരുന്നു…..

വട്ട മുഖത്തെ ഗൗരവം ആരെയും ചെറുതായോന്ന് ഭയപ്പെടുത്താൻ കഴിയുന്നതായിരുന്നു…..

ഇതാണ് വിവിയുടെ ഭാര്യ…. നീ പിന്നേ കല്യാണത്തിന് കൂടി വന്നില്ലല്ലോ….

മീരയെ നോക്കി നിൽക്കുന്ന ഭാരതിയോട് മാധവന്നത് പറയുമ്പോൾ അതിൽ കലർന്ന പരിഭവത്തെ ഭാരതിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…..

ഞാൻ വരാത്തതിന്റെ കാരണം ഇനി ഞാൻ പ്രത്യേകം ആരെയും പറഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ….

മീരയൊഴികെ മറ്റു രണ്ട് പേർക്കും കാരണമെന്തെന്ന് അറിയുന്നത് കൊണ്ടായിരിക്കാം അവരെല്ലാം മൗനമായത്….

എന്നാൽ മീര അതെന്താവുമെന്ന് ആലോചിച്ചു…..

ദാ ഈ സാധനങ്ങളൊക്കെ മുറിയിൽ കൊണ്ട് പ്പോയി വെക്കു…..

അവരുടെ ബാഗ് ചൂണ്ടി അവരത് പറഞ്ഞതും ദേവു വേഗം അവരുടെ ബാഗുകലെടുത്തു അകത്തേക്ക് നടന്നു….

മീര ദേവുവിനെ പിന്തുടർന്ന് അകത്തേക്ക്‌ പോയതും ഭാരതി ബാക്കി കിടന്നിരുന്ന ഒരു ബാഗ് നോക്കി അകത്തേക്ക് കയറി….

അവരുടെ കണ്ണുകൾ പിന്തുടർന്ന് പോയത് മീരയെയായിരുന്നു…

ദേവു….

അവർ പെട്ടെന്ന് വിളിച്ചതും ദേവു തിരിഞ്ഞു നോക്കി….

വിവിയുടെ ഭാര്യക്ക് കൈക്ക് വല്ല ശേഷിക്കുറവുമുണ്ടോ….

ചോദിക്കുമ്പോൾ അവർ മീരയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു….

ദേവുവും മീരയും കാര്യമെന്തെന്ന് മനസ്സിലാവാതെ മുഖത്തോട് മുഖം നോക്കി….

എന്താ അപ്പച്ചി അങ്ങനെ ചോദിച്ചത്…..
ചോദിച്ചത് ദേവു വായിരുന്നു…..

അല്ലാ….. അവിടെ കിടക്കുന്ന ആ ബാഗ് പൊക്കാൻ പോലും ശേഷിയില്ലെയെന്ന് അറിയാൻ വേണ്ടിയാണ്….

ചോദിക്കുമ്പോൾ അവരിൽ പരിഹാസവും ദേഷ്യവും കലർന്നിരുന്നു…..

മീരക്കത് കേട്ടതും എന്തോ ഒരു പ്രയാസം തോന്നി…. അതിനേക്കാളേറെ ദേഷ്യവും……

ദേവു…. ഒരു ബാഗെടുക്കാൻ നിന്റെ അപ്പച്ചിയുടെ കയ്യിനും ശേഷിക്കുറവൊന്നുമില്ലെന്ന് തോന്നിയത് കൊണ്ടാണ് ഞാനത് എടുക്കാതെ പോന്നത്….

മീര ദേഷ്യത്തോടെ അതും പറഞ് അവിടെ നിന്നും പോയതും ഭാരതിയുടെ കണ്ണുകൾ ചുവന്നിരുന്നു….

അഹങ്കാരി …..
നടന്നു പോകുന്നവളെ നോക്കി ഭാരതിയത് പറയുമ്പോൾ അവരുടെ വാക്കുകളിലെ കനം അവരുടെയുള്ളിലെ കനലിനെ വിളിച്ചോതുന്നുണ്ടായിരുന്നു….

