രചന – മഴ
അച്ചൂ……” വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽനിന്നും മുഖമുയർത്തി നോക്കുമ്പോഴാണ് ഇടുപ്പിൽ കൈകുത്തി തന്നെ ഉറ്റുനോക്കുന്ന അച്ചുവിനെ പാറു കണ്ടത്. “നീയെന്താ വരുന്ന കാര്യം പറയാതിരുന്നത്? ഒറ്റയ്ക്കേ ഉള്ളൂ? എങ്ങനെയാ വന്നത്?” അച്ചുവിനെ ചുറ്റി പിടിച്ചുകൊണ്ട് പാറു ചോദ്യങ്ങളുടെ കെട്ടഴിച്ചു. “നീ അവൾക്ക് ശ്വാസമെടുക്കാൻ ഇത്തിരി സമയം കൊടുക്ക് പാറു….” മാലതി അവിടേക്ക് കടന്നു വന്നു കൊണ്ട് പറഞ്ഞു. അവൾ അമ്മയെ കൂർപ്പിച്ചു നോക്കി. “മോള് വേഗം ഫ്രഷ് ആയിട്ടു വാ.. അമ്മ കഴിക്കാൻ എടുത്തു വയ്ക്കാം.. എന്നിട്ടാവാം വിശേഷം പറച്ചിൽ…” അച്ചുവിന്റെ കവിളിൽ തഴുകി മാലതി പറഞ്ഞിട്ട് താഴേക്ക് പോയി. ഒരു ദീർഘനിശ്വാസം എടുത്തു വാതിൽ ചാരി അച്ചുവുമൊത്ത് ബെഡിൽ വന്നിരുന്നു പാറു.
“പറയ്…. നീ എങ്ങനെയാ വന്നത്..?” “മധു അങ്കിളിന്റെ കൂടെ… എനിക്ക് അവിടെ നിന്ന് ബോറടിച്ചു.. നീയില്ലാതെ ഒരു രസവും ഇല്ലായിരുന്നു.. മാലതി അമ്മ അമ്മയെ വിളിച്ചപ്പോൾ അമ്മയാണ് പറഞ്ഞത് ഞാൻ അവിടെ പോസ്റ്റ് ആണെന്ന്. അപ്പോൾ മാലതി അമ്മ പറഞ്ഞു എന്നെ ഇങ്ങോട്ട് വിടാൻ. മധു അങ്കിളിനെ അങ്ങോട്ടേക്ക് കൊണ്ടുപോരാൻ വിടാമെന്ന്…” “എന്റെ അമ്മ മുത്താണ്…..” വിരലുകൾ കൂട്ടി പിടിച്ച് ഒരു മുത്തം നൽകി അവൾ. “അമ്മയും മാലതി അമ്മയും ചങ്ക്‌സ് ആയതുകൊണ്ട് രക്ഷപ്പെട്ടു.. അല്ലെങ്കിൽ എങ്ങും വിടില്ല…” അവർ പിന്നെയും കുറേ നേരം സംസാരിച്ചിരുന്നു. ” നീ പോയി ഫ്രഷ് ആയി വാ നമുക്ക് താഴേക്ക് പോവാം… ” പാറു പറഞ്ഞതും അച്ചു ഫ്രഷ് ആവാൻ പോയി.
ഉച്ചയ്ക്ക് ഭക്ഷണശേഷം അച്ചുവും പാറുവും മീരയുടെ മുറിയിലെത്തി സൊറ പറഞ്ഞിരിക്കുകയായിരുന്നു. “എന്നാലും നീ വിപഞ്ചിയുടെ കല്യാണത്തിന് വരാതിരുന്നത് മോശമായി കേട്ടോ…” മീര പരിഭവത്തോടെ അച്ചുവിനോട് പറഞ്ഞു. “എന്റെ പൊന്നു ചേച്ചി… ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് പനി ആയിരുന്നു എന്ന്.. ഒട്ടും വയ്യായിരുന്നു… അല്ലെങ്കിൽ ഞാൻ എത്തിയില്ലേ…” ” ഓ പിന്നേ… ” മീരയുടെ കാലുകൾ തിരുമ്മിക്കൊണ്ടിരുന്നു പാറു അവളെ പുച്ഛിച്ചു. “നീ പോടീ…” അച്ചു അവളെ കെറുവിച്ചു നോക്കി. “ആഹ്.. അതുപോട്ടെ നിന്റെ ചെക്കന്റെ ഫോട്ടോ ഒന്ന് കാണിച്ചേ…?” മീര ചോദിച്ചതും അവളുടെ മുഖത്ത് ചെറിയൊരു നാണം വിരിഞ്ഞു. “എന്റെ എൻഗേജ്മെന്റ് ഫോട്ടോസ് ആണ്..” എന്നുപറഞ്ഞ് അച്ചു ഫോൺ മീരക്ക് നേരെ നീട്ടി.
