രചന – നിള നന്ദ
തിരികെ വീട്ടിലേക്ക് ഉള്ള യാത്രയിൽ ലന മൗനം പാലിച്ചു.. വല്ലാതെ സങ്കടവും ദേഷ്യവും ഒക്കെ തോന്നി അവൾക്ക്.. എന്നോട് ഒന്ന് സംസാരിക്കാമായിരുന്നില്ലേ.. വേണ്ടാ.. ഒന്ന് നോക്കുകകയെങ്കിലും.. ചെറുതായി ഒന്ന് ചിരിക്കുകയെങ്കിലും.. എന്തിനാ ഇങ്ങനെ..
നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് ലന പുറത്തേക്ക് നോക്കി ഇരുന്നു..
സാരംഗ് ചിരിയോടെ അവളെ ഇടയ്ക്ക് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..
വീട്ടിൽ എത്തിയതും ലന റൂമിൽ ചെന്ന് കണ്ണുകൾ അടച്ച് കിടന്നു.. മനസ്സിനെ എന്തൊക്കെയോ അലട്ടുന്നു.. ആകെ ഒരു വീർപ്പുമുട്ടൽ.. ഫോൺ എടുത്ത് ഗീതുവിനെ വിളിച്ച് കുറച്ച് നേരം സംസാരിച്ചു.. ഫോൺ വെയ്ക്കുമ്പോൾ മനസ്സ് കുറെയൊക്കെ ശാന്തമായിരുന്നു..
പ്രത്യേകതകൾ ഒന്നും ഇല്ലാതെ ഓരോ ദിവസവും കടന്ന് പോയി.. എല്ലാവരെയും എന്നും വിളിച്ച് സംസാരിക്കാറുണ്ട്.. ഇടയ്ക്കൊക്കെ രോഹിണിയും സനയും ലനയും ആയി കോൺഫറൻസ് കാളിൽ സംസാരിക്കാറുണ്ട്.. രോഹിണിയോടൊ രോഹനോടോ സംസാരിക്കുമ്പോൾ മാനവിനെ കുറിച്ച് ചോദിക്കാൻ ലനയ്ക്ക് ഉള്ളിൽ ഉള്ളിൽ വല്ലാത്ത മോഹം ഉണ്ടായിരുന്നു.. എങ്കിലും എന്തോ അവളെ പിന്നോട്ട് വലിച്ചു.. അവനെ പറ്റി അവർ എന്തെങ്കിലും ഇങ്ങോട്ട് പറയുമായിരിക്കും എന്ന് കരുതിയാൽ അതും ഉണ്ടായില്ല.. ഓരോ തവണയും അവൾക്ക് നിരാശ തോന്നി..
സാരംഗിനോട് എങ്കിലും മാനവിനെ പറ്റി തിരക്കിയാലോ എന്നവൾ ഇടയ്ക്ക് ഓർക്കും.. അവർ തമ്മിൽ സംസാരിക്കാതെ ഇരിക്കില്ലെന്ന് അവൾക്ക് അറിയാം.. ചോദിക്കാമെന്ന് കരുതി മാനവിന്റെ അടുത്ത് പോവും.. പിന്നെ ചോദിക്കാതെ മറ്റെന്തെങ്കിലും കാര്യം പറയും..
താൻ അവനെ പ്രണയിക്കുന്നുണ്ടോ..
ഇടയ്ക്ക് അവൾ അവളോട് തന്നെ ചോദിക്കും..
ഒരു മറുപടി തരാതെ ഓരോ തവണയും മനസ്സ് അവളെ കളിപ്പിച്ചുകൊണ്ടിരുന്നു..
അവനെ കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ ഒരു ഉണർവ് ആണ്.. അവനെ കുറിച്ച് അറിയാതിരിക്കുമ്പോൾ ഒരു വേദനയും.. ഇതാണോ പ്രണയം..
അന്നൊരു ശനിയാഴ്ച ആയിരുന്നു..
നേരിയ തലവേദന തോന്നിയത് കൊണ്ട് ലന നേരത്തെ കിടന്നു.. കണ്ണൊന് അടഞ്ഞു പോയപ്പോൾ ആണ് ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടത്.. എങ്ങനെയോ എണീറ്റിരുന്ന് ടേബിളിൽ ഇരുന്ന ഫോൺ കയ്യെത്തിച്ച് എടുത്തു..
പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു..
ആരായിരിക്കും എന്നൊരു നിമിഷം ചിന്തിച്ചിരുന്നു ഇരുന്നു അവൾ.. അപ്പോഴേക്കും അവസാന റിങും കഴിഞ്ഞ് കാൾ കട്ട് ആയിരുന്നു.. അടുത്ത നിമിഷം തന്നെ ഫോൺ പിന്നെയും റിംഗ് ചെയ്തു.. കാൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു..
