19/04/2026

പാർവതി പരിണയം : ഭാഗം 02

രചന – മിത്ര അപ്പു

എന്താ അവിടെത്തന്നെ നിൽക്കുന്നെ.. .. ഉണ്ണിയെ കാണാൻ വന്നതാരിക്കും അല്ലേ.. വന്ന കാലിൽ നിൽക്കാതെ കേറി വാ മോനെ “.. അച്ചുതന്റെ സ്നേഹത്തോടെയുള്ള വിളി കേട്ട് അവൻ ഉമ്മറത്തേക്ക് കയറി ഇരുന്നു.. അപ്പു ആ ഗ്രാമത്തിലെ സ്കൂൾ മാഷ് ആണ്.. അച്ഛനെയും അമ്മയെയും കുഞ്ഞിലേ നഷ്ടപ്പെട്ട അവനെ അച്യുതൻ ആണ് പഠിപ്പിച്ചത് .. കൂടെപ്പിറപ്പില്ലാത്ത അവനു ഉണ്ണി കൂടെപ്പിറപ്പും ആയി… “അല്ല മോനെ, വന്ന വഴി അനന്തുവിനെ കണ്ടിരുന്നോ നീയ് “.. “ഇല്ല അങ്കിൾ, ഞാൻ കണ്ടില്ല.. അവൻ അതിനു എവിടെപ്പോയി “. “രാവിലെ പാടത്തെന്തോ പണിയുണ്ടെന്നും പറഞ്ഞു പോയതാ.. ഇതുവരെ ആയിട്ടും വന്നില്ല.. ” പറഞ്ഞു കൊണ്ടു വഴിക്കണ്ണും നട്ട് ഇരിക്കുന്ന അച്യുതനെ കണ്ട് അവനു ചിരി പൊട്ടി.. “ന്റെ അങ്കിൾ, അവൻ കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ.. പണി കഴിയുമ്പോ ഇങ്ങു വരും ന്നെ “. അപ്പോഴേക്കും ഒരു കയ്യിൽ ചായയുമായി ശാരദ അങ്ങോട്ടേക്ക് ചെന്നു.. ചൂട് ചായ അപ്പുവിന് നേരെ അവർ നീട്ടി..

“കുടിക്കു മോനെ, അതു കഴിഞ്ഞു മതി വർത്താനം.. അല്ലാ, നീ വന്നത് ഉണ്ണി അറിഞ്ഞില്ലേ “… ശാരദയുടെ ചോദ്യത്തിന് വെറുതെ ഒന്ന് ചിരിച്ചവൻ.. പിന്നെ പതിയെ ആ ചൂട് ചായ ഊതി കുടിച്ചു കൊണ്ടിരുന്നു. “ഞാൻ ഉണ്ണിയെ വിളിക്കാം.. അവനാ തൊടിയിൽ കാണും, കൂടെ പാറൂട്ടിയും ഉണ്ടാവും “.. വിളിക്കാനായി തൊടിയിലേക്ക് നടന്നപ്പോഴേക്കും ഉണ്ണിയും പാറുവും അവിടേക്കെത്തിയിരുന്നു.. “എടാ നീ അങ്ങ് തടിച്ചല്ലോ അപ്പുവേ.. ” അടുത്ത് വന്നു കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞ ഉണ്ണിയെ അപ്പു സ്നേഹത്തോടെ നോക്കി. “പിന്നെ ഒന്ന് പോയെടാ, ഒരു വർഷം കാണാതിരുന്നു കണ്ടോണ്ടു നിനക്ക് തോന്നുന്നതാ ചെക്കാ “.. പുറത്ത് ഒരു ചെറിയ ഇടി കൊടുത്തു അപ്പു മറുപടി നൽകി… “അപ്പുവേട്ട സുഖാണോ.. ഇങ്ങോട്ടൊന്നും കാണാറേയില്ലല്ലോ.. ഉണ്ണിയേട്ടൻ ഉണ്ടെങ്കിൽ മാത്രേ ഈ വീട്ടിലേക്കു പ്രവേശനം ഉള്ളതെന്നു എഴുതിയൊന്നും വെച്ചിട്ടില്ല കെട്ടോ “… ചിരിയോടെ കുറുമ്പ് പറയുന്നവളെ കണ്ട് അവനിൽ ഒരു നോവ് പടർന്നു..

