18/04/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 01

രചന – അശ്വതി അച്ചൂസ്

ദിയ എന്ത് പറയണം എന്നറിയാതെ നിന്നു.
പ്രഭാകരൻ പതിയെ അവളുടെ കൈ പിടിച്ചു
“പറ മോളെ, ഈ കല്യാണത്തിന് നിനക്ക് സമ്മതമല്ലേ ”
നനഞ്ഞ മിഴികൾ ഉയർത്തി അവൾ അയാളെ നോക്കി
“എന്നിട്ട് ഒരിക്കൽ കൂടി എന്നെ വേണ്ടന്ന് വെച്ചു പോകില്ല എന്ന് അച്ഛന് ഉറപ്പുണ്ടോ?”
അയാൾ അവളുടെ കൈകൾ വിട്ടു. ഇല്ല എന്ന് തലയാട്ടി
“എന്നാലും മോളെ ഇത് അവനായിട്ട് പറഞ്ഞതാണ് ”

“അന്നും ഇതേ ഹരിയേട്ടൻ തന്നെ ആയിരുന്നു.”
“ശരി മോള് പറയൂ. എന്താണ് ഞങ്ങൾ ഇനി ചെയേണ്ടത് ”
അവൾ ഒന്ന് തിരിഞ്ഞു നോക്കി. അമ്മ ദേഷ്യം ഉള്ളിൽ അടക്കി നിൽപ്പുണ്ട്. അച്ഛൻ പക്ഷെ ഒന്ന് കണ്ണടച്ച് കാണിച്ചു.
“എനിക്ക് ഒന്ന് സംസാരിക്കണം. അന്ന് കാണാൻ വന്നത് പോലെ ഒരിക്കൽ കൂടെ. എല്ലാരും കൂടെ വേണം എന്നില്ല. പക്ഷെ ഒരു അഞ്ച് മിനിറ്റ് എങ്കിലും എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം ”
“ഉം ”
പ്രഭാകരൻ തലയാട്ടി
“അവൻ വരും. ഞാൻ പറയാം. എന്നാ ഞങ്ങൾ ഇറങ്ങട്ടെ.”
“അങ്ങനെ ആകട്ടെ ”
“നിച്ചു പോകാം മോളെ ”
അവൾ ദിയക്ക് അരികിൽ എത്തി.
“അമ്മ എന്നാ ഞങ്ങടെ വീട്ടിലേക്ക് വരാ ”
“മോളുടെ പപ്പ വന്ന് സോറി പറഞ്ഞാൽ വരാം ”
“ഉറപ്പാ ”
“ഉം ”
അവൾ ദിയക്ക് കെട്ടിപിടിച്ചു ഉമ്മ നൽകി.

അവർ പോയപ്പോൾ അവളുടെ ഉള്ളിൽ അറിയാതെ ഒരു നോവ് ഉണർന്നത് അവൾ തിരിച്ചറിഞ്ഞു. ദിയ വേഗം മുറിയിലേക്ക് നടന്നു.
“നിൽക്കടി അവിടെ ”
അവൾ നിന്നു
പെട്ടു അമ്മ വിളിച്ചു ഇനി എന്തൊക്കെ കേൾക്കണം എന്റെ ദൈവമേ…..

നടത്തം നിർത്തി.

“നീ ആരാന്നാ നിന്റെ വിചാരം. അല്ല എനിക്ക് അറിയാൻ പാടില്ലാണ്ട് ചോദിക്ക്യാ. പറ ”
‘എനിക്ക് ഒരു വിചാരവും ഇല്ല. അമ്മയ്ക്ക് ഇപ്പൊ എന്താ വേണ്ടത് ”
“ഈ നാല് കൊല്ലത്തിനു ശേഷം അവൻ തന്നെ ആലോചനയുമായി വന്നത് അവന് നിന്നെ അത്രക്ക് ഇഷ്ടം ആയത് കൊണ്ടല്ലേ. പിന്നെ എന്താ നിനക്ക് പ്രേത്യേകിച്ചു പറയാൻ ഉള്ളത് ”
“ഇഷ്ടം ഉള്ളത് കൊണ്ടാണോ അല്ലെ എന്ന് അമ്മയ്ക്ക് എങ്ങനെ അറിയാം ”

