25/04/2026

നില : ഭാഗം 58

രചന – അഹാനിക അനു

ഹോസ്പിറ്റലിൽ കാർ പാർക്ക്‌ ചെയ്യേണ്ട താമസം പുറത്തേക്ക് ഓടിയ ശ്രുതിയുടെ കൈ രാജേഷ് പിടിച്ചു വച്ചു.

” എങ്ങോട്ടാണ് ഈ ചാടി തുള്ളി പോവുന്നത്. ഞങ്ങളും അങ്ങോട്ട് തന്നെയാണ് ”

” അച്ഛനത് പറയാം. എനിക്ക് ഇത് പറയാൻ മുട്ടി നിൽക്കുകയാണ്. ”

” നീയല്ല ഞാനാണ് പറയുന്നത്. എത്ര വർഷമായിട്ടുള്ള എന്റെ
കാത്തിരിപ്പാണെന്നറിയോ ”

രാജേഷ് മുകളിലേക്ക് നോക്കി നെഞ്ചിൽ കൈ വച്ചു.

” വേണേൽ എന്റെ പിറകെ വന്നാൽ ആദ്യം പറയാം. അല്ലേൽ സസ്പെൻസ് എല്ലാം ഞാൻ പൊട്ടിച്ചിട്ട് വന്ന് കയറിയാൽ മതി ”

രാജേഷിന്റെ കൈ തട്ടി മാറ്റി ശ്രുതി മുകളിലേക്ക് ഓടി. പെട്ടെന്ന് ബോധം വന്ന് രാജേഷും അവളുടെ പിറകെ ഓടി. ശരത്ത് നോക്കി കാണുകയായിരുന്നു അവരെ. എന്ത് കൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞു. തന്റെ നിലയ്ക്ക് എല്ലാവരും ഉണ്ടെന്ന് ഓർക്കേണ്ട കണ്ണുകൾ തുടച്ചു ഉള്ളിലേക്ക് കയറി.
ഓടി കിതച്ചു ഡോർ തുറക്കാൻ നിന്ന ശ്രുതിക്ക് മുന്നേ രാജേഷ് ചാടി കയറി തുറന്നു.

” പ്രായമായില്ലേ. ഇവിടെ കിടന്നു വിക്രസ് കാണിച്ച് നിലത്ത് കിടന്നാൽ ഞാൻ തിരിഞ്ഞു നോക്കില്ല. ”

ഉള്ളിലേക്ക് കയറി വീഴാൻ പോയ രാജേഷിന്റെ പുറത്ത് ഒരടി വച്ചുകൊടുത്തു ശ്രുതി.

” പ്രായമായാത് നിന്റെ തന്തയ്ക്ക് ”

” അത് തന്നെയല്ലേ ഞാനും പറഞ്ഞത്. ”

രാജേഷ് പെട്ടെന്ന് നാവ് കടിച്ചു.

ദേവൂട്ടിയെ മടിയിലിരുത്തി ഉറക്കുന്ന രേവതി രണ്ട് പേരെയും ദേഷ്യത്തിൽ നോക്കി.

” ഒന്ന് പതുക്കെ പറയുന്നുണ്ടോ മക്കൾ ഉറങ്ങുന്നത് കണ്ടില്ലേ. ”

രേവതി പറയുന്നത് കേട്ടാണ് രണ്ട് പേരും ചുറ്റും നോക്കിയത്.
നന്ദുവും പാറും നല്ല ഉറക്കമാണ്. തിരിഞ്ഞു കിടന്നു ഒരു കൈ കൊണ്ട് അവനെ കെട്ടി പിടിച്ചാണ് കിടക്കുന്നത്.
ശ്രുതി വേദനയോടെ രാജേഷിനെ നോക്കി.

