രചന – ശ്രീതു ശ്രീ
“നീയിപ്പോ എന്താ പറഞ്ഞത്….? ചോദിച്ചത് കേട്ടില്ലേ…. എന്താ പറഞ്ഞതെന്ന്…?? അവന്റെ കണ്ണിലേക്ക് നോക്കാൻ കൂടി അവളൊന്ന് ഭയന്നു…. ഇരുവരുടെയും ഹൃദയം ധ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി…. ” പറയെടീ…. ഞാൻ കേട്ടതൊക്കെ എന്താ….. സത്യമാണോ അതൊക്കെ ….??എടീ നിന്നോടാ ഞാൻ ചോദിച്ചേ….. അവളുടെ ഇരു തോളിലും പിടിച്ച് ശക്തമായി കുലുക്കിക്കൊണ്ട് അവൻ പറഞ്ഞു… അവൾ പക്ഷെ ഒന്നും മിണ്ടിയില്ല…… മൗനം പൂണ്ടു നിന്നവൾ മനസുമായി സംവദിക്കുക ആയിരുന്നു…. ഇനി ജോണിയുടെ മുന്നിൽ ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ലെന്ന് ലിന്റയ്ക്ക് ബോധ്യമായി…… ജോണിയുടെ ക്ഷമ നശിച്ചു….. സമനില തെറ്റിയവനെപ്പോലെ അവനവൾക്ക് മുന്നിൽ നിന്നു കൊണ്ട് ശബ്ദമുയർത്തി….
“ഇത്രയും നാളും നീയെന്നെ ചതിക്കുവായിരുന്നു… അല്ലെ….. എന്റെ കാശിന് വേണ്ടി…. അത് മാത്രം മതിയായിരുന്നു ഈ ജോണിയെ കൊണ്ട് നിനക്ക്… അല്ലെ….? നിന്റെ ആവശ്യത്തിനുള്ള കാശിന് വേണ്ടിയല്ലേ നീയെന്റെ കൂടെ ഇത്രയും നാളും കിടന്നതുപോലും……?? നീ വെറുമൊരു……..” പറയാൻ വന്നത് പൂർത്തിയാക്കാതെ ടേബിളിൽ ഇരുന്ന എമർജൻസി ലൈറ്റ് അവൻ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു…. “അതെ…. എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്തണമായിരുന്നു… എന്നാൽ അതിനുള്ള ഒരു ഉപകരണമായിട്ടൊന്നും ഞാൻ നിങ്ങളെ കണ്ടിട്ടില്ല….ഇനി എന്നെ ഒരു പ്രോസ്ടിട്യൂട്ട് ആയിട്ടാണ് കാണുന്നതെങ്കിലും എനിക്ക് വിരോധമില്ല… ഇനി നമ്മള് തമ്മിൽ യാതൊരു ബന്ധവും വേണ്ട….ഞാനത് ആഗ്രഹിക്കുന്നുമില്ല….. അവളുടെ വാക്കുകൾ മുള്ളാണികൾ ശരീരത്തിലേക്ക് തുളച്ചു കയറും പോലെ അവനെ നോവിച്ചു……
ചതിക്കാനായിരുന്നെങ്കിൽ നീയൊരിക്കലും എന്നെക്കൊണ്ട് മിന്ന് കെട്ടിക്കേണ്ടി ഇരുന്നില്ല…..ഞാനെത്രത്തോളം സ്വപ്നം കണ്ടൊരു ജീവിതമാണെന്ന് നിനക്കറിയോ…? അതിനിടയിൽ നീ….. നിനക്ക് വേറെ ഒരുത്തനെ വേണമായിരുന്നേൽ അവനെ ആഗ്രഹിച്ച നിമിഷം എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകണമായിരുന്നു……. എല്ലാം ഊറ്റിയെടുക്കാൻ വേണ്ടി മാത്രമായിരുന്നു കപട സ്നേഹം കാണിച്ചു നീയെന്റെ കൂടെ നിന്നത്….” കോപമൊന്ന് തണുപ്പിക്കാനാവാം അവൻ ജഗ്ഗിൽ നിന്നും കുറച്ചു വെള്ളം വായിലേക്ക് ഒഴിച്ചു…… എന്നിട്ടതും വലിയ ശബ്ദത്തോടെ ടേബിളിൽ ഇട്ടു….ജഗ്ഗ് കമിഴ്ന്നു വീണ് തറയിലേയ്ക്ക് വെള്ളം പരന്നൊഴുകി…..
