രചന – അഹാനിക അനു
തിരിച്ചുള്ള മടക്കയാത്രയിൽ ശ്രുതി നിലയെക്കുറിച്ച് ചോദിക്കാത്തത് രാജേഷിന് അത്ഭുതമായിരുന്നു. രാജേഷിനെ പോലും നോക്കുന്നില്ല അവളുടെ ശ്രദ്ധ മുഴുവൻ പുറത്താണ്. ഉള്ളിലേക്ക് കടന്ന കാറ്റിനെ സ്വീകരിച്ച വണ്ണം അവൾ കണ്ണുകളടച്ചു ചാരിയിരുന്നു.
പുറത്ത് കാർ വന്ന ശബ്ദം കേട്ട് രേവതി ഓടി വന്ന് കതക് തുറന്നു ഉള്ളിലേക്ക് കയറാൻ നിന്ന ശ്രുതിയുടെ കയ്യിൽ പിടിച്ചു.
” നന്ദുവിന് എങ്ങനെ ഉണ്ട് ”
കുഴപ്പമില്ല എന്ന് അലസമായി പറഞ്ഞു രേവതിയുടെ കൈ വിടിപ്പിച്ചു റൂമിലേക്ക് കയറി.
” ഇവൾക്ക് എന്ത് പറ്റി രണ്ട് ദിവസമായി മുഖം കടന്നേൽ കുത്തിയത് പോലെ. മര്യാദയ്ക്ക് സംസാരിക്കുന്നു കൂടിയില്ല. “.
രേവതിയുടെ പരാതിയവൾ മുകളിലേക്ക് കേട്ടിരുന്നു റൂമിൽ കയറി കതകടച്ചു ബെഡിൽ കിടന്നു.
” അവൾക്ക് കുഴപ്പമൊന്നുമില്ല. നിനക്ക് തോന്നുന്നതാവും. നന്ദു ഓക്കെയാണ് നിലയും ശരത്തും എല്ലാവരും ഉണ്ട്. ”
ഉള്ളിലേക്ക് കടന്ന് ഷർട്ട് അഴിച്ചു കൊണ്ട് രാജേഷ് രേവതിയെ നോക്കി. ഇന്ന് നടന്ന സംഭവമൊന്നും അവളോട് പറയണ്ട എന്ന് കരുതി.
” ചെറിയ കുട്ടികൾ ഉള്ളതല്ലേ അവരെയും കൊണ്ട് എങ്ങനെ നിൽക്കും. മക്കളെ ഇങ്ങോട്ട് കൊണ്ട് വരാമായിരുന്നു. ”
“അവിടെ ഉള്ള ആർക്കും തന്നെ നില ഇല്ലാതെ പറ്റില്ല. അവളെ വിട്ട് മക്കൾ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. “”
രേവതി ഇല്ലെന്ന് തലയനക്കി
” ഭാഗ്യമുള്ള കുട്ടിയാണ് അവൾ. എന്നേ പോലെ ആരുമില്ലാതെയാണ് വളർന്നതെന്ന് പറഞ്ഞിരുന്നു അതിനെല്ലാം പരിഹാരമായാവും അവളാ വീട്ടിലേക്ക് വന്നത്.
ആ മോളെ കണ്ടാലും കണ്ടാലും മതി വരില്ല.
ഇപ്പോളും കുറ്റിത്തം നിറഞ്ഞു നിൽക്കും
നാളെ ഞാനും വരും ഹോസ്പിറ്റലിൽ. “‘
രേവതിയുടെ കണ്ണുകൾ നിറഞ്ഞു വന്നതും അത് കണ്ട് നിൽക്കാൻ കഴിയാതെ രാജേഷ് ഭക്ഷണം എടുത്തു വയ്ക്കാൻ പറഞ്ഞു വേഗം റൂമിലേക്ക് കയറി.
രേവതിയെ നോക്കാൻ കഴിഞ്ഞിരുന്നില്ല ഒരുപക്ഷെ എല്ലാം താൻ പറഞ്ഞു പോയാലോ എന്ന ഭയം മനസ്സിൽ വന്നു.
