18/04/2026

താലി ബന്ധനം : ഭാഗം 06

രചന – സെലുനിസു

അവർ ഞെട്ടിപിടഞ്ഞു അകന്ന് മാറി…

ഹരിക്കുട്ടാ….. നീ എന്തെടുക്കുവാ.. വാതിൽ തുറന്നേ…

ന്റെ കൃഷ്ണാ … അമ്മായി… അപ്പോഴേ ഞാൻ പറഞ്ഞതാ വാതിൽ തുറക്കാൻ…. ഇപ്പൊ സമാധാനമായില്ലേ ഹരിയേട്ടന്. ഇനിയിപ്പോ എന്താ ചെയ്യാ….

നീ ഇങ്ങനെ പേടിക്കാതെ ലച്ചൂ… നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ….

ഓ… ചെയ്തിട്ടില്ല പോലും…ഈ കെട്ടിപിടിക്കലും ഉമ്മ വെപ്പൊക്കെ പിന്നെ ഏത് വകുപ്പിൽ പെട്ടതാ…

അത്രയല്ലേ ചെയ്തുള്ളു.. അല്ലാതെ നിന്നെ പീഡിപ്പിച്ചിട്ടൊന്നും ഇല്ലല്ലോ…. എന്നവൻ പറഞ്ഞതും അവൾ വാ തുറന്ന് അവനെ നോക്കി..

വാ അടക്കെടി.. വല്ല ഈച്ചയും കയറും…

ഹരിക്കുട്ടാ….

ഓഹ്…. എന്റെ വാ അടപ്പിക്കാതെ എന്തേലും ചെയ്യ് ഹരിയേട്ടാ… അമ്മായി ഇപ്പൊ ആ ഡോർ തല്ലി പൊളിക്കും…

ഹ്മ്മ്…നിന്റെ അല്ലെ അമ്മായി. അപ്പൊ അതിനപ്പുറം പ്രതീക്ഷിക്കാം…

ചളി അടിക്കാൻ പറ്റിയ ടൈം…ഞാൻ പോവാ….

എങ്ങോട്ട്…

ദേ.. ഞാനാ കട്ടിലിനടിയിൽ ഒളിക്കാം… ഹരിയേട്ടൻ പോയി വാതിൽ തുറക്ക്…

കട്ടിലിനടിയിൽ ഒളിക്കാൻ നീ എന്താ പഴുതാരയോ…. ആദ്യം നീ ആ ചിലങ്ക അഴിക്ക്….. അല്ലെങ്കിൽ അതിന് ഞാൻ വലിയ വില കൊടുക്കേണ്ടി വരും….എന്നവൻ പറഞ്ഞതും അവളത് പെട്ടന്ന് അഴിച്ചെടുത്ത് ടേബിളിലേക്ക് വെച്ചു….

ഇനി പോയി കതകിന്റെ അടുത്ത് നിൽക്ക്…എന്ത് വേണമെന്ന് എനിക്കറിയാം…എന്നവൻ പറഞ്ഞതും അവളൊന്ന് മൂളിക്കൊണ്ട് ഡോറിന് മറവിൽ ചെന്ന് നിന്നു….

ഹരി…..

ആ… ദാ വരുന്നു അമ്മാ… എന്നും പറഞ്ഞവൻ ലച്ചുവിനെ ഒന്ന് നോക്കി ഡോർ തുറന്നു….

ഉറക്കച്ചടവ് പോലെ കണ്ണ് തിരുമ്മി അവൻ മാലുവിന് മുമ്പിൽ നിന്നു…

എന്താ അമ്മാ… ഒന്നുറങ്ങാനും സമ്മതിക്കില്ലേ…

ഏഹ്… ഈ നേരത്ത് നിനക്ക് ഉറക്കം പതിവില്ലാത്തതാണല്ലോ…

ഉറക്കം വന്നു ഉറങ്ങി… അമ്മക്ക് ഇപ്പൊ എന്താ വേണ്ടേ…അത് പറ.

