രചന – കൽക്കി
ഒഴുകുന്ന മിഴികളുമായി നിൽക്കുന്ന അഗ്നിയെ കണ്ട് സുഭദ്രമ്മ തറഞ്ഞു നിന്നു. പതർച്ചയോടെ അനന്തനും നന്ദിനിയും പരസ്പരം നോക്കി. അപ്പോഴും സുഭദ്രമ്മയിൽ മിഴികൾ ഉറപ്പിച്ചു നിൽക്കുകയാണ് അഗ്നി.
“മോളെ….. അഗ്നി……”
വിളി കേൾക്കാൻ ഇരുന്നെന്നപോലെ അവള് ഓടി അമ്മയുടെ നെഞ്ചിലേക് ചേർന്നിരുന്നു.
“അമ്മേ…… “ഓടിയെത്തിയ അമ്മൂട്ടിയെയും ഒരു കൈകൊണ്ട് സുഭദ്ര ചേർത്തു പിടിച്ചു. പരസ്പരം ഒരു താങ്ങിനായി അവർ ഒരുപോലെ കൂടി ചേർന്നു. അപ്പോഴും മുഖത്ത് പുച്ഛവും ആയിട്ടായിരുന്നു അനന്തന്റെയും നന്ദിനിയുടെയും നില്പ്.
തല ഉയർത്തി അഗ്നി അമ്മയെ നോക്കി ഒരു മന്ദാഹാസത്തോടെ…..
“ഹ്മ്മ്…. മ്മ്മ്… മ്മ്മ്.. നഹ്മ്മ്…..”
(ഞാൻ അപ്പോ അനാഥ ആണല്ലേ അമ്മേ….)
കേട്ടതും അമ്മയുടെ നെഞ്ചോന്ന് പിടഞ്ഞിരുന്നു. എന്നും സ്നേഹിച്ചിട്ടേ ഉള്ളു…. അമ്മ ആയിട്ട് തന്നെയാ വളർത്തിതു. മുന്നിൽ നിന്ന് ചോദിക്കുവാ അനാഥ അല്ലെന്ന്.
നിഷേധാഭാവത്തിൽ അവരൊന്നു തലവെട്ടിച്ചു.
“എന്റെ മോളാ….. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും…. അമ്മേടെ പോന്നു മോളാ…. “മുന്നോട്ട് വന്ന് മുഖത്തേക്ക് കൈ ചേർക്കാൻ തുടങ്ങിയതും ഒരടി പിന്നിലേക്ക് മാറിയിരുന്നു അഗ്നി. അത് ഒരു ഞെട്ടലോടെയാണ് സുഭദ്രമ്മ കണ്ടത്.
“മോളെ അഗ്നി……”
അപ്പോഴേക്കും അഗ്നി കൈവെച്ചു തടഞ്ഞു മതിയെന്നപ്പോൽ.
“ഇങ്ങനൊന്നും ചെയ്യല്ലേ കുഞ്ഞാ അമ്മയ്ക്ക് താങ്ങില്ല ഇതൊന്നും…. അമ്മേടെ മോളാ നി…..”
“ഹ്ഹ്മ്മ്….. മ്മ്ഹ്ഹ്…… മ്മ്.. ന്ണ്”
(എന്റെ അമ്മേം അച്ഛനും ആരേലും ഉണ്ടോ ഇപ്പോ…. അതോ ആരെന്നു പോലും അറിയാതെ വഴിയിൽ കിടന്ന് കിട്ടിയതാണോ നിങ്ങൾക് എന്നെ….)
“മോളെ…. അരുത്…. “സുഭദ്രമ്മ അഗ്നിയുടെ വായിൽ കൈവെച്ചു തടസം പറഞ്ഞു അപ്പോൾ.
‘ഹ്മ്മ്…. മ്മ്…. മ്മ്ഹഹ്ഹ…. മ്മ്മ്…”
(എന്നോട് പറയുവോ…. ആരേലും ഉണ്ടോ എനിക്ക്…… പറ…..)
“ഗോപേട്ടന്റെ സുഹൃത്തായിരുന്നു… ഒരു ആക്‌സിഡന്റിൽ അവർ….” പറയാനാകാതെ സുഭദ്ര തല താഴ്ത്തി.
“ഹ്മ്മ്… മ്മ്മ്.. മ്മ്മ്മ്ഹ….. മ്മ്മ്…..”
