22/04/2026

അനുരാഗി: ഭാഗം 06

രചന: ആയിഷ അക്ബർ

വേദ കണ്ണുകൾ തുറക്കുമ്പോൾ തനിക്കരികിലായിരിക്കുന്ന ഒരു സ്ത്രീയെ കണ്ടിരുന്നു….
അവളവരെ സൂക്ഷിച്ചു നോക്കി….വെളുത്തു തടിച്ചുരുണ്ട് സാരിയുടുത്തൊരു സ്ത്രീ…
നെറ്റിയിൽ ഒരു ചുവന്ന വട്ട പൊട്ടുമുണ്ട്……
താൻ അവരുടെ മടിയിലാണ് കിടക്കുന്നേതെന്ന് അവൾക്ക് അല്പം കഴിഞ്ഞാണ് മനസ്സിലായത്……അവൾ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചതും അവർ അവളെ സഹായിച്ചു….ആ സിമന്റ്‌ ബെഞ്ചിലേക്ക് തന്നെ അവരവളെ ചാരിയിരുത്തി……എന്താ മോളെ പറ്റിയത്..
ഇപ്പൊ പാളത്തിലേക്ക് വീഴില്ലായിരുന്നോ….
കൂടെ ആരുമില്ലേ…..അവരുടെ ചോദ്യങ്ങൾക്ക് അവളൊന്നും മിണ്ടിയില്ല….

എപ്പോഴാ ട്രെയിൻ…..അവർ വീണ്ടുമത് ചോദിച്ചപ്പോഴാണ് ട്രെയിനിന്റെ കാര്യം അവൾക്കോർമ്മ വന്നത്….അവൾ കൊട്ടി പ്പിടഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചതും വീണ്ടും അവൾ കുഴഞ്ഞു വീഴുകയാണ് ചെയ്തത്…..ഈ അവസ്ഥയിൽ മോളെങ്ങനെ പോകും…..
ഇപ്പോൾ തന്നെ എനിക്ക് പകരം നിന്നേ മറ്റാരുടെയെങ്കിലും കയ്യിലാണ് കിട്ടിയിരുന്നതെങ്കിലോ…..അവരത് കൂടി ചോദിച്ചതും തന്റെ നിസ്സഹായാവസ്ഥ അവൾക്ക് മനസ്സിലായിരുന്നു……അത് വരെ മിണ്ടാതിരുന്നതിനു പകരമായി അവളവരെ കഴുത്തിലൂടെ ചുറ്റി പ്പിടിച്ചു……തന്നെ രക്ഷിച്ചത്തിലുള്ള നന്ദിയോ അതോ തനിക്ക് ചായാൻ അപ്പോളോരു തോളാവശ്യമായത് കൊണ്ടോ എന്നറിയില്ല….ഒരു നിമിഷം അവരും ഒന്ന് ഞെട്ടിയിരുന്നു…..അവരുടെ ഉള്ളിലൂടെ എന്തോ ഒന്ന് പാഞ്ഞു പോയി……

 

അതിലേറെ ആ പെൺകുട്ടിയോടുള്ള അലിവ് അവരുടെ കണ്ണിൽ തെളിഞ്ഞു നിന്നു…….ഇന്ന് പോകണമെന്ന് നിർബന്ധമുണ്ടോ നിനക്ക്…..അവർ ചോദിച്ചതിന് അവൾ ഇല്ലെന്ന് തലയാട്ടി….എങ്കിൽ വാ…….
ക്ഷീണം മാറി നാളെ പോകാം….. അത് വരെ നിന്നേ സുരക്ഷിതമാക്കേണ്ടത് ഈ വസന്തയുടെ കടമയാണ്…….അതും പറഞ്ഞു അവരവളുടെ കൈ പിടിച്ചു നടക്കുമ്പോൾ അവളും യാന്ത്രികമായി അവർക്ക് പിറകെ നടന്നു…..വസന്ത ചേച്ചിയെ വിശ്വസിക്കണോ വേണ്ടയോ എന്ന് മനസ്സ് ആയിരം ആവർത്തി ചോദിക്കുമ്പോഴും ശരീരം അവർ പിടിച്ച താളത്തിലായിരുന്നു ചലിച്ചു കൊണ്ടിരുന്നത്….അത്രയേറെ തനിക്ക് സ്വയം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായിരുന്നു……അതിലേറെ അവരുടെ കണ്ണുകളിൽ കണ്ട ആ കരുണയെ കൂട്ട് പിടിച്ചവൾ അവർക്ക് പിറകെ നടന്നു….ഒരു ഓട്ടോ പിടിച്ചവർ അതിലേക്ക് കയറി…..

