04/05/2026

ജീവന്റെ പാതി : ഭാഗം 15

രചന – രോഹിണി ആമി

ജീവൻ ഒന്നാലോചിച്ചു കുറച്ചു നേരം……. ചെറിയൊരു ഭയം തോന്നി………. ഇപ്പോൾ നിനക്ക് മുന്നിൽ തോറ്റാൽ എനിക്ക് പിന്നെ ഈ ജീവിതകാലം മുഴുവൻ തോൽവികളായിരിക്കും……… എന്റെ അവസ്ഥ മനസ്സിലാക്കി നീയത് മുതലാക്കും…….. ഇല്ല ഇന്ദൂ……. ഇനിയൊരു തിരിച്ചു പോക്കില്ല……… നീയില്ലാതെ………. ജീവൻ ആലോചിച്ചിട്ട് ഒന്നുകൂടി പിടി മുറുക്കി……..

എനിക്ക് ഇഷ്ടമില്ല ജീവൻ നിങ്ങളെ……. എനിക്കിനി നിങ്ങളെ സ്നേഹിക്കാനാവില്ല……. എന്നെ ഇനിയെങ്കിലും എന്റെയിഷ്ടത്തിന് ജീവിക്കാൻ വിട്ടേക്ക്…….. അല്ലെങ്കിലും ഇങ്ങനെ പിടിച്ചു വെച്ചിട്ടല്ല ഒരാളോട് ഇഷ്ടം പറയേണ്ടത്……… കൂടുതൽ വെറുപ്പ് ഉണ്ടാവുകയേ ഉള്ളൂ………

ജീവൻ എന്റെ ദേഹത്ത് നിന്നും വിടാൻ…….. ഇന്ദു അലറി…….. ഇത് നിങ്ങളുടെ വീടല്ല……..ഞാൻ നിങ്ങളുടെ ഭാര്യയുമല്ല…….. ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവളുടെ ശരീരത്തു തൊടാൻ നിങ്ങൾക്ക് നാണമില്ലേ…….. നമ്മൾ തമ്മിൽ അങ്ങനൊരു ബന്ധം ഇല്ലെന്ന് പറഞ്ഞത് നിങ്ങൾ തന്നെയാണ്……. പിന്നെ നിങ്ങൾ ഏത് ബന്ധത്തിന്റെ പേരിലാണ് ഇങ്ങനെ ചെയ്യുന്നത്……..

ജീവന്റെ കൈകൾ കുറച്ചു അയഞ്ഞതു പോലെ തോന്നി……. ഇന്ദു ജീവനെ ശക്തിയിൽ പിറകിലേക്ക് തള്ളി………ബെഡിൽ നിന്നും ചാടിയിറങ്ങി മാറിനിന്നു……..

ഇനിയിങ്ങനെ ഉണ്ടാവരുത് ജീവൻ……. എന്നെ തൊടരുത്……… ഞാനിങ്ങനെ ആവില്ല പ്രതികരിക്കുക…….എന്റെ മുന്നിൽ വരരുത്……. ഞാൻ നിങ്ങളെ കാണാൻ പോലും ആഗ്രഹിക്കുന്നില്ല……..ഇന്ദു പറഞ്ഞിട്ട് മാറി തിരിഞ്ഞു നിന്നു……..

ജീവൻ ഒന്നനങ്ങാനാവാതെ നിന്നു പോയി…….. ഇത്രയും കടുപ്പിച്ചു ഇന്ദു പറയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല…….. തന്നെ സ്നേഹിക്കുന്നില്ല….. യാതൊരു ബന്ധവുമില്ല എന്നു പറഞ്ഞപ്പോൾ തന്നെ ചങ്കു തകർന്നത് പോലെയായി…….. ഒന്നു ശബ്ദിക്കാൻ പോലുമാവുന്നില്ല……….

എനിക്ക് മനസ്സിലാവുന്നുണ്ട് ഇന്ദൂ ഞാൻ നിന്നോട് പ്രവർത്തിച്ചത് എന്താണെന്ന്……. ഇപ്പോൾ അറിയുന്നുണ്ട് ഞാൻ ആ വേദന എന്താണ്ന്ന് ……. നീയെന്തു വേണമെങ്കിലും എന്നോട് പറഞ്ഞോളു ……. കേൾക്കാൻ ഞാൻ തയ്യാറാണ്………. പക്ഷേ…….. എന്തൊക്കെ പറഞ്ഞാലും ചെയ്താലും നീയെന്റെയാ ഇന്ദൂ…… നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല……. ഇതാണ് സത്യം…..

ഞാൻ നിന്നെ സ്നേഹിച്ചിരുന്നുവെന്നോ……. ഇപ്പോൾ സ്നേഹിക്കുന്നുവെന്നോ പറഞ്ഞു ശല്യം ചെയ്യുന്നില്ല………പക്ഷേ എന്നെവിട്ട് ജീവിക്കാമെന്ന് നീ കരുതേണ്ട മനസ്സിൽ പോലും ….. നടക്കില്ല ഇന്ദൂ…… ഞാനതിന് സമ്മതിക്കില്ല…….. ഒരിക്കലും……….

ഞാൻ കാത്തിരുന്നോളാം……. നിനക്ക് എന്നോടുള്ള ദേഷ്യം മാറും വരെ….. എന്നെ വിശ്വാസമാകും വരെ……. അതിനി എത്രകാലം വേണ്ടി വന്നാലും…….ഞാൻ നിന്റെ കണ്മുന്നിൽ തന്നെ ഉണ്ടാവും ഇന്ദൂ…….. നീയെന്റെ പാതിയാണ്…… അത് അങ്ങനെ തന്നെയാവും…… അങ്ങനെയേ ആവൂ……..

