19/04/2026

നീലിമ : ഭാഗം 04

രചന – നന്ദ നന്ദിത

“എങ്ങോട്ട് ആടി ചാടി തുള്ളി പോകുന്നേ…? ന്റെ മോന്റെ ജീവിതം ഇല്ലാണ്ടാക്കാൻ വന്ന നശൂലം…!!! നീ ഇവിടെ സുഖിച്ചു വാഴന്ന് കരുതണ്ടടി…” അയാൾ വേഗം അവളുടെ കഴുത്തിലേക്ക് കുത്തിപിടിച്ചു… മതലിലേക്ക് ചേർത്ത് നിർത്തി… അവൾ ശ്വാസം കിട്ടാതേ പിടഞ്ഞു.. ഒന്നുടെ ശക്തിയിൽ പിടിച്ചു മതലിലേക്ക് ചേർത്ത്, മേലോട്ട് ഉയർത്തി… അവളുടെ കണ്ണുകളിലൂടെ കണ്ണുനീരോഴുകി, പുറത്തേക്ക് തള്ളി വന്നു… ഒരിറ്റു ശ്വാസത്തിനായി അവൾ തേങ്ങി… ഉണ്ണിക്കായ് കരുതി വെച്ച ഉണ്ണിയപ്പപൊതി അവളുടെ കയ്യിൽ നിന്ന് ഊർന്നു താഴെ വീണു. “അച്ഛാ….!!!” ഉണ്ണിയുടെ അലർച്ച കേട്ട്,വാസുദേവൻ ഞെട്ടി, നീലുവിന്റെ കഴുത്തിൽ നിന്ന് പിടി വിട്ടു. പെട്ടന്ന്..അവൾ ചുമച്ചു കൊണ്ടു താഴേക്ക് വീണു . വാസുദേവനെ ദഹിപ്പിക്കും വിധം രൂക്ഷമായി നോക്കി, ഉണ്ണി വേഗം നീലുവിന്റെ അരികിൽ മുട്ടുകുത്തി ഇരുന്നു…

“നീലു… ഡാ…” തറയിൽ വീണു കിടന്ന അവളെ എഴുന്നേൽപ്പിച്ചു മതിലിലേക്ക് ചാരി ഇരുത്തി… “അമ്മു…. അമ്മു….” അവൻ വിളിച്ചത് കേട്ട് അമ്മു ഓടിവന്നു… “എന്താ ഏട്ടാ…” “നീ ഇച്ചിരി വെള്ളം എടുത്തിട്ട് വാ…” അപ്പോഴാണ് അവൾ തറയിൽ പാതിബോധത്തിൽ ഇരിക്കുന്ന നീലുവിനെ കണ്ടത്… “അയ്യോ.. ഏട്ടത്തി.. ഏട്ടത്തിക്ക് എന്ത് പറ്റി…??” അവൾ പകപ്പോടെ ചോദിച്ചു. “പോയി വെള്ളം എടുത്തിട്ട് വാടി…!!!!” അവന്റെ ദേഷ്യം കണ്ട്, അമ്മു അടുക്കളയിലേക്ക് ഓടി, പെട്ടന്ന് തന്നേ വെള്ളവും ആയി വന്നു ഉണ്ണിയുടെ കയ്യിൽ കൊടുത്തു. “നീലു… മോളെ… ദാ വെള്ളം കുടിക്ക്…!!” അവൻ ഒരു കൈകൊണ്ടവളെ താങ്ങി, ഗ്ലാസ്‌ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു. നീലു വേഗം ആ വെള്ളം മുഴുവൻ ഇത്തിരി പ്രയാസപ്പെട്ട് കുടിച്ചിറക്കി. ഉണ്ണി വേഗം രണ്ടുകൈകൾ കൊണ്ടും അവളെ കോരി എടുത്ത് മുറിയിലേക്ക് നടന്നു. എല്ലാം കണ്ട് വാസുദേവൻ, ദേഷ്യത്തോടെ പല്ലിരുമ്മി… താഴേക്ക് പോയി. മുറിയിലേക്ക് കയറിയ ഉണ്ണി, കട്ടിലിലേക്ക് അവളെ കിടത്തി…അവളുടെ കൈപിടിച്ചു പൾസ് നോക്കി…

