25/05/2026

ജീവന്റെ പാതി : ഭാഗം 03

രചന – രോഹിണി ആമി

ആലോചിച്ചു നോക്ക് നീ ജ്യോതി എന്നൊരു പേര് കേട്ടിട്ടുണ്ടോന്ന്…….. വർഷങ്ങൾ കുറച്ചേ ആയിട്ടുള്ളു…….. പിന്നോട്ടൊന്നു നോക്കിയാൽ മനസ്സിലാകും……..

എന്റെ വീട്ടിൽ ഓടിച്ചാടി നടന്നിരുന്ന കുട്ടിയാണ്…… ഞങ്ങളുടെ വീടിന്റെ ശബ്ദം….. സന്തോഷം…… എല്ലാം…… ഇപ്പോളിങ്ങനെ അനങ്ങാനാവാതെ…….. ആ കണ്ണിന്റെ അനക്കം കൊണ്ടു മാത്രമാണ് അവൾക്ക് ജീവൻ ഉണ്ടെന്ന് മനസ്സിലാകുന്നത്…… ഡോക്ടർ ആകാൻ കൊതിച്ചവളാ…….. കഷ്ടപ്പെട്ടിട്ടാണെങ്കിലും കോളേജിൽ സീറ്റും കിട്ടിയതാ……….. അവളുടെ സന്തോഷം മുഴുവൻ കെടുത്തി ജീവിതം മുഴുവൻ ഇങ്ങനെ കിടക്കയിൽ കഴിയാൻ കാരണം നിന്റെ ഏട്ടൻ ഒരാളാണ്……….. റാഗിംഗ് ന്റെ പേരിൽ തുലച്ചത് അവളുടെ ജീവിതമാണ്…….. ജീവൻ കുറച്ചു നേരം മിണ്ടാതെ നിന്നു……..പിന്നീട് ശാന്തമായി ഇന്ദുവിനോട് ചോദിച്ചു…….

ഇപ്പോൾ ഓർമ്മയുണ്ടോ കൃഷ്ണേന്ദുവിന് ഈ ജ്യോതിയെ…………

ഒന്നും മിണ്ടാനാവാതെ ജീവനെ നോക്കാതെ കണ്ണിമ ഒന്നു ചിമ്മാതെ നോക്കി നിൽക്കുവാണ് ഇന്ദു ജ്യോതിയെ………

ഇന്ദ്രൻ ഇന്ദുവിനെ സ്നേഹിക്കുന്നതിൽ കൂടുതൽ ലാളിച്ചു കൊഞ്ചിച്ചു വളർത്തിയതാണ് ഞാനിവളെ…….. എന്റെ കയ്യിൽ കിടന്നു വളർന്നവൾ…….. അറിയുമോ നിനക്ക്…….. ഇന്നീ കാണുന്ന സ്വത്തൊന്നും അന്നില്ലായിരുന്നു……. അച്ഛന്റെ തുച്ഛമായ ശമ്പളത്തിൽ നിന്നുമാണ് ഞങ്ങൾ പഠിച്ചു വളർന്നത്……… സന്തോഷിച്ചു കഴിഞ്ഞ വീട്ടിൽ ഇന്ന് ആരുമൊന്ന് ഉള്ളൂ തുറന്നു ചിരിക്കാറില്ല……. ആർക്കും അതിനു കഴിയുന്നില്ല….. വർഷം ഇത്രയുമായിട്ടും അമ്മയുടെ കണ്ണുനീർ തോർന്നിട്ടില്ല അറിയുവോ നിനക്ക്……..

