17/04/2026

ശിവാനി : ഭാഗം 06

രചന – ജ്വാലാമുഖി

ഞാൻ കൈ കഴുകാൻ ചെല്ലുമ്പോൾ അവൻ അവിടെ നില്പുണ്ട്…

“നിനക്ക് ഒരു വൃത്തിക്ക് കഴിച്ചൂടെ… ”

“എനിക്ക് ഇത്തിരി വൃത്തി കുറവാ… എന്റെ വാ.. എന്റെ കൈ… ഇതു തന്റെ വായിലൊട്ടൊന്നും അല്ലാലോ ഞാൻ വച്ചു തന്നത്… ”

എന്ന് പറഞ്ഞു കഴുകാത്ത എന്റെ കൈ അവന് നേരെ നീട്ടി ഞാൻ…

“മാറിപ്പൊടി അസത്തെ… ”

കൈ കഴുകി തിരിച്ചു വരുമ്പോൾ ക്യാമറമാൻ മാടി വിളിക്കുന്നു…

“കുറച്ചൂടെ ചേർന്നു നിൽക്കു.. ”

രണ്ടാളും നല്ലോണം അകലം ഇട്ടു തന്ന നിന്നത്…

ഒടുവിൽ അടുത്ത് നിന്നു ഫോട്ടോ ക്ക് പോസ് ചെയ്തു..

ബാക്കി ക്യാമറ മാൻ പറഞ്ഞ പോസുകൾ കുറെ ഒക്കെ ഞാനും സഞ്ജുവും കൂടി കട്ട്‌ ചെയ്യിച്ചു…

അടുത്തത് എന്നെ രണ്ടു കയ്യിലും എടുത്തു പോകുന്ന പോസ് ആയിരുന്നു…

അതിൽ സഞ്ജു ന്റെ ഉത്സാഹം കണ്ടപ്പോൾ തന്നെ എനിക്ക് അപകടം മണത്തു..

എന്നെ ഇരു കൈകളിലും പൊക്കി ഫോട്ടോ എടുത്തു കഴിഞ്ഞതും അവൻ എന്നെ താഴെ ഇട്ടു…തണ്ടെല്ലു അടിച്ചു ഞാൻ താഴെ വീണു…

എല്ലാരും ഞെട്ടി.. അബദ്ധം പറ്റിയതാകും എന്ന് കരുതി പക്ഷെ എനിക്ക് അറിയാമായിരുന്നു ഇവൻ അങ്ങനെ ചെയ്യും എന്ന്…

“ഇനി കവിളിൽ ഉമ്മ കൊടുക്കുന്ന ഒരു പോസ് കൂടെ ആയാൽ കിടു ആകും അല്ലെ ചേട്ടാ.. ”

സഞ്ജു ഞെട്ടി എന്നെ നോക്കി.. ഞാൻ നാണത്തോടെ അവനെ നോക്കി ചിരിച്ചു…

ക്യാമറാമാൻ സ്റ്റാർട്ട്‌ പറഞ്ഞു.. ഞാൻ അവന്റെ കവിളിൽ ചുണ്ട് ചേർത്ത്.. ഫോട്ടോ കഴിഞ്ഞതും എന്റെ മുന്നിലെ നാലു പല്ലുകൾ ട്രേസ് എടുത്ത പോലെ അവന്റെ കവിളിൽ പതിഞ്ഞു….

ചടങ്ങുകൾ കഴിഞ്ഞു….

അങ്ങനെ ചെക്കന്റെ വീട്ടുകാർ പോകാൻ നേരം ചെക്കന് ടാറ്റാ കൊടുക്കാൻ എല്ലാരും പറഞ്ഞു… ഞാൻ പല്ലുകടിച്ചു കൊണ്ടു അവന് ടാറ്റാ കൊടുത്തു….