അവന്റെ സംസാരമൊന്നും ഗൗനിക്കാതെ മുറിയിൽ കിടന്ന ടേബിളിൽ ചാരി അവളവിടെ നിന്നതേയുള്ളു……. കുഞ്ഞിനെ അബോഷൻ ചെയ്യണം എന്ന് അവൾ പറഞ്ഞത് അവനപ്പോൾ ഓർത്തു….. ഒരു കുറ്റബോധം പോലുമില്ലാതെ നിൽക്കുന്നവളെ കണ്ടപ്പോൾ അവനിൽ വീണ്ടും കോപം കത്തി ജ്വലിച്ചു…. ജോണിയുടെ ഒരുപാട് നാളത്തെ കാത്തിരിപ്പും സ്വപ്നവും ഒക്കെയായിരുന്നു തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞ്…… ആ ഓർമ്മ ഹൃദയം കുത്തിപ്പറിക്കുന്നുണ്ടായിരുന്നു….. അവന്റെ സകല നിയന്ത്രണവും ആ നിമിഷം കൈവിട്ടുപോയപ്പോൾ യന്ത്രികമെന്നോണം അവൾക്കടുത്തേയ്ക്ക് അവന്റെ കാലുകൾ ചലിച്ചു……
അതിനോടൊപ്പം അവന്റെ വലതു കരം അവളുടെ കവിളിൽ ശക്തമായി പതിച്ചു….. “ഇത് വരെയും നിന്റെ മുഖമൊന്നു വാടാൻ പോലും അനുവദിക്കാതെ സ്നേഹിച്ചതിനു എനിക്ക് നൽകിയ ശിക്ഷ ആണോടീ ഇത്….?? നീ കൊല്ലണമെന്ന് ആഗ്രഹിക്കുന്ന സ്ഥിതിക്ക് അത് എന്തായാലും എന്റെ കുഞ്ഞ് തന്നെ ആകുമല്ലോ…. അത് കൊണ്ട് ഞാനൊരു കാര്യമിപ്പൊ പറയുവാ… എന്റെ കുഞ്ഞിന് എന്തെങ്കിലും നീ കാരണം സംഭവിച്ചാൽ…. നീയൊരിക്കലും ജീവിച്ചിരിക്കില്ല…. എന്റെ കുഞ്ഞിനെ നീ കൊല്ലുന്നത് പോലെ നിന്നെ ഞാനും കൊല്ലും…. അതുറപ്പാ…. ജോണിക്ക് തീരുമാനം ഒന്നേയുള്ളു….നിന്റെ വയറ്റിൽ കിടന്നുവെന്ന് വച്ച് അതിൽ നിനക്കൊരു തരിപോലും അവകാശം കൂടുതലില്ല….. എനിക്കും നിനക്കും അതിൽ തുല്യ അവകാശമാ…… എന്തായാലും നീ ഇതിനെ കൊല്ലാൻ തീരുമാനിച്ചവളാ….. നിന്റെ മനസ്സിൽ അതെപ്പഴേ ശവമായി തീർന്നുകഴിഞ്ഞു……
പക്ഷെ എനിക്കെന്റെ കുഞ്ഞിനെ വേണം…. കൊല്ലാൻ നോക്കിയാൽ ….. ഞാൻ പറഞ്ഞല്ലോ…. എന്റെ കുഞ്ഞ്….അത് മാത്രമാണിപ്പോ ഒരു പ്രതീക്ഷ…..ബാക്കിയെല്ലാം നശിച്ചു…..അത് കൂടി നീ നശിപ്പിച്ചാൽ..അതിന് ശ്രമിച്ചാൽ…. ഞാൻ പിന്നെ ഇടവും വലവുമൊന്നും നോക്കില്ല….. നീയെവിടെ ഒളിച്ചിരുന്നാലും കൊന്നിരിക്കും ഞാൻ…… “എനിക്കിനി നിങ്ങൾക്കൊപ്പം ജീവിക്കാൻ താല്പര്യം ഇല്ല…. എന്നെ എന്റെ വഴിക്ക് വിടണം……എനിക്ക് നിങ്ങള് പഠിക്കാനും ജോലിക്കും കുറച്ചു കാശ് തന്നിട്ടുണ്ടാകാം…… ഐ നോ… ബട്ട്… പഠിച്ചത് എന്റെ കഴിവാണ്… അത് കൊണ്ടാണ് ഇപ്പൊ തലയുയർത്തി നിൽക്കുന്നതും…. അവന്റെ മുഖത്ത് നോക്കാതവൾ പറഞ്ഞു….