(ആഹാ അപ്പോ അഗ്നിയ്ക്ക് ആരൂലല്ലേ…. അത് കൊള്ളാലോ… അഗ്നി അനാഥയാലേ….. )ഒരു ചിരിയോടെ അവള് പറഞ്ഞു.
“മോളെ…. “വേദനയോടെ അവർ വിളിച്ചു….
“ഹ്മ്മ്….. മ്മ്മ്മ്മ്മ്…. ഹ്മ്മ്മമ്ഹ്ഹ്…… മ്മ്മ്..”
(ഇനി തൊട്ട് അപ്പോ ഞാൻ നിന്റെ കുഞ്ഞേച്ചി അല്ലല്ലേ അമ്മൂട്ടീ……. അങ്ങനെ ഇനി നിയെന്നെ വിളിക്കില്ലായിരിക്കും അല്ലെ…..) കണ്ണുനിറച്ച് അവള് അമ്മൂട്ടിയോട് ചോദിച്ചു…..
“കുഞ്ഞേച്ചി….. വെറുതെ തമാശക്ക് പോലും പറയല്ല് അങ്ങനെ….. ഈ ആഗ്നേയെടെ കൂടപ്പിറപ്പാ അഗ്നിശിഖയും അഗ്നിമിത്രയും…… അല്ലെന്ന് ആര് പറഞ്ഞാലും സമ്മതിച്ചു കൊടുക്കില്ല…..
അതോ കുഞ്ഞേച്ചിക്ക് എന്നെ വേണ്ടെന്നാണോ…..’
“ഹ്മ്മ്…. മ്മ്ഹ്ഹ്…”
(അമ്മൂട്ടി….)ഓടിവന്ന് അഗ്നി അമ്മൂട്ടിയെ ഇറുക്കെ പുണർന്നു.
“ഹ്മ്മ്…. മ്മ്ഹഹ…. മ്മ്….. ഹഹമ്മ്മ്….”
(എന്റെയാ…. എന്റെ അമ്മൂട്ടി തന്നെയാ…. വേറാരുടേം അല്ല….) പറയുന്നതിനോടൊപ്പം അഗ്നിയുടെ വിരലുകൾ അമ്മൂട്ടിയുടെ മുഖമാകെ തലോടുന്നുണ്ടായിരുന്നു.
“മോളെ…. അഗ്നി…… “നിറകണ്ണുകളോടെ സുഭദ്രമ്മ വിളിച്ചു.
പെട്ടെന്ന് പുറകോട്ട് തെന്നിമാറി വെളിയിലേക്ക് ഓടി അവൾ…. സുഭദ്രമ്മ പുറകെ എത്തുന്നതിനും മുന്നേ അകത്തു കയറി വാതിലടച്ചിരുന്നു.
‘മോളെ….. അമ്മയാ വിളിക്കണെ വാതിൽ തുറക്ക്….. എന്നോട് ദേഷ്യം കാട്ടല്ലേ മോളെ…… അമ്മയ്ക്ക് സഹിക്കില്ല അത്…. അമ്മൂട്ടി കുഞ്ഞേച്ചിയെ വിളിക്ക്…. നി വിളിച്ചാൽ അവള് വാതിൽ തുറക്കും….. വിളിക്ക് അമ്മു….”
“സങ്കടപെടല്ലേ കുഞ്ഞേച്ചി… അമ്മൂട്ടി അല്ലെ വിളിക്കണേ… വാതിൽ തുറക്ക്….”
🍁🍁🍁🍁🍁🍁🍁
ഇതേസമയം വാതിലിനപ്പുറം ചാരി നിന്ന് കരയുവാണ് അഗ്നി.
എന്തിനാ ഈശ്വരാ ഇങ്ങനൊരു വേദനകൂടി എനിക്ക് തന്നത്….. ഒന്നും അറിഞ്ഞില്ലല്ലോ ഞാൻ….. ആരും പറഞ്ഞില്ല എന്നോട്….. അഗ്നി ഒരുനിമിഷം കൊണ്ട് അനാഥ ആയി….
നിക്ക് സഹിക്കാൻ പറ്റണില്ലലോ ഈശ്വര…..
അഗ്നിയുടെ ചിന്തകൾക്ക് തടസം ഉണ്ടാക്കി പൊടുന്നനെ കുഞ്ഞുണർന്നു കരയാൻ തുടങ്ങി. നാക്ക് ഞൊട്ടി നുണഞ്ഞു കരയുന്ന വാവച്ചിയെ ഒരു നിമിഷം അവളൊന്നു നോക്കി.. ശേഷം മുഖം തുടച് വാതിൽ തുറന്നു.
