രചന – ഗംഗ ശലഭം
” ആ പെണ്ണ് ഇതിനു സമ്മതിക്കേന്നും ഇല്ലാരുന്നു. പിന്നെ എന്താ സമ്മതിച്ചേന്ന് അറിയാമോ?”
രഹസ്യം പോലെ എന്റെ അടുത്തോട്ടു നിന്നാണ് പറച്ചിൽ.
“ഒന്ന് മിണ്ടാതിരിക്കമ്മാ…. ചുമ്മാ…!”
അമ്മ പറഞ്ഞതൊക്കെ ഹരിയേട്ടനും ഇഷ്ടമായിട്ടില്ല എന്ന് തോന്നുന്നു. ആദ്യമായിട്ടാണ് ഹരിയേട്ടൻ അമ്മയോട്
ഇങ്ങനെ ശബ്ദം ഉയർത്തി പറയുന്നത്.
“എന്ത് ചുമ്മാ…. ഒള്ളതല്ലേ?” എന്ന് ഹരിയേട്ടനോട് പറഞ്ഞിട്ട്, “ഞാൻ പിന്നെ പറഞ്ഞു തരാം. അവൻ കേൾക്കാതെ….”
എന്ന് എന്റെ ചെവിയിലും പറഞ്ഞു.
കാര്യം പരദൂഷണം ആണെങ്കിലും ആ കാരണം എന്താണെന്ന് അറിയാൻ എനിക്കും താല്പര്യം തോന്നി. മനുഷ്യസഹജമായ ഒരു ജിജ്ഞാസ ഇല്ലേ? അത് തന്നെ….!
ഈ വക കാര്യങ്ങൾ ഒന്നും അമ്മ മറന്ന് പോകില്ല എന്നെനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു.
അടുക്കളയിൽ വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല.
അമ്മ കട്ടൻ ഉണ്ടാക്കി. അതും കുടിച്ച് കഴിഞ്ഞു റൂമിലേക്ക് പോകാൻ തുടങ്ങിയതും ” നില്ല്… ഞാൻ ബാക്കി പറയട്ട്… ” എന്നും പറഞ്ഞ് അമ്മ എന്നെ പിടിച്ചു നിർത്തി.
മാളുവിന്റെ കാര്യം പറയാനാണ്.
” നമ്മടെ മാളൂന് ആദ്യം ഒരു കല്യാണം ഒറച്ചതായിരുന്നേ… ജാതോംകൊടേം കഴിഞ്ഞ് എല്ലാരേം കല്യാണോം വിളിച്ച്,
കല്യാണത്തിന് മണ്ഡപോം ബുക്ക് ചെയ്തു കഴിഞ്ഞിട്ട് അത് പിന്നെ വേണ്ടാന്ന് വച്ചു. ”
“അതെന്ത് പറ്റി അമ്മാ?”
കാരണം അറിയാൻ എനിക്കും ഒരു കൗതുകം തോന്നി.
” മാളൂനെ കല്യാണം ഉറപ്പിച്ചിരുന്ന ചെറുക്കൻ അവളെ ഏതോ ഹോട്ടലിലോട്ട് ചെല്ലാൻ വിളിച്ചെന്നാ, പെണ്ണ് അത് പറ്റൂല്ലാന്ന് പറഞ്ഞിട്ടും അവൻ പിന്നേം പിന്നേം വിളിച്ചോണ്ടിരുന്നെന്നാ… അത് കൊണ്ട് ആ പയ്യന്റെ സ്വഭാവം കൊള്ളില്ല എന്ന് അറിഞ്ഞപ്പോ ഇവര് തന്നെ കല്യാണം വേണ്ടന്ന് വച്ചെന്നാ ഒക്കെയാ എല്ലാരോടേം പറഞ്ഞു നടന്നത്. അതൊന്നും അല്ല കാര്യം….”
പിന്നെ എന്താണാവോ എന്നൊരു തോന്നൽ എനിക്കും വന്നു.
” ഈ പെണ്ണെ, നമ്മടെ മാളു, കല്യാണം ഒറപ്പിക്കണേന് മുൻപേ വേറൊരു ചെറുക്കാനുമായിട്ട് കമ്പനി ആയിരുന്നേ…
കമ്പനീന്ന് വച്ചാ…… മറ്റേത്…. നിങ്ങള് പിള്ളേര് പറയില്ലേ? ലൈന്… അത് തന്നെ…!