ഒന്നും മിണ്ടാതെ തിരിഞ്ഞു നിൽക്കുന്ന ഇന്ദുവിനെ ജീവൻ ഒന്നു കൂടി നോക്കി……

മനസ്സിൽ ഉള്ളതെല്ലാം നിന്നോട് പറയണമെന്ന് തോന്നി………..പറഞ്ഞു……… ഞാൻ പോകുവാണ്……… ഇനിയും വരും……. നിന്നെ കാണാൻ തോന്നുമ്പോഴെല്ലാം…….. ഒന്നു ചേർത്തു പിടിക്കാൻ കൊതിയാകുമ്പോഴും…… മിണ്ടാൻ തോന്നുമ്പോഴും എല്ലാം …… നീ എത്ര ആട്ടിയകറ്റിയാലും………

ജീവൻ പോയീന്നു തോന്നിയപ്പോൾ ഇന്ദു ബെഡിൽ വന്നിരുന്നു……. അറിയില്ല മനസ്സിലെന്താണെന്ന്……… വെറുപ്പ് ആണെന്ന് പറയുമ്പോഴും വെറുക്കാനാവുന്നില്ല……. പക്ഷേ സ്നേഹിക്കാനുമാവുന്നില്ല……… എങ്കിലും തന്റെ ഉള്ള് ചികഞ്ഞു നോക്കാൻ മനസ്സനുവദിക്കുന്നില്ല………പേടിയാണ്…… ഉള്ളിന്റെ ഉള്ളിൽ ജീവൻ എന്നൊരാൾ ഉണ്ടെങ്കിലോ……… ഇത്രയും നാൾ അനുഭവിച്ചതെല്ലാം മറക്കാൻ കഴിയുന്നില്ല……… നോവെല്ലാം മായുമായിരിക്കും……… അറിയില്ല…….. ഇപ്പോൾ മനസ്സിൽ നിറയെ ജ്യോതിയുടെയും ഏട്ടന്റെയും കല്യാണം ആണ്……… അവരുടെ ജീവിതം ആണ്……. അവരുടെ സന്തോഷം ആണ്……. ഇന്ദു കണ്ണടച്ച് കിടന്നു……….

അവളുടെ ഉള്ളിൽ ഞാൻ കൊടുത്ത വേദന മായും ഇന്ദ്രാ ……. അല്ലെങ്കിൽ എനിക്കത് മായിക്കാൻ കഴിയും……. പക്ഷേ അവളൊന്നു എന്നോട് ഉള്ളു തുറന്നു സംസാരിക്കണം……. അതിനവൾ തയ്യാറുമല്ല…….. സാരമില്ല……… എല്ലാം നേരെയാവുമെന്ന് എന്റെ മനസ്സ് പറയുന്നു……. ജീവൻ ഇന്ദ്രനോട് സംസാരിച്ചിരുന്നപ്പോൾ പറഞ്ഞു………

ഞാൻ പറഞ്ഞില്ലേ…….ഞാൻ ഇന്ദുവിനൊപ്പമേ നിൽക്കൂ…… ഇനിയും അവളുടെ വിഷമം കാണാൻ വയ്യ……… പക്ഷേ നിങ്ങൾ രണ്ടാളും ഒന്നിക്കണം……. എന്റെയും ആഗ്രഹം അത് തന്നെയാണ്………. അവൾ തനിച്ചാവരുത് ഇനിയും ………ജീവനോട് അവൾക്ക് പെട്ടെന്ന് ക്ഷമിക്കാൻ കഴിയട്ടെ…….. ഇന്ദ്രൻ കുറച്ചു വിഷമത്തോടെ പറഞ്ഞു………

കുറച്ചു നേരം കഴിഞ്ഞ് ഇന്ദു മുറിയിൽ നിന്നുമിറങ്ങി ജ്യോതിക്കരികിൽ ചെന്നു……… അവളുടെ മുഖം മങ്ങിയിരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി മുൻപ് നടന്നതിന്റെ ബാക്കിയാണെന്ന്…….. രണ്ടു ചെവിയിലും കൈ പിടിച്ചു സോറി പറഞ്ഞു…….. ചിരിക്കാൻ പറഞ്ഞു…….. കവിൾ വീർപ്പിച്ചു പൊട്ടിച്ചു കാണിച്ചു……… ജ്യോതിയുടെ മുഖം തെളിഞ്ഞു അതൊരു പുഞ്ചിരി ആയി വെളിയിലേക്കു വന്നു…….. ജ്യോതി ഇന്ദുവിനെ കെട്ടിപ്പിടിച്ചു…….
അരികിലേക്ക് വന്ന ഇന്ദ്രനെയും ചേർത്തു പിടിച്ചു പറഞ്ഞു ……… സോറി ഏട്ടാ…………

മ്മ്……. സാരമില്ല ഇന്ദൂട്ടി……… എന്തൊക്കെയായാലും മുതിർന്നവരോട് അങ്ങനെ സംസാരിക്കാൻ പാടില്ല മോളെ …… അതും വീട്ടിൽ വന്നവരോട്……… തെറ്റാണ്………. നമ്മുടെ വീട്ടുകാർ തന്നെയല്ലേ അവരും……… വാക്കുകൾ നിന്റെ കൺട്രോളിൽ ആയിരുന്നില്ല……. അതുകൊണ്ടല്ലേ ഏട്ടനും നിന്നോട് ദേഷ്യപ്പെടേണ്ടി വന്നത്……… സോറി ഇന്ദൂട്ടി…….. ഇന്ദ്രൻ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു പറഞ്ഞു……..

ജ്യോതിയുടെ അച്ഛനും അമ്മയ്ക്കുംഅരികിൽ പോയിരുന്നു……… എന്നോട് ക്ഷമിക്കണം……. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ മാത്രം …………. ആ ദേഷ്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞു പോയതാണ്…….

സാരമില്ല മോളെ…….. നീയിത്രയുമല്ലേ പറഞ്ഞുള്ളു……. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇങ്ങനെ ആവില്ല നടക്കുക ……. അച്ഛൻ പറഞ്ഞു……..

ഞാൻ മോളോട് ഒരു കാര്യം പറയട്ടെ……. അമ്മ ഇന്ദുവിന്റെ കയ്യിൽ പിടിച്ചു……

എന്തിനാ അമ്മേ ഈ ഫോർമാലിറ്റി…….. അമ്മയ്‌ക്കെന്തും എന്നോട് പറയാമല്ലോ…….. ഇന്ദു അമ്മയ്‌ക്കൊപ്പമിരുന്നു……..

