18/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 19

രചന – ആതിര

“ടാ.. സമയം കുറെ ആയി.. നീ വീട്ടിൽ പോ..അവിടെ ഗീതു തനിച്ചാണന്നല്ലേ പറഞ്ഞത്..നീ ചെല്ല്..” ഏറെ വൈകിയിട്ടും വീട്ടിലേക്ക് പോകാതെ നിന്ന സിദ്ധുവിനോട് ശ്രീജിത്ത് പറഞ്ഞൂ.. “അവൾ കുഞ്ഞൊന്നും അല്ല..അവിടിരുന്നോളും..നീ എനിക്കും കൂടി ഒരു ഗ്ലാസ് വഴിക്ക്..” ക്ലബ്ബിൽ ചില ദിവസങ്ങളിൽ എല്ലാവരും കൂടി മദ്യപിക്കാറുണ്ട്.. സിദ്ധുവിന്‌ ആ ശീലം ഇല്ലാത്തതിനാൽ അവൻ കൂടാറില്ല.. “നീ കുടിക്കില്ലല്ലോ..പിന്നെ നിനക്കെന്തിനാ?പുതിയ ശീലം പഠിപ്പിച്ചെന്നും പറഞ്ഞ് നിന്റെ അമ്മ ഇനി ഞങ്ങളെ വഴക്ക് പറയാനാണോ?” “‘അമ്മ വീട്ടിൽ ഇല്ല.. ഒരു ദുശീലവും ഇല്ലാതിരുന്നിട്ടും എന്റെ ജീവിതം അവൾ കാരണം നശിച്ചു..ചെയ്യാത്ത തെറ്റിന്റെ പേരിൽ അവൾ എന്റെ തലേലായി..ഇനി ആരെ ബോധിപ്പിക്കാനാ ??….” എന്തോ പറയാൻ ശ്രീജിത്ത് വാ തുറന്നതും സിദ്ധു കൈപൊക്കി നിർത്ത് എന്ന രീതിയിൽ കാണിച്ചു..

“നീ അവളെ ന്യായീകരിച്ച് എന്നോട് ഒന്നും മിണ്ടണ്ട..നീ ഒഴിക്ക്” അവന്റെ നിർബന്ധത്തിന് വഴങ്ങി അവനെയും അവരുടെ ഒപ്പം കൂട്ടി..എന്നാൽ സിദ്ധു എല്ലാരേക്കാളും 3,4 ഗ്ലാസ് അകത്താക്കി..അവസാനം അവന്റെ നാക്ക് കുഴയാൻ തുടങ്ങി..സംഗതി കൈവിട്ട് പോയന്ന് മനസ്സിലായതും ശ്രീജിത്ത് അവനെ താങ്ങി ബൈക്കിനടുത്തെത്തി..ഈ അവസ്ഥയിൽ അവന് വണ്ടിയോടിക്കാൻ പറ്റില്ലെന്ന് മനസ്സിലായതും ചാവി വാങ്ങി അവനെ പിന്നിലിരുത്തി സിദ്ധുവിന്റെ വീട്ടിലേക്ക് വിട്ടു..ആ സമയം വരെ അകത്ത് പേടിച്ചിരിക്കുവായിരുന്നു ഗീതു..പണ്ടേ തനിച്ചിരിക്കാൻ പേടിയാണവൾക്ക്..കോളിങ് ബെൽ മുഴങ്ങിയതും അവൾ നേരെ ഓടി വാതിലിനടുത്തെത്തി..പെട്ടന്ന് നിന്നു .. “ആരാ..സിദ്ധുവേട്ടനാണോ..??” “സിദ്ധുവാടി..എന്താടി നിനക്ക് തുറകാനിത്ര താമസം..?? അഹ് ..അപ്പൊ സിദ്ധുവേട്ടൻ തന്നേ.. പക്ഷേ സൗണ്ട് ആകെ വല്ലാതിരിക്കുന്നല്ലോ..(ആത്മ) ഗീതു വാതിൽ തുറന്നു..മുന്നിൽ സിദ്ധു വിനെ താങ്ങി പിടിച്ചു നിൽക്കുന്ന ശ്രീജിത്തിനെ കണ്ടവൾ അമ്പരന്നു..

