രചന – അക്ഷര
“ഗൗരീ വാ…!”.
എൽവിസിന്റെ ദേഷ്യം പരിധി വിട്ടിരുന്നു….
********
ചാച്ചനും ആൽവിനും എല്ലാപേർക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു…
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ജിത്ത് ഗൗരിയേയും കൂട്ടി തിരികെ വന്നു….
എന്നിട്ട് എല്ലാവരുടെയും മുന്നിൽ വച്ച് പറഞ്ഞു …
“അപ്പൊ തമ്പുരാട്ടി ഇറങ്ങുകയല്ലേ…. !”
“എവിടേക്ക്… !”(എൽവിസ് ഞെട്ടി….
പെട്ടെന്ന് അവളെ തടഞ്ഞു കൊണ്ടയാൾ ചോദിച്ചു…
“എന്റെ ഭാര്യയെയാണ് ഞാൻ കൊണ്ട് പോകുന്നത്…. ” ജിത്ത് പറഞ്ഞു….
“ഗൗരിക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടോ… !”
ജിത്ത് എല്ലാവരുടെയും മുന്നിൽ വച്ച് അവളോട് ചോദിച്ചു….
ഗൗരി മൗനമായി ഇല്ല എന്ന് തലയാട്ടി… എൽവിസിനെ ഒന്ന് നോക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല
എൽവിസ് അവളുടെ അടുത്തേക്ക് വന്നു…
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
ആദ്യമായി അവളുടെ ഇച്ചായൻറെ ഹൃദയം അവൾക് മുൻപിൽ മുറിഞ്ഞു പോകുന്നത് അവൾ കണ്ടു…. അവളുടെ ഹൃദയം നുറുങ്ങി…
“എന്ത് ദ്രോഹമാണെടീ ഞാൻ നിന്നോട് ചെയ്തത്… !”
“എന്നെ എന്തിനാ ഇങ്ങനെ സ്നേഹിച്ചു വഞ്ചിച്ചത്…. !”
എന്നും ചായ കൊണ്ട് വരുമ്പോ അതിൽ വല്ല വിഷവും കലക്കി തന്നൂടാരുന്നോ നിനക്ക്….
ഇതിലും ഭേദം അന്നയായിരുന്നില്ലേടീ…. ഗൗരിയുടെ കണ്ണുകൾ നിരഞ്ഞു… അവൾ എൽവിസിനെ നോക്കിയില്ല..
ചങ്ക് പറിച്ച് തന്നല്ലേടീ നിന്നെ ഞാൻ സ്നേഹിച്ചത്….
ഗൗരി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല…
എൽവിസിൻറെ കണ്ണുകളെ അവൾ നേരിടുന്നുണ്ടായിരുന്നില്ല….
ഗൗരി തുടർന്നു…
“ഇച്ചായൻ ഇനി എന്റെ പുറകെ വരരുത്… ”
പെട്ടെന്ന് എൽവിസിന്റെ കൈ അവളുടെ മുഖത്ത് വീണു…
“എന്താ നീ പറഞ്ഞത്….”
“നിന്റ പുറകെ വരരുതെന്നോ… !”
“പിന്നെ എന്തിനാടീ എന്റെ ഹൃദയം നീ പറിച്ചെടുത്തത്… നിന്നെ എന്റെ മകളെ പോലെ സ്നേഹിച്ചതല്ലെ ഞാൻ… !
“പറയടീ… !”അയാൾക്ക് പെട്ടെന്ന് ദേഷ്യം വന്നു…
“പോ…. !”
“എവിടെ വേണമെങ്കിലും പൊയ്ക്കോ…. !”
“ഈ എൽവിസ് സ്നേഹിച്ച രണ്ട് പെൺകുട്ടികളും എന്നെ ചതിച്ചു… !”
അത് പറഞ്ഞു കൊണ്ട് ഗൗരിയെ നോക്കാതെ എൽവിസ് അകത്തേക്ക് കയറിപ്പോയി…
“അപ്പൊ ഇറങ്ങുകയല്ലേ….!” ജിത്ത് ചോദിച്ചു…
ഗൗരി എല്ലാവരെയും നോക്കി…
സ്റ്റെല്ലയുടെ അടുത്ത് ചെന്നു… ആ കാൽ പദങ്ങളിലേക്ക് വീണു, ശേഷം തൊട്ടു തൊഴുതു… ….. അവളുടെ കണ്ണു നീർ കൊണ്ട് ആ പാദങ്ങൾ നനഞ്ഞിരുന്നു…
സ്റ്റെല്ല എന്തെങ്കിലും പറയുന്നതിന് മുൻപ് ഗൗരി എഴുന്നേറ്റു മാറി …
അബിയയോ ആൽവിനെയോ നോക്കാൻ പോലും ഉള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല…….
