രചന – സിന്ധു അപ്പുക്കുട്ടൻ
“നീയൊന്നും സഹായിച്ചില്ലെങ്കിലും ഞാനെന്റെ കൊച്ചിന്റെ കല്യാണം നടത്തുമെടാ. ഇത് ഞാനധ്വാനിച്ചുണ്ടാക്കിയ വീടാ. ഇത് വിൽക്കാൻ എനിക്കാരുടേം സമ്മതം വേണ്ട.
പരമേശ്വരൻ ആൺമക്കൾക്ക് നേരെ കൈ ചൂണ്ടി ക്ഷോഭം കൊണ്ട് വിറക്കുകയാണ്
സതീശന് വീടെഴുതി കൊടുക്കാനുള്ള തീരുമാനം കേട്ടറിഞ്ഞു വന്നതാണ് രമേശനും സന്തോഷും.
“വീട് എന്തു വേണേലും ചെയ്തോ പക്ഷേ എന്റെ ഷെയറായിട്ട് ന്യായമായ ഒരു തുക എനിക്ക് കിട്ടിയേ പറ്റൂ.
രമേശൻ തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുണ്ട് എന്ന ഭാവത്തിൽ നിന്നു.
രമേശന്റെ വാദത്തിന് കൂട്ട് പിടിച്ച് സന്തോഷും അത് തന്നെ പറഞ്ഞു
“ഷെയർ തരാൻ എന്റെ കയ്യിൽ ഒന്നുമില്ല. സതീശൻ വല്ലതും തരുമെങ്കിൽ മേടിച്ചോ.”
ശ്ശെടാ.. അച്ഛനിതെന്തായീ പറയുന്നേ ഞാൻ ഇനി ഇവർക്ക് ഷെയറും കൊടുക്കണം, സന്ധ്യയുടെ കല്യാണവും നടത്തണം എന്ന് പറഞ്ഞാൽ അതെവിടുത്തെ ന്യായം..?
സതീശൻ അസഹ്യതയോടെ പരമേശ്വരനെ കുർപ്പിച്ചു നോക്കി.
“സന്ധ്യയുടെ കല്യാണത്തിന്റെ പേരും പറഞ്ഞ് ഈ വീടും പറമ്പും ഒറ്റക്ക് വിഴുങ്ങാമെന്ന മോഹം നടക്കില്ല ചേട്ടാ.
രമേശന്റെ സ്വരത്തിൽ ഒരു ഭീഷണിയുടെ ചുവ പരന്നു.
“എന്നാപ്പിന്നെ നീ നടത്തിക്കോ ഈ കല്യാണം.”
സതീശൻ അവനെ കടുപ്പിച്ചൊന്നു നോക്കി.
നിങ്ങളിനി ഇതും പറഞ്ഞു കടിപിടി കൂടണ്ട. ഞാൻ ഇത് വിൽക്കാൻ പോകുന്നു. എനിക്കെന്റെ കൊച്ചിനെ ആരുടെയെങ്കിലും കയ്യിൽ പിടിച്ചു കൊടുത്തേ മതിയാകൂ.
പരമേശ്വരൻ അവസാന വാക്കെന്നപോലെ പറഞ്ഞു നിർത്തി.
“അത് നടക്കില്ലച്ചാ.അവളുടെ കല്യാണത്തിന് വേണ്ടി ഇത് വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല..
മൂന്നു പേരും ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു. അതോടെ പരമേശ്വരന് സകല നിയന്ത്രണവും വിട്ടു പോയി.
അയാളുടെ അലർച്ചയിൽ വീടാകെ കുലുങ്ങിയ പോലെ തോന്നി സന്ധ്യക്ക്.
അച്ഛാ, എനിക്കീ കല്യാണം വേണ്ട.
ഏട്ടൻമാർ മൂവരും ഇറങ്ങി പോകുന്ന കണ്ടപ്പോൾ സന്ധ്യ അച്ഛനരികിൽ വന്നു നിന്നു.
