രചന – അഹം
തന്റെ പ്രാണൻ ….. അവിടെ….. ഒരു ചുമരിനപ്പുറം മരണത്തോട് മല്ലിടുകയാണ്……… രണ്ടാഴ്ച മുൻപ് തന്നെ ചേർത്ത് നിർത്തിയ കരങ്ങൾ ഇന്ന് നിശ്ചലമാണ്…. വാക്കുകളിൽ സ്നേഹം നിറച്ച സ്വരങ്ങൾ മൗനങ്ങൾ കടം കൊണ്ടിരിക്കുന്നു….. എന്നിലെ പെണ്ണിനെ പൂർണമാക്കിയ ശരീരം ഇന്ന് മരവിച്ചിരിക്കുന്നു…. തനിക്ക് വേണ്ടി മിടിക്കുന്ന ആ ഹൃദയം മാത്രം ഒരു തിരിച്ച് വരവിനായി താളം തെറ്റി മിടിക്കുന്നുണ്ട്…..
ആ വരവും കാത്ത് പുറത്ത് അവന്റെ പെണ്ണും…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇന്നലെ രാവിലെ ഹരിയുടെ കാൾ ആണ് അമ്മുവിനെ ഉണർത്തിയത്…..
“” അമ്മൂസേ ഇന്ന് ഞാൻ വന്നോട്ടെടി അവിടെ…. രണ്ടാഴ്ച ആയെടി കണ്ടിട്ട്… ഇന്നത്തോടെ ഇന്റെർണൽ എക്സാം കഴിയുലെ…. ഇനി സ്റ്റഡി ലീവ് അല്ലെ ടു വീക്സ്…. നമുക്ക് ഒരു രണ്ടു ദിവസം ഫ്ലാറ്റിൽ താമസിക്കാടി….. ഞാൻ കുറുമ്പോന്നും കാണിക്കൂല…. നിന്നെ അടുത്ത് കണ്ടാൽ മാത്രം മതി…. പ്ലീസ് എന്റെ അമ്മിക്കുട്ടി അല്ലെ…. “‘
ഹരിയുടെ കൊഞ്ചൽ കേട്ടപ്പോൾ ശെരിക്കും പൊട്ടിച്ചിരിച്ചു പോയി അവൾ….. താനും ഈ നിമിഷങ്ങൾ ആഗ്രഹിച്ചിരുന്നു…. ഇന്ന് ഹരിയേട്ടനെ വിളിക്കണം എന്ന് വിചാരിച്ചിരുന്നു അപ്പോഴേക്കും ആൾ ഇങ്ങോട്ട് വിളിച്ചു കാര്യം പറഞ്ഞു….
“” വന്നോ…. പക്ഷെ രണ്ടേ രണ്ടു ദിവസം മാത്രം…. ഇല്ലെലേ ഹരിയേട്ടന്റെ അമ്മിക്കുട്ടി പബ്ലിക് എക്സാമിനു നിറയെ മുട്ട വാങ്ങും…. “”
“” താങ്ക്സ് ചക്കരെ…. Umm.. mmm.. mmh…. എന്നാൽ എന്റെ അമ്മിക്കുട്ടി പോയി എക്സാമൊക്കെ എഴുതി വൈകുന്നേരം ആകുമ്പോഴേക്ക് കുളിച്ച് സുന്ദരിക്കുട്ടി ആയിരിക്ക്…. ചേട്ടൻ അവിടെ വന്ന് പിക്ക് ചെയ്യാട്ടോ….. രണ്ടു ദിവസം ഞാനും നീയും മാത്രം…. അടിച്ചുപൊളിക്കാടി നമുക്ക്…. “”
കാൾ കട്ട് ചെയ്ത് പോയിട്ടും തന്റെ മനസ്സ് ഹരിയേട്ടനിൽ തന്നെ വട്ടമിട്ടുകൊണ്ടിരുന്നു….
വല്ലാത്തൊരു സന്തോഷം പൊതിയുന്നു… വൈകുന്നേരം ആകുമ്പോഴേക്കും ആൾ തന്റെ അടുത്തുണ്ടാകും….
നാണത്താൽ കവിളുകൾ തുടുത്തു വന്നു….
ഉച്ചയ്ക്ക് എക്സാം കഴിഞ്ഞ് റൂമിലെത്തി എല്ലാം പാക്ക് ചെയുമ്പോൾ വീണ്ടും ഹരിയേട്ടന്റെ കാൾ വന്നു… ആൾ കോഴിക്കോടെത്തി…. അഞ്ചു മിനിറ്റിനുള്ളിൽ അവിടെ എത്തുമെന്നും പറഞ്ഞു…..