ഡാ… നീ ആ ലച്ചുവിനെ കണ്ടോ….

ആ ദേ എന്റെ പോക്കറ്റിൽ ഇരിക്കുന്നു എടുത്തോണ്ട് പോ എന്നും പറഞ്ഞവൻ പോക്കറ്റ് എടുത്ത് കാണിച്ചതും മാലു ഒന്ന് ചിരിച്ചു അവന്റെ കയ്യിന് ഒരടി കൊടുത്തു….

നിന്റെ ഒരു തമാശ… അവളെ കാണുന്നില്ലെടാ… ആ പിള്ളേരോട് ചോദിച്ചപ്പോ തൂക്കാൻ ഇങ്ങോട്ട് കയറി എന്നാ പറഞ്ഞേ….

അവളവിടെ എവിടെയെങ്കിലും കാണും…..അമ്മക്കിപ്പോ എന്തിനാ അവളെ….

നിനക്ക് ചക്ക പുഴുക്ക് ഇഷ്ട്ടമല്ലെടാ… ദേ… അപ്പുറത്ത് സീതേടെ വീട്ടിൽ ഇഷ്ട്ടം പോലുണ്ട്…. അത് ഇട്ട് കൊണ്ട് വരാനാ..

അതിനെന്തിനാ അവള്. അമ്മക്ക് കൊണ്ട് വന്നൂടെ…

ഓ… എന്നെ കൊണ്ടൊന്നും പറ്റില്ല….അതും വലിച്ചു കൊണ്ട് വരാൻ.. തന്നെയുമല്ല കോണിയൊക്കെ വെച്ച് കയറിയിട്ടൊക്കെ വേണം…. അവൾക്കാണേൽ അതൊക്കെ നന്നായിട്ടറിയാം…

നിങ്ങളൊക്കെ കൂടി അറിയിച്ച് കൊടുത്തെന്നു പറ….കിച്ചുവിനേം ശ്രീയേം പോലെ തന്നെ അല്ലെ അമ്മേ അവളും. എന്നിട്ടും എന്താ അവളോട് മാത്രം ഒരു ദേഷ്യം….

അതിനാരു ദേഷ്യപ്പെട്ടു… അവളല്ലേ ഇവിടെ മൂത്തത്… കിച്ചുവും ശ്രീയും കൊച്ചു പിള്ളേരല്ലേ.. അവർ വലുതായാൽ അവരെ കൊണ്ടും ജോലി എടുപ്പിക്കും..

ഹ്മ്മ്… നടന്നത് തന്നെ.. ഇതും പറഞ്ഞു അമ്മ അങ്ങോട്ട് ഒന്ന് ചെന്ന് നോക്ക്…തിരിച്ചു വന്നാൽ കാണാം…

നീ ഒന്ന് പോയെടാ ചെക്കാ… നീ കിടന്നുറങ്ങിക്കോ അതാ നല്ലത് … ഞാൻ ആ പെണ്ണിനെ നോക്കട്ടെ എന്നും പറഞ്ഞു മാലു പോയതും അവൻ ഡോർ അടച്ചു ഒന്ന് ശ്വാസമെടുത്തു ലച്ചുവിനെ നോക്കി….

ഹരിയേട്ടന് ചക്ക പുഴുക്ക് അത്രക്ക് ഇഷ്ട്ടാണോ…

എന്താടി ഇത്ര കാലമായിട്ടും നിനക്കത് അറിയില്ലേ..

ഈൗ… ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു…

ബെസ്റ്റ്… നിന്റെ പുറകെ നടന്നു നിന്റെ ഇഷ്ട്ടങ്ങളൊക്കെ ഞാൻ അറിഞ്ഞു വെച്ചില്ലേ….പിന്നെ നിനക്കെന്താ അങ്ങനെ പറ്റാഞ്ഞേ…

അതിന് എനിക്ക് ഹരിയേട്ടനോട് അന്ന് പ്രണയമൊന്നും ഉണ്ടായിരുന്നില്ലല്ലോ…

ഓ… എന്നിട്ട് ഇപ്പൊ ഉണ്ടോ…

ഏയ്‌.. ഇപ്പഴും ഇല്ലാ എന്നും പറഞ്ഞവൾ ചിരിച്ചതും അവനും അവളെ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു….