ഒരു കുഞ്ഞു നഷ്ട പ്രണയത്തിന്റെ വേദന.. വേഗം തന്നെ അതു മാറ്റി ചിരിക്കാൻ ശ്രമിച്ചവൻ… “അങ്ങനെ ഒന്നും ഇല്ലെന്റെ പാറൂട്ടിയെ.. ഞാൻ വരുമ്പോൾ നീ ഇവിടെ കാണാത്തതു എന്റെ കുറ്റണോ പെണ്ണേ “… മറുപടി ഇഷ്ടപ്പെടാത്തത് പോലെ മുഖം ചുളിച്ചു കോക്രി കാട്ടിയവൾ.. ചുണ്ട് കൂർപ്പിച്ചു അപ്പുവിനെ ഒന്ന് നോക്കി.. “ഈ അപ്പുവേട്ടന് സ്നേഹം ഇല്ല എന്നോട്.. എപ്പോ നോക്കിയാലും ഇങ്ങനെ വഴക്കടിക്കും ഉണ്ണിയേട്ടാ.. കണ്ടോ കണ്ടോ ഇപ്പൊ ഉണ്ണിയേട്ടനും മനസ്സിലായല്ലോ അല്ലേ “.. കുറുമ്പ് കുത്തണ പെണ്ണിനെ കണ്ടു ഉണ്ണിക്കു ചിരിപൊട്ടി.. ചുണ്ട് കടിച്ചുപിടിച്ചവൻ അപ്പുവിനെ നോക്കി കണ്ണിറുക്കി.. അപ്പുവിന്റെ മനസ്സ് വിങ്ങുകയായിരുന്നു.. നീയെന്റെ പ്രാണൻ ആണെന്ന് ഞാൻ എങ്ങനെയാ പെണ്ണേ ഒന്ന് പറയുക..

നീയറിയാതെ നിന്നെ പ്രണയിക്കുന്നു ഞാൻ ഇന്നും, ഇനിയെന്നും…. “ഇവിടെ ആരാ എന്റെ പാറൂട്ടിയെ കരയിച്ചേ”.. അങ്ങനെ ചോദിച്ചു കൊണ്ടാണ് അനന്തു കയറി വന്നത്.. “നന്ദേട്ടൻ എത്തിയോ.. ഹോ സമാധാനം ആയെനിക്ക്.. അല്ലേലും എന്റെ നന്ദേട്ടന് മാത്രേ എന്നോട് സ്നേഹം ഉളളൂ.. എന്റെ ചക്കര ഏട്ടൻ “. ഓടിച്ചെന്നു കെട്ടിപ്പിടിച്ചു എത്തികുത്തി നിന്നു അനന്തുവിന് ഒരുമ്മ കൊടുത്തവൾ.. പിന്നെ അവന്റെ കയ്യിൽ തൂങ്ങി നിന്നു… “മോളേ ഇച്ചിരി മാറി നിക്കെടി, ദേ നന്ദേട്ടന്റെ ദേഹം മൊത്തം വിയർത്തിരിക്കുവാ കെട്ടോ”.. “അതിനെന്താ, എന്റെ നന്ദേട്ടന്റെ അല്ലേ.. ഞാൻ അങ്ങ് സഹിച്ചു.. അതു കുറച്ചുള്ള വൃത്തി മതി എനിക്ക്.. ഹും “.. വായടപ്പിച്ചുള്ള മറുപടിയിൽ അനന്തു ഒന്നും മിണ്ടിയില്ല.. എതിര് പറഞ്ഞാൽ അവളുടെ കണ്ണീര് കാണേണ്ടി വരുന്ന് അവനു നന്നായിട്ട് അറിയാം.. മുറപെണ്ണാണെങ്കിലും തന്റെ കുഞ്ഞനിയത്തി ആണ്..

