രചന – ഊർമ്മിള മിഥിലാത്മജ
അനുവാദമില്ലാത്തിടങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കരുത് അപ്പച്ചി.. നാളെ നമ്മൾ മറ്റുള്ളവർക്ക് ഒരു ശല്യമാണെന്ന് പറയുമ്പോൾ കേട്ട് നിൽക്കാൻ കഴിഞ്ഞെന്നു വരില്ല..ഇതാ പായസം ആണ് അമ്മ ഉണ്ടാക്കിയതാ.. എല്ലാപ്രാവശ്യവും അവിടെ വന്നു വഴക്കുണ്ടാക്കി പായസം വച്ചു കുടിക്കുന്ന ആളെ ഇപ്രാവശ്യം വന്നിട്ട് അങ്ങോട്ട് കാണാത്തത് കൊണ്ട് അമ്മ തന്നുവിട്ടതാ….നമ്മുടെ സ്നേഹം ഒക്കെ ഇപ്പൊ ആൾക്ക് ബുദ്ധിമുട്ട് ആണെന്ന് അമ്മയോട് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല.. ഇഷ്ട്ടമാണെങ്കിൽ കൊടുത്തേക്ക്… അതും പറഞ്ഞു പാത്രം വാതുക്കൽ വച്ച ശേഷം അവൾ അവിടെ നിന്നിറങ്ങിയോടി..
ഇപ്പൊ നിനക്ക് സമാധാനം ആയോ ഉണ്യേ… ആ കുട്ടിയെ കരയിച്ചു വീട്ടില്ലേ നീയ്.. എത്ര സന്തോഷത്തോടെ നിന്നെ കാണാൻ വന്നോണ്ടിരുന്നതാ അവള്… നീ വന്നത് കൊണ്ടല്ലേ അവളിങ്ങനെ കിട്ടണ തക്കത്തിനു ഓടിയോടി വരണത്… നീ ഇവിടുന്ന് പോയാൽ എന്നും വരും ഉണ്ണിയേട്ടന്റെ കത്തുണ്ടോ അപ്പച്ചിന്നും ചോദിച്ചോണ്ട്.. നീ വലിയ പത്രാസുകാരൻ ആയ വിവരം ഒന്നും അവൾക്കറിയില്ല. നിനക്കും കൂടി ഇഷ്ട്ടമാണെന്നറിഞ്ഞല്ലേ ആ മനസ്സിലെ ആഗ്രഹങ്ങൾ വളരാൻ ഞങ്ങളും അനുവദിച്ചത്… നാട്ടിൽ വന്നാൽ അവളുടെ പുറകെ നടന്നിരുന്നവൻ അല്ലേ നീയും എന്നിട്ടിപ്പോ മാത്രമെന്താ ഒരു പുതുമ… പോക്കറ്റിന്റെ കനം കൂടിയപ്പോൾ നിന്റെ പത്രാസിന് അവളെ പോരെന്നു തോന്നിയോ നിനക്ക്..
തലമറന്ന് എണ്ണതേക്കരുത് ഉണ്യേ… നീ ഒന്നുമല്ലാതിരുന്ന സമയത്തും നിന്റെ പുറകെ നീയാണ് ലോകമെന്നും പറഞ്ഞു നടന്ന പെണ്ണാ അവള്.. നിന്റെ അരികുപറ്റി വളർന്നവൾ.. കുറച്ച് വായാടിത്തരം ഉണ്ടെങ്കിലും അവളെപ്പോലെ വേറൊരു പെണ്ണിനെ നിനക്കിനി കിട്ടാനും പോണില്ല..
പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ച ഒരുത്തനും സമാധാനമായി ജീവിച്ച ചരിത്രമില്ല കുഞ്ഞേ… അവളെപ്പോലൊരു പാവം പെണ്ണിന്റെ കണ്ണുനീർ എന്റെ ഉണ്ണീടെ തലയിൽ വീഴരുത്…ഈ ചാട്ടവും കളിയും ഒക്കെ മാറ്റി നിർത്തിയാൽ ഒരു കഥയില്ലാത്ത പെണ്ണാ അവള്… ഒരു പാവം ഇന്ന് തന്നെ നീ അവളുമായുള്ള വഴക്കു മാറ്റിയേക്കണം അല്ലാച്ചാൽ കഞ്ഞിടെ വെള്ളം പോലും തരില്ല ഞാൻ നിനക്ക് മറക്കണ്ട…
വാതോരാതെ പരിഭവം പറഞ്ഞു തീർക്കുന്ന അമ്മയേനോക്കി വേദ് വേദനയോടെ ഇരുന്നു.. അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു..നൊന്തുപെറ്റ മകൻ മരിച്ചുപോയി എന്നറിയാതെ മുന്നിലിരിക്കുന്ന മറ്റൊരുവനോട് അവനാണെന്ന് കരുതി പരിഭവം പറഞ്ഞു തീർക്കുന്ന ഒരമ്മ… നാളെ സത്യം മനസ്സിലാക്കുമ്പോൾ ഈ മനസ്സിനതെങ്ങനെ താങ്ങാൻ സാധിക്കും..അവന്റെ കണ്ണുകൾ മൗനമായിരിക്കുന്ന അച്ഛനെ തേടിയെത്തി.. നിറഞ്ഞുവരുന്ന കണ്ണുകളെ തടഞ്ഞു നിർത്താൻ ബുദ്ധിമുട്ടുന്ന ആ മനുഷ്യനെ കാണെ അവന്റെ ഉള്ളു നീറി… ആ മുഖത്തു തളം കെട്ടി നിൽക്കുന്ന നിർവികാരതയുടെ ഭാരം അവനു ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…സ്വന്തമെന്നു പറയാൻ ആകെയുള്ള ഒരേയൊരു ആന്തരി ഇനി ഈ ഭൂമിയിൽ ഇല്ല എന്ന് തിരിച്ചറിഞ്ഞ ശേഷവും അതവന്റെ അമ്മയെ അറിയിക്കാൻ പോലും പറ്റാതെ ഉരുകി തീരുന്നൊരു മനുഷ്യൻ..ഒരു വാക്കുപോലും മറുത്ത് പറയാനാകാതെ നിൽക്കുന്നു…
അച്ഛനെ നോക്കണ്ട നീയ്.. ഇക്കാര്യത്തിൽ അച്ഛൻ നിന്നെ സപ്പോർട്ട് ചെയ്യും ന്നു കരുതണ്ട.. പാവം കുട്ടിയെ കരയിച്ചു പറഞ്ഞു വിട്ടിട്ട് അവന്റെ ഇരുപ്പ് കണ്ടില്ലേ.. വല്ല കുലുക്കവും ഉണ്ടോന്നു നോക്കിക്കേ . ആട്ടുകല്ലിനു കാറ്റുപിടിച്ച പോലുള്ള നിന്റെയീ ഇരുപ്പ് ഇന്നത്തോടെ നിർത്തിക്കോ? അവളോട് പിണക്കം മാറ്റിയിട്ടു വന്നോണം ഇന്ന്…അതും പറഞ്ഞു ദേഷ്യപ്പെട്ടു എഴുന്നേറ്റ് പോകുന്ന ലിളിതയേ നോക്കി വേദും അച്ഛനും ഇരുന്നു.. പാതി കഴിച്ച ആഹാരത്തിന് മുൻപിൽ നിന്നും നിറമിഴികളോടെ എഴുന്നേറ്റ് പോകുന്ന അച്ഛന്റെ മുഖം അവന്റെ ഹൃദയത്തിൽ ഭാരം കൂട്ടിക്കൊണ്ടിരുന്നു…
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
അച്ഛൻ നിർബന്ധിക്കുകയാണെന്ന് കരുതരുത്.. നമുക്ക് അമ്മാവന്റെ വീട് വരെയൊന്നു പോകാം മോനെ… ആ അച്ഛന്റെ സ്വരത്തിൽ യാചന നിഴലിച്ചിരുന്നു..
വീട്ടിൽ നിന്നുമാറി വരമ്പത്തേക്കുള്ള പടിയിൽ നിൽക്കുകയായിരുന്നു അച്ഛനും വേദും..ഇനി ഞങ്ങൾക്ക് അവളും കൂടിയല്ലേ ഒള്ളു.. അവളുടെ കണ്ണ് നിറയുന്നത് സഹിക്കാൻ പറ്റില്ല ഞങ്ങൾക്ക്… ഉണ്ണിയിവിടെ ഇല്ലാത്തപ്പോളും ഞങ്ങൾ രണ്ട് ജീവൻ ഇവിടെ ഉണ്ടന്നോര്ത്ത് ഓടിയോടി വരുന്നതാ അവള്..അമ്മ പറയണതുപോലെ ഒരു കഥയില്ലാത്ത പെണ്ണ്… അതിനെ നോവിച്ചാൽ ദൈവം പോലും നമ്മളോട് ക്ഷമിക്കില്ല മോനെ … ഞാനും നീയും ഉരുകണപോലെ ആ വേദനയിലേക്ക് അവളെ തള്ളിയിടണ്ട… കുറച്ച് ദിവസമെങ്കിൽ കുറച്ച് ദിവസം അവൾ സന്തോഷത്തോടെ ഇരിക്കട്ടെ…
നമുക്കൊന്ന് പോയി വരാം അവിടേക്ക്… നീ അവളോട് ദേഷ്യത്തോടെ പെരുമാറരുത് .. അതവൾക്ക് സഹിക്കില്ല.