” ഹലോ ആരാ..? ”
നേർത്ത ശബ്ദതത്തിൽ അവൾ ചോദിച്ചു..
” ഞാൻ മാനവ് ആണ്.. ”
അപ്പുറത്ത് നിന്ന് അവന്റെ ശബ്‌ദം കേട്ടതും ഒരുവേള അവൾ നിശബ്ദതയായി.. വിശ്വാസം വരാതെ ഫോൺ ചെവിയിൽ നിന്ന് എടുത്ത് അതിലേക്ക് നോക്കി പിന്നെയും ചെവിയോട് ചേർത്ത് വെച്ചു..
” ഹലോ.. ലയ.. ”
അവളിൽ നിന്ന് പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ അവൻ ആദ്രമായി വിളിച്ചു..
” ആഹ് പറയ്.. ”
ചെറുതായി ചമ്മൽ തോന്നി അവൾക്ക്..
” സുഖമാണോ തനിക്ക്..? ”
” മ്മ്.. അവിടെയോ..? ”
” ഇവിടെ ആർക്ക്..? ”
കുസൃതിയോടെ അവൻ ചോദിച്ചു..
” അത്.. മാനുവേട്ടന്.. ”
ചെറിയ മടിയോടെ ആണ് അവളത് ചോദിച്ചത്..
” ആഹ് സുഖമായിരിക്കുന്നു.. പിന്നെ താനെന്നെ മാനുവേട്ടാ എന്നൊന്നും വിളിക്കണ്ട.. മാനു എന്നോ മാനവ് എന്നോ വിളിച്ചാൽ മതി.. ”
ചിരിയോടെ അവൻ പറഞ്ഞു.. മറുപടി ആയി അവളൊന്ന് മൂളി..
” സ്റ്റഡി ഒക്കെ എങ്ങനെ ഉണ്ട്..? ”
” നന്നായി പോവുന്നു.. ”
പെട്ടന്ന് തന്നെ അവൾ മറുപടി പറഞ്ഞു..
പിന്നെന്ത് പറയും എന്നറിയാതെ രണ്ടാൾക്കിടയിലും മൗനം കടന്ന് വന്നു.. ആ മൗനത്തിനും ഒരു പ്രതേക സുഖം തോന്നി അവൾക്ക്..
” എന്നാ പിന്നെ ഞാൻ വയ്ക്കട്ടെ.. ”
കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം മാനവ് പറഞ്ഞു..
” മ്മ്.. ഗുഡ് നൈറ്റ്.. ”
” ഗുഡ് നൈറ്റ്.. ”
കാൾ കട്ട് ആയതും ഫോൺ നെഞ്ചോട് ചേർത്ത് ആണ് അവൾ കിടന്നത്.. ഇതുവരെ തോന്നിയിരുന്ന തലവേദന ആകെ വിട്ടുമാറിയത് പോലെ.. ചുണ്ടിൽ ഒരിളം പുഞ്ചിരിയോടെ ആണ് അവളന്നു ഉറങ്ങിയത്..
പിന്നീടുള്ള ദിവസങ്ങളിൽ ഇടയ്ക്കൊക്കെ മാനവ് ലനയെ വിളിക്കുമായിരുന്നു.. ഒന്നോ രണ്ടോ വാക്കിൽ ചോദ്യവും ഉത്തരവും കഴിയും.. കൂടുതലും രണ്ടാളും മൗനമാവും.. ആ മൗനമായിരുന്നു അവരുടെ പ്രണയം..
************************
നാലഞ്ചു മാസങ്ങൾ പെട്ടന്ന് കടന്ന് പോയി..
ഇന്ന് നിഖിലിന്റെയും മുക്തയുടെയും കല്യാണം ആണ്.. ഒരുപാട് സന്തോഷത്തോടെ ആണ് ലന പോവാൻ റെഡി ആയത്.. ഇന്നലെ ആയിരുന്നു അവളുടെ സെമസ്റ്റർ എക്സാം തീർന്നത്.. അതുകൊണ്ട് തലേദിവസം പോവാൻ പറ്റാത്തതിന്റെ ചെറിയ വിഷമം ഉണ്ട്.. സാരംഗ് ഇന്നലെ പോയിരുന്നു.. അച്ഛനും മായമ്മയും ലനയും ഒന്നിച്ചാണ് പോയത്..