കൂടെ പഠിച്ചതാ എങ്ങാണ്ടാ…. ആ ചെറുക്കന്റെ കൂടെ ക്ലാസ് കട്ടാക്കി കറക്കോം സിനിമക്ക് പോക്കും വേറെ പല പരിപാടികളും ഒക്കെ ഉണ്ടായിരുന്നെന്നാ കേട്ടത്.
സരോജവും സുകുവും ഇതറിഞ്ഞ് ആകെ ബഹളം ഒണ്ടാക്കി. ആ പെണ്ണിനെ അടിച്ചു കൊല്ലാറാക്കി. അവള് വലിയ ഉദ്യോഗക്കാരി അല്ലെ? ആ ചെറുക്കൻ ഒരു ഗതിക്ക് പാരഗതി ഇല്ലാത്ത ഏതോ വീട്ടിലെ ആയിരുന്നേ … അത് എവക്ക് പിടിക്കോ? എങ്ങനേ ഒരു ജോലി കിട്ടിയൊണ്ട് വലിയ കൊമ്പത്തെ ആണെന്നല്ലേ ഭാവം…”
അമ്മ അത് പറയുമ്പോ കുഞ്ഞമ്മയോടുള്ള പുച്ഛം മുഴുവനും ആ മുഖത്ത് ഉണ്ടായിരുന്നു.
അമ്മേം കുഞ്ഞമ്മേം രാജി എന്ന് പേരുള്ള ഒരു മാമീം കൂടെ ഒരുമിച്ചാണ് പണ്ട് ടൈപ്പ് പഠിക്കാൻ പോയിരുന്നത്. ഷോർട്ട് ഹാൻഡ് വരെ കഴിഞ്ഞതാ. അതില് രാജി മാമിക്കും കുഞ്ഞമ്മയ്ക്കും ടൈപ്പിസ്റ് ആയിട്ട് സർക്കാർ ജോലി കിട്ടി. അമ്മയ്ക്ക് കിട്ടിയില്ല.
അതിന്റെ അസൂയ കാര്യമായിട്ട് തന്നെ അമ്മയ്ക്ക് കുഞ്ഞമ്മയോടുണ്ട്. പലപ്പോഴും സംസാരത്തിൽ നിന്നും എനിക്കത് മനസ്സിലായിട്ടുള്ളതാണ്. ആരും അമ്മേക്കാൾ നന്നായാൽ അമ്മയ്ക്ക് പിടിക്കില്ല. അതിനി സ്വന്തം കുടുംബക്കാരായാലും…!
” അതിന്റടുത്ത് സമ്മതം പോലും ചോദിക്കാതെയാ വേറെ കല്യാണം ഒറപ്പിച്ചത്…. ”
എന്റെ ആലോചന മുറിച്ചു കൊണ്ട് അമ്മ തുടർന്നു.
” കല്യാണം അടുപ്പിച്ചാ മറ്റേ ചെറുക്കന്റെ കാര്യം ആ പയ്യന്റെ വീട്ടുകാര് അറിയണത്. വേറൊരുത്തന്റെ കൂടെ കറങ്ങി നടന്ന പെണ്ണിനെ വേണ്ടാന്ന് അവര് പറഞ്ഞെന്ന്…. അതോടെ ആ കല്യാണം ഒഴിഞ്ഞു.
പിന്നെ എടു പിടീന്നാ ഈ ജന്തൂനേ കണ്ട് പിടിച്ചോണ്ട് വന്നത്. കാണാൻ ഇങ്ങനെ ആയാലും വലിയ പാണക്കാരാണ്. അവക്ക് പിന്നെ അത് മതിയല്ല്. പണം… പണം എന്നൊള്ള ചിന്ത മാത്രേ ഒള്ളൂ… പിള്ളേര്ടെ മനസ്സ് അറിയണ്ട. ആർത്തിപണ്ടാരം….!”
അതിനിടയിലും കുഞ്ഞമ്മേ പ്രാകണൊണ്ട്.
” ജാതോംകൊട പോലും ഇല്ലാതെ പെട്ടെന്നായിരുന്നു കല്യാണം ഒക്കെ. ഒരുപാട് നീട്ടി ആയാൽ ആദ്യത്തത് പോലെ മറ്റേ കാര്യം അറിഞ്ഞ് ഇതും മുടങ്ങിയാലോ? എടുപിടീന്നും പറഞ്ഞു നല്ലൊരു പെങ്കൊച്ചിന്റെ തലേല് ഈ ചെക്കനെ കെട്ടി വച്ചു. അന്ന് കല്യാണത്തിന് വന്നവരെക്കെ എന്റടുത്തു ചോദിച്ചതാ… നിങ്ങൾക്കെങ്കിലും പറഞ്ഞൂടായിരുന്നോ? എത്ര നല്ല പെങ്കൊച്ചാ… എന്നൊക്കെ.
