രചന – റോസിലി
ജോലിയെല്ലാം കഴിഞ്ഞു ക്ഷീണിച്ചു കിടക്കയിൽ വന്നു കിടന്നപ്പോഴാണ് ജയദേവൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയത്. ക്ഷീണിച്ചു കവിളൊക്കെ ഒട്ടിയിരുന്നു. പാവം നേരത്തിനു ഭക്ഷണം പോലും കഴിക്കുന്നുണ്ടെന്നു തോന്നുന്നില്ല
ശ്രീ.. അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി. നാളെ നമ്മുക്ക് നിന്റെ വീട് വരെ ഒന്ന് പോയാലോ.. ഇപ്പൊ വേണ്ട ജയേട്ടാ അച്ഛനിങ്ങനെ വയ്യാതെ ഇരിക്കുമ്പോ, അമ്മയ്ക്ക് എന്ത് തോന്നും..? അതൊന്നും നീ ശ്രദ്ധിക്കണ്ട അമ്മയ്ക്ക് എന്ത് വേണേൽ തോന്നിക്കോട്ടേ.. പിന്നെ, അച്ഛന്റെ വയ്യാഴികയെല്ലാം മാറി. നിന്നെ കൊണ്ട് പണി എടുപ്പിക്കാൻ അമ്മ ഓരോന്ന് പറയുന്നതാ.. അവൾ പുഞ്ചിരിച്ചുകൊണ്ട് അവന്റെ മാറിലേയ്ക്ക് ചേർന്നു. ഒരുപാട് നാളായില്ലേ നമ്മൾ അവിടെ പോയിട്ട്. നിനക്കും ആഗ്രഹം ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ നീ പറയില്ല എല്ലാം മറച്ചുവയ്ക്കും. എന്തിനാ അത്.. എനിക്കെന്തെങ്കിലും തോന്നും അല്ലെങ്കിൽ ഞാനെന്തെങ്കിലും പറയും എന്ന് കരുതിയിട്ടാണോ..? അങ്ങനെയൊന്നുമില്ല ജയേട്ടാ… ഞാൻ ഇവിടുന്ന് മാറി നിന്നാൽ ഇവിടുത്തെ കാര്യങ്ങളൊക്കെ… പിന്നേ എന്ന് പറഞ്ഞു നീ വരുന്നെനു മുൻപ് ഇവിടെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ലായിരുന്നല്ലോ.. ഒന്ന് പോടീ..ഒരു പുഞ്ചിരിയോടെ അവൻ അവളെ കെട്ടി പുണർന്നു
പിറ്റേന്ന്, ഇപ്പൊ വീട്ടിൽ പോകാൻ എന്താ ഇത്ര അത്യാവശ്യം..? കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാകണം ഭാര്യക്ക് സ്വന്തം. അല്ലാ പോയിട്ട് എപ്പോ വരും..? പെട്ടന്നിങ് വന്നേക്കണം ഇവിടെ അച്ഛന്റെ കാര്യം നോക്കാനൊന്നും ആരുമില്ല.പിന്നെ ഇവിടുത്തെ പണിയൊന്നും ചെയ്യാനും ഇപ്പൊ എനിക്ക് മേല..ഞാൻ നല്ല ആരോഗ്യത്തോടെ ഇരിക്കുവോന്നുമല്ല.. ശ്രീദേവി നീ റെഡിയായില്ലേ.. !ജയദേവൻ അവളുടെ അരികിലേയ്ക്ക് വന്നു. ജയാ ഇപ്പൊ അവിടെ പോകാൻ എന്താ ഇത്ര അത്യാവശ്യം അവിടെ ആർക്കും അസുഖം ഒന്നും ഇല്ലല്ലോ അല്ലെ.. ഇല്ലമ്മേ.., ഒരുപാട് നാളായില്ലേ ഇവള്ടെ അച്ഛനെയും അമ്മയെയും ഒക്കെ ഇവള് കണ്ടിട്ട് അതുകൊണ്ട് പോവാ.. അതിനായിരുന്നെങ്കിൽ അവരെ ഇങ്ങോട്ട് വിളിച്ചാൽ പോരെ അവിടംവരെ പോകേണ്ട ആവശ്യം ഉണ്ടോ..? അങ്ങനെ അല്ലമ്മേ.., സ്വന്തം വീട്ടിൽ ഒരു ദിവസം എങ്കിലും നിൽക്കണം എന്ന് ഇവൾക്കും കാണില്ലേ ആഗ്രഹം ശരി ശരി എന്താന്ന് വെച്ചാൽ ചെയ്യ് ഞാനൊന്നും പറയുന്നില്ല.. അമ്മ പോയതും അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി എന്താ ശ്രീ എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നേ അമ്മ അങ്ങനെ പറഞ്ഞിട്ടാണോ.. സാരമില്ലഡോ അമ്മയുടെ സ്വഭാവം അങ്ങനെയാ.. വാ നമ്മുക്ക് പോകാം.. അവൻ അവളുടെ കയ്യിൽ പിടിച്ചു പുറത്തേയ്ക്ക് നടന്നു.
ആ ആരിത് വരൂ.. മോളെ സുഖമാണോടീ.. കേറി ചെന്നതും ലക്ഷ്മിയമ്മ ഓടിവന്നു അവളുടെ കയ്യിൽ പിടിച്ചു. സുഖമാണമ്മേ.. മ്മ് സുഖം ആകെ കോലം കെട്ടു നീയ്.