കാറിൽ നിന്ന് ഇറങ്ങിയപ്പോഴോ കണ്ടു മാനവ് ആരോടോ സംസാരിച്ച് നിൽക്കുന്നത്.. ഒരുനിമിഷം അവൾ അവനെ നോക്കി.. അവന്റെ നോട്ടവും അവളുടെ നേരെ ആയിരുന്നു.. ലന പെട്ടന്ന് എന്തോ ഓർത്ത പോലെ അവന്റെ ഡ്രസ്സിലേക്ക് നോക്കി.. മെറൂൺ കളർ ഷർട്ടും വെള്ള മുണ്ടും ആയിരുന്നു അവന്റെ വേഷം.. അത് കണ്ടതും ലന സ്വന്തം ഡ്രസ്സിലേക്ക് നോക്കി.. മെറൂൺ കളർ ഉള്ള സിമ്പിൾ ആയൊരു സാരി ആയിരുന്നു അവൾ ഉടുത്തിരുന്നത്.. അവളുടെ നോട്ടം കണ്ട് മാനവ് ചിരിയോടെ നോക്കി..
” ചേച്ചി.. വന്നിട്ടെന്താ ഇവിടെ തന്നെ നിൽക്കുന്നത്.. അകത്തേക്ക് വാ.. ”
രോഹിണി വന്ന് വിളിച്ചതും ചിരിച്ചുകൊണ്ട് ലന അവൾക്കൊപ്പം നടന്നു.. മുന്നോട്ട് നടക്കുന്നതിന് ഇടയിൽ തിരിഞ്ഞ് മാനവിനെ ഒന്ന് നോക്കി.. അവളെ നോക്കി അവനൊന്ന് കണ്ണ് ചിമ്മി..
രോഹിണി ലനയെ കൊണ്ട് നേരെ പോയത് മുക്തയുടെ റൂമിലേക്ക് ആയിരുന്നു.. റൂമിൽ മുക്തയുടെ ഒപ്പം ശ്രേയയും സനയും ഉണ്ടായിരുന്നു..
” അഹ് വന്നോ.. കണ്ടില്ലല്ലോ എന്ന് ഞാൻ ഓർത്തെ ഉള്ളൂ.. ”
ലനയെ കണ്ടതും സന പറഞ്ഞു..
” കുറച്ച് കൂടി മുൻപേ എത്തിയേനെ.. ബ്ലോക്ക് കിട്ടി.. ”
ലന മറുപടി പറഞ്ഞു..
” എന്തൊക്കെ ഉണ്ട് ശ്രെയചേച്ചി വിശേഷം.. ”
ശ്രെയയെ നോക്കി ലന ചോദിച്ചു..
” സുഖമായിരിക്കുന്നു.. ”
ശ്രേയ മറുപടി പറഞ്ഞു..
സന തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് കണ്ട് രോഹിണി ഏന്തി വലിഞ്ഞു അങ്ങോട്ട് നോക്കി.. ആരോടോ സംസാരിച്ച് നിൽക്കുന്ന സാരംഗിനെ കണ്ടതും രോഹിണി സനയുടെ തലയിൽ പതുക്കെ കിഴുക്കി..
” എന്തുവാടി.. ”
തല ഉഴിഞ്ഞു സന രോഹിണിയെ രൂഷമായി നോക്കി..
” മുമ്മു ചേച്ചിയെയും നിഖിൽ ചേട്ടനെയും പോലെ നിങ്ങക്ക് രണ്ടിനെയും പെട്ടന്ന് കെട്ടിക്കൂടെ.. പിന്നെ ഇങ്ങനെ ഏന്തി വലിഞ്ഞു നോക്കണ്ടല്ലോ.. ”
രോഹിണി സനയെ കളിയാക്കി പറഞ്ഞു..
” അത് പറ്റില്ല മോളെ..ഞങ്ങൾ ഇങ്ങനെ കുറേ കാലം പ്രേമിച്ച് നടന്നിട്ടേ കെട്ടുന്നുളൂ.. ഇതിനൊരു പ്രതേക സുഖം ആണ്.. അല്ലേ ലനേ.. ”
സന രോഹിണിയിൽ നിന്ന് മുഖം തിരിച്ച് ലനയെ നോക്കി..
” എനിക്ക് അറിയാൻ പാടില്ലേ.. ”
അവൾക്ക് നേരെ തൊഴുതുകൊണ്ട് ലന പെട്ടന്ന് റൂമിൽ നിന്ന് ഇറങ്ങി പോയി..
അടുത്തുള്ള ക്ഷേത്രത്തിൽ വെച്ചായിരുന്നു താലിക്കെട്ട്.. തിരക്കിനിടയിൽ നിന്ന് കുറച്ച് നീങ്ങി നിന്ന് ലന ചടങ്ങുകൾ എല്ലാം കണ്ടു.. താലിക്കെട്ട് കഴിഞ്ഞപ്പോൾ മുക്തയ്ക്ക് അരികിൽ നിന്ന് മാനവ് സന്തോഷം കൊണ്ട് കണ്ണ് തുടയ്ക്കുന്നത് ലന കൗതുകത്തോടെ നോക്കി..