നിന്റെ ഏട്ടനും കൂട്ടുകാരും ചേർന്ന് റാഗിംഗ് ന്റെ പേരിൽ കാട്ടിയ തോന്നിവാസം അതിരു കടന്നപ്പോൾ മാനം രക്ഷിക്കാൻ ചാടിയതാണ് എന്റെ ജ്യോതി ആ കോളേജിന് മുകളിൽ നിന്നും……. എന്നിട്ടത് ഫീസ് അടക്കാൻ നിർവ്വാഹമില്ലാത്തതിനാൽ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് വരുത്തി തീർത്തു……… പണം കൊണ്ട് എല്ലാ അവന്മാരും രക്ഷപെട്ടു….. കൂടെ നിന്റെ ഏട്ടനും…… അവസരം അനുസരിച്ചു എല്ലാ അവന്മാർക്കും തുല്യമായി വീതിച്ചു കൊടുത്തിട്ടുണ്ട്………. ഇന്ദ്രൻ എനിക്ക് സ്പെഷ്യൽ ആണ്…….. അവസാനമായി ജ്യോതിയുടെ നാവിൽ നിന്നും വന്ന പേര് ഇന്ദ്രന്റെയാണ്………

ഇന്ദ്രൻ എന്നു കേട്ടതിനാലാവും ജ്യോതിയുടെ കണ്ണു മിഴിഞ്ഞു……. ജീവൻ അവൾക്കരുകിലെത്തി മുടിയിൽ തലോടി……..

ഇല്ല മോളെ……. ഒന്നുമില്ല….. ഏട്ടൻ ഉണ്ട് ഇവിടെ…… പേടിക്കേണ്ട…….

ജ്യോതിയുടെ ഈ ഭയത്തിൽ നിന്നും എനിക്ക് മനസ്സിലായി അവനാണ് ഇവളെ ഉപദ്രവിച്ചതെന്ന്…….. കൊല്ലാനാണ് തോന്നിയത്…….. പിന്നെ തോന്നി ഞാൻ എന്ത് ചെയ്താലും ഇന്ദ്രന് വേദനിക്കില്ലെന്ന്…….. പതിയെ പതിയെ……… ഇഞ്ചിഞ്ചായി……… ഇന്നിവൾ അനുഭവിക്കുന്നതിലും കൂടുതലായി……. നരകിക്കണം……. അതിന് ഇപ്പോഴും വിരൽത്തുമ്പിൽ പിടിച്ചു നടക്കുന്ന അവന്റെ ജീവനായ നിന്നെ വേദനിപ്പിക്കണം……… ഞാൻ അനുഭവിച്ച വേദന ചില്ലറയൊന്നുമല്ല……… അവനറിയണം……. വേദനയുടെ രുചിയും ഗന്ധവും എല്ലാവർക്കും ഒരുപോലെയാണെന്ന്………..

എല്ലാം കേട്ടു കയ്യും കെട്ടി നിന്ന ഇന്ദു ദീർഘമായി ഒന്നു നിശ്വസിച്ചു….. എന്നിട്ട് ജീവനോട് ചോദിച്ചു……..

അപ്പോൾ…….. പകരം വീട്ടാൻ ആണ് ഉദ്ദേശം…….

അങ്ങനെ ചോദിച്ചാൽ……. അതേ…… പിന്നെ എന്റെ ജ്യോതി ഇങ്ങനെ കിടക്കുമ്പോൾ നീയും നിന്റെ കുടുംബവും സന്തോഷിക്കുന്നത് കാണുമ്പോൾ ഒരു വല്ലായ്മ…….. പിന്നെ ഞാൻ എന്തിനാ ഇങ്ങനെ മീശയും വെച്ച് ഇവളുടെ ഏട്ടൻ ആണെന്ന് പറഞ്ഞു നടക്കുന്നത്……. അതുകൊണ്ടാ നിന്നെ ഇങ്ങോട്ടേക്കു തന്നെ കൊണ്ടുപോന്നത്……… ആ വീട്ടിലെ നെടുംതൂൺ നീയാണെന്ന് മനസ്സിലായി……. ഇനിമുതൽ ഇന്ദ്രൻ ഒരുതരി പോലും സന്തോഷം അനുഭവിക്കാൻ പാടില്ല……. നിന്നിലൂടെ ഞാൻ അതു കണ്ട് സന്തോഷിക്കും……. ജീവൻ പതിയെ ഒന്നു പുഞ്ചിരിച്ചു…..

