രചന – അഞ്ജു തങ്കച്ചൻ
ചുമലിൽ വഴക്കുലയും വച്ച് നടന്നു വരുന്നത്, ഉമയുടെ വീടിനടുത്തുള്ള ശരത്താണ്
ഒരുമിച്ചു പഠിച്ചവർ, തന്റെയും ചങ്ങാതി. തങ്ങൾ മൂന്ന് പേരും ഒരേ ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചവരാണ്.
ഒരു മിഠായി കിട്ടിയാൽ പൊട്ടിച്ചു പങ്കുവച്ച് കഴിക്കുന്നവർ.
പിന്നിൽ നിൽക്കുന്ന ഉമയുടെ കൈകൾ തന്റെ ശരീരത്തിൽ വല്ലാതെ മുറുകുന്നത് സത്യക്ക് മനസിലായി.
വണ്ടിയിൽ നിന്നിറങ്ങിയ മോഹൻ മകളുടെ ഭയം ശ്രെദ്ദിക്കുന്നുണ്ടായിരുന്നു.
എല്ലാവരെയും കണ്ട് ശരത്ത് നിന്നു.
അല്ല അളിയാ… നീ വേറെ പെണ്ണൊക്കെ കെട്ടിയോ?
അയാൾ സത്യനാഥിനോട് ചോദിച്ചുകൊണ്ട് അടുത്തേക്ക് വന്നതും, സത്യയുടെ പിന്നിൽ പതുങ്ങി നിന്ന ഭാമ, പാഞ്ഞു ചെന്ന് അയാളുടെ മുഖത്ത് ആഞ്ഞടിച്ചു.
എടാ… ദുഷ്ട്ടാ.. നിനക്കെങ്ങനെ കഴിഞ്ഞു, എന്നോട് ദ്രോഹം ചെയ്യാൻ,ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു? അവൾ അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.
നിന്നെ ഞാൻ വെറുതെ വിടില്ലെടാ… എന്റെ കുഞ്ഞിന് അമ്മയില്ലാതാക്കിയില്ലേ…
സത്യാ… ഇയാൾ ഇയാളാണ്… അയാൾക്ക് നേരെ കൈ ചൂണ്ടി കരഞ്ഞുകൊണ്ട് അവൾ നിലത്തേക്ക് തളർന്നു വീണു.
ഒറ്റക്കുതിപ്പിന് സത്യനാഥ് അയാളുടെ അടുത്തെത്തി,അയാളുടെ മുഖത്ത് പലവട്ടം അയാളുടെ കൈ ഉയർന്നു താണു.
പെട്ടന്ന് സത്യനാഥിന്റെ കൈ തട്ടി മാറ്റി ശരത് പിന്നിലേക്ക് ഓടി..
സത്യനാഥ് അയാൾക്ക് പിന്നാലെ കുതിച്ചു പാഞ്ഞു.
അയാളെ വിടരുത്…. ഉറക്കെ പറഞ്ഞുകൊണ്ട് മോഹനും അയാൾക്ക് പിന്നാലെ ഓടി.
പിന്നാലെ എത്തിയ സത്യനാഥിന്റെ അടിയേറ്റ് ശരത് മുന്നിലേക്ക് തെറിച്ചു വീണു.
വീണ് കിടക്കുന്ന അയാളുടെ ശരീരത്തിൽ കയറിയിരുന്ന് സത്യനാഥ് അയാളെ അടിച്ചു.
ശരത് അത്രവേഗം തളരുന്നവൻ ആയിരുന്നില്ല. നിഷ്പ്രയാസം സത്യനാഥിനെ തള്ളിമറിച്ചിട്ട് അയാൾ തെരുതെരെ സത്യനാഥിന്റെ മുഖത്തടിച്ചിട്ട് വീണ്ടും മുന്നിലേക്ക് ഓടി.
സത്യനാഥ് അയാൾക്ക് പിന്നാലെ കുതിച്ചു.
അയാളുടെ കാലുകളുടെ വേഗതക്ക് മുന്നിൽ ശരത്തിന് പിടിച്ച് നിൽക്കുവാനായില്ല. കിതച്ചു കൊണ്ട് ഒരു മാത്ര നിന്നനേരം കൊണ്ട് സത്യനാഥ് അയാളെ ഇഞ്ചപ്പരുവത്തിലാക്കി.
പിന്നാലെ ഓടിഎത്തിയ മോഹന്റെ വക കൂടെ ആയപ്പോൾ എഴുന്നേൽക്കാനാവാതെ ശരത് കുഴഞ്ഞുകിടന്നു.
പറയെടാ എന്റെ ഉമക്ക് എന്ത് പറ്റി..
എനിക്കറിയില്ല..