“ഈ ചെക്കനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…” ഫോട്ടോ നോക്കിയ ശേഷം മീര ഓർത്തെടുക്കാൻ ശ്രമിച്ചു. “പേര് എന്താണെന്നാ പറഞ്ഞത്..? “അജയ്..” മീര ഓരോ ഫോട്ടോയും കാണുന്നതിന് ഇടയ്ക്ക് ഒന്നിൽ അവളുടെ കണ്ണുകളുടക്കി. ശ്വാസഗതികൾ ക്രമാതീതമായി വർദ്ധിച്ചു. കണ്ണുകൾ നിറഞ്ഞു വന്നു. അവൾ ആ ഫോട്ടോയിൽ തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു. അത് ശ്രദ്ധിച്ച പാറു ഫോട്ടോ വാങ്ങി നോക്കി. “ഇത് അജുവേട്ടന്റെ ചേട്ടനും ഭാര്യയും ആണ്.. ആഘോഷ് ചേട്ടനും ശ്രീദേവി ചേച്ചിയും…” പറഞ്ഞു കഴിഞ്ഞു പെട്ടെന്ന് സംശയത്തോടെ അവൾ മീരയെ നോക്കി. നിറഞ്ഞ മിഴികൾ ഉയർത്തി നോക്കിയ മീരയിൽ നിന്നും പാറുവിന് കാര്യം മനസ്സിലായിരുന്നു. “ഇതാണോ അക്കുവേട്ടനും ദേവിചേച്ചിയും..?” പാറു ചോദിച്ചതിനു മറുപടിയായി മീര ഒന്ന് മൂളി.
അവൾ ഒന്നുകൂടി ഫോട്ടോയിലേക്ക് നോക്കി ശേഷം അച്ചുവിനെയും. പാറു പറഞ്ഞു അച്ചുവിന് കാര്യങ്ങൾ അറിയാമായിരുന്നു. “അന്ന് കൈലാസത്തിൽ നിന്ന സമയത്ത് ഞാൻ അമ്പലത്തിൽ പോയപ്പോൾ ഇവരും ഉണ്ടായിരുന്നു.. എല്ലാവരെപറ്റിയും ചോദിച്ചിരുന്നു. മീര ഒരു ഞെട്ടലോടെ അവളെ നോക്കി. അപ്പോഴാണ് ജോഷി മുറിയിലേക്ക് കയറി വന്നത്. “എന്താണ് എല്ലാവരും സൈലന്റ് ആയിരിക്കുന്നത്…? ഇത്രയും നേരം കലപിലാനു സംസാരം ആയിരുന്നല്ലോ…” പാറു ഒന്നും മിണ്ടാതെ ഫോൺ ജോഷിയുടെ കയ്യിൽ കൊടുത്തു. ഫോട്ടോ കണ്ട് അവനും ഒന്ന് ഞെട്ടി. സന്തോഷം നിറഞ്ഞു നിൽക്കുന്ന അക്കുവിന്റെയും ദേവിയുടെയും മുഖം കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞ ചിരി വിടർന്നു. സങ്കടപ്പെട്ട് മുഖം കുനിച്ചു ഇരിക്കുന്ന മീരയെ കണ്ടപ്പോൾ അവന് ദേഷ്യം തോന്നി. “ഡീ…….”അവൻ ദേഷ്യത്തോടെ വിളിച്ചു. മീര ഞെട്ടി അവനെ നോക്കി. “എന്താ നിനക്ക്….?” “ഒന്നൂല്ല…” “പിന്നെ….?” “അവർ ചെട്ടികുളങ്ങരയിൽ വന്നിരുന്നു…?” “എന്ന്…?” ജോഷിയുടെ ചോദ്യത്തിന് പാറുവാണ് മറുപടി പറഞ്ഞത്.