അതിനായിരുന്നോ ഈ താലി……. ഇതൊക്കെ പഴഞ്ചൻ ഏർപ്പാടല്ലേ ……….പകരം വീട്ടാൻ ഇതിലും നല്ല വഴി ഉണ്ടായിരുന്നല്ലോ………. പിന്നെ മീശ വെച് ആണെന്നു പറഞ്ഞാൽ മാത്രം പോരാ അത് സ്വഭാവത്തിലും ഉണ്ടാവണം…….. ഏട്ടനോട് എന്തെങ്കിലും വിരോധം ഉണ്ടെങ്കിൽ അത് നേർക്കു നേരെ തീർക്കണം……… അല്ലാതെ ഇങ്ങനെ ഡ്രാമ കളിച്ചല്ല തീർക്കേണ്ടത്……. ഇന്ദു കുറച്ചു പുച്ഛത്തോടെ പറഞ്ഞു……….

ആഹാ……. ഏട്ടന്റെ പുലിക്കുട്ടി വെളിയിൽ ചാടിയല്ലോ……. മിടുക്കി……… ഈ ധൈര്യം ഇനിയങ്ങോട്ട് എപ്പോഴും ഉണ്ടാവണം…… ഉടനെ ഇനി ഇന്ദ്രനെ എന്തെങ്കിലും ചെയ്താൽ പോലീസ് സംശയിക്കാൻ ചാൻസ് ഉണ്ട്…….. നിന്റെ ഏട്ടനെ തട്ടിയിട്ട് ജയിലിൽ പോയി കിടക്കാനൊന്നും എനിക്ക് മനസ്സില്ല……. എനിക്ക് ജീവിക്കണം……….അല്ലെങ്കിലും അവനെ കൊല്ലാൻ എനിക്കുദ്ദേശമില്ല…….. കിടക്കണം…… മറ്റൊരാളുടെ സഹായം ഇല്ലാതെ…….. ഒന്നും ചെയ്യാൻ പറ്റാതെ…….. ഇനിയെന്തിനു ജീവിക്കണം എന്നോർത്ത്…… ഓരോ ദിവസവും സ്വയം ശപിച്ചു……… അങ്ങനെ അങ്ങനെ……… അതിനു എനിക്ക് കുറച്ചു സാവകാശം വേണം…….. പക്ഷേ അവൻ ഇതിനിടയിൽ സന്തോഷിക്കാനും പാടില്ല……. അതിനു ഇതേയുള്ളായിരുന്നു ഒരു പോംവഴി……. നിന്നിലൂടെ ഞാൻ കാണും അവന്റെ കണ്ണുനീർ……… ജീവൻ ഇന്ദുവിന്റെ അടുത്തേക്ക് നീങ്ങി വന്നു……..

എനിക്ക് നിന്നോട് യാതൊരു വിദ്വേഷവും ഇല്ല ഇന്ദു …….. എന്നോട് നീയൊന്നും ചെയ്തിട്ടുമില്ല…… പക്ഷേ അവന്റെ പെങ്ങൾ ആണല്ലോന്ന് ഓർക്കുമ്പോൾ ഈ വീട്ടിൽ എല്ലാവർക്കും ഒരിഷ്ടക്കേട്‌ തോന്നും നിന്നോട് …… സ്വാഭാവികം……. എന്റെ ജ്യോതിയും ആർക്കും ഒരുപദ്രവവും ചെയ്തിട്ടില്ല…….. പക്ഷേ അവളുടെ വിധി നീ കണ്ടില്ലേ………. അവൻ ചെയ്തു കൂട്ടിയ ഈ പാപത്തിന് നിന്നിലൂടെ കുറച്ചു പശ്ചാത്താപം…… അങ്ങനെ കരുതിയാൽ മതി നീ ……… ജ്യോതിയുടെ എല്ലാ കാര്യങ്ങളും ഇനി നീ നോക്കണം……. നോക്കിയേ പറ്റൂ…….. അമ്മക്കു തനിച്ചാവില്ല……. പാവം….. ഈ കിടപ്പ് കാണുമ്പോൾ ചങ്കു പൊട്ടിയുള്ള അമ്മയുടെ കരച്ചിൽ സഹിക്കാൻ കഴിയുന്നില്ല ഞങ്ങൾക്ക്…….. അതുകൊണ്ട് നീയിനി ജോലിക്കൊന്നും പോകുന്നില്ല……. നീ അധ്വാനിച്ചു കൊണ്ടുവരുന്ന ഒന്നും ഇവിടെ ആർക്കും വേണ്ട……. ജ്യോതിക്ക് വേണ്ടിയുള്ളതാണ് നിന്റെ ഇനിയുള്ള ജീവിതം…….. വേറൊന്നും ആരിൽ നിന്നും പ്രതീക്ഷിക്കരുത്……. ഒന്നും…… മനസ്സിലായോ……….. ജീവന്റെ ശബ്ദം കടുത്തു……. ഇന്ദുവിന്റെ ചെവിക്കരികിൽ ജീവന്റെ ശ്വാസം തങ്ങി നിന്നു………..