കൂടെ പിറന്നില്ലന്നെ ഉളളൂ തനിക്കു.. “അനന്തു നീ പൊയി കുളിച്ചിട്ടു വാടാ.. കാപ്പി പോലും കുടിക്കാതെ പോയതല്ലേ നീയ്.. “. “ശരി അമ്മേ, ഞാൻ പൊയി കുളിച്ചിട്ട് വരാം… എടാ അപ്പു നീയിവിടെ കാണണം ട്ടോ, ഞാൻ വന്നിട്ടേ പോകാവൂ നീയ് “.. പറഞ്ഞു കൊണ്ടവൻ മുറിയിലേക്ക് കടന്നു… 💞💞💞💞💞 സ്കൂൾ വിട്ടു വരുന്ന വഴിയാണ് അപ്പു രേവതിയെ കണ്ടത്… രേവതി അപ്പുവിന്റെ സ്കൂളിലെ ടീച്ചർ ആണ്.. തുമ്പപൂ പോലൊരു പെണ്ണ്. വീട് കുറച്ചു ദൂരം ഉള്ളതിനാൽ അപ്പുവിന്റെ വീടിനടുത്തുള്ള ഒരു വീട്ടിൽ പയിങ് ഗസ്റ്റ് ആയിട്ടാണ് ആളുടെ താമസം.. വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും ഉണ്ട്‌.. സ്ഥലം മാറ്റo കിട്ടി വന്നിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂവെങ്കിലും, ആള് അപ്പുവിനോട് നല്ല അടുപ്പമാണ്.. “ടീച്ചറെ, ഇറങ്ങുമ്പോൾ താമസിച്ചു..

അതാ ഞാൻ ടീച്ചറിനെ കാത്തു നിൽക്കാഞ്ഞത് കെട്ടോ.. “.. അതിനെന്താ മാഷേ, സാരല്യ.. പത്തിലെ കുട്ടികളുടെ എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടായിരുന്നേ ഇന്ന്.. അതുകൊണ്ടാ ഞാൻ താമസിച്ചത്.. എക്സാം അടുത്ത് വരുകല്ലേ.. പോർഷൻസ് തീർക്കാൻ ഇനിയും ഉണ്ട് “.. രേവതിയുടെ വാക്കുകളിൽ ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നു.. “അതൊന്നും കുഴപ്പമില്ല ടീച്ചറെ.. ടീച്ചർ ടെൻഷൻ അടിക്കാതെ അങ്ങ് പഠിപ്പിക്കു.. നമ്മടെ കുട്ടികൾ അല്ലേ, അവർ പഠിച്ചോളും ന്നെ “.. ചെറു ചിരിയോടെ പറഞ്ഞവനെ അവൾ ഒന്ന് നോക്കി.. പിന്നെ പുഞ്ചിരിച്ചു കൊണ്ടു കൂടെ നടന്നു.. “അല്ല മാഷേ, ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചിട്ടു കുറെ നാളുകൾ ആയി.. മാഷ് എന്ത് കരുത്തുമെന്നോർത്തിട്ടാ ഇത് വരെയും ചോദിക്കാഞ്ഞത് “.. ഇത്തിരി ജാള്യതയോടെയുള്ള ചോദ്യം.. അപ്പു സംശയത്തോടെയൊന്നു നെറ്റി ചുളിച്ചു.. “അതിനെന്താ ടീച്ചറെ, നമ്മൾ തമ്മിൽ മുഖവുരയുടെ ആവശ്യം ഉണ്ടോ.. എന്താണെങ്കിലും ചോദിച്ചോളൂ.. “.. പിന്നെയും ഒന്ന് ചോദിക്കാൻ വിസമ്മതിച്ചു നിന്നവളെ കണ്ടു, ചോദിക്കാൻ ആഗ്യം കാട്ടിയവൻ.. “അതേ, മാഷിന് പാറൂട്ടിയെ ഇഷ്ടാണോ, അനന്തന്റെ വീട്ടിലെ ആ കുട്ടിയെ…”. ചമ്മിയ ചിരിയോടെ ആയിരുന്നു അവളുടെ ചോദ്യം..