“പിന്നെ… അവന് വേറെ പെണ്ണ് കിട്ടാത്തത് കൊണ്ടോ നിന്നെ തന്നെ കാണാൻ വന്നത് ”
അവൾ മുഖം വെട്ടിച്ചു
“ശരി അങ്ങനെ ആകട്ടെ…. ഒന്ന് ചോദിക്കട്ടെ മോളോട് നിനക്ക് ഇഷ്ടം ആയിരുന്നില്ലേ അവനെ ”
“അല്ല ”
“അല്ലെ… പിന്നെ ഈ കഴിഞ്ഞ നാല് കൊല്ലം വേറെ വിവാഹം കഴിക്കാതെ കാത്തിരുന്നത് എന്തിന് ”
“അത്…. അത് എനിക്ക്… അങ്ങനെ ഒന്നിന് എനിക്കല്പം സമയം വേണമായിരുന്നു അതാ.”
“ഓഹോ…. എന്നാലും നീ സമ്മതിച്ചു തരരുത് ”
“ഇല്ലാത്ത കാര്യം എങ്ങനെ സമ്മതിക്കും ”
അവർ അവൾക്ക് അരികിലേക്ക് നടന്നു. അവളുടെ വലതു കൈ പൊക്കി.

“ഇതെന്താ…. ഇഷ്ടം അല്ലെങ്കിൽ അന്ന് തന്നെ ഈ മോതിരം അവന് എറിഞ്ഞു കൊടുക്കാമായിരുന്നില്ലേ. പിന്നെ എന്തിനാ ഈ വിരലിൽ തന്നെ ഇട്ട് നടന്നത്.”
അവൾ മിണ്ടിയില്ല. നിസ്സഹായതയോടെ അവൾ അച്ഛനെ നോക്കി
“സീതേ മതി…. മോള് മുറിയിൽ പൊയ്ക്കോ ”
അവൾ രക്ഷപ്പെട്ട സമാധാനത്തോടെ പടികൾ കയറി
“നിങ്ങൾ ഒരാളാണ് ഇവളെ ഇങ്ങളെ വഷളാക്കുന്നത് ”
അമ്മ അച്ഛനോട് എന്തൊക്കെയോ പറഞ്ഞ് തർക്കിക്കുന്നത് കേൾക്കാം. അവൾ വേഗം മുറിയിൽ എത്തി. തന്റെ വിരലിലേക് നോക്കി.
ഹരി എന്ന് എഴുതിയ മോതിരം. അന്ന് അത് ഇട്ട സമയം അവൾക്ക് ഓർമ്മ വന്നു

******

ചെറുക്കന്റെ വീട്ടുകാർ എത്തി എന്ന് പറഞ്ഞപ്പോൾ തൊട്ട് ഉള്ളിൽ ഒരു വെപ്രാളം ആണ്. ഒന്ന് കാണാൻ വെറുതെ കൊതിച്ചു. അവർ കൊണ്ട് വന്ന സാരി വാങ്ങാൻ ഇറങ്ങി വരുമ്പോൾ കൂടെ ഉണ്ടായിരുന്ന കസിൻ പറഞ്ഞു
“ദേ… ദിയ ഹരിയേട്ടൻ നിന്നെ കണ്ണ് വെട്ടാതെ നോക്കി ഇരിപ്പുണ്ട് ”
അത് കേട്ടതേ വർധിച്ച ആകാംഷയോടെ ദിയ തല ഉയർത്തി നോക്കി. ഹാ ആ നോട്ടം. കണ്ണുകളും…. ഹൃദയവും… കടന്ന് അങ്ങ് ആത്മാവിന്റെ അറ്റത്തു ചെന്ന് തൊട്ടു. അവിടെ പ്രണയത്തിന്റെ ഒരു വേര് പൊട്ടിമുളച്ചിരിക്കുന്നു…. തന്നിൽ നിന്നും പറിച്ചെറിയാൻ ആകാത്ത വിധം പടർന്നു കയറാൻ കരുത്തുള്ള ഒന്ന്.

മോതിരം അണിയിക്കുമ്പോൾ ആ സാമിപ്യം പോലും തന്നെ എങ്ങോട്ടോ മാറ്റികൊണ്ട് പോയി എന്ന് തോന്നി.