അൽപ ദൂരം മാത്രം സഞ്ചരിച്ചവർ ചെന്നു നിന്നത് കോളനി പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തായിരുന്നു….അടുത്തടുത് കാണുന്ന കുഞ്ഞു കുഞ്ഞു വീടുകൾ….അതിലൊന്നിലേക്ക് അവർ തന്നെ കൈ പിടിച്ചു കയറ്റി……ഷീറ്റ് മേഞ്ഞ ഒരു ചെറിയ വീടായിരുന്നത്……എങ്കിലും എല്ലാ സാധനങ്ങളും അതാത് സ്ഥാനത് വൃത്തിയോടെ കാണപ്പെട്ടു………വാതിലുള്ള ഒരു മുറിയുണ്ട് അതിനകത്തു…..ബാക്കി എല്ലാം ഒന്നിച്ചാണ്…..മോള് വല്ലതും കഴിച്ചായിരുന്നോ…..അവർ പെട്ടെന്നത് ചോദിച്ചതും അവളൊന്നും മിണ്ടിയില്ല……വയറ്റിൽ നിന്നും വിശപ്പ് തന്റെ സങ്കടം ഉറക്കെ പറയുന്നുണ്ട്…..അവരതറിഞ്ഞെന്ന വണ്ണം അടുക്കളയിൽ പോയി ഒരു പാത്രത്തിലേക്ക് ചോറും മത്തി വറ്റിച്ചതുമായി വന്നു അവൾക്ക് നേരെ നീട്ടി…..അവൾ പെട്ടെന്ന് തന്നെ അത് കൈകളിലേക്ക് വാങ്ങി…….പിന്നേ ആർത്തിയോടെ അത് കഴിച്ചു…….അവർ അവളെ തന്നെ നോക്കിയിരുന്നു…..

 

കണ്ടാൽ ഏതോ വലിയ വീട്ടിലെ യാണെന്ന് തോന്നും…..പളുങ്ക് പോലൊരു പെൺകുട്ടി…..എന്ത് പറ്റിയതാവും…..അവർ അവളിലേക്ക് തന്നെ നോക്കി നിൽക്കെ അവൾ കഴിച്ചെഴുന്നേറ്റു…..ഇനി മോള് പോയി കിടന്നോ…രാവിലെ എഴുന്നേറ്റ് എങ്ങോട്ടാന്ന് വെച്ചാൽ പോകാം…….അതും പറഞ്ഞവർ അവൾക്ക് നേരെ ആ മുറി ചൂണ്ടി കാണിച്ചു…..വസന്തേയ്….. ക്കൂൂയ്……പുറത്ത് നിന്നുള്ള ആൺ ശബ്ദം കേട്ടതും അവൾ അവരെയൊന്നു നോക്കി…..എന്നാൽ വസന്ത തിടുക്കപ്പെട്ട് അവൾ കിടക്കുന്ന മുറി പുറത്തേക്ക് പൂട്ടുകയാണ് ചെയ്തത്……..അവളൊരു നിമിഷമൊന്ന് ഭയന്നിരുന്നു…..എടി വസന്തേ…. ഇന്നെന്റെ കൂടെ പോരേടി……വേദ ജനൽ പഴുതിലൂടെ പതിയെ നോക്കുമ്പോൾ അതും പറഞ്ഞു വഷളൻ ചിരിയോടെ നിൽക്കുന്ന ഒരാളെയാണ് കാണുന്നത്…..പോയി നിന്റെ തള്ളയെ വിളിയെടാ നാറി ……വസന്ത അയാളുടെ മുഖത്ത് നോക്കി മറുപടി കൊടുത്തിരുന്നു……