എന്റെ കുട്ടി കുറച്ചു കാലം കൂടി അവളുടെ ഉണ്ണിയേട്ടനെ പ്രതീക്ഷിക്കട്ടെ .. പറഞ്ഞുതീരുമ്പോഴേക്കും ആ വൃദ്ധനേത്രങ്ങൾ കണ്ണീരൊഴുക്കി കഴിഞ്ഞിരുന്നു…ചെയ്യുന്നത് തെറ്റാണ്… ഒരു പെണ്ണിന്റെ മനസ്സിൽ വീണ്ടും വീണ്ടും മോഹങ്ങൾ നെയ്തു കൊടുക്കുകയാണ്… പക്ഷെ ഈ വാക്കുകളെ ധിക്കരിക്കാൻ വയ്യ ആരുമില്ലാത്ത തന്റെ ആരൊക്കെയോ ആണിന്നിവർ.. ഉണ്ണി നീയെന്നോട് ക്ഷമിക്കില്ലേ…എനിക്ക് വേറെ നിവൃത്തിയില്ല..
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
അമ്മ ആർക്കുവേണ്ടിയാ ഇതൊക്കെയീ ഉണ്ടാക്കി വക്കുന്നത് … അമ്മയുടെ ഇഡ്ഡലിയും സാമ്പാറും ഒന്നും കഴിക്കാൻ ഇനിയിവിടെ ആരും വരില്ല.. മറക്കാൻ കൂടിയുള്ളതാണ് മനസ്സ്… മഹാകവി ഉണ്ണികൃഷ്ണന്റെ വാക്കുകൾ ആണ് .. കുറിച്ച് വച്ചോളു.. ജീവിതത്തിൽ വേദന തോന്നുമ്പോൾ മറിച്ചുനോക്കിയാൽ മതി.നീയിതെന്തൊക്കെയാ പെണ്ണേ ഈ പറയുന്നത്.. ഏത് മഹാകവി ഉണ്ണികൃഷ്ണൻ??അയ്യോ അറിയില്ലേ….അമ്മേടെ പുന്നാര മരുമോൻ മഹാകവി ഉണ്ണികൃഷ്ണൻ.. ഞാനിന്നലെ കാണാൻ ചെന്നപ്പോൾ പറഞ്ഞു വിട്ടതാ .. ഓർത്ത് വച്ചോളാൻ പറഞ്ഞു…
ആ അപ്പോൾ അതാണ് കാര്യം വെറുതെയല്ല ഇന്നലെത്തൊട്ട് എന്റെ സീമന്ത പുത്രിക്ക് വിശപ്പും ദാഹവും ഒന്നും ഇല്ലാത്തത്. അവനെ വല്ലതും പറഞ്ഞു ചൊടിപ്പിച്ചു കാണും നീ അതാ അവനങ്ങനെ പറഞ്ഞത്.. അല്ലേൽ തന്നെ പെണ്ണിന് കഴുത്തിനു ചുറ്റും നാക്കാണ്…
ഞങ്ങൾ സഹിക്കുന്ന പോലെ തണ്ടെലുള്ള ആണ്പിള്ളേര് സഹിക്കും എന്നോർത്താണോ മോളിരിക്കുന്നെ..
ഓഹ് ഇപ്പൊ എല്ലാം എന്റെ തെറ്റായി.. അമ്മ അല്ലേലും അങ്ങേരെ സപ്പോർട്ട് ചെയ്തല്ലേ പറയു .. ചെന്നിടത്ത് വല്ലവളുമാരെയും കണ്ടുപിടിച്ചു വച്ചിട്ടുണ്ടാവും.. അല്ലെങ്കിൽ അങ്ങേർടെ പത്രാസിനു ഞാൻ പോരെന്നു തോന്നിക്കാണും.