എല്ലാവരും അവളെ തന്നെ നോക്കി….ആൽവിന് ദേഷ്യം വന്നു… അവൻ എൽവിസിന്റെ അവസ്ഥയെ പറ്റി ചിന്തിച്ചു.. അബിയയുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി..
ആദ്യമായി താൻ ഈ വീട്ടിലേക്കു വന്ന ദിവസം അവൾ ആലോചിച്ചു….
തന്റെ പ്രിയപ്പെട്ടവർ എല്ലാം നോക്കി നിൽക്കെ ഗൗരി പാലയ്ക്കൽ തറവാട്ടിൽ നിന്നും എൽവിസ് കെട്ടിയ താലിയുമായി വെറും കയ്യോടെ പടിയിറങ്ങി..
മറ്റാരെയും നോക്കാതെ ജിത്തിനൊപ്പം യാന്ത്രികമായി കാറിലേക്ക് കയറി….
********-
മെയിൻ റോഡ് കടന്ന് നാട്ടുവഴികളിലൂടെയും വയലുകൾക്കിടയിലൂടെയും സഞ്ചരിച്ച കാർ എത്തിച്ചേർന്നത് ഒരു വലിയ എട്ട് കെട്ടിനുള്ളിലാണ് …. സൂര്യ നെല്ലി തറവാട്….
അതിൽ ചരിവുള്ള മേൽക്കൂരയും നിരയിട്ടു നിൽക്കുന്ന തൂണുകളും നീളൻ വരാന്തയും ഉള്ള വലിയ ഒരു നാലു കെട്ട്. ..
എടുപ്പോടു കൂടിയ പഠിപ്പുരയും പുറമെ നോക്കുമ്പോൾ തന്നെ മൂന്ന് നിലയുള്ള ഭീമൻ പുരയും, അതിമനോഹരമായ ഗോപുര വാതിലും എല്ലാം കൂടി ചേർന്ന് പഴമയുടെ കണക്കു കൂട്ടലുകളുടെ ഭംഗി വിളിച്ചോതുന്ന രീതിയിലെ ഒരു എട്ട് കെട്ട് തറവാട്… .. ..
തറവാടിന്റെ ഒരു വശത്തായി രണ്ട് അസ്ഥിത്തറകൾ.അതിന് ചുറ്റും കാടു പിടിച്ചിട്ടുണ്ട് .അത് മുഴുവൻ മാറാല കേറിയിട്ടുണ്ട് .അതിൽ കരിന്തിരി കത്തി അണഞ്ഞ രണ്ട് ചെറിയ കരി കയറിയ നിലവിളക്കിരുപ്പുണ്ട്…. അതിൽ ദീപം തെളിയിച്ചിട്ട് നാളുകളായി എന്ന് തോന്നും…. ഗൗരി അവിടേക്ക് നോക്കി… തന്റെ അച്ഛനും അമ്മയും…. അവസാനമായി താനാണ് അതിൽ തിരി കത്തിച്ചത്….
തറവാട് മുറ്റത്ത് നിറച്ചു പണിക്കാരുണ്ട് …താൻ പിച്ചവച്ച് നടന്ന തന്റെ തറവാട് മുറ്റം …. പിന്നെ തനിക്ക് ഇരുട്ടു മുറികൾ മാത്രം സമ്മാനിച്ച അതിന്റെ ഉള്ളറകൾ. ..കൺമുൻപിൽ അച്ഛന്റെയും അമ്മയുടെയും മൃതശരീരം ഏറ്റു വാങ്ങിയ വരാന്ത …. അതിന്റെ നേരിയ ഓർമകൾ മാത്രേ തന്നിൽ അവശേഷിച്ചിട്ടുള്ളൂ …. തന്റേത് ആയിട്ടു കൂടിയും താൻ കേറാൻ പേടിക്കുന്ന ഭീതി ജനിപ്പിക്കുന്ന തന്റെ തറവാട്..