🌻🌻🌻🌻🌻🌻🌻
പിറ്റേന്ന് രാവിലെ നന്ദു കണ്ണ് തുറന്നു ഇന്ന് തന്നെ റൂമിലേക്ക് മാറ്റുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ശരത്ത് നിലയോട് വീട്ടിൽ പോയി ഫ്രഷായി വരാൻ പറഞ്ഞു. ആദ്യമൊക്കെ പോവില്ല നന്ദുവിനെ കണ്ടിട്ടേ പോവൂ എന്ന് വാശി പിടിച്ചെങ്കിലും പിന്നീട് മക്കളെ ഓർത്ത് ഒട്ടും മനസ്സില്ലാതെ അച്ഛന്റെ കൂടെ ഇറങ്ങി. ശരത്ത് അവർക്ക് പോകാനുള്ള ഓട്ടോ എല്ലാം ഏർപ്പാടാക്കി കൊടുത്തു.
നന്ദുവിനെ റൂമിലേക്ക് കൊണ്ട് വന്ന് ബെഡിൽ കിടത്തിയപ്പോൾ വേദന കൊണ്ട് അവന്റെ കണ്ണുകൾ ചുളിഞ്ഞു.
” വേദന ഉണ്ടെടാ ”
ശരത്ത് ആദിയോടെ ചോദിച്ചു.
” ഏയ് കുഴപ്പമില്ല. ഒരു വലിച്ചിൽ പോലെ സ്റ്റിച് ഉള്ളതല്ലേ വേറെ പ്രശ്നമൊന്നും ഇല്ല.
ഏട്ടാ ഏട്ടത്തിയും പാറുവും ”
നന്ദു റൂമിൽ ചുറ്റും കണ്ണ് കൊണ്ട് തിരഞ്ഞു
“അവർ സേഫ് ആണ്. ഇന്നലെ രാത്രി ഇവിടെ ആയിരുന്നു.
ഉറങ്ങിയിട്ടില്ല. രാവിലെ ഞാൻ നിർബന്ധിച്ചു അച്ഛന്റെ കൂടെ പറഞ്ഞയച്ചു. ”
” എന്താണ് പറ്റിയത്. ആ ജിതിനല്ലേ. ”
നന്ദു ദേഷ്യത്തിൽ ബെഡ്ഷീറ്റ് കൂട്ടി പിടിച്ചു.
” നീ ഇങ്ങനെ ദേഷ്യം പിടിക്കല്ല. നമ്മൾ അറിയാത്ത പലതും ഉണ്ട്. ജിതിനല്ല ഇത് ചെയ്തത് “..
“പിന്നെ. ”
” എല്ലാം പറയാം. നീയൊന്ന് എഴുനേറ്റു വാ നമുക്ക് എല്ലാവരെയും വിശദമായി പരിജയപെടണം ”
ശരത്ത് ചിരിച്ചു കൊണ്ട് നന്ദുവിന്റെ തോളിൽ തട്ടി.
” എന്റെ കൈക്കും കാലിനും ഇപ്പോൾ ഒരു കുഴപ്പവും ഇല്ല ഏട്ടാ ഞാൻ സ്ട്രോങ്ങ് ആണ് ”
” ദേ ഒരൊറ്റ ചവിട്ട് തന്നാലുണ്ടല്ലോ അവന്റെ ഒരു സ്ട്രോങ്ങ്. ഇവിടെ മനുഷ്യൻ ഇന്നലെ മുതൽ അനുഭവിക്കുന്ന ടെൻഷൻ എന്താണെന്നറിയോ.
ഒന്ന് ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല.
എന്നിട്ട് ഇപ്പോൾ എണീച്ചു വന്ന് അവന്റെ ഒടുക്കത്തെ ഡയലോഗ് ”
അത്രയും നേരം സൈഡിൽ നിന്ന് അവരെ നോക്കി നിന്ന കിച്ചു നന്ദുവിന്റെ മുന്നിലേക്ക് കയറി നിന്ന് ഒച്ചത്തിൽ പറഞ്ഞു.
” ഹാ ഇവൻ ഇവിടെ ഉണ്ടായിരുന്നോ ഏട്ടാ. ഞാൻ കണ്ടില്ലല്ലോ ”
കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് നന്ദു മുഖം വെട്ടിച്ചു ശരത്തിന് നേരെ തിരിഞ്ഞു.
ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങാൻ നിന്ന കിച്ചുവിന്റെ കയ്യിൽ നന്ദുവിന്റെ പിടി വീണിരുന്നു.
” എന്റെ കിച്ചു ഇതൊക്കെ സർവ്വസാധാരണം.