“അയ്യോ ..ഇതെന്താ പറ്റിയത്..??” “പെങ്ങളെ..ഇവനിതത്തിരി കുടിച്ചത് ഓവറായി പോയി..വേണ്ടന്ന് പറഞ്ഞതാരുന്നു..കേട്ടില്ല.. സത്യവായിട്ടും ഞങ്ങൾ പറഞ്ഞിട്ട് കേട്ടില്ല..” ഗീതു ഒന്ന് അമർത്തി മൂളി.. സിദ്ധുവിനെ അകത്ത് കയറ്റി കതക് ലോക്ക് ചെയ്തു.. അവന് തന്നെ നടക്കാൻ പോലും ആവതില്ലായിരുന്നു..ആടി ആടി സ്റ്റെപ് കയറുന്ന അവനെ കണ്ട് ഗീതു താങ്ങിപ്പിടിച്ചു.. “വിടടി എന്നെ..ഈ സിദ്ധൂന് നിന്റെ ഒരു സഹായോം വേണ്ട.ഞാൻ ഓകെ യാണ്..” അവൻ ഗീതുവിന്റെ കൈതട്ടി മാറ്റിയെങ്കിലും അവൾ പുറകെ തന്നെ ചെന്നു..മുറിയിൽ ചെന്നപാടെ ആടിയാണെങ്കിലും അവൻ വസ്ത്രം മാറി മുണ്ടുടുത്തു.. ഷർട്ടിടാൻ നോക്കിയെങ്കിലും ബട്ടൺ തിരിഞ്ഞു മറിഞ്ഞു പോകുന്നത്കൊണ്ട് അത് വലിച്ചെറിഞ്ഞവൻ കട്ടിലിലേക്ക് മറിഞ്ഞു..പെട്ടന്ന് തന്നെ ഉറക്കം പിടിച്ചു..എന്തോ ആ മുറിയിൽ ഗീതുവിന് കിടക്കാൻ മടിയായി.. അവനിൽ നിന്നും വമിക്കുന്ന മദ്യത്തിന്റെ മണം കാരണം അവൾക്ക് ഓക്കാനിക്കാൻ തോന്നി.. അതിനാൽ അവൾ അടുത്തുള്ള മുറിയിലാണി കിടന്നത്..

രാവിലെ എഴുനേറ്റതും സിദ്ധുവിന്‌ തല വെട്ടിപൊളിയുന്ന വേദന തോന്നി..ഷവറിന്റെ കീഴിൽ നിന്നെങ്കിലും പൂർണമായും മാറിയിരുന്നില്ല..അതോടൊപ്പം ശരീരത്തിനും വേദന തോന്നി.. അതുകൊണ്ട് തന്നെ ഗീതുവിനോട് ചായ എടുക്കാൻ പറയാൻ അടുക്കളയിലേക്ക് നടന്നതും അടുത്ത മുറിയിൽ കിടക്കുന്ന ഗീതുവിനെ കണ്ടു.. ഇവളിന്നലെ ഈ മുറിയിലാണോ കിടന്നത്.?.(സിദ്ധു ആത്മ) “ടി…..””” അവളുടെ അടുക്കൽ ചെന്ന് ഉച്ചത്തിൽ വിളിച്ചതും പാവം ഞെട്ടിക്കൊണ്ട് എഴുനേറ്റു..അടുത്ത് നിൽക്കുന്ന സിദ്ധുവിനെകണ്ട് അവൾ മുറിയിലേക്ക് പാഞ്ഞു.. വേഗം തന്നെ കുളിച്ച് റെഡിയായി.. അടുക്കളയിൽ ചെന്ന് ചായ ഉണ്ടാക്കി..സിദ്ധുവിനുള്ള ചായ അവനിരിക്കുന്നതിനടുത്ത് കൊണ്ടുവെച്ചവൾ വീണ്ടും അടുക്കളയിലേക്ക് പോയി..ഗീതു പ്രാതലിനുള്ളതെല്ലാം ശരിയാക്കി മേശപുറത്ത് കൊണ്ടുവെച്ചു.. അവന്റെ ടിഫിനും തയാറാക്കി മേശപ്പുറത്തു വെച്ചു..അവൻ ഇറങ്ങിയതിനു ശേഷം ആഹാരം കഴിച്ചവൾ വീടുപൂട്ടി താക്കോൽ ചെടിച്ചെട്ടിക്കടിയിൽ വെച്ച് ചിന്നുമോളേയും കൂട്ടി സ്കൂളിലേക്ക് പോയി..