ഇളിച്ചോണ്ട് നിന്ന് പണി വാങ്ങിക്കാതെ ജോലിക്കാരി ചെല്ല്…. നിന്റെ പുന്നാര അമ്മായി മരുമോളെ തപ്പി ക്ഷീണിച്ചു കാണും. ചെന്ന് കുറച്ചു ബൂസ്റ്റ്‌ കലക്കി കൊടുക്ക്…. എന്നവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചു ടേബിളിൽ ഇരുന്ന ചിലങ്ക എടുത്ത് അവന്റെ കവിളിൽ പിച്ചി ഡോർ തുറന്നു പുറത്തേക്കിറങ്ങി….

അവൾ പോയതും നോക്കി ഒരു ചിരിയാലെ അവൻ ബെഡിലേക്ക് കിടന്നു….

ഹരിയേട്ടാ…

ഏഹ്… നീ പോയില്ലേ…

ഞാൻ ചൂൽ എടുത്തില്ല…. എടുത്തോട്ടെ…

ആ.. വന്നെടുത്തോ എന്നും പറഞ്ഞവൻ ബെഡിൽ എഴുന്നേറ്റിരുന്നു…

ലച്ചൂ… ചക്ക പുഴുക്ക് കിട്ടുവോടി…

ആ… ഞാനൊന്ന് നോക്കട്ടെ… എനിക്ക് ഇതൊക്കെ വാങ്ങി തന്നതല്ലേ അപ്പൊ ഒരു ചക്ക പുഴുക്കെങ്കിലും തിരികെ തരണ്ടേ എന്നും പറഞ്ഞവൾ ചിലങ്കയിൽ ഒന്ന് തലോടി…..

ഡീ… നിനക്ക് കുറച്ച് കൂടുന്നുണ്ട്.

അഹ്‌ണോ… കണക്കായി പോയി.. എന്നും പറഞ്ഞവൾ ദാവണി തുമ്പെടത്ത് എളിയിൽ കുത്തി അവനെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്കിറങ്ങി… ചിലങ്ക കൊണ്ട് പോയി തന്റെ മുറിയിൽ വെച്ച് പുറത്തേക്കിറങ്ങിയതും ദേ നിക്കുന്നു അമ്മായി മുന്നിൽ… ആദ്യം അവളൊന്ന് പകച്ചെങ്കിലും ഒരു വിളറിയ ചിരി കൊടുത്തവൾ പിടിച്ചു നിന്നു….

എവിടെ പോയി കിടക്കുവായിരുന്നെടി…ഞാൻ എവിടെയെല്ലാം നോക്കി…

അത്… ഞാൻ…. ആ… തൊടിയിൽ പണിക്കാരുണ്ടോന്ന് നോക്കാൻ പോയിരിക്കുവായിരുന്നു…

ഏഹ്… അതിന് ഇന്നലെ മാധവൻ പറഞ്ഞതല്ലേ ഇന്ന് പണിക്കാരുണ്ടാവില്ലാന്ന്. അപ്പൊ നീയും അവിടെ ഉണ്ടായിരുന്നല്ലോ…

അഹ്.. ആണല്ലേ…അത് ഞാൻ മറന്നു പോയതാ…

മ്മ്…

അല്ല…അമ്മായി എന്തിനാ എന്നെ അന്വേഷിച്ചേ..

നീ ആ സീതേടെ വീട്ടിൽ പോയി ഒരു ചക്ക ഇട്ടേച്ചും വാ.. ഹരിക്കുട്ടന് വല്ല്യ ഇഷ്ട്ടവാ ചക്ക പുഴുക്ക്…പെട്ടന്ന് വേണം…

ആ ഞാൻ തൂത്തിട്ട് പൊക്കോളാം എന്നും പറഞ്ഞവൾ ഓരോ മുറിയും തൂത്തിറങ്ങി….

