23/04/2026

ഭാഗ്യ : ഭാഗം 09

രചന – രോഹിണി ആമി

ഇന്നും ഈ അനുവിന്റെ മനസ്സ് നിറയെ ഇമ്മുവാണ്……….. ആർക്കു വേണ്ടിയാണെങ്കിലും ഇമ്മുവിനെ വേണ്ടെന്ന് വെക്കേണ്ടിയിരുന്നില്ല……………തന്റെ മാത്രം നഷ്ടമാണത്…. ഇഷ്ടവും…………

ഒരു ദിവസം അച്ഛനൊപ്പം അമ്മയുടെ മുറിയിൽ ഇരുന്നപ്പോഴാണ് പറഞ്ഞത് തന്നെക്കുറിച്ചുള്ള അച്ഛന്റെ ആഗ്രഹങ്ങളൊക്കെ …………. അച്ഛൻ കണ്ടെത്തുന്നയാളെ മോൾക്ക് ഇഷ്ടമാകുമെന്ന്…………. അച്ഛനെ പിരിയാതെ ഈ വീട്ടിൽ തനിക്കൊപ്പം നിൽക്കുന്നൊരാൾ…………..അച്ഛന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണത്……അച്ഛൻ വളർത്തിയ മോളാണ് നീ………….ആരുടെ മുന്നിലും എന്റെ തലകുനിക്കാൻ നീ ഇടവരുത്തില്ലെന്ന് അച്ഛനറിയാം………… ആരും മോശമായി ഒന്നും പറയില്ലെന്നുമറിയാം എന്റെ മോളെക്കുറിച്ച്…………. അച്ഛൻ അഭിമാനത്തോടെ പറഞ്ഞു….

അപ്പോൾ പെട്ടെന്ന് ഓർത്തത് ഇമ്മുവിനെക്കുറിച്ചായിരുന്നു……….. ഇമ്മുവുമായുള്ള ബന്ധം അറിയുമ്പോൾ അച്ഛന് തന്നോടുള്ള വിശ്വാസം പോവില്ലേ………. ഇഷ്ടം കുറയില്ലേ….. ഇത്രയും നാൾ പറയാതിരുന്നതിനു വഴക്ക് പറയില്ലേ………… ഭാഗ്യ അമ്മയോട് അച്ഛൻ പറയില്ലേ………… അവർ കളിയാക്കില്ലേ………..അന്ന് ചിലപ്പോൾ അവരെ അച്ഛൻ തന്നെക്കാൾ സ്നേഹിച്ചാലോ……….. അല്ലുവിന് തന്നോട്
ദേഷ്യം തോന്നില്ലേ………… മാത്രമല്ല അപ്പൂപ്പനും അമ്മൂമ്മയും സ്വീകരിക്കില്ല ഇമ്മുവിനെ………. ഇമ്മുവിന്റെ പേരും ബാക്ക്ഗ്രൗണ്ടും ഒന്നും ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല…………… എല്ലാവരും കുറ്റപ്പെടുത്തില്ലേ തന്നെ………. ആ ചിന്തകളിൽ ഇമ്മുവിനെ വേണ്ടെന്ന് വെക്കുവാൻ തന്നെയാണ് അന്ന് മനസ്സ് പറഞ്ഞത്……………. അച്ഛനോ ഇമ്മുവോ എന്നു നോക്കിയപ്പോൾ അച്ഛന്റെ തട്ടാണ് താണിരുന്നത്………..തന്റെ അഭിമാനവും..

അച്ഛനെ വിഷമിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല………… അതുകൊണ്ട് എല്ലാം മറന്നുകളയ് ഇമ്മു ………. എനിക്കീ ബന്ധം തുടരാൻ സാധിക്കില്ല…………. ഇനി എന്നെ കാണാൻ വരരുത്…………. കൂടുതൽ ഒന്നും പറയാനില്ല..പ്ലീസ്………..കുറച്ചു വാക്കുകളിൽ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു……..