എങ്കിൽ ഞാൻ പോകുവാ……. ഇനി മുതൽ നീയിവിടെയാണ്…….. രാവും പകലും…….. എന്റെ പെങ്ങളെ……. അല്ല… നിന്റെ നാത്തൂനേ നന്നായി നോക്കണം…….. ബാക്കി വഴിയേ പറയാം……… ജീവൻ ജ്യോതിക്കരികിൽ ഇരുന്നു നെറ്റിയിൽ തലോടി ഉമ്മ കൊടുത്തു……… അവൾ ഒന്നു കണ്ണടച്ച് കാണിച്ചു…….

മുറി വിട്ടു പോകാൻ തുടങ്ങേ ജീവൻ എന്തോ ആലോചിച്ചതു പോലെ തിരിച്ചു വന്നു…….. അടുത്ത് വന്നു നിന്ന് ചെവിയിൽ പറഞ്ഞു……..

എന്റെ അനിയത്തിക്ക് ഇനിയൊരു കുടുംബജീവിതം ഉണ്ടാകുമോന്ന് അറിയില്ല…….. അവൾക്ക് ആ ഒരു ഭാഗ്യം കിട്ടാതെ എനിക്കും ഒരു ജീവിതം വേണ്ടാ……. തീരുമാനിച്ചതാണ് അത്……. എനിക്കും അവൾക്കും ഇല്ലാത്ത ജീവിതം നീയോ നിന്റെ ഏട്ടനോ ആഗ്രഹിക്കണ്ട……… അതുകൊണ്ട് ആ ഒരു താലി കഴുത്തിൽ ഉള്ള കാര്യം മറന്നേക്ക്…….. എനിക്ക് നീയുമായി യാതൊരു ബന്ധവുമില്ല……. പിന്നെയത് കെട്ടിയത് എന്തിനെന്നു ചോദിച്ചാൽ………. ഈ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്നും ഒരിക്കലും നീ പുറത്തു പോകാതിരിക്കാൻ……… നിന്റെ മേലുള്ള പൂർണ്ണ അധികാരം എന്റെ കയ്യിൽ കിട്ടുവാൻ ……… എന്നും ഇവിടിങ്ങനെ ജ്യോതിയെ ശുശ്രുഷിച്ചു കഴിയണം………. കേട്ടല്ലോ……… ഏത് ബന്ധത്തിന്റെ പേരിലായാലും എന്റെ നിഴൽവെട്ടത്തു വന്നേക്കരുത്…….. എനിക്കത് ഇഷ്ടമല്ല……..ജീവൻ തിരിച്ചു നടന്നു………

നിങ്ങൾ ഒന്നു നിന്നെ……….. ഇന്ദുവിന്റെ ശബ്ദം കേട്ട് ജീവൻ നിന്നു………

ഈ വീട്ടിലുള്ള എല്ലാവർക്കും എന്നോടുള്ള അകൽച്ചയുടെ കാരണം ഇപ്പോഴാ മനസ്സിലായത്…….. പക്ഷേ നിങ്ങൾക്ക് തെറ്റി ജീവൻ………. എല്ലാം സഹിച്ചു നിങ്ങളുടെ ആട്ടും തുപ്പും കൊണ്ടു കിടക്കാൻ എന്നെ കിട്ടില്ല …….. ഇത് ഇന്ദുവാണ്‌……. ഇന്ദ്രന്റെ പെങ്ങൾ……… ജീവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു……

