രചന – സെലുനിസു
കാലിൽ വീണതും അയാൾ കണ്ണുകൾ ഇറുക്കി അടച്ചു…..
കുറച്ചു നേരമായിട്ടും മാധവനിൽ നിന്ന് ഒരു മാറ്റവും കാണാഞ്ഞതും ലച്ചുവിന് സങ്കടം വന്നിങ്ങെത്തിയിരുന്നു…. മിഴികളിൽ കണ്ണ് നീർ ഉരുണ്ട് കൂടാൻ തുടങ്ങി… പതിയെ അത് കവിളിലൂടെ ഒലിച്ചിറങ്ങി മാധവന്റെ കാലിലേക്ക് പതിച്ചതും അയാളൊന്ന് ഞെട്ടി കണ്ണുകൾ തുറന്ന് തന്റെ കാൽ കീഴിലേക്ക് നോക്കി…
തന്റെ മകൾ…. ഒരുപ്പാട് സ്നേഹത്തോടെ വളർത്തിയവൾ… ഇപ്പൊ അവളുടെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് കടക്കുമ്പോൾ അനുവാദത്തിനും അനുഗ്രഹത്തിനുമായി തന്റെ കാൽക്കൽ ഇരിക്കുന്നു…..ഓരോന്ന് ആലോചിക്കും തോറും അയാളുടെ മിഴികളും നിറഞ്ഞു വരാൻ തുടങ്ങി…
ഈശ്വരാ… മരിക്കുന്നതിന് മുൻപ് ഇവളെ സ്നേഹിക്കാനുള്ള തടസ്സങ്ങൾ മാറ്റി തരണേ…. എന്ന് മനസ്സിൽ പറഞ്ഞയാൾ വിറക്കുന്ന കൈകളാൽ അവളുടെ തലയിൽ കൈ വെച്ചു……
ഇല്ലാ…. അച്ഛൻ തന്നെ അനുഗ്രഹിക്കില്ല…. വേണ്ടാ… ഒന്നും വേണ്ടാ… എല്ലാ ആഗ്രഹങ്ങളും മനസ്സിൽ തന്നെ കുഴിച്ചു മൂടാം എന്ന് മനസ്സിൽ കരുതിയവൾ എഴുന്നേൽക്കാൻ നിൽക്കുമ്പോഴാണ് അച്ഛന്റെ കൈ തന്റെ തലയിൽ പതിഞ്ഞത്… ഒരു ഞെട്ടലോടെയവൾ തല ഉയർത്തി നോക്കിയതും മാധവൻ കണ്ണടച്ച് പിടിച്ചിരിക്കുകയാണ്…..അവൾ എഴുന്നേറ്റ് നിന്ന് അതീവ സന്തോഷത്തോടെ അച്ഛാ എന്ന് വിളിച്ചതും കണ്ണ് തുറന്നവളെ ഒന്ന് നോക്കിയയാൾ പെട്ടന്ന് പുറത്തേക്ക് നടന്നു……
അതവൾക്ക് തെല്ലു സങ്കടം ആയെങ്കിലും അച്ഛൻ തന്നെ അനുഗ്രഹിച്ചല്ലോ എന്നോർത്തവൾ ആശ്വസിച്ചു … എല്ലാത്തിനും കാരണം എന്റെ ഹരിയേട്ടനാ എന്ന് മനസ്സിൽ പറഞ്ഞവൾ തിരിഞ്ഞു ഹരിയെ നോക്കിയതും അവൻ ചിരിച്ചോണ്ട് അവൾക്കരികിലേക്ക് വന്നു അവളുടെ തോളിൽ കൈ വെച്ചു…
സന്തോഷായോ എന്റെ പെണ്ണിന്….
മ്മ്…. ഒത്തിരി ഒത്തിരി….ഒരിക്കലും കരുതിയതല്ല ഇതൊന്നും… എല്ലാം ഹരിയേട്ടൻ കാരണമാ…. എങ്ങെനെയാ ഞാൻ ഇതിനൊക്കെ നന്ദി പറയാ….
നീയും ഞാനും തമ്മിൽ എന്തിനാടി അങ്ങനൊരു ഫോർമാലിറ്റി…. നിന്റെ ഈ സന്തോഷം നിറഞ്ഞ മുഖം അത് എന്നും ഇങ്ങനെ കണ്ടാ മതി….എന്നവൻ പറഞ്ഞതും അവൾ പുഞ്ചിരിച്ചോണ്ട് അവന്റെ നെഞ്ചിലേക്ക് തല വെച്ചു….