വേഗം തന്നേ ഷെൽഫിൽ നിന്ന് തന്റെ സ്കെതസ്കോപ്പ് എടുത്ത് വെച്ചു, അവളുടെ ഹൃദയത്തുടിപ്പ് അവന്റെ കാതുകളിൽ വ്യക്തമായി കേൾക്കാമായിരുന്നു.അവൾ നോർമൽ ആയിന്നറിഞ്ഞതും അവന്റെ ചുണ്ടിൽ നേരിയ പുഞ്ചിരി വിടർന്നു. അടഞ്ഞു തുടങ്ങിയ കണ്ണുകളിൽ നിന്നു അടർന്നു വീണ കണ്ണുനീര് ഉണ്ണിയെ വല്ലാതെ പൊള്ളിക്കുന്നതായി തോന്നി അവനു. ഉണ്ണി പതിയെ അവളോട് ചേർന്നു കട്ടിലിൽ ചാരി ഇരുന്നു… പതിയെ അവളുടെ നെറ്റിയിൽ തലോടി…നെറ്റിത്തടത്തിലെ സിന്ദൂരത്തിൽ അവൻ ചുണ്ടുകൾ ചേർത്തു… “നീലു… മോളെ… ഡാ… വേദനയുണ്ടോ…?? “ഉം…” പാതിമയക്കത്തിൽ, ഒരു നേർത്ത മൂളൽ മാത്രം കേട്ടു അവൻ. “സാരില്യാട്ടോ… മോള് ഉറങ്ങിക്കോ…ഉറങ്ങി എണീക്കുമ്പോ ഒക്കെ മാറുട്ടോ…!!” അത് പറഞ്ഞവൻ,അവളെ ചേർത്ത് പിടിച്ചു. അവൾ ഉറങ്ങിയെന്നു ഉറപ്പായപ്പോൾ, ഉണ്ണി മുറിയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി… വാസുദേവന്റെ അരികിലേക്ക് നടന്നു. “അച്ഛാ…!!” അവൻ ദേഷ്യത്തോടെ വാസുദേവന്റെ അരികിലേക്ക് ചെന്നു മകന്റെ ദേഷ്യം കണ്ടതും, അയാൾ ഒന്ന് പകച്ചു… ഉണ്ണി എന്തേലും പറയും മുന്നേ… മുഖത്തെ പകപ്പ് മാറ്റി ചിരിക്കാൻ ശ്രെമിച്ചു…

“മോനെ… എടാ…ഞാൻ നിന്നെ കരുതിയ… അവൾ…. ആ നശൂലം പിടിച്ചവൾ കാരണം അല്ലേ മോനെ…5 വർഷമായി നീ പ്രണയിച്ച പ്രിയമോള് നിന്നെ കല്യാണ പന്തലിൽ നിന്ന് വേണ്ടെന്ന് പറഞ്ഞു ഇറങ്ങി പോയത്…?? നാട്ടുകാരുടെ മുന്നിൽ നമ്മൾ എല്ലാവരും തല കുനിച്ചു നിന്നത് അവള് കാരണം അല്ലേ…?? അത് കൊണ്ട്… അത് കൊണ്ടാ അച്ഛൻ…!! “ന്റെ മോന്റെ നല്ല ഭാവിക്ക് വേണ്ടിയാ… ഇവൾ ഇല്ലാതായാൽ പ്രിയമോൾ തിരിച്ചു വരും…!! അയാൾ ഉണ്ണിയുടെ കയ്യിലേക്ക് പിടിച്ചു കൊണ്ട് പറഞ്ഞു ഉണ്ണി പെട്ടന്ന് കൈവലിച്ചു മാറ്റി… “ഇനി ഒരിക്കൽ കൂടി എന്റെ നീലുവിന്റെ ദേഹത്ത്, അച്ഛന്റെ നിഴലെങ്കിലും വീണാൽ….!!!അച്ഛൻ – മകൻ ബന്ധം ഞാൻ മറക്കും…!!! തന്റെ നേരെ വിരൽ ചൂണ്ടിയുള്ള മകന്റെ സംസാരം അയാളിൽ ചെറിയൊരു ഷോക്ക് ഉണ്ടാക്കി