ഒരു ചെറിയ ആക്‌സിഡന്റ് അല്ലേ . ഞാൻ ആദ്യമായിട്ടാണോ വണ്ടിയിൽ നിന്ന് വീഴുന്നതും ഹോസ്പിറ്റലിൽ വന്ന് കിടക്കുന്നതും. ”
” അപ്പോളൊക്കെ അപ്പുറത്ത ബെഡിൽ ഞാനും ഉണ്ടായിരുന്നു. ”
നന്ദുവും ശരത്തും ചിരിച്ചു പോയി.
” നീ ഇവിടെ ഒരു സെന്റി സീൻ ഉണ്ടാക്കല്ല കിച്ചു. നില വന്നാൽ ഒന്ന് കാണാൻ ഉള്ളതാണ്.
നന്ദു ചീത്ത കേട്ട് ഒരു വഴിയാവും ”
നന്ദു ദയനീയമായി ശരത്തിനെ നോക്കി
” എന്നേ നോക്കരുത് നിങ്ങൾ ഏട്ടത്തിയും അനിയനും തമ്മിലുള്ള പ്രശ്നം നിങ്ങൾ തന്നെ തീർക്കുന്നതാവും നല്ലത് ”
ഏട്ടൻ കൈ മലർത്തിയപ്പോൾ കിച്ചുവിനെ നോക്കി. അവിടെയും സെയിം ഡയലോഗ്.
വീട്ടിലെത്തി വേഗം കുളിച്ചു പാറുവിനെയും ദേവൂട്ടിയെയും കുളിപ്പിച്ച് അടുക്കളയിൽ കയറി കഴിക്കാൻ ഉള്ളത് ഉണ്ടാക്കി. പാറു പിറകെ നടന്നു നന്ദുവിനെയും കിച്ചുവിനെയും തിരക്കുന്നുണ്ട്. അതിനെല്ലാം വല്ലതും പറഞ്ഞു ഒഴിഞ്ഞു മാറി അച്ഛനും പാറുവിനും കഴിക്കാൻ ഉള്ളത് കൊടുത്തു ഉച്ചത്തേക്ക് കൊണ്ട് പോവാൻ ഉള്ളത് ഉണ്ടാക്കി. എല്ലാം വളരെ പെട്ടെന്ന് തന്നെ റെഡിയായി മാറ്റി അച്ഛൻ ഓട്ടോ വിളിച്ചു വന്ന് ഹോസ്പിറ്റലിലേക്ക് പോയി.
” നമ്മൾ എങ്ങോറ്റാണ് അമ്മേ പോവുന്നത് ”
പുറത്തേക്ക് നോക്കി ഇരുന്ന പാറു തല ചെരിച്ചു നിലയുടെ മുഖത്തേക്ക് നോക്കി.
” നന്ദുവിന്റെ എടുത്തേക്ക് ”
” അറ്റിന് വിക്രമൻ എവിറ്റേയാ. ഇന്നലെ കൻട്ടില്ലല്ലോ. നമ്മലേ രശിക്കാനും വന്നില്ലല്ലോ ”
” അതൊക്കെ അവിടെ ചെന്നിട്ട് മനസിലാവും ട്ടോ ”
നില കവിളിൽ തഴുകിയപ്പോൾ അവൾ അതേയെന്ന് തലയനക്കി പുറത്തേക്ക് നോക്കി.
ഹോസ്പിറ്റലിൽ എത്തി ദേവൂട്ടിയെ അച്ഛൻ എടുത്തു നില പാറുവിന്റെ കൈ പിടിച്ചു മുന്നിൽ നടന്നു. റൂമിന്റെ ഡോർ തുറന്നു നില ഉള്ളിലേക്ക് കടന്നപ്പോൾ നന്ദു ഉറങ്ങുകയായിരുന്നു. കവർ എല്ലാം മേശയിൽ വച്ചു ശരത്തിനും കിച്ചുവിനും ഉള്ള ഡ്രെസ് കയ്യിൽ കൊടുത്തു അവൾ തിരിഞ്ഞു നോക്കി.
” നീ എന്താ പാറു അവിടെ നിൽക്കുന്നത് ഉള്ളിലേക്ക് വാ ”
നിലയുടെ ശബ്ദം കേട്ട് നന്ദു നെറ്റ് ചുളിച്ചു കണ്ണ് പതുക്കെ തുറന്നു. പാറു ഡോറിന്റെ മുന്നിൽ നിന്ന് അവനെ തന്നെ നോക്കി നിൽക്കുകയാണ്.
