19/04/2026

രാത്രിമഴ : ഭാഗം 01

രചന – ജിഫ്ന നിസാർ

ഇരുമ്പു വാതിലിൽ കൂടി കുനിഞ്ഞു ഇറങ്ങി ദേവപ്രിയ ചുറ്റും നോക്കി.. വെയിൽ കണ്ണിനെ പുളിപ്പിക്കുന്നുണ്ട്.. കയ്യിൽ ഉള്ള പ്ലാസ്റ്റിക് കവർ ഒന്നൂടെ ചുരുട്ടി പിടിച്ചു.. റോഡിൽ അത്യാവശ്യം നല്ല തിരക്കുണ്ട്.. അവളൊന്നു ചുറ്റും നോക്കി.. എതിരെ വരുന്നവരും മുന്നിൽ പോകുന്നവരും എല്ലാവർക്കും അവരുടേതായ തിരക്കുകളിൽ ആവാം.. ആരെയും ശ്രദ്ധിക്കുന്നില്ല.. ഇവിടിങ്ങനെ നിന്നിട്ടെന്താ… കാത്തിരിക്കാനും കൂട്ടി കൊണ്ട് പോവാനും താനിപ്പോ വിദേശത്തു നിന്നും വരികയല്ലല്ലോ… ആ വലിയ ഇരുമ്പ് ഗേറ്റിലേക്ക് അവളൊന്ന് കൂടി പാളി നോക്കി… അതടഞ്ഞു കിടപ്പുണ്ട്… തന്റെ ഭാവി പോലെ… നിറമില്ലാത്ത കാഴ്ച പോലെ.. കയ്യിലുള്ള കവർ മുറുകെ പിടിച്ചു കൊണ്ട് അവളും ആ തിരക്കിലേക്ക് ഊളിയിട്ടു.. ശിവ പുരത്തേക്ക് ആണേൽ ഇങ്ങോട്ട് കയറിക്കോ ചേച്ചി ‘എന്നുള്ള കണ്ടക്ക്ട്ടർ പയ്യന്റെ പറച്ചിൽ കേട്ട് അവൾ പിന്നെ ഒന്നും നോക്കാതെ ആ ബസ്സിലേക്ക് കയറി.. അതികം തിരക്കില്ല.. ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റിൽ പോയിരുന്നു.. ഓരോ അര മണിക്കൂർ ഇടവിട്ട് നാട്ടിലേക്ക് ബസ്സുണ്ട്.. അതിനാൽ വലിയ തിരക്കില്ല.. ഓടി തുടങ്ങിയ ബസ്സിൽ പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കവേ അവൾ ഓർത്തത് ദേവ പ്രിയ എന്ന അവളെ കുറിച്ച് തന്നെ ആയിരുന്നു..

പേര് കേട്ട തറവാട്ടിൽ നിന്നും നയാര് കുട്ടിയെ കൊണ്ട് ഒരു നസ്രാണി ചെക്കൻ നാട് വിട്ടപ്പോൾ… ഒരു ദേശം മുഴുവനും തമ്മിലുള്ള പകയായി മാറിയിരിക്കുന്നു അത്.. അവളുടെ അപ്പൻ ജയിസ്‌ മാത്യു… അമ്മ സുജാത.. നാട്ടിലെ അറിയപ്പെടുന്ന കുടുംബം… രണ്ടു കൂട്ടരും.. ഒപ്പത്തിനൊപ്പം..എല്ലാം കൊണ്ടും. മതം ഒരു ഭ്രാന്ത് പോലെ കൊണ്ട് നടക്കുന്ന അവർക്ക് വേണ്ടി സ്വന്തം ജീവിതം ബലി കൊടുത്തില്ല എന്നതായിരുന്നു അവളുടെ അപ്പനും അമ്മയും ചെയ്തു പോയ അപരാതം.. കുറച്ചു അകലെ ഒരു വാടക വീട്ടിൽ ആയിരുന്നു പിന്നീട്.. അതികം ഒന്നും ഇല്ലേലും ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചു.. പല രീതിയിൽ… പലവട്ടം രണ്ടു വീട്ടുകാരും ദ്രോഹിച്ചിട്ടും തമ്മിലുള്ള വിശ്വാസം അണുവിടെ കുറയാത്ത അപ്പന്റെയും അമ്മയുടെയും സ്നേഹം അവൾക്ക് ഒരു അത്ഭുതം ആയിരുന്നു കുഞ്ഞു നാൾ മുതൽ.. അപ്പൻ പറഞ്ഞു തന്ന കഥകളാണ്.. അവരുടെ തന്നെ ജീവിതകഥ… മൂന്നു മക്കളാണ്… മൂത്തവൻ അമൽ… പിന്നെ ദേവ പ്രിയ… ഒരു അനിയത്തി കൂടി ഉണ്ട്… അമ്പിളി..എന്ന അനീറ്റ.. സന്തുഷ്ട കുടുംബം.. അപ്പന്റെ ഹൃദയം ആണ് മക്കൾ… അമ്മയുടെ പ്രാണനും.. എല്ലാത്തിനും കൂടെ ഉണ്ട്… ഒരു നിഴൽ പോലെ…

