രചന – കാന്താരി
പിറ്റേന്ന് പതിവ് പോലെ തന്നെ ഐശുവും ദേവുവും കോളേജില്ലേക്ക് പോയി. വൈകുന്നേരം വരെ ഓഫീസിൽ ഇരുന്നു ആദി പിന്നെ സിദ്ധുവിനെ കൂട്ടാൻ എയർപോർട്ടില്ലേക്ക് തിരിച്ചു . കുറച്ചു സമയത്തിന് ശേഷം, വെട്ടി ഒതുക്കിയ മുടിയും താടിയും കൂളിംഗ് ഗ്ലാസും വെച്ച് എക്സിക്യൂട്ടീവ് ലുക്കിൽ ട്രോളി ബാഗും വലിച്ചു കൊണ്ട് സിദ്ധാർഥ് മോഹൻ നടന്നു വന്നു
. “വായി നോക്കി നിൽക്കാതെ വാടാ ” അടുത്തു കൂടെ നടന്നു പോയ മതാമായെ നോക്കി നിന്ന ആദിയെ പിടിച്ചു വലിച്ചു കൊണ്ട് സിദ്ധു പറഞ്ഞപ്പോഴാണ് അവൻ എത്തിയതു ആദി അറിഞ്ഞത്. “ഹ. പിടി വിടടാ ഞാനൊന്ന് കണ്ടോട്ടെ. ഇങ്ങനെ ഒക്കെയല്ലേ എനിക്കൊന്ന് കാണാൻ പറ്റു… ശോ അത് പോയി. പിന്നെ എങ്ങനെ ഉണ്ടായിരുന്നു മോനെ മീറ്റിംഗ് ഒക്കെ. ” “അതൊന്നും പറയാൻ വയ്യ മോനെ… വന്നത് മൊത്തം കിളികൾ തന്നെയായിരുന്നു. പോരാൻ നേരത്ത് ഒരു പറച്ചിലും u r so hot ന്ന് ഞാനാങ്ങ് ശോ. എന്താ പറയാ…” ഒന്ന് പുളകിതാനായി കൊണ്ട് സിദ്ധു പറഞ്ഞു. “ഹാ….എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ നീ പോയതിനു പകരം ഞാനെങ്ങനും ആയിരിക്കണം മിനിമം ഒന്ന് രണ്ടെണ്ണം എന്റെ പോക്കെറ്റിൽ കിടന്നേനെ ” നിരാശയോടെ പറഞ്ഞു കൊണ്ട് ആദി വണ്ടി എടുത്തു. “ഞാൻ പോയതിനു ശേഷം അവൻ വന്നിരുന്നോ ” “ഇല്ല. കുറച്ചായി കണ്ടിട്ട് നീ വരാൻ നോക്കി ഇരിക്കുവായിരിക്കും ”
ഗൗരവത്തോടെ സിദ്ധു ചോദിച്ചതിന് ആദി മറുപടി പറഞ്ഞു നിർത്തിയതും പെട്ടന്ന് മുന്നിൽ നിന്നും ഒരു കാർ അവരെ ഇടിക്കാൻ പാകത്തിന് വരുന്നത് കണ്ടു ആദി കാർ വേഗം വെട്ടി തിരിച്ചു നിർത്തി. അതിൽ ആ കാർ നിർത്താതെ ദൂരെക്ക് പോകുന്നത് സിദ്ധുവും ആദിയും നോക്കി ഇരുന്നു. പിന്നെ വീട്ടിൽ എത്തുന്നത് വരെ അവർ ഒന്നും തന്നെ സംസാരിച്ചില്ല. “അമ്മേ… ഇതാ ഏട്ടൻ വന്നു… ” പുറത്തു കാർ വന്നു നിന്നതും അകത്തേക്ക് നോക്കി ദേവു വിളിച്ചു പറഞ്ഞു കൊണ്ട് സിദ്ധുവിന്റെ ബാഗിൽ പിടിത്തമിട്ടു. “പിടിച്ചു വലിച്ചു പൊട്ടിക്കല്ലേ പെണ്ണെ… പറഞ്ഞതൊക്കെ കൊണ്ട് വന്നിട്ടുണ്ട് ” “എങ്ങനെ ഉണ്ടായിരുന്നു മോനെ മീറ്റിംഗ് ഒക്കെ” “അതൊക്കെ പറയാം അമ്മേ… ആദ്യം കഴിക്കാൻ വല്ലതും എടുക്ക് വിശന്നിട്ടു വയ്യ ”
