21/04/2026

വേനൽമഴ : ഭാഗം 01&02

രചന – ഭദ്ര ശ്രീ

ന്നും പുലർച്ചെ തന്നെ ഉണർന്നിരുന്ന അനാമിക എഴുന്നേറ്റപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു, ആരും അവളെ വിളിച്ചുണർത്തിയതും ഇല്ല. കുളി കൂടി കഴിഞ്ഞിട്ടാണ് അവൾ മുറി വിട്ട് പുറത്തിറങ്ങിയത്. എല്ലാവരും ഓരോ ജോലിതിരക്കുകളിൽ ആണ്, അച്ഛനെയും കൈലാസേട്ടനെയും അവിടെങ്ങും കാണാനേയില്ല. അനു അടുക്കളയിലേക്ക് നടന്നു. അമ്മായിമാരും ഏതൊക്കെയോ ഒന്ന് രണ്ട് സ്ത്രീകളും എന്തൊക്കെയോ പണികളിൽ ആണ്. അനുവിനെ കണ്ടതും ചെറിയമ്മായി അവൾക്ക് ദോശയും കറിയും ഒരു പാത്രത്തിൽ വിളമ്പി കൊടുത്തു, ആഹാരം കഴിക്കാനൊന്നും അവൾക്ക് ഒട്ടും ആഗ്രഹം ഉണ്ടായിരുന്നില്ല എങ്കിലും അമ്മായിയുടെ നിർബന്ധം കാരണം ഒരു ദോശ കഴിച്ചെന്നു വരുത്തി അവൾ എഴുന്നേറ്റു കൈകഴുകി. “അച്ഛയെവിടെ പോയ്‌ അമ്മായി…..?” “അച്ഛൻ പയ്യന്റെ വീട് വരെ പോയതാ മോളെ, ഇപ്പൊ വരും…..” “ഹ്മ്മ്മ്…..” “നീ ഈ ചുരിദാർ ഒക്കെ മാറ്റി നിക്ക്, കൈലാസ് കടയിൽ പോയേക്കുവാ… അവന്റൊപ്പം പോയി നിനക്ക് ഇഷ്ടപ്പെട്ട ഒരു സാരി എടുക്കാം….”

“എനിക്ക് ഒന്നും വേണ്ട അമ്മായി, ഉള്ളതൊക്കെ തന്നെ മതി…” അവൾ ഒരു ചിരി മുഖത്തു സ്ഥാപിക്കാൻ ആവതുശ്രമിച്ചുകൊണ്ടിരുന്നു. “അതെങ്ങനെയാ ശരിയാവുന്നെ… എന്റെ മാധവേട്ടന്റെ കുട്ടി അങ്ങനെ ഉള്ളതും ഉടുത്തു നിൽക്കേണ്ടവളല്ല, നീ റെഡിയായി നില്ല് അവൻ വന്നാൽ ഉടനെ പോവാം….” “ഞാനില്ല അമ്മായി… നിങ്ങൾ പോയി എടുത്താൽ മതി…..” അമ്മായി പിന്നെ ഒന്നും എതിർക്കാൻ നിന്നില്ല. ഒരു രാത്രി കൊണ്ട് ജീവിതം കീഴ്മേൽ മറിഞ്ഞ അവളോട് എന്ത് പറയാനാണ്…. “മോള് വിഷമിക്കണ്ട, നിന്നേ ഏല്പിക്കാൻ പോകുന്നത് ഒരു നല്ല പയ്യന്റെ കൈയിലാ… നിന്റെ പഠിപ്പും കാര്യങ്ങളും ഒക്കെ സംസാരിക്കാനാ അച്ഛ പോയേക്കുന്നെ, ന്റെ മോളൊന്നും കൊണ്ടും പേടിക്കണ്ട ട്ടോ…..” അവൾ ഒന്നും മിണ്ടാതെ വെറുതെ ചിരിച്ചു, പടികയറി മുകളിലേക്ക് പോകുമ്പോൾ അനു ആലോചിക്കുകയായിരുന്നു. ആള് പോലീസിൽ ആണെന്ന് അച്ഛ പറഞ്ഞിട്ടുണ്ട്, അതിൽ കൂടുതൽ ഒന്നും ഞങ്ങൾ ചോദിച്ചിട്ടില്ല,ഇനി ഒട്ടു അറിയേണ്ട കാര്യവും ഇല്ല. മുറിയിൽ കയറി വാതിലും ചാരി അനു കട്ടിലിൽ വന്നിരുന്നു,