ചടങ്ങുകൾ കഴിഞ്ഞ് മുക്തയും നിഖിലും ഫോട്ടോ എടുക്കാൻ പോയി.. ലന തിരക്കിൽ നിന്ന് ഒഴിഞ്ഞ് ഒരു സൈഡിൽ ഉള്ള ആൽത്തറയിൽ പോയിരുന്നു.. നല്ല തണൽ ഉണ്ട്.. നല്ല കാറ്റും.. കാറ്റിൽ അരക്കൊപ്പം ഉള്ള അവളുടെ മുടിയിഴകൾ ചെറുതായി ആടുന്നുണ്ടായിരുന്നു..
ആരോടോ സംസാരിച്ച് നിൽക്കുന്ന നേരത്താണ് മാനവ് ആൽത്തറയിൽ ലന തനിയെ ഇരിക്കുന്നത് കണ്ടത്.. സംസാരം പെട്ടന്ന് നിർത്തി മാനവ് അവളുടെ അടുത്തേക്ക് ചെന്നു.. ആരോ അടുത്ത് ഇരിക്കുന്നത് അറിഞ്ഞതും ലന മുഖം തിരിച്ച് നോക്കി.. മാനവിനെ കണ്ടതും അവൾ ചിരിച്ചു..
” എന്താ ഇവിടെ തനിച്ച് ഇരിക്കുന്നേ..? ”
മാനവ് അവളെ തന്നെ നോക്കി ചോദിച്ചു..
” വെറുതെ.. കുറച്ച് നേരം ഇരിക്കാമെന്ന് കരുതിയതാ.. ഇവിടെ ഇരുന്നപ്പോൾ പിന്നെ നല്ല രസം തോന്നി.. മാനു എന്താ ഇങ്ങോട്ട് പോന്നേ.. ”
” താനിവിടെ തനിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ.. ”
” ഓഹ് അങ്ങനെ.. ”
ചിരിയോടെ പറഞ്ഞ് ലന അവനിൽ നിന്ന് നോട്ടം പിൻവലിച്ചു.. പിന്നെ ഒന്നും പറയാനില്ലാതെ രണ്ടാൾക്കിടയിലും മൗനം കടന്ന് വന്നു..
” നമുക്ക് വിവാഹം കഴിച്ചാലോ മാനു.. ”
പെട്ടന്ന് അവൾ ചോദിച്ചതും മനസിലാവാത്ത പോലെ മാനവ് മുഖം തിരിച്ച് അവളെ നോക്കി..
” എന്താന്ന്..? ”
” നമുക്ക് വിവാഹം കഴിച്ചാലോന്ന്.. ”
അവനെ നോക്കി അവൾ ചിരിയോടെ പുരികം പൊക്കി..
” എന്നാ വാ.. ഇപ്പൊ തന്നെ കഴിക്കാം.. ഇവിടെ ഇപ്പൊ എല്ലാരും ഉണ്ടല്ലോ.. ”
മാനവ് ആവേശത്തോടെ പറഞ്ഞു..
” അയ്യടാ.. ഇത്രയ്ക്ക് ആവേശം വേണ്ട.. നമുക്ക് വിവാഹം അധികം ആരും ഇല്ലാതെ മതി.. രജിസ്റ്റർ ഓഫീസിൽ.. ചെറിയ രീതിയിൽ.. പോരെ.. ”
ലന അവനെ നോക്കി ചോദിച്ചു..
മതിയെന്ന അർത്ഥത്തിൽ അവൻ തലയാട്ടി..
തിരികെ എല്ലാവരുടെ അടുത്തേക്ക് പോവുമ്പോൾ ലനയുടെ വലംകൈ മാനവിന്റെ ഇടംകയ്യിൽ ഭദ്രമായിരുന്നു..
*********************
” ഭർത്താവ് മരിച്ച് കൊല്ലം ഒന്ന് പോലും ആയിട്ടില്ല.. അപ്പോഴേക്കും അവൾ വേറെ കെട്ടാൻ പോവാണെന്ന്.. അല്ല ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. ആ തള്ളയുടെ അല്ലേ മോൾ.. ഇവനെ കെട്ടാൻ വേണ്ടി ആയിരിക്കും ഇല്ലാത്ത കേസ് ഉണ്ടാക്കി അവൾ അവനെ കൊന്ന് കളഞ്ഞത്.. ”
രാത്രിയിൽ ചന്ദ്രനോട് തന്റെ ഉള്ളിലുള്ള അമർഷം മുഴുവൻ തീർക്കുകയായിരുന്നു മാലതി..
ചന്ദ്രൻ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാത്തെ ഇരുന്നു..
” ഇല്ലാത്ത കേസ് ആണെന്ന് അമ്മ തന്നെ പറയണം..”
ഗീതു അവർക്കിടയിൽ വന്ന് മാലതിയെ രൂഷമായി നോക്കി..