പക്ഷേ അങ്ങനെ അങ്ങ് സന്തോഷം മാത്രം ദൈവം തരില്ലല്ലോ.. അപ്പനോ അമ്മയോ… രണ്ടിൽ ആര് വിളിച്ച ദൈവം ആണോ ആവോ…. പാതിയിരുന്ന് ഒരുക്കിയ വിധിയിൽ ഒരു ആക്സിഡന്റ് രൂപത്തിൽ അപ്പന്റെ ജീവൻ കൊണ്ട് കടന്നു കളഞ്ഞപ്പോൾ കൂടെ കൊണ്ട് പോയത്… പ്രാണൻ ആയിരുന്ന അപ്പൻ കണ്മുന്നിൽ പിടഞ്ഞു തീർന്നത് കണ്ടു നിൽക്കേണ്ടി വന്ന അമ്പിളിയുടെ ബോധം കൂടി ആണ്.. പിന്നീട് അവൾ ഒരിക്കലും പഴയ പോലെ സ്വയബുദ്ധിയിൽ ഉണർന്നിട്ടില്ല.. ചിരിച്ചിട്ടില്ല… വല്ലാത്ത ഒരു അവസ്ഥയിൽ… ഒരുപാട് ചികിത്സാ ചെയ്തു… കയ്യിലുള്ള പണം തീർന്നത് മാത്രം മിച്ചം. മരവിപ്പ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും അന്നത്തെ അവസ്ഥ.. അമൽ അന്ന് ഡിഗ്രി ഒന്നാം വർഷം ആണ്.. ദേവപ്രിയ പ്ലസ്‌ ടു.. അമ്പിളി ആറാം ക്ലാസ്… അപ്പൻ പോയതോടെ ജീവിച്ചിരിപ്പുണ്ടോ എന്ന് ശ്വാസം നോക്കി കണ്ടു പിടിക്കേണ്ട ഗതികേടിൽ ആയിരുന്നു അമ്മ… അപ്പന്റെ തണലിൽ മാത്രം ജീവിതം അറിഞ്ഞവൾ.. മറ്റൊന്നും ഓർത്തിട്ട് കൂടി ഉണ്ടാവില്ല… പക്ഷേ…. മൂത്തവൻ ആയിരുന്ന ഏട്ടന്റെ തീരുമാനം പഠനം മുന്നോട്ടു എന്നത് തന്നെ ആയിരുന്നു…