കുറച്ചു നേരം മൗനമായിരുന്നു ഇമ്മു…………… പിന്നെ ചെറിയൊരു ചിരിയോടെ പറഞ്ഞു……….പറയുമ്പോൾ വിശ്വാസമാകുന്ന കാരണങ്ങൾ വേണ്ടേ അനൂ പറയാൻ…………. കുറച്ചു ദിവസമായുള്ള നിന്റെ അകൽച്ച കണ്ടപ്പോഴേ ഞാൻ ഊഹിച്ചു……… നിനക്കെന്നെ മടുത്തെന്ന്……….. ഒഴിവാക്കുകയാണെന്ന്………… ഞാൻ ആരുടേയും പിറകേ വന്നിട്ടില്ല……… ഇനിയൊട്ട് വരികയുമില്ല……….. ആരെയും ശല്യം ചെയ്തു ശീലമില്ല ഇമ്മുന്…..കൂടുതലൊന്നും പറയാതെ അനുവിനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ പോയി…………….

പിന്നെയെന്തിനാണ് അന്നവൻ ഈ വീട്ടിൽ വന്നതെന്നറിയില്ല………. ഇമ്മുവിന്റെ സ്വഭാവം വെച്ച് പിന്നീടൊരിക്കലും തന്നെ ശല്യം ചെയ്യില്ലെന്ന് തോന്നി……….. ഇമ്മുവിന് ദേഷ്യപ്പെടാനറിയില്ല……….. അവന്റെ ചിരിച്ച മുഖമല്ലാതെ വേറൊന്നും തനിക്ക് പരിചയമില്ല ………… പക്ഷേ അന്ന് കണ്ടത് വേറൊരു ഇമ്മുവിനെയായിരുന്നു…… അന്ന് അച്ഛൻ കയറിപ്പോകാൻ പറഞ്ഞപ്പോൾ ഡോറിന് പിന്നിൽ ചെവിയോർത്തു നിന്നു…………. ഇമ്മു തന്റെ പേര് പറയുമോന്ന് പേടിച്ചു…………. അത്രയും ആളുകളുടെ മുന്നിൽവെച്ച് തന്നെ കാണാനാണ് വന്നതെന്ന് പറഞ്ഞാൽ പിന്നെ ജീവനോടെ അനുവിനെ ആരും കാണില്ലെന്ന് ഉറപ്പിച്ചതാണ് അനു………….. ഇമ്മു സത്യം പറഞ്ഞില്ലെന്ന് മനസ്സിലായി…….. അന്ന് ആരോടും സത്യം തുറന്നു പറയാനുള്ള ധൈര്യം തനിക്കും ഉണ്ടായിരുന്നില്ല…………. മാത്രമല്ല………. തന്നെ തിരക്കിയാണ് ഇമ്മു വന്നതെന്ന് പറഞ്ഞാൽ മുൻപ് വന്നതും പറയേണ്ടി വരും…………. തന്റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യും എല്ലാവരും………. ആരും വിശ്വസിച്ചില്ലെന്ന് വരും……….. ഭാഗ്യമ്മയ്ക്കും മനസ്സിലായില്ല………… അയാൾ ആരെന്നും ആരെ തേടിയാണ് വന്നതെന്നും…………. പിന്നെ അച്ഛന്റെ തീരുമാനങ്ങൾക്ക് കൂട്ട് നിന്നുവെന്നേയുള്ളൂ താനും ………. ഒരുകണക്കിന് ഭാഗ്യമ്മ ഇവിടെ നിന്നും പോകുന്നത് നന്നായി………. ഇനിയതിനെക്കുറിച്ച് ആരുമൊന്നും സംസാരിക്കില്ലല്ലോ………….. ഭാഗ്യമ്മയുടെ വിഷമത്തെക്കാൾ തന്റെ അഭിമാനം ആണ് വലുതെന്ന് തോന്നി …………..