” എല്ലാം ഒരു നിമിത്തമാകും മോളെ ”

പതുക്കെ പറഞ്ഞു രാജേഷ് ശ്രുതിയുടെ പുറത്ത് തട്ടി.
അയാൾക്കും എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. പക്ഷെ അവൾ തനിച്ചായില്ല അവളെ തന്റെ മകൾ തനിച്ചാക്കില്ല എന്ന് ഓർത്തപ്പോൾ ചുണ്ടിൽ ചിരി തത്തി കളിച്ചു.

” ഈ പെണ്ണ് ഇവിടെ ഉറങ്ങാൻ വന്നതാണോ ”

ഉള്ളിലേക്ക് കയറിയ ശരത് പാറുവിന്റെ കാൽ തൊട്ട് ചോദിച്ചു.

” ഇപ്പോൾ ഉറങ്ങിയതാണ്. പാവം ആ നന്ദുവിനെ ഒരു വഴിക്കാക്കിയിട്ടുണ്ട്. അവളുടെ കഥ കേട്ട് അവസാനം അവനും ദേവൂട്ടിയും അവളും ഉറങ്ങി.”

ബാത്‌റൂമിൽ നിന്നിറങ്ങി മുഖം തുടച്ചു നില ശരത്തിനെ നോക്കി ചിരിച്ചു.
അവൾ മൂന്ന് പേരെയും ശ്രദ്ധിച്ചു. പോയ പോലെയല്ല തിരിച്ചു വന്നത് മുഖത്ത് വല്ലാത്തൊരു തിളക്കവും സന്തോഷവുമുണ്ട്

” നിങ്ങൾ മൂന്ന് പേരും എവിടെ പോയതാണ് ”

നില ചോദിക്കാൻ വന്നത് രേവതി ചോദിച്ചു.

” ഞങ്ങൾ മൂന്ന് പേർക്കും ഒരു മിഷൻ കംപ്ലീറ്റ് ചെയ്യാൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞു വരാണ് അല്ലേ അച്ഛാ ”

ശ്രുതിയുടെ സംസാരം കേട്ട് രാജേഷ് നീ ഇത് കുളമാക്കോ എന്ന രീതിയിൽ നോക്കി. ശരത് ചിരിച്ചു തല താഴ്ത്തി.

” ഇവളിത് എന്തൊക്കെയാണ് പറയുന്നത് ”

” ഒന്നുമില്ല രേവതി. ഈ പെണ്ണ് ബോധമില്ലാതെ ഓരോന്ന് വിളിച്ചു പറയുകയാണ്. അല്ല കിച്ചു എവിടെ ”

വിഷയം മാറ്റാൻ രാജേഷ് ചോദിച്ചു ചുറ്റും നോക്കി.
അപ്പോളാണ് ശ്രുതിയും അവനെ ശ്രദ്ധിക്കുന്നത്.

” ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ കാൾ വന്നിട്ട് പുറത്തേക്ക് പോയതാണ്. അച്ഛനും പുറത്തുണ്ട് ”

ശരത്ത് മൂളി സ്റ്റൂളിൽ ഇരുന്നു. എല്ലാവരുടെയും ശബ്ദം കേട്ട് ഒന്ന് ചിണുങ്ങി പാറു എഴുനേറ്റിരുന്നു.

” ഹാ എന്ത് പറ്റി ഇത്ര നേരത്തേ എഴുനേൽക്കാൻ ”

ശരത് അവളെ എടുത്തു പൊക്കി മടിയിൽ ഇരുത്തി കവിളിൽ ഉമ്മ വച്ചു.

” എൻറ്റൊരു ഒച്ചയാ പറ്റുക്കേ പരയാൻ അരിയില്ലേ. നാൻ അതാ എഴുനെറ്റത് ”

” എന്നാൽ ഇനി വീട്ടിൽ പോയി ഉറങ്ങിക്കോ. കൊണ്ടാക്കി തരട്ടെ ”

” അപ്പോ വിക്രമനോ ”

പാറു തല പൊക്കി ശരത്തിനെ നോക്കി.

” അവൻ 2 ദിവസം ഇവിടെ കിടക്കും. ”

” ശോന്തോ ”

കണ്ണുകൾ വിടർത്തി അത്ഭുതത്തോടെ ചോദിച്ചു.