അല്ലേലും എന്നെപോലൊരു പൊട്ടിക്കാളിയെ ആർക്കിഷ്ടപ്പെടാനാ .. പറഞ്ഞതെല്ലാം വിശ്വസിച്ചു കൂടെ നടന്നത് എന്റെ തെറ്റ്… മനസ്സിൽ ഓരോന്ന് കയറ്റിവച്ചത് എന്റെ തെറ്റ് എല്ലാം എന്റെ തെറ്റാ… അർഹത ഇല്ലാത്തതൊന്നും ആഗ്രഹിക്കാൻ പാടില്ല.. പക്ഷെ ഞാൻ ആഗ്രഹിച്ചു.. എന്റെ ആണെന്ന് അഹങ്കരിച്ചു.. അതിന്റെയാവും ഇങ്ങനൊക്കെ….അടുക്കളപ്പുറത്തിരുന്ന് അമ്മയോട് പരാതി പറയുകയാണ് ലക്ഷ്മി…എന്റെ ലച്ചൂട്ടിയെ നീയിതാരെക്കുറിച്ചാ ഈ പറയണേ.. നീ വല്ല സ്വപ്നവും കണ്ടതാവും നിന്നെക്കാൾ മുൻപേ കാണാൻ തുടങ്ങിയതാ ഞാനവനേ .. വേറെ ആര് മറന്നുന്ന് പറഞ്ഞാലും അവൻ നമ്മളെ മറന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല… നീ പറഞ്ഞാൽ തീരെ വിശ്വസിക്കില്ല..
വിശ്വസിക്കണ്ടാ.. ആര് പറഞ്ഞു വിശ്വസിക്കണം ന്നു.. പറഞ്ഞറിഞ്ഞില്ലെങ്കിൽ കൊണ്ടറിഞ്ഞോളും… ഞാനാരെയും തിരുത്താൻ നിൽക്കുന്നില്ല.. അതും പറഞ്ഞു ദേഷ്യപ്പെട്ടഴുന്നേറ്റ് തിരിഞ്ഞു നടക്കാൻ തുടങ്ങിയ ലക്ഷ്മി ചെന്ന് മുട്ടി നിന്നത് വേദിന്റെ നെഞ്ചിൽ ആണ്…എന്താ അമ്മായി… ലച്ചു ആരെയാ കൊണ്ടറിയിക്കാൻ പോണ് എന്നൊക്കെ പറഞ്ഞത്.? അവളെ നോക്കി മുഖത്തൊരു കുസൃതി വരുത്തി വേദ് അമ്മായിയോടായി ചോദിച്ചു…
കണ്ടോ ഇപ്പൊ എന്തായടി… നീയല്ലേ പറഞ്ഞത് ന്റെ ഇഡ്ഡലി കഴിക്കാൻ ആരും വരില്ലന്നു ഇപ്പൊ എന്തായി… മനസ്സിൽ ഓരോന്ന് ആലോചിച്ചു കൂട്ടി ബാക്കിയുള്ളോരേ കൂടി ടെൻഷൻ അടിപ്പിക്കും പെണ്ണ്…ന്റെ ഉണ്ണ്യേ നീ ആളാകെ മാറിപ്പോയി.. നിനക്ക് ഞങ്ങളോടൊന്നും സ്നേഹം ഇല്ല്യ പറഞ്ഞു ഇന്നലെ തുടങ്ങി സ്വൈര്യം തരണില്ല പെണ്ണ്… മണ്ടനോക്കി ഒന്നു കൊടുക്കാ വേണ്ടത്.. അവർ ചിരിയോടെ മറുപടി പറഞ്ഞു…
അതിനെന്താ ഇപ്പോ തന്നെ കൊടുക്കാലോ?? അതും പറഞ്ഞു വേദ് ലക്ഷ്മിയുടെ തലയിലൊരു കൊട്ട് കൊടുത്തു…
ഇയാൾക്കിന്നലെ എന്തൊരു ജാടയായിരുന്നെടോ ??? മറക്കണം മറക്കാൻ കൂടി വേണ്ടിയാണ് മനസ്സ്.. ഓഹ് മലയാളം ക്ലാസ്സിൽ പോലും ഞാനിത്ര സാഹിത്യം കേട്ടിട്ടില്ല.. അങ്ങേരുടെ ഒരു സാഹിത്യം.. അതും പറഞ്ഞു അവന്റെ കയ്യിലൊരു കടിയും കൊടുത്തു ഓടിപ്പോകുന്ന അവളെ നോക്കി വേദ് തറഞ്ഞു നിന്നു…ഈ ജന്തു പട്ടികുട്ടിടെ ജന്മവാന്ന തോന്നുന്നേ.. സ്നേഹം കൂടിയാൽ വേദനിപ്പിക്കൽ പെണ്ണിപ്പോൾ സ്ഥിരം പരിപാടിയാക്കി വച്ചേക്കുവാ… നീ പഠിപ്പിച്ച ശീലവല്ലേ ഉണ്ണ്യേ… അനുഭവിച്ചോ.. അതും പറഞ്ഞു ഉള്ളിലേക്ക് കയറിപ്പോകുന്ന അമ്മായിക്ക് പിറകെ അവനും നടന്നു..