അപ്പുവിന്റെ കണ്ണുകൾ അത്ഭുദത്താൽ വിടർന്നു.. “അതു… അതു, ടീച്ചറിന് എങ്ങനെ അറിയാം “. വല്ലാത്തൊരു ആവേശത്തോടെ ചോദിച്ചവനെ നോക്കി രേവതി കണ്ണിറുക്കി കാട്ടി… “അതൊക്കെ അറിയാം മാഷേ “.. “അതെങ്ങനെയാന്ന ടീച്ചറെ ചോദിച്ചേ “.. “അതോ.. അന്ന് കോവിലിൽ നമ്മൾ ഒരുമിച്ചു തൊഴാൻ പോയപ്പോൾ ആ കുട്ടിയും ഉണ്ടായിരുന്നല്ലോ അവിടെ.. അന്ന് മാഷിന്റെ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായ കാര്യമാണത്.. ഈ പ്രേമം ന്നു പറയുന്ന സാധനം ഒളിപ്പിച്ചു വെക്കാൻ പറ്റിയ ഒന്നല്ല മാഷേ.. അതു കണ്ണുകളിൽ ഇങ്ങനെ തെളിഞ്ഞു വരും ആ ആള് മുന്നിലുണ്ടായാൽ “… അപ്പുവിന്റെ വിളറിയ ചിരി, അവളിൽ കുറുമ്പ് വിടർത്തി.. “അപ്പൊ എങ്ങനെയാ മാഷേ, പറയുവല്ലേ ലവ് സ്റ്റോറി “.. അപ്പോൾ വരെ ചിരിച്ച അവന്റെ മുഖം പെട്ടെന്ന് വാടി..

എന്തോ ചിന്തിച്ചുകൊണ്ട് നടക്കുന്നവനെ കണ്ട്, ചോദിച്ചു പോയല്ലോ എന്ന് തോന്നിപ്പോയി അവൾക്കു.. “മാഷേ, വിഷമം ഉള്ള കാര്യാണേൽ പറയേണ്ട കെട്ടോ.. ഞാൻ അറിയാതെ ചോദിച്ചതാ. അതു വിട്ടേക്ക്.. നമ്മുക്ക് വേറെ വല്ലതും സംസാരിക്കാം “.. നടന്നു നടന്നു കോവിലിന്റെ മുന്നിൽ ഉള്ള ആൽത്തറ വരെ വന്നത് അവരറിഞ്ഞില്ല.. അപ്പു ആൽത്തറയ്ക്കു ചുറ്റും കെട്ടിയിട്ട പടിയിലേക്ക് കയറിയിരുന്നു.. അവിടെയിരുന്നാൽ ചുറ്റുമുള്ള പാടം കാണാം.. പകുതിയിലേറെയും അനന്തുവിന്റെ പാടം ആണത്. വൈകിട്ടായത് കൊണ്ട് നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.. കാറ്റിൽ ഉലയുന്ന സാരി തുമ്പെടുത്തു മുന്നോട്ട് പിടിച്ചു കൊണ്ട് അപ്പുവിന്റെ അരികിലായി പോയിരുന്നു അവൾ.. “അങ്ങനെ ഒന്നും ഇല്ലെടോ.. ടീച്ചർ ചോദിച്ച എന്റെ ലവ് സ്റ്റോറിയിൽ പ്രണയം എനിക്ക് മാത്രേ ഉളളൂ, അവൾക്കില്ല…

അതിനെ കുറിച്ചു അവൾക്കറിവ് പോലും കാണില്ല “… “അതെന്താ മാഷേ അങ്ങനെ.. അപ്പൊ ആ കുട്ടിയോട് പറഞ്ഞിട്ടില്ലേ ഇതുവരെ “. “ഇല്ലെടോ, അവളുടെ പ്രണയം കിട്ടാനും മാത്രം ഭാഗ്യം ഉണ്ടോടോ എനിക്ക്.. ഭാഗ്യദോഷി ആണ് ഞാൻ ..” “മാഷ് എന്തിനാ ഇങ്ങനൊക്കെ പറയുന്നത്.. പാറൂനോട് ചെന്നു പറഞ്ഞാ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളു ഇതിപ്പോ “.. വിരൽത്തുമ്പു താടിയിൽ തോണ്ടി കൊണ്ടു ചോദിക്കുന്നവളെ കണ്ടവൻ ചിരിച്ചു.. “ടീച്ചറിന് അറിഞ്ഞൂടാത്തത് കൊണ്ട.. എന്റെ പ്രണയം പറഞ്ഞാൽ പ്രശ്നങ്ങൾ തുടങ്ങുകയെ ഉളളൂ.. പിന്നെയും സംശയത്തോടെ രേവതി അവനെ നോക്കി.. “ങേ, അതെന്താ അങ്ങനെ.. ആ കുട്ടിയുടെ വീട്ടിൽ സമ്മതിക്കില്ലേ “.. “എന്റെ ടീച്ചറെ, അവൾക്കെന്നോടല്ല പ്രണയം.. എന്റെ കൂടെപ്പിറപ്പായിട്ട് ഞാൻ കാണുന്ന എന്റെ കൂട്ടുകാരൻ ഉണ്ണിയോടാണ്.. ഞാൻ എങ്ങന്യാ അവരെ പിരിക്കുന്നത്..