അത്…. ഏട്ടത്തി ഒന്നും വിചാരിച്ചല്ല…. അത് ഏട്ടത്തിയുടെ പ്രകൃതമാണ്…..

ദേവു ഭാരതിയെ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോഴും അവരിൽ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല…..

രണ്ട് പേരെയും പറഞ് തിരുത്താൻ കഴിയില്ലെന്നറിയുന്നത് കൊണ്ട് തന്നെ ശേഷിക്കുന്ന ബാഗെടുക്കാൻ ദേവു പുറത്തേക്ക് പ്പോയി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിവി വീട്ടിലേക്ക് കയറി വരുമ്പോൾ അച്ഛനടുത്തായിരിക്കുന്ന ഭാരതിയെ കണ്ടതും അവനവർക്ക് നേരെ പുഞ്ചിരിച്ചു…

അവർ വരുത്തി തീർത്ത ഒരു ചെറു പുഞ്ചിരി അവന് നൽകുമ്പോൾ തീരെ താല്പര്യമില്ലാത്ത മട്ടിലായിരുന്നു…..

അപ്പച്ചി എപ്പോ വന്നു…..

ഞാൻ കുറച് നേരമായി….

അവനത് ചോദിക്കുമ്പോഴും വലിയ താല്പര്യമില്ലാത്തെ തന്നെയാണ് അവർ മറുപടി പറഞ്ഞത്….

അതെന്ത് കൊണ്ടാണെന്ന് അവനറിയാമായിരുന്നത് കൊണ്ട് തന്നെ അവനൊന്നും മിണ്ടാതെ അകത്തേക്ക്‌ കയറിപ്പോയി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഏട്ടത്തീ…. അവരോട് വഴക്കിനൊന്നും പോവേണ്ടാട്ടോ….

ദേവു ഭയത്തോടെയത് പറയുമ്പോൾ മീര ദേവുവിനെയൊന്നു നോക്കി….

നീയെന്തിനാ ദേവു അവരെ ഇങ്ങനെ പേടിക്കുന്നത്…

മീരയത് ചോദിക്കുമ്പോൾ ദേവു കുറച്ച് നേരം ഒന്നും മിണ്ടിയില്ല….

ഞാനീ വീട്ടിലെയല്ലല്ലോ ഏട്ടത്തീ…. അത് കൊണ്ട് തന്നെ അവർക്കെന്നോട് വല്യ ദേഷ്യമാ…..

അമ്മാവൻ പട്ടാളത്തിലാണ്…. അത് കൊണ്ട് തന്നെ ആദ്യമൊക്കെ അധികവും ഇവിടെ തന്നെയായിരുന്നു…

അമ്മയെയും എന്നെയും കണ്ണിനു നേരെ കണ്ട് കൂടായിരുന്നു….

അച്ഛനിതൊന്നും അറിയില്ല താനും…. വിവിയേട്ടനെ വല്യ കാര്യമായിരുന്നു….

അതിനു കാരണവുമുണ്ടായിരുന്നു….

അപ്പച്ചിക്കൊരു മോള് മാത്രമേയുള്ളൂ….
രാധികേച്ചി….

വിവിയേട്ടനും രാധികേച്ചിയും…..
അവൾ മുഴുവനാക്കാതെ മീരയുടെ മുഖത്തേക്ക് നോക്കി…

ആകാംക്ഷയോടെ കഥ കേട്ട് കൊണ്ടിരുന്ന മീര എന്തെന്ന ഭാവത്തിൽ ദേവുവിനെ നോക്കി….

ഏട്ടതിക്ക് സങ്കടമാകുമോ….

അവളത് ചോദിക്കുമ്പോൾ മീര ചിരിച്ചു കൊണ്ട് ഇല്ലെന്ന് തലയാട്ടി….