“പിന്നെ പ്രിയേടെ കാര്യം…എനിക്ക് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ, അച്ഛൻ സമ്മതിച്ചത്… അവളുടെ അച്ഛന്റെ കാശുകണ്ടിട്ടാണെന്ന് എനിക്ക് അറിയാം…അത് തട്ടി തെറുപ്പിച്ചത് കൊണ്ടുള്ള ദേഷ്യമാണ് നീലുവിനോട് ഉള്ളതെന്നും എനിക്ക് അറിയാം….അത് കൊണ്ട് എന്നോടുള്ള അതിരു കടന്ന സ്നേഹം എന്നൊന്നും പറയണ്ട…!! പ്രിയയുടെയും എന്റെയും 5 വർഷത്തെ പ്രണയം , ഒന്നും അറിയാത്ത ആ പാവത്തിന്റെ എന്നോടുള്ള നിഷ്കളങ്കമായ സ്നേഹത്തേക്കാൾ വലുതല്ല…!!പ്രിയക്ക് എന്നോട് ദേഷ്യം ഉണ്ടാവും… അവളുടെ സ്നേഹം എനിക്ക് എന്നും വിലപ്പെട്ടത് തന്നേ ആയിരുന്നു…പക്ഷെ സാരില്ല…!! അവൾക്ക് നല്ലൊരു ലൈഫ് ഇനിയും കിട്ടും…പക്ഷെ നീലു അങ്ങിനെ അല്ല…!! പിന്നെ ചെയ്ത് കൂട്ടിയ പല പാപങ്ങൾക്കും, ഇതിലൂടെ പരിഹാരമാവുമെങ്കിൽ… ഒരു മകൻ എന്ന നിലയിൽ ഇത്രേ എനിക്ക് ചെയ്യാൻ ആവു…!!” അതും പറഞ്ഞു ഉണ്ണി മുറിവിട്ട് പുറത്തേക്ക് വന്നു… എല്ലാം കേട്ട് പുറത്ത് നിന്ന ഊർമിളയുടെ ചുണ്ടിൽ സ്നേഹത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു

രാവിലെ നീലിമ കണ്ണു തുറക്കുമ്പോൾ, തന്റെ കാൽപാതത്തിലേക്ക് തലചായ്ച്ചു ഉറങ്ങുന്ന ഉണ്ണിയെ ആണ് “ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ…” അടഞ്ഞ ശബ്ദതിൽ പതിയെ നീലു വിളിച്ചു ഉണ്ണി ഞെട്ടി പിടഞ്ഞു വേഗം എഴുന്നേറ്റു “ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ… എനിക്ക് അമ്മേ കാണണം… വീട്ടിൽ പോണം എനിക്ക്… എനിക്ക്… എനിക്ക് പേടിയാ…ഇവിടെ… അമ്മാവൻ ന്നെ…അമ്മാവൻ എന്നെ ഇനിം കഴുത്തിനു പിടിക്കും… എന്നോട് എല്ലാരും പിണക്കവാ… എനിക്ക്… എനിക്ക് ആരൂല ഇവിടെ… എന്നെ ആർക്കും ഇഷ്ടല്ല…!!” അവളുടെ കരച്ചില് കേട്ടതും ഉണ്ണി വേഗം അവളെ മുറുക്കെ കെട്ടിപിടിച്ചു. “ആര് പറഞ്ഞു നീലുന് ആരൂല്ലാന്ന്…?ഉണ്ണിയേട്ടൻ ഇല്ലേ…??” “എനിക്ക് പേടിയാ…അമ്മാവൻ… അമ്മാവൻ എന്നെ…” അവൾ പേടിയോടെ ഉണ്ണിയെ മുറുക്കെ പിടിച്ചു.. “ഇല്ലടാ… ഇനി ന്റെ മോളെ… ആരും ഒന്നും ചെയ്യില്ല… ഉണ്ണിയേട്ടൻ ഇല്ലേ ഇവിടെ…?? പേടിക്കണ്ടാട്ടോ…!!” തന്റെ നെഞ്ചിൽ പേടിയോടെ ചേർന്നു നിൽക്കുന്നവളുടെ, മുടിയിൽ തലോടി ഉണ്ണി പറഞ്ഞു