” ഇവനെങ്ങനെ സ്വന്തമാകും. ഇവിടെ നേഴ്സുമാരും ഡോക്ടർമാരും ഇല്ലേ. ”

” അറ്റ് വേൻറ്റ പാവല്ലേ. സൂചി വച്ചാലോ ”

” അതൊന്നും അവന് കുഴപ്പമില്ലെന്ന് ”

മടിയിൽ നിന്ന് നിരങ്ങി പോയ പാറുവിനെ ശരത്ത് വീണ്ടും പൊക്കി ഇരുത്തി.
പാറു നിലയെ സൂക്ഷിച്ചു നോക്കി അവിടെ ചിരി കണ്ടപ്പോൾ ശരത്തിന്റെ കാലിന് ഒരടി കൊടുത്തു.

” പറ്റിച്ചതാണ് ലേ ”

കണ്ണിറുക്കി ശരത് അവളെ ഇറുക്കെ പിടിച്ചു. കൂടി നിന്നവരുടെ കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചയായിരുന്നു അത്.
ഡോർ തുറന്നു ഡോക്ടർ ഉള്ളിലേക്ക് കയറിയതും ശരത് എഴുനേറ്റു പാറുവിനെ എടുത്തു മാറി നിന്നു.

” എങ്ങനെ ഉണ്ടെടോ വേദന ഉണ്ടോ ”

നന്ദുവിനെ എഴുനേൽപ്പിച്ചു ചിരിച്ചു ഡോക്ടർ ചോദിച്ചപ്പോൾ അവൻ കണ്ണ് ചുളിച്ചു ചെറുതായി എന്ന് പറഞ്ഞു.

” അയ്യോ കല്ലം പരയാന് ഡോക്റ്ററേ പാരു ഇപ്പോൾ വേദന ഉൻറ്റാവാതെ നിൽക്കാൻ കറ്റ പരഞ്ഞു കൊടുത്തത… വിക്രമൻ ബാഡ് ബോയ് ആണ് കല്ലം പരയുന്നോ.”

ശരത്തിന്റെ കയ്യിൽ നിന്ന് ബെഡിലേക്ക് ചാടി നന്ദുവിന്റെ അടുത്തു ഇരുന്ന് പാറു വലിയ കാര്യം പറയുന്ന പോലെ പറഞ്ഞു.

” ആരാ പാരു ”

ഡോക്ടർ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി.

” നാൻ. വിക്രമന് നാൻ കറ്റ പരഞ്ഞു കൊടുത്ത് വേറ്റന ഒക്കെ മാറ്റിയത. ”

“അണോ. എന്നിട്ട് നന്ദു കള്ളം പറയാണ് ലേ. ”

” അറ്റേ സൂചി വയ്ക്കണം ഡോക്റ്ററേ ”

പാറു നന്ദുവിനെ ഇടം കണ്ണിട്ട് നോക്കി.

” ഈ പെണ്ണ് വാ അടയ്ക്കാതെ നിന്നാൽ എനിക്ക് പോയ വേദന താനെ വരും ഡോക്ടർ. ”

” അങ്ങനെ ആനേൽ നാൻ വായ അടയ്ക്കുന്നില്ല”

വാശി പോലെ പറഞ്ഞു പാറു നന്ദുവിന്റെ എടുത്തേക്ക് നീങ്ങി ഇരുന്നു.

” പാറുവിന്റെ ആരാണ് നന്ദു ”

ഡോക്ടറുടെ ആ ചോദ്യത്തിൽ പാറുവിന് ഉത്തരം മുട്ടി ഇടം കണ്ണിട്ട് നന്ദുവിനെ നോക്കിയപ്പോൾ അവൻ ചുണ്ട് കൂട്ടി ചിരി പിടിച്ചു നിൽക്കുന്നത് കണ്ട് പാറു അവനെ കൂർപ്പിച്ചു നോക്കി.