ഉള്ളിൽ ഒതുക്കി വെയ്ക്കുകയും മറക്കാൻ ശ്രമിച്ചതും ആണ് ഇമ്മുവിനെ…………. ഒന്നിനും തന്നെക്കൊണ്ട് പറ്റുന്നില്ല………. മറക്കാനും ഓർക്കാതിരിക്കാനും………… പിന്നീട് ഒരിക്കലും കണ്ടിട്ടില്ല ആ മുഖം………… താൻ പോകുന്നിടത്തെല്ലാം തേടുന്നുണ്ടായിരുന്നു………….അന്നത്തെ സുരക്ഷയ്ക്കു വേണ്ടി മൊബൈലിൽ ഉണ്ടായിരുന്ന ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു…………. ഇമ്മുവിന്റെയും ഭാഗ്യമ്മയുടെയും വീഡിയോ കാണാൻ പോലും ശ്രമിച്ചിട്ടില്ല………. പലപ്പോഴും ഓർത്തിട്ടുണ്ട് അന്ന് ഭാഗ്യമ്മയുടെ സ്ഥാനത്തു താനായിരുന്നുവെങ്കിൽ അന്നത്തെ അവസ്ഥ എന്തായിരുന്നുവെന്ന് ……….. ഓർക്കുമ്പോൾ തന്നെ ടെൻഷൻ ആണ്………… ഇന്നിപ്പോൾ തന്റെ മനസ്സിനെ തണുപ്പിക്കാൻ ഇമ്മുവിനെക്കൊണ്ടേ കഴിയൂ…………. ഒന്ന് കാണണം……. അല്ലെങ്കിൽ ആ ശബ്ദമെങ്കിലും കേൾക്കണം ഇപ്പോൾ തന്നെ……………… ആകെ വട്ടു പിടിക്കും പോലെ……………… തന്റെ മാത്രം ഇമ്മുവാണ് ഒരു സോറി പറഞ്ഞാൽ മനസ്സലിയുന്ന തന്റെ ഇമ്മു………………ആഗ്രഹം കൂടി കൂടി മനസ്സ് കയ്യിൽ ഒതുങ്ങുന്നില്ലെന്ന് തോന്നിയപ്പോൾ ഇമ്മുവിനെ വിളിക്കാൻ മൊബൈലെടുത്തു………….. വിറച്ചു വിറച്ചു കാൾ ചെയ്തു…………. ബെല്ലടിച്ചു കാൾ കട്ട്‌ ആയതല്ലാതെ ഇമ്മു കാൾ അറ്റൻഡ് ചെയ്തില്ല…………. തന്നോട് ദേഷ്യം ആവും ………. ഇന്നേവരെ തന്റെ ഒരു കാളും മിസ്സ്‌ ആക്കിയിട്ടില്ല………….. മൊബൈൽ ബെഡിലേക്ക് വലിച്ചെറിഞ്ഞു ………… നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു…………

അച്ഛനിപ്പോൾ തനിക്കും അല്ലുവിനുവേണ്ടിയും മാത്രമാണ് ജീവിക്കുന്നത്………… ഞങ്ങളാണ് ലോകം………. ഭാഗ്യമ്മയെ വെറുതെപോലും ഓർക്കുന്നില്ല……….. എപ്പോഴും അമ്മയ്‌ക്കൊപ്പം റൂമിലാണ്…………… അച്ഛനോട് ഇമ്മുവിനെപ്പറ്റി പറയണമെന്നുണ്ട്………… പക്ഷേ ഇനിയെങ്ങനെ………… ഇനിയെങ്ങനെ അവതരിപ്പിക്കും………. പറഞ്ഞാൽ ആദ്യം മുതൽ ഉള്ള കാര്യങ്ങൾ പറയേണ്ടി വരും………അച്ഛൻ സഹിക്കില്ല…….ക്ഷമിക്കുകയുമില്ല………..

അമ്മയുടെ ഫോട്ടോ തലോടി……………… എനിക്ക് ഇമ്മുവിനെ വേണം അമ്മേ………. നഷ്ടപ്പെടുത്താൻ വയ്യ……… പറ്റിപ്പോയി അങ്ങനെയൊക്കെ……….. എനിക്കിഷ്ടമാണ് അവനെ ഒരുപാടൊരുപാട്……….. പക്ഷേ അച്ഛനെ വിഷമിപ്പിക്കാനും പറ്റുന്നില്ലെനിക്ക്……….. ഒരു വഴി പറഞ്ഞു താ അമ്മേ……… പ്ലീസ്…… ഇമ്മുവിനെക്കുറിച്ചോർത്ത്‌ പൊട്ടിക്കരഞ്ഞു ബെഡിലേക്ക് വീണു………………

✨️✨️✨️✨️✨️✨️✨️✨️

മഹാദേവനാണ് അച്ഛനോട് എല്ലാ കാര്യങ്ങളും പറഞ്ഞത്……….. അറിഞ്ഞോ അറിയാതെയോ ഇമ്മു കാരണമാണ് ഭാഗ്യയ്ക്ക് ഇങ്ങനെയൊരു ദുരവസ്ഥ വന്നത്………… അതിന് അവന്റെ അച്ഛൻ എന്ന നിലയിൽ മാപ്പു പറഞ്ഞു അച്ഛനോട്………..