തമാശയ്ക്കു പോലും താലി വേണ്ടെന്നു പറയരുത്………. അതും താലി കഴുത്തിൽ ചാർത്തി കുറച്ചു നാളുകൾ പോലും ആയിട്ടില്ല……. നിനക്ക് ജീവനെ സ്വീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ഞങ്ങൾക്കറിയാം…….. ഇനി അതൊന്നും പറഞ്ഞു നിന്നെ വിഷമിപ്പിക്കില്ലെന്ന് ഞങ്ങൾ ഇപ്പോൾ കൂടെ പറഞ്ഞതെ ഉള്ളു…….. നിന്റെ ഇഷ്ടമാണ് ഞങ്ങൾക്ക് പ്രധാനം….. ആരും നിന്നെ നിർബന്ധിക്കില്ല……

ഇന്ദു തല കുനിഞ്ഞിരുന്ന് എല്ലാം കേട്ടു തലയാട്ടി ………. എല്ലാം ചെയ്തു കൂട്ടിയത് ജീവനും തല കുനിച്ചിരിക്കേണ്ടി വന്നത് താനും……..ഇന്ദു ഓർത്തു………….

ജീവന്റെ മുന്നിൽ നിൽക്കേണ്ട അവസ്ഥ ആ ദിവസം കഴിവതും ഒഴിവാക്കി ഇന്ദു…….. പക്ഷേ ജീവൻ ഇന്ദുവിന്റെ അടുത്ത് നിൽക്കാനും നോക്കാനുമുള്ള അവസരം ഉണ്ടാക്കിയെടുത്തു…….. കിട്ടുന്ന അവസരങ്ങളിൽ ചെവിയിൽ രഹസ്യം പോലെ പറയാനും മറക്കില്ല…….. ലവ് യൂ ഇന്ദൂന്ന്……. അത് കേട്ടതായി പോലും നടിക്കില്ല ഇന്ദു…….

ഇന്ദ്രന്റെ കൂടെയാവും ഇന്ദു കൂടുതൽ സമയവും………. അവളുടെ കയ്യിൽ നിന്നും വിടാൻ ഇന്ദ്രനും തയ്യാറായില്ല……. ജ്യോതിയും കൂടെ ചേരുമ്പോൾ കുറച്ചു നേരം അവർക്കൊപ്പമിരുന്നിട്ട് പതിയെ ഒഴിഞ്ഞു മാറും……… അവർക്ക് തനിച്ചിരിക്കാൻ…….. പിടിച്ചിരുത്തിയാലും കേൾക്കാറില്ല അവൾ……… കൂടെ ആരുമില്ലെങ്കിലും തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടില്ല അവൾ……… അറിയാം തനിച്ചിരുന്നാൽ ജീവൻ അടുത്ത് വരുമെന്ന്………. അല്ലെങ്കിൽ ഏട്ടന് വിഷമമാകുമെന്ന്……… രണ്ടും താൻ ആഗ്രഹിക്കുന്നില്ല……….

ആർഭാടമായി കല്യാണം നടത്തുന്നില്ലെങ്കിലും ഡ്രസ്സ്‌ എടുക്കാനും ആഭരണങ്ങൾ എടുക്കാനുമുള്ള ഡേറ്റ് തീരുമാനിച്ചു…… ഒന്നിലും ചേരാതെ ഇന്ദുവും ഇരുന്നു എല്ലാവർക്കുമൊപ്പം…….. മുൻപ് തന്റെയും കല്യാണത്തിന് ഇതിലും വലിയ ബഹളമായിരുന്നു ഇവിടെ….. ഓർക്കുമ്പോൾ ദേഷ്യവും വിഷമവും വരുന്നു………. ഇന്ദുവിന്റെ മുഖത്തെ ഭാവങ്ങൾ മാറി മാറി വന്നു…….. അവളുടെ മുഖത്തേക്കായിരുന്നു ഇന്ദ്രന്റെയും ജീവന്റെയും കണ്ണുകൾ……….

കുറച്ചു നേരം അവിടെ ചിലവഴിച്ചു പോകാനിറങ്ങി അവർ………… ജ്യോതിയെ തിരിച്ചു കൊണ്ടുപോകാൻ ആരും സമ്മതിച്ചില്ല…….. അതുകൊണ്ട് കല്യാണത്തിന് മുൻപ് കൊണ്ടുപോകാൻ വരുമെന്ന് പറഞ്ഞു ജീവൻ…………

നിന്റെ മനസ്സ് മാറാൻ കാത്തിരിക്കുന്നു ഇന്ദു…….. ഞാൻ വരും കൊണ്ടുപോകാൻ ……. പോകാൻ നേരം ജീവൻ ഇന്ദുവിന്റെ ചെവിയിൽ പറഞ്ഞു……….

വേണ്ടാത്തിടത്ത് വലിഞ്ഞു കയറി ചെല്ലുന്ന ആളല്ല ഇന്ദു……….. ഒഴിവാക്കിയാൽ ഒഴിഞ്ഞു തന്നെ നിൽക്കും……. അത് സ്വന്തം വീടായാൽ പോലും…….. ഇന്ദു പറഞ്ഞു………

അന്നും ഇന്നും നിന്നിലേക്ക് എന്നെ വലിച്ചടുപ്പിക്കുന്നത് ഈ സ്വഭാവം ആണ് ഇന്ദൂ…… എനിക്കൊരുപാട് ഇഷ്ടമാണ് ഈ ചുണക്കുട്ടിയെ………. ഒരുപാട്….. ഒരുപാട്…… കടിച്ചു തിന്നാൻ തോന്നുന്നൊരിഷ്ടം………. ലവ് യൂ എന്റെ പെണ്ണേ……..

ജീവൻ പറഞ്ഞത് തന്നോടല്ല എന്നുള്ള ഭാവത്തിൽ ഇന്ദു നിന്നു…….