ചടങ്ങ് കഴിഞ്ഞു പോയപ്പോൾ അറിയാതെ ഒരു നൊമ്പരം ഉള്ളിൽ ഉടലെടുത്തു. അദേഹത്തിന്റെ കണ്ണുകളിലും അതെ നൊമ്പരം ഉണ്ടെന്ന് തോന്നി.
ദിയ പതിയെ ആ മോതിരത്തിൽ ചുണ്ടുകൾ അമർത്തി…

******

ഇന്നും…. ആ കണ്ണുകളിൽ നിന്ന് തനിക്ക് ഒരു മോചനം വന്നിട്ടില്ല. അല്ലെങ്കിൽ അന്ന് കല്യാണപന്തലിൽ വെച്ച് തന്നെ തള്ളി കളഞ്ഞപ്പോൾ ഈ മോതിരവും ഒപ്പം പോകേണ്ടതായിരുന്നു. അവർ അത് തിരികെ ചോദിച്ചില്ല….താൻ അത് തിരികെ കൊടുത്തതും ഇല്ല…..

ഇന്ന് വീണ്ടും ഒരു പെണ്ണ് കാണലിൽ എത്തി നിൽക്കുമ്പോൾ സന്തോഷമാണോ സങ്കടമാണോ എന്ന് അറിയാൻ കഴിയുന്നില്ല. അവൾ…. നിച്ചു.. അല്ല നക്ഷത്ര ആരാണവൾ…. അവളെ കണ്ട് മുട്ടിയതാണ് എല്ലാത്തിനും തുടക്കം. എന്നായിരുന്നു അത്….

 

അജിക്കൊപ്പം ഡ്രസ്സ്‌ എടുത്ത് ഇറങ്ങുമ്പോൾ ആണ് അമ്മേ എന്നൊരു ശബ്ദം കേട്ടത്. ആദ്യം ശ്രെദ്ധിച്ചില്ല എങ്കിലും രണ്ടാമത്തെ അമ്മ വിളിക്ക് ഒപ്പം തന്റെ സാരിത്തുമ്പിൽ ആരോ വന്ന് പിടിച്ചപ്പോൾ ആണ് പണിയാണല്ലോ എന്നോർത്തത്. നോക്കുമ്പോൾ കഴുത്തൊപ്പം മുടി വെട്ടിയിട്ട് ഒരു പെൺകുട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ ചുണ്ടുകൾ കരയാൻ വെമ്പി നിന്നു. അത് കണ്ടപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല. അവളെ വാരിയെടുത്തു.
“അമ്മ ഇന്നും നിച്ചുനെ കാണാതെ പോവാണല്ലേ ”
“അത്…. ഞാൻ.. ഞാൻ മോളുടെ അമ്മ അല്ലല്ലോ ”
“ആണല്ലോ. എന്നെ പറ്റിക്കാൻ നോക്കണ്ട. പപ്പാ പറഞ്ഞല്ലോ ഇത് തന്ന്യാ അമ്മ എന്ന്.”
ദിയക്ക് പെട്ടന്ന് എന്ത് മറുപടി പറയും എന്ന് അറിയാതെ ആയി. അവൾ അജിയെ നോക്കി. അവൻ ആണെങ്കിൽ എന്താ ഇപ്പൊ ഉണ്ടായേ എന്നാ മട്ടാണ്.

 

പ്രകാരനും ഭാര്യ സംഗീതയും നിച്ചുവിനെ കൂട്ടി വസ്ത്രം എടുക്കാൻ വന്നതാണ്. ആ പിറന്നാൾ ദിവസം അമ്മ തന്നത് എന്ന് പറഞ്ഞ് ഒരു കവർ അവൾക്ക് കിട്ടും.
“അമ്മമ്മേ ഇന്ന് നിച്ചുന്റെ അമ്മ വരോ ”
“വരും. ഇന്ന് ഉറപ്പായും വരാം എന്ന് പറഞ്ഞിട്ടുണ്ട്.”
“ശരിക്കും ”
“അതെ. അല്ലെ പ്രഭകരേട്ടാ ”
“അതെ നിച്ചൂട്ടാ. ഞാൻ പോയി ബില്ല് അടച്ചു വരാം ”
“ആ ”
അയാൾ ബില്ല് അടക്കാൻ പോയപ്പോൾ ആണ് നക്ഷത്ര പെട്ടന്ന് ദിയയെ കണ്ടതും ഓടിവന്നതും.