ഞാൻ ഉറപ്പിച്ചു പറയുന്നു ഇത്രയും നീചകൃത്യം ചെയ്യാൻ എന്റെ ഏട്ടനെക്കൊണ്ടാവില്ല…….. എങ്കിലും മനസ്സറിയാതെ ആ പാവത്തിന് ഇതിൽ എന്തെങ്കിലും പങ്കുണ്ടെങ്കിൽ ഇതൊരു പ്രായശ്ചിത്തമായി കണ്ട് ഞാനിത് ഏറ്റെടുത്തോളാം …… ഇനി ജ്യോതിക്ക് എന്തെങ്കിലും മാറ്റമുണ്ടാകാതെ ഞാൻ ജോലിക്കു പോകുന്നില്ല……. ബാങ്കിൽ ഞാൻ ഇല്ലെങ്കിലും പണികൾ നടന്നോളും…….

നിന്റെ ഔദാര്യം ഒന്നും ഞങ്ങക്ക് ആവശ്യമില്ല………ജ്യോതിയുടെ ഈ വിധിക്ക് കാരണമായവർ തന്നെ അതിനുള്ള പരിഹാരവും കാണണം……….ഞങ്ങക്ക് ആർക്കും അവളൊരു ഭാരമല്ല…….. അതുകൊണ്ടാണ് നിന്നെ ഏൽപ്പിക്കുന്നതെന്ന് കരുതുകയും വേണ്ടാ……… അറിയണം നി…. എന്റെ അനിയത്തിയുടെ കഷ്ടപ്പാട്…….. മനസ്സിലാക്കണം ഞാൻ എന്തിനാണ് ഇന്ദ്രനെ ശിക്ഷിക്കാൻ പോകുന്നതെന്ന്……. ഇത് ഞാൻ നിനക്കും നിന്റെ ഏട്ടനും തരുന്ന ശിക്ഷയാണ്…….. അവസരം വരുമ്പോൾ ഞാൻ അവനെ വെട്ടിവീഴ്ത്തും…… കട്ടിലിൽ നിന്നും അനങ്ങാനാവാതെ അവനും കിടക്കും…….. കാത്തിരിക്കുവാ ഞാൻ…… ജീവൻ ഇടയ്ക്ക് കയറി പറഞ്ഞു…….

ഹാ…….. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാനാണോ വീട്ടിൽ നിന്നും പഠിപ്പിച്ചിരിക്കുന്നത്…….. ഞാൻ പറഞ്ഞു തീർന്നില്ല ജീവൻ……… ഇന്ദു തിരിച്ചു ചോദിച്ചു…..

പേര് വിളിച്ചതിനാലാവണം ജീവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…….. ഇന്ദു അതു പാടേ അവഗണിച്ചു……

എന്റെ ഏട്ടനെ ഇല്ലാതാക്കും എന്നു പറഞ്ഞ നിമിഷം മുതലേ നിങ്ങൾ എനിക്ക് അന്യനായി……. പിന്നെയെന്തിന് ഞാൻ നിങ്ങളോടുള്ള ബന്ധം പുതുക്കണം……. നമുക്കിടയിൽ ഒരു ബന്ധവും വേണ്ട…….ഞാൻ ഇനി അത് ആഗ്രഹിക്കുന്നുമില്ല…….. പിന്നെന്തോ വെട്ടും കുത്തും കിടത്തും എന്നൊക്കെ പറഞ്ഞല്ലോ……… അതങ്ങു മനഃപൂർവം മറക്കുവാണ് ഞാൻ……. ഏട്ടന്റെ ദേഹത്തു ഒരുതരി മണ്ണുപോലും ഇടില്ല നിങ്ങൾ……. അങ്ങനെ ഉണ്ടായാൽ……. മുൻപ് നിങ്ങൾ പറഞ്ഞില്ലേ കണ്ണുനീർ വീണാൽ വീടു മുടിയുമെന്നോ എന്തോ ………. മുടിച്ചിട്ടേ ഇന്ദു ഈ വീടിന്റെ പടി ഇറങ്ങൂ…….. കണ്ണുനീർ പൊഴിച്ച് മൂലയ്ക്ക് കുത്തിയിരുന്ന് കരയാൻ എന്നെ കിട്ടില്ല…….. പിന്നെ……. നിങ്ങൾ ഇവിടിട്ട് എന്നെ കൊല്ലാക്കൊല ചെയ്താലും ഒരു ചിരിയോടെ അല്ലാതെ ഏട്ടന് മുന്നിൽ പോയി നിൽക്കില്ല ഞാൻ……… എന്റെ ഏട്ടനെ തോല്പിക്കാനോ വിഷമിപ്പിക്കാനോ ഞാൻ സമ്മതിക്കില്ല….. അതിനു നിങ്ങൾക്ക് എന്നെ കൊല്ലേണ്ടിവരും…….

