രചന – ഊർമ്മിള മിഥിലാത്മജ
നിന്നെയങ്ങനെ വെറുതെ വിടാൻ പോകുന്നില്ലടി ലക്ഷ്മിക്കുട്ടി നിന്റെ മനസ്സിലുള്ളത് പുറത്ത് കൊണ്ടുവന്നെ ഈ തൻവി ഇവിടുന്ന് പോകത്തുള്ളൂ… ചുണ്ടിലൂറിയ ചിരി മറച്ചുകൊണ്ട് തൻവി മനസ്സിൽ പറഞ്ഞു… ഊണ് കഴിഞ്ഞെല്ലാവരും കൂടി മുറ്റത്തിനരികിലായുള്ള മാവിൻചുവട്ടിൽ കഥയും പറഞ്ഞു വിശ്രമിച്ചിരിക്കുകയായിരുന്നു… ലക്ഷ്മി മാത്രം അടുക്കളയിൽ പാത്രം കഴുകലും തൂത്തുവാരലും ഒക്കെയായി ഓടിനടന്നു പണിയെടുക്കുന്നുണ്ടായിരുന്നു…
വേദ് ഇവിടെയിരിക്കുന്നെങ്കിലും അവന്റെ മനസ്സ് അവടെയില്ലാന്ന് തൻവി മനസ്സിലാക്കി കഴിഞ്ഞിരുന്നു… ഓരോ തവണയും ലക്ഷ്മി പുറത്തേക്ക് ഇറങ്ങുകയും അകത്തേക്ക് കടക്കുകയും ഒക്കെ ചെയ്യുമ്പോൾ വേദിന്റെ കണ്ണുകളും അവളെ പിന്തുടരുന്നത് അവൾ കണ്ടിട്ടും കണ്ടില്ലന്നു നടിച്ചു.. വന്ന് വീട്ടിൽ കയറിയ ആ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്മി എന്ന പെണ്ണ് തൻവിയിലും ഒരു വേദനയായി മാറിയിരുന്നു… വേദ് പറഞ്ഞറിഞ്ഞ കഥകളിൽ നിന്നുമാറി ചിരിയും കളിയുമില്ലാതെ കുറുമ്പില്ലാതെ ഒരു ദുഃഖപുത്രിയായി മുന്നിൽ നിൽക്കുന്ന അവളെ എങ്ങനെയും തന്റെ സുഹൃത്തിന്റെ ആഗ്രഹം പോലെ അവന്റെ പെണ്ണാക്കി മാറ്റുക എന്ന ലക്ഷ്യം ഓരോ തവണ ലക്ഷ്മിയെ കാണുമ്പോളും അവളുടെ ഹൃദയത്തിൽ വെരുറപ്പിച്ചുകൊണ്ടിരുന്നു….
അടുക്കളയിൽ പണിയൊക്കെ തീർത്തു ലക്ഷ്മിനടുമുറിയിലേക്ക് വരുമ്പോളേക്കും തൻവിയും വേദും ഒഴികെ ബാക്കിയെല്ലാവരും പോകാൻ തയ്യാറായി കഴിഞ്ഞിരുന്നു… വേദിന്റെ സുഹൃത്തുക്കളെയെല്ലാം അവൾ നന്നായി തന്നെ സൽക്കരിച്ചു വിട്ടിരുന്നു…രണ്ടാളെയും അവരവരുടെ വീടുകളിലേക്ക് ക്ഷണിച്ചു ഓരോരുത്തരായി യാത്രപറയുമ്പോളും.. ആ വീട്ടുകാരുടെ മുഖത്തെ പ്രകാശം മങ്ങിതുടങ്ങിയിരുന്നു…
വിളിച്ചു പറയാതെ വന്നാൽ കട്ടൻകാപ്പിപോലും കൊടുക്കാൻ മടിക്കുന്ന ഇന്നത്തെ കാലത്ത് അങ്ങനെയൊരു വീടും ഗ്രാമപ്രദേശവും അപൂർവങ്ങളിൽ അപൂർവ്വമാണെന്ന് അവരോരോരുത്തരും മനസ്സിലാക്കിയിരുന്നു… എല്ലാവരെയും യാത്രയാക്കി കുടുംബക്കരെല്ലാം കൂടി നടുമുറ്റത്ത് ഇരുപ്പുറപ്പിച്ചിരിക്കുകയാണ്….