നമ്മൾ എന്തോന്ന് പറയാനാ? പറഞ്ഞാ അവക്ക് ഇഷ്ടപ്പെടോ? അവളുടെ മോക്ക് നല്ല ആലോചന വന്നതിലൊള്ള അസൂയ ആണെന്ന് പറയും. മാളൂന് ഇപ്പഴും ആ വീപ്പകുറ്റിയെ ഇഷ്ടമല്ല. എങ്ങനെ ഇഷ്ടപ്പെടും? തങ്കം പോലത്തെ പെണ്ണല്ലേ അത്?
കല്യാണം കഴിഞ്ഞിട്ട് രണ്ട് മൂന്ന് വർഷം ആയി. ഇതേ വരെ പിള്ളേരും കൂടി ഇല്ല…
ആ പെണ്ണിന്റെ വിധി പാവം. അതെങ്ങനെ ഇതേ പോലെ ആർത്തിയൊള്ള തള്ളേം തന്തേം ഉണ്ടായാ ഇങ്ങനെ ഒക്കെ തന്നെ…!”
പിന്നെയും അമ്മ എന്തോ പറഞ്ഞു തുടങ്ങിയതാ. അപ്പോഴേക്കും ഹരിയേട്ടൻ വന്നു. സംസാരം മുറിഞ്ഞു.
ഹരിയേട്ടന്റെ കൂടെ റൂമിലേക്ക് ചെല്ലുമ്പോൾ എന്റെ മനസ്സിൽ മാളുവിന്റെ ചിരിച്ച മുഖമായിരുന്നു. മനു ചേട്ടനോട് അവൾക്ക് ഒരു ഇഷ്ടക്കേടും ഉള്ളതായിട്ട് എനിക്ക് തോന്നിയില്ല. ആ ചേട്ടന്റെ കാര്യം പറഞ്ഞപ്പോഴൊക്കെ അവൾ സന്തോഷത്തിൽ തന്നെയാ സംസാരിച്ചത്.
എന്ത് കൊണ്ടോ അമ്മ പറഞ്ഞതിൽ പകുതിയും സത്യം അല്ലെന്ന് എനിക്ക് തോന്നി.
മുറിയിൽ വന്ന ശേഷം ഹരിയേട്ടൻ ഇന്റെർണൽ പരീക്ഷയുടെ പേപ്പറുകൾ നോക്കുവാനിരുന്നു.
ഞാൻ എന്റെ മൊബൈൽ എടുത്ത് അമ്മേ വിളിച്ചു.
‘മക്കളേ’ ന്നുള്ള അമ്മേടെ വിളി കേൾക്കുമ്പോഴേ വല്ലാത്ത ആശ്വാസം ആണ് മനസ്സിന്. അമ്മയോട് കുറച്ചു സമയം സംസാരിച്ചു. മീനുവിന്റെ മിസ്സ്ഡ് കാൾ കണ്ടിരുന്നത് കൊണ്ട് അവളേം വിളിച്ചു.
ഹരിയേട്ടൻ അയൺ ചെയ്തു വച്ചിരുന്ന ഡ്രസ്സ് ഒക്കെ എടുത്തു ട്രാവൽ ബാഗിനകത്താക്കി വച്ചു.
നാളെ വൈകിട്ടെ പോകുന്നുള്ളൂ. എന്നാലും നാളെ രാവിലെ എല്ലാം കൂടി ആയാൽ മറന്ന് പോയാലോ?
അപ്പോഴും ഹരിയേട്ടന്റെ പേപ്പർ നോക്കൽ കഴിഞ്ഞിട്ടില്ല.
“നീ കിടന്നോ. ഞാൻ ഇത്തിരി കൂടി വൈകും. നാളെ സി ഇ മാർക്ക് കൊടുക്കാനുള്ളതാ….”
ഹരിയേട്ടൻ എന്നോട് പറഞ്ഞിട്ട് നോക്കിക്കഴിഞ്ഞ പേപ്പർ ടേബിളിന് പുറത്ത് കമിഴ്ത്തി വച്ചിട്ട് അടുത്ത് നോക്കാനുള്ള പേപ്പർ എടുത്തു.