പാല് തന്ന കൈക്ക് കൊത്തണ പോലെയാവും അതു.. എന്റെ തല കണ്ടപ്പഴേ അച്ഛൻ പോയതെന്ന കേട്ട് കേൾവി.. കുറെ കഴിഞ്ഞപ്പോ അമ്മേം പൊയി.. പിന്നെ എന്നെ പഠിപ്പിച്ചു ഈ നിലയിൽ വരെ ആക്കിയത് ഉണ്ണിയുടെ അച്ഛൻ ആണ്.. ഒത്തിരി കടപ്പാടുണ്ട് ആ മനുഷ്യനോടെനിക്ക്.. ആ കുടുംബത്തോട് ഞാൻ എങ്ങനെയാ ഒരു ചതി ചെയ്യണത്.. ഇതിപ്പോ ഞാൻ മാത്രം അല്ലേ ഉരുകൂ… വേറെ ആർക്കും അറിയില്ലല്ലോ.. ഇനി ടീച്ചർ ആയിട്ട് ആരോടും പറയാതെ ഇരുന്നാൽ മതി ട്ടോ “.. രേവതി അറിയുകയായിരുന്നു, ഇത്രയും സങ്കടങ്ങൾ ഉള്ളിൽ കൊണ്ടു നടന്നവനെ.. എന്തോ ഒരു ഇഷ്ടം തോന്നിപ്പോയി അപ്പുവിനോട്.. അനാഥൻ ആയ ഒരുവന്റെ നൊമ്പരങ്ങൾ.. “അപ്പൊ പോകാം ടീച്ചറെ, ചെന്നിട്ടു കുറച്ചു പണിയുണ്ടായിരുന്നു “… “മാഷ് നടന്നോളൂ.. ഞാൻ വന്നോളാം പുറകെ.. എനിക്കൊരാളെ ഇവിടെ കാണാൻ ഉണ്ട്‌..”.. ശരിയെന്നു തലയാട്ടി കൊണ്ടു, അപ്പു നടന്നു.. എന്തൊക്കെയോ ആലോചിച്ചു കൂട്ടികൊണ്ട് രേവതി കുറച്ചു നേരം കൂടി അവിടെ തന്നെയിരുന്നു..

കുറച്ചാകലെയായി അനന്തു പണിക്കാരോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടു നിൽപ്പുണ്ടായിരുന്നു.. അവൾ ആൽത്തറയിൽ നിന്നും എഴുന്നേറ്റുകൊണ്ട് അങ്ങോട്ടേക്ക് നടന്നു ചെന്നു… “അതേ കർഷകാ.. ഓയ് “.. വിളിച്ചു കൂവിക്കൊണ്ട് വരുന്നവളെ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ അവൻ പകച്ചു.. കൈലിയാണ് വേഷം, മടക്കി കുത്തി വെച്ചിട്ടുണ്ട്.. കൂടെ ഒരു ബനിയനും… കലേലും കയ്യിലും ഒക്കെ അവിടെയിവിടെയായി ചേറു പറ്റിപ്പിടിച്ചിരുപ്പുണ്ട്.. “അതേ നിങ്ങളെ തന്നെയാ കർഷകാ “.. അനന്തന് ശരിക്കും ദേഷ്യം വന്നിരുന്നു.. പെണ്ണുങ്ങളോട് സംസാരം കുറവാണ് അവനു.. ചുറ്റിനും നോക്കിയവൻ.. പണിക്ക് വന്നവർ പൂരം കാണാണെന്ന പോലെ പണി നിർത്തി ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ട്.. “നിങ്ങൾ ഇവിടെ പണിക്ക് വന്നതാണോ, അതോ വേറെ വല്ലതിനും ആണോ “. ഇച്ചിരി ഉറക്കെ ആയിരുന്നു ചോദ്യം.. അവന്റെ മുൻകോപം അറിയാവുന്നത് കൊണ്ടു എല്ലാരും അവരുടെ പണിയിലേക്ക് തിരിഞ്ഞു..