വിരൽ ചൂണ്ടി അത്രയും പറഞ്ഞു മുറിയിൽ നിന്നും ഇന്ദു ഇറങ്ങിപ്പോയി…….. ജീവന്റെ മുറിയിൽ നിന്നും ബാഗെടുത്തു ജ്യോതിയുടെ മുറിയിലേക്ക് വന്നു…….

ഇതിപ്പോൾ റിവഞ്ച് ഇവൾക്കായിരുന്നോ അതോ എനിക്കായിരുന്നോ…….. ജീവൻ ആലോചിച്ചു നിന്നു…… തിരിഞ്ഞൊന്ന് ഇന്ദുവിനെ നോക്കിയപ്പോൾ ബെഡ്ഷീറ്റ് വിരിച്ചു നിലത്തു കിടക്കുന്നത് കണ്ടു…… പതിയെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി……

മനസ്സിലെ ചൂട് മാറ്റാൻ ആ ടൈൽസിന്റെ തണുപ്പിനും ആയില്ല……..ഒരുകണക്കിന് ജീവനെക്കുറിച്ചു കൂടുതൽ അറിയാതെ ഇരുന്നത് നന്നായി…… അധികം അടുപ്പവും ഇല്ല…..മനസ്സ് കൊണ്ടുപോലും സ്നേഹിക്കാൻ സമയം കിട്ടിയിട്ടില്ല…….. ഒന്നു ഫോൺ വിളിച്ചു സംസാരിക്കുക കൂടി ഉണ്ടായിട്ടില്ല……. കാരണം ഏട്ടനും അച്ഛനും കണ്ടുപിടിച്ചതാണ്…….. തെറ്റില്ല…….. സ്നേഹിക്കാൻ മനസ്സ് പാകപ്പെടുത്തി വരുമ്പോഴായിരുന്നു ഇങ്ങനെ……… ഈയൊരു ലോഹത്തിന്റെ ബന്ധം മാത്രം……. താലി കയ്യിലെടുത്തു നോക്കി ഇന്ദു…….. എങ്കിലും എവിടോ ഒരു മുള്ളു കുത്തിയിറങ്ങുന്ന വേദന…… കണ്ണിൽ ചെറിയൊരു നനവും…….

ഏട്ടനെ വേദനിപ്പിക്കുന്ന കാര്യം പറഞ്ഞപ്പോൾ അറിയാതെ വന്ന ധൈര്യമാണ് ഇത്രയും ഡയലോഗ് അടിക്കാൻ കാരണം ……. കുറച്ചേറെ വേദനിച്ചതാണ് ഏട്ടൻ …….. ഇനി ഞാനും കൂടി കാരണം ഏട്ടൻ വേദനിക്കില്ല…….ഉറപ്പാണ്…….. അതിനുവേണ്ടി എന്തിനും തയ്യാറാണ് ഇന്ദു…… ഇനി വരുന്ന ദിവസങ്ങളിലെ ബുദ്ധിമുട്ടുകൾ ഏറ്റെടുക്കാൻ മനസ്സ് കൊണ്ടു തയ്യാറായി ഇന്ദു……. ഇന്ദു എഴുന്നേറ്റിരുന്നു ജ്യോതിയെ നോക്കി……. ഉറക്കമാണെന്ന് തോന്നുന്നു……….പതിയെ കിടന്നു……. നെറ്റിയിൽ കൈവച്ചു…….