ഞാൻ വാഷ് റൂമിൽ പോയി വന്ന് വെള്ളം കുടിക്കാനായി ഫ്ലാസ്ക് നോക്കുമ്പോഴാണ് എടുത്തിട്ടില്ല എന്ന് മനസ്സിലായത്. കിടക്കും മുൻപ് വെള്ളം കുടിക്കുന്ന ശീലം ഹരിയേട്ടനുണ്ട്. ഇവിടെ വന്ന ശേഷം എനിക്കും ആ ശീലം തുടങ്ങിയിട്ടുണ്ട്.
“ഞാൻ വെള്ളം എടുത്തില്ല. എടുത്തിട്ട് വരട്ടെ…”
ഹരിയേട്ടനോട് പറഞ്ഞിട്ട് റൂമിന് പുറത്തിറങ്ങി. ഇരുട്ടാണ്. ഞാൻ പണ്ടേ ഇരുട്ട് ഇത്തിരി പേടിയുള്ള കൂട്ടത്തിലാണ്. എന്നാലും ധൈര്യം സംഭരിച്ചു അറിയുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് കയ്യെത്തിച്ച് വെളിയിലെ ലൈറ്റ് ഇട്ടു.
അത് കഴിഞ്ഞു ഒരു ഇടനാഴിയാണ്. അത് കഴിഞ്ഞു സൈഡിലായിട്ടാണ് അച്ഛന്റേം അമ്മേടേം മുറി. ഞാൻ കയ്യിലെ കുഞ്ഞ് ടോർച് തെളിച്ചു മുന്നോട്ടു നടന്നു.
അമ്മേടെ മുറിയുടെ മുന്നിൽ എത്തിയതും അടക്കിപ്പിടിച്ചത് പോലെ വർത്തമാനം കേട്ടു. കടന്ന് പോകാൻ തുടങ്ങിയതാണ്. എന്നെക്കുറിച്ചാണ് സംസാരം എന്ന് മനസ്സിലായതും കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിന്ന് പോയി.
” പൈസ എന്ത് ചുമ്മാ കിട്ടണതാ? എന്റെ ചെറുക്കന്റെ പത്തു പതിനായിരം രൂപയാ ആ നശൂലം പിടിച്ചവള് ഇന്നലെ തുലച്ചത്. നല്ല തുണി വല്ലതും അവള് കണ്ടിട്ടൊണ്ടാ… കണ്ടപ്പം ആർത്തി…. കേറി വന്നപ്പോഴേ ഇങ്ങനെ… ഇത് കൊറേകൂടെ പോകുമ്പം എന്റെ കൊച്ചിനെ മുടിപ്പിക്കും.”
അമ്മ ദേഷ്യത്തിൽ പറയുന്നുണ്ട്.
എന്നെക്കുറിച്ചാണ് പറയുന്നത്. കേട്ടപ്പോ നെഞ്ചിന് വല്ലാത്ത കനം. കണ്ണൊക്കെ നിറഞ്ഞു വന്നു.
എനിക്ക് ഡ്രസ്സ് വാങ്ങിത്തരാൻ ഹരിയേട്ടനോട് പറയാനിരുന്നതാണെന്ന് എന്നോട് പറഞ്ഞ ആളാണ് ഇപ്പൊ ഇങ്ങനെ പറയുന്നത്.
” തീറ്റിയാ? നല്ലത് പോലെ തിന്നും. അവിടെ ഒന്നും തിന്നാൻ കിട്ടാത്തൊണ്ടാ എല്ലും തോലുമായിട്ട് ഇരിക്കണത്. ഇപ്പക്കണ്ടാ… രണ്ടാഴ്ച കഴിഞ്ഞേ ഒള്ളൂ… തടിച്ചുരുണ്ട് വരണത് കണ്ടാ? ഞാൻ മിനിഞ്ഞാന്ന് ഉണ്ടാക്കിയ വാഴയ്ക്കാപ്പം മൂന്ന് എണ്ണമാണ് തിന്നത്. അതും വലുത്…
നല്ല ആഹാരം വല്ലോം കാണണത് ഇവിടെ വന്നിട്ടാ… അവിടെ പഴിഞ്ഞീം കുടിച്ച് കിടന്നതല്ലേ?”
തികട്ടി വരുന്ന കരച്ചിൽ വായ പൊത്തി അടക്കി ഞാനാ വെറും നിലത്തേക്കിരുന്നു.
രണ്ടെണ്ണം മതി കൂടുതൽ പറ്റില്ല എന്ന് പറഞ്ഞ എന്നെക്കൊണ്ട് മൂന്നാമതൊരു വാഴയ്ക്കാപ്പം നിർബന്ധിച്ചു കഴിപ്പിച്ചതാണിവര്. അതും വായിൽ വച്ചു തന്നിട്ട്… എന്നിട്ടാണിപ്പോ?