വാതിലിന്റെ ശബ്ദം കേട്ടതും സുഭദ്രമ്മ ഒരു പിടച്ചിലോടെ എഴുനേറ്റു…
“മോളെ അഗ്നി…..”
എന്നാൽ അവളത് ശ്രെദ്ധിക്കാത്തതുപോലെ അടുക്കളയിലേക് കയറി കുറച്ച് തിളപ്പിച്ചറിയ വെള്ളം എടുത്ത് അതിൽ കുഞ്ഞിന് കൊടുക്കാൻ ഉള്ള പൊടി കലക്കി ഫീഡിങ് ബോട്ടിലിൽ ഒഴിച്ച് തിരിഞ്ഞു നടന്നു.
അത് നിറകണ്ണുകളോടെ നോക്കിനിൽക്കാനേ സുഭദ്രമ്മക്ക് കഴിഞ്ഞോളു..
“ചേച്ചി എന്തിനാ വിഷമിക്കണേ….. അതിനു അത്ര നന്ദി ഉള്ളുന്ന് കരുതിയ മതി. എവിടെങ്കിലും തീരേണ്ടേ ജന്മവാ…. ഇത്രേം വളർത്തിയതിന്റെ അഹങ്കാരം.”
പുറകിൽ അപ്പച്ചിയുടെ വാക്കുകൾ ഒരു നോവോടെ അഗ്നി കേൾക്കുന്നുണ്ടായിരുന്നു.
“അമ്മേ…….”
തിരികെ വാതിലടക്കാൻ ഒരുങ്ങിയ അഗ്നി ഒരു നടുക്കത്തോടെ അമ്മൂട്ടി നോക്കുന്ന ദിശയിലേക് ഞെട്ടി നോക്കി…..
ബോധമറ്റ് അപ്പച്ചിടെ കൈയിൽ കിടക്കുന്ന അമ്മ…… കണ്ടപാടെ അഗ്നി ഓടി സുഭദ്രമ്മയുടെ അടുക്കലെത്തി. അനന്തനും വന്ന് അവരെ പയ്യെ താങ്ങി.
“ഹ്മ്മ്….. മ്മ്ഹ്ഹ്….. മ്മ്മ്……”
(നന്ദേട്ടാ അമ്മയെ ആശുപത്രിയിൽ കൊണ്ടുപൊകണം…. വേഗം…)
“ഹ്മ്മ്…….മ്മ്മ്.. മഹഹ്മ്മ്..”
(അമ്മേ അമ്മേ…..എന്നോട് മിണ്ടമ്മേ ഒന്ന്…..)
“കുഞ്ഞേച്ചി അമ്മ….. അപ്പച്ചി…അമ്മയെ കൊണ്ടുപോകാം നമുക്ക്……”
“അനന്താ…..ചേച്ചിയെ പിടിക്ക്…..”
കാറിലായി സുഭദ്രയെ കയറ്റിയതും കൂടെ കേറാൻ നിന്ന അഗ്നിയെ അവർ തടഞ്ഞു..
യാചനയോടെ അഗ്നി നോക്കിയതും..
“നി കാരണ ഇപ്പോ ചേച്ചി ഈ നിലയിൽ ആയത്… എന്നിട് കൂടെ വരണം പോലും…”
“ഹ്മ്മ്… മ്മ്മ്…. മ്മ്ഹമ്മ്മ്….. മ്മ്മ്…”
(എന്നെക്കൂടെ കൊണ്ടുപോകുവോ അപ്പച്ചി….. അമ്മ….. ഇവിടെ നിക്കാൻ പറ്റില്ല എനിക്ക്…. )കൈകൂപ്പി അവള് പറഞ്ഞതും നന്ദിനി അനന്തനെ നോക്കി… അവൻ തലയാട്ടി സമ്മതം പറഞ്ഞതും അവർ കൈ പിൻവലിച്ചു.
“ഹ്മ്മ്… മ്മ്ഹഹ….. മ്മ്മ്….. മ്മ്മ്…..”
(അമ്മൂട്ടി അവനെ നോക്കിക്കോണം… വിശക്കുന്നുണ്ട് അവന്…. അമ്മയ്ക്ക് ഒന്നും പറ്റില്ല…..) അമ്മൂട്ടിയുടെ കൈകളിലായി പിടിച്ചുകൊണ്ടു അഗ്നി പറഞ്ഞു.