അവളെ നന്നായിട്ട് മനസ്സിലാക്കിയിട്ടില്ല ആരും………. മനസ്സിലാക്കിയിരുന്നെങ്കിൽ ആരും അവിശ്വസിക്കില്ലായിരുന്നു എന്റെ കുഞ്ഞിനെ………… കുറച്ചൊരു ദേഷ്യത്തോടെ അദ്ദേഹം പറഞ്ഞു……………

അവള് തനിച്ചായപ്പോൾ കൂട്ടിനു ഞാനില്ലാതെ പോയല്ലോ ദൈവമേ…………. ഒരുപാട് അനുഭവിച്ചതാ എന്റെ മോള്……. വേദനിച്ചതാ……… വേറെ ഏതെങ്കിലുമൊരു പെണ്ണായിരുന്നെങ്കിൽ എന്റെ ഹരിയെ ഇങ്ങനെ നോക്കില്ലായിരുന്നു…………. ഒരു കുഞ്ഞിനെപ്പോലെ……. മരണത്തിൽ നിന്നും ഓരോ ദിവസവും തട്ടിപ്പറിച്ച് നോക്കിയതാ അവനെ………….അവൻ പോയപ്പോൾ തകർന്നു പോയതാ…………. എങ്ങനെ ചിരിച്ചു നടന്ന കുഞ്ഞായിരുന്നു……. അതിന്റെ കഷ്ടപ്പാട് ഇനിയും തീർന്നില്ലേ ഈശ്വരാ………….. ആ വൃദ്ധന്റെ കണ്ണു നിറഞ്ഞു………മഹാദേവൻ അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചാശ്വസിപ്പിച്ചു കൂടെയുണ്ടെന്നറിയിച്ചു …………….

ഭാഗിമ്മ നാളെ അമ്പലത്തിൽ വരുന്നോ………….. ഇമ്മു ചോദിച്ചതിന് ഭാഗ്യ ഇല്ലെന്ന് തലയാട്ടി…………..

എന്താ നാളെ വിശേഷം…………. ഞാൻ വന്നിട്ട് ഇന്നേവരെ ഇങ്ങനൊരു അത്‍ഭുതം കണ്ടിട്ടില്ലല്ലോ…………….. അമ്പലത്തിൽ മാത്രേ പോകുന്നുള്ളു……… അപ്പോൾ പള്ളിയിൽ ആര് പോകും…………..

എന്റെ പേര് മാത്രേയുള്ളു ഇങ്ങനെ……… ചിലപ്പോൾ അമ്മ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ പള്ളിയിലും പോകുമായിരുന്നിരിക്കും ………. അമ്മേടെ വീട്ടിൽ ഉള്ള ആർക്കും എന്നെ വേണ്ടാ…….. ഒന്നു കാണാൻ പോലും വന്നിട്ടില്ല ഇന്നേവരെ ………. അച്ഛൻ ആ വീടും വീട്ടിലുള്ള ഓരോരുത്തരെയും കാട്ടിത്തന്നിട്ടുണ്ട്………… അങ്ങോട്ട് ഞാനും പോയിട്ടില്ല ഇന്നുവരെ………. അമ്മ അതാഗ്രഹിക്കുന്നുണ്ടാവില്ല………. അച്ഛനെ വേണ്ടാത്തവരെ എനിക്കും വേണ്ടാ……… അത് ആരായാലും………… അല്ലെങ്കിലും സ്നേഹിക്കുന്ന ഒരാളെ സ്വന്തമാക്കുന്നത് തെറ്റാണോ ഭാഗിമ്മേ………… വേറൊരു മതത്തിൽ ആണെന്നുള്ളതാണോ ഒരു പോരായ്മയായിട്ടൊക്കെ കാണുന്നത്……… കഷ്ടം തന്നെ………. ഞാൻ എല്ലാ വർഷവും ബലിയിടാറുണ്ട് എന്റെ അമ്മയ്ക്ക്………. അമ്മ അത് സ്വീകരിക്കാറുമുണ്ട്………. അമ്മയ്ക്കും എനിക്കുമിടയിൽ എന്ത് ജാതി എന്തു മതം…………..എനിക്ക് അമ്മയ്ക്കുവേണ്ടി ഇത്രയുമല്ലേ ചെയ്യാൻ പറ്റുന്നുള്ളൂ എന്നുള്ള വിഷമം മാത്രാ എനിക്ക് …….