നിനക്കറിയാം നിന്നെക്കൊണ്ടു ഞാൻ പറയിക്കും.
ഉവ്വ നീ കൊറേ പറയിക്കും ശരത് ഉറക്കെ പൊട്ടിച്ചിരിച്ചു.
പറയെടാ നാ…… ബൂട്ട് ഇട്ട കാലുകൊണ്ട് ചവിട്ടാനായി മോഹൻ കാലുയർത്തി.
വേണ്ട സർ ഇവൻ തീർന്നുപോകും. സത്യനാഥ് പറഞ്ഞു.
ഉമക്ക് എന്ത് പറ്റി പറയടാ… പറയാൻ.
അവളെ ഞാനങ്ങു തീർത്തു.
അവൻ പൊട്ടിച്ചിരിച്ചു.
സത്യനാഥ് ഞെട്ടിത്തെറിച്ചു. പിന്നെ കാറ്റഴിച്ചു വിട്ട ബലൂൺ പോലെ അയാൾ മണ്ണിൽ തകർന്നിരുന്നു.
അവർക്ക് പിന്നാലെ ഓടി വന്ന മാധവേട്ടൻ
ശരത്തിന്റെ വാക്കുകൾ കേട്ടതും ശില പോലെ നിന്നുപോയി.
അയാൾ അനിയനെ നോക്കി. അവൻ ഒന്നും അറിയുന്നുപോലുമില്ലെന്ന് അയാൾക്ക് തോന്നി.
അത്രയേറെ അയാൾ തകർന്നു പോയിരിക്കുന്നു .
എന്താടാ… നിനക്ക് വിഷമം ആയോ? ശരത് സത്യനാഥിന്റെ മുഖത്ത് തോണ്ടി.
ബാക്കി കൂടെ കേൾക്കടാ…
ഡാ… ഇവിടെ നോക്കടാ… നീ ബാക്കി കൂടെ കേൾക്കണം. ശരത് ചിരിച്ചു.
നിനക്ക് നാലാം ക്ലാസ്സ് മുതലല്ലേ ഉമയെ അറിയൂ. എനിക്ക് അതിനുമുൻപ് അറിയാം. മണ്ണപ്പം ചുട്ടുകളിച്ച കാലം മുതൽ ഞാനും അവളും ഒരുമിച്ചായിരുന്നു.
എന്റെ ജീവനായിരുന്നു അവൾ. ഞങ്ങൾക്കിടയിലേക്ക് നീ കൂടെ വന്നപ്പോൾ ഞങ്ങൾ സന്തോഷിച്ചു ശരിയാണ്. പക്ഷെ അവളുടെ മനസ്സ് നീ മോഷ്ടിക്കും എന്ന് ഞാൻ കരുതിയില്ല.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അനാഥനായി പോയവനാണ് ഞാൻ.
ഈ വീടും സ്ഥലവും മാത്രമല്ല നമുക്ക് ഉള്ളത്.
ടൗണിൽ വാടകയ്ക്ക് കൊടുത്തിരിക്കുന്ന ബിൽഡിങ്ങുകൾ ഒക്കെ ഇനി നിന്റേതാണ്.
കൂടാതെ വയനാട്ടിൽ നമുക്ക് എഴുപത് ഏക്കർ സ്ഥലമുണ്ട് ഇനി നീ വേണം അത് ഒക്കെ നോക്കി നടത്താൻ.ഒന്നും കൈ വിട്ട് കളയരുത് എന്ന് പറഞ്ഞ് എന്നേക്കുമായി എന്റെ അച്ഛൻ കണ്ണടച്ചപ്പോൾ ഞാൻ ആരുമില്ലാത്തവനായി.
എന്റെ അപ്പൻ ധാരാളം പണം സമ്പാദിച്ചു വച്ചു എനിക്ക് വേണ്ടി. പക്ഷെ എനിക്കായി ഒരൊറ്റ മനുഷ്യൻ പോലും ഇല്ലായിരുന്നു. എന്റെ അപ്പൻ എനിക്കായി കരുതിയ എഴുപതേക്കർ തോട്ടത്തിന്റെ അരികും മൂലയും,ചോദിക്കാനും പറയാനും ആരും വരില്ലെന്നോർത്തു മറ്റുള്ളവർ സ്വന്തമാക്കിയപ്പോൾ വെറും പതിനഞ്ചു വയസുകാരനായ ഈ ഞാൻ അവരിൽ നിന്നും എന്റെ സ്ഥലം തിരിച്ചു പിടിച്ചവനാണ്.
ഒരു പതിനഞ്ചു വയസുകാരനെ അന്ന് അവർ ഭയന്നെങ്കിൽ നീ ഒന്നോർത്തു നോക്ക്. ഞാൻ ആരാണെന്ന്. അയാൾ ഉറക്കെ ചിരിച്ചു.