അച്ഛൻ എന്തിയെ അമ്മേ ..? പുറത്തു പോയിരിക്കുവാ നിങ്ങളിരിക്കു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം. അമ്മ അകത്തേയ്ക്ക് പോയതും ശ്രീദേവി തന്റെ മുറിയിലേക്ക് നടന്നു. ജയാ താനെപ്പോ വന്നു. എവിടെ ശ്രീ വന്നില്ലേ.. വന്നു അച്ഛാ..
വരാന്തയിൽ വർത്തമാനം കേട്ടതും അവൾ ഓടിവന്നു അച്ഛനെ കെട്ടിപിടിച്ചു. എന്റെ ചുന്ദരികുട്ടി വന്നായിരുന്നോ.. കരയല്ലേ ദേ, ജയൻ കാണും കണ്ണ് തുടചേ..അവൾ വന്നു കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അച്ഛന്റെ ഉള്ളു പിടഞ്ഞു. അയാൾ വാത്സല്യത്തോടെ അവളുടെ പാറി കിടന്ന മുടി സൈഡിലേയ്ക്ക് ഒതുക്കി, കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചു മാറ്റി. കേട്ടോ ജയാ വല്യ കുട്ടി ആയെങ്കിലും എന്റെ കുട്ടിയുടെ മനസ്സ് ഇപ്പോഴും ചെറുപ്പമാ.. ജയദേവൻ അച്ഛന്റെയും മകളുടെയും സ്നേഹം കണ്ട് പുഞ്ചിരിച്ചു. താനിരിക്കു എന്തിനാ വെറുതെ നിൽക്കുന്നെ..
അന്ന് രാത്രിയിൽ അത്താഴത്തിനിരിക്കുമ്പോൾ, എന്താ ജയാ കഴിക്കാത്തെ ഒന്നും ഇഷ്ടപെട്ടില്ലേ.. അവിടുത്തെ പോലെ അത്ര രുചികരമായ ഒന്നും കാണില്ല.. അച്ഛൻ തമാശയ്ക്ക് പറഞ്ഞു. ഭക്ഷണത്തെക്കാൾ രുചി ഇവിടുത്തെ സ്നേഹതിന്നു ഉണ്ട് അച്ഛാ.. ജയന് നല്ല ഹ്യൂമർസെൻസ് ഉണ്ട്. അച്ഛൻ ചിരിച്ചു. അടുക്കളയിലെ ജോലി എല്ലാം കഴിഞ്ഞു ശ്രീദേവി കിടക്കാനായി വന്നപ്പോഴാണ്..ജയേട്ടൻ കട്ടിലിൽ തിരിഞ്ഞ് കിടക്കുന്നതു കണ്ടത്. അവളെ കണ്ടതും അവൻ ചാടി എഴുന്നേറ്റു. ശ്രീദേവി , ജഗ്ഗിൽ കുറച്ചു വെള്ളം എടുത്തു വെച്ചുകൂടെ നിനക്ക്.. അയ്യോ ഞാനത് മറന്നു. അവൾ ജഗ്ഗുമായി താഴേക്കു പോയി. തിരികെ അവൾ വന്നപ്പോൾ ജയേട്ടൻ ജനാലക്കുള്ളിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നു നിലാവിനെ കാണുവാണോ ഈ പാതിരാത്രിയിൽ.. അതും പറഞ്ഞു ഒരു പുഞ്ചിരിയും സമ്മാനിച്ചു അവൾ കിടക്കയിൽ കിടന്നു. കണ്ണുകൾ മെല്ലെ അടയ്ക്കാൻ തുടങ്ങിയപ്പോഴാണ്..
ശ്രീ, എന്താ ജയേട്ടാ കിടന്നില്ലേ.. നീ എന്നോട് എന്തെങ്കിലും മറച്ചു വെച്ചിട്ടുണ്ടോ..?ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ.. അവൾ ആകാംഷയോടെ അവനെ നോക്കി. അവൻ കുറച്ചു കടലാസുകഷ്ണങ്ങൾ അവൾക്ക് നേരെ നീട്ടി. നിന്റെ ബാഗ് നിലത്തു വീണപ്പോ കിട്ടിയതാ.. അവൾ ആ കടലാസുകൾ നോക്കിയിട്ട് താഴ്ത്തിവെച്ചു. ഒപ്പം അവളുടെ മുഖവും. എന്തിനാ ശ്രീ എന്നോട്..? ജയേട്ടാ ഞാൻ…+2കഴിഞ്ഞതോടെ പഠിപ്പ് നിർത്തി എന്ന് നീ നുണ പറഞ്ഞു. നിന്റെ സ്വപ്‌നങ്ങളൊക്കെ ഈ ബാഗിനുള്ളിൽ കൂട്ടിവയ്ക്കാനായിരുന്നോ ഇത്രയും പഠിച്ചത്. ഈ ബാഗ് ഇന്ന് നിലത്ത് വീണില്ലായിരുന്നുവെങ്കിൽ നമ്മൾ ഇവിടെ വന്നില്ലായിരുന്നുവെങ്കിൽ ഞാനിതോരിക്കലും അറിയില്ലായിരുന്നു
അവൾ ഉത്തരം പറയാനാകാതെ മിഴികൾ നിറച്ചു നിന്നു

by