ഇമ്മുവിനെ കണ്ണെടുക്കാതെ നോക്കിയിരിക്കയാണ് ഭാഗ്യ………… ചില നേരം നല്ല പക്വതയാണ്………. ചിലപ്പോൾ കുഞ്ഞുകുട്ടിയും……….. ഡെയ്സി ഒരുപാട് ഭാഗ്യവതിയാണ്…….. ഇങ്ങനൊരു മകനേ കിട്ടിയതിൽ……….. അതുപോലെ ഭാഗ്യമില്ലാത്തവളും…ഈ സ്നേഹം അനുഭവിക്കാതെ പോകേണ്ടി വന്നില്ലേ ……….. ഇമ്മു ഭാഗ്യയ്ക്ക് മുന്നിൽ വിരൽ ഞൊടിച്ചു ശബ്ദമുണ്ടാക്കി…………. ഭാഗ്യ ഞെട്ടി………

ഭാഗിമ്മ ഇതെവിടാ……… ഞാൻ ചോദിച്ചതൊന്നും കേട്ടില്ലേ………. ഭാഗ്യ ചുമൽ അനക്കി ഇല്ലെന്ന് കാണിച്ചു……….. നാളെ അമ്മയ്ക്ക് ബലിയിടുന്ന കൂട്ടത്തിൽ ഹരിയച്ഛനും അമ്മൂമ്മയ്ക്കും കൂടി ഞാൻ ബലിയിടട്ടേ ന്ന്…………. ഭാഗ്യ ഒരു സ്വപ്നലോകത്തായിരുന്നു……….. ഹരിയച്ഛൻ…………. ഇമ്മുവിന്റെ വായിൽ നിന്നും വീണ്ടും വീണ്ടുമത് കേൾക്കാൻ കൊതിച്ചു……….. കഴിഞ്ഞുപോയ ഓരോ വർഷവും ആഗ്രഹിച്ചതാണ് അല്ലുവിന്റെ കൈകൊണ്ട് ഒരുരുള ചോറ് ഹരിയേട്ടനു കൊടുക്കണമെന്ന്……….. ആ ആത്മാവ് എന്തുമാത്രം സന്തോഷിക്കും……… പക്ഷേ ബാലുവിനോട് പറയാനുള്ള ഭയം കാരണം വേണ്ടെന്ന് വച്ചതാണ്……… തന്റെ നിസ്സഹായവസ്ഥ ഹരിയേട്ടനോട് പറയാറുമുണ്ട്……….. ഇതിപ്പോൾ ഇമ്മു ഇങ്ങോട്ട് ചോദിച്ചിരുന്നു……….. താനെന്താ പറയുക……………

എന്റെ ഭാഗിമ്മേ വേണ്ടെങ്കിൽ വേണ്ടാ………… അതിനിങ്ങനെ കരയുന്നതെന്തിനാ……… എനിക്ക് ഹരിയച്ഛന്റെ ആ ചുണയുള്ള ഭാഗിമ്മയെയാ കൂടുതലിഷ്ടം……….. ഇതെപ്പോഴും കണ്ണും കലങ്ങി………. കാണാൻ ഒരു രസവുമില്ല………..