വേദിനോട് ചേർന്ന് അവന്റെ കയ്യിൽ കൈ ചേർത്തിരിക്കുന്ന തൻവിയെ എല്ലാവരും തെല്ലത്ഭുതത്തോടെ നോക്കാതിരുന്നില്ല.. ആണൊരുത്തന്റെ മുന്നിൽ ആറടി അകന്നുനിന്ന് സംസാരിച്ചു ശീലച്ച പെൺകുട്ടികളുള്ള നാട്ടിൻപ്രദേശത്ത് മറ്റൊരുത്തിയുടെ ഭർത്താവിന്റെ കയ്യുമ്പിടിച്ചവനോട് ചേർന്നിരിക്കുന്ന തൻവിയോടവർക്ക് ചെറിയ നീരസവും തോന്നിതുടങ്ങിയിരുന്നു…
ഓരോരുത്തരുടെ ചോദ്യങ്ങൾക്കായി പുഞ്ചിരിയോടെ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്ന വേദിൽ ലക്ഷ്മിയുടെ കണ്ണുകളും ഇടക്കിടക്ക് വീഴുന്നുണ്ടെന്നു കണ്ടുപിടിക്കാൻ തൻവിക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല… വേദിനോട് ചേർന്നിരിക്കുന്ന തന്നെ നോക്കുന്ന കണ്ണുകളിൽ ചെറിയ കുശുമ്പിന്റെ നിഴലാട്ടം ഉണ്ടെന്നവൾ ചിരിയോടെ ഓർത്തു..
അല്ല കല്യാണം കഴിഞ്ഞ പെൺകുട്ടികൾ നിറുകയിൽ സിന്ദൂരം ഇടണമെന്നൊക്കെയല്ലേ ഇവിടുത്തെ കൾച്ചർ … തന്റെ നെറ്റിയിൽ സിന്ദൂരം ഒന്നുമില്ലല്ലോ ലക്ഷ്മി… ആക്ച്വലി ഞാൻ ചോദിച്ചെന്നെ ഉള്ളു .. എനിക്ക് ഇതിലൊന്നും വലിയ വിശ്വാസം ഇല്ല.. പിന്നെ നിങ്ങളെപ്പോലെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ കല്യാണം കഴിച്ചവർ അങ്ങനെ ചെയ്യണമോന്നൊന്നും ഇല്ലല്ലോ?? താലിയിടുന്നതും സിന്ദൂരം തൊടുന്നതും ഒക്കെ ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ചാണെന്നുമൊക്കെ കേട്ടിട്ടുണ്ട്.. നിങ്ങൾക്കതൊന്നും ബാധകമല്ലല്ലോ ലേ… വേദ് എന്റടുത്തു എല്ലാം പറഞ്ഞിട്ടുണ്ട്…
വേദ് കൊണ്ടുവന്ന തുണികളൊക്കെ അടുക്കിപ്പെറുക്കി അലമാരയിൽ വക്കുകയായിരുന്നു ലക്ഷ്മി.. അവളുടെ തൊട്ടടുത്തിരുന്നാണ് തൻവിയുടെ കിന്നാരം പറച്ചിൽ… തൻവിയുടെ സംസാരം ലക്ഷ്മിക്ക് തീരെ പിടിച്ചില്ല…. അവൾ അത്ര രസിക്കാത്ത മട്ടിൽ തൻവിയെ നോക്കി… വേദ് എന്ത് പറഞ്ഞിട്ടുണ്ടെന്ന്… പിന്നെ ഞങ്ങളുടെ വിവാഹത്തിൽ എന്ത് അഡ്ജസ്റ്റ്മെന്റ് ഉണ്ടെന്ന താനീ പറഞ്ഞു വരുന്നത്… ഒരു