ഉണ്ണി താഴേക്ക് വരുമ്പോൾ ഊർമിള താഴെ നിൽക്കുന്നുണ്ടായിരുന്നു. “നന്നായി മോനെ… ഇപ്പോഴാ അമ്മക്ക് സമാധാനം ആയെ… ന്റെ കുഞ്ഞിന് ആരേം സ്നേഹിക്കാതിരിക്കാൻ ആവില്ലെന്ന് അമ്മക്ക് അറിയാമായിരുന്നു… അതൊരു പാവമാടാ…നിന്നെ അതിനു ജീവനാ…” എല്ലാം കേട്ട് ഉണ്ണി പുഞ്ചിരിച്ചു. “ഞാൻ ഇറങ്ങുവാമ്മേ… ഇന്ന് ഒ പി ദിവസാ… നല്ല തിരക്ക് ആയിരിക്കും… പിന്നെ… നീലുനെ ശ്രെദ്ധിച്ചേക്കണേ അമ്മേ…ഒത്തിരി ഭയന്നു പോയിട്ടുണ്ട്… മുറിയിൽ തന്നെ ഇരിക്കുവാ… ഞൻ വിളിച്ചിട്ടും പുറത്തേക്ക് വരുന്നില്ല…!!” “അമ്മ ശ്രെദ്ധിച്ചോളാം… മോൻ പൊക്കോളൂ…” ഉണ്ണി തലയാട്ടി പുറത്തേക്ക് ഇറങ്ങി… “ഏട്ടാ… ഏട്ടാ… പോവല്ലേ… ഞാനും ഉണ്ട്… ന്നേ ആ കോളേജിലേക്ക് ഒന്ന് ഡ്രോപ്പ് ചെയ്യ് പ്ലീസ്…” “എനിക്ക് time ഇല്ലടി…ഇപ്പൊ തന്നെ ലേറ്റ് ആയി…” “ഓ… പിന്നെ… സ്വന്തം പെങ്ങളെ കോളേജിൽ ഡ്രോപ്പ് ചെയ്താലേ… ഈ ഫേമസ് കാർഡിയോളജി ഡോക്ടറിന്റെ ടൈം ലേറ്റ് ആകുമെങ്കിലേ ആവട്ടെ.. അല്ല.. പിന്നെ.. ഹും..!!” “ഈ പെണ്ണിന്റെ നാവിനു ഒരു ലൈസൻസും ഇല്ല…!!” “ഓഹോ… വേഗം വണ്ടി വിട്.. വണ്ടി വിട്… ഡോക്ടറിന്റെ സമയം പോണ്ട…” അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഛെ…. എന്നാലും… ഇന്നലെ തീരേണ്ടതായിരിരുന്നെടാ സുകു അവള്… കറക്റ്റ് സമയത്ത് അവൻ കേറി വന്നു…” എരിഞ്ഞു കൊണ്ടിരുന്ന സിഗഗരറ്റ്, ചുണ്ടിൽ വെച്ചു ആഞ്ഞു വലിച്ചു കൊണ്ട് വാസുദേവൻ തന്റെ വിശ്വസ്ഥനായ കാര്യസ്ഥനെ നോക്കി… “വിഷമിക്കണ്ട മുതലാളീ… അവൾക്ക് അല്പായിസ്സ…” “വിഷമൊന്നും ഇല്ലടാ.. അവളുടെ അവസാനം ന്റെ കയ്യോണ്ട് തന്നെയാവും… പക്ഷെ… ആ ഒരുമ്പെട്ടോൾ ക്ക് വേണ്ടി.. ന്റെ മോൻ എന്നോട് വഴക്ക് ഉണ്ടാക്കി…എന്റെ മുഖത്ത് നോക്കി കൈചൂണ്ടി സംസാരിച്ചു…അതും ഭീഷണിയുടെ സ്വരത്തിൽ… അവനിപ്പോ അവള് മതിപോലും…!! ക്രാഫ്… തൂ…” അയാൾ അതും പറഞ്ഞു നീട്ടി തുപ്പി… “ജീവിപ്പിക്കല്ല… ഞൻ…!!! ജീവിപ്പിക്കില്ല രണ്ടിനേം…ന്റെ വഴിയേ തടസം നിന്നാൽ ആരായാലും ഞൻ തട്ടി മാറ്റും…അത് മകൻ ആയാൽ പോലും….” അയാൾ പകയോടെ, ജ്വലിക്കുന്ന കണ്ണുകളും ആയി നിന്നു.

