25/05/2026

ഒരിക്കൽ കൂടി : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ

ഇനി എന്തൊക്കെ പറഞ്ഞാലും. നമ്മൾ ഒരുമിച്ചു പോകില്ല.

ഇല്ലെങ്കിൽ വേണ്ട, ഒരുമിച്ചു ജീവിക്കാൻ ആഗ്രഹമില്ലെങ്കിൽ അങ്ങനെ തന്നെ ആവട്ടെ.നിള പറഞ്ഞു.

പെട്ടന്നാണ് കാളിങ് ബെൽശബ്ദിച്ചത്.
നിന്റെ പപ്പയും അമ്മയും ആയിരിക്കും. ഞാനാണവരെ വിളിച്ചത്.

നിള അവനെ മിഴിച്ചു നോക്കി.

അയാൾ ചെന്ന് വാതിൽ തുറന്നു.

എന്താ ഗൗതം പെട്ടന്ന് വരണമെന്ന് പറഞ്ഞത്?
നിളയുടെ പപ്പ ചോദിച്ചു.

ഇരുനിറമുള്ള, നല്ല ഉയരവും അതിനൊത്തവണ്ണവുമുള്ള അമ്പത്തിരണ്ടുകാരനാണ് അയാൾ.

എന്താ മോളേ… അമ്മ അവളുടെ അടുത്തേക്ക് ചെന്നു.

ഉയരം കുറഞ്ഞ് വെളുത്ത, മുഖത്തെപ്പോഴും ഒരു പുഞ്ചിരി സൂക്ഷിക്കുന്ന നാല്പത്തിഒൻപതുകാരിയാണ് അമ്മ.

എന്താ രണ്ടാളും ഒന്നും പറയാത്തത്?

അവർ ഗൗതമിന്റെയും നിളയുടെയും നേർക്ക് മാറിമാറി നോക്കി.

.എനിക്കിവൾ ഒരു സമാദാനവും തരുന്നില്ല, മടുത്തു ഞാൻ. എനിക്കാവില്ല ഇങ്ങനെ ജീവിക്കാൻ.പപ്പക്ക് അറിയാമല്ലോ എന്റെ അമ്മ മരിച്ചതോടെ എനിക്ക് എന്റെ അച്ഛൻ മാത്രേ ഉള്ളൂ..
ഇവൾ വന്നതോടെ,നമുക്ക്ആ വീട്ടിൽ നിന്നും മാറണം എന്ന് പറഞ്ഞ് എന്നും വഴക്കായിരുന്നു എന്നോട്. അങ്ങനെ ഞങ്ങൾ ഇവിടെ വാടകക്ക് താമസമാക്കി.
എന്റെ അച്ഛൻ ആ വീട്ടിൽ ഒറ്റക്കാണ്.എന്നിട്ടും ഞാൻ ഇവളുടെ സന്തോഷത്തിനായി ഈ ഫ്ലാറ്റ് എടുത്തു.
എന്നിട്ടും എനിക്ക് ഒരു നിമിഷം തലക്ക് സമാധാനം തരില്ല.മടുത്തു ഞാൻ.

ഗൗതം ദേഷ്യത്തോടെ തല കുടഞ്ഞു.

റിലാക്സ്… പപ്പ അയാളുടെ തോളിൽ തട്ടി.
വിഷമിക്കാതിരിക്കൂ… നമുക്ക് സംസാരിക്കാം, ഒക്കെ ശരിയാകും.

ഒന്നും ശരിയാകാൻ പോകുന്നില്ല. ഗൗതം പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി. ഇന്നല്ലെങ്കിൽ നാളെ ഒക്കെ ശരിയാകും എന്ന് കരുതി. പക്ഷെ… ദിവസവും ഇവളുടെ സ്വാർത്ഥത കൂടി വരുകയാണ്.
ഞാനെന്താ ഇവളുടെ അടിമ ആണെന്നാണോ ഇവളുടെ വിചാരം?

പ്രശ്നങ്ങൾ ഒക്കെ നമുക്ക് പരിഹരിക്കാം ഗൗതം.ഇപ്പോൾ നിള കുറച്ചു ദിവസം
ഞങ്ങളുടെ കൂടെ വന്നു നിൽക്കട്ടെ.

അയാൾ പറഞ്ഞു.

നിള ഒന്നും പറയാതെ നിലത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.

വരൂ മോളേ.. അയാൾ അവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു.

ഗൗതം കസേരയിലേക്ക് ഇരുന്നു.
താനീ ചെയ്യുന്നതൊക്കെ തെറ്റാണോ ശരിയാണോ എന്ന് അയാൾക്ക്‌ അറിയില്ലായിരുന്നു.

