17/04/2026

കാട്ടുപൂക്കൾ : ഭാഗം 01

രചന – അഞ്ജു തങ്കച്ചൻ

ദേ… നിങ്ങടെ മോൾക്ക്‌ ഇവിടുത്തെ ഡ്രൈവറുമായിട്ടുള്ള കിന്നാരം പറച്ചിൽ കുറച്ച് കൂടുന്നുണ്ട്

നീയെന്തൊക്കെയാ മേനകെ ഈ പറയുന്നത്. അവൾ കുഞ്ഞല്ലേ

ഉവ്വ്‌…പ്രായം പതിനെട്ടായിപെണ്ണിന് . പതിനെട്ടെന്ന പാലം കടക്കാൻ കുറച്ച് പാടാണ്. ഉള്ള വേഗത്തിൽ അവന്റെ കൂടെ തന്നെ കെട്ടിച്ചു വിടാൻ നോക്ക്. ഇല്ലേൽ കുടുംബത്തിന് തന്നെ നാണക്കേടാണ്.

ഓ… പിന്നേ, മംഗലത്തെ മാധവന്റെ മകളെ കെട്ടാൻ ആളുകൾ ക്യു നിൽക്കും. അന്നേരമല്ലേ വീട്ടിലെ ഡ്രൈവറിന്റെ കൂടെ കെട്ടിക്കുന്നത്.

ഞാൻ നിങ്ങളോട് പറഞ്ഞില്ലന്നേ ഉളളൂ. പെണ്ണ് ഈ മാസം മെൻസസ് ആയിട്ടില്ല….
ആൾക്കാർ അറിയുന്നതിന് മുൻപ് അവന്റെ കൂടെ തന്നെ കെട്ടിച്ചു വിടുന്നതാ നല്ലത്.

മാധവൻ ഇടർച്ചയോടെ കസേരയിലേക്ക് ഇരുന്നു.

നിങ്ങള് വിഷമിക്കാൻ പറഞ്ഞതല്ല. ആ ചെറുക്കന് ബന്ധുക്കൾ ആരും ഇല്ല.
അതുകൊണ്ടുതന്നെ ഒരു ബാധ്യതയും ഇല്ല. രണ്ടാൾക്കും ചിലവിനുള്ളത് ഉണ്ടാക്കിയാൽ മതി. എന്തുകൊണ്ടും ഇത് തന്നെയാ നല്ലത്.

എന്നാലും എന്റെ ചിന്നുവിന് വീട്ടിലെ ഡ്രൈവറോട് ഇങ്ങനൊരു മോഹമുണ്ടോ അവളുടെ നിലയും വിലയും അവൾ മറന്നുവോ? ചിന്മയി എന്നാണ് പേരെങ്കിലും അവൾ വീട്ടിൽ ചിന്നുക്കുട്ടിയാണ്. നാട്ടുകാരും അവളെ ചിന്നുക്കുട്ടി എന്നാണ് വിളിക്കുന്നത്‌.അത്രയ്ക്കും കാര്യമാണ് അവളെ എല്ലാവർക്കും.

അയാൾക്ക്‌ ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

മേനക പറഞ്ഞത് പോലെ അയാളെ കൊണ്ട് തന്നെ കെട്ടിക്കുന്നതാണ് ഉചിതം.

അവൾക്ക് ഇരുപത്തിയേഴ് വയസുള്ള ഒരു സഹോദരൻ ഉണ്ട്‌,കൂടാതെ അവൾക്കു താഴെ രണ്ടനിയന്മാർ വളർന്നു വരുന്നുണ്ട്,
മൂത്തവന് നല്ല വിവാഹാലോചനകൾ വരുന്ന സമയമാണ്.
പെങ്ങൾ കാരണം അവർക്ക് ചീത്തപ്പേര് ഉണ്ടാകരുത്.

അയാൾ എന്തോ തീരുമാനിച്ചുറപ്പിച്ചു.

നരേന്ദ്രൻ വണ്ടി കഴുകിക്കൊണ്ട് നിൽക്കുമ്പോഴാണ് മാധവൻ അയാൾക്കരികിൽ ചെന്നത്.

എന്താ മാധവേട്ട….?

ഉം… ഞാൻ ചില കാര്യങ്ങൾ അറിഞ്ഞു. നീ കൂടെ നിന്ന് ചതിക്കുന്നവൻ ആണെന്ന് കരുതിയില്ല.
അയ്യോ ഞാൻ എന്ത് തെറ്റ് ചെയ്തെന്നാണ്? അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല.