അഡ്ജസ്റ്റ്മെന്റുമില്ല അമ്പലത്തിലെ തേവരുടെ കോവിലിനു മുന്നിൽ വച്ചു തന്റെ സുഹൃത്ത് എന്റെ കഴുത്തിൽ കെട്ടിതന്നതാ ഈ താലി… പിന്നെ സിന്ദൂരം… അത്… അത് ഞാൻ ഇടാൻ മറന്നുപോയതാ .. അതും പറഞ്ഞു ഒരുവശത്തേക്ക് മുഖവും കോട്ടി… അലമാരതുറന്നു കുങ്കുമചെപ്പിൽ നിന്നും ഒരുന്നുള്ളെടുത്ത് നിറുകയെ ചുവപ്പിച്ചുകൊണ്ടവൾ അവിടെ നിന്നിറങ്ങി നടന്നു…
അങ്ങനെ വരട്ടടി ലക്ഷ്മിക്കൊച്ചേ… അപ്പോ നിനക്കവനോട് സ്നേഹം ഉണ്ട്.. ഏത് പെണ്ണിനും തന്റെ കേട്ടിയോനോട് വേറൊരുത്തി അടുപ്പം കാണിച്ചാൽ അത് സഹിക്കാൻ പറ്റില്ലാന്ന് എനിക്കറിയാടിമോളേ… അതിപ്പോ നഗരത്തിലായാലും നാട്ടിൻപുറത്തായാലും നല്ലസ്സൽ പറ്റിക്കാട്ടിലായാലും പെണ്ണ് പെണ്ണ്തന്നെയാണ്.. അതിനൊരു മാറ്റവുമില്ല… അവൾ വായിൽ കൈവച്ചു ചിരിച്ചു…
വൈകിട്ട് മുറ്റമടിച്ചോണ്ടിരിക്കുന്ന ലക്ഷ്മിയെ കണ്ടുകൊണ്ടാണ് വേദ് വരാന്തയിൽ ഇരുപ്പുറപ്പിച്ചത്..അവൾ നോക്കുമ്പോൾ മാത്രം അവൻ ഫോണിൽ ഗംഭീരപണിയായിരിക്കും… പെണ്ണിന്റെ നെറുകയിലെ സിന്ദൂരചുവപ്പവനെ തെല്ലത്ഭുതപ്പെടുത്താതിരുന്നില്ല… വിവാഹദിവസത്തിനിപ്പുറം പിന്നൊരു ദിവസം പോലും അവളവിടെ സിന്ദൂരം തൊട്ടിരുന്നില്ല.. എന്തിനേറെ പറയുന്നു ഇന്ന് കാലതുപോലും അവളുടെ നിറുകയിൽ ആ ചുവപ്പുണ്ടായിരുന്നില്ല എന്നവൻ മനസ്സിലാക്കി… ഈശ്വര ഈ പെണ്ണിന്നിതെന്നാ പറ്റിയതാ അവനോർത്തു …
ആലോചനയിൽ മുഴുകിയിരിക്കുന്ന വേദിന്റെ തലയിൽ അടിവീണപ്പോഴാണ് അവൻ സ്വയബോധത്തിലേക്ക് തിരിച്ചുവന്നത് … എന്തുവാടേ സ്വന്തം പെണ്ണുമ്പിള്ളയെ ഒളിഞ്ഞിരുന്നു വായിനോക്കാൻ നാണമില്ലേ നിനക്ക്???? ഞാനോ ?? ഞാൻ വായിനോക്കുവാന്നു നിന്നോടാര പറഞ്ഞത്.. ഞാനിവിടെ നല്ല കാറ്റുള്ളൊണ്ട് കാറ്റ് കൊള്ളാൻ വന്നിരുന്നതാ.. അല്ലാതെ നീ പറയുന്നപോലെ വായിനോക്കാൻ എന്റെ പട്ടിവരും… പട്ടിവരോ പൂച്ചവരോ എന്നൊന്നും അറിയില്ല ഇവിടൊരു കൊരങ്ങൻ ഇരുന്ന് വെള്ളമിറക്കണ കാര്യവ ഞാൻ പറഞ്ഞത്… ടീ നീയെന്റെ കയ്യിന്ന് വാങ്ങിക്കും കേട്ടോ??