ഇത് സന്തോഷം കൂടി കരഞ്ഞതാണെന്ന് ഈ പൊട്ടനോട് എങ്ങനെ പറയും ഞാൻ………… അവന്റെ മുടിയിൽ കൂടി കയ്യോടിച്ചു……………. പിറ്റേന്ന് അച്ഛനും ദേവേട്ടനും ഇമ്മുവിനുമൊപ്പം ഭാഗ്യയും പോയി………… ഏറെ നാളുകൾക്കു ശേഷം വെളിയിലിറങ്ങുന്നതിന്റെ ഒരു വിമ്മിഷ്ടം ഉണ്ടായിരുന്നു ഭാഗ്യയിൽ……… ഇമ്മുവിന്റെ ഡ്രെസ്സും കയ്യിൽ പിടിച്ചു അവൻ കർമ്മങ്ങൾ ചെയ്യുന്നതും നോക്കി നിന്നു………….. ഹരിയേട്ടന്റെ നാളും പേരും പറയുന്നത് കേട്ടപ്പോൾ അച്ഛന്റെയും ഭാഗ്യയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞൊഴുകി………. ഒരു വറ്റുപോലുമില്ലാതെ തുളസിയിലയും പൂക്കളും മാത്രം ഇലയിൽ ബാക്കിയാക്കി ആത്മാവിന് ശാന്തിയും സന്തോഷവും കൊടുത്തു കാക്കകളും യാത്രയായി ………..മനസ്സിൽ നിന്നും എന്തോ വലിയൊരു ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നി ഭാഗ്യയ്ക്ക്………… തല തുവർത്തി ചിരിയോടെ ഇമ്മു അടുത്തേക്ക് വരുന്നുണ്ട്……….. ഇവന്റെ ഈയൊരു ചിരി മാത്രം മതി മനസ്സ് തണുക്കാൻ………. എന്റെ മോൻ…….. ഈ ഭാഗ്യയ്‌ക്കൊപ്പം ചിന്തിക്കുന്നവൻ……….,.ആ സമയത്ത് സ്വന്തം രക്തമായ അല്ലുവോ മകളായ അനുവോ മനസ്സിൽ ലവലേശം ഉണ്ടായിരുന്നില്ല……… ഇമ്മു….. എത്രപെട്ടെന്നാണ് ഇവൻ തനിക്ക് സ്വന്തമായത്………… അടുത്തു വന്ന ഇമ്മുവിന്റെ മുടിയിലെ വെള്ളം സാരിയുടെ തുമ്പു കൊണ്ടു തുടച്ചു കൊടുത്തു…………കണ്ണിൽ വാത്സല്യം നിറച്ച് ദേവേട്ടനും അച്ഛനും എല്ലാം നോക്കിക്കാണുകയായിരുന്നു …….

പക്ഷേ….. അടുത്തു നിന്ന രണ്ടുമൂന്നു ചെറുപ്പക്കാർ അടക്കം പറയുന്നത് കേട്ടപ്പോഴാണ് ഭാഗ്യ സ്വപ്നലോകത്തുനിന്നും തിരിച്ചെത്തിയത്……………. ഇപ്പോൾ പകലും തുടങ്ങിയോ…….കുറച്ചെങ്കിലും നാണം വേണ്ടേ…….. അമ്പലമാണെന്നുള്ള വിചാരമില്ലാതെ… ശ്ശേ…….. ഭാഗ്യയുടെ കൈ ഇമ്മുവിന്റെ തലയിൽ നിന്നും അറിയാതെ താഴേക്ക് വീണു പോയി……….. ഇമ്മുവിന്റെ കണ്ണു ചുമന്നു മുഖം മുറുകി വരുന്നത് ദേവൻ ശ്രദ്ധിച്ചു……….. അവന്റെ കൈയിൽ പിടിച്ചു നിർത്തി പാടില്ലെന്ന് കണ്ണടച്ച് കാണിച്ചു……. എന്നിട്ട് കാറിനരികിലേക്ക് നടന്നു……… ഇമ്മു ഭാഗ്യയെ ചേർത്തുപിടിച്ചു പറഞ്ഞു ………. തലയുയർത്തി നടക്ക് ഭാഗിമ്മേ……….. ദുഷിച്ച കണ്ണുകൊണ്ട് നോക്കുന്നവർ പകച്ചു പണ്ടാരമടങ്ങണം ഇവരെന്താ ഇങ്ങനെയൊക്കെ എന്നോർത്ത്……………