അടുത്ത് വന്നു നിന്ന രേവതിയെ അവൻ രൂക്ഷമായി നോക്കി.. “ടീച്ചറിനോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഈ പേര് വിളിക്കരുതെന്നു.. പറഞ്ഞാൽ മനസ്സിലാവില്ലെന്നുണ്ടോ തനിക്കു “… “അയ്യോ, എന്തിനാ കർഷക ഇങ്ങനെ ദേഷ്യപ്പെടണെ.. ഞാൻ അതിനു ചീത്ത ഒന്നും വിളിച്ചില്ലല്ലോ “.. തോളിൽ കിടന്ന ബാഗ് ഒന്നൂടെ നെഞ്ചോട് ചേർത്തു വെച്ചു നിഷ്കു രൂപത്തിൽ അവൾ നിന്നു.. “നീയെന്തിനാ എന്റെ പുറകെ ഇങ്ങനെ നടക്കുന്നെ.. നീയിവിടെ കുട്ട്യോളെ പഠിപ്പിക്കാൻ വന്നതാണെങ്കിൽ പഠിപ്പിച്ചിട്ട് പൊക്കോണം.. അല്ലാതെ കണ്ട ആണുങ്ങളുടെ പുറകെ നടക്കുവല്ല വേണ്ടത്.. ഒന്നൂല്ലെങ്കിലും നീയൊരു ടീച്ചർ അല്ലേ.. നാണം ഇല്ലേ ഇങ്ങനെ നടക്കാൻ “.. “അതിന് ഈ നാട്ടിലെ എല്ലാരുടേം പുറകെ ഞാൻ നടക്കുന്നത് കർഷകൻ കണ്ടോ.. അയ്യേ മ്ലേച്ഛൻ, താൻ എന്താടോ വിചാരിച്ചേ തന്നോടുള്ള ഒടുക്കത്തെ പ്രേമം കൊണ്ട് ഞാൻ വരുന്നതാണെന്നോ.. അയ്യയ്യോ, എനിക്ക് അതിനു വട്ടൊന്നും ഇല്ല.. അല്ലേലും പുറകെ നടക്കാൻ പറ്റിയ മൊതല്.. താൻ ആരാ അതിനു.. ബല്യ സുന്ദരൻ ആണെന്ന വിചാരം.. കണ്ടച്ചാലും മതി.. ബ്ളാഹ് “… “പിന്നെന്തിനാണ് കോപ്പേ, ഇങ്ങനെ പുറകെ നടക്കുന്നത്..

നിനക്കാടി നാണം ഇല്ലാത്തതു പുല്ലേ “.. മുണ്ട് അഴിച്ചു വീണ്ടും മടക്കി കുത്തിക്കൊണ്ട് അവൻ വരമ്പത്തേക്ക് കയറി വന്നു.. “അതേ എന്റെ അച്ഛൻ ഒരു കൃഷിക്കാരൻ ആണ്.. എനിക്ക് ഈ കർഷകരെ കണ്ടാൽ എന്താണെന്നറിയില്ല ഭയങ്കര ഒരു സ്നേഹം ആണ്.. അതു ഇങ്ങനെ ഒക്കെ അങ്ങ് പ്രകടിപ്പിച്ചു പോകുന്നതാ “… വീണ്ടും നിഷ്കളങ്കത വാരി വിതറുന്നവളെ കണ്ടു ചൊറിഞ്ഞു വന്നെങ്കിലും, കടിച്ച് പിടിച്ചു അമർത്തി തിരിഞ്ഞു നിന്നു… ഉള്ളിൽ ഒന്നൂറി ചിരിച്ചു കൊണ്ട് രേവതി തിരിഞ്ഞു നടന്നു.. ഇന്നത്തേക്കുള്ളത് ഇത് മതി നിനക്ക്… ഇനി ബാക്കി നാളെ തരാം ട്ടോ.. മനസ്സിൽ പറഞ്ഞു കൊണ്ട് വീട്ടിലേക്കു നടന്നവൾ… (തുടരും )