 

ഓഹ്….. നീയിപ്പോ കൊമ്പത്തല്ലേ പിടി…. നമ്മളെയൊന്നും പറ്റില്ലല്ലോ…….അയാളതും പറഞ്ഞു ചിറി കോട്ടുമ്പോൾ വേദയുടെ ഉള്ളമൊന്ന് പുകഞ്ഞു…..ഇവർ ഇങ്ങനെയുള്ള ഒരു സ്ത്രീയായിരുന്നോ….ഇവരുടെ കൂടെ താനെങ്ങനെ സുരക്ഷിതയാവും…..അവരെ താൻ മനസ്സിലാക്കിയിടത്ത് തെറ്റി പ്പോയെന്ന് അവൾക്ക് മനസ്സിലായിരുന്നു……എങ്ങനെയും ഇവിടെ നിന്ന് രക്ഷപ്പെട്ടെ തീരുവെന്ന് അവളോർത്തു…….കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്കാനല്ലോ ഈശ്വരാ തന്റെ പോക്ക്….അവൾ ഒന്ന് കൂടി ജനലിലൂടെ നോക്കിയപ്പോഴേക്കും ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടിരുന്നു….തന്റെ മുമ്പിൽ നിൽക്കുന്ന ആ സ്ത്രീയെ കാണുമ്പോൾ ഇപ്പോൾ അവൾക്ക് ഭയം തോന്നി തുടങ്ങിയിരിക്കുന്നു….അവരുടെ നോട്ടങ്ങളിൽ പോലും അവൾക്ക് മറ്റെന്തൊക്കെയോ തോന്നിയിരുന്നു…..അവർ അടുത്തേക്ക് വരികയാണെന്ന് തോന്നിയതും അവൾ പിറകിലേക്കൊന്ന് നീങ്ങി നിന്നു…

 

പിറകിലേക്ക് നീങ്ങി പോകുന്ന അവളെ കാൻകെ അവരോന്ന് നിന്നു……….വസന്ത ചീത്തയാ…… ആയതല്ല…. ആക്കിയതാണ് ആ പന്ന ##**……പെട്ടെന്ന് അവരത് പറഞ്ഞതും വേദ അവരെ തന്നെ നോക്കി നിന്നു…..അത്ര മാത്രം പറഞ്ഞ് കൊണ്ട് അവർ അടുക്കളയിലേക്ക് പോയി ചോറും കറിയും വിളമ്പി വന്നു തറയിലിരുന്നു കഴിച്ചു തുടങ്ങി……ആ കണ്ണുകളിൽ എന്തൊക്കെയോ ഓർമ്മകൾ അലയടിക്കുന്നുണ്ട്……നഷ്ട സ്വപ്നങ്ങളുടെ ഒരു സാഗരം…….ട്രെയിനിൽ ഒരോ കളിപ്പാട്ടങ്ങൾ നടന്നു വിൽക്കലാണ് എനിക്ക് ജോലി…….കഞ്ചാവു തലക്ക് പിടിച്ചു റെയിൽ വേ സ്റ്റേഷനിൽ കിടക്കുന്ന കുറെ നായിന്റെ മക്കളെ കാണാറുണ്ടീ വസന്ത……പക്ഷെ നിന്റെ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു നിസ്സഹായതയാണ്…..വീട്ടുകാരെ വഞ്ചിച്ചു ജീവിതം ആസ്വദിക്കുന്നവളുമാരുടെ കണ്ണുകളിൽ കാണാത്തൊരു കനൽ നിന്നിൽ ഞാൻ കണ്ടിരുന്നു…..അൽപ നേരം നിന്നേ ശ്രദ്ധിച്ചപ്പോഴാണ് നീ വീഴാൻ പോകുന്നത് കണ്ടത് ……നിന്നേ താങ്ങി പിടിച്ചപ്പോൾ മനസ്സിലേക്ക് വന്നത് എന്റെ കുഞ്ഞിന്റെ മുഖമാണ്……അവരതും പറഞ്ഞു കൊണ്ട് ചുമരിൽ വെച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോയിലേക്ക് നോക്കി….വേദയും പതിയെ യൊന്നു തല ചെരിച്ചു……എന്റെ അഞ്ചു വിനെ പോലെ തന്നെയാ എനിക്ക് നീ…….
മോള് ധൈര്യമായി ഉറങ്ങിക്കോ……അവരതും കൂടി പറയുമ്പോൾ ആ വാക്കുകൾ ഇടറുന്നത് പോലെ……ഒരു നിമിഷം അവരെ തെറ്റി ധരിച്ചതിനുള്ള കുറ്റ ബോധം വേദയെ നോവിച്ചു….

