രചന – അയിഷ അക്ബർ
ഉറക്കത്തിലായിരുന്ന അന്ന ഞെട്ടിയെഴുന്നേറ്റത് വല്ലാത്തൊരു ശബ്ദം കേട്ടിട്ടായിരുന്നു…. അവൾ ചുറ്റും നോക്കി….. ആ മുറിയാകെ നിശബ്ദമായിരുന്നു…. എല്ലാം നിശ്ചലവുമായിരുന്നു…. വീണ്ടും അതേ ശബ്ദം അവൾക്ക് കേൾക്കുന്നുണ്ടായിരുന്നു… സ്റ്റീലിന്റെ പാത്രത്തിൽ ശക്തിയായി അടിക്കും പോലെയായിരുന്നു ആ ശബ്ദം .. അവളുടെ കണ്ണുകളിൽ ഭയം കുറുകി…. അധരങ്ങൾ വിറക്കുന്നുണ്ടായിരുന്നു…. അവൾ വെള്ളം എടുക്കാനായി പതിയെ എഴുന്നേറ്റു ജഗിന്റെ അടുത്തെത്തിയതും അത് പതിയെ ഉരുണ്ടു പോയിരുന്നു…..വെള്ളം മുഴുവൻ നിലത്താകേ പരന്നു… മിഴികൾ അതിനു പിറകെ പോവുമ്പോൾ അത് തട്ടി നിന്നത് ചുമരിന്റെ മൂലയിലായിരുന്നു…. പതിയെ അവൾ നടന്നു ചെന്നാ ജഗ്ഗെടുത്തു ഉയർന്നതും തലയ്ക്കു മേലെ വെള്ള പുതച്ചൊരു രൂപം അവളെ ഉറ്റു നോക്കുന്നുണ്ടായിരുന്നു…
ശ്വാസം എടുക്കാൻ കഴിയാതെ അവൾ നിന്നെങ്കിലും അലറി വിളിക്കുകയായിരുന്നു…. പിറകിലേക് പോയി ചുമരിനോട് ചാരി കാലുകൾ കൂട്ടിപ്പിടിച്ചവൾ അലറികൊണ്ടിരുന്നു…. എന്നാൽ ആരും വരാത്തത് കൊണ്ട് തന്നെ ശബ്ദം പുറത്തേക്ക് വരുന്നില്ലയെന്നത് അവൾക്ക് ബോധ്യപ്പെട്ടിരുന്നു…… എന്ത് ചെയ്യണമെന്നറിയാതെ അവളാ രൂപത്തിലേക്ക് ഉറ്റു നോക്കി…. വെള്ള പുതച്ച ആ ശരീരത്തിലെ മുഖം വ്യക്തമായിരുന്നില്ല… എങ്കിലും ഇരുൾ മൂടി നിൽക്കുന്ന ആ മിഴികൾ അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…. ആ രൂപം അടുത്തു വരും തോറും ആ മുറിയിൽ അവൾ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു…. അപ്പോഴും അതവളെ പിന്തുടരുന്നുണ്ടായിരുന്നു…. റൂമിലെ പല വസ്തുക്കളും സ്ഥാനം തെറ്റി കിടന്നിരുന്നു…
അവളുടെ കൈകൾ തട്ടി വല്ലാത്ത ശബ്ദത്തോടെ പലതും താഴേക്ക് വീണിരുന്നു… എങ്ങേനെയോ വാതിൽ തുറന്നു പുറത്ത് കടന്നതും അവളൊരു രൂപത്തിൽ തട്ടി നിന്നിരുന്നു…… ഭയത്തോടെ അവൾ മിഴികളുയർത്തി നോക്കി…. അവളുടെ ഹൃദയത്തിൽ ആശ്വാസത്തിന്റെ നീരുറവ ഉത്ഭവിച്ചു….. സിദ്ധുവേട്ടാ….. അവളാ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…. എന്താ… എന്താ പറ്റിയത്….ചോദിക്കുമ്പോഴും അവന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചിരുന്നു….. മുറിയിൽ…. മുറിയിൽ….ഒരു രൂപം… പറഞ്ഞു മുഴുവനാക്കാൻ പോലും കഴിയാതെ അവൾ വിയർത്തു….. അവനവളെയും കൂട്ടി മുറിയിൽ പോയപ്പോൾ അവിടം ശൂന്യമായിരുന്നു… എന്നാൽ മുറിയാകെ അലങ്കോലപ്പെട്ടിരുന്നു….. അലങ്കരിക്കാൻ വെച്ച പൂച്ചട്ടിയടക്കം പലതും താഴെ വീണു കിടന്നിരുന്നു…. ഇവിടെ ഒന്നുമില്ലല്ലോ…..എന്തോ ഈ മുറിയിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ടിട്ടാണ് ഞാൻ നിന്നെ വിളിച്ചത്….. സിദ്ധു പറയുമ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി…. അവൻ വിളിച്ചതവൾ കേട്ടിട്ടില്ലായിരുന്നു……