എല്ലാരും പോയപ്പോൾ മുതൽ അവന് ഇനി എങ്ങനെ പണി കൊടുക്കണം എന്നായിരുന്നു മനസ്സിൽ…

ഇനി നാളെ കഴിഞ്ഞാൽ മിഥു ചേച്ചി ടെ കല്യാണം ആണ്.. അത് കഴിഞ്ഞു പിറ്റേ ദിവസം എന്റേം… ഹോ ആകെ തല പെരുകുന്നു…

കല്യാണം കഴിഞ്ഞു പിറ്റേ ദിവസം തന്നെ സഞ്ജു ന്റെ അച്ഛൻ തിരിച്ചു പോകും… ഇത്തവണ ഞാൻ ഉണ്ടല്ലോ എന്നും പറഞ്ഞു സഞ്ജുന്റെ അമ്മ അച്ഛന്റെ കൂടെ പോകുന്നുണ്ട്….

******

ഇന്ന് മിഥു ചേച്ചിടെ കല്യാണം ആണ്.. ഞാൻ അണിഞ്ഞൊരുങ്ങി സുന്ദരി ആയി നല്ലോണം വായിൽ നോക്കി നടന്നു…

താലി കെട്ടു കഴിഞ്ഞതും ഞാൻ ഒരു സൂപ്പർ വിസിൽ അടിച്ചു… അത് കണ്ടതും സഞ്ജു എന്റെ അടുത്ത് വന്നു നിന്നു…

ഇതു സിനിമ തിയേറ്റർ അല്ല… ആള്കാരെ കൊണ്ട് പറയിക്കരുത്…

“നീ പോടാ കോപ്പേ ….. ഞാൻ എനിക്ക് തോന്നണ പോലെ ചെയ്യും നോക്കിക്കോ… ”

“നാളെ തൊട്ടു ഇതിനൊക്കെ ഉള്ള മറുപടി ഞാൻ താരാടി പിസാസെ… ”

“നീ ഞൊട്ടും .. ”

കല്യാണം കഴിഞ്ഞു ഒരു ഉഗ്രൻ ഊണും കഴിഞ്ഞു ഇരിക്കുമ്പോൾ സഞ്ജു ന്റെ വീട്ടുകാരും വിനു ചേട്ടന്റെ വീട്ടുകാരും ഒക്കെ എന്നെ പരിചയപ്പെടാൻ വന്നത്..

ഞാൻ എല്ലാവർക്കും മുന്നിൽ വിനയകുനയ ആയി നിന്നു..

“അടുത്ത മണവാട്ടി ആണ്… ”

അവർ പരസ്പരം പറഞ്ഞു .. സഞ്ജു കാല് നിലത്തു ചവിട്ടി ഞെരിക്കുന്ന പോലെ കാട്ടി… എന്നോടുള്ള ദേഷ്യം ആണ്.. ഞാൻ ഒന്ന് കോക്കിരി കാട്ടി..

നാളെ അവന് ഇച്ചിരി പുട്ടി കൂടുതൽ ഇടേണ്ടി വരും കവിളിലെ പാടു നല്ലോണം തെളിഞ്ഞു കാണുന്നുണ്ട്..

കുറച്ചു നേരം അവിടെ നിന്നു ചിരിച്ചിട്ട് എന്റെ കവിളൊക്കെ കഴച്ചു തുടങ്ങി…

അങ്ങനെ മിഥു ചേച്ചി വലിയ ഒരു കൂട്ടക്കരച്ചിലോടെ ചേട്ടന്റെ കൂടെ കാറിൽ കയറി പോയി…

ഇതെന്തിനാ ഇവൾ ഇങ്ങനെ കരയണേ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു…

അങ്ങനെ എല്ലാവരും പോയി… അന്നുതന്നെ ഞങ്ങൾ എന്റെ വീട്ടിലേക്കു പോന്നു…

അടുപ്പിച്ചുള്ള ഫങ്ക്ഷൻ കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു എനിക്ക്…

അച്ഛനും അമ്മയും ഓടി വയ്യാതെ ആയി..

******

രാവിലെ ഏഴു മണി കഴിഞ്ഞിട്ടും ഞാൻ എണീക്കാതെ ആയപ്പോൾ അമ്മ മുറിയിലേക്ക് വിളിച്ചു എന്നെ ചീത്ത പറഞ്ഞു..