“നിന്നെ ഇനിയും പാലും തേനുമൂട്ടി വളർത്താൻ എനിക്കും താല്പര്യം ഇല്ല…. നിനക്ക് നിന്റെ വഴിയേ പോകാം…. പക്ഷെ അത് എന്റെ കുഞ്ഞിനെ എന്റെ കയ്യിൽ ഏല്പിച്ച ശേഷം മാത്രം ആയിരിക്കണം…..പിന്നെ നിനക്ക് തന്ന കാശ്… അതീന്ന് ഒരു ശതമാനമെങ്കിലും തെരുവിൽ കിടന്ന ഒരു പട്ടിക്ക് ആഹാരം വാങ്ങാൻ ചിലവാക്കിയിരുന്നേൽ അത് ഇതിലും നന്ദി കാണിച്ചേനെ….. അത്രയേ എനിക്ക് പറയാനുള്ളു….. പിന്നെ നീ നേടിയെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസം… അത് തൊഴിലിനു വേണ്ടിയുള്ള വെറുമൊരു സെർട്ടിഫിക്കറ്റ് മാത്രമാണ്…. അല്ലാതെ നീയൊന്നും നേടിയിട്ടില്ല…..നേടിയിരുന്നെങ്കിൽ എനിക്കിന്ന് നിന്റെ മുന്നിൽ നിന്നിങ്ങനെ ചിലക്കേണ്ടി വരുമായിരുന്നില്ല….. ഞാനൊരിക്കലും നിന്നെ തേടി വരില്ല…. എന്റെ കുഞ്ഞും വരില്ല…. നീ ഫ്രഡ്‌ഡിടെ കൂടെയോ വേറെ ആരുടെ കൂടെയോ പൊയ്ക്കോ…. പൊകഞ്ഞ കൊള്ളി പൊറത്ത്….. എനിക്കത്രേയുള്ളു…….. അവനുടനെ തന്നെ മുറി വിട്ടുപോയി……
പിന്നെ തിരിച്ചെത്തിയത് മദ്യപിച്ചിട്ടായിരുന്നു… ആദ്യമായി മദ്യപിച്ചത് കൊണ്ട് അവൻ ഛർദിച്ചു അവശനായി ബാറിന്റെ മുന്നിൽ കിടക്കുന്നത് കണ്ട് കൂട്ടുകാരാണ് അവനെ വീട്ടിൽ എത്തിച്ചത്… ലിന്റയോടുള്ള ദേഷ്യം അപ്പോഴും അവൻ വാക്കുകളിലൂടെ പ്രകടിപ്പിച്ചു…… പക്ഷെ മറ്റ് ശാരീരിക ഉപദ്രവങ്ങളൊന്നും അവൾക്ക് അവിടെ നേരിടേണ്ടി വന്നില്ല…. തന്റെ കുഞ്ഞാണല്ലോ അവളുടെ വയറ്റിൽ എന്ന ചിന്തയാണ് അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചത്… അല്ലെങ്കിൽ അവൾക്ക് അത് കൂടി അനുഭവിക്കേണ്ടി വന്നേനെ…… കാരണം ജോണി അത്രയ്ക്കും ഉള്ളം പിടയുന്നുണ്ടായിരുന്നു…..
ഹൃദയം പൊട്ടി അവൻ കരയുന്നുണ്ടായിരുന്നു.. ഇന്നലെ വരെയുണ്ടായിരുന്ന വിശ്വാസം … സ്നേഹം ….ആത്മാർത്ഥത… എല്ലാം കപടമായിരുന്നുവെന്ന് തിരിച്ചറിയുമ്പോൾ… താൻ വഞ്ചിക്കപെടുക ആയിരുന്നുവെന്ന് ബോധ്യമാകുമ്പോൾ ഏതൊരുവനാണ് ഹൃദയം പൊട്ടിപ്പിളരാത്തത്…? അതും തന്റെ എല്ലാമെന്ന് കരുതി നെഞ്ചോട് ചേർത്തു പിടിച്ചവളിൽ നിന്നാകുമ്പോൾ…? അവന്റെ വധഭീഷണിക്ക് മുന്നിൽ പതറിപ്പോയവൾക്ക് അവന്റെ ആവശ്യം നിറവേറ്റുക എന്നതിലുപരി മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല…… രണ്ടുപേരും തമ്മിൽ എന്തൊ പ്രശ്നമാണെന്ന് മനസിലായെങ്കിലും ആദ്യമൊന്നും വീട്ടിൽ ഉള്ള മറ്റ് അംഗങ്ങൾക്ക് അതിന്റെ കാര്യകാരണങ്ങൾ സംബന്ധിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല……