“അഗ്നി കയറുവാണെകിൽ കേറൂ നി…..”
അനന്തന്റെ ശബ്ദം കേട്ടതും കാറിലേക് കയറി അമ്മയെ ചേർത്തുപിടിച്ചു അവൾ.
എന്നാൽ വണ്ടി എടക്കുമ്പോൾ ഉള്ള അനന്തന്റെയും നന്ദിനിയുടെയും മുഖത്തെ തെളിച്ചം ആരും ശ്രദ്ധിച്ചില്ല….
🍁🍁🍁🍁🍁🍁🍁
“അഗ്നി നിനക്ക് തീരുമാനിക്കാം…. നിന്നെ പോറ്റി വളർത്തിയ അമ്മയുടെ ജീവൻ ഇപ്പോ നിന്റെ കൈയിലാ….”
അനന്തൻ പറഞ്ഞതും ഒരു പകപ്പോടെ അവൾ അവനെ നോക്കി.. നിസ്സഹായത മാത്രമായിരുന്നു അപ്പോ അവളിൽ ഉണ്ടായിരുന്നത്. അവൾ തിരിഞ്ഞ് അപ്പച്ചിയെ നോക്കി. ആഹ് കണ്ണുകളിലും മറ്റൊന്നും തനിക്കായി ഇല്ലെന്ന് മനസിലാക്കി അവൾ തലയാട്ടി സമ്മതം അറിയിച്ചു.
“ഇന്നാ…. “അപ്പച്ചി നീട്ടിയ പേപ്പറുകളിലേക്ക് ഒന്ന് നോക്കിയതും അവർ പറഞ്ഞു…
“ഒപ്പിട്…. ബാക്കിയൊക്കെ അത് കഴിഞ്ഞിട്ട്…. എല്ലാം തീർന്നിട് നി പറഞ്ഞ വാക്ക് തെറ്റിച്ചാലോ….”
അത്കേട്ടതും ഒരു ആത്മനിന്ദയോടെ അവളൊന്നു ചിരിച്ചു.
“നി ചിരികുവൊന്നും വേണ്ട…. സ്വന്തം ചോരയെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം അല്ലെ… പിന്നെ അല്ലെ എവിടുന്നോ വന്ന നിന്നെ വിശ്വസിക്കുന്നത്. “പുച്ഛത്തോടെ നന്ദിനി പറഞ്ഞതും അഗ്നി കൈനീട്ടി പേപ്പർ വാങ്ങി അതിൽ ഒപ്പിട്ടു.
“ക്യാഷ് അനന്തൻ അടച്ചോളും.”
അനന്തനു പേപ്പർ നേരെ നീട്ടിയവൾ ചോദ്യഭാവത്തിൽ നിന്നതും നന്ദിനി പറഞ്ഞു.
മെല്ലെ തലയനക്കി അവൾ മുന്നോട്ട് നടന്നു.
🍁🍁🍁🍁🍁🍁🍁🍁
“അറിയാതെ ആണെങ്കിലും നമ്മളിട്ട തീപൊരികൊണ്ട കാര്യങ്ങൾ ഇത്രവരെ എത്തിയത്. നമ്മള് പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ നമ്മുടെ വഴിയേ വരുകയും ചെയ്തു.”
നന്ദിനി അനന്തനോട് കാര്യങ്ങളൊക്കെ വിശദീകരിച്ച് ആഹ്ലാദം പങ്കുവെക്കുകയാണ്.
“എന്നാലും അമ്മേ….. ആഹ് ഡോക്ടറിനെ വേണം സമ്മതിക്കാൻ….. കാര്യങ്ങൾ നമ്മൾ വിചാരിച്ചപോലെ വരുക തന്നെ ചെയ്തു. ഒപ്പറെഷൻ നടത്തിയില്ലേൽ ഒരു ശതമാനം പോലും ചാൻസ് ഇല്ലത്രെ…
അതൊന്നും നമുക്ക് അറിയേണ്ട കാര്യയില്ല… സർജറി നടത്താൻ ആയിട്ട് അവരുടെ കൈയിൽ ഒരൊറ്റ തുട്ടുപോലും ഇല്ലെന്ന് മനസ്സിൽ കണ്ടുകൊണ്ട അത് കേട്ട ഉടനെ പേപ്പറും ആയിട്ട് ഞാൻ ഇങ്ങു പോന്നത്.”