സീതേച്ചി…. സീതേച്ചി…

ആരിത്… ലച്ചൂസോ… നിന്നെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ…

തിരക്കല്ലേ സീതേച്ചി അതാ….

എന്നിട്ടിപ്പോ തിരക്കൊഴിഞ്ഞോ…

ഏയ്‌… ഹരിയേട്ടൻ വന്നിട്ടുണ്ട്..അപ്പൊ ചക്ക ഇട്ടോണ്ട് ചെല്ലാൻ അമ്മായി പറഞ്ഞു അതാ…

ഏഹ് ഹരി എപ്പൊ എത്തി…

ഇന്നലെ വൈകീട്ട്…

അപ്പൊ അവന്റെ ക്ലാസ്സ്‌ കഴിഞ്ഞോ…

ഇല്ലാ… കുറച്ച് ദിവസം കഴിഞ്ഞാ പോവും…

അഹ്… ചക്ക കുറച്ച് മുകളിലാണല്ലോടി….ഏണി വെച്ച് കയറുവോ നീ… ഇല്ലേൽ ഞാൻ മനുവിനെ വിളിക്കാം…

ഏഹ്… മനുവേട്ടൻ ഇവിടെ ഉണ്ടോ ..അപ്പൊ ഇന്ന് ഓട്ടോയിൽ പോയില്ലേ..

ഇല്ലാ… നേരം വെളുത്തപ്പോ തൊട്ട് ആ കുന്ത്രാണ്ടത്തിൽ കുത്തിയിരിപ്പുണ്ട്…

കുന്ത്രാണ്ടവോ….. അതെന്താ…

ഓ… എന്റെ ലച്ചൂ…മൊബൈൽ ഫോൺ…

ഓഹ്… അതാണോ…

ആഹ്… അതെന്നെ… ഇപ്പോഴത്തെ പിള്ളേർ ഏത് നേരവും അതിൽ തന്നെയല്ലേ….

അഹ്…. അതും ശരിയാ…അത് പോട്ടെ മിനി വിളിച്ചിരുന്നോ സീതേച്ചി…

ആ വിളിച്ചിരുന്നു…നിന്നേ ചോദിച്ചവൾ…

ആ…. ഇനി വിളിക്കുമ്പോ ഞാനും ചോദിച്ചെന്ന് പറയണേ…

ആ പറയാം….

ആഹ്… ഏണി എവിടെയാ സീതേച്ചി…

ദേ അപ്പുറത്ത് ചാരി വെച്ചിട്ടുണ്ട്…ഞാൻ എടുത്ത് തരണോ…

ഏയ്‌… വേണ്ടാ ഞാൻ എടുത്തോളാം എന്നും പറഞ്ഞവൾ പിന്നാമ്പുറത്തു പോയി ഏണി കൊണ്ട് വന്നു പ്ലാവിൻമേൽ ചാരി വെച്ചു…..പാവാട കുറച്ച് പൊക്കി കുത്തി ദാവണി തുമ്പെടുത്ത് എളിയിലും കുത്തി…. തോട്ടി എടുത്തവൾ പതിയെ ഏണിയിലേക്ക് കയറി…

ഏയ്‌ ലച്ചൂ എന്താടോ ചെയ്യുന്നേ…

ആഹാ… ആരിത്… എന്തേ പുറത്തേക്കിറങ്ങി..ഫോണിലെ ചാർജ് തീർന്ന് കാണുംലെ…..

ഏഹ്… നിനക്കെങ്ങനെ മനസ്സിലായി ഞാൻ ഫോണിലായിരുന്നെന്ന്..

സീതേച്ചി പറഞ്ഞായിരുന്നു…

ഓ… അതാണോ.. ഞാൻ കരുതി നിനക്ക് വല്ല ദിവ്യ ദൃഷ്ട്ടിയും കിട്ടിയെന്ന്…

തമാശയാ… ചിരിക്കണോ ഞാൻ….