“എന്റെ ഭഗവാനെ ഇന്ന് കല്യാണം ഉള്ള പെണ്ണാ ഈ കിടക്കണേ… എന്റെ ഒക്കെ കാലത്തു ടെൻഷൻ അടിച്ചു ഉറങ്ങാൻ പോലും പറ്റിയിട്ടില്ല . ഇതെന്തൊരു ജന്മം ആണ് എന്റെ കൃഷ്ണ… ”

ഞാൻ കണ്ണു തുറന്നു ചുറ്റും നോക്കി..

ബ്യൂട്ടീഷ്യൻ… അയല്പക്കകാർ വീട്ടുകാർ എല്ലാരും മുറിക്കു പുറത്തു ഉണ്ട്…

ഞാൻ കണ്ണും ചിമ്മി ബാത്‌റൂമിൽ കേറി… പയ്യെ വാതിൽ തുറന്നു..

“അമ്മേ.. ”

“എന്താടി… കുളിക്കേടി.. ”

“ഇച്ചിരി ചൂട് വെള്ളം തരോ… ”

“നിന്നെ ഞാൻ…. ”

ഇനി നിന്നാൽ ശരിയാകില്ല… ഞാൻ മൂളിപ്പാട്ടും പാടി കുളിച്ചു ഇറങ്ങി വന്നു… ബ്യൂട്ടീഷ്യൻ എന്നെ ഒരുക്കി സുന്ദരി ആക്കി… ഞാൻ പൂജാമുറിയിൽ പോയി തൊഴുതു..

എല്ലാർക്കും ദക്ഷിണ കൊടുക്കൽ ആയിരുന്നു അടുത്ത ചടങ്ങ്…

ഹോ .. നടു ഒടിഞ്ഞു എന്ന് പറഞ്ഞാൽ പോരെ…

അങ്ങനെ ചെക്കന്റെ ആൾക്കാർ വന്നതും എന്നെ ആനയിച്ചു മണ്ഡപത്തിലേക്ക് കൊണ്ടു പോയി…

എന്റെ ഫ്രഡ്സ് ഒക്കെ എന്നെ നോക്കി നല്ല മാച്ച് എന്ന് പറയുന്നുണ്ട്..

ഉവ്വ് നമുക്കല്ലേ അറിയൂ… ശരിക്കും അവസ്ഥ…

“രണ്ടും അടങ്ങി ഒതുങ്ങി നിന്നില്ലേൽ ഞങ്ങളുടെ സ്വഭാവം മാറും നോക്കിക്കോ… ”

അച്ചന്മാർ രണ്ടും കൂടെ ഞങ്ങളുടെ പിറകിൽ നിന്ന് അത് പറഞ്ഞപ്പോൾ നല്ല അനുസരണ ഉള്ള കുട്ടികൾ ആയി ഞങ്ങൾ…

കെട്ടുകഴിഞ്ഞു ഫോട്ടോഷൂട്ടും ഊണും കഴിയുന്നവരെ ഞങ്ങൾ ഡീസന്റ് ആയി നിന്നു…

സഞ്ജു ന്റെ കൂടെ കാറിൽ കയറി പോകുമ്പോൾ അച്ഛന്റെ കണ്ണു നിറയുന്നുണ്ടോ എന്ന് ഞാൻ നോക്കി.. ഇല്ല… !

അമ്മയോ… ഇല്ല…!

അവർക്ക് ഉറപ്പുണ്ട് വൈകാതെ ഞാൻ തിരിച്ചു വരും എന്ന്…

കാർ ഗേറ്റ് കടന്നതും ഞാൻ സഞ്ജുനെ നോക്കി.. അവന്റെ മുഖത്തു എന്നെ കൊല്ലാൻ ഉള്ള കലി ഉണ്ട്… അവന്റെ കാലുകൾ എന്റെ കാലിൽ അമർന്നപ്പോൾ എനിക്ക് ഉറപ്പായി.. ഈ കോപ്പൻ പണി തുടങ്ങി എന്ന്..