“ഹാ… ഹാ….. അന്ന് ഞാൻ ഇങ്ങനൊരെണ്ണം തയ്യാറാക്കി വെക്കാൻ പറഞ്ഞപ്പോൾ ചെയ്ത് വെച്ചതുകൊണ്ട് ഉപകാരം ഉണ്ടായി.”
“അന്ന് അഗ്നിയുടെ പേരിൽ ആണ് കടയും വീടും ഉള്ളതെന്ന് അയാൾ പറഞ്ഞത് കൊണ്ട് മാത്രാ ആ കല്യാണത്തിന് ഞാൻ എതിരൊന്നും പറയാതിരുന്നത്. അതിന്റെ ഇടക് ആ പെണ്ണ് മരിക്കുന്നോ ഉണ്ടായ കൊച്ചു ഒരു ബാധ്യത ആകുന്നോ ആര് കണ്ടു. ഒഴിഞ്ഞുപോട്ടെന്നു കരുതി തന്നെയാ അമ്മയോട് ഇന്ന് എല്ലാം പറയാൻ പറഞ്ഞത്…. പിന്നീട് എന്തേലും വഴി ഉണ്ടാക്കാം എന്നോർത്തു…. പക്ഷെ അത് വേണ്ടി വന്നില്ല…. നമ്മടെ താല്പര്യം പോലെ എല്ലാം നടന്നു…” ഒരു ചിരിയാലേ അനന്തൻ അത് പറഞ്ഞു.
“അതെ…. സൂപ്പർമാർകെറ്റും തള്ളേടേം മക്കളുടേം ആ വീടും ഇനി നമുക്ക് സ്വന്തം. അന്ന് സൂപ്പർമാർകെറ് നിനക്ക് വേണ്ടി വാങ്ങിയത് ആണെന്ന് കരുതി ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു… പിന്നല്ലേ മനസിലായത് അത് അങ്ങേരു മോളുടെ ഭാവി സുരക്ഷിതമാക്കാൻ ചെയ്തതാന്ന്… അല്ലെങ്കിൽ ആ പൊട്ടിനെ ആര് കെട്ടാനാ…..”
പറഞ്ഞു നിർത്തുമ്പോൾ നന്ദിനിയുടെ മുഖത്ത് വെറുപ്പും ദേഷ്യോം പ്രകടമായിരുന്നു.
ഈ സമയം സുഭദ്രമ്മയെ കിടത്തിയിരിക്കുന്ന ഐ സി യുനു മുന്നിലായി കരഞ്ഞു തളർന്നിരിക്കുവാണ് അഗ്നി…. മിഴികൾ ചുവന്ന കലങ്ങി കിടക്കുന്നു. ഒരു ആശ്വാസത്തിനു താങ്ങാനായി ആരും ഇല്ലാതെ ഒറ്റക് വാതിലിനു നേർക്ക് മിഴികൾ ഊന്നിക്കൊണ്ട്.
താൻ കാരണം ആണല്ലോ അമ്മ ഇപ്പോ ഈ അവസ്ഥയിൽ ആയത് എന്നോർത്തു അവളുടെ ഉള്ളം പിടയുന്നുണ്ടായിരുന്നു. ഒരുനിമിഷത്തേനു എങ്കിലും അമ്മയെ അവഗണിക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് അവൾ സ്വയം പഴിച്ചു.
പലതവണ നെഞ്ചേരിച്ചിൽ ആണെന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ആശുപത്രിയിൽ പോകാം എന്ന് പറയുമ്പോൾ എപ്പഴും ഒഴിഞ്ഞുമാറും…. ഗ്യാസ് ആണെന്ന് പറഞ്ഞു കുറച്ച് മല്ലി എടുത്ത് വായിലിട്ടു ചവചരക്കും…അന്ന് അതിനെ ഗൗരവായി എടുത്തിരുന്നെകിൽ ഒരിക്കലും അമ്മയ്ക്ക് ഇത്ര വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഡോക്ടർ പറഞ്ഞതുപോലെ എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ പിന്നെ അമ്മ….. ആഹ് ഓർമയിൽ അഗ്നി ഒന്ന് വിറങ്ങലിച്ചു.