” എന്റെ പപ്പയാ ”

നന്ദു കണ്ണ് തള്ളി അവളെ നോക്കി. ശരത്തടക്കം ചിരിച്ചു പോയി. നില തല താഴ്ത്തി.
ഡോക്ടർ ചിരിച്ചു തലയാട്ടി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു പുറത്തേക്ക് ഇറങ്ങി.

” ആരാടി നിന്റെ പപ്പ “.

ഡോക്ടർ ഇറങ്ങിയെന്ന് കണ്ടതും നന്ദു ചാടി കയറി ചോദിച്ചു.

” എന്റെ പപ്പ അതാ ഇവിറ്റേ നിൽക്കുന്നു. ”

ഒന്നും നടക്കാത്ത പോലെ പാറു ശരത്തിനെ ചൂണ്ടി.

” എന്നിട്ട് എന്നേ പറഞ്ഞതോ ”

” അറ്റ് ചുമ്മാ..
അമ്മേ വിശക്കുന്നു ”

കൂസലില്ലാതെ പറഞ്ഞു പാറു നിലയുടെ നേരെ കൈ നീട്ടി. നന്ദുവിനെ നോക്കി ചിരിച്ചു നില പാറുവിനെ എടുത്തു ടേബിളിന്റെ എടുത്തേക്ക് നടന്നു.

” ഇവളിവിടെ പാർക്കാൻ വന്നതാണോ അതോ എന്നേ കാണാൻ വന്നതാണോ. ”

നന്ദു വീണ്ടും ചോദിച്ചോണ്ട് നിന്നു.

” അറ്റിന് വിക്രമന് എൻറ്റാ കുയപ്പം ”

ടേബിളിന്റെ മുകളിൽ ഇരുന്നു ഗ്ലാസ്സിലെ വെള്ളം കുടിച്ചു പാറു നന്ദുവിനെ നോക്കി.

” ആ ബെസ്റ്റ്. ”

” നിനക്കൊന്ന് മിണ്ടാതെ നിന്നൂടെ നന്ദു. ചുമ്മാ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാൻ ”

ശരത്ത് ചോദിച്ചപ്പോൾ നന്ദു കണ്ണിറുക്കി കാണിച്ചു.

🌻🌻🌻🌻🌻🌻🌻

രണ്ട് മൂന്ന് ദിവസത്തോളം നന്ദുവിന് ഹോസ്പിറ്റലിൽ നിൽക്കേണ്ടി വന്നു.
മക്കൾ ഉള്ളത് കൊണ്ട് നിലയ്ക്ക് വന്ന് നിൽക്കാൻ കഴിയില്ല. അധികവും ശരത്തും കിച്ചുവുമാണ് നിൽക്കുന്നത്. അച്ഛൻ എന്നും വന്ന് കഴിക്കാൻ ഉള്ളതും കൊണ്ട് തന്ന് പോവും.
നാളെ ഡിസ്ചാർജ് ആവുമെന്ന് പറഞ്ഞപ്പോൾ കിച്ചു ശരത്തിനോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. ആദ്യം എതിർത്തെങ്കിലും പിന്നീട് നിലയെയും മക്കളെയും ഓർത്ത് സമ്മതിച്ചു.

” കിച്ചു അന്ന് ഏട്ടത്തിയെ ആരാ കൊണ്ട്
പോയത് ”

കിടക്കാൻ പോയ കിച്ചു നന്ദു ചോദിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി.

” അറിയണമെന്ന് നിർബന്ധമാണോ ”

” നീ പറയെടാ ”

” കൃഷ്ണപുറത്തെ നിരഞ്ജനെയും ഇന്ദ്രനെയും അറിയോ ”

നന്ദുവിന്റെ കണ്ണുകൾ കുറുകി.

” അതേ … ”

” അവർ തന്നെ ”

” അവരെന്തിന് ”

നന്ദു സംശയത്തോടെ ചോദിച്ചു.