എങ്ങനെ എന്നത് മാത്രം വലിയൊരു ചോദ്യചിഹ്നം.. കുടുംബത്തിൽ പോയി ഇരക്കാൻ തോന്നിയില്ല.. ജീവനോടെ ഇരുന്നപ്പോൾ തന്റെ അപ്പന്റെ നേരെ തിരിഞ്ഞു നോക്കാത്തവർ.. അവരിനി തരുന്നത് വേണ്ട എന്ന് ഉറപ്പിക്കാൻ ഒരുപാട് ചിന്തിച്ചു നോക്കേണ്ടി വന്നില്ല.. ഉത്തരവാദിത്തം മുഴുവനും തന്റെ തലക്ക് മുകളിൽ തൂങ്ങി ആടുന്നത് കണ്ടു ആദ്യം പകച്ചുപോയി.. ഏട്ടൻ… മൂത്തതാണ് എന്നൊരു അലങ്കാരം മാത്രം.. അപ്പൻ ഉള്ളപ്പോൾ എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ ആയിരുന്നു അപ്പൻ ഇല്ലായ്മയിലും.. ഒരുപാട് മോഹങ്ങൾ തനിക്കും ഉണ്ടായിരുന്നു.. അപ്പൻ വെള്ളമൊഴിച്ചു വളർത്തിയ മോഹങ്ങൾ.. അതെല്ലാം ദൂരെ ദൂരെ ഓടി അകലും പോലെ.. അപ്പന്റെ ഇൻഷുറൻസ് തുക കിട്ടിയത് കൊണ്ട് വീടിന്റെ മുന്നിൽ തന്നെ ഒരു കുഞ്ഞു കട തുടങ്ങി.. പലചരക്കു സാധനങ്ങൾ.. നാട്ടിൻ പുറത്ത് അത് നില നിൽക്കുമോ എന്നൊക്കെ അഭിപ്രായം പറയാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.. പക്ഷേ മറ്റൊരു വഴി തെളിയിച്ചു തരാൻ മാത്രം ആരും ഇല്ല.. പൊരുതാൻ തന്നെ തീരുമാനം എടുത്തു.. വളരുന്നു എന്നല്ലാതെ അമ്പിളിയുടെ അവസ്ഥയിൽ മാറ്റം ഒന്നും ഉണ്ടായില്ല..

ഏട്ടന്റേം.. അമ്മ മാത്രം കൂടെ ഉണ്ടായിരുന്നു… ശക്തി പകർന്നു കൊണ്ട്.. അപ്പന്റെ വിടവ് ഒഴിഞ്ഞു തന്നെ കിടന്നു.. പക്ഷേ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ആ കട കൊണ്ട് സാധിച്ചു.. നല്ലവരായ കുറച്ചു സുഹൃത്തുക്കളെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് തോന്നിയിരുന്നു.. ടീച്ചർ ജോലി സ്വപ്നത്തിൽ പോലും ഇല്ലാത്ത താൻ ഗതികേട് കൊണ്ടാണ് TTC പഠിക്കാൻ അപേക്ഷിക്കുന്നത് എന്നോർക്കുമ്പോൾ ചിരിച്ചു പോയിരുന്നു.. പ്ലസ് ടു കഴിഞ്ഞു രണ്ടു വർഷം പഠിച്ചാൽ മതിയല്ലോ ഒരു ജോലി കിട്ടാൻ എന്നായിരുന്നു ഓർത്തത്.. അത്രയും ഞെരുങ്ങി പോവുന്നുണ്ട് ജീവിതം… ഏട്ടന് മാറ്റം ഒന്നും ഇല്ലേലും ചിലവുകൾ ഒട്ടും കുറവില്ല.. കിട്ടുന്നതിൽ പാതി ആ വഴിക്കാണ് പോകുന്നത്.. യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ എടുത്തു കൊണ്ട് പോകും.. അമ്മയെ പുല്ല് വിലയാണ്.. വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയും.. അവനെ നേരിടാൻ ഉള്ള ശേഷി ഒന്നും ആ പാവത്തിനില്ല… അതവനും അറിയാം.. നിശബ്ദമായി കണ്ണീർ വാർക്കുന്ന അമ്മയേ കാണുമ്പോൾ അപ്പന്റെ സാമീപ്യം വല്ലാതെ കൊതിച്ചു പോയിരുന്നു..

