രചൻ – ഭദ്ര രുദ്ര
രാത്രിയുടെ ഇരുട്ട് എല്ലായിടത്തും പരന്നപ്പോൾ എല്ലാവരും ഉറക്കത്തിലേക്കു വഴുതി വീണെന്ന് തോന്നിയപ്പോൾ ഞാൻ നേരത്തെ തന്നെ പാക്ക് ചെയ്തു വച്ചിരുന്നു എന്റെ ഡ്രസ്സും സാധനസാമഗ്രികളും ബാഗും എല്ലാം എടുത്തു റൂമിനു പുറത്തേക്ക് വന്നു . ഞാൻ സ്വാതിയും ശ്വേതയും ശ്രേയയും കിടക്കുന്ന റൂമിലേക്ക് കയറി അവരുടെ മേശപ്പുറത്ത് ഞാൻ എഴുതി വച്ചിരുന്ന കത്ത് അവർ കാണത്തക്കവിധത്തിൽ വെച്ചു . പതിയെ ശബ്ദമുണ്ടാക്കാതെ അവരുടെ റൂമിൽ നിന്നും പുറത്തിറങ്ങിയ ഞാൻ വീടിന് പുറത്തേക്കിറങ്ങി . ആർമിയോട് പറഞ്ഞ ലൊക്കേഷനിലേക്ക് നടക്കുമ്പോൾ ആ രാത്രിയിൽ ഞാനറിയാതെ എന്നെ ഒരു നിഴൽ പിന്തുടരുന്നുണ്ടായിരുന്നു .
അല്പദൂരം മുന്നോട്ട് നടന്നപ്പോൾ എനിക്ക് പുറകിലായി ഒരു കാൽപെരുമാറ്റ സ്വരം ഞാൻ കേട്ടു . അപ്പോൾ തന്നെ ഞാൻ തിരിഞ്ഞു നോക്കി . എന്നാൽ അവിടെ എനിക്ക് ആരെയും കാണാൻ സാധിച്ചിരുന്നില്ല . ഞാൻ വീണ്ടും നടക്കാൻ തുടങ്ങി . അപ്പോൾ വീണ്ടും ആ കാൽ പെരുമാറ്റം എന്നെ പിന്തുടരുന്നുണ്ടായിരുന്നു . അല്പദൂരം നടന്നതിനുശേഷം ഞാൻ നിന്നു . സർവ്വ ധൈര്യം സംഭരിച്ച് ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും ഒരു ബലിഷ്ഠമായ കൈകൾ എന്റെ വായപൊത്തി പിടിച്ചിരുന്നു . ആദ്യം ഞാനൊന്ന് ഭയന്നെങ്കിലും പൂർവാധികം ധൈര്യത്തോടെ ആ ബലിഷ്ഠമായ കൈകളെ തടയാൻ ശ്രമിച്ചു .
പെട്ടെന്നാണ് ആ കൈകളുടെ ഉടമ എന്റെ ചെവിയുടെ അടുത്തേക്ക് മുഖം അടുപ്പിച്ചത് . അയാളുടെ ചുടു നിശ്വാസം എന്റെ കഴുത്തിലും ചെവിയിലും വന്നടിച്ചു . ഞാൻ ഏറെ ബലം പ്രയോഗിച്ചു അയാളെ പിന്നിലേക്ക് തള്ളിമാറ്റാൻ ശ്രമിച്ചു . ഞാൻ ബലം പ്രയോഗിക്കുന്നതിന് അനുസരിച്ച് അയാൾ എന്നിലേക്ക് കൂടുതൽ ശക്തിയോടെ അടുത്തുകൊണ്ടിരുന്നു . അപ്പോഴാണ് ഞാൻ വീടിനടുത്തുള്ള കുമാരേട്ടൻ തൊടിയിലൂടെ പോകുന്നത് കണ്ടത് . ഞാൻ കൈ കാലുകളാൽ ശബ്ദമുണ്ടാക്കി അയാളെ വിളിക്കാൻ ശ്രമിച്ചതും . എന്റെ മേൽ ഉണ്ടായിരുന്ന പിടിത്തം ഒന്ന് കൂടി മുറുകി . അയാൾ എന്റെ കൈകാലുകൾ ബന്ധിക്കാൻ ശ്രമിച്ചു . കുമാരേട്ടൻ അപ്പോഴേക്കും അവിടെ നിന്നും നടന്നകന്നിരുന്നു .
