19/04/2026

അത്രമേൽ : ഭാഗം 08

രചന – കൃഷ്ണ പ്രിയ

കേട്ടോ മോളേ …. ഞാൻ കൊടുക്കുമ്പോൾ ഒരു കവിള് കുടിച്ചിട്ട് ഓടി കളയും കാന്താരി .
വേണു കല്ലുമോളേ നോക്കി കൊണ്ട് പറഞ്ഞു.

അണോ മോളേ ….
കല്ലുമോളുടെ താടി തുമ്പിൽ പിടിച്ച് ഉയർത്തി കൊണ്ട് ദുർഗ്ഗ ചോദിച്ചു.

ആഹ് കുഞ്ഞി കൈകളാൽ അവളുടെ അമ്മയുടെ കഴുത്തിൽ ചുറ്റി പിടിച്ചു നിന്നു കല്ലുമോള് .

കല്ലുമോൾക്ക് അവളുടെ അമ്മയെ അത്രമേൽ ഇഷ്ടമായെന്ന് ആഹ് ഒരു കാഴ്ചയിൽ നിന്നും വേണുവിന് മനസ്സിലായി.
ആഹ് വയസ്സന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

⚫⚫⚫

ദുർഗ്ഗ ആഹ് വീടാകെ നടന്നു കണ്ടു. ഓടിട്ട പഴയൊരു തറവാട്. ഒരു നാലുകെട്ട്.
അകത്തളത്തിനു ചുറ്റും ഒന്നു നടന്നു.
അവളുടെ ചെറുവിരൽ തുമ്പിൽ പിടിച്ചു കൊണ്ട് ഒപ്പം കല്ലുമോളും .
ഗോവണി കയറി എല്ലാ മുറികളിലും കയറി നോക്കി.
മുഴുവനും പൊടിയും മാറാലയും പിടിച്ചു കിടക്കുകയായിരുന്നു.
കയറിയപാടെ തുമ്മൽ കൂട്ടായി കിട്ടി.

ശാരദ പോയേ പിന്നെ ഇങ്ങോട്ടൊന്നും ആരും കയറായില്ല.
നിറയെ പൊടിപിടിച്ച് കിടക്കാ ഇവിടൊക്കെ…
രാജീവനാണെങ്കി ഏത് നേരവും ഓഫീസ് തന്നെയാ .
പിന്നെയീ പൊടിക്കുഞ്ഞിനെയും വച്ച് ഈ വയസ്സായ ഞാൻ എന്ത് ചെയ്യാനാ ….
അങ്ങോട്ട് കയറി വന്ന വേണു പറഞ്ഞു.

അതൊന്നും സാരോല്യച്ഛാ …
ഞാൻ ഉണ്ടല്ലോ ഇനി ഇവിടെ.
എല്ലാം ഞാൻ ചെയ്തോളാം. വീടൊക്കെ നല്ല വൃത്തിയായി കിടന്നാലേ ആഹ് വീട്ടിൽ ഐശ്വര്യം ഉണ്ടാവൂ…
ഒന്ന് രണ്ട് ദിവസം വേണ്ടി വരും ഇതൊക്കെ ഒന്ന് നേരെയാക്കാൻ .
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ദുർഗ്ഗ പറഞ്ഞു.

ഞാൻ പുറത്തൊക്കെ ഒന്ന് പോയി നോക്കീട്ട് വരാട്ടോ….
വാ കല്ലുമോളേ….
കുഞ്ഞിനെ എടുത്ത് കൊണ്ട് ദുർഗ്ഗ പിന്നാമ്പുറത്തേക്ക് ഇറങ്ങി.

കാട് പിടിച്ച് കിടക്കുന്ന വിശാലമായ ഒരു പറമ്പ്. ഇഴജന്തുക്കളുടെ ഒരു താവളം ആണെന്ന് കണ്ടാൽ മനസ്സിലാവും.
അവിടമാകെ ഒന്ന് കണ്ണോടിച്ച് കൊണ്ട് അവൾ ചുറ്റും ഒന്ന് നടന്നു.

കല്ലുമോളേ…..