വൈകുന്നേരം റിസപ്ഷൻ ഒക്കെ ഞാൻ ഡീസന്റ് ആയി നിന്നു… ഫ്രോക്കിൽ തിളങ്ങി നിന്നു ഞാൻ..പുറമെ മാലാഖയും.. അകമേ ചെകുത്താനെയും പോലെ…

അങ്ങനെ വൈകുന്നേരം ആയതും വീട്ടിലെ തിക്കും തിരക്കും ഒഴിഞ്ഞു…

അമ്മ ഒരു ഗ്ലാസ്‌ പാൽ എന്റെ കയ്യിൽ തന്നു.. ഇതും കൊണ്ടു അകത്തേക്ക് പൊക്കോളാൻ പറഞ്ഞു..

ഞാൻ ഒരു ഗ്ലാസ്‌ പാൽ കൂടെ എടുത്തു…

അകത്തു ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു സഞ്ജു..

“വേണേൽ കുടിച്ചോ… ”

എന്നും പറഞ്ഞു ഞാൻ പാൽ അവിടെ വച്ചു..

എന്നിട്ടെന്റെ ഗ്ലാസിലെ പാൽ ഞാനും കുടിച്ചു… കുളിമുറിയിൽ പോയി കുളിച്ചു… വന്നു കിടന്നു..

അപ്പോളും സഞ്ജു ഫോണിൽ ആയിരുന്നു… ക്ഷീണം കൊണ്ടു ഞാൻ ഒന്ന് ഉറങ്ങി പോയതും ആ കോപ്പൻ ഒറ്റ ചവിട്ട് ആയിരുന്നു എന്നെ…
ഞാൻ ഉരുണ്ടു താഴെ വീണു..

അതെ സ്പീഡിൽ തിരിച്ചും കൊടുത്തു ഒരു ചവിട്ട്…

ഉരുണ്ടു വീണ അവനെ നോക്കി ഞാൻ കോപം കൊണ്ടു ജ്വലിച്ചു നിന്നു…

“നാളെ അമ്മേം അച്ഛനും പോകും.. പിന്നെ നീ അപ്പുറത്തെ റൂമിൽ കിടന്നാൽ മതി കേട്ടോടി മൂതേവി… ”

“അല്ലേലും ശിവാനിക്ക് നിന്റെ ഈ പേട്ട മുറിയിൽ കിടക്കാൻ ഇഷ്ടം അല്ലടാ പുല്ലേ… ”

അവൻ ചാടി തുള്ളി തിരിഞ്ഞു കിടന്നു… ഞാനും ഒരു വശം തിരിഞ്ഞു കിടന്നു ഉറങ്ങി.. രാവിലെ എട്ടു മണി ആയിക്കാണും വീണ്ടും താഴെ വീണപ്പോൾ ആണ് നേരം വെളുത്തത് ഞാൻ അറിഞ്ഞത്…

വീഴ്ചയിൽ എന്റെ ചുണ്ട് അല്പം പൊട്ടിയിരിക്കുന്നു…
ഹോ നല്ല നീറ്റം…

“പോയി അമ്മയെ ഹെല്പ് ചെയ്യടി.. മൂട്ടിൽ വെയിലടിക്കണ വരെ ഉറങ്ങാണ്ട്… ”

ഞാൻ ബാത്‌റൂമിൽ പോയി കുളിച്ചു ഇറങ്ങുമ്പോൾ അവൻ മൂടി പുതച്ചു ഉറങ്ങുന്നു…

ഒരു കപ്പ് വെള്ളം എടുത്തു അവന്റെ തല വഴി ഒഴിച്ചു മുറി കുറ്റി ഇട്ടു ഞാൻ താഴേക്കു പോന്നു…

“മോൾ എണീറ്റോ.. ”

“ഉം… ഉറങ്ങി പോയി അമ്മേ… ”

“അത് സാരല്ല്യ… അവൻ എണീറ്റോ .. ”

“ഇല്ല… ”

“ഈ ചായ അവന് കൊണ്ടു കൊടുക്ക്‌… ”

ഞാൻ ചായ വാങ്ങി മുകളിലെക്ക് കയറി.. റൂം തുറന്നപ്പോൾ കണ്ണും തുറിപ്പിച്ചു കട്ടിലിൽ ഇരിപ്പുണ്ട് പുള്ളി..