കടയിലെ വരുമാനം എങ്ങും എത്തുന്നില്ല എന്ന് കണ്ടപ്പോൾ അടുത്തുള്ള വീടുകളിൽ പാത്രം കഴുകാൻ വരെയും പോയി.. അപ്പോഴും അമ്മ കരഞ്ഞു തീർക്കും.. ആ കണ്ണുനീർ പിടിച്ചു നിൽക്കാനുള്ള ശക്തി പകർന്നു.. അതിനിടയിൽ അമ്പിളിയുടെ ചികിത്സാ… തന്റെ പഠനം.. എല്ലാം കൂടി വല്ലാതെ നോവിച്ചു. രണ്ടു കുടുംബവും തിരിഞ്ഞു നോക്കിയില്ല… അതിലോട്ടു പരാതിയും തോന്നിയില്ല.. സ്വന്തം എന്ന് തോന്നുന്നതിനോടല്ലേ പരിഭവം തോന്നു.. പകൽ മുഴുവനും ഓരോ തിരക്കുകൾ കൊണ്ട് ഓടി തീർത്താലും രാത്രിയിൽ ഹൃദയം വല്ലാതെ നോവും.. ആരും അറിയാതെ തലയിണയിൽ സങ്കടം മുഴുവനും പെയ്തു തീർക്കും… രാത്രി മഴ പോലെ…. പിറ്റേന്ന് പകൽ വീണ്ടും തിരക്കിലേക്ക് അലിയും…. സഹതാപം കാണിക്കാൻ ചുറ്റും ഇഷ്ടം പോലെ ആളുണ്ട്… പുച്ഛം തോന്നി.. എല്ലാത്തിനോടും.. ഒരിക്കൽ കടയിലെ കുഞ്ഞു മേശയിൽ നിന്നും ആകെ ഉള്ള ഇത്തിരി കാശ് എടുക്കാൻ ശ്രമിച്ച ഏട്ടനെ തടഞ്ഞു.. പിറ്റേന്ന് അമ്പിളിയുടെ ഡോക്ടറെ കാണിക്കാൻ പോവണം.. അതിന് കുറച്ചു കാശ് കൂടി എങ്ങനെ കണ്ടെത്തും എന്ന് ആലോചിച്ചു ഇരിപ്പായിരുന്നു..

ഇപ്പൊ തന്നെ കടം ഒത്തിരി ഉണ്ട്.. ഇനി ആരോട് ചോദിക്കും.. ഒരു പതിനെട്ടു കാരിക്ക് സഹിക്കാൻ കഴിയാത്ത ഭാരം ആണ് ചുമലിൽ.. നിറമുള്ള സ്വപ്നം കാണേണ്ട പ്രായം.. പക്ഷേ.. “ഇതിനി കൊണ്ട് പോവാൻ പറ്റില്ല ഏട്ടാ.. നാളെ അമ്പിളിയുടെ ഡോക്ടറെ കാണാൻ പോവാനാ..” അമലിന്റെ കയ്യിൽ പിടിച്ചു തടഞ്ഞു കൊണ്ട് പറയുമ്പോൾ സ്വരം പാറ പോലെ ഉറച്ചു നിന്നിരുന്നു.. അവനൊന്നു ചിറഞ്ഞു നോക്കി.. കണ്ണുകൾ ചുവന്നു പോയിരുന്നു.. “അത് പറയാൻ നീ ആരാടി &&&&&*%₹&മോളെ… എന്നെ തടയാൻ മാത്രം വളർന്നോടി നീ ” ചീറി കൊണ്ട് അമൽ പറയുമ്പോൾ അവനിൽ മദ്യത്തിന്റെ മണം ഉണ്ടായിരുന്നു എന്നത് പ്രിയയെ തളർത്തി.. ഇവനിതും കയ്യിൽ ഉണ്ടോ.. “അത് തന്നെ ആണേട്ടാ കാര്യം.. ഞങ്ങളോക്കെ ആരാന്ന് ഏട്ടൻ മറന്നു പോകുന്നു.. ഏട്ടൻ ഉണ്ടായിട്ടും ഞാൻ ഈ കഴുതയെ പോലെ…”പ്രിയയുടെ ശബ്ദം ഇടറി.. പക്ഷേ അവന്റെ പരുക്കൻ മുഖം കണ്ടപ്പോൾ അവളുടെ ഉള്ളിൽ പുച്ഛം തോന്നി.. ഒരുപാട് പ്രാവശ്യം പല രീതിയിൽ പറഞ്ഞിട്ട് ചെവി കൊള്ള ത്തവൻ ആണ്.. പണത്തിനു ആവിശ്യം ഉണ്ടെങ്കിൽ മാത്രം വരുന്നവൻ..