ഇങ്ങേരിന്നു കാറിനു പകരം ഹെലികോപ്റ്റർ ആണോ ഓടിക്കുന്നെ……വൈകുന്നേരം എത്തുമെന്ന് പറഞ്ഞ ആൾ ഇതാ ഉച്ച ആയപോഴേക്കും എത്തിയെന്നു പറഞ്ഞു വിളിക്കുന്നു…..
അമ്മു എല്ലാം ഒരുക്കി വെച്ച് ഹരിയെയും കാത്ത് ബാൽക്കണിയിൽ ഇരുന്നു…. ഓരോ നിമിഷവും ഒരു യുഗം പോൽ തോന്നി…..
സമയം കടന്നുപോയികൊണ്ടിരുന്നു…. അഞ്ചു മിനിറ്റിനുള്ളിൽ എത്തുമെന്ന് പറഞ്ഞ ആൾ രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും എത്തിയില്ല…..
ഹരിയുടെ ഫോണിൽ വിളിക്കുമ്പോഴൊക്കെ പരിധിക്ക് പുറത്ത് എന്ന പല്ലവി മാത്രം….
അമ്മുവിന്റെ മനസ്സ് വേവലാതി പൂണ്ടു….. എന്തോ ആപത്ത് സംഭവിച്ചപോൽ ഹൃദയ താളം തെറ്റി… നെഞ്ചിടിപ്പ് ഉയർന്നുകൊണ്ടിരുന്നു…. കണ്ണുകൾ നീറിപുകഞ്ഞു….
വീണ്ടും സമയം കടന്നുകൊണ്ടിരുന്നു…. ഹരിയുടെ വിവരം മാത്രമില്ല….. ആരെ വിളിക്കും എന്നറിയാതെ ഉഴറി അവൾ ….
സന്ധ്യ ആയപ്പോൾ അവളുടെ ഫോണിലേക്ക് ഹരിയുടെ കാൾ വന്നു….
ആശ്വാസത്തോടെ കാൾ എടുത്തവൾ കേട്ടത് ഹൃദയത്തെ തകർക്കുന്ന വാർത്ത ആണ്…
കോഴിക്കോട് വെച്ച് ഹരിക്ക് ആക്‌സിഡന്റ് പറ്റിയിരിക്കുന്നു…. മിംസ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപിച്ചിരിക്കുവാണ്…. ഉടനെ അവിടെ എത്തണം എന്നാണ് നിർദ്ദേശം….
അവിടെ എത്തിച്ച പോലീസ് ഹരിയുടെ ഫോണിലെ ലാസ്റ്റ് കാൾ ലിസ്റ്റ് നോക്കി വിളിച്ചതായിരുന്നു അവളെ…..
ഹൃദയം ഒരുവേള നിലച്ചപോലെ തോന്നി അമ്മുവിന്….. ഹരി ജീവിതത്തിനും മരണത്തിനുമിടയിലാണെന്നു സത്യം അവളെ തകർത്തിരുന്നു…..
ആരെ വിളിക്കണം…. എന്ത് ചെയ്യണം എന്നൊന്നും അറിയാതെ അവൾ തളന്നിരുന്നു….. കണ്ണിൽ നിന്നുതിർന്ന കണ്ണീരിനിടയിൽ അവൾക് ആകെ തെളിഞ്ഞത് ഒരു മുഖം മാത്രമായിരുന്നു….
അനുജിത്തിന്റെ…..
തങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നവൻ… ഹരിയേട്ടന്റെ സുഹൃത്തിന്റെ അനുജൻ….
അവൾ ഫോൺ എടുത്ത് അനുജിത്തിനോട് കാര്യങ്ങൾ പറഞ്ഞു….
അവളെയും ചേർത്ത് പിടിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയത് അവനായിരുന്നു….
ഡോക്ടറിൽ നിന്നും അറിഞ്ഞ ഹരിയുടെ ഹെൽത്ത് കണ്ടിഷൻ അവളെ പാടെ തകർത്ത് കളയാൻ മാത്രം ഭീകരമായിരുന്നു……
ഹരിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചതും അനുജിത്ത് ആയിരുന്നു…. ഒന്ന് ചലിക്കാൻ പോലുമാകാതെ അവൾ തറഞ്ഞു നിന്നു പോയി….
ഒരു രാത്രി പിന്നിട്ടിരിക്കുന്നു….