ഹലോ.. എച്ച്യൂസ്മീ….. എന്താ നിങ്ങടെ വിചാരം എന്നും ചോദിച്ചോണ്ട് ശ്രീ അവരെ ഇടയിലേക്ക് വന്നതും ലച്ചു പെട്ടന്ന് അവനിൽ നിന്ന് വിട്ട് നിന്നു….
ലച്ചു ചേച്ചി ആള് കൊള്ളാലോ….ഇത് വരെ എന്തൊരു പാവം ആയിരുന്നു…ഒരാളേം നോക്കില്ല മിണ്ടില്ല…ഇപ്പൊ കെട്ടിപിടിക്കുന്നു… ഉമ്മ വെക്കുന്നു …..വെറുതെയല്ല മിണ്ടാപൂച്ച കലം ഉടക്കും എന്ന് പറയുന്നത്…എന്നവൾ തലയാട്ടി കൊണ്ട് പറഞ്ഞതും ലച്ചു ഹരിയുടെ മുഖത്തേക്കൊന്ന് നോക്കി… അവൻ വാ പൊത്തി ചിരിക്കുന്നത് കണ്ടതും അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തവൾ ശ്രീയേ നോക്കി കൺചിമ്മി ചിരിച്ചു കൊണ്ട് അകത്തേക്കോടി…
ഓ…എന്റെ വയറ്… നിനക്ക് എന്തിന്റെ കേടായിരുന്നെടി ശ്രീ…
പിന്നല്ല… ഹരിയേട്ടനൊരു കാര്യമറിയോ….ഞങ്ങൾ എടെക്കെടക്ക് നമ്മടെ വായനശാലയിൽ പോവുന്നതാ… പോവുമ്പോ ഞാനും കിച്ചുവും നല്ലോണം ഒരുങ്ങും. ലച്ചു ചേച്ചി ആണേൽ ഒരു പൊട്ട് പോലും കുത്താറില്ല.. എന്നാലും വഴിയിലുള്ള ചെക്കന്മാർ നോക്കുന്നത് ചേച്ചിയേ ആയിരിക്കും….ലച്ചു ചേച്ചി ഒന്ന് നോക്കാൻ വേണ്ടി അവര് വിസിലടിക്കേം കൂവേം ഒക്കെ ചെയ്യും…. എന്നാൽ പോലും തിരിഞ്ഞു നോക്കില്ല… ആ.. ആളാ ഇപ്പൊ ഇങ്ങനെ…. എന്തൊരു മറിമായം…
എന്നോട് കാണിക്കുന്ന വാശിയും കുറുമ്പും അതവൾ മറ്റൊരാളോടും കാണിക്കില്ല…..അത് ഞാനവൾക്ക് കൊടുക്കുന്ന സ്നേഹത്തിൽ കളങ്കമില്ലാത്തത് കൊണ്ടാ….ഞങ്ങടെ സ്നേഹത്തിൽ സത്യമുള്ളത് കൊണ്ടാ….
ശോ…. എനിക്ക് വയ്യാ…. ഞാനൊരു കാര്യം പറയട്ടെ ഹരിയേട്ടാ…..
എന്താ….
നിങ്ങടെ സ്നേഹവും റൊമാൻസും ഒക്കെ കണ്ടിട്ടേ… എനിക്കും പ്രേമിക്കാൻ തോന്നുന്നു….
പ്ഫാ…. മോട്ടേന്ന് വിരിഞ്ഞില്ല… അപ്പോഴേക്കും അവളുടെ ഒരു പ്രേമം…..
ഓ…. നിങ്ങക്ക് എന്തും ചെയ്യാലേ…നമ്മുടെ കാര്യം വരുമ്പോ മോട്ടേന്ന് വിരിഞ്ഞില്ല പോലും….കാണിച്ചു തരാടാ….
എ… എന്താ വിളിച്ചേ എടാന്നോ….നിന്നെ ഞാൻ എന്നും പറഞ്ഞു അവനവളുടെ ചെവിയിൽ പിടിച്ചു തിരിച്ചതും അവളവിടെ കിടന്ന് അലറി വിളിക്കാൻ തുടങ്ങി…
എന്തിനാടാ ഹരി നീ അവളെ ഉപദ്രവിക്കണേ…. വിടെടാ…. എന്നും പറഞ്ഞു കൊണ്ട് മാലു ഹരിയുടെ കൈ മാറ്റിയതും ശ്രീ ചെവി ഉഴിഞ്ഞു കൊണ്ട് ഹരിയെ ഒന്ന് തുറിച്ചു നോക്കി…..