അപ്പൊ എന്നെ നിർബന്ധിച്ചു കഴിപ്പിക്കുന്നതൊന്നും എന്നോടുള്ള സ്നേഹം കൊണ്ടല്ല അല്ലെ? എന്റെ വീട്ടിൽ എനിക്ക് കഴിക്കാൻ ഒന്നും കിട്ടാറില്ല എന്ന് വരുത്തി തീർക്കാൻ ആയിരുന്നോ? ഇങ്ങനെ ആരും കേൾക്കാത്തപ്പോ എന്നെ കുറ്റം പറയാനും ചീത്ത വിളിക്കാനും ആയിരുന്നോ?
എനിക്കെന്റെ തൊണ്ട നീറി തുടങ്ങി. കണ്ണെരിഞ്ഞു പുകഞ്ഞു തുടങ്ങി.
കുമാരീടടുത്തു ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഇത് വേണ്ടെന്ന്. എനിക്കറിയാരുന്ന്….”
അച്ഛനാണ്.
” പിന്നെ എനിക്ക് അറിയാഞ്ഞിട്ടാ? എന്റെ കൂട്ടുകാരികൾ എത്ര നല്ല നല്ല ആലോചനകൾ കൊണ്ട് വന്നതാ. ഓരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്ന്. ഞാൻ വളർത്തിയ കൊച്ചല്ലേ? അവന്റെ സ്വഭാവം ആർക്കാ അറിയാത്തെ?
അതുവല്ല, കുമാരീടെ കയ്യിൽ എന്റെ മോളെ തരാൻ ഞങ്ങൾക്ക് ഒരു പേടീം ഇല്ലെന്നാ ശോഭയും രാധയുമൊക്കെ എന്നോട് പറഞ്ഞത്. പക്ഷെ കേൾക്കണ്ടേ? അവന്റെ വിധി ഇതായിപ്പോയി.”
ഞാൻ ഒന്നമ്പരന്നു. ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു.
********
🦋 മരുമകൾ 🦋 22
” കുമാരീടടുത്തു ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഇത് വേണ്ടെന്ന്. എനിക്കറിയാരുന്ന്….”
അച്ഛനാണ്.
” പിന്നെ എനിക്ക് അറിയാഞ്ഞിട്ടാ? എന്റെ കൂട്ടുകാരികൾ എത്ര നല്ല നല്ല ആലോചനകൾ കൊണ്ട് വന്നതാ. ഓരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്ന്. ഞാൻ വളർത്തിയ കൊച്ചല്ലേ? അവന്റെ സ്വഭാവം ആർക്കാ അറിയാത്തെ?
അതുവല്ല, കുമാരീടെ കയ്യിൽ എന്റെ മോളെ തരാൻ ഞങ്ങൾക്ക് ഒരു പേടീം ഇല്ലെന്നാ ശോഭയും രാധയുമൊക്കെ എന്നോട് പറഞ്ഞത്. പക്ഷെ കേൾക്കണ്ടേ? അവന്റെ വിധി ഇതായിപ്പോയി.”
ഞാൻ ഒന്നമ്പരന്നു. ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു.
അമ്മേടെ നിർബന്ധം ആണ് ഈ കല്യാണം എന്നല്ലേ എന്നോട് പറഞ്ഞത്? അമ്മയ്ക്കും അച്ഛനും എന്നെ ഇഷ്ടമല്ല. പിന്നെ ഇത് ആരുടെ നിർബന്ധം ആയിരുന്നു? ഹരിയേട്ടന്റെയോ?
എന്റെ കണ്ണ് വിടർന്നു. കുറച്ചു മുൻപ് വരെ തോന്നിയ വിഷമത്തിന്റെ ആഴം കുറഞ്ഞത് പോലെ…
ഹരിയേട്ടന് എന്നെ ഇഷ്ടമില്ലാതെ, അമ്മേടെ നിർബന്ധത്തിൽ കല്യാണം കഴിഞ്ഞതാണ് എന്ന് പറഞ്ഞപ്പോ ഞാൻ അത് വിശ്വസിച്ചു സങ്കടപ്പെട്ടിരുന്നു. ഇപ്പോ തോന്നുന്നു അമ്മ അതും ചുമ്മാ പറഞ്ഞതാവും….
