23/04/2026

കല്യാണിക്കുട്ടി : ഭാഗം 01

രചന – അളകനന്ദ

രാവിലെ കുമാരേട്ടന്റെ കടേല് വല്യമ്മ തന്നു വിട്ട പാല് ഏൽപ്പിച്ചു വരുന്ന വഴി കുളക്കടവിൽനിന്ന് പതിവില്ലാതെ ശബ്ദം കേട്ടു. മഴ പെയ്ത വഴിയിൽ മുഴോൻ ചളി പിടിച്ചു കിടന്നോണ്ട് പാവാടത്തുമ്പ് ഉയർത്തി കുഴിയിൽ വീഴാതെ ചാടി ചാടി കുളത്തിനടുത്തേക്ക് നടന്നു.””ഇനിം വെള്ളത്തി കളിക്കണം. എന്നെ വിട്….. ഞാൻ കളിക്കട്ടെ… “”കുളപ്പടവിലെ ഏറ്റവും മുകളിൽ എത്തിയപ്പോൾ കണ്ടത് കുഞ്ഞു കുട്ടികളുടെ നിഷ്കളങ്കതയിൽ വാശി പിടിക്കുന്ന ഒരു വലിയ മനുഷ്യനെയാണ്. പുറം തിരിഞ്ഞു ഇരിക്കുന്നതിനാൽ മുഖം വ്യക്തമല്ല. വീണ്ടും വീണ്ടും മുന്നോട്ടിറങ്ങാൻ പോകുന്നയാളെ നേരിയതുടുത്ത ഐശ്വര്യമാർന്ന മുഖമുള്ള സ്ത്രീ വാത്സല്യമോലുന്ന ശാസനയോടെ തടയാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം നേര്യതിന്റെ തുമ്പിനാൽ ആളുടെ തല തുവർത്തുന്നുമുണ്ട്. വെളുത്ത ദൃഡമായ പുറത്ത് രോമക്കാട് തിങ്ങി നിൽക്കുന്നു. അത് വെള്ളത്തിൽ കുതിർന്നു ശരീരത്തോട് ഒട്ടിചേർന്നിരിക്കുന്നു. മുന്നിൽ ചെല്ലാതെയോ തിരിഞ്ഞു നോക്കാതെയോ മുഖം കാണാൻ പറ്റില്ല.

