17/04/2026

അവൾ : ഭാഗം 41

രചന – അക്ഷര

“എമിയുടെ കാര്യത്തിലാണോ… !”

ഗൗരി തല കുനിച്ചു…

“ആ… അപ്പൊ അത് തന്നെ കാര്യം

************
“എന്റെ പൊന്നുമോളെ സോറി….!..

ഗൗരി എൽവിസിനെ ഒന്ന് കൂർപ്പിച്ചു നോക്കി….

“നോക്കിപ്പേടിപ്പിക്കാതെടോ… താൻ ഒന്ന് ക്ഷമിക്ക്… !

ഗൗരി  എൽവിസിൽ നിന്നും തന്റെ നോട്ടം മാറ്റി….

“നീ ഇങ്ങനെ പിണങ്ങിയിരിക്കല്ലേ…  ഒരു സുഖവുമില്ല നിന്നെ കാണാൻ … ”

“ആകെ കൂടി തിരക്കിനിടയിൽ രണ്ട്പേർക്കും  ഒരുമിച്ചു  കിട്ടുന്ന ദിവസമാ നീ ആയിട്ട് അത് കുളമാക്കല്ലേ  മോളെ… ”

“നമുക്ക് ഇങ്ങനെ പ്രണയിക്കാന്നെ….. വാ  ആകാശത്തോളം പ്രണയിക്കാം… ഈ എൽവിസും  ഗൗരിയും മാത്രമുള്ള സ്വപ്നങ്ങളിലേക്ക്  …. “വാ  ഇങ്ങോട്ട് നീങ്ങി ഇരിക്ക്…

ആയാൾ ഡ്രൈവിംഗ്ഗിന് ഇടയിൽ അവളുടെ കൈ പിടിച്ചു വലിച്ചു അവളെ അടുത്തോട്ട്  നീക്കി…..

“ദേ… മിണ്ടാതിരുന്നേ ഇച്ചായാ… ഞാൻ എങ്ങോട്ടും വരുന്നില്ല…. “ഗൗരി പറഞ്ഞു കൊണ്ട് ഗൗരി പരിഭവിച്ചു തന്റെ മുഖം തിരിച്ചു
..

“നീ ഇത്രേം പരിഭവിക്കാൻ മാത്രം  എന്താ ഇവിടെ  ഉണ്ടായത് … !”

“എമിയുടെ കാര്യത്തിനാണോ…. അത് നമുക്കിടയിൽ ഒരു വിഷയം ആക്കണോ മോളെ … !”

” നീ അത് വിട്ടുകള…. നിന്റെ സ്വന്തം ഇച്ചായൻ അല്ലെടീ ഞാൻ … ”

“സ്വന്തം എന്ന് കരുതിയതാണ് എന്റെ തെറ്റ്. … ” ഗൗരി എൽവിസിനെ നോക്കാതെ പറഞ്ഞു…

പെട്ടന്ന് എൽവിസ് വണ്ടി നിർത്തി…

എന്നിട്ട് ഗൗരവമായി ചോദിച്ചു….

“അതെന്താ നീ അങ്ങനെ പറഞ്ഞത്…. !”

“ഞാൻ നിന്റേതും നീ എന്റേതും ആണ് അത് ഇനി ആര്  വിചാരിച്ചാലും മാറ്റാൻ പറ്റില്ല…. ”

ഇച്ചായനല്ലേ എന്നെ  മാറ്റി നിർത്തിയത് …

ഗൗരി തല താഴ്‌ത്തി കൊണ്ട് പറഞ്ഞു….

“ദേ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും കേട്ടോ… !” ഞാൻ എപ്പോഴാ നിന്നെ മാറ്റി നിർത്തിയത്….

” ഇക്കണക്കിന് ആണെങ്കിൽ നീ  കല്യാണതിന് മുൻപേ എന്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടും   …! “എൽവിസ് ചിരിച്ചു കൊണ്ട് പറഞ്ഞു…

ഗൗരി തല താഴ്ത്തി ഇരുന്നു… അത് കണ്ട് എൽവിസ് ചോദിച്ചു…

“എന്താടീ  നിന്റെ മനസ്സിൽ….   കാര്യം പറ.. പറഞ്ഞാൽ അല്ലേ എനിക്ക്  അറിയാൻ പറ്റൂ …

“ഇച്ചായൻ തന്നല്ലേ പറഞ്ഞത് എമി ഇച്ചായന്റെ  പെങ്ങളാ എന്ന്…എന്റെ ആരുമല്ലെന്ന്… !