മതിൽ കെട്ടിനപ്പുറും നിന്ന് കൊണ്ട് അംബിക വിളിച്ചു.
ദുർഗ്ഗ മോളേയും കൊണ്ട് അവിടേക്ക് പോയി.

അംബിക ദുർഗ്ഗയെ നോക്കി ഒന്ന് ചിരിച്ചു.
അവളും തിരിച്ച് പുഞ്ചിരിച്ചു.

ഇതാരാ കല്ലുമോളെ എടുത്തേക്കണേ ?
കല്ലുമോള കൊഞ്ചിച്ചു കൊണ്ട് അംബിക ചോദിച്ചു.

കല്ലുമോൾദെ അമ്മയാ …..
അല്ലെ അമ്മേ ….
ദുർഗ്ഗയുടെ കവിൾ തിരിച്ച് അവൾക്ക്
അഭിമുഖമായി പിടിച്ചു കൊണ്ട് കല്ലുമോള് ചോദിച്ചു…

അതേലോ ….എന്റെ ചുന്ദരി കുട്ടീടെ അമ്മ തന്നെയാ ….

ഞാൻ അംബിക… ഇതാ എന്റെ വീട്.
ഇത്രേം നാളും പുറത്ത് പോവുമ്പോ വേണുവേട്ടൻ എന്റെ അടുത്താ മോളേ ഏൽപ്പിക്കാറുള്ളത്.
ഇനിപ്പോ മോള് വന്ന സ്ഥിതിക്ക് കല്ലുമോൾക്ക് ഒരു കൂട്ടായല്ലോ …. നല്ല മനസ്സാ മോൾടെ …
നല്ലതെ വരൂ …

മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ.

ഞാൻ ശ്രീ ദുർഗ്ഗ …..

ഊവ്വ് എനിക്കറിയാം. വേണുവേട്ടൻ പറഞ്ഞിരുന്നു എല്ലാം.
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി കേട്ടോ മോളേ …..

മ്മഹ്…. അവൾ ഒന്ന് തലയാട്ടി.

ശരി എന്നാ … പണികളൊന്നും തീർന്നിട്ടില്ല. പിന്നെ കാണാട്ടോ മോളേ ….
അംബിക അവളോട് പറഞ്ഞു .

മ്ഹ്ഹ്…..
ഒന്ന് മൂളി കൊണ്ട് ദുർഗ്ഗ കല്ലുമോളേയും കൊണ്ട് ഉമ്മറത്തേക്ക് പോയി
ഉമ്മറക്കോലായിൽ ഇരുന്നു.

കല്ലുമോള് വേഗം മുറ്റത്തേക്കിറങ്ങി ഓടി കളിക്കാൻ തുടങ്ങി.
ദുർഗ്ഗ അതെല്ലാം അസ്വാദിച്ചിരുന്നു.

മുറ്റത്തെ തുളസിത്തറയിൽ തുളസിചെടി പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ചെറുതായി മഴ പെയ്യാൻ തുടങ്ങിയിരുന്നു.
കല്ലുമോളേ…. വാ ഇങ്ങോട്ട് . മഴ പെയ്ത് തുടങ്ങി.

കല്ലുമോള് പിന്നെയും ഓടി കളിക്കാൻ തുടങ്ങി.
മഴ പെയ്ത് തുടങ്ങുന്നതിനു മുൻപ് ദുർഗ്ഗ ഓടി പോയി കല്ലുമോളെ എടുത്തു കൊണ്ട് അകത്ത് കയറി.

സാരിതുമ്പുകൊണ്ട് മോൾടെ തല തോർത്തി കൊടുത്തു.
മഴ നനഞ്ഞാ പനി വരില്ലേ കല്ലു മോളെ?
എന്റെ മോള് നല്ല കുട്ടിയല്ലേ ?
ഇനി മഴ നനയോ…
ദുർഗ്ഗ എളിക്ക് കൈകുത്തി നിന്നുകൊണ്ട് ചോദിച്ചു.

“”ഇല്ലമ്മേ…””
കല്ലുമോള് തല കുലുക്കി കൊണ്ട് പറഞ്ഞു.

മമ്ഹ് … നല്ല കുട്ടി.
വാ അമ്മ പായസം ഉണ്ടാക്കി തരാം.