” എല്ലാം അമ്മയ്ക്ക് അറിയുന്നത് അല്ലേ.. അറിഞ്ഞുകൊണ്ട് തന്നെയല്ലേ അമ്മ അയാൾക്ക് വല്യേച്ചിയെ കെട്ടിച്ച് കൊടുത്തത്.. അയാളുടെ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിന്നത്.. എന്നിട്ട് ചേച്ചിക്ക് ഇപ്പൊ നല്ലൊരു ജീവിതം കിട്ടാൻ പോവുന്നു എന്നറിഞ്ഞപ്പോൾ സഹിക്കുന്നില്ല.. ”
ഗീതുവിന് മാലതിയോട് വല്ലാത്ത ദേഷ്യം തോന്നി..
” അധിക പ്രസംഗം പറയാതെ കേറി പോടീ അകത്തേക്ക്.. ”
മാലതി അവൾക്ക് നേരെ ചീറി..
” എന്റെ വായ അടപ്പിക്കാൻ നോക്കണ്ട അമ്മ.. ”
മാലതിയെ നോക്കി പുച്ഛിച്ചിട്ട് ഗീതു ചന്ദ്രനെ നോക്കി..
” അമ്മ വല്യേച്ചിയോട് ഇങ്ങനെ ചെയ്യുന്നത് മനസിലാക്കാം.. ചേച്ചിയുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ല.. പക്ഷേ അച്ഛൻ ചെയ്യുന്നത് കഷ്ട്ടമാണ്.. ചേച്ചിയുടെ അമ്മ അങ്ങനെ ചെയ്തതിന് ചേച്ചി എന്ത് പഴിച്ചു.. അതിലും വലിയ ക്രൂരത അല്ലേ ചേച്ചിയോട് ഇത്രയും കാലം അച്ഛൻ ചെയ്തത്.. ഒരിക്കലെങ്കിലും സ്നേഹത്തോടെ ഒന്ന് നോക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ.. അച്ഛൻ ഒരിക്കലെങ്കിലും ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ചേച്ചിക്ക് ഈ ഗതി വരില്ലായിരുന്നു.. ”
ഗീതു ചന്ദ്രനെ നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ചു..
” രണ്ടാളോടുമായി ഞാൻ പറയുകയാ.. ചേചിടെ കല്യാണത്തിന് ഞാൻ പോവും.. ആരൊക്കെ തടഞ്ഞാലും.. ”
രണ്ടാളെയും നോക്കി അത്രയും പറഞ്ഞ് ഗീതു റൂമിലേക്ക് പോയി..
” അവൾ പറഞ്ഞതൊക്കെ കേട്ട് നിങ്ങടെ ആ പിഴച്ച സന്തതിയെ മോളായി കാണാൻ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ അതങ്ങ് മനസ്സിൽ തന്നെ വെച്ചാൽ മതി..”
മാലതി ചന്ദ്രന്റെ അടുത്ത് വന്ന് പറഞ്ഞതും കൈ വീശി അയാൾ അവരുടെ മുഖത്ത് ആഞ്ഞടിച്ചു.. പിന്നെ ഒന്നും മിണ്ടാതെ റൂമിൽ കയറി വാതിൽ വലിച്ചടച്ചു.. മാലതി അടി കിട്ടിയ കവിളിൽ കൈ വെച്ച് പകപ്പോടെ നിന്നു..
***********************
ലനയുടെയും മാനവിന്റെയും രജിസ്റ്റർ മാര്യേജ് ആണ് ഇന്ന്.. മാനവിന്റെ വീട്ടുകാരും സാരംഗിന്റെ വീട്ടുകാരും പിന്നെ സനയും പപ്പയും ഗീതുവും ആയിരുന്നു ആകെ ഉണ്ടായിരിന്നത്.. രണ്ടാളും സന്തോഷസത്തോടെ രജിസ്റ്ററിൽ ഒപ്പിട്ടു.. സാക്ഷിയായി സാരംഗും സനയും ആയിരുന്നു ഒപ്പിട്ടത്.. അവിടെ വെച്ച് തന്നെ മാനവ് അവളുടെ കഴുത്തിൽ താലി ചാർത്തി.. നെറ്റിയിൽ സിന്ദൂരം അണിയിച്ചു.. രണ്ടാളും പരസ്പരം മുല്ലപ്പൂ മാല അണിയിച്ചു.. സാരംഗിന്റെ അച്ഛൻ ലനയുടെ കൈ പിടിച്ച് മാനവിന്റെ കയ്യിൽ ഏൽപ്പിച്ചു.. ഒരിക്കലും വിട്ട് കളയില്ല എന്നപോലെ മാനവ് അവളുടെ കയ്യിൽ മുറുകെ പിടിച്ചു..
എല്ലാം കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ വരാന്തയിൽ നിൽക്കുന്ന ചന്ദ്രനെ കണ്ട് വിശ്വസിക്കാൻ കഴിയാതെ ലന നോക്കി നിന്നു.. നിറഞ്ഞ കണ്ണുകൾ തുടച്ച് ചന്ദ്രൻ അവർക്കടുത്ത് വന്നു..