അവനോടു സങ്കടം പറഞ്ഞിട്ട് എന്താ കാര്യം.. “ഒരു കാര്യം ഞാൻ പറയാ.. ഈ കയ്യിട്ടു വാരുന്ന പരിപാടി ഇനി ഇവിടെ നടക്കത്തില്ല. ഒരുപാട് കഷ്ടപെട്ട ഞാൻ ഇത് മുന്നോട്ടു കൊണ്ട് പോണത്.. ആവിശ്യങ്ങൾ ഒരു മലയോളം കുന്ന് കൂടി കിടപ്പുണ്ട്.. ഒരറ്റം കാണാതെ പിടയുവാ ഞാൻ.. അതിനിടയിൽ ഏട്ടന്റെ കാര്യം കൂടി നോക്കാൻ എനിക്ക് വയ്യ.. ആരോഗ്യം ഉണ്ടല്ലോ. അധ്വാനിച്ചു ജീവിച്ചൂടെ.. ഞാനും പോണുണ്ട് പടിക്കാൻ.. എന്ന് കരുതി ചുമ്മാ തിന്ന് കഴിയുന്നില്ല..” വെറുപ്പ് മുഴുവനും ഉണ്ടായിരുന്നു വാക്കിൽ. അമലിന്റെ മുഖം വലിഞ്ഞു മുറുകി.. കണ്ണുകൾ ഒന്നൂടെ ചുവന്നു.. അവൻ അവളുടെ മുടിയിൽ കുത്തി പിടിച്ചു.. പ്രിയ വേദന കൊണ്ട് പുളഞ്ഞു പോയിരുന്നു.. എങ്കിലും അവൾ കരഞ്ഞില്ല.. “എന്നെ ജോലിക്ക് വിടാൻ മാത്രം ആയോടി ശവമേ നീ… നീ ആരാന്നാ നിന്റെ വിചാരം.. കൊന്നു കളയും ഞാൻ.. ഒരാളും ചോദിച്ചു വരില്ല അമലിനോട്.. മാറടി അങ്ങോട്ട്‌..” കേട്ടാൽ അറക്കുന്ന മൂന്നാലു തെറി കൂടി വിളിച്ചു പറഞ്ഞു അവൻ.. “വിടെടാ അവളെ..” അമ്മ കരഞ്ഞു കൊണ്ട് പറയുന്നതൊന്നും അവൻ കേൾക്കുന്നില്ല.. വാശി പോലെ പിടി മുറുക്കി… പ്രിയയും അവന്റെ കൈയിൽ അമർത്തി കടിച്ചു..

അതവന്റെ സമനില തെറ്റിച്ചു.. അവളെ ചവിട്ടാൻ കാൽ ഉയർത്തി.. പക്ഷേ ചവിട്ട് കൊണ്ട് മറിഞ്ഞു വീണത് അമ്മയാണ്.. ഒരു നിമിഷം പ്രിയയുടെ ശ്വാസം നിലച്ചു.. അല്ലേലെ വയ്യാത്ത ആളാണ്‌..അമ്മ തൊട്ടടുത്തുള്ള ഇരുമ്പ് കമ്പിയിൽ തല ഇടിച്ചു അമ്മ വീണത് കണ്ടു അവളുടെ ഉള്ളിൽ നിന്നും ഒരു നിലവിളി പിടഞ്ഞു.. അമലിനെ തള്ളി മാറ്റി അമ്മയെ വാരി എടുക്കുമ്പോൾ തലയിൽ നിന്നും ചോര വരുന്നുണ്ട്.. വാടിയ പോലെ കയ്യിൽ കിടക്കുന്ന അമ്മയെ നോക്കി അവൾ തളർന്നിരുന്നു.. ആ കണ്ണുകൾ അടഞ്ഞു പോയിരുന്നു.. അമൽ ആവട്ടെ ഇതൊന്നും നോക്കുക പോലും ചെയ്യാതെ കയ്യിൽ കിട്ടിയ കാശും കൊണ്ട് പോവുന്നത് കാണെ പ്രിയ പൊട്ടികരഞ്ഞു പോയിരുന്നു.. അന്നോളം പകൽ വെളിച്ചം കാണാത്ത കണ്ണുനീർ മത്സരത്തിൽ ആയിരുന്നു.. അമ്പിളി അതൊന്നും അറിയാത്ത പോലെ ഇരിക്കുന്നു.. കരച്ചിൽ കേട്ടിട്ടാവും… ആരെക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.. അമ്മ ഇനി ഒരിക്കലും എഴുന്നേറ്റു നടക്കില്ല എന്ന് ഡോക്ടർ പറഞ്ഞത് കേട്ട്… ലോകം മുഴുവനും കറങ്ങും പോലെ ആണ് തോന്നിയത്.. തീർത്തും തോറ്റു പോയത് പോലെ.. തുണ ആവേണ്ടവൻ നൽകിയ സമ്മാനം..