അയാൾ എന്റെ മേലുള്ള പിടി അയച്ചുകൊണ്ട് അയാൾ എന്നോട് എന്തോ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അയാളെ തട്ടിമാറ്റി തിരിഞ്ഞതും എന്റെ തല അവിടെയുള്ള മരത്തിലിടിച്ചു . എന്റെ തലപൊട്ടി നെറ്റിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു . എന്റെ ചുടുചോര ആ മരത്തിൽ പറ്റിയിരുന്നു . എന്റെ കണ്ണിൽ ഇരുട്ടു കയറുന്നതും പതിയെ ബോധം മറയുന്നതും ഞാനറിഞ്ഞു . എന്റെ അവസാനത്തെ ബോധത്തിലും ഞാൻ കണ്ടു നിലത്തുവീണ എന്നെ കോരിയെടുക്കുന്ന ആ കൈകളെ . അത് എനിക്ക് പരിചിതമായിരുന്നു . അപ്പോഴേക്കും ആകാശം പിളർന്നു വരുന്നത് പോലെയുള്ള ഇടിമിന്നലും ശക്തമായ കാറ്റോടു കൂടിയ മഴയും എന്റെ കാതിൽ കേൾക്കാമായിരുന്നു . ബോധം മറഞ്ഞ് ഞാനാ കൈകളിൽ കിടന്നു .
കൃഷ്ണദാസിന്റെയും രാധാമണിയുടെയും വീട്ടിൽ നേരം പുലർന്നത് തന്നെ ശ്രുതിയുടെ മിസ്സിംഗ് വാർത്ത കേട്ടുകൊണ്ടാണ് . അവരെല്ലാവരും നാലുപുറവും ശ്രുതിയെ അന്വേഷിക്കുന്ന തിരക്കിലാണ് . ലാലു വണ്ടിയെടുത്തു പുറത്തൊക്കെ അന്വേഷിക്കാനായി ഇറങ്ങി . ചെറിയമ്മയും ചെറിയച്ഛനും വീട്ടിലും പരിസരത്തും എല്ലാം ശ്രുതിയെ തിരക്കി നടക്കുകയാണ് .
” എന്തായി രാധാമണി , മോളെ കണ്ടോ ? ”
പുറത്ത് എല്ലാം ശ്രുതിയെ അന്വേഷിച്ചു തിരികെ വീട്ടിലേക്ക് നിരാശനായി തിരിച്ചുവന്ന കൃഷ്ണദാസ് ഒരു ചെറു പ്രതീക്ഷയോടെ രാധാമണിയോട് ചോദിച്ചു . എന്നാൽ നിരാശയായിരുന്നു മറുപടി .
” ഇല്ല കൃഷ്ണേട്ടാ , ഈ കുട്ടി എവിടെ പോയോ ആവോ ? ”
” ഇനി ഹരിയോട് ഞാൻ എന്താ പറയുക ? പൊന്നുപോലെ നോക്കിക്കോളാം എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ വിശ്വസിച് അവളെ ഇവിടെ ഏൽപ്പിച് പോയതാ അവൻ ”
” കൃഷ്ണേട്ട , നമുക്ക് പോലീസിൽ പരാതി കൊടുത്താലോ ”
അപ്പോഴാണ് അവിടേയ്ക്ക് സ്വാതിയും ശ്വേതയും ശ്രേയയും ഓടിവന്നത് . സ്വാതിയുടെ കയ്യിൽ ഒരു കത്തും ഉണ്ടായിരുന്നു . സ്വാതി ആ കത്ത് കൃഷ്ണദാസിന് നേരെ നീട്ടി .