റൌണ്ട്സ് നിടയിൽ നിർത്താതെ ഉള്ള ഫോൺ ബെൽ കേട്ടാണ് ഉണ്ണി കാൾ അറ്റൻഡ് ചെയ്തത്… “ഹെലോ.. മോനെ.. അമ്മയാടാ… നീലുന് വയ്യ…!!അവൾ തലകറങ്ങി വീണു…വിളിച്ചിട്ട് കണ്ണു തുറക്കുന്നില്ല… ഞാൻ ഡോക്ടർ അമ്പിളിയെ വിളിച്ചിട്ടുണ്ട്… മോൻ വേഗം വാ…” അമ്മയുടെ ഫോൺ കേട്ടതും, ഉണ്ണി വീട്ടിലേക്ക് പുറപ്പെട്ടു. ഉണ്ണി വീട്ടിൽ എത്തിയപ്പോഴേക്കും, ഡോക്ടർ അമ്പിളി അവളെ പരിശോധിച്ച് പുറത്തേക്ക് വന്നു.. ഉണ്ണിയെ കണ്ടതും അവർ ചിരിച്ചു. “താൻ ഇത്ര വെപ്രാളംപ്പെട്ട് വരേണ്ട ആവിശ്യം ഒന്നും ഉണ്ടായിരുന്നില്ല…നീലിമക്ക് കുഴപ്പം ഒന്നുല്ല… പിന്നെ ഉണ്ണി ചിലവുണ്ട് കേട്ടോ… നീലിമ ക്യാരിങ് ആണ്…താൻ അച്ചൻ ആകാൻ പോകുന്നു എന്ന്…” അവന്റെ വെപ്രാളം കണ്ട് അമ്പിളി ചിരിയോടെ പറഞ്ഞു.. അത് കേട്ടതും, ഊർമിള സന്തോഷത്തോടെ നീലിമയുടെ അടുത്തേക്ക് പോയി. ഡോക്ടർ പുറത്തേക്ക് ഇറങ്ങിയപ്പോൾ, ഉണ്ണിയും കൂടെ ചെന്നു… “ശരിടോ… ഞൻ ഇറങ്ങട്ടെ… ഊർമിള ആന്റി വിളിച്ചപ്പോ പേടിച്ചു പോയി അതാ പെട്ടന്ന് വന്നേ… പിന്നെ നീലിമയെ കൂട്ടി നാളെ ഹോസ്പിറ്റലിൽ വരെ വാ… ഡീറ്റൈൽഡ് ചെക്കപ്പ് നമുക്ക് ചെയ്യാം… Bye ഉണ്ണി…” ഉണ്ണിയോട് യാത്ര പറഞ്ഞു, അമ്പിളി പോയി…

ഉണ്ണി എന്ത് ചെയ്യണം എന്നറിയാതെ നിന്നു… മനസ്സിൽ ഒരുതരം മരവിപ്പ് മാത്രം… അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ ഊർമിള നീലുവിന്റെ അരികിൽ ഇരിക്കുവായിരുന്നു … അവനെ കണ്ടതും അവർ എണീറ്റു.. മുറിയിൽ നിന്നും പോയി.. ഉണ്ണി നീലുവിന്റെ അരികിൽ വന്നിരുന്നു. അവൾ ഒന്നും ശ്രെദ്ധിക്കാതെ കയ്യിൽ ഇരുന്ന പാവയുമായി കളിക്കുകയായിരുന്നു. “നീലു…” അവൻ പതിയെ അവളുടെ കവിളിൽ തൊട്ടു.. “ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ…അമ്മായി പറയുവാണേ… ന്റെ വയറ്റിൽ കുഞ്ഞാവ ഉണ്ടെന്ന്… ആണോ… ആണോ ഉണ്ണിയേട്ടാ..” അവളുടെ ചോദ്യം കേട്ട്, അവന്റെ കണ്ണുകൾ നിറഞ്ഞു… “ഉം..” അവൻ പതിയെ തലയാട്ടി… “എപ്പോഴാ കുഞ്ഞാവേ കാണാ…??” അവളുടെ ചോദ്യം കേട്ട് അവൻ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി… കണ്ണ് തുടച്ചു, താഴേക്ക് ചെല്ലുമ്പോൾ… സന്തോഷത്തോടെ ഊർമിള അവന്റെ അടുത്തേക്ക് ഓടി വന്നു.. “മോനെ… നാളെ തന്നെ അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോണം… ചെക്കപ്പ് ഒക്കെ നടത്തണം…” “ഉം… പോണം… നാളെ തന്നേ പോകണം… അത് പക്ഷെ കുഞ്ഞിന്റെ ക്ഷേമം അന്വേഷിക്കാൻ അല്ല… അതിനെ എന്നന്നേക്കുമായി അവളുടെ വയറ്റിൽ നിന്ന് ഇല്ലാണ്ടാക്കാൻ….!!!” (തുടരും)