അവൾക്ക് ആ മുറിയിൽ ഇരിക്കാൻ വെറുപ്പ് തോന്നി, എങ്ങും ചേച്ചിയുടെ മണം, ചേച്ചിയുടെ ഓർമ്മകൾ മാത്രം. തലേ ദിവസം വലിച്ചെറിഞ്ഞ ഫോണും കൈയിലെടുത്ത് ഒരു ഷാളും പുതച്ച് അനു ബാൽക്കെണിയിൽ വന്നിരുന്നു, ചുവരിൽ ചാരി വെറും നിലത്ത് അങ്ങനെ ഇരിക്കുമ്പോൾ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഫണം വിടർത്തിയാടി. ചേച്ചിക്ക് ഒരു പ്രാവശ്യമെങ്കിലും തുറന്നു പറയാമായിരുന്നില്ലേ…, ആലോചന വന്നപ്പോഴോ നിശ്ചയം കഴിഞ്ഞപ്പോഴോ എപ്പോഴെങ്കിലും… എന്നോടെങ്കിലും ഒന്ന് സൂചിപ്പിക്കാമായിരുന്നില്ലേ…. ഇന്നേ വരെ ഞങ്ങളുടെ ഒരു ആഗ്രഹങ്ങൾക്കും അച്ഛ എതിര്നിന്നിട്ടില്ല, പിരിഞ്ഞുനിൽക്കാൻ ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും ചേച്ചിടെ ആഗ്രഹം ആയതുകൊണ്ട്മാത്രമാണ് ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കാനയച്ചത്… ഇഷ്ടമുള്ളതെന്തും സാധിച്ചുകൊടുക്കുന്ന അച്ഛനെ മറന്ന് എങ്ങനെ തോന്നി ചേച്ചിക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ…. പലപ്പോഴും കണ്ടിട്ടുണ്ട് ഉണ്ണിയേട്ടനും ചേച്ചിയും കുളക്കടവിലും മറ്റും ഇരുന്ന് സംസാരിക്കുന്നത്, സംശയിക്കാൻ തോന്നിയിട്ടില്ല എനിക്കോ അച്ഛക്കോ, സ്വന്തം മകനെ പോലെയല്ലേ അച്ഛൻ ഉണ്ണിയേട്ടനെ കരുതിയിരുന്നത്…..

അയാൾക്കെങ്കിലും ഒന്ന് പറയായിരുന്നില്ലേ…. അനു വിങ്ങലോടെ ഓരോന്നും സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഫോൺ കൈയിലെടുത്ത് ഓൺ ആക്കി, അർജുന്റെ ഒരുപാട് മെസ്സേജുകൾ ഫോൺ ഓൺ ആയ ഉടനെ തുരുതുരെ വന്നുകൊണ്ടിരുന്നു, അതിൽ ഭൂരിഭാഗവും മിസ്സ്ഡ്കാൾ അലേർട്ട് ആയിരുന്നു. അനുവിന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു, മെസ്സേജ് തുറന്നു നോക്കാനുള്ള ധൈര്യം പോലും അവൾക്ക് ഉണ്ടായിരുന്നില്ല. വീണ്ടും വീണ്ടും കാൾ വന്നതോടെ അനു ഫ്ലൈറ്റ് മോഡ് ഓൺ ആക്കി വച്ചു, വോൾപേപ്പറിലെ അർജുന്റെ മുഖം കണ്ടപ്പോൾ വല്ലാത്തൊരു മരവിപ്പ് തോന്നി അവൾക്ക്, അവന്റെ ആ കള്ളച്ചിരി നോക്കിയിരുന്നപ്പോഴാണ് ചുമലിൽ ഒരു കൈതലം പതിഞ്ഞത്. തിരിഞ്ഞു നോക്കിയ അവൾ തൊട്ടുപിന്നിൽ നിൽക്കുന്ന കൈലാസിനെ കണ്ടു ഞെട്ടി. ഫോൺ ഒളിപ്പിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അനു അതിൽ പരാജയപ്പെട്ടു. വെറും നിലത്തിരുന്ന് നിശബ്ദം തേങ്ങുന്ന അവളുടെ സമീപം അവൻ മുട്ട്കുത്തിയിരുന്നു, അവൾ പറയാതെ തന്നെ അവനു മനസിലായിരുന്നു.