എടത്തി എന്ത് പറയുന്നു ഉണ്ണ്യേ…. നീ വന്നേപ്പിന്നെ ഇങ്ങോട്ട് കാണാനേ ഇല്ല .. മകന് ഇഷ്ട്ടമുള്ളതൊക്കെ വച്ചു വിളമ്പുന്ന തിരക്കിൽ ആവും ലെ..ആ നല്ലോണം വച്ചു വിളമ്പുന്നുമുണ്ട് കണ്ണ് പൊട്ടുന്ന ചീത്ത പറയുകയും ചെയ്യും.. അവൻ ഒരു ദീർഘനിശ്വാസത്തോടെ അവരെ നോക്കി…
ആ അത് പിന്നെ നിന്റെ അമ്മേടെ സ്ഥിരം കലാപരിപാടിയല്ലേ.. അവിടെ സ്നേഹം കാണിക്കുന്നത് വഴക്കു പറഞ്ഞാണ്.. ഇവിടൊരുത്തി ദേഹം നോവിച്ചും നീ ഇരിക്കുണ്ണ്യേ ഞാൻ ഇഡ്ഡലി എടുക്കാം…
ഉയ്യോ ഇപ്പൊ കഴിച്ചിട്ടിങ്ങിറങ്ങിയതെ ഒള്ളു അമ്മായി.. ഇവിടുന്ന് ഊണ് കഴിച്ചിട്ടേ പോവുള്ളു… ഇപ്പൊ വേണ്ട..ആ ന്നാ പിന്നെ ഞാൻ ഊണിനുള്ളത് കാലമാക്കാം…ഞാൻ അപ്പുറെ ണ്ടാവും അമ്മായി അതും പറഞ്ഞു വേദ് ഉമ്മറത്തേക്ക് നടന്നു… മുറ്റത്തോട് ചേർന്നുള്ള തൊഴുത്തിൽ പയ്യിനെ കുളിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു അമ്മാവൻ.. അടുത്തായി അച്ഛനും നിൽപ്പുണ്ട് അവൻ അവരെ ലക്ഷ്യമാക്കി നടന്നു..അവനെ കണ്ടതും അയാൾ വാത്സല്യത്തോടെ അവനെ ഒന്ന് നോക്കി.. മോൻ എന്തെങ്കിലും കഴിച്ചായിരുന്നോ??
ആ അമ്മാവാ കഴിച്ചിട്ട ഞാനും അച്ഛനും ഇറങ്ങിയത്…അച്ഛൻ എന്നുള്ള അവന്റെ സംബോധന ആ രണ്ടുഹൃദയങ്ങളെയും തണുപ്പിച്ചു.. അവരുടെ മിഴികൾ ഒരുപോലെ നിറഞ്ഞു.. അയാളവനെ തന്നോട് ചേർത്ത് നിർത്തി.നീയെന്റെ ഉണ്ണി തന്നെയാണ്… എന്റെ പ്രാണൻ ആ മിഴികൾ വീണ്ടും പെയ്തു തുടങ്ങിയിരുന്നു..ഉണ്ണ്യേട്ടാ ഒന്നിങ്ങട് വന്നേ… നമുക്കൊന്ന് ചുറ്റീട്ട് വരാം… ഈ ഓൾഡ് പീപ്പിൾസ് ഒക്കെ ഇവിടെ വർത്താനവും പറഞ്ഞിരിക്കട്ടെ… വന്നേ ഒത്തിരി കാര്യം പറയാനുണ്ട്.. അതും പറഞ്ഞു അവളവന്റെ കൈ പിടിച്ചു വലിച്ചു…അനുവാദമെന്നോണം അവൻ ആ രണ്ടച്ചന്മാരുടെ മുഖത്തേക്ക് നോക്കി.. മിഴികൾ കൊണ്ടവർ പോയി വരാൻ അനുവാദം നൽകി.. അവന്റെ കൈകളിൽ തൂങ്ങി ലച്ചു ആ പാടവരമ്പിലൂടെ ഇറങ്ങിയോടി….തുടരും..

by