ദുർഗ്ഗ മോളേയും കൊണ്ട് അടുക്കളയിലേക്ക് പോയി.
നേരത്തെ സാധാനങ്ങൾ നോക്കിയപ്പോൾ
ഒരു കവറിൽ സേമിയ ഇരിക്കുന്നത് അവൾ കണ്ടിരിരുന്നു.
ഫ്രിഡ്ജിലെ പാലെടുത്ത് അവൾ സേമിയ പായസം ഉണ്ടാക്കാൻ തുടങ്ങി.
നെയ്യിലേക്ക് കശുവണ്ടിപരിപ്പും മുന്തിരിയും ഇട്ട് വറുത്തെടുത്തു.
മാറ്റിവച്ച ഒരു കശുവണ്ടിപരിപ്പ് പൊട്ടിച്ച് കല്ലുമോൾടെ വായിൽ വച്ചു കൊടുത്തു.
കുഞ്ഞി പല്ലുകൾ കൊണ്ട് അവളത് ചവച്ചരച്ചു കഴിച്ചു.
പായസത്തിലേക്ക് കശുവണ്ടിപരിപ്പും മുന്തിരിയും ഏലയ്ക്കും ഇട്ട് പായസം വാങ്ങി വച്ചു.

ആഹാ പായസം ആണോ ….
മൂക്കിലേക്ക് പായസത്തിന്റെ മണം ആഞ്ഞുവലിച്ചു കൊണ്ട് അവിടേയ്ക്ക് വന്ന വേണു ചോദിച്ചു.

അതേ അച്ഛാ … പൊട്ടിച്ച ഒരു കവറിൽ സേമിയ ഇരിക്കുന്നത് കണ്ടു. അത് കണ്ടപ്പോൾ ഉണ്ടാക്കിയാതാ.

രാജീവനു സേമിയ പായസം വല്യ ഇഷ്ടാ.
അയാൾ പറഞ്ഞതു കേട്ട് ദുർഗ്ഗ ഒന്ന് ചിരിച്ചു.

ഒരു ബൗളിലേക്ക് പായസം പകർന്ന് അതിൽ ഒരു സ്പൂണിട്ട് വേണുവിന് നേരെ നീട്ടി.
കുടിച്ച് നോക്കിയേ അച്ഛാ …
നന്നായിട്ടുണ്ടോന്ന് അറിയില്ല.

അയാൾ അത് വാങ്ങി സ്പൂണിൽ പായസം എടുത്ത് ഊതി കൊണ്ട് കുടിച്ചു.

മ്മഹ്… നല്ല രുചി.
എന്റെ ശാരദ ഉണ്ടാക്കുന്ന പായസം എനിക്കൊത്തിരി ഇഷ്ടായിരുന്നു.
ഇപ്പോ മോൾടെ കൈ കൊണ്ട് ഉണ്ടാക്കിയ ഈ പായസം കുടിച്ചപ്പോൾ എനിക്കെന്റെ ശാരദയെ ഓർമ്മ വന്നു …..
അയാളുടെ മുഖത്ത് ഭാര്യയുടെ വേർപാടിന്റെ വേദന തെളിഞ്ഞു നിന്നു.
അയാൾ പതിയെ ഉമ്മറത്തേക്ക് നടന്നു.

മ്മേ …..നിക്കും പായശം ….
കുഞ്ഞി കൈകൾ നീട്ടി പിടിച്ചു കൊണ്ട് കല്ലുമോള് കൊഞ്ചി പറഞ്ഞു.

അപ്പഴേക്കും എന്റെ കല്ലുമോൾക്ക് വിശന്നോ ?
കുഞ്ഞി വയറിൽ ഒന്ന് തഴുകി കൊണ്ട് ദുർഗ്ഗ ചോദിച്ചു.
ഇപ്പോ തരാട്ടോ പായശം…
അമ്മ ഈ പപ്പടം ഒന്ന് കാച്ചിക്കോട്ടേ….