“”മോള് അലക്കാൻ വല്ലോം വന്നതാണോ?? “”എന്റെ നോട്ടം കണ്ടാകണം ആ അമ്മ എന്നോട് ചോദിച്ചു. സത്യത്തിൽ അപ്പോഴാണ് ബോധം വന്നത് .””അല്ല””
ഒറ്റ വാക്കിൽ മറുപടി കൊടുത്തു.
“”പപ്പനു ഇന്ന് വല്ലാത്ത വാശി…. കുളത്തിൽ ഇറങ്ങണംന്ന്… വീട്ടിലെ കുളത്തിലൊട്ട് പോരാ താനും..””
. ഒരു പരിചയക്കാരിയോടെന്ന പോലെ എന്നെ നോക്കി പറഞ്ഞവസാനിച്ചത് കുളപ്പടവിൽ വെള്ളത്തിൽ കുതിർന്നിരിക്കുന്ന ആളിലേക്കും… പക്ഷേ അവിടെ നോട്ടം ഇപ്പോഴും കുളത്തിൽ ഓളം തല്ലുന്ന വെള്ളത്തിലാണ്.
പുറകിലൊരാൾ നിൽപ്പുണ്ടന്ന അറിവ് കിട്ടിയിട്ടും ഒന്ന് പിന്തിരിഞ്ഞു നോക്കാഞ്ഞതിൽ ചെറിയൊരു പരിഭവം തോന്നി. ആ അമ്മയോട് ഒരു ചെറു പുഞ്ചിരിയോടെ തലയാട്ടിയിട്ട് തിരിഞ്ഞു നടന്നു.വഴിയിലുടനീളം *പപ്പൻ *ന്നുള്ള പേര് പലവട്ടം ഉരുവിട്ടു.മുറ്റത്തെത്തിയപ്പോൾ അരുണേട്ടൻ മുല്ലചുവട്ടിൽ നിൽക്കുന്ന കണ്ടു.
💙
എന്നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. ഞാനാണ് കല്യാണി. എന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലെ എന്നെ വിട്ടു പോയി. ഞങ്ങൾ ഊട്ടിയിൽ താമസിച്ചപ്പോഴാണ് അവരുടെ മരണം. പിന്നെ എന്നെ പഠിപ്പിച്ചതും വളർത്തിയതുമെല്ലാം എന്റെ വല്യച്ഛനാണ്. വല്യച്ഛന്റെ രണ്ടു മക്കളാണ്. അരുണേട്ടനും വരുണേട്ടനും…. വല്യമ്മക്കെന്നെ കണ്ണിനു കണ്ടൂട. അതുകൊണ്ട് തന്നെ സ്കൂൾ ജീവിതം ഊട്ടിയിൽ തന്നെ ഹോസ്റ്റലിൽ നിന്നായിരുന്നു. അവധി കിട്ടുമ്പോൾ ആദ്യ കാലങ്ങളിൽ വല്യച്ഛൻ നാട്ടിലേക്ക് കൂട്ടാൻ വരുമായിരുന്നു. വല്യമ്മക്ക് എന്നോടുള്ള അതികസ്നേഹം കാരണം ഏട്ടമ്മാരെയും കൂട്ടി ഇടയ്ക്കിടെ അങ്ങോട്ട്‌ വന്നു കാണൽ മാത്രമായി. ഡിഗ്രി ബാംഗ്ലൂർ പഠിച്ചു. വരുണേട്ടനും ഒപ്പമുണ്ടായിരുന്നു ആ കോളേജിൽ തന്നെ. പഠിത്തമെല്ലാം കഴിഞ്ഞു നാട്ടിലേക്ക് ചേക്കേറിയിട്ട് കൊറച്ചേ ആയുള്ളൂ……

💙

“”നീ എന്താ താമസിച്ചേ..?? “”
മുല്ലപ്പുവെടുത്ത് നാസികയോട് ചേർക്കുന്ന കൂട്ടത്തിൽ ഏട്ടൻ തിരക്കി. ഞാനും അടുത്തേക്ക് ചെന്നു ഒരു കുടമുല്ല പൂവെടുത്ത് തലയിൽ ചുമ്മാ തിരുകി വച്ചു. പാല് കൊടുത്തു വരുമ്പോ ഉണ്ടായ സംഭവങ്ങളെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു. എല്ലാം പറഞ്ഞു ആ മുഖത്തേക്ക് നോക്കിയപ്പോ നോവ് നിറഞ്ഞ ഒരു പുഞ്ചിരിയാണ് കണ്ടത്. സംശയത്തോടെ ഞാൻ ഏട്ടനെ തന്നെ നോക്കി നിന്നു.

“”നീ വന്നു നാട്ടു വർത്തമാനോം വിസ്തരിച്ച് നിൽക്കുവാണോ..?? പിന്നാമ്പുറത്തിരിക്കണ ചൂലെടുത്ത് മുറ്റമടിച്ചിട്.അപ്പിടി ഇല കിടക്കണ കണ്ടില്ലേ…. ഇന്നലെ മഴേടെ കൂടെ വീശിയ കാറ്റിനു വന്നതാ… അയൽപക്കത്തെ പറമ്പിലെ മരത്തിലെ മുഴുവൻ ഇവിടെ ഉണ്ട്. നാശം… “”ഉമ്മറത്തിണ്ണയിൽ നിന്ന് ഒറ്റ ശ്വാസത്തിന് പറഞ്ഞിട്ട് വല്യമ്മ അകത്തേക്ക് പോയി. അല്ലെങ്കിൽ അരുണേട്ടൻ വായിൽനിന്ന് നല്ലത് കേൾക്കുമെന്നറിയാം. ഇടതു വശത്തു കൂടി നടന്നു പിന്നാമ്പുറത്ത് ചെന്ന് ഈർക്കിൽ ചൂലെടുത്ത് വന്നു മുൻവശത്ത് നിന്ന് തൂത്തു തുടങ്ങി. കുറച്ച് നേരം കൊണ്ട്തന്നെ എതിർവശത്ത് ചൂലുമായി അരുണേട്ടൻ പ്രത്യക്ഷപ്പെട്ടു.
എന്റെ മനസ്സിനെ വല്യമ്മ കുത്തി നോവിക്കാതെയിരിക്കാൻ വല്യച്ഛനും ഏട്ടമ്മാരും പരമാവധി നോക്കാറുണ്ട്. ഇതുപോലെ വല്ലതും പറഞ്ഞിട്ട് പോകുമ്പോ അതിനെപറ്റി ചിന്തിക്കാൻ പോലും സമയം തരാതെ ചുറ്റും കൂടും……
അതറിഞ്ഞു ഞാനും സങ്കടങ്ങൾ വന്നാലും ഒന്നുമില്ലന്നുള്ള ഭാവത്തിൽ ചിരിച്ചു കളിച്ചു നിൽക്കും.