മാത്രവുമല്ല ആ ജഗ്ഗ് വെള്ളത്തോട് കൂടി മേശ മേൽ കാണപ്പെട്ടു…. അവളുടെ ഹൃദയമിടിപ്പ് ശക്തിയിലായി….. അപ്പോഴാണ് അവളുടെ നെറ്റിയിൽ നിന്നും പൊടിയുന്ന രക്തം അവൻ കണ്ടത്…… അയ്യോ നെറ്റി പൊട്ടിയിട്ടുണ്ടല്ലോ…. അവളും തൊട്ടു നോക്കി… അതേ…. ചുമരിലിടിച്ചതാവും….. ഇവിടെയിരിക്ക് ഞാനിപ്പോ വരാം….. അവൻ മുറിയിലേക്ക് പോവുമ്പോൾ അവളും അവനെ പിന്തുടർന്നിരുന്നു… ഒറ്റക്കാ മുറിയിലിരിക്കാനുള്ള ധൈര്യം അപ്പോളവൾക്കുണ്ടായിരുന്നില്ല…… അവൻ മരുന്നെടുത് തിരിഞ്ഞതും തൊട്ടു പിറകിലവളുണ്ടായിരുന്നു… അവൻ മുറിയിലെ രക്തം തുടച് മരുന്ന് പുരട്ടി കൊടുത്തു…. നീറുന്ന കയ്മുട്ടുകളും അവൾ അവന് നേരെ നീട്ടുമ്പോൾ അവൻ വളരേ ശ്രദ്ധയോടെ മരുന്ന് പുരട്ടി… നല്ലവണ്ണം പ്രാർത്ഥിച്ചിട്ട് പോയി കിടന്നോ…. മരുന്നടച്ചു വെച്ചു കൊണ്ട് ഞാൻ പറയുമ്പോൾ അവളുടെ മുഖത്തെ ഭയം വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…..
ഞാനിന്നിവിടെ കിടന്നോട്ടെ.. പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ ഞാനവളെ യൊന്നു നോക്കി.. എന്ത്…….. കടുപ്പിച്ചു നോക്കി ഞാനത് ചോദിക്കുമ്പോളും അവൾ പറഞ്ഞത് അബദ്ധമായെന്ന വണ്ണം താഴേക്കു നോക്കി നിന്നു…. അവളുടെ പെട്ടെന്നുള്ള ആ ചോദ്യം അവളിലെ ഭയത്തിൽ നിന്നാണെനിക്കറിയാമായിരുന്നു……. നോക്ക്…. ഒന്നും ആലോചിക്കേണ്ട…. ഈ സിദ്ദുന്റെ അടുത്ത് നിന്നു നിന്നെ ആരും കൊണ്ട് പോവില്ല…… അവളുടെ അച്ഛന്റെയോർമകളിലാണ് അവൾ ഭയക്കുന്നതെന്ന് കരുതിയിട്ടാണ് ഞാനത് പറഞ്ഞത്….. ഒറ്റക്ക് കിടക്കാൻ പേടിയാവുന്നു സിദ്ദുവേട്ടാ… ആ രൂപം എന്നെ ഉപദ്രവിക്കും…… അവളുടെ ഭയം സാറിൽ നിന്നും സിദ്ദുവേട്ടനിലേക്കെത്തിച്ചത് ഞാനറിയുന്നുണ്ടെങ്കിലും അവളതൊന്നും ശ്രദ്ധിക്കുന്ന മാനസികാവസ്ഥയിലായിരുന്നില്ല……
അവൾ നല്ലവണ്ണം പേടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി….. നീ പോയി കിടന്നോ… ഞാൻ വാതിലടക്കില്ല…. പേടി തോന്നുമ്പോൾ വിളിച്ചാൽ മതി…. ചേർത്ത് പിടിക്കാനാരുമില്ലാത്തവളോട് വല്ലാത്തൊരു സഹതാപം എന്നിൽ നിറഞ്ഞു നിന്നു… അവൾ മുറിയിൽ പോയി വാതിലടക്കാതെ കിടന്നു…. എന്റെ മുറി അവളുടെ മുറിക്ക് എതിർ ദിശയിലായത് കൊണ്ട് തന്നെ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു…. അവൾ കട്ടിലിൽ കയറി കിടക്കുമ്പോഴും അവളുടെ മിഴികളിലെ ഭയം എനിക്കറിയുന്നുണ്ടായിരുന്നു…. ഞാൻ അവളെ നോക്കി ഇരിക്കുന്നുണ്ടെന്ന ആശ്വാസത്തിൽ അവളുടെ മിഴികളെ പതിയെ നിദ്ര തലോടി…..