” ഇവളെന്താ ഏട്ടത്തി പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നിൽക്കുന്നത് ”
പാറുവിനെ നോക്കി ചിരിക്കുന്ന നന്ദുവിനെ നില ദേഷ്യത്തിൽ നോക്കിയപ്പോൾ അവൻ ചമ്മിയ ചിരി ചിരിച്ചു.
” എന്റെ ഏട്ടത്തി നോക്കി ദഹിപ്പിക്കല്ല. മഴ ആയിരുന്നില്ലേ കയ്യിൽ നിന്ന് വണ്ടി സ്ലിപായി പിന്നെ ഒപോസിറ്റ് വന്ന ലോറി കണ്ടില്ല. ”
നിലയുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് നന്ദു ശരത്തിനെ നോക്കി എന്നേ നോക്കണ്ട എന്ന് പറഞ്ഞു അവൻ ബാത്‌റൂമിൽ കയറി.
” എന്നേ വേണേൽ രണ്ട് ചീത്ത പറഞ്ഞോ. കരയരുത്. അത് മാത്രം കാണാൻ വയ്യ. ”
നന്ദു കെഞ്ചി പറഞ്ഞപ്പോൾ നില കണ്ണുകൾ തുടച്ചു.
” പേടിച്ചു പോയി നന്ദു ”
” അതൊന്നും കുഴപ്പമില്ലെന്നേ. ഇവളെന്താ അവിടെ നിൽക്കാൻ വന്നതാണോ. ടി നീ എനിക്ക് fruit’s കൊണ്ട് വന്നിട്ടുണ്ടോ ”
” ഇറ്റ് എൻറ്റാ തലയിൽ കീരീറ്റം അണോ ”
പാറു മുന്നിലേക്ക് നടന്നു ബെഡിന്റെ മുകളിൽ തടിക്കും കൈ വച്ചു നന്ദുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
“അതേടി മുൾകീരീടം. നിനക്ക് ഞാൻ ഒന്ന് തരുന്നുണ്ട് ”
” അശ്. നിക്ക് ബേണ്ട ഒരു രശവും ഇല്ല. എൻറ്റിനാ ഇറ്റിന്റെ മുകളിൽ കയറി കിറ്റക്കുന്നത് തായെ ഇരങ്ങ് ഇനി സേരിയ കുറ്റികൾ കിട്ടക്കട്ടെ”
” അല്ല ഏട്ടത്തി ഈ പെണ്ണിനെ ഞാൻ പഠിപ്പിക്കാൻ തുടങ്ങിയേറെ വിവരം കുറഞ്ഞു വരുകയാണോ. ”
” എനിക്കും സംശയം ഉണ്ട്. മര്യാദക്ക് അച്ഛൻ പഠിപ്പിക്കുന്നതായിരുന്നു. ”
കരഞ്ഞു അലമ്പാക്കേണ്ട സിറ്റുവേഷൻ പാറുവിന്റെ സാനിധ്യം കൊണ്ട് മയപ്പെടുന്ന പോലെ തോന്നി നന്ദുവിന്.
” ടാ കിച്ചു ഇവളെ ഒന്ന് എന്റെ അടുത്ത് ഇരുത്തിക്ക് ”
കിച്ചു പാറുവിനെ എടുത്തു പൊക്കി ബെഡിൽ ഇരുത്തി അത് കണ്ട ദേവൂട്ടിക്കും ഇരിക്കാൻ അച്ഛന്റെ കയ്യിൽ നിന്നും താഴേക്ക് ചാടാൻ നോക്കി. നന്ദു അടുത്തേക്ക് കൊണ്ട് വരാൻ തല അനക്കിയതും അച്ഛൻ അടുത്തേക്ക് ചെന്നു
നന്ദു ദേവൂട്ടിയുടെ കവിളിൽ അമർത്തി മുത്തി.
അച്ഛന്റെ കലങ്ങിയ കണ്ണ് കണ്ട് നന്ദുവിന്റെ കുഴപ്പമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു .
അവന്റെ മടിയിലേക്ക് ചാഞ്ഞ മോളെ എടുത്തു അയാൾ പുറത്തേക്ക് നടന്നു.
രാജേഷും രേവതിയും ശ്രുതിയും വരുമ്പോൾ കിച്ചു ബാത്‌റൂമിൽ കയറിയിരുന്നു. ശരത് ചായ കുടിച് എഴുനേറ്റു.