രാധികേച്ചിയും വിവിയേട്ടനും പ്രണയത്തിലായിരുന്നു….
ചെറുപ്പം മുതലെ എല്ലാവരും പറഞ്ഞ് വെച്ചൊരു ബന്ധമായത് കൊണ്ട് തന്നെ അതിലാർക്കും ഒരു എതിർപ്പുമുണ്ടായിരുന്നില്ല..

വിവിയേട്ടനെയും പിന്നേ ഈ കാണുന്ന സ്വത്തുക്കലുമൊക്കെ തന്റെ മോൾക്ക് കൂടിയുള്ളതാണെന്ന് സന്തോഷിച്ചിരിക്കുകയായിരുന്നു അപ്പച്ചി……

പിന്നെന്തേ ആ വിവാഹം നടക്കാതെ പോയത്…..
മീര സംശയത്തോടെ ചോദിച്ചു…..

ഏട്ടന് ഈ നാടും വീടുമൊന്നും വിട്ടേങ്ങോട്ടും പോകാൻ ഇഷ്ടമല്ലായിരുന്നു….

രാധികേചിക്കാണെങ്കിൽ പുറത്തൊക്കെ പ്പോയി ജോലി ചെയ്യണമെന്ന വല്ലാത്ത ആഗ്രഹവും….

വിവിയേട്ടൻ അറിയാതെ തന്നെ ഏട്ടന്റെ ബയോഡാറ്റ വെച്ച് ചേച്ചി രണ്ട് പേർക്കും ജോലിക്ക് അപേക്ഷ കൊടുത്തിരുന്നു….

രണ്ട് പേർക്കും ഒരേ കമ്പനിയിൽ ജോലി കിട്ടിയെങ്കിലും വിവിയേട്ടന് ഒട്ടും താപര്യമുണ്ടായിരുന്നില്ല….

ഇവിടെ നിന്ന് തന്റെ ഭാവി തുലക്കാൻ രാധികേചിക്കും…

അവർ തമ്മിൽ അങ്ങനെ പിണക്കങ്ങൾ പതിവായി…

തന്റെ നാടും വീടും ഇഷ്ടപ്പെട്ട ജീവിക്കുന്ന ഒരു പെണ്ണിനെ മതി തനിക്കെന്നും ഇവിടം വിട്ട് ഞാനെങ്ങോട്ടും വരില്ലെന്നും വിവിയേട്ടൻ തീർത്തു പറഞ്ഞ്…..

ഈ ചേറിൽ കിടന്ന് ജീവിതം തുലക്കുന്ന ഒരാളെ വേണ്ടെന്ന് രാധികേച്ചിയും പറഞ്ഞതോടെ ആ ബന്ധം അവിടെ അവസാനിച്ചു….

അന്ന് പോയതാ രാധികേച്ചി…. പിന്നെയിത് വരെ തിരിച് വന്നിട്ടില്ല….

നെടു വീർപ്പിനാൽ ദേവു അത് പറഞ്ഞ് നിർത്തുമ്പോൾ മീരയവളെ നോക്കി……

രാധികേച്ചി പാവമായിരുന്നു….

ദേവു ഏതോ ഓർമയിൽ നിന്നെന്ന പോൽ വീണ്ടുമത് പറഞ്ഞപ്പോൾ തന്റെ മനസ്സിൽ ചെറിയൊരു കുശുമ്പ് സ്ഥാനം പിടിച്ചുവോ….

ഏയ്…. ഇല്ലാ…. താൻ പ്പോയി കഴിഞ്ഞ് ഇഷ്ടമാണെങ്കിൽ അവർക്ക് വീണ്ടുമൊന്നിക്കാമല്ലോ…

അഹങ്കാരം അവളുടെ മനസ്സിനെ കീഴ്പ്പെടുത്തുമ്പോഴും എന്തോ ഒരു വിങ്ങൽ അവളെ വേട്ടയാടുന്നത് അവളറഞ്ഞിരുന്നു…….

(തുടരും )