ആഭരണങ്ങളോ ഡ്രെസ്സൊ എടുക്കാൻ ഇന്ദു പോയില്ല…….. ജ്യോതിക്കൊപ്പം വീട്ടിൽ ഇരുന്നു…… ഏട്ടന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തു എല്ലാം…….ഇന്ദുവിന് ഉള്ളത് മുഴുവൻ ജീവൻ ജീവന്റെ ഇഷ്ടത്തിന് എടുത്തു…….. അവൾ ഒരുകണക്കിന് വരാഞ്ഞത് നന്നായി……… ജീവൻ ഓർത്തു……

പോകുന്നിടത്തെല്ലാം ജീവന്റെ സാന്നിദ്ധ്യം അറിഞ്ഞു ഇന്ദു…….. നിഴൽ പോലെ…… മിന്നായം പോലെ ചിലപ്പോഴൊക്കെ കാണാറുമുണ്ട്………..

ജ്യോതിയെ കൊണ്ടുപോകാൻ വന്നു ജീവൻ…… അവളെ വിടാൻ വീട്ടുകാർക്കും പോകാൻ അവൾക്കും ആഗ്രഹമില്ലായിരുന്നു……….

പോയിട്ട് വാ……… എന്റെ മാത്രം സ്വന്തമായി തിരിച്ചു വാ……… രണ്ടേ രണ്ട് ദിവസം…….. അത് കഴിയുമ്പോൾ പിന്നെ എപ്പോഴും എന്റെ കൂടെയല്ലേ……. പിന്നെന്തിനാ ഇങ്ങനെ കരയുന്നത്…….. കണ്ണ് നിറച്ചിരുന്ന ജ്യോതിയോട് ഇന്ദ്രൻ പറഞ്ഞു……… ജ്യോതി ഇന്ദ്രനെ ഇറുക്കിപ്പിടിച്ചു കരഞ്ഞു……….

ഇന്ദ്രേട്ടാ…… ഞാൻ എന്റെ കാലിൽ നിൽക്കുമോ ഇല്ലെയോന്ന് എനിക്കുറപ്പില്ല ഇപ്പോഴും……… മാറ്റിചിന്തിക്കാൻ ഇനിയുമുണ്ട് സമയം…….. വേണോ ഇങ്ങനൊരു ജന്മത്തിനെ……..ഇന്ദ്രേട്ടൻ ആഗ്രഹിക്കുന്ന ജീവിതം പോലും തരാൻ കഴിഞ്ഞുവെന്ന് വരില്ലെനിക്ക്…….. കുറച്ചു കഴിഞ്ഞ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയാൽ പിന്നെ ഞാനുണ്ടാവില്ല ജീവനോടെ………. ഒന്നുകിൽ കൊന്നു കളഞ്ഞേക്കണം ആ കൈകൾ കൊണ്ട്……. അല്ലെങ്കിൽ…….. ജ്യോതി എഴുതിയത് പൂർത്തിയാക്കാൻ ഇന്ദ്രൻ സമ്മതിപ്പിച്ചില്ല………….

ആ പേപ്പർ കീറിക്കളഞ്ഞിട്ട് ജ്യോതിയുടെ അടുത്തിരുന്നു…….. അവളുടെ മുഖം കയ്യിലെടുത്തു………..ഉമ്മകൾ കൊണ്ടു പൊതിഞ്ഞു………. ഇന്ദ്രന്റെ ശ്വാസം ചുണ്ടിൽ നിന്നും ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ കാലുകൾക്ക് ബലം വെയ്ക്കുന്നതായും…… എഴുന്നേറ്റ് ഇന്ദ്രന്റെ നെഞ്ചിലേക്ക് ചായാനും തോന്നി……… വേർപെടുമ്പോൾ ശ്വാസഗതി തന്റെ കൈപ്പിടിയിൽ ഒതുങ്ങിയിരുന്നെങ്കിലെന്നു ജ്യോതി ആഗ്രഹിച്ചു ……. കുനിഞ്ഞു പോയ ജ്യോതിയുടെ മുഖം പിടിച്ചുയർത്തി ഇന്ദ്രൻ ……..

ഇനി ഇങ്ങനെ ഒന്നും ചിന്തിക്കരുത് നീ…….. ഈ ജീവിതം ഒരാവേശത്തിന്റെ പുറത്തു കാണിച്ചു കൂട്ടുന്നതാണെന്നാണോ നിനക്ക് തോന്നിയത് ജ്യോതി…….. വർഷങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന മുഖമാണിത്……… നിന്റെ ശരീരത്തിൽ മിടിപ്പ് മാത്രമുണ്ടായാൽ മതി ഈ ഇന്ദ്രന് ……. നിന്നെ സ്വന്തമാക്കിയിരിക്കും ……. അത്രയ്ക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു ഇന്ദ്രനിൽ ജ്യോതി……… ഇനിയും സംശയമുണ്ടോ നിനക്ക്……..

ജ്യോതി ഇന്ദ്രൻറെ വാ പൊത്തി…….. കെട്ടിപ്പിടിച്ചു…… ഇല്ലെന്ന് തലയാട്ടി…… കവിളിലൊരു ഉമ്മ കൊടുത്തു………… ഇനിയൊന്നും പറയരുത് എന്ന രീതിയിൽ……

ജ്യോതിയുടെ വീട്ടിൽ വെച്ചു കല്യാണം നടത്താമെന്നായിരുന്നു തീരുമാനം……… അതുമാത്രം ഇന്ദുവിൽ കുറച്ചു വിഷമം ഉണ്ടാക്കി…….. കയ്യിൽ പിടിച്ചു ആ വീട്ടിലേക്കു കയറ്റിയതും ഇറക്കി വിട്ടതും ഒരാൾ തന്നെയാണ്…….. അതുകൊണ്ട് വീണ്ടുമാ വീട്ടിലേക്കു പോകാൻ ഇന്ദു ഇഷ്ടപ്പെട്ടിരുന്നില്ല…… പക്ഷേ ഏട്ടന്റെ വിവാഹം തന്റെ സ്വപ്നങ്ങളിൽ ഒന്നാണ്…….. അതും ജ്യോതിയുടെ കൂടെ…….. ഒരുപാട് സന്തോഷിക്കേണ്ട ദിവസം ആണത്……….. പക്ഷേ…….. തന്നെ അത് കൂടുതലും വിഷമിപ്പിക്കുന്നുണ്ടെങ്കിലും ഏട്ടന് വേണ്ടി മുഖത്ത് സന്തോഷം അഭിനയിച്ചു……… അത് ഏട്ടൻ കണ്ടുപിടിക്കുകയും ചെയ്തു …….