ഓഹ് ഞാനൊന്നും പറഞ്ഞില്ലേ… നിനക്ക് സന്തോഷം ഉള്ളോരു കാര്യം പറയാനാ ഞാൻ വന്നത്.. നീ കരുതുന്നപോലെ പെണ്ണുമ്പിള്ളക്ക് നിന്നോട് വലിയ ദേഷ്യമൊന്നുമില്ല.. അവൾക്കും നിന്നോട് ചെറിയൊരു ഡിങ്കോൾഫി ഉണ്ടെന്ന തോന്നുന്നത്… ഞാൻ കണ്ടുപിടിച്ചോളാം .. സത്യവാണോടി??? നിന്നോടാരാ പറഞ്ഞത് അവളുപറഞ്ഞോ?? അതോ നീ ഊഹിച്ചു കൂട്ടിയതാണോ??? അമ്മേ അതറിയാൻ ചെക്കന്റൊരു ആവേശം കണ്ടോ??? ഡൈ.. ഡൈ… നീ നല്ലസ്സൽ കാട്ടുകോഴി ആണല്ലോ???
ഒന്ന് പോടീ… ഞാൻ നിന്നോട് മാമപണി ചെയ്യാനല്ലല്ലോ പറഞ്ഞത്.. നീ പറഞ്ഞ കാര്യം സത്യം ആണോന്ന് ചോതിച്ചതല്ലേ അതെന്റെ റൈറ്റ് ആണ്… ഓഹ് അങ്ങനെയാണോ ?? എന്ന കേട്ടോ ഞാൻ പറഞ്ഞത് ചത്യം ആണ്… നീ എന്റെ കളികൾ കാണാൻ പോകുന്നെ ഒള്ളു.. നോക്കിക്കോ മോനെ ഒരാഴ്ച ഒരാഴ്ചക്കുള്ളിൽ ലക്ഷ്മിയുടെ മനസ്സ് ഞാൻ തുറപ്പിച്ചിരിക്കും… നീ നോക്കിയിരുന്നോ??? ആ നടന്നു കണ്ടാൽ മതി.. മതിയെടി വീമ്പിളക്കുന്നത്… നടത്താൻ വേണ്ടി തന്നെയാടെ പറയുന്നത്… നീയെന്റെകൂടെയൊന്നു നിന്നുതന്നാൽ മതി…
വിളക്ക് വക്കലും നാമജപവും ഒക്കെകഴിഞ്ഞു അടുക്കളയിൽ എന്തോ ചെറിയ പണികളിൽ ആയിരുന്നു ലക്ഷ്മി.. പണി അടുക്കളയിൽ ആയിരുന്നെങ്കിലും ഹാളിൽ ഒരു ഇലയനങ്ങിയാൽ അതറിയാൻ പാകത്തിന് അവൾ അവിടേക്ക് ശ്രദ്ധിച്ചിരുന്നു… അപ്പോഴാണ് തൻവി.. പുറത്തു നടക്കാൻ പോകാനാണെന്നും പറഞ്ഞു വേദിനു സ്വൈര്യം കൊടുക്കാതെ വഴക്കുണ്ടാക്കുന്നത് കേട്ടത്…
മോൾടെ ഒരു ആഗ്രഹമല്ലേ മോനെ… അവളെ പെട്ടന്നൊന്നുകൊണ്ടുപോയി കാണിച്ചു പോരേ… വിശദമായി നാളെ കാണാം…അച്ഛനും അമ്മാവനും അവളെ സപ്പോർട്ട് ചെയ്യുന്നത് കേട്ട് അവൾക്ക് ദേഷ്യം വന്നു… പിന്നെ ഇരുട്ടത്ത് കറങ്ങാൻ പോകാൻ ഇവളെന്ന യക്ഷിയോ … വെട്ടവും വെളിച്ചവും ഉള്ളപ്പോ പോയാൽ പോരാ അവൾക്ക്. അവൾ മനസ്സിൽ പിറുപിറുത്തു… ലക്ഷ്മി പണി തീർത്തു പെട്ടന്ന് ഹാളിലേക്ക് നടന്നു…