എങ്കിലും എന്തിനാണ് അമ്മ എന്നോടിങ്ങനെ കള്ളം മാത്രം പറയുന്നത്? എന്നോട് ഇഷ്ടക്കേട് ഉണ്ടായിട്ടും സ്നേഹം അഭിനയിക്കുന്നു. എന്നിട്ട് അച്ഛനോട് എന്റെ കുറ്റങ്ങൾ പറയുന്നു.
എനിക്കിവരെ മനസ്സിലാവുന്നേയില്ല….
പിന്നെയും അവരിരുവരും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കൂടുതൽ കേൾക്കാൻ ഞാൻ നിന്നില്ല. കേട്ടിടത്തോളം മതിയായി എനിക്ക്.
നിലത്ത് നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടക്കുമ്പോഴും ‘ഈ അമ്മ എന്താ ഇങ്ങനെ?’ എന്ന ചിന്തയായിരുന്നു എന്റെ മനസ്സ് നിറയെ.
ഇവരിലും എത്രയോ ഭേദമാണ് എന്റെ അച്ഛമ്മ. ആരോടെങ്കിലും ദേഷ്യമോ ഇഷ്ടക്കേടോ ഉണ്ടെങ്കിൽ അവരൊരിക്കലും ഇങ്ങനെ ചിരിച്ചുകൊണ്ട് സംസാരിക്കില്ല. ഒരാളോട് അവർക്കുള്ള വികാരം എന്താണോ അതവർ ഓപ്പൺ ആയി പ്രകടിപ്പിക്കും. അതിനി സ്നേഹമായാലും ശരി, ദേഷ്യമായാലും ശരി….
ഒരു കണക്കിന് അതാണ് നല്ലത്. ഇങ്ങനെ പുറമേ ചിരിച്ചു കൊണ്ട് ഉള്ളിൽ ചീത്ത പറയുന്നതിലും എത്രയോ ഭേദമാണത്….!
*********
വെള്ളവുമെടുത്ത് മുറിയിലേക്ക് ചെല്ലുമ്പോൾ ഹരിയേട്ടന് മുഖം കൊടുക്കാതിരിക്കാൻ നല്ലോണം ശ്രദ്ധിച്ചു.
“താൻ ഇത് എവിടെ പോയതാ? ”
നോക്കിക്കൊണ്ടിരുന്ന പേപ്പറിൽ നിന്നും കണ്ണെടുക്കാതെ ഹരിയേട്ടൻ ചോദിച്ചു.
” അത്… വെള്ളം നല്ല തണുത്തു പോയി. അതോണ്ട് ഇത്തിരി ചൂടാക്കി എടുത്തു. ”
കൂടുതൽ ചോദ്യത്തിന് നിൽക്കാതെ ഫ്ലാസ്ക്കും ടേബിളിൽ കൊണ്ട് വച്ച് നേരെ കട്ടിലിൽ പോയി ചുമരിനോട് ചേർന്ന് കിടന്നു.
കേട്ടതൊക്കെ ഹരിയേട്ടനോട് പറയണോ എന്ന് ചിന്തിച്ചു. പറഞ്ഞാലും ഹരിയേട്ടൻ വിശ്വസിക്കുമോ?
ഹരിയേട്ടന് അമ്മയോട് വല്ലാത്തൊരു ബഹുമാനമാണ്. വിശ്വാസവും …. ഞാൻ ഇപ്പൊ കേട്ടതൊക്കെ പറഞ്ഞാൽ ചിലപ്പോ, അമ്മേം ഹരിയേട്ടനേം തമ്മിൽ തെറ്റിക്കാൻ വേണ്ടി ഞാൻ നുണ പറയുകയാണെന്ന് കരുതിയാലോ?
ഈ വീട്ടിൽ ഹരിയേട്ടന് മാത്രമേ എന്നോട് ഇത്തിരി എങ്കിലും ഇഷ്ടം ഉള്ളൂ എന്ന് കുറച്ചു മുൻപ് അമ്മേടെ സംസാരം കേട്ടപ്പോ പൂർണമായും ബോധ്യമായിട്ടുണ്ടെനിക്ക്. ആ ഇഷ്ടം കൂടി പോയാൽ പിന്നെ എങ്ങനെ ഇവിടെ കഴിയാനൊക്കും?