മോനേ… നിളയുടെ അമ്മ അവന്റെ നിറുകയിൽ തലോടി. വിഷമിക്കാതിരിക്ക്… നിള ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടതാണോ അത്രയും പ്രിയപ്പെട്ടതാണ് മോനും ഞങ്ങൾക്ക്.

ഒന്നുകൊണ്ടും വിഷമിക്കണ്ട.. എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്താം.

അയാൾ അമ്മയുടെ കൈയിൽ പിടിച്ചു തന്റെ കവിളോട് ചേർത്ത് വച്ചു.

പത്തു വയസിൽ അമ്മ നഷ്ട്ടപ്പെട്ട അവന് ആ തലോടൽ ഒരാശ്വാസമായിരുന്നു.

സമാധാനമായിട്ടിരിക്ക്. അവർ പുറത്തേക്ക് പോയി

അവന് ആകെ ശൂന്യത തോന്നി.

പക്ഷെ ഇപ്പോൾ കടുത്തചങ്ങലക്കണ്ണിയിൽ നിന്നും രക്ഷപ്പെട്ട പോലെ ഉള്ളിൽ എവിടെയോ ഒരാശ്വാസവും തോന്നുന്നുണ്ട്.

ഇന്ന് ഓഫീസിൽ പോകാൻ തോന്നുന്നില്ല.

അയാൾ ബാൽക്കണിയിൽ വന്നിരുന്നു.
ഉള്ള സ്ഥലത്തൊക്കെ ചെറിയ ചട്ടികളിൽ നിറഞ്ഞു പൂത്തുനിൽക്കുന്ന ചെടികൾ.താനും നിളയും എവിടെ ചെടികൾ കണ്ടാലും വാങ്ങിക്കും.
അവയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് കൊടുത്തു അയാൾ.

കുറേ നേരം അയാൾ അവിടിരുന്നു.

അച്ഛനെ കാണാൻ വല്ലാത്ത കൊതി തോന്നുന്നു.

ഇന്ന് വീട്ടിൽ പോകണം.

അല്ലെങ്കിലും ഇടയ്ക്കിടെ താൻ ചെല്ലാറുണ്ട്. അച്ഛന് പരിഭവം ഒന്നുമില്ല.

നീയിങ്ങനെ എല്ലാ ആഴ്ചയും ഓടി വരണ്ട. അച്ഛനിവിടെ ഒരു കുഴപ്പവും ഇല്ല എന്ന് പറയും.
പറമ്പിൽ മിക്കവാറും പണിക്കാർ ഉണ്ടാകും. പിന്നെ വൈകിട്ട് കൂട്ടുകാർക്കൊപ്പം സിറ്റിയിൽ ഒക്കെ പോകും.
ഞാനത്ര വയസൻ ഒന്നും ആയിട്ടില്ലെടാ എന്ന് കളിയായി പറയും.

ശരിയാണ്…അച്ഛന് അത്ര വയസൻ ഒന്നുമല്ലെന്ന് താനും പറയും.
പക്ഷെ അച്ഛന് ഈ ലോകത്തിൽ ഞാൻ മാത്രേ ഉള്ളൂ…

എന്നിട്ടും നിളയുടെ നിർബന്ധത്തിൽ ഇങ്ങോട്ട് താമസം മാറി.

അച്ഛന് അതിൽ ഒരു പരിഭവവും ഇല്ലായിരുന്നു. ഓഫീസിൽ പോകാൻ അതല്ലേ എളുപ്പം എന്ന് അച്ഛനും പറഞ്ഞു.

പക്ഷെ എനിക്കറിയാം ആ മനസ്സ്…നൊന്തുപിടഞ്ഞത്.

നിളക്ക് പക്ഷെ ഞാൻ മാത്രം മതി.ആയിക്കോട്ടെ….എങ്കിലും എനിക്ക് ഒരു ഇത്തിരി നേരം എങ്കിലും സ്വന്തമായി വേണ്ടേ.

***********

അയാൾ പാടവരമ്പത്തു കൂടെ നടന്നു.തണുത്ത കാറ്റ് മുഖത്തേക്ക് വീശിയടിക്കുന്നു.
എങ്ങുനിന്നോ കുയിൽ ഉച്ചത്തിൽ പാടുന്നുണ്ട്.

ഗൗതമിന് ആകെയൊരു ശാന്തത തോന്നി.

അയാൾ വീട്ട് മുറ്റത്തേക്ക് കയറി. അച്ഛൻ മുറ്റത്തെ ചാമ്പമരത്തിൻ കീഴിൽ ഇട്ട കസേരയിൽ ഇരുന്ന് എന്തോ വായിക്കുകയാണ്.

കാൽപെരുമാറ്റം കേട്ട് അയാൾ തല ഉയർത്തി നോക്കി.