” വന്നിട്ട് ഒത്തിരി നേരം ആയി.. പുറത്ത് നിന്ന് എല്ലാം കണ്ടു.. അകത്തേക്ക് വരാനുള്ള അർഹത ഒന്നും എനിക്ക് ഇല്ലല്ലോ.. ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് അച്ഛൻ ചെയ്തത് എന്നറിയാം.. ഞാൻ കാരണം മോളുടെ ജീവിതത്തിൽ ദുരിതങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു.. എന്നെങ്കിലും ക്ഷമിക്കാൻ കഴിയുമെങ്കിൽ.. അച്ഛന് അത് മതി.. രണ്ടാൾക്കും നല്ലതേ വരൂ.. ”
ലനയുടെയും മാനവിന്റെയും തലയിൽ കൈ വെച്ച് അനുഗ്രഹിച്ച് അയാൾ തിരിഞ്ഞ് നടന്നു.. കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും ലന അയാളെ തിരികെ വിളിച്ചില്ല.. മനസ്സ് കൊണ്ട് അത്രയും അകലത്തിൽ ആയിരുന്നു അയാൾ അവൾക്ക്.. കാലം എന്നെങ്കിലും അവരെ തമ്മിൽ അടുപ്പിക്കുമായിരിക്കും..
കല്യാണം ലളിതമായി ആണെങ്കിലും മാനവിന്റെ വീട്ടിൽ നല്ലൊരു സദ്യ ഒരുക്കിയിരുന്നു.. എല്ലാവരും ഒന്നിച്ചിരുന്നു സന്തോഷത്തോടെ ആണ് സദ്യ കഴിച്ചത്..
രാത്രിയിൽ മീരയും സുമയും നിർബന്ധിച്ച് ലനയെ സെറ്റ് സാരി ഉടുപ്പിച്ച് കയ്യിൽ ഒരു ഗ്ലാസ് പാലും കൊടുത്ത് മാനവിന്റെ റൂമിലേക്ക് വിട്ടു.. ആകെ ഒരു വിറയിൽ ഉണ്ടായിരുന്നു അവൾക്ക്.. ഗ്ലാസ് ടേബിളിൽ വെച്ച് ബെഡിന്റെ ഒരു ഒരത്ത് ചെന്നിരുന്നു അവൾ..
കുറച്ച് കഴിഞ്ഞതും മാനവ് റൂമിലേക്ക് വന്നു.. അവളുടെ ഇരിപ്പ് കണ്ട് അവന് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു..
” അമ്മയുടെ നിർബന്ധം ആണോ ഈ വേഷം..? ”
മാനവ് അവളുടെ അടുത്തേക്ക് നിന്ന് ചോദിച്ചു..
” മ്മ്.. അമ്മയും ചെറിയമ്മയും ചേർന്ന.. ”
ചമ്മലോടെ അവൾ പറഞ്ഞു..
” രാത്രിയിൽ ഇത് ഉടുത്ത് കഷ്ടപ്പെട്ട് നിൽക്കണ്ട.. താൻ ഇത് ചേഞ്ച് ചെയ്തോളൂ.. നമുക്ക് ഒരിടം വരെ പോവാം.. ”
മാനവ് റൂമിന് പുറത്തേക്ക് ഇറങ്ങി.. ഒന്ന് സംശയിച്ച് ലന ഷെൽഫ് തുറന്ന് ഒരു ചുരിദാർ എടുത്തിട്ടു..
കല്യാണത്തിന്റെ തിരക്കൊക്കെ ആയിരുന്നത് കൊണ്ട് എല്ലാരും നേരത്തെ കിടന്നിരുന്നു.. ശബ്‌ദം ഉണ്ടാക്കാതെ മുന്നിലെ ഡോർ തുറന്ന് പുറത്ത് ഇറങ്ങി..
കൈ കോർത്ത് നിലാവിന്റെ വെളിച്ചത്തിൽ നടക്കുമ്പോൾ എവിടേക്ക് ആണെന്ന് ലന ചോദിച്ചില്ല.. ചോദിക്കാതെ തന്നെ അവൾക്ക് അറിയാമായിരുന്നു.. വാക്കുകൾ ഇല്ലാതെ മൗനം കൊണ്ട് രണ്ടാളും പ്രണയിച്ചു..ആ കുന്നിന് മുകളിൽ മാനവിന്റെ തോളിൽ ചാരി ലന ആകാശത്തെ നക്ഷത്രങ്ങൾ നോക്കി.. അവയ്ക്ക് ഇന്ന് പ്രതേക തിളക്കം..