പായസത്തിൽ പല്ലി വീണപ്പൊ അമ്മ എന്നെ വഴക്ക് പറഞ്ഞു എന്ന് പറഞ്ഞിട്ട് പോലും വിശ്വസിക്കാത്ത ആളാണ്. ഹരിയേട്ടൻ പറഞ്ഞിട്ടുള്ളതൊക്കെ വച്ച് നോക്കിയാൽ അമ്മ ആളിനോട് എന്നെക്കുറിച്ച് നല്ലത് മാത്രേ പറഞ്ഞിട്ടുള്ളൂ എന്നുറപ്പാണ്. അങ്ങനെ ഉള്ളപ്പോ ഞാൻ കേട്ടതൊക്കെ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാണ്? സ്വന്തം അമ്മയ്ക്ക് രണ്ട് മുഖം ഉണ്ടെന്ന് അമ്മയെ ഇത്രയും സ്നേഹിക്കുന്ന മകൻ വിശ്വസിക്കുമോ?
അല്ലെങ്കിലും വളരെ കുറച്ചു മാത്രം പരിചയമുള്ള ഞാൻ പറയുന്നത് വിശ്വസിക്കുമോ സ്വന്തം അമ്മയെ വിശ്വസിക്കുമോ?
അതിനേക്കാളും, ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഹരിയേട്ടൻ എന്നോട് വഴക്കിടുമോ? നാളത്തെ ട്രിപ്പ് ക്യാൻസൽ ചെയ്യുമോ? എന്നുള്ള ചിന്തകളും കൂടി മനസ്സിലേക്ക് കയറി വന്നു.
ജീവിതത്തിൽ ഇതേ വരെ സ്കൂളിൽ നിന്ന് പോലും ഒരു excursion പോകാത്തത് കൊണ്ടാകും നാളത്തെ യാത്ര എന്നെ വല്ലാതെ കൊതിപ്പിയ്ക്കുന്നുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ എന്തെങ്കിലും ഇങ്ങനെ ആശിക്കുന്നത്. അത് എന്തിന്റെ പേരിൽ ആണെകിലും നഷ്ടപ്പെടുത്താൻ വയ്യ.
എന്തായാലും യാത്ര പോയി വരുന്നത് വരെ ഹരിയേട്ടനോട് ഒന്നും പറയണ്ട എന്ന് തന്നെ തീരുമാനിച്ചു.
കണ്ണടച്ച് കിടന്നു. അമ്മ കുറച്ചു മുൻപ് പറഞ്ഞത് പലതും പിന്നെയും ഓർമ്മ വന്നു. ഇവരെയാണല്ലോ ഞാൻ എന്റെ അമ്മയെപ്പോലെ എന്ന് കരുതിയത് എന്നാലോചിച്ചപ്പോ സങ്കടം തികട്ടി തികട്ടി വരുന്നുണ്ടെനിക്ക്.
പിന്നെയും കുറേ നേരം കഴിഞ്ഞാണ് ലൈറ്റും ഓഫാക്കി ആള് വന്ന് കിടന്നത്. അപ്പോഴും ഞാൻ ഉറങ്ങിയിരുന്നില്ല. എന്റെ പുറം തലയിൽ മെല്ലെ തലോടി മുടിയിൽ ചുംബിക്കുന്നതും, അല്പ സമയം കഴിഞ്ഞു തിരിഞ്ഞു കിടക്കുന്നതും ഒക്കെ അറിഞ്ഞെങ്കിലും ശ്വാസം പിടിച്ചു കിടന്നു ഞാൻ.
ഹരിയേട്ടൻ ഉടനെ ഉറങ്ങി എങ്കിലും എന്നെ ഉറക്കം കടാക്ഷിച്ചപ്പോൾ ഏറെ വൈകി. എങ്കിലും അലാറം വച്ചിരുന്നത് കൊണ്ട് പിറ്റേന്ന് ആറ് മണിക്ക് തന്നെ ഉണർന്നു.
***** ***** *****
ഞാൻ അടുക്കളയിൽ ചെല്ലുമ്പോഴും അമ്മ ഉണർന്നിട്ടില്ല. അവധി ദിവസങ്ങളിൽ പോലും അഞ്ച് അഞ്ചര ആകുമ്പോഴേയ്ക്കും ഉണരുന്നതാണമ്മ. ഇന്ന് എന്ത് പറ്റിയോ?
ചിലപ്പോൾ ഇന്നലെ എന്റെ ചീത്തയും കുറ്റങ്ങളും ഒക്കെ പറഞ്ഞു തീർത്തപ്പോൾ ഉറങ്ങാൻ വൈകിക്കാണും. ആ കാര്യം ഓർമ്മ വന്നപ്പോൾ പിന്നെയും സങ്കടം വന്നു എനിക്ക്. എന്തൊക്കെയാണ് അവര് പറഞ്ഞത്? ഞാൻ എന്ത് ചെയ്തിട്ടാണ്?