ഇല്ലേ… ചിന്നുക്കുട്ടിയുമായി നിനക്ക് എന്താ ബന്ധം?

ചിന്നുക്കുട്ടിയുമായോ? ആ കുട്ടി എന്റെ അരികിലേക്ക് വരിക പോലും ചെയ്യാറില്ല. അതൊരു പാവമാണ്.

എന്നെ കണ്ടാൽ അകത്തേക്ക് പോകും. ഞാൻ ഇതുവരെ ഒന്ന് മിണ്ടിയിട്ട് പോലുമില്ല.

പിന്നെ എങ്ങനാടാ അവൾക്ക്….

അവൾക്ക്….??

ഇല്ല ഞാനൊന്നും പറയുന്നില്ല. ഈ വരുന്ന പതിനാലാം തിയതി അവളുടെയും നിന്റേയും വിവാഹമാണ്. നീ തന്നെ അവളെ എടുത്തോ, ഈ കുടുംബത്തിൽ കയറിപ്പറ്റാൻ വേണ്ടിയാണ് നീയീ ചീഞ്ഞ വഴി കണ്ടെത്തിയതെന്നു എനിക്കറിയാം.

മാധവട്ടൻ എന്തൊക്കെയാ ഈ പറയുന്നത് ഒന്നുകിൽ തെളിച്ചു പറ.അല്ലാതെ തലയും വാലുമില്ലാതെ പറഞ്ഞാൽ ഞാൻ എങ്ങനെ മനസിലാക്കാനാണ്.

അവളുടെ അപ്പനായ ഞാൻ തന്നെ നിന്നോടത് തെളിച്ചു പറയണം അല്ലേ? മംഗലത്തെ പെൺകുട്ടിയെ നേരെ നിന്ന് നോക്കാൻ പോലും യോഗ്യതയില്ലാത്ത നീ എന്റെ മകളെ വശത്താക്കി,അയാളുടെ മുഖം ദേഷ്യത്തിൽ വിറച്ചു, കവിളുകൾ രോഷം കൊണ്ട് ചുവന്നു.

ഇല്ല…. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആ കുട്ടിയെ ഞാൻ ഇതുവരെ അടുത്ത്കണ്ടിട്ട് കൂടിയില്ല.

നായേ… പാതി വഴിയിൽ എന്റെ കുട്ടിയെ ഇട്ടിട്ടു പോകാനാണ് ഉദ്ദേശമെങ്കിൽ നീ പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല.
എന്നെ നിനക്ക് അറിയില്ല.

നരേന്ദ്രൻ ആകെ പകച്ചു പോയി.
രണ്ടോ മൂന്നോ വട്ടമേ ആ കുട്ടിയെ കണ്ടിട്ടുള്ളൂ.. അതും പുഴക്കരയിൽ എന്തോ ചിന്തയിൽ മുഴുകി ഇരിക്കുന്നത്.

വലിയ വീട്ടിലെ കുട്ടിയാണെങ്കിലും അതിന്റെ ഒരു ഭാവവും കാണിക്കാത്ത പാവം കുട്ടിയാണ്. ഒരു തവണ അമ്പലത്തിൽ പോയിട്ട് വരുന്ന അവളെ കണ്ണെടുക്കാതെ നോക്കി നിന്നിട്ടുണ്ട്.ഇരുനിറത്തിൽ മെലിഞ്ഞ, വിഷാദം നിറഞ്ഞ നീലക്കണ്ണുകളും,ചിരിക്കുമ്പോൾ ഇടത്തെകവിളിൽ വിരിയുന്ന നുണക്കുഴിയും,നീളമേറിയ മുടിയുമുള്ള ആ കുട്ടിയെ കണ്ടാൽ ഒന്നൂടെ ഒന്ന് നോക്കാൻ തോന്നും. ഒരുപരിചരണവും കിട്ടിയില്ലെങ്കിലും നിറഞ്ഞു പൂത്തുനിൽക്കുന്ന കാട്ടുപൂക്കളുടെ ചേലാണവൾക്ക്.