പിന്നീട് ജോണിയുടെയും ലിന്റയുടെയും സംസാരങ്ങളിലൂടെ എല്ലാവരും എല്ലാമറിഞ്ഞു…… അന്നമ്മയും മോനച്ചനും ജിൻസിയും ശകാരിച്ചത് ജോണിയെ ആയിരുന്നു….. “നിനക്ക് ഇപ്പൊ അവള്ടെ തനി സ്വഭാവം മനസിലായല്ലോ…. ബാക്കിയുള്ളോര് ഭാര്യയെ കുറിച്ച് എന്തേലും ഒന്നുരിയാടിയാൽ നിനക്ക് വല്യ ചൊറിച്ചില് അല്ലായിരുന്നോ…..ഇപ്പൊ അത് മാറിക്കാണുമല്ലോ…..” ദേഷ്യത്തോടെ ആണ് അന്നമ്മ ഓരോ വാക്കും പറഞ്ഞതെങ്കിലും അവരുടെ കണ്ണുകൾ പെയ്യാൻ തയാറായി നിൽക്കുക ആയിരുന്നു…. മോനച്ചൻ നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും അയാളുൾപ്പെടെ എല്ലാവർക്കും ലിന്റ ക്രമേണ തങ്ങളുടെ കണ്ണിലെ കരടായി തീർന്നു …… ജോണിയുടെ മാനസികാവസ്ഥ പാടെ തകർന്നു….. അവൻ പതിയെ മദ്യപാനത്തിലേയ്ക്ക് കടന്നു……
അവന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ എല്ലാമൊന്നും ലിന്റയെ സ്വാധീനിച്ചില്ല എങ്കിലും അവളിൽ ഒരു ഭയം നിലനിന്നിരുന്നു…… എല്ലാവർക്കും അവനെ ഓർത്ത് സങ്കടം മാത്രമായിരുന്നു… ഇതിനിടയിൽ മോനച്ചന് ധനകാര്യ സ്ഥാപനം പൂട്ടേണ്ടി വന്നു…. ആൾക്കാർക്ക് കാശ് തിരികെ കൊടുത്തു ബാധ്യതകൾ തീർക്കാനായി സ്വന്തമായി ജോണി വച്ച ഇരുനില വീട് വിറ്റു കുടുംബ വീട്ടിലേക്ക് അവർ താമസം മാറി…. അതിനൊപ്പം ഉണ്ടായിരുന്ന സ്ഥലവും സ്വർണങ്ങളും എല്ലാം വിറ്റു….. ലിന്റ ജന്മം നൽകിയത് ഒരു പെൺകുഞ്ഞിനായിരുന്നു…. ആ കുഞ്ഞിനെ ഒരു മൂന്നുമാസം മാത്രം അവൾ നോക്കി…. അപ്പോഴേയ്ക്കും അവളുടെ സ്വഭാവം മാറുമെന്ന് വെറുതെയെങ്കിലും ജോണിയുടെ വീട്ടുകാർ ആഗ്രഹിച്ചു….. പക്ഷെ ജോണിക്ക് അത് സ്വീകാര്യം ആയിരുന്നില്ല…..
ഒരിക്കൽ നഷ്ടപ്പെട്ടുപോയ വിശ്വാസം, അത് ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ…. സ്നേഹവും വിശ്വാസവുമില്ലാതെ ഒന്നിച്ചു ജീവിക്കുന്നതിൽ എന്താണ് അർത്ഥം? ജോണിക്കൊപ്പം ജീവിക്കാൻ ലിന്റയും തയാറായില്ല… മൂന്നാം മാസം കുഞ്ഞിനെ ജോണിക്ക് കൊടുത്തിട്ട് അവൾ ഫ്രഡ്‌ഡിക്കൊപ്പം മറ്റൊരു കോളേജിലേക്ക് സ്ഥലമാറ്റം വാങ്ങിപ്പോയി…..പിന്നിത് വരെ തിരികെ വന്നിട്ടില്ല… ജനിയേ ഒന്ന് കാണാൻ പോലും…… 🌹🌹🌹🌹🌹🌹🌹🌹  “ചേച്ചി വരും വരെ ജനിയുടെ അച്ഛനും അമ്മയുമെല്ലാം ചാച്ചൻ ആയിരുന്നു….കുടിയൊക്കെ നിർത്തിയിരുന്നു… എങ്കിലും എല്ലാം ഇപ്പോഴും ചെറുതായിട്ടുണ്ട്… ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് മാത്രം….. “മമ്മേ…… പപ്പ വിളിക്കുന്നു…..” റോഹന്റെ ശബ്ദം കേട്ടതും അവൾ അവിടെ നിന്നും പെട്ടെന്ന് എഴുന്നേറ്റു……. (തുടരും )

by