അവളെ തന്നോട് ചേർത്ത് പിടിക്കവേ മനസിലെ സങ്കടങ്ങളൊക്കെയും കരഞ്ഞു തീർത്തോട്ടെ എന്ന ഭാവമായിരുന്നു അവന്. “അമ്മാവനോട്‌ പറയണോ…” അവന്റെ ചോദ്യത്തിന് ദയനീയമായ് അവൾ അവന്റെ മുഖത്തേക്ക് നോക്കി, “വേണ്ടെട്ടാ…. ഞാനും കൂടി കൈവിട്ടാൽ അച്ഛക്ക് പിന്നെ ആരാ ഉള്ളെ…. ആ മനസ്സ് കരയുന്നത് എനിക്ക് കേൾക്കാം, അതിനോളം വരില്ല എന്റെ ഒരു സങ്കടവും…. നിക്ക് ആരെക്കാളും എന്തിനെക്കാളും ന്റെ അച്ഛ തന്നെയാ വലുത്… കിച്ചേട്ടന് സങ്കടാവും… ദേഷ്യം ആവും എന്നോട്, വെറുപ്പ് തോന്നും. പക്ഷെ ഇന്നല്ലെങ്കിൽ നാളെ കിച്ചേട്ടനും എന്നെ മനസിലാക്കും…. നിക്ക് അത് മതി… അത് മാത്രം മതി…..” അനാമികയെ ചേർത്ത് പിടിക്കുമ്പോൾ കൈലാസിന് വല്ലാത്തൊരു അഭിമാനം തോന്നി. 🧡

നാളെ കല്യാണമാണ്, ഉച്ചയോടെ വീട്ടിലേക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒഴുക്ക് തുടങ്ങി. കാര്യങ്ങൾ അധികമാരും അറിഞ്ഞിട്ടില്ലാത്തതിനാൽ ചെറിയ രീതിയിലെങ്കിലും സങ്കടം പറയാനും കുത്തിനോവിക്കാനും പരദൂഷണക്കാർ വന്നുകൂടി, ഇനി ചക്കപഴം എത്ര ഒളിപ്പിച്ചാലും ഈച്ചയുടെ കണ്ണുവെട്ടിക്കാൻ പറ്റുമോ… പക്ഷെ അത്തരം ഈച്ചകളെ ആട്ടിയോടിക്കാൻ കൈലാസ് അനുവിന്റെ ഒപ്പം തന്നെയുണ്ടായിരുന്നു, ഉച്ച കഴിഞ്ഞപ്പോൾ ഇളയമ്മായിടെ മകൻ കിരണും കൂടി വന്നതോടെ സംഗതി കളറായി. വൈകുന്നേരത്തേ ഫങ്ക്ഷനും മുൻപ് തന്നെ കുട്ടിപട്ടാളങ്ങളും എത്തിയതോടെ ആകെ മൊത്തത്തിൽ അതൊരു കല്യാണവീടായി. ചേച്ചിക്ക് എടുത്തുവച്ച സ്വർണവും ഡ്രെസ്സുകളും മാറ്റിവാങ്ങി അച്ഛനും അമ്മാവനും എത്തിയിരുന്നു, അനുവിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടാവരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടായിരുന്നു. ജീവിതത്തിലെ രണ്ട് വലിയ നഷ്ടങ്ങളെ ചേർത്തുവച്ച് അനാമിക പുഞ്ചിരിച്ചു, തന്റെ അച്ഛക്ക് വേണ്ടി… എങ്കിലും മാധവന്റെ മൂത്തമോള് കണ്ടവന്റെ കൂടി ഓടിപോയി എന്നുള്ള കുത്തുവാക്കുകൾക്ക് മുന്നിൽ അവൾക്ക് തല കുനിക്കാനെ കഴിഞ്ഞുള്ളൂ….. അവരെ എങ്ങനെ കുറ്റം പറയും, ചേച്ചിയുടെ കല്യാണം കൂടാൻ വന്നവർക്ക് കാണേണ്ടി വന്നത് കല്യാണപെണ്ണായി അനിയത്തിയെ…. എല്ലാം വിധിയെന്ന് കരുതാം…. അനു ഒരു പുഞ്ചിരിയെടുത്തണിഞ്ഞു….