” അറിയില്ല.. പക്ഷെ ഏട്ടനറിയാം എന്ന് തോന്നുന്നു. അന്ന് പോയത് അതിനാണ്. നമ്മളറിയാത്ത പലതും ഉണ്ട്. പറയുമായിരിക്കും.
പിന്നെ ഒരു നല്ല കാര്യം എന്താണെന്ന് വച്ചാൽ ജിതിൻ നന്നായി. അവൻ കാരണമാണ് ഞങ്ങൾ അറിഞ്ഞത്. ”

” അവനെ വിശ്വസിക്കാൻ പറ്റില്ല. ”

നന്ദു ഇഷ്ട്ടക്കേടോടെ തല ചെരിച്ചു.

” ഇപ്പോൾ അവനെ വിശ്വസിക്കാമെടാ. ചെയ്ത് പോയതിനെ ഓർത്തു അവന് കുറ്റ ബോധം ഉണ്ടേൽ അത് നല്ല കാര്യം അല്ലേ. ”

“പക്ഷെ പാറു.. ഇനി എത്രയൊക്കെ നന്നായാലും ആ വീട്ടിലേക്ക് ഞാൻ പറഞ്ഞയക്കില്ല. ”

” അതിന് അവളെ ആര് കൊണ്ട് പോവുന്നു. അവൾ അവളുടെ വീട്ടിലല്ലേ ഇപ്പോൾ താമസിക്കുന്നത്.”

കിച്ചു പറഞ്ഞപ്പോൾ നന്ദു ചിരിച്ചു.

” അവന്മാരെ ഒന്നും ചെയ്തില്ലേ എന്നിട്ട് ”

നന്ദു വീണ്ടും വിഷയത്തിലേക്ക് വന്നു. കിച്ചു ഇല്ലെന്ന് തലയനക്കിയപ്പോൾ ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു.

” ഏയ് റിലാക്സ് .. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. ശരത്തേട്ടനും ശ്രുതിയുടെ അച്ഛനും ആവശ്യത്തിൽ കൂടുതൽ കൊടുത്തിട്ടുണ്ട്. ഈ ഹോസ്പിറ്റലിൽ തന്നെ അവരുണ്ട്. അമ്മാതിരി അടിയായിക്കും. ഞാൻ കണ്ടിരുന്നു ഇങ്ങോട്ട് കൊണ്ട് വരുന്നത്.”

അത് കേട്ടപ്പോൾ തന്നെ നന്ദുവിന് പകുതി സമാധാനമായി.

” നീയും ശ്രുതിയും തമ്മിൽ മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടോ. ”

” അതെന്താ നീ അങ്ങനെ ചോദിച്ചേ. ”

കിച്ചു വേഗം മുഖം വെട്ടിച്ചു.

” മുഖത്തേക്ക് നോക്കി സംസാരിക്ക് കിച്ചു.
എന്ത് പറ്റി നിനക്ക്. അവൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. വന്നാൽ നോക്കുന്നില്ല. ”

” അതൊന്നും ഇല്ലെടാ നിനക്ക് തോന്നുന്നതാവും ”

” ഒരു പെണ്ണ് വന്ന് കയറിയപ്പോൾ എന്നോട് കള്ളം പറയാൻ പഠിച്ചു.
പറയാൻ ബുദ്ധിമുട്ടാണേൽ വേണ്ട.
ഞാൻ ചോദിച്ചത് തിരിച്ചെടുത്തു. ”

നന്ദു അവസാന അടവും പുറത്തെടുത്ത് പൊട്ടി വന്ന ചിരി പിടിച്ചു വച്ചു കിച്ചുവിനെ നോക്കി.

” ടാ അതൊന്നും ഇല്ലെടാ. എന്തോ അവളുടെ അച്ഛന്റെ ഏട്ടന്മാരാണല്ലോ ഇതെല്ലാം ചെയ്തത്. മനസ്സിൽ എവിടെയോ ഒരു കരട് കുടുങ്ങി പോയി.”