ഡീ…. നിന്റെ ഉണ്ടാക്കണ്ണ് ഞാൻ കുത്തി പൊട്ടിക്കും…
ആ… ഇങ് വന്നേച്ചാലും മതി…. ഞഞഞ…
കണ്ടോ അമ്മാ അവള് കൊഞ്ഞനം കുത്തുന്നത്….
നിനക്കെന്താടി ശ്രീ…. അവൻ നിന്റെ മൂത്തതല്ലേ….
മൂത്തവർ ഇവിടെ കിടന്ന് കാണിച്ചു കൂട്ടുന്നത് ഒന്നും നിങ്ങളാരും അറിയുന്നില്ലല്ലോ….എന്നും പറഞ്ഞവൾ ഹരിയെ ഇടം കണ്ണിട്ട് നോക്കിയതും അവനവളെ നോക്കി പല്ലിറുമ്പി….
കാണിച്ചു കൂട്ടേ….. നീ എന്തോന്നാ ശ്രീ പറയുന്നേ….
അല്ല…. ഹരിയേട്ടന് കല്ല്യാണ പ്രായമൊക്കെ ആയി വരുവല്ലേ…അപ്പൊ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ….
ഇവളിത് എന്തൊക്കെയാ പറയുന്നേ…. എന്താടാ ഹരി….
അവൾക്ക് വട്ടാ അമ്മ…. അമ്മ വന്നു കഴിക്കാൻ വല്ലതും എടുത്ത് തന്നേ….നീ എന്താടി ശ്രീ ആലോചിച്ചു നിക്കുന്നേ… വാ… നമുക്ക് ഫുഡ് കഴിക്കാം…
എനിക്കിപ്പൊ വേണ്ടാ…. ഞാൻ കിച്ചു വന്നിട്ട് കഴിച്ചോളാം…..
ശോ… അങ്ങനെ പറഞ്ഞാ പറ്റില്ല… ഇന്ന് നീ എന്റെ കൂടെ ഇരിക്കണം അതെന്റെ ഒരാഗ്രഹവാ…. ബാ മോളെ എന്നും പറഞ്ഞവൻ അവളുടെ തോളിലൂടെ കയ്യിട്ട് അകത്തേക്ക് നടന്നു….
അതികം കറി ഒഴിക്കാതെ ഫുഡ് കഴിക്കുന്ന ശ്രീയുടെ പാത്രത്തിൽ അന്ന് ഹരി കറിയുടെ ഒരു കുളം തന്നെ ഒരുക്കി കൊടുത്ത് കൊണ്ട് അവളെ കൊണ്ടത് മുഴുവൻ കഴിപ്പിച്ചു…
ഫുഡ് വായേൽ നിറച്ചു ദയനീയമായി അവളവനെ നോക്കി…
ഇനിയെങ്ങാനും നിന്റെ വായേന്ന് ഞങ്ങളെ കുറിച്ച് എന്തെങ്കിലും വീണാൽ നീ ഇതിനേക്കാൾ പാട് പെടും ശ്രീ….അപ്പൊ ഇനി ഞാനീ കത്തി ഇങ്ങെടുക്കുവാ എന്ന് പറഞ്ഞവൻ ടേബിളിന്റെ കീഴെ അവളുടെ കാലിൽ വെച്ചിരുന്ന കത്തി എടുത്ത് ടേബിളിൽ വെച്ചിരുന്ന ഫ്രൂട്ട്സിന്റെ പാത്രത്തിലേക്ക് വെച്ച് അവൾക്കൊന്ന് ഇളിച്ചു കാണിച്ചു കൊണ്ട് എണീറ്റതും അവൾ വായിൽ കുത്തി വെച്ചത് പതിയെ ഇറക്കി കൊണ്ടിരുന്നു….
അമ്മാ..മക്കൾക്ക് ഏതൊരു കാര്യത്തിൽ വിജയിക്കണമെങ്കിലും മാതാപിതാക്കളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം……എന്നോട് ശരിക്ക് മിണ്ടിയില്ലെങ്കിലും എനിക്കറിയാം നിങ്ങടെ ഉള്ളിൽ ഞാനുണ്ടെന്ന്.അതിന് തെളിവാണ് അച്ഛനിന്ന് എനിക്ക് തന്ന അനുഗ്രഹം….അച്ചന്റേം അമ്മേടേം സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാവണം …..അമ്മ എന്നെ അനുഗ്രഹിക്കണം എന്നും പറഞ്ഞവൾ ശാരുവിന്റെ കാലിൽ തൊട്ടതും മറുത്തൊന്നും ചിന്തിക്കാതെയവർ അവളുടെ തലയിൽ കൈ വെച്ചനുഗ്രഹിച്ചു……
ഒരു ചിരിയാൽ എണീറ്റവൾ അമ്മയുടെ മുഖത്തേക്ക് നോക്കിയതും ആ മിഴികൾ നിറഞ്ഞിട്ടുണ്ടായിരുന്നു….