വിവേക് കാവ്യയുടെ മുറിയിൽ ചെന്നപ്പോൾ ബെഡിന് താഴെ നിലത്ത് മുട്ടിൽ മുഖംചേർത്ത് ഇരിക്കുന്നു..അവൻ വന്നത് പോലും അവൾ അറിറിഞ്ഞില്ല..കാവ്യ ആകെ മാറി പോയിരുന്നു..വിവേകിന് അവളുടെ ആ ഇരിപ്പ് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല.. “”കാവ്യ….”” താൻ കേൾക്കാൻ ആഗ്രഹിച്ച ശബ്ദം ചാരെ കേട്ടതും കാവ്യ ഞെട്ടി തിരിഞ്ഞ് നോക്കി.. രണ്ടുകൈയും തന്റെ നേർക്ക് നീട്ടി നിൽക്കുന്ന വിവേകിനെ കണ്ടതും അവൾ ഓടി അവന്റെ നെഞ്ചിൽ ചേർന്നു.. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവന്റെ മേലുള്ള പിടിമുറുക്കി കാവ്യ.. അവളെ അടർത്തി മാറ്റാൻ ഒരുങ്ങിയതും അവൾ വീണ്ടും അവനെ അള്ളിപ്പിടിച്ചു..ഒരിക്കൽ കൂടി അവനെ തന്നിൽനിന്നും അകലാൻ അനുവദിക്കില്ലെന്ന പോലെ..വിവേകിന് അതു മനസ്സിലായി “നിന്നെ വിട്ട് ഞാൻ എങ്ങും പോകില്ല..ഇങ്ങ് നോക്ക്..” “സത്യം?.. പോകുവോ..??” “ഇല്ല..സത്യം…!!!!” അവൾ അവന്റെ മേലുള്ള പിടിയയച്ചു..അവളുടെ മുഖം കൈയ്യിൽ കോരി എടുത്തവൻ സങ്കടത്തോടെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.. “എന്റെ പെണ്ണ് ഒരു പാട് സങ്കടപ്പെട്ടല്ലേ..??” “നീയില്ലാതെ എനിക്ക് പറ്റുവോ.?എന്തിനാ എന്നെ വേണ്ടന്ന് പറഞ്ഞത്..??”ചുണ്ട് ചുളുക്കിയവൾ ചോദിച്ചു..

” ദൈവത്തിനു നിരക്കാത്ത പ്രവൃത്തി നീ ചെയ്‌തെന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല..എന്റെ കാവ്യ ചീത്തയാകുന്നത് എനിക്ക് ഇഷ്ടമല്ല..” അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി… ” നീ ഗീതുവിനോട് ചെയ്തത് ഞാൻ അറിഞ്ഞില്ലന്ന് കരുതിയോ..നീ പറയണ്ടെന്ന് പറഞ്ഞെങ്കിലും അത് തെറ്റാണെന്ന് കരുതി സേറയും നീനയും എന്നെ അറിയിച്ചു..ഇപ്പോൾ നിനക്ക് ബോധ്യമായില്ലേ നീ ആ പെണ്ണിനോട് ചെയ്തത് എന്ത് വലിയ തെറ്റാണെന്ന് ..നിനക്കുണ്ടായ അതേ സങ്കടം ,ഒരുപക്ഷേ അതിലും കൂടുതൽ ഗീതു അനുഭവിച്ച് കാണില്ലേ..എല്ലാരും കൂടി അവളെ ഒരു മോശം പെണ്ണായി ചിത്രീകരിച്ചപ്പോൾ എന്തും മാത്രം അവൾ സങ്കടപ്പെട്ടു കാണും..നീയും ഒരു പെണ്ണല്ലേ..” “എല്ലാർക്കും എന്നെ വെറുപ്പാണ്..എനിക്കാരും ഇല്ല വിവി..അമ്മയ്ക്കും അച്ഛനുമെല്ലാം അവളെയാണ് ഇഷ്ടം..എല്ലാർക്കും അവളെ മതി..”

“നിനക്കെല്ലാരും ഉണ്ട്..നിന്റെ അച്ഛനും അമ്മയും ഗീതുവും നിന്നെ എന്ത് മാത്രം സ്നേഹിക്കുന്നുണ്ടന്നോ..??” “ഗീതുവോ..??” “നിനക്കറിയുവോ,അന്ന് ആ രാത്രിയിൽ നീ ഗീതുവിനോട് നമ്മൾ തമ്മിൽ ശാരീരികബന്ധം വരെയുണ്ടെന്ന് പറഞ്ഞ രാത്രിയുടെ പിറ്റേന്ന് അവൾ എന്നെ കാണാൻ വന്നു..വന്നപാടെ എന്റെ കാലിൽ വീണ് നിന്നെ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു..എന്റെ ചേച്ചി പാവമാണെന്നും ചേച്ചിനെ ചതിക്കരുതെന്നും ആ പെണ്ണ് പറഞ്ഞു കരഞ്ഞു..ആ ദിവസം എനിക്ക് കിട്ടിയത് ഒരു കൂടപ്പിറപ്പിനെയാണ്..നീ ഇപ്പോഴും അതിനെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുവല്ലേ..എനിക്ക് വേണ്ടി നീ ഇനിയും അവളെ ദ്രോഹിക്കരുത്..ഇനിയും അങ്ങനെ വല്ലതും ഞാൻ അറിഞ്ഞാൽ പിന്നെ സത്യമായിട്ടും ഞാൻ ക്ഷമിക്കില്ല..” “ഞാൻ ഇനി ഒരു ദ്രോഹവും അവളോട് ചെയ്യില്ല..” തലകുനിച്ചവൾ പറഞ്ഞു..