പുറത്തേക്കു വന്നു കൊണ്ട് യശോദ ചോദിച്ചത് കേട്ടു പറഞ്ഞു സിദ്ധു അമ്മയെ അകത്തേക്ക് തള്ളി കൊണ്ട് പോയി. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 (വന്നുന്ന് പറഞ്ഞിട്ട് ഒച്ചയും അനക്കമൊന്നും കേൾക്കുന്നില്ലല്ലോ. ഒന്ന് പോയി നോക്കിയാലോ വേണ്ട… അല്ലെങ്കിലെ അങ്ങേർക്ക് നമ്മളെയൊരു വിലയില്ല ഇനി ഉള്ളത് വലിഞ്ഞു കേറി പോയി കളയണ്ട. രാവിലെ എന്തായാലും അങ്ങോട്ട് പോണമല്ലോ.. അപ്പൊ നോക്കാം ) പുറത്തു ഇറങ്ങി നിന്ന് സിദ്ധുവിന്റെ വീട്ടില്ലേക്ക് എത്തി നോക്കി കൊണ്ട് സ്വയം പറഞ്ഞു ഐശു തിരിച്ചു അകത്തേക്ക് കേറി പോയി. കുറച്ചു നേരം അലഞ്ഞു തിരിഞ്ഞു നടന്നു ഐശു പിന്നെ പോയി ടീവി ഓൺ ചെയ്തു അതിന്റെ മുന്നിൽ പോയി ഇരുന്നപ്പോൾ പെട്ടന്ന് കാളിങ് ബെൽ അടിക്കാൻ തുടങ്ങി. പക്ഷെ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലന്ന രീതിയിൽ അവൾ ടീവിയിൽ തന്നെ നോക്കി ഇരുന്നു. “ഇരിക്കുന്നത് കണ്ടില്ലേ കഴുത. ബെലടിചാൽ അതാരാണെന്ന് ഒന്ന് നോക്കിക്കൂടെടി നിനക്ക്”
ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അമ്മ വാതിൽ തുറക്കാൻ പോയതും അമ്മയെ നോക്കി പുച്ഛിച്ചു കൊണ്ട് ഐശു ടീവിയിൽ നോക്കി ഇരുന്നു. “ആഹാ… ഇതാര് സിദ്ധുവോ. യാത്രയൊക്കെ സുഗായിരുന്നോ മോനെ… ” “സുഗായിരുന്നു അമ്മേ… ” പെട്ടെന്നുള്ള അമ്മയുടെ ചോദ്യവും ഒപ്പം തന്നെ മറുപടി പറഞ്ഞു കൊണ്ട് സിദ്ധു അകത്തേക്ക് കേറി വന്നതും ഞെട്ടി പിടഞ്ഞു കൊണ്ട് ഐശു സോഫയിൽ നിന്നും ചാടി എഴുനേറ്റു നിന്നു. (അയ്യോ… ഞാനെങ്ങോട്ട് പോകും. ഇവിടെ ആരാ ചുമര് കൊണ്ട് വെച്ചത് ) മനസ്സിൽ പറഞ്ഞു കൊണ്ട് ഐശു നിന്ന് തിരിഞ്ഞു കളിക്കാൻ തുടങ്ങി. ഒടുവിൽ ആശ്രയമെന്ന പോലെ അവൾ അമ്മയുടെ അടുത്ത് പോയി നിന്നു. എന്നാൽ അവളുടെ കളി കണ്ടു ചിരി വന്ന സിദ്ധു അത് പുറത്തു കാണിക്കാതെ കുറച്ചു ജാഡയിൽ ഇരുന്നു അമ്മയോട് സംസാരിച്ചു കൊണ്ടിരുന്നു.