അപ്പോ എനിക്ക് ആരുണ്ട് ഇച്ചായാ എന്റേതെന്നു പറയാൻ   …

അച്ഛനുമമ്മയും പോലും ജീവിച്ചിരിപ്പില്ല .. എന്റേത് എന്ന് പറയാൻ എനിക്ക് ഈ ലോകത്ത്   ഇതുവരെ  ആരും ഉണ്ടായിട്ടില്ല….

ഇപ്പൊ ഇച്ചായൻ കാണിക്കുന്ന സ്നേഹത്തിൽ ഒരു സ്വപ്നം പോലെ മതി മറന്നു ജീവിക്കുകയാണ് ഞാൻ… . ”

കണ്ണ് നിറഞ്ഞാണ് ഗൗരി അത് പറഞ്ഞത്…

പെട്ടെന്നാണ് എൽവിസ് അതിനെ പറ്റി ചിന്തിച്ചത്

നീ സങ്കടപെടല്ലേ  ഞാൻ അത് അപ്പോഴത്തെ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാ…

നീ ഇത് ഇത്ര കാര്യമാക്കുമെന്നു ഞാൻ അറിഞ്ഞോ..!

എന്നാൽ  ഞാൻ അത് അപ്പൊ തന്നെ  തിരുത്തിയേനെ…..

അല്ല  ഇത്ര ദിവസം ആയിട്ടും നീ എന്നോട് എന്താ ഇതിനെ പറ്റി ഒന്നും  സംസാരിക്കാത്തത് ….

ഇച്ചായൻ എന്റടുത്ത് , അതിന് ശേഷം വന്നില്ലല്ലോ…

അത് കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു മോളെ അതാ… ..

അത് തന്നെയാ ഇച്ചായാ ഞാനും പറഞ്ഞത്
ഇച്ചായന് എന്തെങ്കിലും ടെൻഷൻ ഉണ്ടായാൽ പോലും അത് എന്നോട് പറയില്ലല്ലോ…. അപ്പൊ  ഇച്ചായൻ തന്നെ എന്നെ മാറ്റി നിർത്തുകയല്ലേ …

മാറ്റി നിർത്താനോ ..  നീ എന്താ പെണ്ണേ ഈ പറയുന്നത്….

നിന്നെ ഞാൻ എന്ത് മാത്രം സ്നേഹിക്കുന്നുണ്ടെന്നറിയാമോ….
നിനക്ക് അത് ചിന്തിക്കാൻ പോലും പറ്റില്ല…
നീ എന്തിനാ  ആരും ഇല്ലെന്ന് ചിന്തിക്കുന്നത് ….പിന്നെ ഈ ഞാൻ നിന്റെ ആരാ…

എൽവിസിന്റെ ഭാര്യ എന്ന് പറഞ്ഞാൽ പാലയ്ക്കൽ തറവാട്ടിലെ  റാണിയാണ്…. അതറിയാമോ നിനക്ക്…

പിന്നെ എനിക്ക് കുറച്ച് ദേഷ്യം കൂടുതലാ..കുറച്ചല്ല കുറച്ച് അധികം ഉണ്ട്.. . അത് നീ സഹിച്ചേ പറ്റൂ… .ആ സമയത്ത് എന്താ ഏതാ പറയുകയും പ്രവർത്തിക്കുകയും എന്ന് എനിക്ക് തന്നെ  അറിയില്ല…

.ഇഷ്ടം ഉള്ളവരോട് അല്ലേ ദേഷ്യം തോന്നുന്നത് അതേപോലെ പ്രകടിപ്പിക്കാൻ പറ്റൂ…

അത് പോലെ എനിക്ക്  സ്നേഹവും കൂടുതലാടീ…..അത് നീ എന്താ മനസിലാക്കാത്തത്…..
ദേഷ്യം  കഴിഞ്ഞ് ഞാൻ നിന്നെ സ്നേഹം കൊണ്ട് മൂടിക്കൊളാം…. പോരെ…

പിന്നെ ഞാൻ എന്റെ ടെൻഷൻ നിന്നോട് പറയാത്തത്….  എനിക്ക് നിന്നോട് വല്ലാത്ത വാത്സല്യം  തോന്നും അപ്പോ പിന്നെ നിന്റെ മുഖം പോലും വാടുന്നത്  എനിക്ക് ഇഷ്ടമല്ല . അതാണ്  കാര്യം…ചുമ്മാ നിന്നെക്കൂടി വിഷമിപ്പിക്കുന്നത് എന്തിനാ എന്ന് കരുതും… എന്റെ ഗൗരികുട്ടി  എപ്പോഴും സന്തോഷമായിട്ട് ഇരിക്കണം ….