ഓ… വേണ്ടായേ…അല്ല നീ ഇത് എന്തിനുള്ള പുറപ്പാടാ…

മനുവേട്ടന് കണ്ണ് കണ്ടൂടെ.. ചക്ക ഇടുവാ…

ഏഹ്… നീയോ.. ഇങ് ഇറങ്ങെടി ഞാൻ ചെയ്യാം….

ഓ… വേണ്ടാ.. ഇതൊക്കെ ഞാൻ ചെയ്യുന്നതാ…. ഇയാൾ ചെന്ന് ഫോണിൽ ചാർജ് ആയോന്ന് നോക്ക്..

പറഞ്ഞത് അനുസരിക്ക് പെണ്ണേ…ഇങ് ഇറങ്ങി വാടി എന്നും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു താഴെക്കിറക്കാൻ നോക്കിയതും കാൽ തെന്നി അവൾ വീഴാൻ പോയി……. അത് കണ്ട് പെട്ടന്നവൻ അവളുടെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് പിടിച്ചു….

ഇതെല്ലാം അപ്പുറത്ത് നിന്ന് കണ്ട ഹരി അതീവ ദേഷ്യത്തോടെ അവരെ നോക്കി നിന്നു….

ഇപ്പൊ എന്തായെടി ഞാൻ പിടിച്ചില്ലേൽ കാണായിരുന്നു….

മനുവേട്ടൻ കയ്യിൽ പിടിച്ചു വലിച്ചിട്ടല്ലേ വീഴാൻ പോയത്…

നിന്ന് വായിട്ടലക്കാതെ മാറി നിക്കെടി ഉണ്ടക്കണ്ണി….

ദേ മനുവേട്ടാ.. എന്നെ അങ്ങനെ വിളിക്കരുതെന്ന് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്…

ഓ… പിന്നെ ഞാൻ ഇനിയും വിളിക്കും… നീ പോയി കേസ് കൊടുക്ക്…

സീതേച്ചി…. ദേ കണ്ടോ…

ഡാ.. നീ അവളെ ദേഷ്യം പിടിപ്പിക്കാതെ അതിട്ടു കൊടുത്തേ.. ആ കൊച്ചിന് അവിടെ പണി ഉണ്ടാവും….

അതിനവൻ ഒന്ന് ചിരിച്ചു ചക്ക ഇട്ട് കൊടുത്തതും അവളൊന്ന് മുഖം കോട്ടി അതെടുത്തു….

സീതേച്ചി ഞാൻ പോയി…. മിനി ഇനി എന്നാ വരുവാ എന്ന് വല്ലതും പറഞ്ഞോ ….

മറ്റന്നാൾ നിങ്ങടെ റിസൾട്ട്‌ അറിയുവല്ലേ… അന്ന് വരുമായിരിക്കും…

അഹ്… ശരിയെന്നാ…

ഡീ… ഒരു താങ്ക്സ് എങ്കിലും പറഞ്ഞിട്ട് പോടീ…

പിന്നെ… ഞാൻ പറഞ്ഞോ ഇയാളോട് ഇട്ട് തരാൻ….പോ അവിടന്ന്…. എന്നും പറഞ്ഞവൾ അവനൊന്ന് കൊഞ്ഞനം കുത്തി അവിടെ നിന്ന് നടന്നു…..

അവൾ പോയ വഴിയേ നോക്കി അവനൊന്ന് ചിരിച്ചു അകത്തേക്ക് കയറി…

ചക്കയും കൊണ്ടവൾ ഉമ്മറത്തേക്ക് കയറിയതും ഹരി കയ്യും കെട്ടി അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി….

അവനെ കണ്ട ഉടൻ അവളൊന്ന് ചിരിച്ചെങ്കിലും അവൻ അതേ മുഖത്തോടെ അവളെ നോക്കി നിന്നു….