*****

“നിച്ചു ”
ഉറക്കെ ഉള്ള വിളി കേട്ട് നക്ഷത്രയും ദിയയും ഒന്നിച്ചു തിരിഞ്ഞു നോക്കി.
ഹരിയേട്ടന്റെ അമ്മ ഹരിയേട്ടന്റെ അച്ഛൻ…. അപ്പോ… അപ്പോൾ ഇത് ഹരിയേട്ടന്റെ മകൾ. അല്ലെ. അതെ ആർക്ക് വേണ്ടിയാണോ താൻ തീർത്തും ഉപേക്ഷിക്കപ്പെട്ടത് അതേയാൾ തന്നെയാണ് തന്നോട് കൂടെ ഇരിക്കുന്നത്. പക്ഷെ എന്തോ ദേഷ്യപ്പെടാൻ തോന്നുന്നില്ല…
അവരും പകച്ചു പോയിരുന്നു.
“അമ്മമ്മേ ദേ അമ്മ വന്നു ”
അവർ തലയാട്ടി ചിരിച്ചു എന്ന് വരുത്തി.

“നിച്ചു വാ നമുക്ക് കാറിൽ പോയ്‌ ഇരിക്കാം ”
“ഞാൻ അമ്മയ്ക്ക് ഒപ്പം വന്നോളാം ”
അവൾ ദിയയോട് പറ്റിച്ചേർന്നു കിടന്നു. ദിയ അവളെ കാറിലേക്ക് കൂട്ടികൊണ്ട് പോയി.
“മോള് ഇവിടെ ഇരിക്കു. അമ്മ ബില്ല് അടച്ചിട്ടു അച്ചാച്ചനേം കൂട്ടി വരാം ”
“ഉം ”
അവൾ തലയാട്ടി.
“വേഗം വരണേ ”
“ഓടി വരാം ഓക്കേ ”
“ഓക്കേ ”
ദിയ ഹരിയുടെ അമ്മയെ ഒന്ന് നോക്കി. അവരുടെ തല താഴ്ന്നു പോയിരുന്നു.
അവൾ കടയിലേക്ക് നടന്നു.

“അജി താൻ പൊയ്ക്കോ ഞാൻ കുറച്ചു കഴിഞ്ഞ് വന്നോളം ”
“താൻ എങ്ങോട്ട് പോകുന്നു ”
“ആ കൊച്ചിനെ വീട്ടിൽ ആക്കി വരാം ”
“ദിയ വേണ്ട അതൊക്കെ ആരാണ് എന്ന് വിചാരിച്ച നീ ”
“എന്തായാലും മനുഷ്യർ അല്ലെ. ഞാൻ പോയി വരാം ”
“ഉം ”
അയാൾ മനസില്ലമനസോടെ നീങ്ങി.
ദിയ ഹരിയുടെ അച്ഛനെ കാത്ത് നിന്നു.
പ്രഭാകരൻ ബില്ല് അടച്ചു നടന്നു. ദിയയെ കണ്ട് ഒരു നിമിഷം നിന്നു.
എന്ത് പറയും താൻ എന്ത്….
“മോളെ ”
“അവളുടെ പേര് എന്താ ”
“നക്ഷത്ര”
“അവളുടെ അമ്മ എവിടെ ”
“അറിയില്ല ”
“എന്താ അറിയാതെ ”
“മരിച്ചുപോയി എന്നറിയാം…. എന്ന് മാത്രം ”
“ഞാൻ എങ്ങനെ അവളുടെ അമ്മയായി.”
“അത്…. അത് ഹരി പറഞ്ഞിട്ടാ ഞങ്ങൾ ”
“അങ്ങനെ കാണുന്നവരുടെ ഒക്കെ അമ്മയാകാൻ ഉള്ള ആളല്ല ഞാൻ ”
“എനിക്കറിയാം ”
“പിന്നെ….”
അവൾക്ക് ദേഷ്യം വന്നു.