പഠിത്തം നിർത്തി.ഞാൻ മുഴുവൻ സമയവും അവിടെ ചിലവഴിച്ചു.എന്റെ തോട്ടത്തിൽ നിന്നുള്ള വരുമാനം ഒരു രൂപ പോലും ഞാൻ പാഴാക്കിയില്ല. എല്ലാം എന്റെ ഉമയ്ക്ക് വേണ്ടി സൂക്ഷിച്ചു വച്ചു.ഞങ്ങൾക്ക് പിറക്കുന്ന കുഞ്ഞുങ്ങൾ രാജാവിനെ പോലെ, റാണിയെ പോലെ വളരണം. എന്റെ സ്വപ്‌നങ്ങൾ നിറയെ അവളായിരുന്നു.
അവൾക്കു വേണ്ടി വയനാട്ടിൽ ഞാനൊരു വീട് വച്ചു.മഞ്ഞിൽ പൊതിഞ്ഞ പുലരികൾ അവൾക്ക് കുട്ടിക്കാലത്ത് ഒരുപാട് ഇഷ്ട്ടമായിരുന്നു.
വയനാട്ടിൽ നിന്നുംഞാൻ ഇവിടെ വരുമ്പോഴൊക്കെ അവൾ വാതോരാതെ എന്നോട് സംസാരിക്കും. നീ പോയതിൽ പിന്നെ ഒരു രസോം ഇല്ല എന്നൊക്കെ പറയുമ്പോൾ…. എന്റെ മനസ് നിറയും.
പക്ഷെ… നമ്മുടെ സ്കൂളിൽ തന്നെ അവൾക്ക് ടീച്ചറായി ജോലി കിട്ടിയതറിഞ്ഞ് ഞാൻ വയനാട്ടിൽ നിന്ന് ഓടി വന്നപ്പോൾ അവൾ മറ്റൊരു കാര്യം കൂടി പറഞ്ഞു.
അയാൾ കാറിത്തുപ്പി..
നിന്നെ…. നിന്നെ അവൾക്ക് ഇഷ്ട്ടമാണെന്ന്. നിങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങുകയാണെന്ന്.
തകർന്ന് പോയി ഞാൻ…
കുറേ ആലോചിച്ചപ്പോൾ എനിക്ക് മനസിലായി അവളോട് ഞാൻ ഒരിക്കലും എന്റെ സ്നേഹം പറഞ്ഞില്ല, ഞാൻ ഓരോന്നും ഒരുക്കി വച്ച് നിനക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ഒരിക്കലും അവളോട് പറഞ്ഞിട്ടില്ല.
ശരിയാണ് അവൾ തെറ്റൊന്നും ചെയ്തില്ല. പക്ഷെ നീ…. നീ തെറ്റ് ചെയ്തു.
ശരത് അയാളുടെ തലമുടിയിൽ കുത്തിപ്പിടിച്ചു.
ഞങ്ങൾക്കിടയിലേക്ക് നീ വന്നു. അത് തെറ്റ്.
അയാൾ പിടുത്തം വിട്ടു.
നിങ്ങളുടെ വിവാഹത്തിന്റെ അന്ന് നിനക്ക് ആക്സിഡന്റ് ഉണ്ടായത് നീ ഓർക്കുന്നില്ലേ അതിന് പിന്നിൽ ഞാനാ.
നിന്നെ തീർത്തു കളയുന്നു. കുറച്ചു നാൾ കഴിഞ്ഞ് അവളെ എന്റെ സ്വന്തമാക്കുന്നു.
പക്ഷെ എനിക്ക് പിഴച്ചു.നിന്നെ അവസാനിപ്പിക്കാൻ എനിക്ക് പറ്റിയില്ല.
കാൽ ഒടിഞ്ഞ നീ വീൽചെയറിൽ വന്ന് അവൾക്കു താലി കെട്ടി.
തക്കം പാർത്തിരിക്കുകയായിരുന്നു ഞാൻ. എന്റെ പെണ്ണിനെ കൊണ്ടുപോകാൻ പക്ഷെ ആദ്യത്തെ മാസം തന്നെ അവൾ നിന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കാൻ തുടങ്ങിയെന്നറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ വല്ലാതെ ഞാൻ വിഷമിച്ചു.
പക്ഷെ കാത്തിരുന്നു ഞാൻ. നിന്റെ കുഞ്ഞുപിറന്നു രണ്ട് മാസം അവൾ ഇവിടെ അവളുടെ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ .
കൺനിറയെ അവളെ കണ്ട് കണ്ട് ഞാൻ എന്നെ സ്വയം ആശ്വസിപ്പിച്ചു.
