The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സരിത മനു
“അമ്മേ…ഞാൻ ഇറങ്ങുവാണ് ട്ടോ…” നന്ദനയുടെ ആ വിളി കേട്ട് കൊണ്ട് അടുക്കളയിൽ ആയിരുന്ന സീത ദോശ ചുട്ടു കൊണ്ടിരുന്ന ചട്ടുകവുമായി ഉമ്മറത്തേക്ക് വന്നു.അപ്പോഴേക്കും നന്ദന മുറ്റത്ത് എത്തിയിരുന്നു. “കഴിച്ചിട്ട് പോടീ പെണ്ണേ…” “ഓ …ഇന്ന് സീതമ്മെടെ പുളിച്ച ദോശ വേണ്ടായെ…ഇന്ന് ക്യാന്റീൻ ആണ് മോളെ എന്റെ ലക്ഷ്യം.” “അമ്മേടെ മോന് കൊടുത്തെക്ക് എന്റെ പങ്കൂടെ.പാവം വല്ലപ്പൊഴും സഹിച്ചാ മതീലോ”. തന്റെ സ്‌കൂട്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് അവള് വീണ്ടും പറഞ്ഞു. “അമ്മേ… എട്ടനോട് പറഞ്ഞെക്ക് ഇന്നും നന്ദു ഏട്ടന്റെ പോക്കറ്റടിച്ചൂന്ന്..” അതും പറഞ്ഞവൾ വേഗം സ്‌കൂട്ടിയുമായി ഗേറ്റ് കടന്നു. “നാളെ പുളിച്ച ദോശ തിന്നാൻ ഇങ്ങ് വരട്ടെ അവള്…” സീതമ്മ പിറുപിറത്തു കൊണ്ട് തിരിഞ്ഞു.അപ്പോഴേക്കും ദേവാനന്ദ് അമ്മയുടെ അടുത്തെത്തിയിരുന്നു. “നീയാ ദേവാ ഇൗ പെണ്ണിനെ ഇങ്ങനെ വഷളാക്കണേ..” സീത ദേവനോട് പറഞ്ഞു.
“എന്റെ സീതമ്മ ഇന്ന് രാവിലെ തന്നെ ചൂടിലാണല്ലോ. എന്നാ പറ്റി? ഇന്നും ആ കാന്താരി എന്റെ പോക്കറ്റ് അടിച്ചൂലെ..?” “അല്ലാതെ പിന്നെ…?എന്റെ കയീന്നു ഇനി ഒരു നയാപൈസ നിന്റെ പെങ്ങക്ക് കിട്ടൂല….” “പറഞ്ഞിട്ട് എന്നാ കാര്യം? നിന്റച്ഛന്റെ സ്വഭാവം അല്ലേ അവൾക്ക് കിട്ടീരിക്കണത്…പിന്നെങ്ങനെ നന്നാവാനാ…? അവർ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. സർക്കിൾ ഇൻസ്പെക്ടർ ആണ് നന്ദൻ.മാസത്തിൽ ഒരിക്കലെ വീട്ടിൽ വരൂ.ഇപ്പൊ അവസാനം അവന് ട്രാൻസ്ഫർ ആയി കിട്ടിയിരിക്കുന്നത് വയനാട് ആണ്. നാട്ടിലേക്ക് ട്രാൻസ്ഫറിനു അപേക്ഷിചിട്ട് നാളു കുറെ ആയി. പക്ഷേ ….ഒരു സ്ഥലത്ത് അവനിപ്പോ സ്ഥിരമായി ഇരിക്കാറില്ല. കേസ് അന്വേഷണത്തിൽ സത്യ സന്ധത കാണിക്കുന്നത് കൊണ്ട് അവനെപ്പൊഴും ക്രിമിനൽസിനു ഒരു തല വേദനയാണ്.അതുപോലെ തന്നെ തലപ്പത്ത് ഇരിക്കുന്നവർക്കും. ദേവന്റെ അച്ഛനും പോലീസിൽ ആയിരുന്നു.കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ അന്ന് അയാള് അവരെ ഉപേക്ഷിച്ച് പോയതാണ്. കൈകുഞ്ഞായിരുന്ന നന്ദനയെയും,ദേവനെയും കൂട്ടി അന്ന് സീത ഇൗ നാട്ടിലേക്ക് പോന്നതാണ്.ചെയ്യാവുന്ന ജോലികളെല്ലാം അവർ ചെയ്തു മക്കളെ പഠിപ്പിച്ചു.