പോയിട്ട് വാ എന്നും പറഞ്ഞവർ അവളുടെ കവിളിലൊന്ന് തട്ടി അടുക്കളയുടെ പുറത്തേക്കിറങ്ങി..ശേഷം ശ്യാമയോടും യാത്ര പറഞ്ഞവൾ
മനസ്സ് നിറഞ്ഞ ചിരിയോടെ ഹരിയുടെ അടുത്തേക്ക് ചെന്നു….
ഹരിയേട്ടാ പോവാം…..
മുഖം കണ്ടിട്ട് അനുഗ്രഹം വാരി കോരി കിട്ടിയെന്ന് തോന്നുന്നു….
മ്മ്….. കിട്ടി ഹരിയേട്ടാ…. മനസ്സ് നിറഞ്ഞു…..
സമാധാനമായി….എന്നാ ഇറങ്ങാം…. ഇപ്പൊ തന്നെ വൈകി….എന്നും പറഞ്ഞവൻ മുന്നോട്ട് നടന്നതും അവളും അവന് പിന്നാലെ ഉമ്മറത്തേക്കിറങ്ങി….
ഹരി ഒന്ന് നിന്നേ….. എന്ന് മാലു പിറകിൽ നിന്ന് വിളിച്ചതും അവൻ തിരിഞ്ഞു നോക്കി…..
എന്താ അമ്മാ….
നീ എങ്ങോട്ടാ…..
ഞാൻ ഇവളെ ഡാൻസ് ക്ലാസ്സിലാക്കാൻ…..
അതെന്താ അവൾക്ക് ഒറ്റക്ക് പോയാൽ…
അവൾക്ക് അറിയാത്ത സ്ഥലം ആണ് അമ്മാ….
അത് കരുതി എന്നും നീ ഉണ്ടാവുമോ…
അമ്മാ….ഒന്നാമത് വൈകി…. സമയത്തിന് ചെന്നില്ലേൽ ആന്റിക്ക് ദേഷ്യം വരും….
നീയല്ലല്ലോ കളിക്കുന്നത്. അവൾക്ക് വേണേൽ പൊക്കോളും…. കുറച്ചു കഴിഞ്ഞാ….നിന്റെ അപ്പച്ചിയും രേണു മോളും വരും…. നീ വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് അവൾ കോളേജിൽ ലീവ് എടുത്ത് വന്നിരിക്കുവാ…..
ഞാൻ പറഞ്ഞോ അവളോട് ലീവെടുക്കാൻ.. അമ്മയോട് ഞാൻ പറഞ്ഞതാ… അവൾക്ക് ആശ കൊടുക്കണ്ടാന്ന്… ഒരു രേണു മോൾ…..
ഞാൻ അവൾക്ക് എന്ത് ആശ കൊടുത്തൂന്നാ നീ പറയണേ….. അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് അവളാ അപ്പച്ചിയോട് പറഞ്ഞത്… അവളത് എന്നോട് വിളിച്ചു പറഞ്ഞു… അതിന് ഞാൻ എന്ത് ചെയ്യാനാ…
അയ്യാ… ഒന്നും അറിയാത്തൊരു പാവം…. അമ്മയല്ലേ അവരോട് പറഞ്ഞേ അവൾക്ക് അങനൊരാശയുണ്ടെങ്കിൽ അത് നടത്താന്ന്..
അത്… അത് ഞാനപ്പോ പെട്ടന്ന് അങ്ങനെ പറഞ്ഞെന്നെ ഒള്ളൂ….
എങനെ പറഞ്ഞാലും അത് നടപ്പുള്ള കാര്യമല്ല അത്രേ ഒള്ളൂ… ഉണ്ട വിഴുങ്ങിയത് പോലെ നിക്കാതെ വരുന്നുണ്ടേൽ വാടി എന്നും പറഞ്ഞു കൊണ്ട് ഹരി ലച്ചുവിന്റെ കൈ പിടിച്ചു പുറത്തേക്കിറങ്ങിയതും അവൾ തിരിഞ്ഞു മാലുവിനെ ഒന്ന് നോക്കി….