“നമ്മൾ കൈലാസത്തിൽ നിന്നപ്പോൾ.. അന്ന് എനിക്ക് ആക്സിഡന്റ് ഉണ്ടായ ദിവസം അജു ഏട്ടന്റെ കൂടെ ഇവരും ഉണ്ടായിരുന്നു…” “നീ കൈലാസത്തിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞിരുന്നോ..? “മ്മ്മ്… പോരുമ്പോൾ കൈലാസത്തിലേക്ക് ആണെന്ന് പറഞ്ഞപ്പോൾ ഡീറ്റെയിൽസ് ചോദിച്ചിരുന്നു. ഒപ്പം പഠിച്ച ഏതോ ഫ്രണ്ടിന്റെ വീട് അവിടെ അടുത്താണ് എന്നും കൈലാസത്തിൽ ഉള്ളവരെ പരിചയമുണ്ടെന്നും പറഞ്ഞിരുന്നു.. അവിടെ ഓരോരുത്തരെയും ചോദിച്ചിരുന്നു..” “വേറെ എന്തെങ്കിലും ചോദിച്ചോ..?’ ദേവി ചേച്ചി എന്തോ ചോദിക്കാൻ വന്നപ്പോൾ അക്കുവേട്ടൻ ദേഷ്യപ്പെട്ടു നോക്കുന്നത് കണ്ടു. പിന്നെ ഞാൻ പോരുന്നത് വരെയും ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. “അവൻ തിരക്കിയ കാര്യം പിന്നെന്താ നീ വന്ന് പറയാതിരുന്നത്…?” “അന്നായിരുന്നില്ലേ ആക്സിഡന്റ്… ആ ഒരു ഷോക്കിൽ അതൊക്കെ വിട്ടു പോയിരുന്നു…. ” ജോഷി ഒന്നിരുത്തി മൂളി കൊണ്ട് മുറി വിട്ടിറങ്ങി.
വൈകിട്ട് ഫോണിൽ വിളിച്ച് പാറു കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ എല്ലാം കേട്ട് മൂളിയതേയുള്ളൂ ദേവനും. എങ്കിലും സംശയത്തിന്റെ വിത്തുകൾ അവന്റെ മനസ്സിലും വീണിരുന്നു. രാവിലെ കുളിച്ചു ഫ്രഷ് ആയി ഉമ്മറത്തേക്കു അച്ചുവും പാറുവും ചെല്ലുമ്പോൾ സോഫയിൽ ഇരിക്കുന്ന ജോഷിയെ വഴക്കു പറയുന്ന പ്രിയയെ ആണ് കാണുന്നത്. ഇടയ്ക്ക് അവനെ അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. മുത്തശ്ശനും മുത്തശ്ശിയും മധുവും മാലതിയും ശ്രീലതയും ഒക്കെ അവരുടെ അടുത്തായി ഉണ്ട്. “പ്രിയ ചേച്ചി എപ്പോ വന്നു…?” പാറു അതിശയത്തോടെ മീരയോട് ചോദിച്ചു. “ഇന്ന് രാവിലെ…” “എന്താ പെട്ടെന്ന്…? ” ഇന്നലെ രാത്രി ഇച്ചായൻ പ്രിയ ചേച്ചിയെ വിളിച്ചു പറഞ്ഞു അത്യാവശ്യമായി ഇവിടെ വരണമെന്നും ഒരു പ്രശ്നം ഉണ്ടെന്നും… ” “ഇവിടെ എന്തു പ്രശ്നം….? “പ്രശ്നമൊന്നുമില്ല… ചേച്ചി മറ്റന്നാൾ ആണ് ദുബായിൽ പോകുന്നത്… പോകുംമുൻപ് കുട്ടേട്ടൻ പ്രൊപ്പോസ് ചെയ്യാൻ പോവാ… “ശരിക്കും….???”പാറുവിന്റെ കണ്ണുകൾ വിടർന്നു.