ദേവന് ജോലിയായി. നന്ദുമോൾ കോളജിലാണ് .ഇന്നുവരെ അച്ചനെന്ന് പറയുന്ന ആൾ തിരിച്ചു വന്നിട്ടില്ല.മരിച്ചോ,ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അവർക്കറിയില്ല. ദേവനും അമ്മയുടെ പുറകെ അടുക്കളയിലേക്ക് ചെന്നു. “ദേവാ…നീ പോയി കുളിച്ചിട്ട് വാ.അമ്മ ചായ എടുക്കാം.” ദേവൻ കുളികഴിഞ്ഞ് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സീതമ്മ പറഞ്ഞു. “മോനെ…നീ….എന്തായി നിന്റെ ജോലിക്കാര്യം. അടുത്തെങ്ങാനും ഇങ്ങോട്ടേക്കു വരുവോടാ നീ…എത്ര നാളാ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു ഓരോരോ ഇടങ്ങളിൽ…” “അതൊക്കെ ഞാനാണോ അമ്മേ തീരുമാനിക്കുന്നത്… മുകളിൽ നിന്നുള്ള ഓർഡർ അല്ലേ…?അനുസരിക്കാതെ പറ്റുവോ…? “ഉവ്വ …കുറച്ചൊക്കെ ഞാനും അറിയുന്നുണ്ട് മോനെ…ഞാനും പത്രം വായിക്കാറുണ്ട് .പിന്നെ നിന്റെ പെങ്ങൾക്ക് നിന്റെ വീരകഥകൾ പറഞ്ഞിട്ട് നാവ് വായിലിടാൻ സമയവും ഇല്ല.” അതുകേട്ട് ദേവൻ ചിരിച്ചു. “വേണം ന്ന് വെച്ചിട്ടല്ല അമ്മേ…അവര് സമ്മതിക്കാത്തത് കൊണ്ട് ചെയ്തു പോണതാ.അല്ലതെ ഞാൻ ഒരാള് വിചാരിച്ചാൽ നാട് നന്നാവോ സീതമ്മ…” “എന്തായാലും ഇവിടേക്ക് വന്നാൽ നീ ഇതുപോലെ ശത്രുക്കളെ സമ്പാദിച്ചു കൂട്ടണ്ട ദേവാ… നന്ദു മോളെ ഓർക്കണം.” “നോക്കട്ടെ അമ്മേ…പോകാൻ നേരമായി.” ഇറങ്ങും മുൻപ് അവൻ നന്ദനയുടെ മുറിയിൽ എത്തി.എല്ലാം വാരി വലിച്ചു ഇട്ടിരിക്കുകയാണ്. അമ്മ പറയണത് വെറുതെയല്ല.കൊഞ്ചിച്ച് താൻ തന്നെ അവളെ വഷളാക്കി.