“പിന്നെ അന്നാ റൂമിൽ കണ്ടതോ..??” അവൾ മടിച്ച് മടിച്ച് ചോദിച്ചു.. “അതൊക്കെ ചേട്ടന്റെ നമ്പർ അല്ലെ..ഗീതുവിനും സിദ്ധുവിനും ഇടയിൽ ഒന്നും സംഭവിക്കാത്ത പോലെ..നീ വരുന്ന കാര്യം ഇവരെന്നോട് പറഞ്ഞിരുന്നു. ഞങ്ങൾ ചേർന്നൊരുക്കിയ ഒരു നാടകം അല്ലേ അത്..അന്നവിടെ റിയയ്ക്കൊപ്പം അവളുടെ ഹസ്ബന്റും ഉണ്ടായിരുന്നു.. “ഞാൻ ഇത്രയും ദിവസം എന്തുമാത്രം സങ്കടപെട്ടന്ന് അറിയുവോ..ജീവിതം തന്നെ അവസാനിപ്പിയ്ക്കാൻ തോന്നി പോയി..” “നിന്റെ സങ്കടത്തെക്കുറിച്ച് ഓർക്കുന്ന ഓരോ നിമിഷവും ഗീതുനിക്കുറിച്ച് ചിന്തിച്ചു നോക്കണം..ഞാൻ നിന്നോട് ക്ഷമിച്ച പോലെ ഒരു പക്ഷേ സിദ്ധു ക്ഷമിച്ചുകാണുവോ..?സിദ്ധു പിന്നെ അവളെ സ്വീകാരിച്ചെന്ന് അറിഞ്ഞപ്പോഴാ സമാധാനമായത്.. പിന്നെ നിന്റെ ആ ലതപ്പച്ചിയുമായി ഇനി ഒരു കൂട്ടും വേണ്ട കെട്ടോ..” “ഇനി നിനക്ക് ഇഷ്ടപ്പെട്ടാത്തതൊന്നും ഞാൻ ചെയ്യില്ല..ഇനീം നിന്നെ നഷ്ടപ്പെടുന്ന അവസ്ഥ വന്നാൽ ഞാൻ പിന്നെ കാണില്ല..അത്രക്കിഷ്ടവാ നിന്നെ..” അവൻ അവളെ നെഞ്ചോട് ചേർത്ത് നിന്നു..അപ്പോഴും ഗീതു കാവ്യ ചെയ്ത തെറ്റിന്റെ ശാപം പേറുകയായിരുന്നു..

വൈകുന്നേരം ഗീതു സ്കൂളിൽ നിന്നും തിരിച്ച് വന്നപ്പോൾ ദേവിയും മോഹനും വന്നിട്ടുണ്ടായിരുന്നു.. അവൾ വന്നപാടെ ദേവി അവളെ അടിമുടി നോക്കി.. “എന്താപ്പാച്ചി..??” “അല്ല എന്റെ മോൻ നിന്നെ ബാക്കി വെച്ചിട്ടുണ്ടോ എന്നു നോക്കുവാരുന്നു..” “സിദ്ധുവേട്ടൻ നിങ്ങൾ പോയിക്കഴിഞ്ഞ് ഡീസെന്റ് ആയിരുന്നു..” “ആഹാ ..അപ്പോൾ ഞങ്ങൾ മാറി നിന്നാൽ അടേം ചക്കരേം ആണല്ലേ..” “അടേം ചക്കരേം ആയില്ലേലും കീരീം പാമ്പും ആയില്ല..” “പെണ്ണിന്റെ നാക്ക് പുറത്ത് വന്നല്ലോ..” അപ്പോഴാണ് സിദ്ധു അവിടേക്ക് വന്നത്.. “അമ്മേ..നാളെ എന്റെ ഫ്രണ്ട്‌സ് ഒക്കെ വരുന്നുണ്ട്..” “ആ കല്യാണം അവരെയൊന്നും വിളിച്ചില്ലല്ലോ..ആ പരാതി അങ്ങ് തീർത്തേക്കാം..(ദേവി) അവൻ മുകളില് മുറിയിലേക്ക് പോയി..പുറകെ വന്ന ഗീതുവിനെ കണ്ടവൻ തിരിഞ്ഞു.. “നീ അമ്മയോട് ഞാൻ കുടിച്ചുവന്ന കാര്യം പറഞ്ഞോ..??” “ഇല്ല..അപ്പിച്ചിക്ക് അത് സങ്കടവാകും..” “നാളെ അവര് വരും..നീ..” “എനിക്കറിയാം..ഞാനായി നാണം കെടുത്തില്ല..” അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു.. (തുടരും)