“അവിടെ നിൽക്കൂ !”… വല്യമ്മാമ പറഞ്ഞു…
“ഒരു അന്യ മതക്കാരന്റെ കൂടെ കഴിഞ്ഞതല്ലേ ദേഹ ശുദ്ധി വരുത്തിയിട്ട് കയറ്റിയാൽ മതി…. !”
അപ്പോഴേക്കും രണ്ട് മൂന്ന് പേർ വന്ന് അവളെ പിടിച്ചു നിർത്തി തലയിൽ കൂടി ഒരു കുടം വെള്ളം ഒഴിച്ചു… ഗൗരി ഒന്നനങ്ങുക പോലും ചെയ്തില്ല…. അവളുടെ സ്വന്തം തറവാട്ടിലേക്ക് തന്നെ അവൾ അഥിതിയായി കയറുകയാണ്…
ഇനി പൂജ മുറിയിലേക്ക് കൊണ്ട് പൊയ്ക്കോളൂ…ബാക്കി എല്ലാവരും ഇവിടെ നിന്നാൽ മതി…. !
അയാളുടെ ആജ്ഞ അനുസരിക്കുന്നത് പോലെ എല്ലാവരും പുറത്ത് നിന്നതേ ഉളളൂ…
ജിത്തും വല്യമ്മാമയും ചേർന്ന് അവളെ പൂജ മുറിയിലേക്ക് കൊണ്ട് പോയി…
അവർ കയറിയ ശേഷം ജിത്ത് വാതിലിന്റെ സാക്ഷ ഇട്ടു … ഓരോ മുറികളും പലകകൾ കൊണ്ടാണ് വേര്തിരിച്ചിരുന്നത്….
“മുത്തശ്ശി എവിടെ…. !” ഗൗരി ചോദിച്ചു…
“മുത്തശ്ശിയെ കാണണം എനിക്ക്… !”
“നിങ്ങൾ പറഞ്ഞത് പോലെ എല്ലാം ഞാൻ ചെയ്തില്ലേ … എന്റെ ജീവിതമാണ് ഞാൻ പാലയ്ക്കൽ തറവാട്ടിൽ ഉപേക്ഷിച്ചു വന്നത്…. !”
“ഇനിയെങ്കിലും:എന്റെ മുത്തശ്ശിയെ വെറുതെ വിടൂ….!’
“ഇത്രേം നാൾ നീ മുത്തശ്ശിയെ കാണാതെ ജീവിച്ചില്ലേ ….! ജിത്ത് ചോദിച്ചു..
” മുത്തശ്ശിയെയൊക്കെ കാണിച്ചു തരാം പക്ഷെ അതിന് മുൻപ് ചിലത് ചെയ്ത് തീർക്കാൻ ഉണ്ട്…. !”
അത് പറഞ്ഞു അയാൾ ഗൗരിയുടെ താലിയിലേക്ക് നോക്കി…
ഗൗരി തന്റെ താലി മുറുകെ പിടിച്ചു….
“സൂര്യനെല്ലി തറവാട്ടിലെ രാമഭദ്രൻ തമ്പുരാന്റെ മകൾക്ക് ഈ താലി ചേരില്ല… നിനക്ക് ഒരു വിവാഹമോ ഗൗരീ…. അസാധ്യം….. .. !”
അയാൾ ചിരിച്ചു…
“ഇല്ല…ഇത് ഞാൻ സമ്മതിക്കില്ല ….. !എന്റെ ഇച്ചായൻ കെട്ടിയ താലിയാണിത്.. !”
അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു…
“അതിന് നിന്റെ അനുവാദം ഇതുവരെ എന്തിനെങ്കിലും ചോദിച്ചിട്ടുണ്ടോ … !”
അയാൾ ഗൗരിയുടെ കഴുത്ത് ഞെരിച്ചു പിടിച്ചു കൊണ്ട് താലി പൊട്ടിച്ചെടുത്തു… ഗൗരി ശ്വാസം കിട്ടാതെ പിടഞ്ഞു….
അതെനിക്ക് തരണം…പ്ലീസ്…. അവൾ അയാളുടെ കാലിലേക്ക് വീണു കൊണ്ട് പറഞ്ഞു … …
“നിങ്ങൾ എന്നെ കൊല്ലുമെന്ന് എനിക്കറിയാം… !”
“അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത്…. ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു…. ഈ ജന്മം എനിക്കെന്റെ ഇച്ചായന്റെ ഭാര്യയായി ജീവിക്കാനുള്ള ഭാഗ്യം ഇല്ല…. ജീവിച്ചിരിക്കുന്ന ശവശരീരമാണ് ഞാനിപ്പോൾ… !
ആകെ ഇനി ഉള്ളത് എന്റെ താലി മാത്രമാണ്….
എന്റെ അവസാന ശ്വാസം വരെ അത് എന്റെ കഴുത്തിൽ ഉണ്ടാവണം….
ദയവ് ചെയ്ത് അത് എനിക്ക് തിരികെ തരൂ….
നിന്നെ കൊല്ലുമെന്നോ…. നീ എങ്ങനെ അത് ചിന്തിച്ചു…. ഗൗരീ . !
സൗന്ദര്യത്തിന്റെ പ്രതി രൂപമായ നിന്നെ കൊല്ലാൻ മാത്രം വിഡ്ഢിയാണോ ഞാൻ… !
എന്നാൽ പിന്നെ എന്തിനാ ഞാൻ നിന്റെ യൗവനം മുഴുവൻ നിഴൽ പോലെ നിനക്ക് കാവൽ നിന്നത് ..
നിനക്ക് അറിയാമോ ഗൗരി നിന്റെ കാവൽക്കാരനായി എന്റെ അച്ഛൻ തന്നെ എന്നെ നിയമിക്കുകയായിരുന്നു…
പഠിക്കുന്ന കാലത്ത് നിനക്ക് എത്ര ആരാധകർ ഉണ്ടായിരുന്നെന്നു അറിയാമോ … ഒരെണ്ണമെങ്കിലും നിന്നിൽ എത്തിയിട്ടുണ്ടോ…. ഒരു നല്ല സൗഹൃദം എങ്കിലും നിനക്ക് ഉണ്ടായിട്ടുണ്ടോ…. ഇല്ല…. അതെല്ലാം ഞാനാണ് നിന്നിൽ നിന്നും പറിച്ചു മാറ്റിയത്…
ജിത്തിന്റെ പെണ്ണാണെന്ന് നീ എന്ന് ഞാൻ ഈ ലോകം മുഴുവൻ പറഞ്ഞു പരത്തി …..
ഒടുവിൽ നിന്റെ കാതുകളിലും അത് എത്തി…..
നീ എന്നെ തെറ്റിദ്ധരിക്കുമെന്നു ഞാൻ കരുതി…. പക്ഷെ പ്രതീക്ഷിച്ച പോലൊന്നും ഉണ്ടായില്ല…
നിനക്ക് ആകെയുള്ള സുഹൃത്ത് ആയ എന്നെ നീ ഇഷ്ടപ്പെടാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി..
നിന്റെ അംഗലാവണ്യം എന്ത് മാത്രം എന്നെ മോഹിപ്പിച്ചിട്ടുണ്ടെന്നോ….ഗൗരീ….
പക്ഷെ എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് ….
നീ എന്നും കന്യകയായി തന്നെ തുടരണമെന്ന്…!
ഇപ്പോഴും അത് ആണോന്നു എനിക്കറിയില്ല… (ഗൗരി വെറുപ്പോടെ മുഖം തിരിച്ചു)
ഇനി നിന്നിൽ നിന്ന് ഒരു മുള കൂടി ഈ തറവാട്ടിൽ ഉണ്ടാകാൻ പാടില്ല.. !…
ഈ ജന്മം ഞങ്ങളുടെ ആഭിചാര കർമങ്ങൾ ഏറ്റു വാങ്ങാൻ മാത്രം വിധിയുള്ള ഒരു പാഴ് ജന്മമാണ് നീ….!
ഐശ്വര്യ ദേവത കുടി കൊള്ളുന്ന സൂര്യ നെല്ലി തറവാടിന്റെ ഏക അനന്തരാവകാശി.. !
ഇനിയാണ് നീ ഇന്ദ്രജിത്തിനെ അറിയാൻ പോകുന്നത്…
ഇത്രയും നാൾ നല്ലവനായി മുഖം മൂടി ഇട്ടുകൊണ്ട് നിന്റെ മുന്നിൽ തകർത്താടി …
ഒരു സ്ത്രീ എന്ന രീതിയിൽ ഇനി നീ നിന്നെ തന്നെ വെറുത്തു പോകും…..