തന്നേ തന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട്… അത് കണ്ടവൾ പെട്ടന്ന് തന്നെ മുഖം മാറ്റി…
ഗേറ്റ് കടന്നതും… ഹരി അവളുടെ കൈ വിട്ട് കൊണ്ട് ഓട്ടോ വരുന്നുണ്ടെന്ന് നോക്കി…..
ഹരിയേട്ടാ…
മ്മ്… എന്താ…
ഹരിയേട്ടൻ വേണെങ്കി ഇവിടെ നിന്നോ… ഞാൻ ഒറ്റക്ക് പൊക്കോളാം… എന്നവൾ പറഞ്ഞതും അവൻ രൂക്ഷമായൊന്നവളെ നോക്കവേ അവൾ പേടിയോടെ തല താഴ്ത്തി പിടിച്ചു….
ഓട്ടോയിൽ കയറിയിട്ടും ഒന്നും മിണ്ടാതിരിക്കുന്ന ഹരിയെ കണ്ടവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു അവനെ ജയ്യിലൊന്ന് തോണ്ടിയതും അവനവളെ നോക്കി….
അതേയ്…. അമ്മായി പറഞ്ഞ പോലെ രേണു ചേച്ചിക്ക് ഹരിയേട്ടനെ ശരിക്കും ഇഷ്ടമാണോ….
ദേ മിണ്ടാതിരുന്നോണം…. ആ പിശാശിന്റെ പേര് കേൾക്കുമ്പഴേ കലി വരും….
അതിപ്പൊ എന്ത് കേട്ടാലും വരുവല്ലോ….
എന്താടി പിറുപിറുക്കുന്നേ…
ഒന്നൂല്ല…..എന്നും പറഞ്ഞവൾ അവനിൽ നിന്ന് മുഖം തിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു…
ആന്റിയുടെ വീട്ടിലെത്തി അവർ നേരെ ചെന്നത് ഡാൻസ് ക്ലാസ്സിലേക്കായിരുന്നു….. അവരെ കണ്ടതും ദേവിക നിറപുഞ്ചിരിയുമായി അവളെ അടുത്തേക്ക് വിളിച്ചു….
അനുഗ്രഹമൊക്കെ വാങ്ങിയോ….
മ്മ്…
മോളെ കാര്യങ്ങളൊക്കെ ഹരി ഇന്നലെ വിളിച്ചപ്പൊ എന്നോട് പറഞ്ഞിരുന്നു…. ഒക്കെ ശരിയാവും…. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്….എല്ലാം മറന്ന് വേണം ഇവിടെ കളിക്കാൻ… ഒരു ചുവട് പിഴച്ചാൽ പിന്നെ നമ്മൾ എത്ര നന്നായി കളിച്ചാലും ഭംഗി കിട്ടില്ല…
അറിയാം ആന്റി…..ഞാൻ ശ്രദ്ധിച്ചു കളിച്ചോളാം….
ഓക്കേ…എങ്കി തുടങ്ങാം . മോളെ കയ്യിൽ ചിലങ്കയുണ്ടോ എന്ന് ദേവിക ചോദിച്ചതും അവൾ ഉണ്ടെന്ന് തലയാട്ടി….
കൊണ്ട് വന്നിട്ടില്ലേ…..
ഇല്ല ആന്റി മറന്നു എന്നും പറഞ്ഞവൾ കണ്ണുചിമ്മി കാണിച്ചു…..
സാരല്ല….. നാളെ മുതൽ കൊണ്ട് വരണം കെട്ടോ….. എങ്കി തുടങ്ങാം…. ഹരി നീ വീട്ടിലേക്ക് കയറി ഇരുന്നോ… കഴിഞ്ഞിട്ട് അവളെങ്ങു വന്നോളും….
ശരിയാന്റി……..എന്നും പറഞ്ഞവൻ പുറത്തേക്കിറങ്ങിയതും അവർ കളി ആരംഭിച്ചു….ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ഓരോ ചുവടും ഭംഗിയായി കളിക്കുന്നവളെ ദേവിക ഒരത്ഭുതത്തോടെ നോക്കി നിന്നു…
ഹരി….ഡാ…എണീറ്റേ…. എന്നും പറഞ്ഞു ദേവിക ഉമ്മറത്തെ സെറ്റിയിൽ കിടന്നുറങ്ങുന്ന ഹരിയെ തട്ടി വിളിച്ചു….