ഇന്ദൂട്ടി……… നിന്റെ അവസ്ഥ ഏട്ടന് മനസ്സിലാവും……… വാശിയും വിഷമവും ഉണ്ടെന്നും അറിയാം……… പക്ഷേ ഏട്ടന്റെ മനസ്സിൽ എന്താണെന്നറിയുമോ……… നീ ജീവനൊപ്പം കഴിയണം……. നിന്റെ ഭാഗത്തു നിന്നു ചിന്തിച്ചാലും ജീവന്റെ ഭാഗത്തു നിന്നും ചിന്തിച്ചാലും രണ്ടു പേരും ശരിയാണ്…….. ജീവൻ തിരഞ്ഞെടുത്ത വഴി തെറ്റാണ്…… അത് ഏട്ടനും സമ്മതിക്കുന്നു……… പക്ഷേ ജീവൻ നിന്നെ സ്നേഹിക്കുന്നുണ്ട് ഒരുപാട്……… അന്നും ഇന്നും……. അതെനിക്ക് മനസ്സിലായതാണ് …….

എനിക്ക് നിന്റെ ജീവിതം സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം……… ഒരിക്കലും കൈവിടാതെ പിടിക്കുന്ന ഒരാൾ…….. അത് ജീവൻ തന്നെയായാൽ സന്തോഷം…….. വേറൊരാളെ ഏൽപ്പിക്കാൻ പേടിയുണ്ട് ഏട്ടന്………. ദേഷ്യവും വാശിയും കളഞ്ഞു ജീവനെ സ്വീകരിക്കുമോ നീ…….. ഏട്ടന് വേണ്ടിയെങ്കിലും ………. ഇന്ദ്രൻ ഇന്ദുവിനോട് ചോദിച്ചു……

വെറും വാശിയുടെയും ദേഷ്യത്തിന്റെയും പുറത്താണ് ഞാൻ ജീവനെ സ്വീകരിക്കാത്തത് എന്നാണോ ഏട്ടൻ കരുതിയിരിക്കുന്നത്…….. അതിനുമപ്പുറം ആത്മാഭിമാനം എന്നൊന്നില്ലേ ഏട്ടാ……. അതോ അത് ഞാൻ പെണ്ണ് ആയതുകൊണ്ട് സൗകര്യപൂർവ്വം മറക്കണമെന്നാണോ പറയുന്നത്……… ജീവൻ പറഞ്ഞ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു എന്നെ……… എങ്കിൽ കൂടിയും ഒന്നു കരഞ്ഞിട്ടില്ല ഞാൻ…….. ആ ഒരു ശാപം എന്നെ താലി കെട്ടിയ ആൾക്ക് വേണ്ടെന്ന് തോന്നി…… ഏട്ടന്റെ തൊട്ടാവാടി ബോൾഡ് ആയത് ജീവൻ തന്ന വേദനകളിൽ നിന്നുമാണ്……..

ചില നേരങ്ങളിൽ ഞാനും ചിന്തിക്കാറുണ്ട്…….. അന്ന് ജീവൻ കാര്യമറിയാതെ എന്നെ തല്ലിയപ്പോഴും ഞാൻ വേദനിച്ചിരുന്നില്ലന്ന് …….. പക്ഷേ വീടിനു വെളിയിൽ കൊണ്ടു വിട്ടിട്ട് ഇനിയൊരു ബന്ധവുമില്ലെന്ന് പറഞ് വാതിൽ കൊട്ടിയടച്ചു ………. അത് ശരിക്കും വേദനിച്ചു…….. ഇരുട്ടത്തു പെട്ടെന്ന് തനിച്ചായിപോയി………. എനിക് ആശ്രയം തരാൻ എന്റെ അച്ഛനുമമ്മയും ഏട്ടനും ഉണ്ടെന്ന് പോലും ആ സമയം ഞാൻ മറന്നു പോയി…….. ആ നേരം അച്ഛൻ എന്റെ കയ്യിൽ പിടിച്ചില്ലായിരുന്നെങ്കിൽ കൂടെ വരാൻ മനസ്സ് കാണിച്ചിരുന്നില്ലായെങ്കിൽ ഇപ്പോൾ ഇങ്ങനെ ഞാനുണ്ടാവുമോന്ന് അറിയില്ല ഏട്ടാ……..

മോളേ ഇന്ദൂട്ടീ………. തമാശയ്ക്കു പോലും ഇങ്ങനെ പറയരുതേ നീ…….. ഇന്ദ്രൻ ഇന്ദുവിന്റെ മുഖം നെഞ്ചിൽ ചേർത്തു വെച്ചു………… ഇന്ദ്രന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നതറിഞ്ഞു ഇന്ദു……….

ഏട്ടന് എല്ലാം ക്ഷമിക്കാൻ പറ്റും…….. കാരണം എന്റെ ജീവിതം സുരക്ഷിതമാക്കാൻ ഏട്ടന് പലതും കണ്ടില്ലെന്ന് നടിച്ചേ മതിയാവു…….. പലതും ക്ഷമിച്ചേ പറ്റൂ…… എനിക്കുമറിയാം ജീവൻ ഒരു നല്ല മനുഷ്യൻ ആണെന്ന്……. അല്ലായിരുന്നുവെങ്കിൽ എന്നോട് ദേഷ്യം തീർക്കാൻ വേറെ പല വഴികളും ഉണ്ടായിരുന്നുവല്ലോ………. പക്ഷേ……. ഇപ്പോൾ എന്നെക്കൊണ്ട് കഴിയുന്നില്ല ഏട്ടാ……… ജീവനെ സ്നേഹിക്കാൻ……നിർബന്ധിക്കരുത്……….