ഒന്ന് മരിച്ചു പോയെങ്കിലെന്ന് ആഗ്രഹിക്കും…. പക്ഷെ ചാവില്ല….കൊല്ലില്ല ഞങ്ങൾ !
ഒരു നോട്ടം കൊണ്ട് വരെ ആൾക്കാരുടെ മാറാവ്യാധികൾ പോലും മാറ്റിയിരുന്നു മഹാ സിദ്ധനായ രാമഭദ്രൻ തീരുമനസിന്റെ ഒരേയൊരു മകൾ ആഭിചാരവും ദുഷ്കർമങ്ങളും മാത്രം ചെയ്യുന്ന ദുഷ്കർമിയായി ലോകം അറിയപ്പെടും…. !പിന്നെ ഞങ്ങളുടെ ദിവസങ്ങൾ ആണ്.. !
നാട്ടുകാർ നിന്നെ വെറുക്കും… രാമഭദ്രൻ തീരുമനസിന്റെ സ്ഥാനത്തു എന്നെയും എന്റെ അച്ഛനെയും അവർ അവരോധിക്കും.. !
ഞങ്ങളുടെ മേന്മകൾ അവർ വാഴ്ത്തിപാടും…ഞങ്ങളുടെ വാക്കുകൾ തിരു വായ്ക്ക് എതിർവാ ഇല്ലാതെ അവർ അനുസരിക്കും.. !
ദുര്മന്ത്രവാദത്തിലൂടെയും ആഭിചാരത്തിപ്പോടെയും ഞങ്ങൾ ഈ നാട് മുഴുവൻ സ്വന്തമാക്കും…. പക്ഷെ അപ്പോഴും പഴി കേൾക്കുന്നത് ഈ പാവം ഗൗരി തമ്പുരാട്ടിക്ക് ആണ്… !
ഇല്ല….. ഞാൻ ഇതിന് സമ്മതിക്കില്ല…. എന്നെ കൊന്നാലും സമ്മതിക്കില്ല… ! ഗൗരി ദേഷ്യം കൊണ്ട് പറഞ്ഞു…
എന്ന് മുതലാടീ നിന്റെ നാവ് ചിലച്ചു തുടങ്ങിയത് …. അവൻ പഠിപ്പിച്ചു തന്നതാണോ . നിന്റെ എൽവിസ് !
അല്ലാ നീ അവനെ എങ്ങനെയാ സ്നേഹിച്ചത് ഒരു അന്യ മതക്കാരനായിട്ട് ….അത്രയ്ക്ക് ധൈര്യമുണ്ടോ നിനക്ക് !
എന്റെ ഇച്ചായൻ ഒരു നല്ല മനുഷ്യൻ ആയത് കൊണ്ട്…. !ഗൗരി ദേഷ്യത്തിൽ പറഞ്ഞു…
എന്നാൽ ഇപ്പൊ നീ എൽവിസിന്റെ അടുത്തല്ല ഈ ഇന്ദ്രജിത്തിന്റെ അടുത്താ …!
ഇനി ശബ്‌ദിച്ചാൽ നിന്റെ നാക്ക് ഞാൻ പിഴുതെടുക്കും…. പണ്ട് അമ്മായി നിന്നോട് ചെയ്തതൊക്കെ ഓർമയുണ്ടല്ലോ അല്ലേ… !
പണ്ടേ ഞങ്ങൾ പറഞ്ഞിട്ടുള്ളതാണ് സൂര്യ നെല്ലി തറവാട്ടിലെ ഗൗരി നന്ദക്ക് ഈ ജന്മം നാവ് വേണ്ട എന്ന് .. !
നിന്റെ ഒരു തേങ്ങൽ പോലും ഇവിടെ കേൾക്കരുത്…. !ഇവിടത്തെ ഇരുട്ടറകളിൽ ജിവിച്ചു കൊള്ളണം… !
നിനക്കെന്നോട് മുടിഞ്ഞ പ്രേമം ആയിരുന്നില്ലേ… എന്തുപറ്റി.. എന്തേ അതൊക്കെ തീർന്നോ…. അയാൾ പൊട്ടിച്ചിരിച്ചു… എല്ലാം സത്യവും അറിഞ്ഞപ്പോൾ പേടിച്ചു ഓടിയതല്ലേ നീ…. !