“അപ്പോ കുട്ടേട്ടനും ദേവേട്ടനും ഇന്ന് വരുമോ…?” “ഇല്ല…. അവർ നാളെ എത്തുള്ളു…” “ചേച്ചി എന്തിനാ ദേഷ്യപ്പെടുന്നേ?” അച്ചു ചോദിച്ചു. ” ഇച്ചായൻ വിളിച്ചു പറഞ്ഞപ്പോൾ ചേച്ചി ടെൻഷനടിച്ച് ഉറങ്ങിയില്ല. രാവിലെ ഇങ്ങു വന്നു. ഇവിടെ വന്നപ്പോൾ ഇച്ചായൻ പറയുവാ വെറുതെ കാണാൻ തോന്നിയപ്പോൾ വിളിച്ചു പറഞ്ഞതാണ് എന്ന്.. അതിന്റെ മേളം ആണ് ആ കാണുന്നത്…” “നാളത്തേക്ക് എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്…” മീര കൂട്ടിച്ചേർത്തു. ജോഷിയെ വായിൽ വന്നതൊക്കെ പറഞ്ഞ് ക്ഷീണിച്ചപ്പോൾ പ്രിയ കുറെ നേരം മിണ്ടാതിരുന്നു. ” എന്റെ മോളെ… കൊല്ലം കുറെ ആയില്ലേ നീ ഇവന്മാരുടെ കൂടെ നടക്കുന്നു.. എന്നിട്ടും ഇവര് പറ്റിക്കുന്നത് നിനക്ക് മനസ്സിലാവുന്നില്ലേ..? ” മധു ചിരിച്ചുകൊണ്ട് പ്രിയയോട് ചോദിച്ചു. “എപ്പോഴും വിചാരിക്കും ഇനി ഇങ്ങനെ നിന്നു കൊടുക്കില്ല എന്ന്.. എന്നാലും ഇവന്മാർ എന്തെങ്കിലും പറയുമ്പോൾ ടെൻഷൻ ആവും. ഇവർക്ക് എന്തെങ്കിലും വന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല അങ്കിൾ….”കണ്ണുകൾ നിറച്ച് പ്രിയ പറയുമ്പോൾ ജോഷി അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ഉച്ചയോടെ ശ്രീലതയുടെ കുടുംബ വീട്ടിൽ ആയിരുന്ന അഭിയും എത്തി.
അവി ഇപ്പോഴും അവിടെയാണ്. വെക്കേഷൻ ആയാൽ കുറച്ചു നാൾ അവിടെ പോയി നിൽക്കുന്നത് അവർക്ക് ഇന്നും ഒരു പതിവാണ്. ഉച്ച കഴിഞ്ഞതോടെ അഭിയും പാറുവും അച്ചുവും പ്രിയയും ഷോപ്പിങ്ങിന് ഇറങ്ങി. മീര തനിച്ചായതിനാൽ വരുന്നില്ല എന്ന് ജോഷി പറഞ്ഞു. അവർ നേരെ സിറ്റി മാളിൽ ചെന്നു. വണ്ടി പാർക്ക് ചെയ്ത് മാളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പാറു ഫോൺ വണ്ടിയിൽ ആണെന്ന് ഓർത്തത്. ” അഭിയേട്ടാ.. എന്റെ ഫോൺ വണ്ടിയിലാ.. ചാവി ഒന്ന് തരുമോ…?പാറു ചോദിച്ചു. “ദാ ചാവി… ഞാൻ കൂടെ വരണോ…” ചാവി കൊടുത്തുകൊണ്ട് അഭി അവളോട് ചോദിച്ചു. ” വേണ്ട നിങ്ങൾ നടന്നോ ഞാൻ എത്തിയേക്കാം… ” അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അച്ചു വിളിച്ചു. “ഞാൻ കൂടി വരാം…” “വേണ്ട പെണ്ണേ.. ഞാൻ പോയി വേഗം എടുത്തിട്ട് വരാം…” പാറു പാർക്കിംഗിലേക്കും അവർ അകത്തേക്കും പോയി.