അവളുടെ വീട്ടിൽ വന്ന് പോകാനുള്ള സ്വാതന്ത്രം എനിക്ക് ഉണ്ടായിരുന്നു.
പക്ഷെ അവൾ നിന്റെ വീട്ടിലേക്കു മടങ്ങി പോന്നപ്പോൾ എനിക്കത് താങ്ങാൻ പറ്റിയില്ല.
അയാൾ അൽപ്പനേരം മൗനമായിരുന്നു.
പിന്നെ എന്താടാ പറ്റിയത് മോഹൻ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു.
ഹാ… കൈ വിട് സാറെ, ചുമ്മാ പേടിപ്പിക്കാൻ നോക്കല്ലേ..പേടി എന്നൊരു സാധനം ലവലേശം ഇല്ലാത്ത മനുഷ്യനാ ഞാൻ.
എടാ… അയാൾ കൈ വീശി ശരത്തിന്റെ കവിളിൽ അടിച്ചു.
അയ്യേ മോശം… ഇത്ര മെല്ലെയാണോ പോലീസ് അടിക്കുന്നത്,അയാൾ പതിയെ ചിരിച്ചു.
എടാ… നിന്നെ ഞാൻ….
ഹ..ഞാൻ പറഞ്ഞോണ്ടിരിക്കുവല്ലേ..
പറഞ്ഞ് തീർത്തിട്ട് തല്ലിക്കോ ഞാൻ കൊണ്ടോളാം.
ഉമ നിന്റെ വീട്ടിലേക്കു പോന്നപ്പോഴാണ് അവളെ കാണാതെ ജീവിക്കാൻ എനിക്കാവില്ലെന്നു മനസിലായത്.
നീ ബാംഗ്ലൂർക്ക് പോയി കഴിഞ്ഞപ്പോൾ ഞാൻ പദ്ധതികൾ തയ്യാറാക്കി.
നിന്റെ വീടിന്റെ മതിലിൽ വണ്ടിയിടിപ്പിച്ചത് തകർത്തത് ഞാനാ.
അതിന്റെ പണിക്കു വേണ്ടി മുരളിയെ അങ്ങോട്ട് അയച്ചതും ഞാനാ..
നിന്റെ ചേട്ടൻ പറമ്പിൽ പണിയിക്കാൻ ഇറങ്ങുന്ന സമയം കൃത്യമായി ഞാൻ മനസിലാക്കി. ജോലിക്കാരി പണിക്കാർക്കുള്ള ആഹാരവുമായി ഉച്ചക്ക് പോയാൽ പിന്നെ പശുവിനുള്ള പുല്ലും ചെത്തി വൈകുന്നേരത്തോടെയെ മടങ്ങി വരൂ എന്ന് അറിയാവുന്ന ഞാൻ നിന്റെ വീട്ടിൽ എത്തി.
സുഹൃത്തിനെ സൽക്കരിക്കാൻ തിടുക്കം കാട്ടിയ അവളോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു. കുഞ്ഞിനേയും നിന്നെയും ഞാൻ സ്വീകരിച്ചോളാം എന്ന് പറഞ്ഞ എന്റെ മുഖത്ത് അവൾ കാറിത്തുപ്പി.
എനിക്ക് വേറെ വഴി ഇല്ലായിരുന്നു. തൊട്ടിലിൽ
കിടന്ന കുഞ്ഞിനെ ഞാൻ കൈയിൽ എടുത്തതോടെ അവൾ ഭയന്ന് വിറച്ചു.
മുരളിയോടൊപ്പം ചേർന്ന് നിന്ന് അവളോട് തന്നെ സെൽഫി എടുക്കാൻ ഞാൻ ആവശ്യപ്പെട്ടു.
പിന്നെ മുരളിയുടെ കൈ പിടിച്ച് ടൗണിലൂടെ പോകാൻ പറഞ്ഞു.
എന്റെ കൈയിൽ ഇരുന്ന് കരയുന്ന കുഞ്ഞിനെ ഞാൻ പതിയെ ഒന്നുയർത്തിയതും അവൾ ഞാൻ പറഞ്ഞത് പോലെ മുരളിയോടൊപ്പം നടന്നു. ജംഗ്ഷൻ കഴിഞ്ഞ് ഞാൻ പറഞ്ഞ ഇട വഴിയിൽ ഞാൻ ഏർപ്പാടാക്കിയ വാഹനത്തിൽ കയറി മുരളിയും ഉമയും.
പിന്നെ അവളുടെ ഫോണിൽ നിന്ന് തന്നെ, നിന്നെ വിളിച്ച് ‘എന്നോട് ക്ഷമിക്കണം ‘
എന്ന് മാത്രം പറഞ്ഞ് കാൾ കട്ടാക്കി സ്വിച് ഓഫ് ചെയ്യാൻ പറഞ്ഞു.