” അച്ഛാ , ഇതൊന്നു നോക്കിക്കേ ”
” ഇതെന്താ മോളെ ? ”
” ഇത് ശ്രുതി കിടന്ന റൂമിൽ നിന്നും കിട്ടിയതാണ് . ഈ കത്ത് അവളുടെ കൈപ്പടയിൽ എഴുതിയതാണ് ”
കൃഷ്ണദാസ് സ്വാതിയുടെ കൈയിൽനിന്ന് ആ കത്ത് വാങ്ങിയതിനുശേഷം ഒന്ന് അതിലേക്ക് നോക്കി . ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്നതിനുശേഷം അയാൾ സ്വാതിക്ക് തന്നെ ആ കത്ത് തിരിച്ച് ഏൽപ്പിച്ചിട്ട് അവളോട് അതുറക്കെ വായിക്കാൻ പറഞ്ഞു .
# ചെറിയച്ഛനും ചെറിയമ്മയും എന്നോട് ക്ഷമിക്കണം . ഞാൻ പോവുകയാണ് , പെട്ടെന്നൊരു ദിവസം നിങ്ങളുടെയൊക്കെ ജീവിതത്തിലേക്ക് ഒരു വാക്ക് പോലും ചോദിക്കാതെ കടന്നു വന്നവളാണ് ഞാൻ . എന്നെ കുറിച്ച് കൂടുതലൊന്നും അറിയാതെ തന്നെ നിങ്ങളൊക്കെ എന്നെ ഒരുപാട് സ്നേഹിച്ചു . നിങ്ങളുടെ കൂട്ടത്തിൽ ഒരാളായി തന്നെ എന്നെ പരിഗണിച്ചു . ഒരു അച്ഛന്റെയും അമ്മയുടെയും വാത്സല്യവും സഹോദരങ്ങളുടെ സ്നേഹവും ഞാൻ അറിഞ്ഞത് ഇവിടെ വന്നതിനു ശേഷമാണ് . നിങ്ങളെയൊക്കെ ഞാൻ ഒരുപാട് മിസ്സ് ചെയ്യും . ഹരിമാമ ചോദിച്ചാൽ ഈ കത്ത് എടുത്തു കൊടുക്കണം . എന്റെ ഈ യാത്രയ്ക്ക് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് . അതിപ്പോൾ എനിക്ക് നിങ്ങളോട് ഒന്നും പറയാൻ പറ്റില്ല . ഇപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും എന്നോട് ദേഷ്യം ഉണ്ടാവും . എന്നാൽ എന്റെ യാത്രയ്ക്ക് പിന്നിലെ കാരണം അറിഞ്ഞാൽ തീർച്ചയായും ആ ദേഷ്യം മാറും . ഞാൻ എന്തായാലും നിങ്ങളെയൊക്കെ കാണാൻ വരും . ഇപ്പോൾ ഞാൻ പോവുകയാണ് , എങ്ങോട്ടെന്നില്ലാത്ത യാത്ര . ഒരു ദേശാടന പക്ഷിയെപോലെ . തിരിച്ചു വരും ഞാൻ .
എന്നെ വെറുക്കരുത് , കഴിയുമെങ്കിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം .
എന്ന് സ്വന്തം
ശ്രുതി #
കത്ത് വായിച്ച് കഴിഞ്ഞപ്പോഴേക്കും സ്വാതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു . സ്വന്തം കൂടപ്പിറപ്പായി തന്നെയാണ് ശ്രുതിയെ അവിടെ എല്ലാവരും കണ്ടിരുന്നത് . താൻ അവൾക്ക് കൂടപ്പിറപ്പ് മാത്രമല്ലായിരുന്നു ബെസ്റ്റ് ഫ്രണ്ട് കൂടിയായിരുന്നു . എന്നിട്ടും തന്നോട് അവൾ ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ . ഓർക്കുംതോറും സ്വാതിയുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു . ശ്രേയയുടെയും ശ്വേതയുടെയും മുഖം വാടി തളർന്നിരുന്നു . ചാരുകസേരയിൽ കണ്ണടച്ചിരുന്നിരുന്ന കൃഷ്ണദാസ് പതിയെ എണീറ്റിരുന്നശേഷം എല്ലാവരുടെയും മുഖത്തേക്ക് ഒന്ന് നോക്കി . എല്ലാവരുടെയും കണ്ണുകൾ കലങ്ങിയിരുന്നു . അയാൾ ഒരു ദീർഘനിശ്വാസം എടുത്തതിനുശേഷം അവരുടെയൊക്കെ മുഖത്തുനോക്കി സംസാരിക്കാൻ തുടങ്ങി .