നിങ്ങളിതെന്തുവാ മനുഷ്യ ഈ പറയുന്നത്… പ്രായമായ പെങ്കൊച്ച അതിനെകൊണ്ട് ഈ സന്ധ്യക്ക് നാട് ചുറ്റാൻ പോകാനോ ??? അതിനെന്താ ആന്റി ഒന്നുമില്ലേലും ഒരു പട്ടാളക്കാരനല്ലേ കൂടുള്ളത്.. പിന്നെന്താ പേടിക്കാൻ ഉള്ളത്… വാ വേദ് നമുക്ക് പോയിട്ട് വരാം പ്ലീസ്… ആ നീയൊന്നടങ്ങു പോകാം..വേദ് ഒഴുക്കൻമട്ടിൽ മറുപടി പറഞ്ഞു… അയ്യോ.. പാടത്തും പറമ്പിലും ഒക്കെ നറച്ചു പാമ്പുണ്ട്… ഈ ഇരുട്ടത്ത് അങ്ങോട്ടൊന്നും പോവണ്ട… ഞാൻ ഇന്നലെ കൂടി കണ്ടതാ …ലക്ഷ്മി പെട്ടന്ന് ഇടയിൽ കേറി പറഞ്ഞു…
അതിന് നമ്മുടെ പറമ്പിൽ പാമ്പ് ഇല്ലാത്തതാണല്ലോ മോളെ… നീ എവിടുന്നാ കണ്ടത്??… ഇല്ലന്ന് അമ്മാവനോടാരാ പറഞ്ഞത്… ഞാൻ ഇന്നലെ കൂടി കണ്ടത സത്യം… ലക്ഷ്മി ചമ്മൽ മറക്കാനായി പറഞ്ഞു… ലക്ഷ്മിയുടെ വാക്കുകളിലെ കുശുമ്പ് വേദിനും മനസ്സിലായിരുന്നു.. അവൻ തൻവിയെ ഒളികണ്ണിട്ടുനോക്കി.. അവളവനെ കണ്ണുചിമ്മി കാണിച്ചു… എന്തായാലും ഇവള്ടെ ആഗ്രഹമല്ലേ ഞങ്ങൾ പോയിട്ട് വേഗം വരാം അല്ലെങ്കിൽ ഇതുമതി ചെവിതലതരാതെ വഴക്കുണ്ടാക്കാൻ.. അതും പറഞ്ഞു വേദ് നടക്കാൻ തുടങ്ങിയതും അവനെക്കാൾ മുന്നിൽ പുറത്തിറങ്ങി നിൽക്കുന്ന ലക്ഷ്മിയെ എല്ലാവരും അത്ഭുതത്തോടെ നോക്കി…
നീയിതെങ്ങോട്ടാ മോളെ??? സന്ധ്യ ആയില്ലേ.. ഇന്നലെ കൂടി പാമ്പിനെ കണ്ടെന്നു നീയല്ലേ പറഞ്ഞത്… അറിയാത്ത സ്ഥലമല്ലേ ഒറ്റക്ക് പോയി വഴിയറിയാതെ പ്രശ്നം ഉണ്ടാവണ്ടല്ലോ ന്ന് കരുതിയ…..അവളിലെ ഭാവമാറ്റം എല്ലാവരും ശ്രദ്ധിച്ചിരുന്നു അവരുടെയെല്ലാം മുഖത്തൊരു ചെറു ചിരിവിരിഞ്ഞിരുന്നു…മറുപടിക്ക് കാത്തുനിൽക്കാതെ ലക്ഷ്മി മുന്നേ നടന്നു തൊട്ട് പിറകിലായി വേദും തൻവിയും…

by