പിന്നീട് മുരളി വണ്ടിയിൽ നിന്നിറങ്ങി മറ്റൊരു വഴിയിലൂടെ ഫോൺ നിങ്ങളുടെ വീട്ടിൽ തന്നെ കൊണ്ട് വച്ചു.
നിന്റെ കുഞ്ഞിനെ സേഫ് ആയി വീട്ടിൽ കിടത്തിയിട്ട് ഞാനും നിന്റെ വീട്ടിൽ നിന്നിറങ്ങി.
പിന്നെ എല്ലാത്തിനും തെളിവായ മുരളി, അവൻ എന്നെങ്കിലും എനിക്ക് നേരെ തിരിയുമോ എന്ന ഭയം കാരണം ഏറ്റവും സേഫ് ആയ സ്വർഗത്തിലേക്ക് അവനെ ഞാൻ പറഞ്ഞയച്ചു. അയാൾ മുകളിലേക്ക് മിഴികൾ ഉയർത്തി
മുരളിയോടൊപ്പം നീ പോയെന്ന് നാട് മുഴുവൻ അറിഞ്ഞു എന്ന് പറഞ്ഞിട്ടും അവൾക് തെല്ലും
വിഷമം ഇല്ലായിരുന്നു.
ഞാനവളെ അവൾക്കായി പണിത വയനാട്ടിലെ വീട്ടിലെത്തിച്ചു.
ആരും കടന്നു വരാത്ത ഞങ്ങൾ മാത്രമുള്ള ഇടം.
എടാ നായേ…. സത്യനാഥ് അയാളെ ആഞ്ഞടിച്ചു.
പറഞ്ഞ് തീർന്നില്ലെടാ…
മുഴുവൻ കേൾക്കണം നീ…അതാണ് നിനക്ക് ഞാൻ തരുന്ന ശിക്ഷ.
എന്നെ സ്നേഹിച്ച് എന്റേതായി ജീവിക്കാൻ പലവട്ടം അവളോട് ഞാൻ പറഞ്ഞിട്ടും അവൾ കൂട്ടാക്കിയില്ല.
അവൾക്ക് നിന്നെ മതിയത്രേ..
എത്ര സ്നേഹിച്ചിട്ടും എന്റെ സ്നേഹം മനസിലാകാത്ത അവളെ ഞാൻ വയനാട്ടിലെ വീട്ടിൽ അടച്ചു പൂട്ടി.
ഭർത്താവിനെയും പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ച് വീട്ടിൽ പണിക്ക് വന്ന ഒരുത്തനോടൊപ്പം ഇറങ്ങിപ്പോയ കഥ നാട്ടിൽ പാട്ടായ കാര്യം പറഞ്ഞിട്ടും അവൾക്ക് ഒരു കൂസലും ഇല്ലായിരുന്നു.
അവളുടെ സത്യക്ക് അവളെ മനസിലാകും പോലും. ഹും…
ഞാനവൾക്കായി വാങ്ങിക്കൂട്ടിയതൊന്നും അവൾ തിരിഞ്ഞു നോക്കിയില്ല.
നിന്നെയല്ലാതെ അവൾക്ക് മറ്റുള്ള ആണിനെ അറപ്പാണത്രെ…
നിന്റെ കൊച്ചിനെ പെറ്റവൾ ആണെന്ന് പറയില്ല കേട്ടോടാ അവള് കൊള്ളാം…..
അയാൾ ഊറിച്ചിരിച്ചു.
എടാ….. സത്യനാഥ് കാലുയർത്തി അയാളെ ചവിട്ടി.
നെഞ്ചിലേറ്റ ചവിട്ടേറ്റ് അയാൾ കൂനിക്കൂടി ഇരുന്ന് ചുമച്ചു.
എത്ര സ്നേഹിച്ചിട്ടും എന്നെ തിരിച്ചു സ്നേഹിക്കാത്ത അവളെ ഞാനാ വീട്ടിൽ തന്നെ ലയിപ്പിച്ചു.എത്ര തിരഞ്ഞാലും തിരിച്ചു വരുവാനാകാത്ത ഒരു സുന്ദരലോകം അവൾക്കു കൊടുത്തു ഞാൻ…
അയാൾ ഉറക്കെയുറക്കെ പൊട്ടിപ്പൊട്ടിച്ചിരിച്ചു…
ദാ… നോക്ക് ഈ കൈയിൽ കിടന്നാണവൾ കണ്ണടച്ചത്.
സത്യനാഥ്… മോഹൻ അയാളെ ഉറക്കെ വിളിച്ചു.