“എന്നാലും ഇവനൊക്കെ എന്റെ മക്കളായി വന്നു പിറന്നല്ലോ. ഇത്തിരി കാശിനു വേണ്ടി കടിപിടി കൂടുന്നു.
വയസാംകാലത്തു പ്രതീക്ഷിക്കാതേ വന്നു ചേർന്നതാ നീ. ഇവൻമാര് വലുതായപ്പൊ മൂന്നേട്ടൻമാരുടേം പുന്നാരപെങ്ങളായി വളർന്നോളും എന്നായിരുന്നു എന്റെ സമാധാനം. ഞാനില്ലാതായാലും അവര് നിന്നെ കൈവിടില്ല എന്ന് വിശ്വസിച്ചു. എന്നിട്ടിപ്പോ കണ്ടില്ലേ.
പണ്ടുള്ളൊരു പറയുന്നൊരു പഴഞ്ചോല്ലുണ്ട്, പെണ്ണ്കെട്ടിയാൽ കണ്ണും കെട്ടിയെന്ന്. ഇവന്മാരുടെ കാര്യത്തിൽ അത് അച്ചട്ടായി.
ഒരു പെങ്ങളുള്ളതിനെ ഒരു കരക്കെത്തിക്കാൻ നോക്കാതെ ഓരോ അവളുമാരുടെ വാലിൽ തൂങ്ങികിടക്കുന്നു.
രക്തബന്ധത്തിനേക്കാൾ വലുതാ അവർക്ക് സ്വത്തും പണവും.
എന്റെ കുട്ടിയൊന്നു നേരെ നടക്കുമായിരുന്നെങ്കിൽ അച്ഛനിത്രേം സങ്കടപ്പെടില്ലായിരുന്നു.
സാരമില്ല മോള് വിഷമിക്കണ്ട. അവര് പോട്ടേ. അച്ഛൻ നടത്തും മോൾടെ കല്യാണം. എന്റെ കണ്ണടയുംമുൻപ് അതെനിക്ക് കാണണം. എന്റെ ഏറ്റവും വലിയ ആഗ്രഹാ അത്.
പരമേശ്വരൻ, കസേരച്ചോട്ടിലിരിക്കുന്ന സന്ധ്യയുടെ നിറുകയിൽ തലോടി.
സന്ധ്യ വിങ്ങിക്കരഞ്ഞുകൊണ്ട് അച്ഛന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി.
*********************************
“ചെറുക്കന് അമ്മ മാത്രേയുള്ളു. ഇവനാണെങ്കിൽ അവർക്ക് ആകെയുള്ളോരു മോനും. അച്ഛൻ അവന്റെ ചെറുപ്പത്തിലേ മരിച്ചു. കഴിഞ്ഞു കൂടാനുള്ള വകയൊക്കെയുണ്ട്. തരക്കേടില്ലാത്തൊരു ചെറിയൊരു ജോലിയും.. പിന്നെന്താ പ്രശ്നം.
ബ്രോക്കർ ദിവാകരൻ മഹേഷിനെക്കുറിച്ച് പറഞ്ഞു കേട്ടപ്പോൾ പരമേശ്വരന് അത് നല്ലൊരാലോചനയായി തോന്നി.
“മോൾക്ക് കാല് വയ്യാന്നുള്ളത് ദിവാകരൻ നേരെ ചൊവ്വേ പറഞ്ഞിട്ടുണ്ടോ അവരോട്.?
“അതൊക്കെ പറഞ്ഞിട്ടുണ്ട്. എന്തായാലും അവൻ വന്നു കണ്ടിട്ട് പോട്ടേ. ബാക്കിയൊക്കെ വഴിയേ പോലെ തീരുമാനിച്ച മതിയല്ലോ.
“ഉം… നടന്നു കിട്ടിയാൽ ഭാഗ്യം.പരമേശ്വരൻ ആകുലതയോടെ നെഞ്ച് തടവി.
മഹേഷിനെ കണ്ടപ്പോൾ സന്ധ്യ വല്ലാതെ പരിഭ്രമിച്ചു. ഭംഗിയുള്ള മുഖത്തിന് ചേരുന്ന കട്ടിമീശയും, ഇടതൂർന്ന മുടിയും.