“ഇത് നിനക്ക് അമ്മ തന്ന ചായ ആണ്… നീ കുടിച്ചു എന്ന് ഞാൻ പറഞ്ഞോളാം ട്ടാ… ”

എന്നും പറഞ്ഞു ഞാൻ ചായ ബാത്‌റൂമിലെ വാഷ് ബെസണിലേക്ക് ചായ കമിഴ്ത്തി…

“ടി ”

എന്ന് പറഞ്ഞു അവൻ എന്റെ പിന്നാലെ വന്നതും ഞാൻ അവിടന്ന് എസ്‌കേപ്പ് ആയി…

കുറച്ചു കഴിഞ്ഞതും വിനു ചേട്ടനും ചേച്ചിയും കൂടെ വീട്ടിലേക്കു വന്നു..

എന്റെ ചുണ്ടിലെ പൊട്ടിയ പാടു കണ്ടതും വിനു ചേട്ടൻ സഞ്ജു നെ നോക്കി ആക്കി ചിരി തുടങ്ങി…

“ഇത്രയും ആക്രാന്തം വേണായിരുന്നോ സഞ്ജു… ”

“ഇവർ നമ്മളെ ഒക്കെ മണ്ടന്മാർ ആക്കാൻ വേണ്ടി തല്ലു കൂടിയതാ വിനുവേട്ട.. ”

“അതേടാ… വയ്യ…നല്ല ക്ഷീണം… ”

“ഉവ്വ്‌… കാണും… നീ വേഗം ഡ്രസ്സ്‌ മാറി വാ… നമുക്കൊന്ന് കറങ്ങിട്ടു വരാം… ”

വിനു ചേട്ടൻ നിർബന്ധിച്ചാൽ പോകാതെ ഇരിക്കാൻ പറ്റില്ല എന്നെനിക്കറിയാം അതുകൊണ്ട് ഞാൻ റൂമിൽ പോയി ഒരുങ്ങി…

സഞ്ജു അപ്പോളേക്കും അങ്ങോട്ട്‌ വന്നു.. കിട്ടിയൊരു ഷർട്ട്‌ എടുത്തു താഴേക്കു പോയി…

താഴേന്നു കൂട്ട ചിരി കേട്ടപോലെ എനിക്ക് മനസിലായി പണി ഏറ്റു എന്ന്…

ഞാൻ ചുണ്ടിൽ നല്ലപോലെ ലിപ്സ്റ്റിക് തേച്ചു സഞ്ജു ന്റെ എല്ലാ ഷർട്ട്‌ ന്റെ പിറകിലും ഓരോ കുഞ്ഞു ഉമ്മകൾ കൊടുത്തിട്ടുണ്ട്… നാണം കെടട്ടെ… ദുഷ്ടൻ…

“എന്റെ സഞ്ജു… ഇങ്ങനെ പരിസരബോധം ഒന്നും ഇല്ലാണ്ടായോ നീ…ഈ കുറച്ചു നിമിഷം കൊണ്ടു… ഹോ സമ്മതിച്ചു നിന്നെ… ”

സഞ്ജു നു ഒന്നും മനസിലായില്ല..

“മോൻ ആ ഷർട്ട്‌ മാറി വേറെ ഇടൂ സഞ്ജു… ”

അമ്മ അത് പറഞ്ഞപ്പോൾ അവന് ഡൌട്ട് അടിച്ചു അവൻ മുകളിൽ പോയി..

എല്ലാ ഷർട്ടും ഇതു തന്നെ അവസ്ഥ… ഞാൻ ഉള്ളാലെ ചിരിച്ചു… ഒടുവിൽ എന്റെ കണ്ണിൽ പെടാതെ കിടന്ന ഒരു ടിഷർട്ട്‌ എടുത്തിട്ടു വന്നു അവൻ..

“വൈകിട്ട് ഞങ്ങളെ എയർപോർട്ടിൽ ആക്കണം വേഗം വരണം ട്ടൊ സഞ്ജു… ”

“ഇപ്പൊ വരും… ”

എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി….