ഹോസ്പിറ്റൽ കോറിഡോറിലൂടെ ഹരിയുടെ അച്ഛനമ്മമാരും ഗീതുവും കാർത്തിക്കും രഞ്ജിത്തും നടന്ന് വരുന്ന ശബ്ദമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്…..
അമ്മു മുഖം ഷാൾ കൊണ്ട് അമർത്തി തുടച് എഴുനേറ്റിരുന്നു……..
ഹരിയുടെ അച്ഛൻ കൃഷ്ണൻ ഓടിവന്ന് അനുജിത്തിന്റെ കൈകൾ പിടിച്ച് ഹരിയുടെ കാര്യങ്ങൾ തിരക്കി…. ഒന്നും വിട്ട് പറയാനാകാതെ അവൻ വീർപ്പുമുട്ടി…
അച്ഛനെ സമാധാനിപ്പിച്ച് രഞ്ജിത്തിനെയും കാർത്തിക്കിനെയും കൂട്ടി മാറി നിന്ന് ഹരിയുടെ അവസ്ഥ വിശദീകരിച്ചു…. അവർ ഡോക്ടറിനെ കാണാൻ പോയി….
തളർന്നിരിക്കുന്ന ഹരിയുടെ അമ്മ ഗീതയെ കണ്ട് ചേർത്ത് നിർത്താൻ മുന്നോട്ട് ആഞ്ഞ അമ്മുവിനെ തടഞ്ഞുകൊണ്ട് ഗീതുവിന്റെ കൈകൾ അമ്മയെ ചേർത്തു പിടിച്ചു…..
പരസ്പരം ഒന്നും സംസാരിക്കാതെ നിമിഷങ്ങൾ കടന്നുപോയി…..
“” നീ എന്താ ഇവിടെ?? എങ്ങനെ അരിഞ്ഞു ഹരിക്ക് ആക്‌സിഡന്റ് ആയത് “”??…
ഗീതുവിന്റെ ചോദ്യം കേട്ട് ഗീതയുടെ കണ്ണുകളും അവളെ തേടി എത്തി… അപ്പോഴാണ് അവർ അമ്മുവിനെ അവിടെ കണ്ടത് പോലും….
സത്യങ്ങൾ വിളിച്ചുപറയനാവാതെ അത് തൊണ്ടയിൽ കുരുങ്ങി നിന്നു….
“” ഹരിയേട്ടന്റെ ഫ്രണ്ട് അനുജിത്തേട്ടൻ എന്റെ കോളേജിലാണ്…. ഞങ്ങൾ അയല്പക്കകാരാണെന്നു ഏട്ടന് അറിയാം ഏട്ടൻ പറഞ്ഞ് അറിഞ്ഞതാ ഹരിയേട്ടനെ കുറിച്ച് ….. “‘
പറഞ്ഞു കഴിയുമ്പോഴേക്കും കണ്ണുനീർതുള്ളികൾ ഇറ്റ് വീണിരുന്നു…..
അപ്പോഴേക്കും ഡോക്ടറെ കാണാൻ പോയവർ തിരിച്ചു വന്നു ……. ആരുടേയും മുഖം തെളിച്ചമില്ല…. നല്ല വാർത്ത അല്ല അവരറിഞ്ഞിരിക്കുന്നതെന്ന് വ്യക്തം….
“” അമ്മു തിരിച്ച് താമസസ്ഥലത്തേക്ക് പൊക്കോളൂ…. ഞങ്ങളൊക്കെ എത്തിയില്ലേ ഇവിടെ “”
കാർത്തിക്കിന്റെ വാക്കുകൾ അവളിൽ അസ്വസ്ഥത നിറച്ചു
“” എനിക്ക് തിരക്കില്ല…. ഞാൻ ഇന്ന് കൂടി ഇവിടെ നിൽക്കാം ഗീതമേ….”
“” വേണ്ട മോളെ…. ചിലപ്പോ ഹരിയെ ഞങ്ങൾ ഇവിടെ നിന്നും മാറ്റും മോൾ പോയിക്കോ…. ഇത്ര നേരം എന്റെ മോന് വേണ്ടി മോൾ നിന്നല്ലോ… അവനെ തനിച്ചാക്കിയില്ലലോ… അതിനൊരുപാട് നന്ദി ഉണ്ട്… രണ്ടു ദിവസം കഴിഞ്ഞാൽ യദുവും എത്തും… മോൾ അവനെ വിളിച്ചാൽ മതി “”
കൃഷ്ണച്ഛന്റെ വാക്കുകൾക്ക് മറുപടി നൽകാനാവാതെ അവളുടെ കണ്ണുകൾ അനുജിത്തിനെ തേടി പോയി….