” അന്ന് നമ്മൾ ഇവിടെ വന്നത് ഓർമ്മ ഉണ്ടോ.. മാനുവിന്റെ പ്രണയം എന്നോട് പറഞ്ഞത്.. എനിക്ക് ശരിക്കും ആ പെൺകുട്ടിയോട് അസൂയ തോന്നിയിരുന്നു.. ഇങ്ങനെ സ്നേഹിക്കാൻ ഒരാളെ കിട്ടിയതിൽ.. ”
മുഖം ഉയർത്തി ലന മാനവിനെ നോക്കി..
” ഓഹോ.. അപ്പോ ഈ പെണ്ണിന് കുശുമ്പൊക്കെ ഉണ്ടല്ലേ.. ”
അവളുടെ മൂക്കിൻതുമ്പിൽ പിടിച്ചുകൊണ്ട് മാനവ് ചോദിച്ചു.. ലന ഒന്ന് ചിരിച്ചു..
” ഞാൻ ഒരു കാര്യം ചോദിക്കട്ടെ മാനു..? ”
മാനവ് ചോദ്യ ഭാവത്തിൽ അവളെ നോക്കി..
” എന്റെ വിവാഹം കഴിഞ്ഞ കാര്യം മാനു അറിഞ്ഞിരുന്നോ..? ”
” മ്മ്.. വിഷ്ണുവിനോട് ഞാൻ തന്നെ പറ്റി അന്നെഷിക്കാറുണ്ടായിരുന്നു.. ഇടയ്ക്കൊക്കെ അവന്റെ ഒപ്പം തന്നെ കാണാനും വരാറുണ്ട്.. തന്റെ പഠിപ്പ് കഴിഞ്ഞിട്ട് വന്ന് സംസാരിക്കാം എന്നാ കരുതിയത്.. പക്ഷേ അപ്പോഴേക്കും.. തന്റെ വിവാഹം കഴിഞ്ഞിട്ടാ ഞാൻ അറിഞ്ഞത്.. മുൻപേ അറിഞ്ഞിരുന്നെങ്കിൽ..”
” അറിഞ്ഞിരുന്നെങ്കിൽ..? ”
അവന്റെ മറുപടിക്ക് വേണ്ടി ആകാംഷയോടെ അവൾ കാതോർത്തു..
” ഞാൻ എന്റെ മനസ്സ് തന്റെ മുന്നിൽ തുറന്നേനെ.. തനിക്ക് സമ്മതം ആണെങ്കിൽ കൂടെ കൂട്ടിയേനെ.. ”
അവനൊന്ന് നിശ്വസിച്ചു..
” മറ്റൊരുത്തന്റെ ആയി എന്നറിഞ്ഞപ്പോൾ മറക്കാൻ ശ്രെമിച്ചു.. പക്ഷേ കഴിഞ്ഞില്ല..
എവിടെയെങ്കിലും ഹാപ്പി ആയി ഉണ്ടാവുമെന്ന് കരുതി.. ഇവിടെ വെച്ച് തന്നെ കണ്ടപ്പോൾ ഞാൻ ആകെ ഷോക്ക് ആയി.. പിന്നെ അന്വേഷിച്ചപ്പോൾ അറിഞ്ഞു തന്റെ ദാമ്പത്യത്തിലെ പ്രശ്നങ്ങൾ.. അത് വരെ അന്നെഷിക്കാൻ തോന്നാത്തത്തിൽ എനിക്ക് വല്ലാതെ കുറ്റബോധം തോന്നി.. പിന്നെ അന്ന് സാരംഗും പറഞ്ഞിരുന്നു..”
പറയുമ്പോൾ അവന്റെ കണ്ണിൽ നനവ് പടർന്നു..
” എന്നെ പിന്നെ കണ്ടില്ലായിരുന്നെങ്കിലോ മാനു..? നമുക്ക് ഇങ്ങനെ ഒന്നിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിലോ..? ”
” ഞാൻ കാത്തിരുന്നേനെ.. ഏതെങ്കിലും ഒരു ജന്മം തമ്മിൽ ഒന്നാവുന്നത് വരെ.. ”
മാനവ് അവളുടെ കണ്ണിലേക്ക് പ്രണയത്തോടെ നോക്കി..
” ഞാൻ.. ഞാൻ ഈ കണ്ണിൽ ഒന്ന് ചുംബിച്ചോട്ടെ.. ”
അവന്റെ നക്ഷത്ര കണ്ണിൽ തൊട്ടുകൊണ്ട് അവൾ ചോദിച്ചു.. സമ്മതം പോലെ അവൻ കണ്ണുകൾ അടച്ചു.. അവന്റെ രണ്ട് കണ്ണിലും അവൾ മാറി മാറി ചുംബിച്ചു.. പ്രണയത്തോടെ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു…
**********************
കൃത്യം ഒരുവർഷത്തിന് ശേഷം..
ലനയുടെയും മാനവിന്റെയും മാര്യേജ് നടന്ന അതെ രജിസ്റ്റർ ഓഫീസ്..