“ഹാ… നീ ഇങ്ങോട്ട് വന്നോ… ഞാൻ അങ്ങോട്ട് വരാൻ നിൽക്കുവായിരുന്നു ” കുളി കഴിഞ്ഞു വന്ന ആദി സിദ്ധുവിനെ കണ്ടു പറഞ്ഞു. “നീ എന്നാ റെഡിയായി വാ… നമുക്കൊന്ന് പുറത്തു പോയി വരാം… ” “ഒരഞ്ചു മിനിറ്റ് ഞാനിതാ വന്നു ” എന്ന് പറഞ്ഞു ആദി റൂമിലെക്ക് പോയി. ആ സമയം കൊണ്ട് അമ്മ സിദ്ധുവിന് ചായ കൊണ്ട് കൊടുത്തു. അത്രയും സമയം അവിടെ ഇരുന്നിട്ടും ഐശുവിന്റെ നേരെ ഒരു നോട്ടം പോലും പോകാതെ അവൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. (ഞാനെങ്ങാനും മാഞ്ഞു പോയോ… ഇനി എന്നെ ആർക്കും കാണാൻ പറ്റുന്നില്ലേ ) “എന്താടി ” സിദ്ധു തന്നെ ശ്രദ്ധിക്കാതെ ഇരിക്കുന്നത് കണ്ടു മനസ്സിൽ സംശയം പറഞ്ഞു ഐശു അമ്മയെ ഒന്ന് തോണ്ടി നോക്കിയതും അതിൽ അമ്മ ദേഷ്യത്തിൽ നോക്കി ചോദിച്ചപ്പോൾ ആ സംശയം ഐശുന് മാറി കിട്ടി. ഒടുവിൽ ആദി ഒരുങ്ങി വന്നു, അപ്പോൾ പോലും ഐശുവിനെ ഒന്ന് നോക്കാതെ അമ്മയോട് മാത്രം യാത്ര പറഞ്ഞു സിദ്ധു അവിടെ നിന്നും ഇറങ്ങി. (ഓഹോ… അപ്പൊ അവഗണനയാണ്. അല്ലെങ്കിലും നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ. ഇതിനൊക്കെ ഞാൻ പ്രതികരണം വീട്ടിയിരിക്കും നോക്കിക്കോ, തന്നെ ഞാൻ ശരിയാക്കി താരാടാ മാക്കാനെ ) സ്വയം പറഞ്ഞു രണ്ടു ചാട്ടം ചാടി കൊണ്ട് ഐശു മുറിയിലെക്ക് കേറി പോയി. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“നീയെന്താ ഒറ്റക്ക് ഇരുന്നു ചിരിക്കുന്നെ. നിന്റെ കിളി പോയോ… ” ഡ്രൈവിംഗ്ന്റെ ഇടയിൽ സിദ്ധു ചിരിക്കുന്നത് കണ്ടു ആദി ചോദിച്ചു. “എന്റെ കിളി പോയിട്ടൊന്നുമില്ല. ഞാനവിടെ വന്നപ്പോൾ നിന്റെ പെങ്ങൾ കിളി പോയത് പോലെ തിരിഞ്ഞു കളിക്കുന്നത് ഓർത്തപ്പോൾ ചിരിച്ചു പോയതാ ” “എന്തിനാടാ ഇഷ്ട്ടം മനസ്സിൽ വെച്ച് അത് പറയാതെ അതിനെ ഇട്ട് വട്ടം കറക്കുന്നേ ” “ആർക്കിഷ്ടം എനിക്കോ… ” ആദി ചോദിച്ചതും പെട്ടന്ന് ചിരി നിർത്തി കൃത്രിമ ദേഷ്യത്തിൽ സിദ്ധു ചോദിച്ചു. “മോനെ സിദ്ധു… നിന്നെ ഞാൻ ഇന്നും ഇന്നലെയുമൊന്നുല്ല കാണുന്നത്. നിന്റെ മുഖത്തെ സ്പ്രെഷൻ കണ്ടാൽ മതി ഈ ആദിക്ക് അതിന്റെ കാരണമറിയാൻ അത് കൊണ്ട് എന്നോട് നീ നുണ പറയണ്ട ” കുറച്ചു കനത്തിൽ ആദി പറഞ്ഞതും അത് കേട്ടു സിദ്ധു ഒന്ന് ചിരിച്ചു. “ഒരു കാര്യം നീ ഓർത്ത് വെച്ചോ… നിന്റെ ഈ കള്ളകളി അവളെങ്ങാനും കയ്യോടെ പൊക്കിയാൽ… നിന്റെ പപ്പും പൂടയും അവള് പറിചെടുക്കും ”