തിരക്കുകൾ ഒക്കെ ഒഴിഞ്ഞപ്പോൾ അനു കുളിക്കാൻ കയറി. ഷവറിൽ നിന്ന് വീഴുന്ന വെള്ളത്തിനു കീഴെ എത്ര നേരമെന്ന് അറിയില്ല, അവൾ നിന്നത്. കുളിച്ചു ഡ്രസ്സ്‌മാറി അവൾ താഴേക്ക് വന്നു. അച്ഛനെ എങ്ങും കാണാതെ വന്നപ്പോൾ അവൾ ഉമ്മറത്തേക്ക് നീങ്ങി. ഊഹം തെറ്റിയില്ല അച്ഛൻ അവിടെ ഉണ്ടായിരുന്നു. “എന്താ അച്ഛേ ഈ തണുപ്പിൽ നിക്കുന്നെ….” “ആഹ് മോളെന്താ ഉറങ്ങാത്തേ….” അവളെ ചേർത്ത് പിടിച്ചു കൊണ്ട് മാധവൻ ചോദിച്ചു. “ഉറക്കം വരണ്ടേ….” “ഉറങ്ങണം, നാളെ നേരത്തെ എഴുന്നേൽക്കാനുള്ളതല്ലേ…” അവളൊന്നും മിണ്ടിയില്ല, ഉമ്മറപ്പടിയിൽ അച്ഛന്റെ മടിയിൽ തലയും വച്ച് അവൾ അങ്ങനെ ഇരുന്നു. ഏറെ നേരത്തെ മൗനത്തെ ഭേദിച്ചുകൊണ്ട് മാധവൻ ചോദിച്ചു. “മോൾക്ക് അച്ഛയോട് ദേഷ്യം ണ്ടോ….” “എന്തിനാ അച്ഛേ എനിക്ക് ദേഷ്യം, സങ്കടെയുള്ളൂ… ഞാനൂടി പോയാ അച്ഛ മാത്രായി പോവോല്ലോന്നോർക്കുമ്പോ….” അറിയാതെ അവളുടെ കണ്ണുകൾ നനഞ്ഞു, “അച്ഛക്ക് അമ്മയില്ലേ മോളെ… അപ്പൊ അച്ഛയെങ്ങനെയാ തനിച്ചാവുന്നെ… ന്റെ മോൾക്ക് സന്തോഷല്ലേ….” “മ്മ്മ്മ്….” “അത് കേട്ടാ മതി അച്ഛക്ക്….” തലമുടിയിൽ തലോടി അച്ഛനത് പറയുമ്പോൾ അച്ഛന്റെ കൈവെള്ള കവിളുകളോട് ചേർത്തുവച്ചു കിടന്നു അനു. അച്ഛന്റൊപ്പം കിടന്നാണ് അനു ഉറങ്ങിയത്, ആ ചൂടുപറ്റി നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ അവളൊരു പിഞ്ചുകുഞ്ഞാവുകയായിരുന്നു. 🧡