ആ മിഴികൾ പതിയെ അടഞ്ഞു പോവുന്നത് ഞാൻ കണ്ടു…. അവൾ ഉറങ്ങിയെന്നു ഉറപ്പായതിനു ശേഷമാണ് ഞാൻ കിടന്നത്….. അന്ന എഴുന്നേറ്റ് വരുമ്പോൾ അടുക്കളയിൽ ആമിയുമുണ്ടായിരുന്നു…. അന്ന എഴുന്നേറ്റോ…… ആമി പുഞ്ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ അന്ന പുഞ്ചിരിക്കാൻ ശ്രമിച്ചു… ആമി ചേച്ചി എപ്പോ വന്നു… ഞാൻ ദേ ഇപ്പൊ വന്നേയുള്ളു കുട്ടീ….. അവരുടെ സംസാരം കേട്ടതും സീത അവിടെയെത്തിയിരുന്നു… ഇന്നലെ വല്ലാണ്ട് പേടിച്ചോ മോളേ….. എങ്ങനെയറിഞ്ഞെന്ന വണ്ണം അവളവരെ നോക്കി… ഞാൻ പ്രേത സീരിയലൊക്കെ കാണിച് തന്നിട്ടാണെന്നും പറഞ്ഞു അവനിനി എന്നെ പറയാത്തതൊന്നുമില്ല…… അമ്മ രണ്ടു മൂന്ന് തവണ വന്നു നോക്കി…. മോളുറങ്ങുകയായിരുന്നു… മുറിവ് വേദനയുണ്ടോ…. അവളുടെ മുറിയിൽ തൊട്ടവരത് ചോദിക്കുമ്പോൾ അവൾക്കൊരു നീറ്റൽ അനുഭവപ്പെട്ടു…. ഇല്ലമ്മേ ….. അവരെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവൾ പുഞ്ചിരിച്ചു…
അവൾ അടുക്കളയിൽ നിന്ന് ഇറങ്ങുമ്പോഴാണ് അവൻ യൂണിഫോം മാറ്റി ചായ കുടിക്കാൻ വരുന്നത്… എഴുന്നേറ്റോ…. അവൾ പതിയെയൊന്ന് പുഞ്ചിരിച്ചു…. നല്ല ആളാ…. എന്നെ കാവലിരുത്തി അങ്ങ് ഉറങ്ങിയല്ലേ…. ഇന്നിനി സ്റ്റേഷനിൽ പോയി ഉറക്കം തൂങ്ങേണ്ടി വരും ഞാൻ… പുഞ്ചിരിച്ചു കൊണ്ട് അവനത് പറയുമ്പോൾ അവളെ നോക്കിയിരിക്കുന്ന അവന്റെ ചിത്രം അവളുടെ മനസ്സിലാകെ നിറഞ്ഞു നിന്നു….. ഹൃദയത്തിൽ വല്ലാത്തൊരു കുളിര് നിറയുന്നതവളറിഞ്ഞിരുന്നു…… അവളുടെ ചൊടികളിൽ നാണത്തിൽ കലർന്നൊരു പുഞ്ചിരി വിരിഞ്ഞു…. പനി ഒന്നും ഇല്ലല്ലോ…. അവനവളുടെ നെറുകിൽ തൊട്ട് നോക്കി യത് ചോദിക്കുമ്പോഴേക്കും പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവളൊന്നു വല്ലാണ്ടായെങ്കിലും അവളിലെ ആനന്ദത്തിനതീരില്ലായിരുന്നു…. അവൻ പോവുന്നത് കണ്ണിമാ വെട്ടാതെയവൾ നോക്കി നിന്നു….. സിദ്ധൂ… നിനക്കറിയില്ലേ… അലെക്സിനെ…. പ്ലസ് ടു വിൽ നമ്മുടെ ജൂനിയർ ആയിരുന്നു…. അവൻ അന്നയെ പള്ളിയിൽ വെച്ച് കണ്ടിട്ടുണ്ടത്രേ…. അവളെയവന് വല്ലാതെ ഇഷ്ടപ്പെട്ടു….