അച്ഛനും അമ്മയും ഇല്ലാത്ത കുറവ് നികത്താൻ നിന്റെ ഇച്ചായൻ  ഇല്ലേടീ  നിനക്ക്..
ഇനി നീ  ഇത് പറയരുത്… .

അത് പോര എന്നുണ്ടെങ്കിൽ  തറവാട്ടിൽ ഇഷ്ടം പോലെ അപ്പച്ചൻമാരും അമ്മച്ചിമാരും ഉണ്ട്… അവിടെ അത് കൂടുതലാ (എൽവിസ് ചിരിച്ചു കൊണ്ട് തുടർന്നു)എനിക്ക് ഇത്രേം എണ്ണം വേണ്ട….
ഒന്ന് രണ്ടെണ്ണത്തിന നീ എടുത്തോ…. (ഗൗരി ഇത് കേട്ട് പുഞ്ചിരിച്ചു )

ഇനി നീ ഇതിന് വിഷമിക്കല്ലേ….

പിന്നെ എമി…
അതല്ലേ ഈ പരിഭവത്തിനും പരാതിക്കും എല്ലാം  പ്രധാന കാരണം…

നിന്റെ അനുജത്തി ആണ്… നീ എന്താന്ന് വച്ചാൽ തീരുമാനിച്ചോ… ഞാൻ സമ്മതം തന്നിരിക്കുന്നു …. !

നിന്റെ തീരുമാനത്തിന്  വിടുന്നു ഞാൻ… അത്

ഇതിൽ കൂടുതൽ എങ്ങനാടീ  ഞാൻ നിന്നെ കൂടെ നിർത്തുന്നെ…. !

ഗൗരി പുഞ്ചിരിച്ചു….

ഗൗരി അടുത്തേക്ക് ചെന്ന് എൽവിസിന്റെ കയ്യിൽ പിടിച്ചു കൊണ്ട് അയാളെ  ചേർന്നിരുന്നു.

“മം…. എന്നെകൊണ്ട് കാര്യം സാധിപ്പിച്ചെടുക്കാനൊക്കെ  നിനക്ക് അറിയാം … !

“മോളെ  ഇതെല്ലാം കൂടി ഞാൻ  ഒരിക്കൽ നിന്നിൽ നിന്നും മുതലാക്കുന്നുണ്ട് …അധികം വൈകില്ല..  !” എൽവിസ് അവളെ നോക്കി  ചിരിച്ചു കൊണ്ട് പറഞ്ഞു..

ഗൗരി പുഞ്ചിരിച്ചു…

“എമി എന്ത് കൈക്കൂലിയാടി  നിനക്ക് തന്നത്  …. !”

ഗൗരി എൽവിസിനെ വീണ്ടും തുറിച്ചു നോക്കി…

“വേണ്ട…. ഞാൻ ആ വിഷയം വിട്ടു…. ”

“എന്റെ ഈശോയെ ഒരു പെണ്ണിനെ പ്രേമിച്ചാൽ ഇങ്ങനെയുമുണ്ടോ  …..!” ഗൗരി പുഞ്ചിരിച്ചു..

എൽവിസ് ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു….

“ഡീ….”

“മം….. എന്താ ഇച്ചാ…”

“നമുക്ക് എവിടെയെങ്കിലും  പോയാലോ …
ഇന്ന് എനിക്ക് ഭയങ്കര സന്തോഷം ഉള്ള ദിവസം ആണ്.

“എന്താ ഇച്ചാ…. ”

എൽവിസ് ബ്രിയാൻ പറഞ്ഞ കാര്യങ്ങൾ ഗൗരിയോട്  പറഞ്ഞു …  ഗൗരിയുടെ മുഖം  തെളിഞ്ഞു….