ഉണരുമ്പോഴും അച്ഛൻ അരികെ തന്നെയുണ്ടായിരുന്നു, സമയം ഏകദേശം അഞ്ചരയോടടുത്തിരുന്നു. അനു ടവ്വലുമായി കുളിക്കാൻ കയറി. ഇന്ന് മുതൽ തന്റെ ജീവിതം വേറൊരു വീട്ടിലാണ്, പരിചയമില്ലാത്ത സ്ഥലം, അപരിചിതരായ വ്യക്തികൾ… ഇന്ന് മുതൽ അച്ഛൻ എന്റെ കൂടെ ഉണ്ടാവില്ല, ഇന്ന് മുതൽ ഞാൻ കുട്ടിയല്ല, ഇന്ന് മുതൽ എനിക്ക് ചോറ് വാരിതരാൻ ആരുമുണ്ടാവില്ല… ഞാൻ ഞാനല്ലതായി മാറുകയാണ്…. കരയാനിനി കണ്ണുനീർ ബാക്കിയില്ല, അനു കണ്ണുകളടച്ചു ഷവറിനു കീഴിൽ നിന്നു. കുളിച്ചിറങ്ങിയപ്പോൾ അച്ഛൻ കണ്ണുതുറന്നു കിടപ്പാണ്. അവൾ അച്ഛനരികിൽ കാൽക്കൽ വന്നിരുന്നു. “അച്ഛേ… എന്നെയൊന്നു ക്ഷേത്രത്തിൽ കൊണ്ടോവാമോ….” മാധവൻ എണീറ്റിരുന്നു മകളുടെ മുഖത്തേക്ക് ഉറ്റുനോക്കി, അരണ്ടവെളിച്ചത്തിലും അദ്ദേഹത്തിന്റെ കണ്ണുകളിൽ ഇരുണ്ടുകൂടിയ നീർമണികൾ വൈഡൂര്യം പോലെ തിളങ്ങി. “മോൾക്കീ ബന്ധം വേണ്ടെന്നുണ്ടോ….?” “ന്താ അച്ഛേ ഈ പറയണേ…, നിക്ക് ഒന്ന് അമ്പലത്തിൽ പോയ്‌ തൊഴണം ന്ന് പറഞ്ഞിതിനാണോ ഈ സങ്കടം… ഇനി എനിക്ക് വിചാരിച്ച നേരത്തൊക്കെ ഓടിവരാൻ പറ്റോ, ഞാൻ കല്യാണം കഴിഞ്ഞു പോവല്ലേ…. അതിനും മുന്നേ അച്ഛന്റെ കൈയിൽ തൂങ്ങി എപ്പോഴും പോലെ എനിക്കൊന്ന് തൊഴുതുവലംവക്കണം… അത്രേ വേണ്ടൂ…. അച്ഛ എണീറ്റ് കുളിച്ചേ.. ഞാൻ താഴെ ണ്ടാവും. കൈലാസേട്ടനേം കിരണിനേം കൂടി കൂട്ടാം നല്ല രസാവും….” മുറിവിട്ട് പുറത്തേക്ക് നടക്കുന്ന അനുവിനെ നോക്കി മാധവൻ തെല്ലുനേരം അങ്ങനെയിരുന്നു.

എത്രയൊക്കെ മറച്ചു പിടിച്ചാലും അവളുടെ പുഞ്ചിരിക്ക് പിന്നിലെ കണ്ണുനീർ കാണാൻ അദ്ദേഹത്തിന് ആവുമായിരുന്നു. അനു ഉറങ്ങിക്കിടന്ന കിരണിനെയും കൈലാസിനേയും കുത്തിയിളക്കി കുളിക്കാൻ പറഞ്ഞുവിട്ടു, ആറര ആയപ്പോഴേക്കും കിരണിനും കൈലാസിനും അച്ഛനുമൊപ്പം അനാമിക അമ്പലത്തിലേക്ക് പുറപ്പെട്ടിരുന്നു. നടതുറന്ന് ദേവിയുടെ തിരുനടയിൽ കണ്ണുകളടച്ചു കൈകൂപ്പി പ്രാർഥിക്കുമ്പോൾ എന്തെന്നില്ലാത്തൊരു സമാധാനം തോന്നി, അച്ഛനെന്നും സന്തോഷമായിരിക്കണേയെന്നവൾ നിറകണ്ണുകളോടെ പ്രാർഥിച്ചു, ഒപ്പം എല്ലാം സഹിക്കാനുള്ള ശക്തി തനിക്ക് നൽകണേയെന്നും…. ഈ ക്ഷേത്രനടയിൽ നിന്ന് താൻ പോകുന്നത് ഒരു പുതിയ അനാമികയായായിരിക്കും….. അവൾ മനസ്സിൽ നിശ്ചയിച്ചുറപ്പിച്ചു. ഏഴു മണിക്ക് തന്നെ വീട്ടിൽ തിരിച്ചെത്തി, അപ്പോഴേക്കും അവളെ ഒരുക്കാനുള്ള ബ്യൂട്ടീഷൻ എത്തിയിരുന്നു. ചുവന്ന മുഹൂർത്ത സാരിയിൽ അവൾ കൂടുതൽ സുന്ദരിയായി, മിതമായ മേക്കപ്പും ആഭരണങ്ങൾ ഒത്തിരിയുണ്ടായിട്ടും അമ്മയുടെ പഴയ ആഭരങ്ങൾ മാത്രം അണിഞ്ഞതും അവളെ വീണ്ടും വീണ്ടും മനോഹരിയാക്കി.