 

അവൾ ഒന്ന് കൂടി അവർക്കടുത്തേക്ക് ചെന്ന് തറയിലിരിക്കുന്ന അവരെ ചുറ്റി പിടിച്ചു……അത്ര മേൽ സ്നേഹത്തോടെ……അന്ന് രാത്രി ആ അമ്മ കാവലുണ്ടെന്ന ധൈര്യത്തിൽ അവളുറങ്ങി…….തെറ്റുകാരെന്ന് മുദ്ര കുത്തുന്ന ഓരോരുത്തർക്കും നമ്മളറിയാത്ത പല ശെരികളുമുണ്ടെന്നും ഒരു പക്ഷെ നമ്മളെക്കാൾ വിശാലമായ ഹൃദയമുണ്ടെന്നും ആ രാത്രി അവളെ പഠിപ്പിച്ചു……സമ്പത്തുള്ള തറവാട്ടു മഹിമയുള്ള പഠിപ്പുള്ള വർ തന്നോട് കാണിച്ചിട്ടില്ലാത്ത കരുണ ഓരോറ്റ രാത്രി കൊണ്ട് അവർ തനിക്ക് നൽകിയത് അവളെ അത്ഭുതപ്പെടുത്തി…….ഞാൻ…. ഞാനിറങ്ങുകയാണ്……അവളവരോട് യാത്ര പറയുമ്പോൾ എന്തിനോ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു…….

 

ഈ യാത്ര എന്താകുമെന്നറിയില്ല….
പ്രാർത്ഥിക്കണം……അവളത് പറഞ്ഞതും അവർ സംശയത്തോടെ അവളെ നോക്കി……ഇത് വരെ ചോദിക്കാത്ത ചോദ്യങ്ങൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്നുണ്ട്…….നിന്നേ കാണണമെന്ന് തോന്നുകയാണെങ്കിൽ ഞാനിനി എവിടെ വരണം…..അവരുടെ ആ ചോദ്യം താനെങ്ങോട്ട് പോകുന്നു എന്നത് തന്നെയായിരുന്നു….തന്റെ വിവാഹം മുതൽ ഇന്നലെ രാത്രി വരെ സംഭവിച്ച ഓരോന്നും അവർക്ക് മുമ്പിൽ അവൾ തുറന്നു പറഞ്ഞു…..അത്ര മേൽ എന്തോ അടുപ്പം ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവരോടവൾക്ക് തോന്നിയിരുന്നു…..അപ്പൊ ആരെന്നോ എന്തെന്നോ ഇല്ലാത്ത ഒരിടത്തേക്കാണോ നീ പോകുന്നത്……

 