ഇന്ദു ഇന്ദ്രനരികിൽ നിന്നും എഴുന്നേറ്റു പോയി…….. ഒരു തീരുമാനം എടുക്കാനാവാതെ ഇന്ദ്രനും…….

നാളെയാണ് കല്യാണം……… വളരെ അടുത്ത കുറച്ചു ബന്ധുക്കൾ വീട്ടിൽ എത്തിയിട്ടുണ്ട്……. ബാക്കി എല്ലാവരും നാളെ അങ്ങോട്ടേക്ക് വരും…….. നാളെ ഇടാനുള്ള ഡ്രസ്സ്‌ എല്ലാം എടുത്തു നോക്കി ഇന്ദു……. ഏട്ടൻ വാങ്ങിയത് അതുപോലെ എടുത്തു വെച്ചതാണ്…….. ഇതുവരെ നോക്കിയില്ല…….. ഒരു സാരിയാണ്…… കൂടെ ഒരു ബോക്സും ഉണ്ട്…….. സാരിക്ക് ഇണങ്ങിയ ആഭരണങ്ങളും………… കണ്ടപ്പോഴേ മനസ്സിലായി ഇത് ഏട്ടന്റെ ഇഷ്ടത്തിന് അനുസരിച്ചു വാങ്ങിയതല്ല ന്ന്…… ആരാണ് ഇതിന് പിന്നിലെന്നും………

പിറ്റേന്ന് അവസാന ആൾക്കും ദക്ഷിണ കൊടുത്തു ഇന്ദ്രൻ പോകാനിറങ്ങി ജ്യോതിയുടെ വീട്ടിലേക്ക്……. ഇന്ദ്രൻ ഇന്ദുവിന്റെ കയ്യിൽ നിന്നും പിടി വിടാതെ കൊണ്ടു നടന്നു……. അവളുടെ മുഖത്തു തെളിച്ചം ഉണ്ടെങ്കിലും മനസ്സിലെ വിഷമം ഇടയ്ക്കിടെ തെളിഞ്ഞു കാണാമായിരുന്നു……. ഓർമ്മകൾ ഓരോന്നും പിറകോട്ടു സഞ്ചരിക്കുന്നുണ്ടെന്ന് മുഖം കണ്ടാലറിയാം……..

ജീവൻ ഇന്ദ്രന്റെ കാൽ കഴുകി അകത്തേക്ക് സ്വീകരിക്കുമ്പോഴും കണ്ണുകൾ ഇന്ദുവിന് മേലെയായിരുന്നു………. താൻ വാങ്ങിയതൊന്നും അവൾ അണിഞ്ഞിട്ടില്ല…. സാരി ഒഴികെ…….. താലിമാലയും രണ്ടു കയ്യിൽ ഓരോ വളയും കുറച്ചു പൂവും…….. എങ്കിലും എന്റെ ഇന്ദു സുന്ദരിയാണ്……. ജീവൻ അഭിമാനത്തോടെ ഓർത്തു……….

ഉയർത്തി നിർത്തിയ പന്തലിൽ ഇന്ദ്രന്റെ പിറകിൽ ഇന്ദു നിന്നു…….. ഇടയ്ക്കിടെ അവൾ പിറകിൽ ഉണ്ടോയെന്നു ഇന്ദ്രൻ തിരിഞ്ഞു നോക്കുന്നുണ്ട്……… രണ്ടു വശത്തും അച്ഛനും അമ്മയും ഉണ്ട്……. രണ്ടാളും കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട്…….. ഇന്ദു പതിയെ അച്ഛന്റെ ചെവിയിൽ ചോദിച്ചു………

ഇത്രയ്ക്കും ധൈര്യമില്ലാത്തവളാണോ അച്ഛന്റെ മോൾ……… അങ്ങനെയാണോ ധരിച്ചു വെച്ചിരിക്കുന്നത്…….. എന്തിനാണ് ഇങ്ങനൊരു സെക്യൂരിറ്റി………അല്ലെങ്കിൽ ഞാൻ ഇറങ്ങി ഓടിക്കളയുമെന്നു പേടിച്ചാണോ………

അച്ഛൻ ഒന്ന് മുഖത്തേക്ക് നോക്കി ചിരിച്ചു …… എന്നിട്ട് പിടി വിട്ടു ജ്യോതിയുടെ അച്ഛനരികിലേക്ക് നടന്നു …….. എന്നിട്ടും അമ്മ പിടി വിട്ടിരുന്നില്ല………..

ജ്യോതിയെ വീൽ ചെയറിൽ തള്ളിക്കൊണ്ട് വന്നു ജീവൻ……….. അവളെ എടുത്തു മണ്ഡപത്തിൽ ഇരുത്തി……… ഒരു കൊച്ചു സുന്ദരി……. ഒരുക്കങ്ങൾ ഒട്ടുമേ ഇല്ലാതെ……. അധികം ആഭരണങ്ങൾ കുത്തി നിറയ്ക്കാതെ പെണ്ണിന്റെ അഴകുള്ള ഒരു പെണ്ണ് …….. മുടിയിൽ ചൂടിയിരിക്കുന്ന മുല്ലപ്പൂ മാത്രം മതിയായിരുന്നു അവളുടെ അഴക് എടുത്തറിയാൻ……… ഇന്ദ്രൻ അടുത്തിരുപ്പുണ്ടെങ്കിലും ജ്യോതി ചുറ്റും നോക്കി………… പിറകിൽ നിന്ന ഇന്ദു അവൾക്കരികിൽ മുട്ടു കുത്തി ഇരുന്നു ചോദിച്ചു ………

ആരെയാ ഈ നോക്കുന്നത്……. എന്തിനാ ഇത്ര ടെൻഷൻ മുഖത്ത്………. ജ്യോതിയുടെ മുഖം തെളിഞ്ഞു………….