ഒരുങ്ങിയിറങ്ങിയപ്പോൾ കണ്ണുനിറയാതിരിക്കാൻ അനു നന്നേ പാടുപെട്ടു. അച്ഛനും അമ്മായിമാരും അമ്മാവന്മാരും സംതൃപ്തിയോടെ തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അവളുടെ സങ്കടങ്ങൾ മറക്കാൻ അത് കൂടുതൽ ശക്തിയേകിയത് പോലെ…. കൈലാസ് അവളുടെ കൈയിൽ ചെറിയൊരു സമ്മാനപ്പൊതി നൽകിക്കൊണ്ട് പറഞ്ഞു. “ഇതെന്റെ അമ്മാളുന് ഏട്ടൻ തരുന്നതാ….” കണ്ണുകൾ കൊണ്ടാഗ്യംകാട്ടി തുറക്കാൻ പറയുന്ന അവനെ നോക്കി കളർപേപ്പർ നുള്ളിക്കീറി, ഒരു ചെറിയ പെട്ടിയായിരുന്നു, അത് തുറന്നവൾ രണ്ട് സ്വർണക്കൊലുസുകൾ പുറത്തെടുത്തു. “ഏട്ടൻ ന്റെ കുട്ടിക്ക് ഇട്ട് തരാ ട്ടോ….” അവളെ ഒരു കസേരയിൽ പിടിച്ചിരുത്തി വെറുംനിലത്തിരുന്ന് അവളുടെ കാലുകൾ തന്റെ മടിയിലേക്കെടുത്തുവച്ച് ആ കൊലുന്ന കാലുകളിൽ സ്വർണക്കൊലുസുകൾ അണിയിക്കുമ്പോൾ അനുവിന്റെയും കൈലാസിന്റെയും മാത്രമല്ല, അവിടെ കൂടിനിന്നവരുടെയൊക്കെയും കണ്ണുകൾ നിറഞ്ഞിരുന്നു. മണ്ഡപത്തിലേക്ക് പോകുമ്പോൾ അനുവും അച്ഛനും കൈലാസും കിരണും ഒരു കാറിലും അമ്മായിമാരും അമ്മാവന്മാരും മറ്റൊരു കാറിലും മറ്റു ബന്ധുക്കൽ ടൂറിസ്റ്റുബസിലുമായിരുന്നു. ട്രാഫിക് ഉണ്ടായിരുന്നെങ്കിലും സമയത്തിന് തന്നെ അവർ മണ്ഡപത്തിലെത്തിച്ചേർന്നു.