ഇനി ആ കൂട്ടുകാരി അവിടെ ഇല്ലെങ്കിൽ….
അല്ലെങ്കിൽ അവൾ സഹായിക്കില്ലെന്ന് പറഞ്ഞാൽ……ഒറ്റക്കെന്ത് ചെയ്യും മോളെ….അവർ ആകുലതയോടെ അത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല…പകരം കണ്ണ് നീർ പോലും വറ്റിയ ആ കണ്ണുകൾ ദൂരേക്ക് പതിപ്പിച്ചങ്ങനെ നിന്നു……ഇവിടെ നിന്നേ നിർത്താൻ പറ്റുകയാണെങ്കിൽ ഞാൻ നിർത്തുമായിരുന്നു….
പക്ഷെ കഴിയില്ല…..അത് കൊണ്ടാണ് ഞാൻ അഞ്ചു മോളെ കൂടി ഇവിടെ നിന്ന് മാറ്റി നിർത്തിയിട്ടുള്ളത്……അവരത് പറഞ്ഞു നിർത്തിയ ശേഷം എന്തോ ഒന്ന് ആലോചിച്ചു…..പിന്നേ പതിയെ വേദയിലേക്കൊന്ന് നോക്കി……അല്ലെങ്കിലൊരു സ്ഥലമുണ്ട്……
നീയെന്റെ അഞ്ചു മോൾടെ അടുത്തേക്ക് പൊയ്ക്കോ….
ഞാൻ വിളിച്ചു പറയാം അവളോട്…
അവൾ ക്കവിടെ ജോലിക്കാരുടെ മക്കളെയൊക്കെ നോക്കുന്ന ഡേ കെയറിലാണ് ജോലി…….
അവിടെയൊരു ജോലിയും താമസവും ഒരുക്കി തരാൻ അവൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല….ഞാൻ…. ഞാൻ വിളിച്ചു പറയാം അവളോട്…..

 

വസന്ത അത് പറഞ്ഞു നിർത്തിയതും എന്തോ ഒരു കുളിര് വേദയിൽ നിറയുന്നത് അവളറിഞ്ഞു….അതേ….. താൻ ചെല്ലുന്നിടത് തന്നെ കാത്തൊരാൾ ഇരിക്കുന്നുണ്ടാവും എന്നാണ് അവർ പറഞ്ഞതിന്റെ അർത്ഥം….പെരു വഴിയിൽ നിന്നും എങ്ങോട്ട് എന്തിനു എന്ന ചിന്തയിൽ നിൽക്കുന്ന തനിക്ക് ഇതിനേക്കാൾ നല്ലൊരു സമ്മാനം മറ്റെന്താണുള്ളത്……വസന്തയെ അവൾക്കൊരു മാലാഖയേ പോലെ തോന്നി…..
ആരോ തന്നിലേക്കയച്ചൊരു മാലാഖ…..അവൾ അവരെ ഇറുക്കെ പുണർന്നു….ടിക്കറ്റ് എടുത്തു കൊടുത്തതിനു ശേഷം കയ്യിലുള്ള പൈസയും അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്ത് അവളെ ട്രെയിനിൽ കയറ്റിയയക്കുമ്പോൾ ആ കണ്ണുകൾ എന്തിനോ നിറഞ്ഞിരുന്നു…ഒരു രാത്രി സമ്മാനിച്ച ആ ബന്ധത്തിന് അത്രയേറെ ശക്തിയുണ്ടായിരുന്നു……വേദക്ക് അത്ഭുതം തോന്നി….

 

ആത്മ ബന്ധം എന്നത് ഇത്രയും ശക്തമാണോ…..ഇത്ര ചുരുങ്ങിയ സമയം കൊണ്ട് അവർക്ക് താൻ മകളാകുന്നതെങ്ങനെ…….അവൾ അവർക്ക് നേരെ സ്നേഹത്തോടെ കൈ വീശി……….

(തുടരും )