കാറിലിരിക്കുമ്പോഴും അവർ പറഞ്ഞതായിരുന്നു ഭാഗ്യയുടെ മനസ്സിൽ………… ഇതിൽ നിന്നുമൊരു രക്ഷപെടൽ ഉണ്ടാവില്ലേ ഈശ്വരാ തനിക്ക് ……….. ഒന്നും സംഭവിക്കാത്തത് പോലെയുള്ള ദേവന്റെയും ഇമ്മുവിന്റെയും ഇരുപ്പ് കണ്ടപ്പോൾ കുറച്ചൊരു അത്‍ഭുതം തോന്നി……….. ദേവേട്ടനെക്കുറിച്ചൊരുത്തപ്പോൾ സന്തോഷവും അഭിമാനവും തോന്നി……… ഏതൊരച്ഛനും സ്വന്തം മകന്റെ ഭാവി മാത്രമായിരിക്കില്ലേ നോക്കുക ……… എന്നിട്ടും തന്നെ ഒരു പെങ്ങളെപ്പോലെ ചേർത്തുപിടിക്കുന്നുണ്ട്………. ജിത്തു ദേവേട്ടന്റെ ഏഴയലത് വരില്ല……… കർമ്മം കൊണ്ടും ജന്മം കൊണ്ടും………

വീട്ടിൽ ചെന്നിറങ്ങുമ്പോഴേ ദാസേട്ടൻ അടുത്തു വന്നു ചെവിയിൽ പറഞ്ഞു………… കൊച്ചേ ആ പെൺകൊച്ചു വന്നിരുന്നു ഇമ്മുവിനെ അന്വേഷിച്…………… ആദ്യം രാഖിയാണെന്ന് കരുതി ഭാഗ്യ ………. അനുവാണെന്ന് ദാസേട്ടൻ പറഞ്ഞപ്പോൾ ഒന്നു ഞെട്ടി……….. എന്തിനെന്നു പറഞ്ഞില്ല. അതുകൊണ്ട് തന്നെ ഇമ്മുവിനെ കാണാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു……….. അത് പറയേണ്ടത് സെർവെൻറ് അല്ലെന്ന് ആ പെണ്ണ് പറഞ്ഞു………..അത് കേട്ട് വന്ന നന്ദൻ ചൂടായി……….. ഇമ്മുനെ കാണാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു………….. മുഖം കണ്ടിട്ട് കുറച്ചു വിഷമിച്ചാ പോയേക്കുന്നത്………… ഇമ്മുവിന്റെ ഇപ്പോളുള്ള സന്തോഷം കളയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല……… അതോണ്ടാ കൊച്ചിനോടിത് പറഞ്ഞത്………. എന്നാലും എങ്ങനെ ധൈര്യം വന്നു അതിന് എന്റെ ഇമ്മുനെ ഇത്രയും വിഷമിപ്പിച്ചിട്ട്.. സ്വന്തം പഴി അമ്മയുടെ തലയിൽ കെട്ടിവെച്ചിട്ട് ഒരു നാണവുമില്ലാതെ തേടി വരാൻ………..

രാവിലെ മുതൽ മനസ്സിൽ തോന്നിയ സന്തോഷം അമ്പലത്തിന്റെ പടിക്കൽ തന്നെ തനിക്ക് ഉപേക്ഷിക്കേണ്ടി വന്നു………. ഇപ്പോൾ ഇതും കൂടി ആയപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത ഭാഗ്യയെ വന്നു മൂടി………… എങ്കിലും എന്തിനാവും അനു ഇവിടെ വന്നത്………. ബാലുവിന്റെ അറിവോടെയാകുമോ അതോ………

രാഖിയെ വിളിച്ചു അനുവിന്റെ കാര്യം പറഞ്ഞു……….. എന്തിനാണ് വന്നതെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞു……….. ഇനിയും ഇമ്മുവിനെ വിഷമിപ്പിക്കാൻ വല്ല ഉദ്ദേശവുമുണ്ടോന്ന് പേടിയുണ്ടായിരുന്നു ഭാഗ്യക്ക്…………. ഉണ്ടെങ്കിൽ ഇവിടെ ആർക്കും സഹിക്കാൻ കഴിയില്ല…….. ഇപ്പോൾ തനിക്കും……….. അതുപോലെ തന്നെ അനുവിന്റെ കാര്യമോർത്തും വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു………… എന്താവും അവളുടെ മനസ്സിൽ………….

ഓടി വരും……