“മോൾക്ക് എന്ത് ചോദിക്കണം എന്നുണ്ടെങ്കിലും അവനോട് ചോദിച്ചോ. എന്റെ ഉത്തരങ്ങൾ ഒരിക്കലും മോളെ തൃപ്തി പെടുത്തില്ല.”
“ചോദിക്കും ചോദിക്കാൻ തന്നെയാണ് വരുന്നത്. ഒരിക്കൽ എല്ലാരുടെയും മുന്നിൽ വെച്ച് തള്ളിപ്പറഞ്ഞതല്ലേ എന്നെ അതും ഇവൾക്ക് വേണ്ടി..”
“അതിന് ഇപ്പോൾ ക്ഷമ ചോദിക്കാൻ മാത്രേ ഞങ്ങൾക്ക് പറ്റൂ… ക്ഷെമിക്കാൻ കഴിയുമെങ്കിൽ ”
ദിയക്ക് ദേഷ്യപ്പെടാനും കഴിയാതെയായി. എന്ത് വേണം അവർക്ക് ഒപ്പം പോകാണോ.
“അമ്മേ ”
അവൾ ചിന്തകളിൽ നിന്ന് ഉണർന്നു. പുഞ്ചിരിയോടെ അവൾക്ക് അരികിൽ ചേർന്നിരുന്നു
കാറിൽ നിച്ചു വായതോരാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒന്നും മനസിലായില്ല എങ്കിലും ദിയ അതിന് മറുപടി നൽകി. വണ്ടി നിന്നപ്പോൾ നിച്ചു തുള്ളിചാടി.
“അമ്മേ നമ്മുടെ വീട് എത്തിയല്ലോ ”
നമ്മുടെ വീട്…. ഒരിക്കൽ താനും ഈ വീടിന്റെ ഭാഗമാകാൻ കൊതിച്ചിരുന്നു എന്ന് നിച്ചുവിന് അറിയില്ല.

“വാ അമ്മേ ”
നിച്ചു അവളുടെ കൈ പിടിച്ച് വലിച്ചു.
താൻ വലതുകാൽ വെച്ച് കയറാൻ കൊതിച്ച വീട്…. ആരും പറഞ്ഞില്ല എങ്കിലും ആദ്യമായ് ആ വീട്ടിലേക്ക് കയറിയപ്പോൾ ദിയ വലതു കാൽ വെച്ചു തന്നെ കയറി.
നിച്ചു അവളെ കൂട്ടി മുകളിൽ ഹരിയുടെ മുറിയിലേക്ക് പോയി
“വാ അമ്മേ ”
അവൾ നിച്ചുവിന് ഒപ്പം മുറിയിലേക്ക് കടന്നു. ഈശ്വരാ തന്റേത് കൂടി ആകേണ്ടിയിരുന്ന മുറിയാണിത്. ഈ മുറി നിറയെ ഹരി തങ്ങി നിൽപ്പുണ്ട് എന്ന് തോന്നി. നിച്ചു അവളെ ബെഡിൽ പിടിച്ചു കിടത്തി. ഹരിയേട്ടൻ കിടക്കുന്ന ബെഡ്. അവൾ പതിയെ ബെഡിൽ ഇരുന്നു.
“നോക്ക് അമ്മേ കണ്ടോ ”
അവൾ ഒരു ഫോട്ടോ കൊണ്ട് വന്ന് കാണിച്ചു
“ഞാൻ പറഞ്ഞില്ലേ പപ്പയാണ് അമ്മയെ കാട്ടി തന്നത് എന്ന്. ദേ കണ്ടോ ഈ അമ്മ തന്ന്യാ ഇതും ”
എന്നും പറഞ്ഞ് അവൾക്ക് ദിയക്ക് കവിളിൽ ഉമ്മ നൽകി.
ദിയയും കണ്ടു…. എൻഗേജ്‌മെന്റിന് എടുത്ത ഒരു ഫോട്ടോയാണ് അത്. എന്തിന്… ഇതിന് ഈ മനുഷ്യൻ താൻ ആണ് അമ്മ എന്ന് പറഞ്ഞ് പഠിച്ചു. താൻ ഇപ്പോഴും ഉണ്ടോ ആ മനസ്സിൽ അതോ….

(തുടരും )