കഴിഞ്ഞോ…… ഞാനൊന്ന് ഉറങ്ങി പോയി…..
നിനക്ക് അകത്തേക്ക് കിടന്നൂടായിരുന്നോ…
ഏയ്… അതിന്റെ ആവിശ്യമൊന്നുമില്ല…. ചുമ്മാ ഇരുന്നപ്പൊ ഉറങ്ങി പോയതാ….എന്നും പറഞ്ഞവൻ എഴുന്നേറ്റ് ഇരുന്നു ഷർട്ട് ശരിയാക്കി.,
ലച്ചു എന്ത്യേ ആന്റി….
അവൾ അകത്തുണ്ട്.. മുഖം കഴുകുവാ…
എങ്ങനുണ്ട് ആന്റി…. അവൾ…
പറയാതെ വയ്യ ഹരി…നല്ല കഴിവുള്ള കുട്ടിയാ…. ഡാൻസ് പഠിക്കാഞ്ഞിട്ട് പോലും എത്ര ഭംഗി ആയിട്ടാണെന്നറിയുന്നോ അവൾ കളിക്കുന്നേ..ശരിക്കും ഞാൻ ഞെട്ടി പോയി…. എന്നവർ പറഞ്ഞതും അവനൊന്ന് പുഞ്ചിരിച്ചു…
എന്ത് കൊണ്ടാവും ഹരി അവളുടെ അച്ഛനും അമ്മയും അവളോട് അങ്ങനെ പെരുമാറുന്നത്……
അറിയില്ല ആന്റി….തറവാട്ടിലെ ആദ്യ കുഞ്ഞായത് കൊണ്ട് തന്നെ…അവളെന്ന് വെച്ചാൽ ജീവനായിരുന്നു എല്ലാവർക്കും…. പ്രേത്യേകിച്ചു ഞങ്ങടെ മുത്തശ്ശന്…അവളെ കഴിഞ്ഞേ ഞാനും ശ്രീയും കിച്ചുവുമൊക്കെ ഉണ്ടായിരുന്നുള്ളൂ….മുത്തച്ഛൻ മരിച്ചു കുറച്ചു നാൾക്ക് ശേഷമാണ് അവള് വയസ്സറിയിച്ചത്…. എന്റെ ഓർമ ശരിയാണെങ്കിൽ അത് കഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷമാണ് അവളോട് എല്ലാവർക്കും ഇങ്ങനൊരു അവഗണന തുടങ്ങിയത്…..
അങ്ങനെയാണേൽ അവൾക്ക് വല്ല ദോഷവും ഉണ്ടായിട്ടാവുമോ…
ദോഷം ഉണ്ടെങ്കിൽ അതിനുള്ള പരിഹാരവും കാണില്ലേ ആന്റി…. ഇതിപ്പൊ എത്ര നാളായി അവരിങ്ങനെ….
മ്മ്… അതും ശരിയാ…നിന്റെ അമ്മക്കറിയാമായിരിക്കോ ഹരി എന്താ കാര്യമെന്ന്…
അറിയാമായിരിക്കും.അല്ലെങ്കി അമ്മക്ക് അവളോട് നീരസം തോന്നണ്ട കാര്യം ഇല്ലല്ലോ….
എങ്കി നിനക്കൊന്ന് ചോദിച്ചു നോക്കിക്കൂടെ…..
നേരിട്ട് ചോദിച്ചില്ലെങ്കിലും പലപ്പോഴും ഈ വിഷയം ഞാൻ എടുത്തിടാറുണ്ട്… അപ്പോഴൊക്കെ അമ്മ പറയും എനിക്ക് അവളോട് ദേഷ്യമൊന്നുമില്ലെന്ന്….വരട്ടെ കണ്ട് പിടിക്കാം….
മ്മ്…. ഏതായാലും അവളുടെ ആഗ്രഹങ്ങൾക്കൊപ്പം നീ നിൽക്കുന്നുണ്ടല്ലോ…അതിന് നിനക്ക് ദൈവം നല്ലതേ വരുത്തൂ…..
അവളെന്റെയല്ലേ ആന്റി…. അവളുടെ ആഗ്രഹങ്ങൾ എന്ത് തന്നെ ആയാലും ഞാനത് സാധിച്ചു കൊടുക്കും…. എന്നവൻ പറഞ്ഞതും ദേവിക അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവന്റെ കവിളിൽ ഒന്ന് തട്ടി….
തുടരും

by