“അതുകൊണ്ടാ നിന്നെയും കൂട്ടിയത് എന്റെ സന്തോഷത്തിൽ നീ അല്ലാതെ ആരാ പങ്കു ചേരേണ്ടത് .. !!

“അപ്പോ സങ്കടത്തിലോ ഇച്ചാ …..”

എൽവിസ് ഒന്ന് ചിരിച്ചു….

“എന്നെ കൂട്ടില്ലേ  അതിന്…. ”

” ഞാൻ ജീവിച്ചു തുടങ്ങുന്ന തന്നെ ഇപ്പോഴാണ്….ഞാൻ എന്തിലും  ഇച്ചായനോടൊപ്പം ഉണ്ടാകും….എന്റെ ജീവൻ തന്നെ തരും… . എന്നെ ഒന്നിൽ  നിന്നും മാറ്റി നിർത്തല്ലേ ഇച്ചാ ….. എനിക്ക്  അത് താങ്ങാൻ പറ്റില്ല….
എൽവിസ് പുഞ്ചിരിച്ചു കൊണ്ട് ഗൗരിയെ തന്നോട് ചേർത്ത് പിടിച്ചു….

ഇച്ചാ…

“മം… ”

ഇച്ചായ്ക്ക് ഒരു കാര്യം അറിയുമോ… ഒരു ദിവസം എങ്കിലും എന്റെ ജീവിതത്തിൽ നിന്നും കുറഞ്ഞു കിട്ടണേ എന്ന് പ്രാർത്ഥിക്കാത്ത നിമിഷങ്ങൾ ഉണ്ടായിട്ടില്ല  എന്റെ ജീവിതത്തിൽ….

ഇപ്പൊ ഞാൻ ഇച്ചായനോടൊപ്പം ഉള്ള നിമിഷങ്ങൾ  ഒരിക്കലും അവസാനിക്കരുതെ  എന്നാണ് പ്രാർത്ഥിക്കുന്നത് .. …

അത്രയ്ക്ക് ഞാൻ സന്തോഷിക്കുന്നുണ്ട്… എൽവിസ് ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു.

ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ,  നീ എന്തിനാ അന്ന് അങ്ങനെ ചെയ്യാൻ നോക്കിയത്..
നിന്നെ അങ്ങനെയാണ് എനിക്ക് കിട്ടിയത് എന്നുള്ളത് ശരിയാണ് …  എങ്കിൽ പോലും എന്താ ഉണ്ടായത്…

നീ എന്തിനാ ഇത്രേം പേടിക്കുന്നത് ….

അതുപോലെ അന്ന് ആരെയാ നീ കണ്ടത്….

ഞാൻ ചോദിച്ചപ്പോഴൊന്നും നീ പറഞ്ഞിട്ടില്ല….

പിന്നെ നിന്നെ വിഷമിപ്പിക്കണ്ട എന്ന്  കരുതി ഞാനും  പിന്നെ ഒന്നും ചോദിച്ചില്ല.. …

ഗൗരിയുടെ മുഖം പെട്ടെന്ന് മാറി… അവൾ തുടർന്നു
ഞാൻ ഇച്ചായനോട് എല്ലാം പറയണമെന്ന് കരുതിയതാണ് അന്ന് ഹരിയേട്ടനെ കണ്ട അന്ന് രാത്രി തന്നെ …..
പക്ഷെ  ഇച്ചായൻ ഒരുപാട്  ടെൻഷനിൽ  ആയിരുന്നു…

ഇന്ന് തന്നെ  എല്ലാം പറയാം ഇച്ചാ ഞാൻ….

എനിക്കിത് താങ്ങാൻ വയ്യ….

പക്ഷേ ഇപ്പൊ വേണ്ട….

ഇപ്പൊ പറഞ്ഞ് നമ്മുടെ ഈ സന്തോഷം കളയണ്ട..

മം ശെരി…. ഇപ്പൊ എല്ലാം സങ്കടങ്ങൾക്കും നമുക്ക് അവധി കൊടുക്കാം  അല്ലേ മോളെ …. അയാൾ അവളെ ചേർത്തു പിടിച്ചു…

ടൗണിൽ കുറേ കറങ്ങിയതിനു ശേഷം അവർ പാലയ്ക്കലേക്കു തിരിച്ചെത്തി…

മുറ്റത്ത്  ഒരു കാർ കിടക്കുന്നത് കണ്ട് ആരാണ് വന്നതെന്ന സംശയത്തോടെയാണ് എൽവിസും ഗൗരിയും  വീട്ടിലേക്കു കയറിയത്…..