അവൻ പതിവ് പോലെ അവളുടെ മേശയിൽ പൈസ വെച്ചു. അത് കണ്ട് കൊണ്ടാണ് സീതമ്മ അങ്ങോട്ട് വന്നത്. “ആഹാ…നിന്റെ ഇൗ ശീലം നിർത്തിയാൽ തന്നെ അവള് നന്നാവും.ഇതിപ്പോ ലാവിഷല്ലേ പോലീസ് ഏമാന്റെ പെങ്ങള്” “ഇനി കുറച്ചു ദിവസത്തേക്ക് എനിക്കുള്ള ചോറ് വെച്ചാ മതി.അവള് കോളേജ് കാന്റീനീന്നാവും ഇൗ പൈസ തീരണത് വരെ കഴിക്കുവാ.” “സാരമില്ല അമ്മേ…എല്ലാം നമ്മുടെ നന്ദൂട്ടിക്കുള്ളെ അല്ലേ….?” ” എല്ലാം നന്ദുമോൾക്ക് മാത്രം ആക്കണ്ട.നീ ഇവിടേക്ക് വന്നിട്ട് വേണം ഇനി നിനക്കൊരു കുടുംബായി കാണാൻ..” “അത് മിക്കവാറും നടന്നത് തന്നെ…” അവൻ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങി..
കയ്യിൽ പൈസ ഉള്ളത് കൊണ്ട് അന്ന് നന്ദനയ്ക്ക് വിശപ്പും കൂടി.കോളജിൽ എത്താൻ വേണ്ടി അവള് സ്പീഡിൽ വണ്ടി ഓടിച്ചു. കോളജിൽ എത്തുന്നതിനു തൊട്ട് മുൻപാണ് അത് സംഭവിച്ചത്. ഓവർ സ്പീഡിൽ വന്ന നന്ദനയുടെ സ്കൂട്ടിക്ക് മുൻപിലായി ടോണിയുടെ ബൈക്ക് വന്നു നിന്നത്. “ടോണി …വണ്ടി മാറ്റ്…. എനിക്കു പോണം .” “അതിനെന്താ നന്ദന മോളെ…നമുക്ക് പോവാലോ…നീ വാ…വന്നു ഇച്ചായന്റെ വണ്ടീലോട്ട് കേറ്…” “ടോണി…നിന്നോടാ പറഞ്ഞത് വണ്ടി മാറ്റാൻ..” “എന്നാ ശെരി…നമുക്ക് നിന്റെ വണ്ടിയേൽ പോകാം…” എന്ന് പറഞ്ഞതും ടോണി നന്ദനയുടെ പുറകിൽ കയറി ഇരുന്നതും ഒരുമിച്ചായിരുന്നു. “ടോണി…നീ വെറുതെ പ്രശ്നം ഉണ്ടാക്കരുത്. ഇറങ്ങ് നീ…”. “ദേ മോളെ …നീ വല്യ പോലീസ് ഏമാന്റെ പുന്നാര പെങ്ങളോക്കെ ആയിരിക്കും..പക്ഷേ….നീ ഇൗ ടോണിടെ പെണ്ണാ…”. ഇനി അവനോട് തർക്കിച്ചിട്ടും,പറഞ്ഞിട്ടും കാര്യമൊന്നും ഇല്ലെന്ന് നന്ദനക്ക് മനസ്സിലായി.
കുറെ നാളുകളായി ഇവന്റെ ശല്യം…ഏട്ടനെ അറിയിക്കണ്ട എന്ന് വിചാരിച്ചിട്ട് ഇവൻ സമ്മതിക്കണ മട്ടില്ലാലോ ന്റെ ദേവിയെ… ഇനീപ്പം എന്താ ചെയ്യാ…? ഫ്രണ്ട്സ് നെ ആരേലും വിളിച്ചാലോ…. അവള് പതിയെ തന്റെ ബാഗിൽ നിന്ന് ഫോൺ എടുത്തു. അതുകണ്ട് ടോണി അവളുടെ കയ്യിൽ നിന്നും ആ ഫോൺ തട്ടി തെറിപ്പിച്ചു..എന്നിട്ട് അവളുടെ കയ്യിൽ അവൻ മുറുകെ പിടിച്ചു… പെട്ടെന്ന് തന്റെ തോളിൽ ആരുടെയോ കയ്യമർന്നത് ടോണി അറിഞ്ഞു.അതാരാണെന്ന് നോക്കാൻ തിരിഞ്ഞതും അവന്റെ മുഖമടച്ച് അടി വീണതും ഒരുമിച്ചായിരുന്നു. (തുടരും)