” അതിന് അവളെന്ത്‌ ചെയ്തു. ”

” എനിക്ക് അറിയില്ലെടാ. ഏട്ടത്തിയെയും പാറുവിനെയും കാണാതെ അനുഭവിച്ച ടെൻഷൻ എല്ലാം കൂടി ഓർത്തു എന്തോ എനിക്ക് സംസാരിക്കാൻ തോന്നുന്നില്ല. ”

” ഒരൊറ്റ ചവിട്ട് വച്ചു തന്നാലിണ്ടല്ലോ. ഇങ്ങനെ ആയിരുന്നേൽ ഈ പണിക്ക് നിൽക്കരുതായിരുന്നു.

” ടാ നീ എന്തിനാ ചൂടാവുന്നത്. എനിക്ക് സംസാരിക്കണം എന്നുണ്ട് but ഇത്രയും ഡേ ഞാൻ മിണ്ടാതെ നിന്നില്ലേ. അപ്പോൾ ഒരു ചമ്മൽ. ”

” ഓ ഒരു വളിഞ്ഞ കാമുകൻ. ”

” നീ എന്തേലും ചെയ്യി. എനിക്ക് നാളെ വീട്ടിൽ പോയി സുഖമായി ഒന്ന് ഉറങ്ങണം. ഇവിടെ കിടന്നു മടുത്തു. ”

കിച്ചു ചിരിച്ചു കൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു.

🌻🌻🌻🌻🌻🌻🌻

രാവിലെ തന്നെ നന്ദു ഡിസ്ചാർജ് ആയിരുന്നു. രാജേഷ് ശ്രുതിയെയും രേവതിയെയും ശരത്തിന്റെ വീട്ടിൽ കൊണ്ടാക്കി നന്ദുവിനെ കൂട്ടാൻ ഹോസ്പിറ്റലിലേക്ക് പോയി . അവർ വരുമ്പോളേക്കും നില റൂം എല്ലാം വൃത്തിയാക്കിയിരുന്നു. അടുക്കളയിൽ രേവതിയും ശ്രുതിയും കൂടി സഹായിച്ചപ്പോൾ വേഗം പണി കഴിഞ്ഞു.
പാറുവും ദേവൂട്ടിയും അച്ഛച്ചന്റെ കൂടെ പറമ്പിൽ നടക്കാൻ പോയി.

” കാർണോരെ നാൻ വീട്ടിൽ പോവാണ്. ഇവിറ്റേ ഫുൾ കൊതുക്കാണ്. ഇനി കോറ്റുക്കാൻ എന്റേൽ ചോര ഇല്ല. ”

പറഞ്ഞു കഴിയലും പാറു ഓടിയിരുന്നു. പിറകിൽ നിന്ന് അച്ഛൻ വിളിക്കുന്നതൊന്നും അവൾ കാര്യമാക്കിയില്ല. പിറക് വശത്തൂടെ വീട്ടിലേക്ക് കയറാൻ നിൽക്കുമ്പോളാണ് അവൾ നിവിന്റെ അച്ഛനെ കണ്ടത്. അച്ഛച്ച എന്ന് വിളിച്ചു മതിലിന്റെ എടുത്തേക്ക് ഓടി. ആ വിളിയിൽ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

” മോള് മുന്നിൽ കൂടെ വാ. അച്ഛച്ചൻ ഒന്ന് കാണട്ടെ. എത്ര ദിവസമായി കണ്ടിട്ട്. ”

” നാൻ അമ്മയോട് ചോദിച്ചിട്ട് വര റ്റോ. ”

പറഞ്ഞു കൊണ്ട് പാറു ഉള്ളിലേക്ക് കയറി. നിവിന്റെ അച്ഛൻ കണ്ണുകൾ തുടച്ചു മുന്നിലേക്ക് നടന്നു.

” അമ്മേ ”

” മ്മ് ”

പുറകിൽ വന്ന് പാറു വിളിക്കുന്നത് കേട്ട് പണി എടുത്തു കൊണ്ടിരിക്കുന്ന നില മൂളി.