“”അവരെ ഏട്ടനറിയോ ..? “വല്യമ്മ പറഞ്ഞതിൽ സങ്കടമൊന്നും തോന്നിയിരുന്നില്ല. കാരണം അപ്പോഴും എന്റെ മനസ് പപ്പൻ എന്ന പേരിലും ആ മുഖമറിയാത്ത ആളിലുമായിരുന്നു. ആ പേര് പറഞ്ഞപ്പോ തന്നെ ഏട്ടന്റെ മുഖത്ത് വന്ന ഭാവങ്ങൾ ഞാൻ സാകൂതം വീക്ഷിച്ചിരുന്നു. ഏട്ടന് അവരെക്കുറിച്ച് അറിയാമെന്ന് തോന്നി.””അവർ ഇവിടെ അടുത്തുള്ളതാ  കല്ലൂട്ടി….ബ്രഹ്മമംഗലത്തെ………പപ്പനും അവന്റെ അപ്പച്ചിയമ്മയുമാ… “”

“”പപ്പൻ “”അറിയാതെ ഉച്ചരിച്ചപ്പോൾ ശബ്‌ദം പുറത്തേക്ക് കടന്നിരുന്നു. നാക്കുകടിച്ചു മുഖമുയർത്തി നോക്കിയപ്പോൾ അരുണേട്ടൻ കുനിഞ്ഞു നിന്ന് തൂക്കുവാണ്. ഭാഗ്യം.””അതേ പപ്പൻ….. പത്മനാഭൻ……. “”അരുണേട്ടന്റെ ശബ്ദം കേട്ടാണ് വീണ്ടും തൂക്കാൻ ആഞ്ഞ ഞാൻ നേരേ നോക്കിയത്. ഏട്ടൻ കേട്ടിരുന്നോ??നിലത്തേക്ക് മിഴികളുറപ്പിച്ചാണ് നിൽപ്പ്. മുഖത്തെ ഭാവം കാണുന്നില്ലായിരുന്നുവെങ്കിലും ഒരിറ്റ് കണ്ണുനീർ നിലം പതിച്ചപ്പോൾ അത് മനസിലായിരുന്നു……

പപ്പൻ… പത്മനാഭൻ….. ആ വ്യക്തിയെക്കുറിച്ചറിയാൻ മനസ് മുറവിളി കൂട്ടുന്ന പോലെ….അരുണേട്ടന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു. എന്റെ നിൽപ്പിൽ ബാക്കി അറിയാനുള്ള ആകാംഷ കലരാതിരിക്കാൻ ശ്രദ്ധിച്ചു..
അരുണേട്ടന്റെ ഉള്ളിലെ നോവിന്റെ കാരണവും അറിയണമായിരുന്നു…….. അത് മനസിലാക്കിയെന്നോണം ഒരു ചെറു പുഞ്ചിരിയോടെ ഏട്ടൻ പറഞ്ഞു തുടങ്ങി.”പത്മനാഭൻ. ….. ഞങ്ങളുടെ പപ്പൻ… “