അവനും നിസ്സഹായനായിരുന്നു…. എല്ലാം തുറന്ന് പറയേണ്ടവൻ അകത്തു നിശ്ചലനായി കിടക്കുന്നു….
ഒന്നും ആരോടും പറയരുത് എന്ന അവന്റെ നിർദേശം മറികടക്കാനാവാതെ രണ്ടുപേരും വേദന കടിച്ചമർത്തി….
അനുജിത്ത് അവളെ കാണുകൾക്കൊണ്ട് ആശ്വസിപ്പിച്ചു…..
എല്ലാവരോടും യാത്ര പറഞ്ഞ് അവൾ അനുജിത്തിന്റെ കൈകൾ ചേർത്തു പിടിച്ചു…
“” എന്റെ പ്രാണനെ ഈ കൈകളിൽ ഏല്പിച്ചു ഞാൻ പോകുവാ…. തിരിച്ചു തന്നേക്കണേ അനുജിത്തേട്ടാ …. എവിടേക്ക് വേണേലും കൊണ്ടുപോകാൻ ഇവരെ സഹായിക്കണേ…….ഹരിയേട്ടനെന്തെലും പറ്റിയാൽ പിന്നെ ഞാനും കാണില്ല ഈ ഭൂമിയിൽ….””
ശബ്ദം താഴ്ത്തി അവനോട് പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നടന്നു…. തന്റെ പ്രാണനെ അവിടെ ഉപേക്ഷിച്ചുകൊണ്ട്…..
ഒരു നിമിഷം യദുവിനെ ഓർത്തുപോയവൾ…. അവനുണ്ടായിരുന്നേൽ ഒരിക്കലും അവളെ പറഞ്ഞു വിടില്ലായിരുന്നു…
പരസ്പരം പ്രണയിക്കുനതറിയില്ലെങ്കിലും ഹരിയേട്ടനോടുള്ള എന്റെ പ്രണയം അവന് അറിയാമായിരുന്നു….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കോഴ്സ് കംപ്ലീറ്റ് ചെയ്ത് നാട്ടിലേക്കുള്ള ട്രെയിൻ കയറുമ്പോൾ ഹൃദയം തുടികൊട്ടിക്കൊണ്ടിരുന്നു….എഴുമാസത്തോളമായി താൻ ഹരിയേട്ടനെ ഒന്ന് കണ്ടിട്ട്…. ആ ശബ്ദമെങ്കിലുമൊന്നു കേട്ടിട്ട്…..
ഹരിയേട്ടൻ കഴിഞ്ഞ ആഴ്ച നാട്ടിലേക്കു എത്തി എന്ന് യദുവിനെ വിളിച്ചപ്പോൾ
അറിഞ്ഞു… പിന്നീട് എല്ലാം കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ ഒരു തിടുക്കാമായിരുന്നു….
അപ്പോഴും ഹരി ഇതുവരെ അവളെ വിളിക്കാതിരുന്നത് ഒരു കുഞ്ഞു പരിഭവമായി ആ കുഞ്ഞു മനസ്സിൽ ഉണ്ടായിരുന്നു….
അന്നത്തെ ആക്സിഡന്റിന് ശേഷം ഹരിയെ മിംസിൽ നിന്നും ആദ്യം അമൃതയിലേക്കും അതിന് ശേഷം വെല്ലൂരെക്കും കൊണ്ടുപോയി….
ശരീരം ആകമാനം ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലായിരുന്നു… കൂടാതെ തലയിലേറ്റ ആഴത്തിലുള്ള മുറിവും ….
ദൈവത്തിന്റെ കരുണയും ഡോക്ടർമാരുടെ കഴിവും സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയുമൊന്നു കൊണ്ട് മാത്രം ഹരി ജീവിതത്തിലേക്ക് തിരിച്ചു വന്നു….
ഇപ്പൊ കുറച്ചൊക്കെ പിടിച്ചു നടക്കാൻ പറ്റുന്നുണ്ട്….. ഇതൊക്കെ യദുവിൽ നിന്ന് അമ്മുവിന് കിട്ടുന്ന വിവരമാണ്….