കാർ അൺലോക്ക് ചെയ്ത് ഫോൺ എടുത്ത് തിരിഞ്ഞപ്പോഴേക്കും അവൾക്ക് ചുറ്റുമായി ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന നാലഞ്ചുപേരെ കണ്ടു അവൾ ഒന്ന് ഭയന്നു. അവരുടെ എല്ലാം നോട്ടം തന്നിൽ ആണെന്ന് മനസ്സിലായപ്പോൾ ഒരു നിമിഷത്തെ പകപ്പ് വിട്ട് അവൾ ഡോർ തുറന്ന് കാറിലേക്ക് തന്നെ കയറാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും കൂട്ടത്തിലൊരുത്തൻ ഡോറിൽ പിടിച്ചിരുന്നു. അയാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് ഇറക്കി കറക്കി എറിഞ്ഞു. മറ്റൊരുത്തൻറെ ദേഹത്ത് ചെന്ന് ഇടിച്ചപ്പോൾ അവൾ വെറുപ്പോടെ പിന്നിലേക്ക് വേച്ചുമാറി. അപ്പോഴേക്കും അവന്മാർ അവളുടെ ചുറ്റിനും നിന്നിരുന്നു. ഭയം അവളെ കാർന്നു തിന്നാൻ തുടങ്ങി. ചെന്നിലൂടെ വിയർപ്പു ചാലുകൾ ഒഴുകാൻ തുടങ്ങി. ചുണ്ടുകൾ വിറകൊണ്ടു.. തൊണ്ടക്കുഴിയിൽ ശബ്ദം തങ്ങിനിന്നു..
ചുറ്റിനും നോക്കിയപ്പോഴാണ് ഒരു ബ്ലാക്ക് സ്കോർപിയോയിൽ നിന്നും തലവൻ എന്ന് തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് ഇറങ്ങിയത്. കയ്യിലുണ്ടായിരുന്ന സിഗരറ്റ് ചുണ്ടിൽ വെച്ച് പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്ത് അയാൾ കത്തിച്ചു. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി അയാൾ അവരുടെ അടുത്തേക്ക് വന്നു. അയാളെ മുൻപ് എവിടെയോ കണ്ടു മറന്നതായി അവൾക്ക് തോന്നിയിരുന്നു. അയാൾ വന്നതും അവൾക്ക് ചുറ്റും നിന്നവർ ഇരു സൈഡിലും പിന്നിലുമായി നിന്നു. ആഞ്ഞൊരു പുകയെടുത്തു അയാൾ പാറുവിനു നേരെ ഊതി. അവൾ അറപ്പോടെ മുഖം വെട്ടിച്ചു മാറ്റി. “നീ ആണല്ലേ കൈലാസത്തിൽ മഹാദേവന്റെ പുതിയ പെണ്ണ്….?”അയാൾ അവളെ ആകമാനം ഉഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു. അവൾക്ക് അയാളോട് വെറുപ്പ് തോന്നി.
ഒന്നും മിണ്ടാതെ രക്ഷപ്പെടാൻ ഒരു പഴുതു നോക്കിക്കൊണ്ടിരുന്നു. പുച്ഛത്തോടെ അയാൾ അവളെ നോക്കി. ഒരു പുക കൂടി എടുത്തു അയാൾ സിഗരറ്റ് തറയിലേക്ക് ഇട്ടു ചവിട്ടി ഞെരിച്ചു. “ഇതൊരു കിളുന്ത് പെണ്ണ് ആണല്ലോടാ…” വഷളൻ ചിരിയോടെ മറ്റുള്ളവരോട് അയാൾ പറഞ്ഞുകൊണ്ട് ഷർട്ടിനു പിന്നിൽ കരുതിയിരുന്ന കത്തിയെടുത്തു. അതു കണ്ടതും പാറുവിനെ ഭയം പൂർണമായും വിഴുങ്ങി. “ദേവേട്ടാ…” അവൾ ഉറക്കെ വിളിച്ചു. “ഹഹഹഹ…..എവിടെയോ കിടക്കുന്ന അവനെ നീ ഇവിടെ കിടന്നു വിളിച്ചിട്ട് എന്ത് കാര്യം….? ദേവൻ വരില്ല എന്ന് മീര പറഞ്ഞത് അവൻ വേദനയോടെ ഓർത്തു. “നിന്റെ മരണത്തിനു തന്നെ കാരണം അവൻ ആണ്..” അയാളുടെ വാക്കുകൾ അവൾ ചെവിക്കൊണ്ടില്ല. അരികിൽ നിന്നവനെ തള്ളി മാറ്റി പാറു ഓടാൻ തുടങ്ങുമ്പോഴേക്കും അയാളുടെ കൈ അവളുടെ കയ്യിൽ പിടുത്തം ഇട്ടിരുന്നു.