**** **** ****
ഗ്യാസ് ഓൺ ചെയ്ത് കുടിക്കാനുള്ള വെള്ളം തിളപ്പിക്കാൻ വെച്ചു. ദോശയ്ക്കുള്ള മാവ് ഇന്നലെ ആട്ടി വച്ചിരുന്നു. അത് പുറത്തിരിപ്പുണ്ട്.
കറി എന്താണെന്ന് അറിയില്ല. എങ്കിലും ചമ്മന്തി ആയിരിക്കും എന്ന് സങ്കൽപ്പിച്ച് ഒരു തേങ്ങ എടുത്തു പൊട്ടിച്ച് ഒരു മുറി ചിരകി വെച്ചു.
ഇവിടെ ചോറ് വയ്ക്കുന്നത് ഗ്യാസിൽ അല്ല. അടുപ്പിലാണ്.
ഞാൻ ചെന്ന് നോക്കുമ്പോ അടുപ്പിൽ ചാമ്പൽ നിറഞ്ഞു കിടപ്പുണ്ട്. അടുപ്പിൽ നിന്നും ചാമ്പൽ മാറ്റിയിടാൻ പുറത്തൊരു തകരപ്പാട്ട വെച്ചിട്ടുണ്ട്.
ആ പാട്ടയിലെടുത്ത് വയ്ക്കുന്ന ചാമ്പലൊക്കെ അച്ഛൻ തെങ്ങിന്റെ ചുവട്ടിൽ ഒക്കെ കൊണ്ട് കൊട്ടിയിടുന്നത് ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്.
ഞാനാ പാട്ട എടുത്ത് വന്ന് ചാമ്പൽ അതിലേക്ക് വാരിയിട്ടു. കഞ്ഞിക്കലത്തിൽ വെള്ളം പിടിച്ച് അടുപ്പത്തേക്ക് എടുത്തു വച്ചു. ചൂട്ടും ഉണങ്ങിയ മടലും ഒക്കെ അടുപ്പിലേക്ക് തിരുകി വച്ച് തീ കത്തിച്ചു.
എനിക്ക് തീരെ പരിചയമില്ലാഞ്ഞിട്ടാവും തീ കത്തി പിടിക്കാൻ തന്നെ കുറെ സമയം എടുത്തു.
ഫ്രിഡ്ജിൽ നിന്നും പാല് കൂടി എടുത്തു കൊണ്ട് വന്ന് വെള്ളത്തിലേക്കിട്ട ശേഷമാണ് സമയം നോക്കുന്നത്. ഏഴു മണി കഴിഞ്ഞിട്ടുണ്ട്. ഹരിയേട്ടൻ എഴുന്നേറ്റിട്ടില്ല. ഇന്ന് യാത്ര പോകുന്നത് കൊണ്ട് കോളേജിൽ ലീവാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ ആള് വൈകിയേ എഴുന്നേൽക്കാറുള്ളൂ….
അച്ഛനും ഉണരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സമയനിഷ്ഠയുടെ ആളാണ് അച്ഛൻ. ഓരോ കാര്യത്തിനും കൃത്യ സമയമുണ്ട്. എന്നിട്ടും ഇന്ന് ഒരുപാട് വൈകിയിരിക്കുന്നു.
മുറിയിൽ പോയി ഡോറിൽ തട്ടി വിളിക്കാമെന്ന് ഓർത്തതാണ് ആദ്യം. ഇന്നലെ എന്നെ പറഞ്ഞതൊക്കെ ആലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി. ഒരുപക്ഷെ അതൊന്നും കേട്ടിരുന്നില്ല എങ്കിൽ ഉറപ്പായും ഡോറിൽ തട്ടി വിളിച്ചേനെ ഞാൻ.
ഹരിയേട്ടനോട് പറയാമെന്നോർത്ത് ഞങ്ങളുടെ മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴുണ്ട് അച്ഛൻ എഴുന്നേറ്റ് വരുന്നു.
” കുമാരിക്ക് തീരെ വയ്യ. കിടക്കുവാണ്. ഇന്നലെ രാത്രി മുഴുവനും ചുമച്ചു. ഇപ്പൊ ദാ തല ചുറ്റൽ എന്നും പറഞ്ഞു കിടക്കുന്നു. തീരെ വയ്യ. ഇല്ലെങ്കിൽ ഇങ്ങനെ കിടക്കൂല്ല. ”
എന്നെ കണ്ട പാടെ അച്ഛൻ പറഞ്ഞു.
*********
ബാക്കി വൈകാതെ തരാം.

by