ജ്യോതി………. ഈ പേര് കുറച്ചു വർഷങ്ങൾ മുൻപ് വീട്ടിലും കോളേജിലും പത്രങ്ങളിലും മീഡിയയിലും ഒക്കെ നിറഞ്ഞു നിന്നതാണ്…… എന്റെ ഏട്ടന്റെ ഇന്നുള്ള അവസ്ഥക്ക് കാരണം ഈ കുട്ടിയാണ്……. എവിടെയൊക്കെ അന്വേഷിച്ചു ഏട്ടൻ……… കാണാൻ സാധിച്ചിട്ടില്ല……. ഇപ്പോൾ എന്റെ കണ്മുന്നിൽ……. പക്ഷേ ഏട്ടനോട് പറയാൻ സാധിക്കുന്നില്ല……. ജ്യോതിയുടെ ഈയവസ്ഥ ഏട്ടനെ മാനസികമായി തളർത്തിയാലോ……

അന്ന് അമ്മയ്ക്ക് അറ്റാക്ക് വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ ദിവസം…….. ഏട്ടൻ അന്ന് എം ബി ബി എസ് സ്റ്റുഡന്റും….. അമ്മക്ക് സീരിയസ് ആണെന്ന് ഡോക്ടർ പറഞ്ഞ ടെൻഷനിൽ ആയിരുന്നു എല്ലാവരും…….. വെയ്റ്റിംഗ് റൂമിൽ ഇരിക്കുമ്പോളാണ് ടി വി യിൽ ഫ്ലാഷ് ന്യൂസ്‌ ആയിട്ട് പറഞ്ഞത് ഏട്ടന്റെ കോളേജിലെ ഒരു പെൺകുട്ടി കോളേജിന് മുകളിൽ നിന്നും എടുത്തു ചാടിയെന്നു…….. കൊണ്ടുവന്നത് ഇതേ ഹോസ്പിറ്റലിൽ……… ഞാനും കണ്ടതാണ് അന്ന്…… ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു രൂപം…….. അമ്മയുടെ ടെൻഷനിൽ എനിക്ക് വേറൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല…….

അത്രയും നേരം കൂടെ നിന്നിരുന്ന ഏട്ടനെ കാണുന്നില്ലെന്ന് അപ്പോഴാണ് ഓർത്തത്…….. തിരക്കി നടന്നപ്പോൾ ഒരു മൂലയ്ക്ക് മുട്ടിൽ തല വെച്ചിരിക്കുന്നു…….. വിളിച്ചപ്പോൾ അനങ്ങിയില്ല……. കുലുക്കി വിളിച്ചു….. കരയുന്ന ശബ്ദം കേട്ടു……… അമ്മയുടെ കാര്യമോർത്താണെന്നേ കരുതിയുള്ളൂ…….. പിടിച്ചു എഴുന്നേൽപ്പിച്ചു……… ചെയറിൽ ഇരുത്തി ……… അമ്മക്കൊന്നുമില്ലെന്ന് സമാധാനിപ്പിച്ചു…….

ഞാനാ……. ഞാൻ കാരണമാ …….. ഇങ്ങനെ……… മുഖത്ത് രണ്ടു കയ്യും കൊണ്ട് അടിക്കുന്ന ഏട്ടനെ പേടിയോടെ ഒരു വിധത്തിലാണ് അടക്കിയിരുത്തിയത്……..

അപ്പോഴേക്കും അച്ഛൻ ഓടി വന്നു…… ഏട്ടനെ ചേർത്തു പിടിച്ചു…..

ഞാനാ അച്ഛാ…….. ഞാൻ കാരണമാ ജ്യോതിക്ക് ഇങ്ങനെ സംഭവിച്ചത്……. ഏട്ടൻ വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു……..

ജ്യോതി ആരാണെന്ന് കൂടുതൽ അന്വേഷിക്കേണ്ടി വന്നില്ല…….അന്ന് ടി വി യിൽ മുഴുവൻ ആ കുട്ടിയായിരുന്നു…………

തുടരും 💕