എൽവിസ് ഗൗരിയെ ചേർത്തു പിടിച്ചിരുന്നു…

അകത്തേക്ക് കയറിയ ഗൗരി അവിടെ ഇരുന്ന
ആളെ കണ്ടപ്പോൾ  ഭൂമി പിളർന്നു പോകുന്ന പോലെ തോന്നി….

ജിത്തേട്ടൻ…. അവൾ സ്വയം പറഞ്ഞു… എൽവിസ് അവളെയും അയാളെയും നോക്കി….

അവൾ ജിത്തിന്റെ മുഖത്തു നോക്കാൻ പോലും  വെറുക്കുകയും   പേടിക്കുകയും ചെയ്യുന്ന   പോലെ തോന്നി…

ഗൗരി തമ്പുരാട്ടി എന്നെ അറിയുമോ…. ജിത്ത്  അത്  ചോദിച്ചു കൊണ്ട് ചെയരിൽ നിന്ന് എഴുന്നേറ്റു….

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

അത് കണ്ട്  എൽവിസ് ചോദിച്ചു…

“ആരാ നിങ്ങൾ…. !”

ഗൗരിയോടായി…

“ആരാടീ ഇത്… !”

ഗൗരി മൗനം തുടർന്നു….

എല്ലാവരും ഹാളിലേക്ക് വന്നിരുന്നു..

“ആരാ…. ചാച്ചാ ഇവരൊക്കെ… !”

“കുറച്ച് മുൻപ് വന്നതാ മോനെ… ഗൗരിയുടെ ബന്ധുക്കളെന്നെ പറഞ്ഞുള്ളൂ…. നിങ്ങൾ ഇപ്പൊ വരുമെന്ന്‌ ഞാൻ പറഞ്ഞു… ഒരുപാട് നിര്ബന്ധിച്ചിട്ടാ കയറി ഇരുന്നത് തന്നെ ….”

എൽവിസിന് എന്തൊക്കെയോ സംശയം തോന്നി….

ഗൗരിയോടായി…

“നീ ഒന്ന് വാ തുറക്കുന്നുണ്ടോ ഗൗരീ…. !”

വേണ്ട… ഞങ്ങൾ തന്നെ പറയാം…

വന്നതിൽ ഒരു പ്രായമുള്ള മനുഷ്യൻ ഉണ്ടായിരുന്നു…. അയാളുടെ കഴുത്തിലും കയ്യിലും ഒരുപാട് ഏലസ്സുകളും രുദ്രാക്ഷവും ഉണ്ടായിരുന്നു…  മുഖത്തിന്‌ ഐശ്വര്യത്തിനു പകരം ഒരു തീഷ്ണതയാണ് ഉണ്ടായിരുന്നത്… .

ഞാൻ ഇവളുടെ വല്യമാമയും  ഇത് ഇവളുടെ ഭർത്താവും ആണ്….

എൽവിസ് ഞെട്ടി…

ഗൗരിയെ നോക്കി….

ദേ അനാവശ്യ പറഞ്ഞാൽ കൊന്നു കളയും ഞാൻ…. അയാൾ അതുപറഞ്ഞു കൊണ്ട് എൽവിസ്  മുന്നോട്ട് അടുത്തു…. എൽവിസിന്റെ കണ്ണുകൾ ചുവന്നിരുന്നു…

“മിസ്റ്റർ. എൽവിസ് നിൽക്കൂ…. നിങ്ങൾക്ക് തല്ലുകയോ കൊല്ലുകയോ എന്ത്‌ വേണമെങ്കിലും ആകാം…പക്ഷെ എനിക്ക് ഗൗരിയോട് 5 മിനിറ്റ് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം… !” ജിത്ത് പറഞ്ഞു

“അത് പറ്റില്ല… !”എൽവിസ് തീർത്തു  പറഞ്ഞു…

എൽവിസിനെ  അവഗണിച്ചു കൊണ്ട്
അയാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി…

“ഗൗരീ വാ…!”.
എൽവിസിന്റെ ദേഷ്യം പരിധി വിട്ടിരുന്നു….

തുടരും….