” എന്നേ നോക്ക് ”

” നീ കാര്യം പറ പെണ്ണേ. വിശക്കുന്നുണ്ടോ ”

” അറ്റല്ല ”

” പിന്നെ. ”

” അവളെ ഒന്ന് നോക്ക് മോളെ. എന്തോ പറയാൻ വന്ന് നിൽക്കുകയാണ്. ഇത് ഞാൻ ചെയ്യാം ”

രേവതി ചെയ്യുന്ന പണി നിർത്തി വച്ചു നിലയുടെ കയ്യിൽ നിന്നും ചട്ടകം വാങ്ങി.
നില എന്താണെന്ന രീതിയിൽ പാറുവിന്റെ എടുത്തു മുട്ട് കുത്തിയിരുന്നു നോക്കി.

” നാൻ വീറ്റിൽ പോട്ടെ ”

പെട്ടെന്ന് നിലയ്ക്ക് ശരീരത്തിലൂടെ ഒരു തരിപ്പ് കയറി പോയി.

” ഇപ്പോ.. ഇപ്പോൾ എന്തിനാണ് പോവുന്നത് ”

” അച്ഛച്ചൻ വിലിക്കുന്നുണ്ട്. നാൻ പോറ്റേ ”

” അവർക്കും കാണാൻ ആഗ്രഹം ഉണ്ടാവില്ലേ മോളെ. നീ പറഞ്ഞയക്ക് ”

രേവതി പറഞ്ഞപ്പോൾ നില എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. ജിതിൻ എത്രയൊക്കെ മാറിയെന്നു പറഞ്ഞാലും അവൾക്ക് പേടി തോന്നി. പക്ഷെ പാറുവിന്റെ മുഖം ഓർത്തപ്പോൾ പാതി മനസോടെ സമ്മതിച്ചു. ശ്രുതിയാണ് അവളെ ഗേറ്റ് വരെ ആക്കി കൊടുത്തത്.

” മോള് കയറുന്നില്ലേ. ”

” ഇല്ല. അവിടെ പണിയിലായിരുന്നു. നന്ദേട്ടൻ ഇന്ന് വരും ”

ശ്രുതി ഒന്ന് ചിരിച്ചു .

” അന്ന് ജിതിൻ അങ്ങനെ പറഞ്ഞതൊന്നും മനസ്സിൽ വയ്ക്കരുത്. അവൻ ബോധമില്ലാതെ പറഞ്ഞതായിരുന്നു. ”

” എനിക്കറിയാം. അതൊന്നും കുഴപ്പമില്ല. ഞാൻ എന്നാൽ അങ്ങോട്ട് ചെല്ലട്ടെ ”

ശ്രുതി പാറുവിനെ നോക്കി തിരിഞ്ഞു നടന്നു.

” ശുതി അമ്മയോട് നാൻ വേഗം വരാം എന്ന് പരയനെ”

അതിനവൾ ചിരിക്കുക മാത്രം ചെയ്തു.
ശ്രുതി പോയെന്ന് കണ്ടതും അയാൾ പാറുവിന്റെ മുഖം മുഴുവൻ ഉമ്മ വച്ചു.

” മറന്നോ പെണ്ണേ നീ ഞങ്ങളെ ”

” ആരാ പരഞ്ഞേ പാരു മരനെന്ന്. അച്ഛച്ചൻ കല്ലം പരയാ. ഉള്ളിലേക്ക് കയറ് അച്ഛമ്മയെ കാനനം. ”