ഇനിയിവനെ വച്ചുകൊണ്ടിരിക്കരുത്. ഒരു കേസുമില്ലാതെ ഒരു കോടതിക്കും ഇവനെ വിട്ട് കൊടുക്കാതെ ഇവിടെ അവസാനിപ്പിച്ചേരെ ഇവനെ. സത്യനാഥ്….. താനിവനുള്ള ശിക്ഷ വിധിച്ചോളൂ. അത് ഇവൻ അർഹിക്കുന്നതാണ്.
ആകെ തകർന്നിരിക്കുന്ന സത്യയെ മാധവേട്ടൻ ചേർത്ത് പിടിച്ചു.
മോനേ… ഞാൻ പറഞ്ഞതല്ലേ അമിത പ്രതീക്ഷ വയ്ക്കരുതെന്ന്.
നിന്റെ കുഞ്ഞിനെ ഒരു നിമിഷം ഓർത്തു നോക്കടാ… അവൾക്ക് ആരുമില്ലാതാകരുത്. നീ തളരരുത് പിടിച്ചുനിൽക്കണം.
സത്യനാഥ്… എഴുന്നേറ്റു.
ഒറ്റയടിക്കല്ല ഇഞ്ചിഞ്ചായി നീ തീരണം.സത്യ മുരണ്ടു.
പച്ചമാംസത്തിൽ തുളഞ്ഞു കയറുന്ന മൂർച്ചയുള്ള എന്തോവസ്തു ശരത്തിനെ ആഴത്തിൽ വേദനിപ്പിച്ചു.
അധികനേരം പിടിച്ചു നിൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അടഞ്ഞു പോകുന്ന കണ്ണുകൾ ഉയർത്തി അയാൾ പതിയെ പറഞ്ഞു.
ഉമ ജീവിച്ചിരിപ്പുണ്ട്……
ഒറ്റ നിമിഷം അയാളെ അവസാനിപ്പിക്കാൻ ഓങ്ങിയ കൈ സത്യ സ്വയമറിയാതെ താഴ്ത്തി.
പറ… പറ… എന്റെ ഉമ എവിടെയാണുള്ളത്?
പറയില്ല.
ഇവൻ വെറുതെ പറയുന്നതാണ് സത്യ… രക്ഷപെടാൻ വേണ്ടിയുള്ള അടവായിരിക്കും.
അല്ല…അവൾ ജീവനോടെയുണ്ട്…
എവിടെ? എവിടെയാണ് അവൾ?
അയാൾ ചിരിച്ചു.
വയനാട്ടിലാണോ പറ… പറയാൻ… സത്യനാഥ് അയാളെ പിടിച്ചുലച്ചു.
അല്ല അവിടെ നിന്ന് അവളെ ഞാൻ മാറ്റി.
പിന്നെവിടെയാണുള്ളത്.
ഇവിടെ.
ഇവിടെയോ?
അതെ.
എവിടെ?
എന്റെ വീട്ടിൽ.
സത്യനാഥ് അവിടേക്ക് ഓടി
വാതിൽ അടഞ്ഞു കിടക്കുകയാണ്. കനത്ത മതിൽ കെട്ടിനുള്ളിൽ നിറയെ പാഴ്പുല്ലുകൾ തഴച്ചു വളർന്നു നിൽക്കുന്നു.
അയാൾ വാതിൽ ചവിട്ടി തുറന്നു.
അകത്തെ മുറിയിലെ ഓരോ വാതിലും തുറന്നു നോക്കിയ അയാൾക്ക് നിരാശയായിരുന്നു ഭലം.
പെട്ടന്നാണ് അടുക്കള വാതിലിനോട് ചേർന്ന സ്റ്റോർ റൂം അയാളുടെ ശ്രെദ്ധയിൽ പെട്ടത്.
അയാൾ അങ്ങോട്ട് ചെന്നു.
ദുർഗന്ധം നിറഞ്ഞ നിറഞ്ഞ അവിടെ പാറ്റയും, എലിയും ഓടി നടക്കുന്നു.
മെലിഞ്ഞൊട്ടിയ ഒരു മനുഷ്യരൂപം തറയിൽ കിടപ്പുണ്ട്. തലയിൽ മുടിയൊന്നുമില്ല മുഖത്തെ എല്ലുകൾ ഉന്തിനിൽക്കുന്നു.
പുരുഷനെന്നോ സ്ത്രീയെന്നോ തിരിച്ചറിയുവാനാകാത്ത ആ രൂപത്തെ അയാൾ ഒന്നേ നോക്കിയുള്ളൂ…
അയാൾ മുഖം തിരിച്ചു.ഒരു ഗദ്ഗദം തൊണ്ടയിൽ തടയുന്നു.ഈശ്വരാ… ഇത് തന്റെ ഉമയാണോ അയാൾ ഒന്ന് കൂടെ നോക്കി.