ജ്യോതി അവളുടെ കയ്യിൽ കൈ ചേർത്ത് പിടിച്ചു……….. വിറയ്ക്കുന്നുണ്ടായിരുന്നു അവളുടെ കൈ……..

ഈ വിറയലും പേടിയും ഏട്ടന്റെ കയ്യിൽ നിന്നും ഉമ്മ വാങ്ങിക്കൂട്ടിയപ്പോൾ കണ്ടില്ലല്ലോ കള്ളീ ……… അന്നില്ലാഞ്ഞത് ഇപ്പോഴെന്തിനാ…….. മ്മ്……മ്മ്….. ഞാൻ കണ്ടിരുന്നു……. ഇന്ദു തലയാട്ടി കളിയാക്കി……. ജ്യോതിയുടെ പേടി മാറി മുഖത്തു സന്തോഷം നിറയുന്നത് ഇന്ദു കണ്ടു…………. കൂടെ നാണവും……. രണ്ടാളും ഒരുമിച്ചു ചിരിച്ചു………..

എല്ലാവരും അവരെ രണ്ടാളെയും നോക്കുന്നുണ്ടായിരുന്നു…….. കുറച്ചു അസൂയയോടെ…….. ഇന്ദ്രന് തോന്നി ജ്യോതിയെ ഇന്ദു മനസ്സിലാക്കിയ അത്രയും വേറാരും മനസ്സിലാക്കിയിട്ടില്ലെന്ന്……… ജീവനും അച്ഛനും അമ്മയ്ക്കും ആ ചിരി ഒരാശ്വാസമായിരുന്നു……. കാരണം ചുറ്റിനുമുള്ള മുറുമുറുപ്പ് അവർ അറിയുന്നുണ്ടായിരുന്നു…… ഇന്ദ്രന്റെ താലി ജ്യോതി ഏറ്റുവാങ്ങി……. മുടിയും പൂവും മാറ്റി കൊടുത്തു ഏട്ടന്റെ ജോലി എളുപ്പമാക്കി ഇന്ദു……… ഇന്ദ്രന്റെയും ജീവന്റെയും കണ്ണുകൾ ആ നേരത്തും ഇന്ദുവിന്റെ മുഖഭാവം നോക്കിക്കാണുകയായിരുന്നു……… ഇന്ദ്രൻ ജ്യോതിയുടെ നെറ്റി ചുവപ്പിക്കുമ്പോൾ ജീവൻ നോക്കിയത് ഇന്ദുവിന്റെ നെറ്റിയിലേക്കായിരുന്നു……… ഭാഗ്യം…. ഉണ്ട്… നല്ല വൃത്തിയിൽ ഒതുക്കി ചുവപ്പിച്ചിട്ടുണ്ട്……. ഇവിടെ അത്രയും വഴക്ക് ഉണ്ടാക്കിയപ്പോഴും വീട്ടിൽ പോയപ്പോഴും തന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞു തള്ളി മാറ്റുമ്പോഴും ആ നെറ്റി ചുവന്നാണ് ഇരുന്നതെന്ന് കുറച്ചൊരു സുഖത്തോടെ ജീവനോർത്തു…….

ജ്യോതിയുടെ കല്യാണസാരി മാറാൻ ഇന്ദുവിനെ അകത്തേക്കു വിളിച്ചു ജ്യോതി……… അവൾ കുറച്ചൊരു വിഷമത്തോടെ തലയാട്ടി…….. വീടിന്റെ ഉള്ളിലേക്ക് വരാൻ മടിച്ചു ഇന്ദു…. അവളുടെ അവസ്ഥ മനസ്സിലാക്കി ജ്യോതിയുടെ അമ്മ ഇന്ദുവിനെ ഒഴിവാക്കി ജ്യോതിയെ റെഡിയാക്കി……….

ഇന്ദുവിന്റെ കൈ വിടാതെ പിടിച്ചിട്ടുണ്ടായിരുന്നു ജ്യോതി…….. എന്തെങ്കിലും ഒരാവശ്യത്തിന് ഇന്ദു ഒന്നു മാറിയാൽ ജ്യോതിയുടെ മുഖത്ത് പേടിയും വിഷമവും നിറയും ……… ഇന്ദ്രൻ അടുത്തില്ലെങ്കിൽ കൂടെ അത്രയും വിഷമം തോന്നിയില്ല അവൾക്ക്………. കാണാൻ ചന്തമുണ്ടെങ്കിലും കാലിന് സ്വാധീനം ഇല്ലാത്ത ഒരു പെണ്ണിനെയോ കിട്ടിയുള്ളോ ഇന്ദ്രന്……… അടുത്ത ബന്ധുക്കൾ അടക്കം പറഞ്ഞു………. അവർക്ക് മുന്നിലൂടെ തന്നെ കളിച്ചു ചിരിച്ചു ഇന്ദു ജ്യോതിയുടെ കൈ പിടിച്ചു നടന്നു…….. പിറകെ ജ്യോതിയുടെ താങ്ങായി ഇന്ദ്രനും…….. ഓരോരുത്തർക്കും ജ്യോതിയെ പരിചയപ്പെടുത്തി കൊടുത്തു ഇന്ദു ……….. രണ്ടാളുടെയും ചിരിയും ആംഗ്യവുമൊക്കെ കണ്ട് വന്ന ബന്ധുക്കളുടെ മുറുമുറുപ്പും കുശുകുശുക്കലും കുറഞ്ഞു അവർക്കൊപ്പം കൂടുന്നത് ജീവനും വീട്ടുകാരും ആശ്വാസത്തോടെ നോക്കിക്കണ്ടു………..

ഫോട്ടോഷൂട്ടിന് ഇന്ദുവിന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല ജീവന്റെ അടുത്ത് നിന്നും…….. ഏട്ടനും ജ്യോതിക്കുമൊപ്പം നിന്നു ഫോട്ടോസ് എടുക്കുമ്പോൾ ജീവൻ ചേർത്തു പിടിക്കുന്നതൊക്കെ അറിഞ്ഞു……… എല്ലാവരുടെയും കണ്ണുകൾ ഇങ്ങോട്ടേക്കാണ്…… അതുകൊണ്ട് ഇന്ദു എല്ലാം ക്ഷമിച്ചു നിന്നു………. ഈ കാണുന്ന എല്ലാവരും വന്നു അനുഗ്രഹിച്ച കല്യാണമായിരുന്നു തന്റെയും………..