” താൻ കഴിച്ചിട്ട് എഴുന്നേറ്റാൽ മതിയെടോ. ”
കയ്യിലുള്ള കവർ നിലയെ ഏൽപ്പിച്ചു രാജേഷ് ശരത്തിനെ നോക്കി . രേവതി അപ്പോളേക്കും നിലയെ കൂട്ടി പിടിച്ചിരുന്നു .
” ഏയ്. കഴിച്ചു കഴിഞ്ഞതാണ്. നിങ്ങളിരിക്ക്. ”
ശരത്ത് ഇരുന്ന സ്റ്റൂൾ നീക്കി കൊടുത്തു.
” എങ്ങനെ ഉണ്ട് ഇപ്പോൾ വേദനയുണ്ടോ ”
രേവതി അടുത്തേക്ക് ചെന്ന് നന്ദുവിന്റെ കൈ പിടിച്ചു.
” ഇടയ്ക്ക് വേദന വരും അല്ലാതെ കുഴപ്പമൊന്നുമില്ല ”
നന്ദു പറയുന്നത് കേട്ട് പാറു രേവതിയെയും അവനെയും മാറി മാറി നോക്കി.
” എവിറ്റേ ആണ് വേറ്റന ”
” ഏഹ് അപ്പോൾ പാറു ഒന്നും അറിഞ്ഞില്ലേ ”
കാൽ രണ്ടും മടക്കി വച്ചു ബെഡിൽ ഇരിക്കുന്ന പാറുവിന്റെ മുടി ശെരിയാക്കി കൊടുത്തു രേവതി ചോദിച്ചപ്പോൾ പാറു ഇല്ലെന്ന് തലയനക്കി
” നന്ദു ചേട്ടന് മുറിവ് പറ്റി. ഇനി കുറച്ചു ദിവസത്തേക്ക് ഏട്ടനെ വേദനയാക്കരുത് ട്ടോ ”
” അയ്യോ എൻറ്റ് പറ്റിയത ”
നന്ദുവിന്റെ എടുത്തേക്ക് നീങ്ങി ഇരുന്നു അവന്റെ കവിളിൽ തട്ടി കൊണ്ട് പാറു ചോദിച്ചപ്പോൾ അവൾ തന്നെ കളിയാക്കുകയാണോ എന്ന് ഒരു നിമിഷം തോന്നി പോയി.
” നന്ദു ചേട്ടൻ വണ്ടിയിൽ നിന്ന് വീണു. അതാണ് തലയ്ക്ക് കെട്ടിയത്. കണ്ടിലേ ”
പാറു തലയനക്കി നന്ദുവിനെ തന്നെ നോക്കി നിന്ന്.
“വലിയ മുരിവാണോ ”
നന്ദു അതേയെന്ന് തലയനക്കി
” നല്ല വേറ്റന ഉൻറ്റോ ”
അതിനും മിണ്ടാതെ സങ്കടത്തോടെ ആണെന്ന് തലയാട്ടി
“വായയിൽ അപ്പം ഉൻറ്റോ.
വാ തുരന്ന് പര. പാറു ഡോക്റ്റരെ വിലിച്ചു സൂചി വക്കാൻ പരയ ”
” എന്തിന് ”
നന്ദു പെട്ടെന്ന് ചോദിച്ചു.
” ഇനി വികൃതി കാനിച്ചു മുരിവ് പറ്റാതെ പാരുവിനെ പോലെ നല്ല കുറ്റിയാവാൻ ”
” അയ്യട മോളെ. അവൾ അതിന്റെ ഇടയിലൂടെ സ്വയം ഒന്ന് പൊക്കി ”
നന്ദു പറഞ്ഞപ്പോൾ അവൾ നാവ് പുറത്തേക്ക് ഇട്ട് ചിരിച്ചു. കൂടി നിന്നവരുടെ ചുണ്ടിലും ചിരി ഉണ്ടായിരുന്നു.
കുളിച്ചു ഇറങ്ങിയ കിച്ചുവിന് ചായ കുടിക്കുമ്പോളും ശ്രുതിയെ ഒന്ന് നോക്കിയില്ല. ശ്രുതി നോക്കുന്നുണ്ടെന്ന് മനസിലാക്കി കൊണ്ട് തന്നെ തിരിഞ്ഞിരുന്നു.