നെറ്റിയുടെ ഒരു ഭാഗം പൊള്ളി അടർന്നിരിക്കുകയാണ്.
കുഴിയിലേക്ക് ആണ്ടുപോയ കണ്ണുകൾ…
പീള കെട്ടിയ ആ കണ്ണുകൾ ബുദ്ധിമുട്ടി തുറന്ന് ആ രൂപം അയാളെ ഒന്ന് നോക്കിയിട്ട് പഴയതുപോലെ കണ്ണുകൾ അടച്ചു കിടന്നു.
മുറിവുകൾ ഉണങ്ങിയ ഇരുകൈകൾ നിറയെ പൊറ്റൻപൊളിഞ്ഞിരിക്കുന്നു.
അയാൾ അടുത്തേക്ക് ചെന്നു. അവരിൽ നിന്നും ഒരു ശബ്ദവും പുറത്തേക്കു വരുന്നില്ല.
അയാൾ പതിയെ ആ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.
ജീവനില്ലാത്ത പാവയെ പോലെ ആ ശരീരം നിലത്തുറക്കാതെ വീഴുവനാഞ്ഞു.
ഇടം കവിളിൽ ചെവിയോട് ചേർന്ന് വലിയ മറുകിൽ കണ്ണുകൾ ഉടക്കിയതും.
അയാൾ കരഞ്ഞു പോയി.
ഈർക്കിൾ പോലുള്ള ആ ദേഹത്തെ ചേർത്ത് പിടിച്ച് അയാൾ കരഞ്ഞു, പിന്നെ ചിരിച്ചു…
തന്റെ… ഉമ….
അയാൾ അവളെ തന്റെ കൈകളിൽ എടുത്തുകൊണ്ടു പുറത്തേക്കു വന്നു.
ഉമയുടെ അച്ഛനും അമ്മയും ചോദ്യരൂപത്തിൽ സത്യനാഥിനെ നോക്കി.
ഉമയാണ്… ആ ദുഷ്ട്ടൻ കൊല്ലാതെ കൊല്ലുകയായിരുന്നു.
പൊട്ടിക്കരഞ്ഞു കൊണ്ട് അവർ അവളെ നോക്കി.
അവർ അവളെ അകത്തു കയറ്റി.
ഭാമ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു…
അവളുടെ മുഖത്ത് ആകെ പരിഭ്രമം നിറഞ്ഞിട്ടുണ്ട്.
നിങ്ങളൊക്കെ ആരാ? ഞാൻ എങ്ങനാ ഇവിടെ എത്തിയത്?
കുട്ടി പേടിക്കണ്ട കുട്ടിയുടെ അച്ഛൻ ഇവിടുണ്ട്. ഇപ്പോൾ വരും.
ഉമയെ അച്ഛനെയും അമ്മയെയും ഏൽപ്പിച്ചിട്ട് സത്യനാഥ് പറമ്പിലേക്ക് ചെന്നു.
ശരത്തിന്റെ അടുത്തേക്ക് പാഞ്ഞുചെന്ന് അവനെ തലങ്ങും വിലങ്ങും അടിച്ചു.
അവളെ ഇനി നിനക്ക് എന്തിനാടാ…സത്യാ, സംസാരിക്കാൻ പോലും ഇനിയവൾക്ക് കഴിയില്ല… ആരെയും അവൾ അറിയില്ല.
നീ കൊണ്ട് പോയി കണ്ണ് നിറച്ചു കാണ്… അത്ര നല്ല കോലമാണ്..
അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.
പെട്ടന്നയാളുടെ ചിരി മാഞ്ഞു.മൂർച്ചയുള്ള എന്തോ ഒന്ന് തന്റെ ജീവനെടുക്കുന്നത് അയാൾ അറിഞ്ഞു.അയാളുടെ കണ്ണുകൾ അടഞ്ഞു പോയി, അപ്പോഴും ചുണ്ടിൽ ഒരു പുച്ഛച്ചിരി അവശേഷിച്ചിരുന്നു.
അവർ അയാളെ… അടുത്തുള്ള ഉപയോഗശൂന്യമായ പൊട്ടാക്കിണറിലേക്ക് വലിച്ചെറിഞ്ഞു.
മൃഗത്തേക്കാൾ മൃഗീയഭാവമുള്ള ചില മനുഷ്യർ നാടിന് തന്നെ ആപത്താണ്.
അവർ തിരിഞ്ഞു നടന്നു
********
നാലുമാസങ്ങൾക്കു ശേഷം.