“അതോർത്തു നീ പേടിക്കണ്ട. ഈ സിദ്ധുവിനെ പിടിക്കാനൊന്നും അവളെ കൊണ്ട് പറ്റില്ല. പിന്നെ… എന്റെ ഇഷ്ട്ടം അത് ഞാൻ പറയും ഇപ്പോഴല്ല അതിന്റെ സമയമാവുമ്പോൾ. അത് വരെ ഇങ്ങനെ പോട്ടെ ” ഒരു വാണിംഗ് ആയി ആദി പറഞ്ഞപ്പോൾ ഒരു ചിരിയോടെ സിദ്ധു മറുപടി കൊടുത്തു. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 പിറ്റേന്ന് രാവിലെ കുളിച്ചോരുങ്ങി കോളേജിൽ പോകാൻ ദേവുവിനെ വിളിക്കാനായി ഐശു ദേവുവിന്റെ വീട്ടില്ലേക്ക് ചെന്നു. “ദേവു… ” അകത്തേക്ക് കേറാതെ പുറത്തു നിന്ന് വിളിച്ചു സിദ്ധു ഉണ്ടോന്ന് ഒന്ന് പാളി നോക്കി കൊണ്ട് ഐശു ഗേറ്റ്ൽ ആടി കളിച്ചോണ്ടിരിക്കെ പെട്ടന്ന് അവളുടെ കൈ ഗേറ്റ്ൽ നിന്ന് വിട്ട് പോയതും ദാ… കിടക്കുന്നു ഐശു താഴെ. (ഹേ…തറ ഇത്ര സോഫ്റ്റോ… എനിക്കൊന്നും പറ്റിയില്ലല്ലോ ) എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഐശു പേടിയിൽ അടച്ച കണ്ണ് തുറന്നു നോക്കിയതും തനിക്കു താഴെ കിടക്കുന്ന സിദ്ധുവിനെ കണ്ടു അവൾ ഒന്ന് ഞെട്ടി എങ്കിലും പിന്നെ കുറച്ചു നേരം അവനെ നോക്കി ഒരു പണി കൊടുക്കാമെന്നു വിചാരിച്ചു ഒന്നുമറിയത്ത പോലെ അവൾ അവന്റെ നെഞ്ചിൽ അങ്ങനെ കിടന്നു. ” മനുഷ്യനെ കൊല്ലാതെ എഴുന്നേറ്റു മാറാടി. എന്തൊരു വെയിറ്റ് ” ദേഷ്യത്തിൽ സിദ്ധു പറഞ്ഞതും അവന്റെ അലർച്ചയിൽ ഞെട്ടി ഐശു വേഗം ചാടി എഴുന്നേറ്റു
അവനിൽ നിന്നും മാറി നിന്നപ്പോൾ എഴുന്നേറ്റു നടുവിൽ കൈ വെച്ച് അവളെ ഒന്ന് നോക്കിയിട്ട് സിദ്ധു അകത്തേക്ക് കേറി പോയി. “എന്ത് പറ്റിയെടി. ഏട്ടൻ ദേഷ്യത്തിലാണലോ പോയത് ” സിദ്ധു പോയതിന് പുറകെ തന്നെ ഇറങ്ങി വന്ന ദേവു സിദ്ധുവിനെ മുഖഭാവം കണ്ടു ഐശുവിനോട് ചോദിച്ചതും ഒന്ന് ഇളിച്ചു കൊണ്ട് ഐശു നടന്ന കാര്യങ്ങൾ പറഞ്ഞു അത് കേട്ടു ദേവു നിന്ന് ചിരിക്കാൻ തുടങ്ങിയപ്പോൾ അവളുടെ വയറിൽ ഒരു കുത്ത് കൊടുത്തു ഐശു ആ ചിരി നിർത്തിച്ചു. “അയ്യോ… എന്തായാലും നിന്റെ ആഗ്രഹം പോലെ തന്നെ ഏട്ടനെ നീ വീഴ്ത്തിയാലോ ഹാപ്പി ആയില്ലേ ” “ഒന്ന് പോടീ… നീ വരുന്നെങ്കിൽ വാ ” (തുടരും )

by