വായ അടയ്ക്കാതെ ഇന്നലെ നടന്ന ഓരോ സംഭവവും കുറച്ച് തള്ളും കയറ്റി നന്ദുവിന്റെ എടുത്തു ഇരുന്നു വിവരിക്കുയാണ് പാറു. അവൾ പറയുന്നതിനെല്ലാം തലയനക്കി
ശ്രുതിയെയും കിച്ചുവിനെയും ശ്രദ്ധിച്ച നന്ദു രണ്ട് പേർക്കും എന്ത് പറ്റിയെന്ന് രേവതിയോട് സംസാരിച്ചു നിൽക്കുന്ന നിലയോട് കണ്ണ് കൊണ്ട് ചോദിച്ചപ്പോൾ അവൾ അറിയില്ലെന്ന് തലയനക്കി.
” നാൻ പരയുന്നത് വിക്രമൻ കേൽക്കുന്നുണ്ടോ ”
പാറു നന്ദുവിന്റെ കൈക്ക് തല്ലി
” ആ കേൾക്കുന്നുണ്ട്.
തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ള് ഞാൻ ഇപ്പോൾ താഴെ വീഴും ”
” നാൻ സത്യം ആണ് വിക്രമ പരയുന്നത്. ”
” ഓഹ് കേട്ടാലും പറയും ”
” എന്നാൽ നാൻ പരയുന്നില്ല. ”
മുഖം തിരിച്ചു നിലയുടെ കയ്യിലുള്ള ഓറഞ്ച് വാങ്ങി
” ഇറ്റോന്ന് ആരേലും പോലിച്ചു തരോ ”
കലിപ്പിൽ തന്നെ അത് നിലയ്ക്ക് കൊടുത്തു.
നില ചിരിച്ചു കൊണ്ട് അത് വാങ്ങി തൊലി പൊളിച്ചു കയ്യിൽ വച്ചു കൊടുത്തു.
നന്ദുവിന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തിൽ ഓരോന്ന് വായയിലേക്ക് ഇട്ടു .
” അശ്.
നിന്നേ ഞാൻ എന്തേലും ചെയ്തോ പെണ്ണേ എന്നേ നോക്കി ദഹിപ്പിക്കാൻ.
എന്നാൽ നീ കഥ പറ ഞാൻ കേൾക്കാം ”
” പരയട്ടെ ”
പാറു ഉത്സാഹത്തോടെ ചോദിച്ചു.
നന്ദു ചിരിച്ചു മൂളി.
കയ്യിലെ ഓറഞ്ച് ഓരോന്നായി പൊളിച്ചു നന്ദുവിന്റെ വായയിൽ വച്ചു കൊടുത്തു വീണ്ടും പറഞ്ഞു തുടങ്ങി. എല്ലാവരും രണ്ട് പേരെയും നോക്കി നിൽക്കുകയാണ് നന്ദു ശ്രദ്ധിച്ചു കൊണ്ട് എല്ലാത്തിനും മൂളി കൊടുക്കുന്നുണ്ട്. ഇടയ്ക്ക് എക്സ്പ്രഷൻ വാരി എറിയുമ്പോൾ പാറുവിന് പറയാനുള്ള തിടുക്കം കൂടി.
ഇരുന്ന് കഥ പറഞ്ഞു കുഴങ്ങി പിന്നെ അവന്റെ അടുത്തു കിടന്നായി പറയുന്നത്.
” വിക്രമ കുരച്ചു നീങ്ങി കിറ്റക്ക് നാൻ ഇപ്പോ
വീയും ”
” അവൻ കിടന്നോട്ടെ പെണ്ണേ തല വേദനയാവും പാറു വാ അമ്മ എടുക്കാം ”
നില എടുക്കാനായി വന്നതും നന്ദു കൈ കൊണ്ട് തടഞ്ഞു പാറുവിന് കിടക്കാൻ പതുക്കെ നീങ്ങി കൊടുത്തു ഇനി പറയാൻ വന്നു. നിലയെ നോക്കി പുച്ഛിച്ചു പാറു തിരിഞ്ഞു കിടന്നു.
അവരെ തന്നെ നോക്കി നിന്ന രാജേഷും ശരത്തും പരസ്പരം നോക്കി പുറത്ത് പോയി വരാം എന്ന് പറഞ്ഞിറങ്ങി. കൂടെ ഇറങ്ങാൻ നിന്ന കിച്ചുവിനെ
തടഞ്ഞു.
🦋തിരികെ വരും 🦋

by