കൂട്ടാളികൾ ക്ക് നേരെ അവളെ എറിഞ്ഞു കൊടുക്കുമ്പോൾ അയാളുടെ കണ്ണുകളിൽ പുച്ഛം നിറഞ്ഞിരുന്നു. ” ദേവേട്ടാ………. ദേവേട്ടാ…….. ” അവൾ ഉറക്കെ കരഞ്ഞു. “അവളുടെ വാ മൂടി കെട്ടെടാ….” തലവൻ ആജ്ഞാപിച്ചതും കൂട്ടാളികളിൽ ഒരുത്തൻ അവളുടെ വായിൽ ടേപ്പ് കൊണ്ട് മൂടിയിരുന്നു.അവരെ തള്ളി മാറ്റാൻ ശ്രമിച്ച അവളുടെ കൈകളും പിന്നിലേക്ക് വെച്ച് അവർ കെട്ടിയിരുന്നു. കത്തിയുമായി അയാൾ മുന്നിലേക്ക് വന്ന് അവളുടെ സ്ഥാനം മാറി കിടന്ന ഷോൾ പറിച്ചെടുത്തു. നിസ്സഹായതയോടെ.. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അയാളെ നോക്കി. എന്നാൽ അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിലാകമാനം ഓടി നടക്കുകയായിരുന്നു. “ഇവളെ കൊല്ലണം എന്നല്ലേ പറഞ്ഞുള്ളൂ… എങ്ങനെ കൊല്ലണം എന്ന് പറഞ്ഞില്ലല്ലോ… നമുക്ക് ഒന്ന് സുഖിപ്പിച്ചിട്ടു കൊല്ലാം ഇവളെ…” കത്തിയെടുത്ത് ഷർട്ടിന്റെ പിന്നിലേക്ക് തന്നെ വച്ചുകൊണ്ട് വഷളൻ ചിരിയോടെ അയാൾ കൂട്ടാളികളോട് പറഞ്ഞു.
അവരും അത് കേട്ട് ചിരിച്ചു. അയാൾ അവൾക്കരികിൽ വന്ന് അവളുടെ ചുണ്ടിൽ പിടിക്കാൻ വന്നതും അയാളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ശബ്ദം വന്നു. അയാൾ ഫോൺ എടുത്ത് നോക്കിയതും കണ്ണുകൾ കുറുകി. “ഇവളെ തൂക്കിയെടുത്ത് വണ്ടിയിലേക്ക് ഇടെടാ….”എന്നു പറഞ്ഞ് അയാൾ ഫോണുമായി കുറച്ചകലെ മാറി. ആദ്യം കയറിയ രണ്ടുപേർ അവളെ വലിച്ചു വണ്ടിയിൽ കയറ്റി. അവൾ കുതറി മാറാൻ ആവുന്നത്ര ശ്രമിച്ചു. അവസാനം കയറാൻ വന്ന കൂട്ടാളികളിൽ ഒരാളെ പാറൂ ചവിട്ടി താഴെയിട്ടു. പെട്ടെന്നുള്ള പ്രതികരണത്തിൽ അയാൾ പിന്നിലേക്ക് വേച്ച് വീണു. നിലത്തുനിന്നും ചാടിയെഴുന്നേറ്റു അയാൾ അലറിക്കൊണ്ട് അവൾക്ക് അരികിലേക്ക് പാഞ്ഞടുത്തു. “ഡീ…..” തുടരും

by