കല്യാണം കഴിച്ചു കൊടുക്കുമോയെന്നൊന്നന്നേഷിക്കാൻ പറഞ്ഞു….. ഒരു വൈകുന്നേരം എല്ലാവരും കൂടി ഇരിക്കുമ്പോഴാണ് ആമിയത് പറഞ്ഞത്…. അന്ന അപ്പോഴവിടെയുണ്ടായിരുന്നില്ല…… അതിനു അവളെ കുറിച്ചെല്ലാം അറിയുമ്പോൾ….. സിദ്ധുവിന്റെ മുഖത്തൊരു പ്രയാസം കണ്ടിരുന്നു…. സീതയിലും മാധവനിലും അതൊരു സന്തോഷം നൽകി…… അതൊക്കെ ഞാൻ പറഞ്ഞെടാ… അവർക്കതൊന്നും വിഷയമല്ല…..അവന് അമേരിക്കയിലാണ് ജോലി… വിവാഹം കഴിഞ്ഞാൽ അവളെ അങ്ങോട്ട് കൊണ്ട് പോവുകയും ചെയ്യും…. എന്ത് കൊണ്ടും നല്ലൊരു ബന്ധമാ…. ആമിക്കവരെ നന്നായി ബോധിച്ചിട്ടുണ്ടെന്നെനിക്ക് മനസ്സിലായി… ഹാ…. അവളോട് ചോദിച്ചു നോക്ക്….. അവൾക്ക് താല്പര്യമുണ്ടെങ്ങി ബാക്കി നോക്കാല്ലോ… ഞാനത് പറയുമ്പോൾ അമ്മയും അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കിയിരുന്നു……
അവളെയെന്തിനാ വേറൊരാൾക്ക് കൊടുക്കുന്നത്…. അമ്മയത് പറയുമ്പോഴും വാക്കുകളിൽ മുഴുവൻ ദേഷ്യമായിരുന്നു… എന്താ അമ്മേ…. എന്നായാലും അവൾക്കൊരു തുണ വേണ്ടേ…… ആ തുണ എന്ത് കൊണ്ട് നിനക്കായിക്കൂടാ…… മുഖത്തടിച്ചത് പോലെയുള്ള അമ്മയുടെ ചോദ്യത്തിൽ ഒരു നിമിഷം ഞാൻ നിശ്ചലനായി…. അവളെ ഞങ്ങൾ അത്രത്തോളം ഇഷ്ടപ്പെട്ടു പോയെടാ സിദ്ധൂ…. അവളെ നിന്റെ ഭാര്യയായി… ഈ വീടിന്റെ മരുമകളായി ഞങ്ങളെന്നേ മനസ്സാൽ വരിച്ചു.. പറയുമ്പോൾ അവളോടുള്ള സ്നേഹം ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു…… ഞാൻ എത്ര തവണ പറഞ്ഞതാണ് ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും സ്വപ്നം കാണരുതെന്ന്….. സിദ്ദുന്റെ ജീവിതത്തിലിനിയൊരു പെണ്ണില്ലെന്ന് ഒത്തിരി തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്…. അതിനിയും അങ്ങനെ തന്നെയാവും…… അവന്റെ വാക്കുകൾ ആ രണ്ടു ഹൃദയങ്ങളിൽ അത്ര മേൽ ആഴത്തിൽ മുറിവുണ്ടാക്കാൻ കഴിഞ്ഞിരുന്നു…… സിദ്ധൂ.. മോനേ…. അച്ഛന്റെ സ്വരം യാചനയുടേതായിരുന്നു…. ദയവ് ചെയ്തു ഈ ഒരു കാര്യത്തിന് നിങ്ങളെന്നെ നിർബന്ധിക്കരുത്…. നടക്കാത്ത ഒരു കാര്യത്തിന് നിങ്ങളാഗ്രഹിക്കുകയും ചെയ്യരുത്.. പറഞ്ഞു നിർത്തിയ ഉടനെ അവൻ മുറിയിലേക്ക് പോയിരുന്നു.. അവൻ പോയ വഴിയേ പിന്തുടർന്ന അവരുടെ മിഴികളിൽ നീർമുത്തുകൾ ഉരുണ്ടു കൂടിയിരുന്നു….. (തുടരും )

by