അടുത്തുള്ളൊരു പാർക്കിൽ കുറച്ചു നേരം ഇരുന്നു ഞങ്ങൾ തിരിച്ചു പോന്നു…

“നാളെ മുതൽ വിരുന്നുകൾ തുടങ്ങുവല്ലേ… ”

“അതാണ് ഏറ്റോം വലിയ തലവേദന.. ”

“എന്തായാലും നമുക്ക് ഓരോ വീട്ടിലും ഒരുമിച്ചു പോകാം ട്ടൊ.. ”

“ഈ പിണ്ണാക്കിനെ കൊണ്ടു പോണേലും ബേധം… ”

“ടോ.. വെറുതെ എന്റെ മേൽ കുതിര കേറാൻ വന്നാലുണ്ടല്ലോ… ”

“ശിവ… അവൻ നിന്റെ ഭർത്താവ് ആണ്.. അത് മറക്കണ്ട.. ”

“ദേ ചേച്ചി ഇവന് വേണ്ടി ആരും വക്കാലത്തു പറയണ്ട… ”

“മതി.. നിങ്ങൾ ഞങ്ങളുടെ മുന്നിൽ അഭിനയിക്കേണ്ട… ”

അപ്പോളാണ് അങ്ങോട്ട്‌ വന്ന പെണ്കുട്ടിയിലേക്ക് എല്ലാരും ശ്രദ്ധിച്ചത്…

“Hi സഞ്ജു… ”

“Hi… ”

“മാര്യേജ് നു വരാൻ കഴിഞ്ഞില്ല… എനിവേ.. congratulations… ”

“താങ്ക്സ്.. ”

“ഇതാണോ വൈഫ്‌… ”

അവൾ എന്റെ നേരെ നോക്കി…

ഞാൻ ഒന്ന് ചിരിച്ചു…

“തനിക്കു മാച്ച് ആട്ടോ… അപ്പൊ ഞാൻ നടക്കട്ടെ പിന്നെ കാണാം… ”

അവൾ തിരിച്ചു നടന്നതും വിനു ചേട്ടൻ എന്റെ നേരെ നോക്കി..

“അതാരാ എന്നറിയോ തനിക്ക്.. ”

“ഇല്ല… ”

“വർഷങ്ങൾ ആയി സഞ്ജു നെ സ്നേഹിക്കുന്ന കുട്ടിയാ… ”

“ഇവനെ സ്നേഹിക്കാനും പെണ്ണോ.. അതിന് വല്ല കുഴപ്പവും കാണും… ”

“ഏയ് പോടീ.. അവൾ നല്ല കുട്ടി ആണ്.. പക്ഷെ ഇവന് അവളെ ഇഷ്ടം ആയിരുന്നില്ല… ”

എന്നാലും ആ പെൺകുട്ടിയെ എന്താ ഇഷ്ടം ആകഞ്ഞെ ആവോ… ഇനി ഇവന് വല്ല കുഴപ്പവും ഉണ്ടോ…

അങ്ങനെ കുറച്ചു കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു പോന്നു..

അച്ഛനേം അമ്മയേം കൊണ്ടു സഞ്ജു ഇറങ്ങി.. ഞാൻ പോയില്ല..

“തല്ലിടാതെ ഇരുന്നോള്ട്ടോ രണ്ടും… ”

ഞാൻ ചിരിച്ചു കൊണ്ടു തലയാട്ടി…

അവർ ഗേറ്റ് കടക്കുന്നതും നോക്കി ഞാൻ നിന്നു..

രാത്രി ഏറെ കഴിഞ്ഞാണ് സഞ്ജു വന്നത്…

അവൻ വന്നു കാളിംഗ് അടിച്ചിട്ടും ഞാൻ വാതിൽ തുറന്നില്ല… കിടക്കട്ടെ അവിടെ…

ഫോൺ വിളിച്ചു ചോദിക്കാൻ സ്വന്തം ഭാര്യേടെ നമ്പർ പോലും ആ പന്നിക്ക് അറിയില്ലല്ലോ..

കുറെ കഴിഞ്ഞപ്പോൾ ഞാൻ വാതിൽ തുറന്നു…

തുടരും….