ഉമേ…
എന്താ സത്യാ..
നീയിതുവരെ റെഡിയായില്ലേ
ദാ… വരുന്നു സത്യാ.
അവൾ സാരിയുടുത്ത് ഇറങ്ങി വന്നു.
പഴയ ഉമയുടെ രൂപത്തിലേക്ക് പൂർണ്ണമായും എത്തിയിട്ടില്ലെങ്കിലും ആ കണ്ണുകളിൽ പുതുജീവന്റെ തിളക്കമുണ്ട്. ചുണ്ടിൽ അണയാത്ത പുഞ്ചിരിയും.
അല്ല നമ്മളിത് എങ്ങോട്ടാ… റെഡിയായി വരാൻ പറഞ്ഞു ഞാൻ വന്നു. ഇനി എങ്ങോട്ടാണ് എന്ന് കൂടെ പറ.ഒരുങ്ങി ഇറങ്ങിയ മാധവേട്ടൻ ചോദിച്ചു.
അതൊക്കെ പറയാം ഏട്ടൻ വാ…
മോളെയും കൊണ്ട് അവർ അമ്പലത്തിൽ എത്തി.
ഏട്ടാ…ഏട്ടൻ പറഞ്ഞില്ലേ ജീവിക്കുന്നത് എനിക്ക് വേണ്ടിയാണെന്ന്.
എനിക്ക് വേണ്ടി മാത്രമല്ലെ ഏട്ടൻ ഇത്ര നാൾ ജീവിച്ചത്.
ഈ ഒരു കാര്യം ഏട്ടനോട് ആലോചിക്കാതെ ഞാനും ഉമയും കൂടെ തീരുമാനിച്ചതാണ്. ഏട്ടൻ തടസ്സം നിൽക്കരുത്.
നീ പറഞ്ഞാൽ ഞാൻ എന്തിനേലും എതിര് നിൽക്കുമോ?
എങ്കിൽ ഇന്ന് ഏട്ടന്റെ വിവാഹമാണ്.
വിവാഹമോ?നീയെന്താ മോനേ ഈ പറയുന്നത്.
ഏട്ടന് ഒരുപാട് പ്രായം ഒന്നും ആയില്ല നൽപ്പത്തൊന്നു വയസ്സ് ഒരു വയസാണോ ഏട്ടാ..
ഏട്ടനെപോലെ കൂടപ്പിറപ്പിനു വേണ്ടി മാത്രം ജീവിച്ച ഒരു പാവമാണ് എന്റെ ഏട്ടാത്തിയമ്മയായി കടന്നു വരാൻ പോകുന്നത്.
മോനേ… ഇത് മാത്രം പറ്റില്ല.എനിക്ക് നിങ്ങളൊക്കെ ഉണ്ടല്ലോ പിന്നെ എന്തിനാ ഇനി വേറൊരാൾ.
വേണം ഏട്ടാ… സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ ഏട്ടനെ പോലെ, എന്റെ ഏട്ടന്റെ കുഞ്ഞുങ്ങൾ നമ്മുടെ വീട്ടിൽ ഓടിനടക്കണം.
ദേ… നോക്കിക്കേ ഒരു ജീവിതം പ്രതീക്ഷിച്ച് കണ്ണിൽ നിറയെ സ്വപ്നങ്ങളുമായി ഒരാൾ അവിടെ നിൽക്കുന്നത്.
സത്യനാഥ് വിരൽ ചൂണ്ടിയിടത്തേക്ക് അയാൾ നോക്കി
സെറ്റ് സാരിയുടുത്ത്, തലയിൽ മുല്ലപ്പൂ ചൂടി, മെലിഞ്ഞു പൊക്കമുള്ള ഒരു യുവതി.
നീളമേറിയ മുടി അഴിച്ചിട്ടിരിക്കുകയാണ്.
നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന ശാലീന രൂപം.
നമ്മൾ ആകെ പത്തുമുപ്പത് ആളുകളെ വിവാഹത്തിന് ഉള്ളൂ…
വരൂ ഏട്ടാ…
സത്യ അയാളുടെ കൈ പിടിച്ചു.
ഇത്തവണ അയാൾ എതിര് പറഞ്ഞില്ല.
അവർ പുതിയൊരു ജീവിതം തുടങ്ങുകയാണ്. ഈ ലോകത്തിൽ ശാശ്വതമായുള്ളത് സ്നേഹം മാത്രമാണെന്ന് അവർക്ക് അറിയാം. അവരുടെ ആ സ്നേഹക്കൂട്ടിലേക്ക് പുതിയൊരാൾ കൂടി.
ഇനി അവർ ജീവിക്കട്ടെ…സ്നേഹത്തിലലിഞ്ഞ്….
***********

by