അവർ പറഞ്ഞ തുക തനിക് പെട്ടെന്ന് ഉണ്ടാക്കാൻ ഒരിക്കലും സാധിക്കില്ലായിരുന്നു. ആകെ ഉള്ള മാർഗം അപ്പച്ചിയോട് ചോദിക്കാം എന്നുള്ളത് മാത്രമായിരുന്നു… എന്നാൽ ചോദിക്കുന്നതിനു മുന്നേ അപ്പച്ചി അത് ഇങ്ങോട്ട് പറഞ്ഞപ്പോൾ നന്ദി മാത്രമായിരുന്നു മനസ്സിൽ. എന്നാൽ അതിനു പ്രതിഭലമായി അവർ ചോദിച്ചത് തന്റെ ഒപ്പ് ആയിരുന്നു.
അനന്തേട്ടന് സൂപ്പർമാർകെറ് തുടങ്ങാൻ അച്ഛ സഹായിച്ചിരുന്നു എന്ന് തനിക്ക് അറിയാം…എന്നാൽ അത് പൂർണമായി അച്ഛയുടെ സമ്പാദ്യം ആണെന്ന് ഇന്നാണ് അറിയുന്നത്. തന്റെ പേരിൽ ആണ് അത് എഴുതി വെച്ചതെന്നും. ഒന്നും വേണ്ട അമ്മയുടെ ജീവൻ മാത്രം മതി… സ്വത്തോ പണമോ ഒന്നും വേണ്ട….
ദിവസങ്ങൾക് മുന്നേ ഇത്പോലെ ഒരു ആശുപത്രി വരാന്തയിൽ ഇരുന്നത് അവൾക് ഓർമ വന്നു. വേദനയാൽ മിഴികൾ പൂട്ടി ഇരുകൈകളും തലയിൽ ചേർത്ത കുമ്പിട്ടു അവൾ ഇരുന്നു.
“എസ്ക്യൂസ് മീ……. സുഭദ്ര നന്ദഗോപന്റെ ആരെങ്കിലും ആണോ കുട്ടി…..”
അകത്തു നിന്നും ഇറങ്ങി വന്ന നഴ്‌സിന്റെ ശബ്ദം കേട്ട് അഗ്നി പെട്ടെന്ന് എഴുനേറ്റു..
“ഹ്മ്മ്….. മ്മ്മ്… മ്മ്മ്മ്മ്…..”
(അതെ മകളാണ്)
“ഏഹ്ഹ്….. തനിക് സംസാരിക്കാൻ പറ്റില്ലേ…”
അത് കേട്ടതും അവൾ വിലങ്ങനെ തലയാട്ടി കാണിച്ചു.
“ഹ്മ്മ്…. ഓക്കേ….. ഓപ്പറേഷന് വേണ്ടി കുറച് പേപ്പർസിൽ അവരുടെ ബന്ധുക്കളുടെ ആരുടെയെങ്കിലും ഒപ്പ് വേണം…. അത് ചെയ്ത് തരാൻ ഉത്തരവാദിത്തപെട്ട ആരെങ്കിലും ആണോ കുട്ടി…..”
“ആര് ഇവളൊ…… “നന്ദിനി അടുത്തേക് വന്നു തുടർന്നു.
“ഏഹ്ഇത് ഞങ്ങടെ ആരും അല്ല….. നിങ്ങൾക് വേണ്ടത് ഓക്കെ ഞാൻ സൈൻ ചെയ്ത് തരാം. എന്റെ ഏട്ടന്റെ ഭാര്യയാ അത്…..”
“ഓഹ്….. ഇതാ…..”
നേഴ്സ് നീട്ടിയ പേപ്പറുകളിൽ അപ്പച്ചി ഒപ്പിട്ട് നൽകിയപ്പോഴും അഗ്നി തലയുയർത്തി നോക്കിയില്ല..
“ഹാ… പിന്നെ…. ആരാ ഈ അഗ്നി…..”
അത് കേട്ടതും അവൾ തലയുയർത്തി നോക്കി…
“കുട്ടിയാണോ…..”
അതെ എന്ന് തലയനക്കി കാണിച്ചു അഗ്നി.
“ഓപ്പറേഷന് മുന്നേ അവർക്ക് അഗ്നിയെ കാണണം എന്നൊന്ന് പറഞ്ഞിരുന്നു… ഇപ്പോ കേറണെങ്കിൽ കേറാം.”