പെട്ടന്ന് ഇതെന്ത് പറ്റി എന്ന നിലക്ക് അവൾ അവനെ ഒന്ന് നോക്കിയതും അവന്റെ രൂക്ഷമായ നോട്ടം കണ്ടവൾ തല താഴ്ത്തി പിടിച്ചു അവനെ മറികടന്നു പോവാൻ നോക്കി…

നിക്കെടി അവിടെ….

എന്നവൻ ഒച്ചയിട്ടതും. മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെച്ച് അവനെ നോക്കി…

എ… എന്താ…..

എന്തേ പോന്നത്… അവന്റെ കൂടെ അവിടെ തന്നെ നിന്നൂടായിരുന്നോ…

ആരെ കൂടെ….

ഓ… അവൾക്കൊന്നും അറിയില്ല….. മിടിയും വലിച്ചു കയറ്റി അവൾ സീൻ കാണിക്കാൻ ഇറങ്ങിയിരിക്കുവാ….

സീൻ കാണിക്കാനോ…. എന്ത് സീൻ…

ദേ… എന്നെ കൊണ്ട് പറയിപ്പിക്കരുത്… മേലാൽ ദാവണിയും ഉടുത്ത് ഈ വീടിനു പുറത്തേക്കിറങ്ങിയാൽ വലിച്ചു കത്തിച്ചു കളയും ഞാൻ…. എന്നും പറഞ്ഞവൻ ഉമ്മറത്തെ ടേബിളിലേക്ക് കൈ അടിച്ചതും അവൾ ഒന്ന് ഞെട്ടി പുറകോട്ട് മാറി…

എന്താ ഹരി ഇവിടൊരു ശബ്ദം കേട്ടത്…എന്നും ചോദിച്ചു ശ്യാമ അങ്ങോട്ട് വന്നതും ഹരി ദേഷ്യം കടിച്ചമർത്തി ലച്ചുവിനെ ഒന്ന് നോക്കി…..

അവളപ്പോ അവനെ തന്നെ നോക്കി നിക്കുവാണ്…

ഹരി ചോദിച്ചത് കേട്ടില്ലേ… എന്താ ഇവിടൊരു ശബ്ദം കേട്ടതെന്ന്..

അത് ഒന്നൂല്ല ചെറിയമ്മായി… ഞാനൊന്ന് വീഴാൻ പോയതാ …

അയ്യോ.. എന്നിട്ട് എന്തേലും പറ്റിയോടാ…

ഏയ്‌… ഇല്ലാ… എന്നും പറഞ്ഞവൻ ലച്ചുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി അകത്തേക്ക് കയറി പോയി….

ലച്ചൂ…. നീ എന്താ അതും കൊണ്ട് അവിടെ തന്നെ നിക്കുന്നേ….കൊണ്ട് പോയി അടുക്കളയിൽ വെക്ക് എന്ന് ശ്യാമ പറഞ്ഞതും അവളൊന്ന് തലയാട്ടി അതുമായി അകത്തേക്ക് പോയി…

ഓരോ ജോലി ചെയ്യുമ്പോഴും ഹരിയുടെ ദേഷ്യത്തിന്റെ കാരണം എന്തെന്ന് അറിയാതെ അവളുടെ ഉള്ളം കിടന്ന് വിങ്ങുന്നുണ്ടായിരുന്നു…

ഹരിക്ക് ഏറ്റവും ഇഷ്ട്ടമുള്ളതാണെന്ന് പറഞ്ഞത് കൊണ്ട് തന്നെ അവൾ തന്നെ ആയിരുന്നു ചക്ക പുഴുക്ക് തയ്യാറാക്കിയത്… എല്ലാം കഴിഞ്ഞ് അവൾ അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങിയതും ഹരി ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു….

ഹരിയേട്ടാ…. എന്നവളുടെ വിളി കേൾക്കാത്തത് പോൽ അവൻ അവിടെ നിന്ന് ഉമ്മറത്തേക്ക് ഇറങ്ങിയതും ..അവൾ ദയനീയ ഭാവത്തോടെ അവനെ നോക്കി നിന്നു…….

തുടരും….