” എന്തിനാ ഇപ്പൊ എല്ലാവരും കരയുന്നത് ? അതിനുമാത്രം ഇവിടെ ഇപ്പോൾ എന്താ ഉണ്ടായത് ? ശ്രുതിമോൾ പോയി എന്നത് ശരിയാണ് . പക്ഷേ അത് എന്നേക്കുമുള്ള ഒരു ഒഴിഞ്ഞു പോക്കല്ല . അവൾ തിരിച്ചു വരും എനിക്കുറപ്പുണ്ട് . നിങ്ങൾ ആരും വിഷമിക്കേണ്ട ആവശ്യമില്ല ”
” എന്നാലും കൃഷ്ണേട്ടാ , അവൾ നമ്മളോടൊക്കെ ഒരു വാക്കുപോലും പറയാതെ പോയല്ലോ ”
രാധാമണി സങ്കടത്താൽ വിങ്ങിപ്പൊട്ടി .
” ഇങ്ങനെ കരയാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ല . അവൾ പറഞ്ഞതുപോലെ , പെട്ടെന്നൊരു ദിവസം നമ്മുടെ ജീവിതത്തിലേക്ക് കയറിവന്നതാണ് അവൾ . പിന്നീടങ്ങോട്ട് അവൾ നമ്മുടെ ആരൊക്കെയോ ആവുകയായിരുന്നു . പെട്ടെന്നൊരു ദിവസം അവൾ കൺമുന്നിൽ നിന്നും അകന്നപ്പോൾ . നെഞ്ചൊന്നു പിടിച്ചു എന്നത് ശരിയാണ് . പക്ഷേ അവൾ പോയതിനു പിന്നിൽ എന്തെങ്കിലും ശക്തമായ ലക്ഷ്യം ഉണ്ടാവും . അവൾ നല്ല തന്റേടം ഉള്ള പെൺകുട്ടിയാണ് . അവളെ സൂക്ഷിക്കാൻ അവൾക്കറിയാം . നിങ്ങൾ ഒന്നും വെറുതെ അവളെ ഓർത്ത് വിഷമിക്കേണ്ട . ”
” അച്ഛാ , ശ്രുതിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ് . എനിക്ക് തോന്നുന്നു അവൾ ആ സിം ഒഴിവാക്കിയെന്ന് . ഇനി അവളെ ഒന്ന് കോൺടാക്ട് ചെയ്യാൻ പോലും കഴിയില്ലല്ലോ ”
സ്വാതി വളരെ വേദനയോടെയാണ് കൃഷ്ണദാസിനോട് അത് പറഞ്ഞത് .
” നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട മോളെ , അവൾ എന്തായാലും നമ്മളെ വിളിക്കും . എന്നെങ്കിലും ഉറപ്പായും വിളിക്കും ”
അത്രയും പറഞ്ഞ് അയാൾ ആ ചാരു കസേരയിലേക്ക് ചാഞ്ഞിരുന്നു . അവിടെ എല്ലാവരുടെ മുഖത്തും ദുഃഖം നിഴലിച്ചിരുന്നു . സ്വാതി റൂമിലേക്ക് പോയപ്പോൾ ശ്വേതയും ശ്രേയയും ശ്രുതിയെ കുറിച്ചുള്ള സംസാരത്തിൽ ആയിരുന്നു .