അത് കേട്ടതും ഒരു ആശ്വാസത്തോടെ അഗ്നി അപ്പച്ചിയുടെ നേർക്ക് നോക്കി. ആഹാ മുഖത് പ്രകടമായ അവജ്ഞ കണ്ടതും പ്രസന്നമായ അവളുടെ മുഖം ഒന്ന് മങ്ങി…. ശേഷം നഴ്‌സിന്റെ കൂടെ അകത്തേക്കു കയറി.
🍁🍁🍁🍁🍁🍁
ഒട്ടനേകം വയറുകൾക് ഇടയിലായി ഓക്സിജൻ മാസ്കും വെച്ച് കിടക്കുന്ന അമ്മയെ കണ്ട് അവളുടെ ശ്വാസം ഒന്ന് വിലങ്ങി. ഒരുനിമിഷം അമ്മയെ അവഗണിക്കാതെ ചേർത്ത പിടിച്ചിരുന്നെങ്കിൽ ഈ കാഴ്ച തനിക് കാണേണ്ടി വരില്ലായിരുന്നു.
അടുത്തേക് ചെന്ന് പയ്യെ അവൾ അമ്മയുടെ കൈകളിലായി തലോടി…. അത് അറിഞ്ഞു ക്ഷീണം ബാധിച്ച കണ്ണുകൾ അവർ ആയാസപ്പെട്ട് തുറക്കാൻ ശ്രമിച്ചു. മങ്ങലൊടെ അഗ്നിയെ മുന്നിലായി കണ്ടതും സുഭദ്രമ്മ കണ്ണുകൾ ശക്തിയായി ചിമ്മി തുടർന്നു.
“മ്മ്മ്മ്…..”
(അമ്മേ…..) വിളിച്ചപ്പോഴേക്ക് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
എന്തോ പറയാൻ ആയി ശ്രമിച്ച സുഭദ്രമ്മ മാസ്ക് അതിനു തടസമായി വന്നപ്പോൾ അത് മാറ്റാൻ ആയി പ്രയാസപ്പെട്ട് കൈയുയർത്തി.
എന്നാൽ അത് കണ്ട ഉടനെ അഗ്നി അത് തടഞ്ഞു.
“ഹഹഹമ്മ്മ്….. മ്മ്….. മ്മ്മ്…”
(മാസ്ക് എടുത്ത് അധികം സംസാരിപ്പിക്കരുതെന്ന പറഞ്ഞിരുന്നു നേഴ്സ്.)
അത് കെട്ടിട്ടും സുഭദ്രമ്മ മാസ്ക് പയ്യെ പൊക്കി.
“അമ്മയോട് ദേഷ്യോണ്ടോ കുട്ടിക്ക്….. വെറുപ്പാ അമ്മയോട്…..” ചോദിക്കുമ്പോഴേക് അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
“മ്മ്മ്…. ഹ്മ്മ്മ്മ്… മ്മ്മ്ഹഹ്ഹ… മ്മ്മ്ഹ….”
(എന്റെ അമ്മയാ…..) നെഞ്ചിൽ കൈ വിലങ്ങനെ ചേർത്തുകൊണ്ട് അഗ്നി പറഞ്ഞു.
അതുകണ്ടതും അമ്മയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നിരുന്നു.
“മ്മ്മ്മ്….. ഹ്മ്മ്മ്… മ്മ്മ്ഹഹ്ഹ… മ്മ്മ്…..”
(ഒന്നും എന്നോട് പറയാത്തത്കൊണ്ട് ചെറിയ പിണക്കെയുണ്ടാരുന്നുള്ളു…. ഇപ്പോ ഒന്നുലാ….. അമ്മയ്ക്ക് ഉടനെ ഭേദവും.)
“അമ്മ കാരണം മോൾക് പിന്നേം ബുദ്ധിമുട്ട് ആയല്ലേ….. ഓപ്പറേഷന് വേണ്ടി ഒത്തിരി പൈസ ചിലവാകില്ലേ…..”
ശ്വാസം എടുക്കാൻ ചെറിയ പ്രയാസത്തോടെ അവർ പറഞ്ഞു.
(ഹഹമ്മ്മ്…. മ്മ്ഹ.. ഹ്ഹ്മ്മ്….)
”ഇല്ല അതൊക്കെ അപ്പച്ചി തന്നു… അമ്മ വിഷമിക്കണ്ട…. ഇനി സംസാരിക്കേണ്ട….”