ആഭരണങ്ങൾ ഒന്നുമില്ലെങ്കിലും ആ താലിമാല ഒന്നു മാത്രം മതി എന്റെ ഇന്ദുവിന്റെ ഭംഗി കൂട്ടാൻ………. ഞാൻ അത് വാങ്ങിയെന്നേഉളളൂ………. ഇടരുതെന്നായിരുന്നു എന്റെയും ഉള്ളിൽ……..മനസ്സ് നിറഞ്ഞു……. ലവ് യൂ ഇന്ദൂട്ടാ……..

ചേർത്തു നിർത്തി ഫോട്ടോ എടുത്തപ്പോൾ കാതിൽ പതിഞ്ഞ ശബ്ദമാണ്……….. ആ വശത്തേക്ക് ഇന്ദു ശ്രദ്ധിച്ചില്ല………. ഫോട്ടോ എടുത്തു കഴിഞ്ഞും കയ്യൊന്നു ശരീരത്തിൽ നിന്നും വിടുവിക്കാൻ ഇന്ദു പെടാപ്പാട് പെടേണ്ടി വന്നു……… അതും മുഖത്ത് ചിരി വരുത്തി……. ചുറ്റും നോക്കി……… ജീവൻ അവളുടെ കഷ്ടപ്പാട് കണ്ട് ചിരി കടിച്ചമർത്തുന്നുണ്ടായിരുന്നു………

പോകാൻ ഇറങ്ങും നേരം ജീവൻ ഇന്ദുവിന്റെ കയ്യിൽ പിടിച്ചു ഒതുങ്ങിയ ഒരു സ്ഥലത്തേക്ക് കൊണ്ടു നിർത്തി……….

ജീവൻ…… നിങ്ങളുടെ തോന്നിവാസം കുറച്ചു കൂടുന്നുണ്ട്…… ചുറ്റിനും ആള് ഉള്ളത് കൊണ്ടാണ് ഇത്രയും നേരം ഞാൻ ക്ഷമിച്ചത്…….. അവൾ കൈ വിടുവിച്ചു പറഞ്ഞു……..

ഇത്രയും നേരം എന്നെ നീ ക്ഷമിച്ചില്ലേ ഇന്ദൂ…….. അതിനു കഴിഞ്ഞെങ്കിൽ മുന്പുള്ളത് കൂടി ക്ഷമിച്ചൂടെ………. വന്നുകൂടെ എന്റെ ഇന്ദുവായിട്ട്…….. തിരിച്ചു പോകാതിരുന്നുകൂടെ നിനക്ക്………

ഇന്ദു തിരിഞ്ഞു നടന്നു…………. ഇന്ദൂ പ്ലീസ്…….

പിറകിൽ നിന്നും വന്ന ജീവന്റെ അപേക്ഷ ഇന്ദു പാടേ തള്ളി……..

പോകാനിറങ്ങിയപ്പോൾ ജ്യോതി ജീവനെ കെട്ടിപ്പിടിച്ചു കരഞ്ഞു……… തിരിച്ചും……… അവളുടെ കണ്ണ് തുടച്ചു കൊടുത്തു……. ഇന്ദുവിന്റെ കൈക്കുള്ളിലേക്ക് അവളുടെ കൈ എടുത്തു വെച്ചു………….

ഞാൻ ജ്യോതിയെ പൂർണ്ണമായും നിന്നെ ഏൽപ്പിക്കുവാ…….. ഇപ്പോഴും പറയുന്നു ഇന്ദൂ മറ്റാരേക്കാളും വിശ്വാസം എനിക്ക് നിന്നോടുണ്ട്……. വിശ്വാസം മാത്രമല്ല സ്നേഹവും……….

പേടിക്കേണ്ട……. ജ്യോതി ആ വീട്ടിൽ ഒരിക്കലും തനിച്ചാവില്ല…….. ആരുമവളെ തനിച്ചാക്കില്ല…….. അവളുടെ കണ്ണ് നിറയില്ല……. അച്ഛനും അമ്മയ്ക്കും വിശ്വസിക്കാം………. ഇന്ദു ജീവൻ പറഞ്ഞതിന് മറുപടിയായി അച്ഛനെയും അമ്മയെയും നോക്കി പറഞ്ഞു……..

ഇന്ദ്രൻ ജ്യോതിയെ കാറിൽ ഇരുത്തി……… അവൾക്കൊപ്പം കയറി………. അപ്പുറത്തെ ഡോർ തുറന്നു ഇന്ദു കയറാൻ തുടങ്ങിയതും ജീവൻ അവൾക്കരുകിൽ നിന്നു പറഞ്ഞു…….. ഇന്ദൂട്ടാ…… പ്ലീസ്……. പോകരുത്…….. ഇതിൽ കൂടുതൽ കെഞ്ചാൻ അറിയില്ലെനിക്ക്………പ്ലീസ്……..

ഇന്ദു അത് ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കയറി ഇരുന്നു……… കാർ നീങ്ങിത്തുടങ്ങി……. ജീവന്റെ അവസ്ഥ കണ്ട് ജ്യോതി വിങ്ങിപ്പൊട്ടി………. രണ്ടാളെയും മാറി മാറി നോക്കി…….. ഇന്ദ്രന്റെ പോലും കണ്ണ് നിറഞ്ഞു………. ജീവന്റെ നിൽപ്പ് കണ്ടിട്ട്………

വെളിയിലെ കാഴ്ചകൾ നോക്കിയിരിക്കുന്ന ഇന്ദുവിനെ ഇന്ദ്രൻ നോക്കി……… ഇന്ദുവിന്റെ താടിയിലൂടെ താലിയിലേക്ക് ഇറ്റിറ്റു വീഴുന്ന കണ്ണുനീർ മാത്രം ആരും കണ്ടില്ല……………

തുടരും