ചിരിക്കുമ്പോൾ വെളിവാകുന്ന നിരയൊത്ത പല്ലുകൾ ആ ചിരിക്കു മനോഹാരിത കൂട്ടുന്നുണ്ട്.
എന്ത് കണ്ടിട്ടാണോ ഇയാൾ എന്നെ ഇഷ്ടപ്പെട്ടത്.. സന്ധ്യ അത്ഭുതത്തോടെ സ്വയം ചോദിച്ചു കൊണ്ടിരുന്നു. പലവട്ടം.
വിവാഹശേഷം ഒരു മാസത്തിനുള്ളിൽ അവൾക്കതിനുള്ള ഉത്തരം കിട്ടി.
സ്ഥിരമായി ജോലിക്കു പോകില്ല. കള്ളു കുടിയും പെണ്ണ് പിടുത്തവും പോരാഞ്ഞിട്ട് നാട്ടിൽ സകലരോടും അടിപിടി ഉണ്ടാക്കലാണ് അവന്റെ ഹോബി.
“ദേ.. ഞാനൊരു കാര്യം പറഞ്ഞേക്കാം. എന്റെ ചെക്കൻ ഒരു പാവമാ. അവനോട് സ്നേഹമായിട്ട് അടുത്തുകൂടി നേർവഴി പറഞ്ഞു കൊടുത്താൽ അവൻ നന്നായിക്കൊള്ളും. അതിന് വേണ്ടിയാ നിന്നെപ്പോലെ ഒരുത്തിയെ അവന് വേണ്ടി കണ്ട് പിടിച്ചത്. വല്യ കൊമ്പത്തെ പെണ്ണുങ്ങൾ വന്നാൽ ഒപ്പത്തിനൊപ്പം നിൽക്കേയുള്ളൂ. നീയാകുമ്പോ നോക്കീം കണ്ടും നിന്നോളും എന്ന് വിചാരിച്ചു.
ഒരിക്കൽ കുടിച്ച് ബോധമില്ലാതെ വന്നുകയറിയ മഹേഷിനെ കണ്ട് അമ്പരന്നു നിന്ന സന്ധ്യയേ ഇന്ദിരാമ്മ ഉപദേശിച്ചു.
അവരെ തുറിച്ചു നോക്കി ശബ്ദം നഷ്ടപ്പെട്ടു നിൽക്കുമ്പോൾ അകത്തുനിന്നു മഹേഷിന്റെ വിളി കേട്ടു.
സന്ധ്യേ…
അവൾ പേടിയോടെ ഇന്ദിരാമ്മയേ നോക്കി.
“അങ്ങോട്ട് ചെല്ലടി. അവൻ നിന്നെ പിടിച്ചു വിഴുങ്ങില്ല.”
ഇന്ദിരാമ്മ പരുഷ സ്വരത്തിൽ വാക്കുകൾ കുടഞ്ഞിട്ടു.
സന്ധ്യ വിറച്ചു കൊണ്ട് അകത്തേക്ക് കയറി.
“ഇവിടെ കിടക്ക്.
അവളെ കണ്ടതും മഹേഷ് കട്ടിലിലേക്ക് വിരൽ ചൂണ്ടി.
എന്തിനാ..?
അവന്റെ മുഖത്തേ ക്രൂരഭാവം കണ്ട് ഭയന്ന സന്ധ്യ വിറച്ചുകൊണ്ട് ചോദിച്ചു പോയി.
കേട്ടാലറക്കുന്നൊരു തെറിയായിരുന്നു അതിനുള്ള മറുപടി.
അത് കേട്ടുകൊണ്ട് ഇന്ദിരാമ്മ അപ്പോഴും വാതിൽക്കൽ നിൽക്കുന്നുണ്ടെന്നറിഞ്ഞ സന്ധ്യ അപമാനം കൊണ്ട് ചൂളിപ്പോയി.
തുടരും

by