ആദ്യമൊക്കെ അനുജിത്ത് കാര്യങ്ങൾ അവളെ വിളിച്ചറിയിക്കാറുണ്ടായിരുന്നു… ഇപ്പൊ കുറച്ച് മാസങ്ങളായി അവളുടെ കാളുകൾ അവൻ അറ്റൻഡ് ചെയ്യുന്നില്ല…
വീട്ടിൽ എത്തിയതും അമ്മു ബാഗൊക്കെ അവിടെ വെച്ച് ഹരിയുടെ വീട്ടിലേക്ക് പോയി…
അമ്മുവിന്റെ അമ്മയൊക്കെ ഇന്നലെ ഹരിയെ പോയി കണ്ടതുകൊണ്ട് അവൾ തനിച്ചായിരുന്നു പോയത്.
കാലുകൾക്ക് വല്ലാത്തൊരു വേഗം കൈവന്നപോലെ……
ചുണ്ടുകൾ വിറക്കുന്നുണ്ട്…..
കണ്ണുകൾ ഉറവ തീർക്കുന്നുണ്ട് …..
മാസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുന്നു….
തന്നിൽ നിന്ന് അകന്ന പ്രണാനെ ചേർത്തുവെക്കാൻ ഹൃദയം മുറവിളികൂട്ടിക്കൊണ്ടിരിക്കുന്നു….
മുറ്റത്തെത്തിയപ്പോൾ അവൾ കണ്ണുകൾ ഉയർത്തി നോക്കി…
വരാന്തയിൽ ഹരിയേട്ടന്റെ ബന്ധുക്കൾ എല്ലാവരുമുണ്ട്….
അമ്മുവിനെ കണ്ടപ്പോൾ യദുവിലുണ്ടായ ഞെട്ടൽ അവൾ കണ്ടിരുന്നു…
എല്ലാവരോടും പുഞ്ചിരിച്ച് ഹരിയേട്ടനെ കാണാനായി ഉള്ളിലേക്ക് കയറിയപ്പോൾ കൂടെ യദുവും വന്നു….
“”നീ ഇപ്പൊ അവന്റെ റൂമിലേക്ക് പോകണ്ട “‘
അവന്റെ പറച്ചിലിൽ അവളുടെ നെറ്റി ചുളിഞ്ഞു…
“”പോയാൽ എന്താ??””
“”അത്… അത് പിന്നെ… അവൻ ഡ്രസ്സ് മാറുവാ….”‘
ഞാൻ കാണാത്തതൊന്നും തന്നെ ആ ശരീരത്തിൽ ഇല്ലെന്ന് ഇവനറിയില്ലല്ലോ… ഊറിയ ചിരി കടിച്ചമർത്തികൊണ്ടവൾ മുന്പോട്ട് നടന്നു
“” വേണ്ടമ്മു…. നി കാണാൻ ആഗ്രഹിക്കാത്ത കാഴ്ചകൾ ആകും അകത്തുണ്ടാകുവാ “”
യദു പിന്നെയും പുറകിൽ നിന്ന് വിളിച് പറയുന്നുണ്ട്….
അവനെ ഒന്ന് പുച്ഛിച്ചുകൊണ്ട് ഹരിയുടെ റൂമിന്റെ വാതിൽ തള്ളി തുറന്നു….
മുന്നിൽ കാണുന്ന കാഴ്ച്ചയിൽ അവളുടെ നെഞ്ചോന്നു കിടുങ്ങി…..
അമ്മു പുറകിലോട്ടൊന്ന് വേച്ച് പോയി….
പുറകിൽ വരുന്ന യദുവിന്റെ നെഞ്ചിൽ തട്ടി നിന്നു അവൾ…….
ഹരിയെ ചേർത്ത് പിടിച്ച് ആ നെഞ്ചിൽ തല ചായ്ച്ചിരിക്കുന്ന ഗീതു…. ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ച് മറുകൈകൊണ്ട് അവളുടെ മുടിയിൽ തലോടുന്ന ഹരി…
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് രണ്ടുപേരും ഞെട്ടി കൊണ്ട് പരസ്പരം പിന്മാറി…
മുൻപിൽ നിൽക്കുന്ന അമ്മുവിനെ കണ്ടപ്പോൾ ഒരു പുച്ഛ ചിരിയോടെ ഗീതുവിനെ കൈകളാൽ വീണ്ടും ചേർത്തു പിടിച്ച് ഹരി….
കണ്ട കാഴ്ച വിശ്വസിക്കാനാവാതെ അവളുടെ കൈവിരലുകൾ യദുവിന്റെ കൈയിൽ മുറുകി….
ഒരു തുള്ളി കണ്ണുനീർ ഭൂമിയിലേക്ക് ഉറ്റുവീണു അവളുടെ കണ്ണിൽ നിന്ന്….
തുടരും

by