മുഹൂർത്തമടുക്കും തോറും അനുവിന് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി, തെറ്റ് ചെയ്യുന്ന പോലൊരു ചിന്ത അവളുടെ മനസിനെ മഥിച്ചുകൊണ്ടിരുന്നു, എസി വർക്ക് ചെയ്യുന്നുണ്ടായിരുന്നിട്ട് പോലും അവൾ വിയർത്തൊഴുകുന്നുണ്ടായിരുന്നു. ഓഡിറ്റോറിയത്തിന്റെ പുറമെ നിന്നേ അവൾ കണ്ടിരുന്നു അനാമിക വെഡ്സ് നിരഞ്ജൻ എന്ന ഫ്ളക്സ്, അമൃതക്ക് പകരം അനാമിക… അവൾ വേദനയോടെ പുഞ്ചിരിച്ചു. ഓഡിറ്റോറിയത്തിന്റെ മേക്കപ്പ് റൂമിൽ ബ്യൂട്ടീഷൻ അവസാനമിനുക്ക് പണികളിൽ ആയിരുന്നു, അച്ഛനും കൈലാസും കിരണും ചെക്കനെ വരവേൽക്കാനായ് ഓഡിറ്റോറിയത്തിന് മുന്നിൽ കാത്തുനിൽക്കുകയാണ്, പിന്നിയിട്ട മുടിയിൽ മുല്ലപ്പൂക്കൾ കൂടി വച്ചതോടെ അവൾ ശരിക്കും കല്യാണപ്പെണ്ണായി. കല്യാണം കാണാൻ കൂടിയവരൊക്കെ ചേച്ചിക്ക് പകരം അനിയത്തിയെ മാറ്റിയതിനെപ്പറ്റി കുശുകുശുക്കുന്നുണ്ട്, പക്ഷെ അവളതൊന്നും കാര്യമാക്കുന്നുണ്ടായിരുന്നില്ല. ഓരോന്ന് ചിന്തിച്ചിരുന്നപ്പോഴാണ് അച്ഛൻ മണ്ഡപത്തിലേക്ക് കൂട്ടാനായി വന്നത്, കുട്ടികളുടെ കൂടെ താലപ്പൊലിയും നിലവിളക്കുകളുമായി അച്ഛന്റെ കൈയും പിടിച്ചു മണ്ഡപം വലംവയ്ക്കുമ്പോളും തന്നെയും കാത്ത് മണ്ഡപത്തിലിരിക്കുന്ന ആളെയോ സാക്ഷിയായി ഓഡിറ്റോറിയത്തിൽ നിറഞ്ഞിരിക്കുന്ന ആളുകളെയോ അവൾ തലയുയർത്തി നോക്കിയില്ല.

കെട്ടിമേളം മുഴങ്ങിയതും കഴുത്തിൽ താലി ചാർത്തിയതും സീമന്തരേഖയിൽ സിന്ദൂരം അണിയിച്ചതും അനുവിന്റെ ഒരു തുള്ളി കണ്ണുനീരിനാൽ ശുദ്ധീകരിച്ചിരുന്നു. ഫോട്ടോക്ക് പോസ്സ് ചെയ്യുമ്പോഴും കൂടിനിൽക്കുന്നവരുടെ ഇടയിലവൾ തിരഞ്ഞത് അർജുന്റെ മുഖമായിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം. അവൾ മനസ്സിലാക്കുകയായിരുന്നു അർജുനെ മറക്കുവാൻ കഴിയില്ലായെന്ന്… അവന്റെ ചിന്തകൾ അവളെ കരയിച്ചു. ആഹാരം കഴിക്കുമ്പോളും ബന്ധുക്കൾ മധുരം കഴിപ്പിച്ചപ്പോഴും എല്ലാവരോടും യാത്ര പറയുമ്പോഴും കീകൊടുത്ത പാവപോലെ ചലിക്കുകയായിരുന്നു അവൾ. പക്ഷെ കാറിൽ കയറി പോകാൻ നേരം മാത്രം അവൾ അച്ഛനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. കണ്ടുനിൽക്കുന്ന ഏതൊരാളിന്റെയും കരളലിയിക്കാൻ പോന്നതായിരുന്നു ആ ദൃശ്യം. അച്ഛനിൽ നിന്നവളെ അടർത്തി മാറ്റി കാറിൽ കയറ്റിയിരുത്തിയത് കിരൺ ആയിരുന്നു, കൈലാസിന് കണ്ണീരോടെ മാറിനിൽക്കാനേ കഴിഞ്ഞുള്ളു…. കാർ അകന്നുനീങ്ങുംതോറും അവൾക്ക് നിയന്ത്രണം വിട്ടുതുടങ്ങിയിരുന്നു, വിൻഡോയിൽ കൂടി തല പുറത്തേക്ക് ഇട്ട് അച്ഛനെ നോക്കി തേങ്ങി കരയുകയായിരുന്നു അവൾ അപ്പോഴും……. 💕തുടരും💕