അമ്മയുടെ ബുദ്ധിമുട്ട് കണ്ടുകൊണ്ട് അഗ്നി ദൃതിയിൽ മാസ്ക് തിരികെ വെക്കാൻ ശ്രമിച്ചു.
“മോളെ… എനിക്ക് ഒരു കാര്യം പ.. റയാൻ ഉണ്ട്….”
“ഹ്ഹ്മ്മ്…. മ്മ്……. മ്മ്….”
(വേണ്ട ഇനി എല്ലാം കഴിഞ്ഞിട്ട് സംസാരിക്കാം.)
“അതെ മതി….. ഇതിൽ കൂടുതൽ ഞങ്ങള്ക് സമയം അനുവദിക്കാൻ ആകില്ല…. നിങ്ങളൊന്നും സഹരിക്കണം. പെഷ്യന്റ് ക്രിട്ടിക്കൽ സ്റ്റേജിൽ തന്നെയാണ് ഇപ്പോഴും…”
നേഴ്സ് വന്ന് പറഞ്ഞതും അഗ്നി പുറത്തേക് ഇറങ്ങാൻ ആയി തുനിഞ്ഞു.
എന്നാൽ അവളുടെ കൈയിൽ അമ്മ പിടിച്ചു…
“എന്റെ മോളോട്… എനി.. ക്ക് സംസാരിക്കണം.. ചിലപ്പോ ഇനി പ…റ്റി ന്ന് വരില്ല.”
“ഹ്മ്മ്…മ്മ്മ്. മ്മ്മ്….. മ്മ്ഹഹ്മ്മ്…”
(വേണ്ട അമ്മേ എനിക്ക് പേടിയാകാനു… ഇപ്പോ വേണ്ട….)അമ്മയുടെ ഉയർന്നു പൊങ്ങുന്ന ശ്വാസം കണ്ടുകൊണ്ട് അഗ്നി പറഞ്ഞു.
“ഒന്നൂ…ല്ലെടാ അമ്മയ്ക്ക്.. നി.. ക്ക് പറയാൻ.. ഉള്ളേ… കേൾ…ക്കണം…..”
“ദയവു ചെയ്ത് ഞാൻ പറഞ്ഞത് അനുസരിക്കണം നിങ്ങൾ….. “നേഴ്സ് അടുത്ത് നിന്ന് ബഹളം കൂട്ടി.
“ഒരു.. നി..മിഷം….. അനുവദിക്കണം അതിനു…. “അമ്മ പതിഞ്ഞ സ്വരത്തിൽ നഴ്സിനോടായി പറഞ്ഞു….
“അമ്മ…യോട്… ദേ… ഷ്യം…. തോന്ന… രുത്… അമ്മ…. കുട്ടി… യോട്…. ഒരു… കള്ളം പറഞ്ഞു…. എ…ന്നോട് ക്ഷമി…. ക്കണം…”
അത് പറഞ്ഞതെ ഉയർന്നുപോങ്ങിയ സുഭദ്രമ്മയുടെ ശ്വാസം പൊടുന്നനെ നിച്ഛലമായി. ഒന്നും വിശ്വസിക്കാൻ ആകാതെ അവൾ അമ്മയെയും നഴ്സിനെയും മാറി മാറി നോക്കി…..
“മ്മ്മ്.. മ്മ്മ്….”
(അമ്മേ…. അമ്മേ….. )സുഭദ്രമ്മയുടെ കൈകളിൽ ചെറുതായി തട്ടി കൊണ്ട് അവരെ ഉണർത്താൻ അഗ്നി ശ്രമിച്ചു…. പ്രതികരണമേതും ഇല്ലാതായപ്പോൾ ശക്തിയായി കുലുക്കിവിളിക്കാൻ തുടങ്ങി അഗ്നി….
“ഹഹമ്മ്മ്മ്…. മ്മ്മ്മ്ഹഹ…..മ്മ്…. മ്മ്മ…. ഹഹമ്മ്മ്മ് ”
(പറ്റിക്കല്ലേ…. അമ്മേ….. എന്നെ…. പേടിപ്പിക്കല്ലേ…… അമ്മേടെ അഗ്നിക്ക് പേടിയാവാ…… നിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ലമേ…. മരിച്ചുപോവും ഞാൻ….. എഴുനേൽക്കമ്മേ…..)
ശബ്ദം ഉയർത്തി അലറിവിളിച്ചു കരഞ്ഞു അവസാനം ബോധമറ്റ് അവൾ താഴേക്ക് വീണു.
( തുടരും )

by