ഇനി നിനക്ക് നിന്റെ മുത്തശ്ശിയെ കാണണ്ടേ… അയാൾ അവളെ മുടിക്ക് കുത്തി പിടിച്ചു കൊണ്ട് പൂജ മുറിയിൽ നിന്നും അടുത്തുള്ള കിഴക്കിനി ഭാഗത്തെ മുറിയിലേക്ക് കൊണ്ട് പോയി….
ഇതാ പോയി കാണ്…. !(അയാൾ അവളെ നിലത്തേക്ക് വലിച്ചിട്ടു…. അവളുടെ നെറ്റി പൊട്ടി ചോര വന്നിരുന്നു.. )
അവൾ പിടഞ്ഞെഴുന്നേറ്റു പെട്ടന്ന് മുത്തശ്ശി കിടക്കുന്ന കട്ടിലിനടുത്തേക്കു ചെന്നു ..
കട്ടിലിൽ ഇരുന്നു കൊണ്ട് അവൾ അവരെ വിളിച്ചു…
“മുത്തശ്ശി…. ”
കണ്ണടച്ച് കിടന്നിരുന്നത് കൊണ്ട് വീണ്ടും തട്ടി വിളിച്ചു….
“മുത്തശ്ശി… ”
ഗൗരിയുടെ മുഖം മാറി…. അവൾ ജിത്തിനെ നോക്കി..
ജിത്ത് ചിരിച്ചു കൊണ്ട് മുന്നോട്ട് വന്ന് തന്റെ ഒരു കാൽ എടുത്തു കട്ടിലിന്റെ മുകളിൽ വച്ചു കൊണ്ട് പറഞ്ഞു…
“ഈ കിഴട്ടു കിളവി ചത്തിട്ടു മണിക്കൂറുകളായി…!”ഇവരെ ഉപയോഗിച്ച് നിന്നെ ഇവിടെ കൊണ്ട് വരണമെന്നേ ഞാൻ കരുതിയുള്ളൂ…. ഈ തറവാട്ടിൽ മനുഷ്യത്വം നില നിന്നിരുന്ന ഒരേ ഒരു സ്ത്രീ … നിന്റെ വളർത്തമ്മ…നിന്റെ മുത്തശ്ശി !
“ഒന്ന് ഞാൻ പറയാം… ഒരിക്കലും തിരിച്ചു വരരുതേ മോളെ എന്ന് പറഞ്ഞു കൊണ്ടാ അവർ എന്റെ ഈ കൈകളിൽ കിടന്നു പിടഞ്ഞത്…”!
“ദുഷ്ടാ…. ഞാൻ സ്നേഹിച്ചിരുന്ന ജിത്തേട്ടൻ തന്നെയാണോ നീ …. !”
എന്തിനാടാ ഇത് ചെയ്തത് !
പറയടാ…. !
അത് പറഞ്ഞു കൊണ്ട് അവൾ അയാളെ കുത്തി പിടിച്ചു…
അയാൾ അവളെ നീക്കി മാറ്റി ചെകിടത്തു ആഞ്ഞടിച്ചു…
എന്ന് മുതലാടീ നീ ഇത്രേം സംസാരിച്ചു തുടങ്ങിയത്….
നീ ഇനി പുറം ലോകം കാണില്ല….
എന്തായാലും നീ നിന്റെ രക്ഷകനോട് ഇവിടത്തെ രീതികളെ പറ്റി ഒന്നും പറഞ്ഞിട്ടുണ്ടാവില്ല…
അതെനിക് ഉറപ്പാണ്….സൂര്യനെല്ലി തറവാട്ടിലെ തമ്പുരാട്ടിക്ക് അതിനുള്ള ധൈര്യം ഉണ്ടാവില്ല….. !
ഇത് കണ്ടോ നിന്റെ വിവാഹ ക്ഷണകത്താണ് ഇത് ഉപയോഗിച്ച് ആണ് നിന്നെ ഇത്ര വേഗം ഞങ്ങൾ കണ്ടുപിടിച്ചത്…
എന്തായാലും നിന്റെ ഇച്ചായൻ കൊള്ളാം…. നിന്നെ അസ്ഥിക്ക് പിടിച്ചിട്ടുണ്ട്….
നീ എന്റെ ഭാര്യയാണെന്ന് സമ്മതിച്ചത് കൊണ്ട് ഇനി പിറകെ വരില്ല…
തുടരും….

by