” എന്നാലും ശ്രുതി ചേച്ചി നമ്മളോട് ഒന്നും ഒരു വാക്കുപോലും പറയാതെ പോയല്ലോ ”
” അതെ , ഇന്നലെ നമ്മളെ പുറത്തേക്ക് കൊണ്ടുപോയതും നമുക്ക് വേണ്ടത് ഒക്കെ വാങ്ങി തന്നതും ഇതെല്ലാം മനസ്സിൽ കണ്ടു കൊണ്ടായിരിക്കും ”
” ചേച്ചി ഇപ്പോൾ എവിടെയായിരിക്കും ? ”
” അറിയില്ല . എവിടെയായാലും ഒരു പ്രശ്നവും ഇല്ലാതിരുന്നാൽ മതിയായിരുന്നു ”
” ചേച്ചി ഒറ്റയ്ക്ക് അല്ലേ പോയത് , ഈ നാട്ടിൽ ചേച്ചിക്ക് വേറെ പരിചയക്കാർ ഒന്നുമില്ലല്ലോ ”
” ഇല്ല . ചേച്ചി എവിടെ ആയാലും സുഖമായി ഇരുന്നാൽ മതിയായിരുന്നു . ”
സ്വാതി പെട്ടെന്ന് അവരുടെ റൂമിലേക്ക് കയറി ചെന്നു . സ്വാതിയെ കണ്ടപ്പോൾ ശ്വേതയും ശ്രേയയും ഒരേ സ്വരത്തിൽ ചോദിച്ചു
” സത്യം പറ ചേച്ചി , നിന്നോട് പറഞ്ഞിട്ടല്ലേ ശ്രുതി ചേച്ചി പോയത് ? ”
” അല്ല . ഒരു നിഴൽ പോലെ കൂടെ നടന്നിട്ടും . എനിക്ക് അവളുടെ മനസ്സ് മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല . നമ്മളെ ഒന്നും വേണ്ടാത്തത് കൊണ്ടല്ലേ അവൾ പോയത് . നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട ”
സ്വാതി അതു പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു . അവൾ കണ്ണു തുടച്ചു കൊണ്ട് റൂം എല്ലാം വൃത്തിയാക്കാൻ തുടങ്ങി . പുറമേ ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും സ്വാതി ഉള്ളിൽ കരയുകയാണെന്ന് മനസ്സിലാക്കിയിട്ട് എന്നോണം ശ്വേതയും ശ്രയയും ആ റൂമിൽ നിന്നും മാറി കൊടുത്തു .
കൃഷ്ണദാസ് തന്റെ ഫോണെടുത്ത് ഹരിയെ കാര്യങ്ങളെല്ലാം വിളിച്ചു പറയാൻ തീരുമാനിച്ചു .
” കൃഷ്ണേട്ടാ നിങ്ങൾ എന്താ ചെയ്യുന്നത് ? ”
” ഹരിയെ വിളിച്ചു പറയണ്ടേ ശ്രുതി മിസ്സിംഗ് ആണെന്ന് ”
” പറയണം പക്ഷേ ”
” ഒരു പക്ഷേയും ഇല്ല ”
രാധാമണിയുടെ വാക്കുകൾ മുഴുവനാക്കുന്നതിനു മുമ്പേ കൃഷ്ണദാസ് ചാടിക്കേറി സംസാരിച്ചു . എന്നിട്ട് ഫോണിൽ ഹരിയുടെ നമ്പർ ഡാൻസ് ചെയ്ത് മുറ്റത്തേക്കിറങ്ങി . കൃഷ്ണദാസ് പറഞ്ഞതെല്ലാം ഹരി കേട്ടു എന്നല്ലാതെ തിരിച്ചൊരു മറുപടിയും കൊടുത്തില്ല . എല്ലാം കേട്ടതിനു ശേഷം അയാൾ ഫോൺ കട്ട് ചെയ്തു .
ഇതേസമയം മറ്റൊരിടത്ത് കാറിന്റെ സീറ്റിൽ ബോധമില്ലാതെ കിടക്കുകയാണു ശ്രുതി . അവളുടെ നെറ്റിയിലെ മുറിവിൽ മരുന്നുവെച്ച് കെട്ടിയിട്ടുണ്ട് . ആ കാർ അവളെയും കൊണ്ട് ദൂരേക്ക് പാഞ്ഞു കൊണ്ടിരുന്നു .
( തുടരും )

by