തിളച്ച എണ്ണയിലേക്ക് പപ്പടം ഇട്ട് കാച്ചിയെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി.
കല്ലു മോൾക്കുള്ള പായസം ഒരു കിണ്ണത്തിലേക്കാക്കി ഒരു പപ്പടവും ഇട്ട് മോളേയും എടുത്ത് ദുർഗ്ഗ അകത്തളത്തിലേക്ക് പോയി വരാന്തയിലായി ഇരുന്നു.
മഴ അപ്പോഴേക്കും ശക്തിയായി പെയ്ത് തുടങ്ങി.
ദുർഗ്ഗ പായസത്തിൽ പപ്പടം കൂട്ടി കുഴച്ച് കല്ലുമോളേ ഊട്ടി കൊണ്ടിരുന്നു. കല്ലു മോൾ കുഞ്ഞി കൈകളാൽ അവളുടെ അമ്മയെയും ഊട്ടി.
മ്മേ ….നിച്ച് കത പരഞ്ഞു താ….

കഥയോ ….എന്ത് കഥയാ ഇപ്പോ പറയാ …
ദുർഗ്ഗ ആലോയിച്ചു.

കല്ലുമോൾക്ക് അമ്മ സിംഹത്തിന്റെ കഥ പറഞ്ഞു തരാവേ ….

ഒരു കാട്ടിൽ കാട്ടിൽ ഒരു സിംഹം ഉണ്ടായിരുന്നു. സിംഹമായിരുന്നു അവിടത്തെ രാജാവ്. ആഹ് കാട്ടിലെ മൃഗങ്ങളെയെല്ലാം സിംഹം കൊന്നു തിന്നു . ഒരിക്കൽ ഒരു മുയലിനെ കൊന്നു തിന്നാൻ നോക്കിയപ്പോൾ ബുദ്ധിമാനായ മുയലച്ചൻ പറഞ്ഞു ആഹ് കാട്ടിൽ മറ്റൊരു ശക്തിമാനായ സിംഹം ഉണ്ടെന്ന്.
അവൻ താമസിക്കുന്നത് പൊട്ട കിണറ്റിലാണെന്ന് പറഞ്ഞതും സിംഹരാജൻ അവനെ കാണാൻ പോയി.
കിണറ്റിലെ വെള്ളത്തിൽ സ്വന്തം മുഖം കണ്ടിട്ട് മനസ്സിലാവാത്ത മണ്ടനായ സിംഹം കിണറ്റിലേക്ക് എടുത്ത് ചാടി. അങ്ങനെ ആഹ് സിംഹം ചത്തുപോയി. മൃഗങ്ങൾ എല്ലാരും രക്ഷപ്പെട്ടു.
ദുർഗ്ഗ കഥ പറഞ്ഞു നിർത്തി.

പാവം ശിംഹം.
കല്ലുമോൾ സങ്കടപ്പെട്ടു.

കല്ലുമോൾടെ മുഖത്തെ ആഹ് സങ്കടം കണ്ടപ്പോൾ സത്യത്തിൽ ദുർഗ്ഗക്ക് ചിരിയാണ് വന്നത്.

അതെങ്ങനെയാ ശരിയാവാ …. സിംഹം ദുഷ്ടനല്ലേ …. അതു കൊണ്ടല്ലേ അവൻ ചത്തുപോയത്.

അണോ ….
കല്ലുമോള് സംശയത്തോടെ നോക്കി.

അതേലോ ….
പായസം കല്ലുമോൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

മതിയമ്മേ ….
മുഖം തിരിച്ചു കൊണ്ട് കല്ലുമോള് പറഞ്ഞു.

അങ്ങനെ പറഞ്ഞാൽ പറ്റില്ല. കല്ലുമോൾക്ക് മുയലച്ചന്റെ പോലെ ബുദ്ധിയുള്ള കുട്ടിയാവണ്ടേ … അപ്പോ ഇത് മുഴുവനും കഴിക്കണം.

നിച്ചും ആവണം എന്ന് പറഞ്ഞു കൊണ്ട് കല്ലു മോള് അത് കഴിക്കാൻ തുടങ്ങി.
അമ്മയും മോളും ചിരിച്ചും കളിച്ചും തമാശ പറഞ്ഞും പായസം കുടിക്കുന്നത് കണ്ടു കൊണ്ടാണ് രാജീവ് അങ്ങോട്ടേയ്ക്ക് കയറി വന്നത്.

(തുടരും )