ആഹാ… നീയാണോ..?ഇന്നെന്താ ജോലി ഇല്ലേ..

ഇല്ലച്ഛാ.

മോളെവിടെ…

അവൾക്കു ജോലി ഉണ്ട്.

നീ കയറി വാ… നല്ല നീലക്കാച്ചിൽ കിട്ടിയിട്ടുണ്ട്.
അതും പുഴുങ്ങി ഇച്ചിരെ കാന്താരിയും അരച്ച് കഴിച്ചപ്പോൾ ഞാൻ ഓർത്തിരുന്നു, നീ വന്നാൽ വയർ നിറയെ കഴിച്ചോളുമല്ലോ എന്ന്.
നിനക്ക് ഏറെ ഇഷ്ട്ടമുള്ള വിഭവം അല്ലേ..

അയാൾ ചിരിച്ചു.

നീയാദ്യം കുളത്തിൽപോയി
മുങ്ങി കുളിക്ക് ഒന്നുഷാറാവട്ടെ…

ശരി അച്ഛാ…

************

നിള മുറിയിൽ ഇരിക്കുകയായിരുന്നു.
അച്ഛനോ അമ്മയോ തന്നോട് ഒന്നും ചോദിച്ചില്ല.

ഉപദേശം പേടിച്ചാണ് ഇരുന്നത്. പക്ഷെ ഒന്നുമുണ്ടായില്ല.

ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിട്ടും അവൾ ഇറങ്ങി ചെന്നില്ല.
മനസാകെ മടുത്തിരിക്കുന്നു.

ദിവസങ്ങൾ അതിവേഗം കടന്നു പോയി.

നിള പതിവ് പോലെ ജോലിക്ക് പോയിത്തുടങ്ങി.
എങ്കിലും പഴയ കുസൃതിയോ, ചിരിയോ ഇല്ലാത്ത അവളെ കാണുമ്പോൾ പപ്പയും അമ്മയും വല്ലാതെ സങ്കടപ്പെട്ടു.

ആറേഴ് ദിവസമായി നിള വന്നിട്ട്. അവളായിട്ട് എല്ലാം തുറന്നു പറയും എന്ന് കരുതി ഒന്നും അവളോട്‌ ചോദിച്ചില്ല.പക്ഷെ അവളായിട്ട് ഒന്നും പറയുന്നില്ല.

ഇനി അവളോട്‌ കാര്യങ്ങൾ ഒക്കെ ചോദിക്കണം. തെറ്റ് നിളയുടെ ഭാഗത്താണെങ്കിൽ അത് തിരുത്താൻ അവൾ തയ്യാറാകണം. നമ്മുടെ മോൾ കാരണം ഒരാൾ വിഷമിക്കാൻ പാടില്ല. നിളയുടെ അമ്മ പറഞ്ഞു.

ഞാനത് ആലോചിച്ചു. രണ്ടുപേരെയും ഇരുത്തിക്കൊണ്ട് വേണം കാര്യങ്ങൾ ചോദിക്കാൻ.അല്ലെങ്കിൽ ഒരു പ്രയോജനവും ഉണ്ടാവില്ല.

അതും ശരിയാണ്.

ഗൗതമിന്റെ അച്ഛനോട് ഒന്ന് സംസാരിക്കണം. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. കാര്യങ്ങൾ ഒക്കെ കേട്ട് കഴിയുമ്പോൾ എന്ത് പറയും എന്ന് നോക്കാം.

സത്യം പറഞ്ഞാൽ ഗൗതമും നിളയും മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.

ആയിരിക്കാം, അല്ലായിരിക്കാം. നമ്മൾ എന്തായാലും അവിടെ ഒന്ന് പോകുന്നു.

നിള വരുമോ എന്നാണ് എന്റെ സംശയം. അമ്മ പറഞ്ഞു.

നമുക്ക് നോക്കാം. എന്തായാലും ഇതിങ്ങനെ നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല.

********

നിള അതിരാവിലെ എഴുന്നേറ്റു.
ഒന്നിനും ഒരുത്സാഹവും തോന്നുന്നില്ല.
ആരും ഇല്ലാത്തതുപോലെ, താൻ തീർത്തും അനാഥയാണെന്ന് അവൾക്ക് തോന്നി.
എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്?
ജീവനായി കരുതിയവൻ ഇതുവരെ ഒന്ന് വിളിച്ചത് പോലുമില്ല.
തന്റെ സർവ്വവും അയാൾ മാത്രമായിരുന്നു.
എന്നിട്ടും…..

ജീവിതത്തിന് ഒരർത്ഥവും ഇല്ലാതായിരിക്കുന്നു.

ഇനിയെന്തിനിങ്ങനെ?
അവൾ സ്വയം ചോദിച്ചു.

**********
തുടരും.