ഇന്നലെ ഇത്തിരി വെള്ളം കുടിക്കാൻ പിന്നാമ്പുറത്തെ പൈപ്പിനരുകിൽ എത്തിയപ്പോൾ, നീളൻ വരാന്തയിൽ അടിച്ചു വാരി വച്ചിരുന്ന വേസ്റ്റ് എടുത്ത് അമ്മ അവളുടെ തലയിൽ ഇടുന്നത് കണ്ടപ്പോൾ എന്തോ വല്ലാത്ത വേദന തോന്നി.
പിന്നെയാണ് അറിഞ്ഞത് അതവളുടെ അമ്മയല്ല എന്ന്.
മാധവന്റെ രണ്ടാമത് വിവാഹം കഴിച്ചതാണ് മേനകയെ.

ഒരു പക്ഷെ ഇനി ആ കുട്ടി എന്തെങ്കിലും കുഴപ്പത്തിൽ ചെന്ന് ചാടിയിട്ട് തന്നെ പഴി ചാരുകയോ മറ്റോ ചെയ്തിരിക്കുമോ? ഹേയ്.. അങ്ങനെ ഉളള ഒരാളല്ല ആ കുട്ടി,വെറും പാവമാണ്.

എന്തായാലും ഒന്ന് സംസാരിക്കണം, അവരുടെ വീട്ടിലെ ഡ്രൈവർ ജോലി ചെയ്യുന്നു എന്ന് കരുതി എന്തും തന്റെ തലയിൽ കെട്ടിവയ്ക്കാമെന്നവർ കരുതിയെങ്കിൽ അവർക്ക് തെറ്റി.

അന്ന് വൈകുന്നേരം അവളെ കാണാൻ തന്നെ തീരുമാനിച്ച്, അയാൾ പുഴക്കരുകിൽ കാത്തു നിന്നു.

വെള്ളികൊലുസുകളുടെ കിലുക്കം അടുത്ത് വന്നു.
പെട്ടന്ന് മുൻപിൽ അയാളെ കണ്ടതും അവൾ പരിഭ്രമത്തോടെ ചുറ്റിലും നോക്കി.

ചിന്നുക്കുട്ടിയുടെ അച്ഛൻ എന്നോട് ഇന്നൊരു കാര്യം പറഞ്ഞു. തന്നെ ഞാൻ വിവാഹം ചെയ്യണമെന്ന്.
എനിക്കറിയണം സത്യമെന്താണെന്ന്. മാധവേട്ടൻ എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു ഞാൻ പറയുന്നത് കേൾക്കാൻ പോലും തയ്യാറായില്ല.

കുട്ടി ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ പറ ഞാൻ കൊണ്ടാക്കാം കുട്ടിയെ അയാളുടെ അടുത്ത്.

മിണ്ടാതെ തലകുനിച്ചുള്ള നിൽപ്പ് മാത്രമായിരുന്നു അവളുടെ മറുപടി.

ഓഹ് നിങ്ങൾ വലിയവീട്ടിലെ കുട്ടികൾക്ക് എന്തുവേണേലും ആകാമല്ലോ അല്ലേ.ആരാ അയാൾ? കുട്ടിയെ അയാൾ സംരക്ഷിക്കുമോ?

അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അയാൾക്ക്‌ വല്ലാതെ ദേഷ്യം തോന്നി.

ഇതിനിടയിൽ എന്റെ പേര് എങ്ങനെ വന്നു. അതെനിക്കറിയണം. അയാളുടെ ശബ്ദം ദേഷ്യത്താൽ ഉയർന്നു.

എനിക്കൊന്നും അറിയില്ല.

അറിയില്ലേ, അയാളെ ഇഷ്ട്ടപ്പെടുന്നകാര്യം അച്ഛനോട് പറയണം. അല്ലാതെ എന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുവല്ല വേണ്ടത്

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ചേട്ടന്റെ പേര് പോലും എനിക്കറിയില്ല.ഒക്കെ അമ്മ പറഞ്ഞുണ്ടാക്കുന്നതാണ്. എന്നെ എങ്ങനെയെങ്കിലും ഇവിടെനിന്ന് ഒഴിവാക്കണം. കാശ് മുടക്കില്ലാതെ ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കണംഅത്രേ ഉളളൂ അവർക്ക്.

കുട്ടിക്ക് ഇത് അച്ഛനോട് പറഞ്ഞൂടെ…?

അവളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു. ഉറങ്ങുന്നവരെയല്ലേ ഉണർത്താൻ പറ്റൂ, ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റോ…

പതിയെ പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു, പെട്ടന്ന് എന്തോ ഓർത്തവൾ തിരികെ വന്നു.

🌷🌷🌷🌷🌷
തുടരും