ഉമ്മറത്ത് നിന്ന് അവരെ കണ്ട നില കണ്ണുകൾ തുടച്ചു ഉള്ളിലേക്ക് കയറി.
ശ്യാമയുടെ ബെഡിൽ പാറുവിനെ ഇരുത്തിയതും അവർ കണ്ണ് തുറന്നു അവളെ ചേർത്ത് പിടിച്ചു.
എത്ര കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ.
ശ്രേയ ഡോറിന്റെ മുന്നിൽ നിന്ന് മൂന്ന് പേരെയും നോക്കി നിന്നു. സ്റ്റൈർ ഇറങ്ങി വന്ന ജിതിൻ അമ്മയുടെ റൂമിൽ പാറുവിനെ കണ്ടതും കാലുകൾ അങ്ങോട്ട് ചലിച്ചു. അമ്മയുടെ മടിയിൽ മലന്നു കിടന്നു നുള്ളി പെറുക്കി കഥ പറയുന്നത് അവളെ കണ്ടപ്പോൾ ജിതിൻ പോലും അറിയാതെ ഉള്ളിലേക്ക് കടന്നു ശ്യാമയുടെ മറു വശത്ത് തല വച്ചു കണ്ണുകൾ അടച്ചു.
പെട്ടെന്ന് തല ചെരിച്ചു നോക്കി ജിതിനെ കണ്ടതും പാറു സൂക്ഷിച്ചു നോക്കി. അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നത് കണ്ട് അവൾ കുഞ്ഞി കൈ കൊണ്ട് അത് തുടച്ചു ശ്യാമയുടെ കൈ എടുത്തു ജിതിന്റെ തലയിൽ വച്ചു കൊടുത്തു.
മൂന്ന് പേർക്കും അപ്പോലുള്ള പാറുവിനെ മനസിലാക്കാൻ കഴിഞ്ഞില്ല. ജിതിനെ കണ്ടാൽ ഭയന്നു മാറി നിൽക്കുമെന്ന് പ്രതീക്ഷിച്ച അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവന്റെ ചേന്നിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണ് നീർ പാറു തുടച്ചു നെറ്റിയിൽ ഉമ്മ വച്ചു.
പെട്ടെന്ന് തന്നെ എഴുന്നേറ്റ ജിതിൻ അവളെ കെട്ടി പിടിച്ചു മുഖത്തെല്ലാം ഉമ്മ കൊടുത്തു. ശ്യാമയ്ക്ക് ആ നിമിഷം എഴുനേൽക്കണം എന്ന് തോന്നി. ശ്രേയയ്ക്ക് കണ്ണീർ കാഴ്ച മറിച്ചു. അച്ഛന്റെയും അവസ്ഥ ഇത് തന്നെയായിരുന്നു.

” പറ മോള്ക്ക് എന്താണ് വേണ്ടത് .. പറ. ”

തല ഉയർത്തി ജിതിൻ പാറുവിന്റെ മുഖത്തേക്ക് നോക്കി.

” എന്നേ പുരത്ത് കോൻറ്റ് പോവോ ”

പാറുവിന്റെ കണ്ണിൽ ജിതിനോടുള്ള ഭയമായിരുന്നില്ല ആ നിമിഷം കണ്ടത് മറിച്ച് ഇഷ്ട്ടമായിരുന്നു . അവൾ പറയേണ്ട താമസം ജിതിൻ വണ്ടിയുയുടെ കീ എടുത്തു പാറുവിനെ എടുത്തു പുറത്തേക്ക് ഇറങ്ങി.

” മോനേ നോക്കണം ട്ടോ ”

ശ്യാമ ഒച്ചത്തിൽ വിളിച്ചു പറഞ്ഞു.

” ഇനി എനിക്ക് എന്ത് സംഭവിച്ചാലും ഇവൾക്ക് ഒന്നും പറ്റില്ല. ”

തിരിച്ചു വന്ന് ശ്യാമയുടെ കവിളിൽ തഴുകി പുറത്തേക്ക് ഇറങ്ങി പാറുവിനെ മുന്നിൽ ഇരുത്തി.

” എങ്ങോട്ടാ കാന്താരി നിനക്ക് പോവേണ്ടത് ”

” പാപ്പന്റെ ഈസ്‌റ്റം ”

പാറു തല ചെരിച്ചു പറഞ്ഞു തിരിഞ്ഞു. ജിതിൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

🦋തിരികെ വരും 🦋