വരാന്തയിൽ ആർക്കോ ഫോൺ ചെയ്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് രോഹൻ..
വിളിച്ച ആളെ ഫോണിൽ കിട്ടാത്ത എല്ലാ ടെൻഷനും ഉണ്ട് അവന്..
” എന്തായി.. കിട്ടിയോ.. ”
രോഹിണി അവന് അടുത്തേക്ക് വന്നു..
” ഇല്ല.. ഔട്ട് ഓഫ് കവറേജ് ഏരിയ എന്നാ പറയുന്നേ.. ”
രോഹൻ മറുപടി പറഞ്ഞു..
” നിങ്ങൾ ഇങ്ങനെ ടെൻഷൻ ആവാതെ അവരിങ്ങ് എത്തും.. ”
വീർത്ത വയർ താങ്ങി പിടിച്ച് മുക്ത അവരുടെ അടുത്ത് വന്നു..
രോഹൻ എന്തോ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും മാനവിന്റെ കാർ അങ്ങോട്ട് വന്നു..
” ദാ എത്തി.. ”
രോഹിണി അത് കണ്ട് പറഞ്ഞു..
ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാനവ് ഇറങ്ങി.. വേഗം അപ്പുറത് പോയി ഡോർ തുറന്ന് ലനയെ കൈ പിടിച്ച് ഇറക്കി..
” എനിക്ക് തനിയെ ഇറങ്ങാനും നടക്കാനും കുഴപ്പം ഒന്നുമില്ല മാനു.. രണ്ട് മാസം അല്ലേ ആയുള്ളൂ..”
ലന അവനോട് പറഞ്ഞു..
” നന്നായി ശ്രെദ്ധിക്കണം എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നേ.. പിന്നെ കെയർ ചെയ്തില്ലെങ്കിൽ വാവ വരുമ്പോൾ ചോദിക്കില്ലേ.. ”
മാനവ് കുസൃതിയോടെ പറഞ്ഞു..
” റൊമാൻസ് ഒക്കെ പിന്നെ.. ഇപ്പൊ വാ.. ലേറ്റ് ആയി..”
മുക്ത വരാന്തയിൽ നിന്ന് വിളിച്ച് പറഞ്ഞു..
ചമ്മലോടെ രണ്ടാളും അങ്ങോട്ട് ചെന്നു..
അകത്ത് എല്ലാവരും അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു..
” എവിടെ ആയിരുന്നു രണ്ടും ഇത്രയും നേരം.. ”
അവരെ കണ്ടതും സന ചോദിച്ചു..
” ക്ഷേത്രത്തിൽ നല്ല തിരക്ക് ഉണ്ടായിരുന്നു.. ഒന്നാം വിവാഹവാർഷികം അല്ലേ.. തൊഴാതെ വരാൻ തോന്നിയില്ല.. ”
ലന മറുപടി പറഞ്ഞു..
” ആഹ് ഇനിയിപ്പോ സമയം കളയണ്ട.. വേഗം എല്ലാരും ഒപ്പിട്ടോ.. ”
രവീന്ദ്രൻ പറഞ്ഞു..
സാരംഗും സനയും പരസ്പരം നോക്കി ചിരിച്ച് ഒപ്പിട്ടു.. സാക്ഷിയായി മാനവും ലനയും..
നിഖിൽ സന്തോഷം പങ്കിടാൻ എല്ലാവർക്കും ലഡ്ഡു നൽകി..
” എല്ലാം അടിപൊളി ആയ സ്ഥിതിക്ക്.. ഒന്നുകൂടെ കളർ ആക്കാൻ നമുക്ക് എല്ലാർക്കും ഒരു സെൽഫി എടുത്താലോ.. ”
ലഡ്ഡു കഴിച്ചുകൊണ്ട് രോഹൻ പറഞ്ഞു..
എല്ലാരും ചിരിയോടെ ഓക്കേ പറഞ്ഞു.. ഫോണിൽ സെൽഫി സ്റ്റിക്ക് കണക്ട് ചെയ്ത് രോഹൻ ഉയർത്തി പിടിച്ചു.. രോഹന് പിന്നിൽ രോഹിണിയും അതിനു പിന്നിൽ മാനവും ലനയും അതിനു പിന്നിൽ സനയും സാരംഗും പിന്നെ നിഖിൽ മുക്തയും ബാക്കി ഉള്ളവരും നിന്നു.. ഒറ്റ ക്ലിക്കിൽ രോഹൻ ആ മനോഹര ചിത്രം ഫോണിൽ പകർത്തി..
( അവസാനിച്ചു..)
അപ്പോ ഇനി ഒരു കാത്തിരിപ്പ് ഇല്ല.. തുടക്കം മുതൽ ഇത് വരെ കാത്തിരുന്നു വായിച്ചവരോട് ഒരുപാട് സ്നേഹം..

by