നട്ടെല്ല് തകർത്തു കൊണ്ട്… തിരിഞ്ഞു നോക്കാതെ പോയവൻ ശെരിക്കും കൂടപ്പിറപ്പ് തന്നെയോ.. അമ്മയുടെ മുന്നിൽ തളർച്ച കാണിച്ചില്ല. സർക്കാർ ഹോസ്പിറ്റലിലെ വാർഡിൽ… ഒറ്റക്കിരുന്നൊന്ന് കരയാൻ കൂടി വയ്യാതെ ചുറ്റും ആളുകൾ….പ്രിയ ഉരുകി.. അമ്പിളിയേ ചേർത്ത് പിടിച്ചു കൊണ്ട്.. ഒരാഴ്ചയായി ഹോസ്പിറ്റലിൽ.. ഡിസ്ചാർജ് ഉണ്ടെന്ന് കേട്ട് ബില്ല് വാങ്ങാൻ ചെന്നപ്പോൾ.. കാതിൽ അവശേഷിക്കുന്ന അവസാന പൊന്ന്… അത് വിറ്റാൽ പോലും തികയില്ല എന്നറിഞ്ഞു.. സർക്കാർ ഹോസ്പിറ്റലിൽ ആണേലും ടെസ്റ്റ് എല്ലാം പുറത്ത് നിന്നും ചെയ്യണം.. അങ്ങനെ വന്നതാ ഈ ബില്ല്.. ഒഴിഞ്ഞു കിടക്കുന്ന ഒരു കസേരയിൽ തളർന്നു ഇരുന്നു പോയി.. ഉള്ളിലെ സങ്കടം കണ്ണുകൾ തീർത്തു കൊടുക്കുന്നുണ്ട്.. ഇനി ആരോടു ചോദിച്ചു നോക്കും എന്നറിയില്ല.. “എന്താ മോളെ.. മോൾക് എന്താ പ്രശ്നം.. ഒത്തിരി നേരം ആയല്ലോ കരയുന്നു.. എന്നോട് പറയാൻ കഴിയും എങ്കിൽ….” തോളിൽ പതിഞ്ഞ കൈയ്യോടപ്പം ഉയർന്ന ചോദ്യം.. തൊട്ടടുത്തുള്ള കസേരയിൽ ഒരു പ്രായം ചെന്ന അമ്മ.. കാണാൻ തന്നെ നല്ല ഐശ്വര്യം.. വലിയ പണ കാരി ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം..

വേറെ ഒരു വഴി കാണാതെ വിഷമിച്ചത് കൊണ്ടാവും അവരോടു തന്റെ അവസ്ഥ പറയുബോൾ അവൾ കരഞ്ഞു പോയിരുന്നു.. എല്ലാം കേട്ട് കഴിഞ്ഞു ഒന്ന് ചിരിച്ചു കൊണ്ട് അവർ പ്രിയയുടെ തലയിൽ തലോടി.. ശേഷം ആരെയോ ഫോണിൽ വിളിച്ചു.. കണ്ണിൽ ചോദ്യം ഒളിപ്പിച്ചു ഒരു ചെറുപ്പകാരൻ നടന്നു വന്നിരുന്നു അടുത്തേക്ക്.. “എന്റെ കൊച്ചു മോനാ.. അവൻ ഇവിടെ കോളേജിൽ മാഷാ.. ശ്രീജിത്ത്..” അവർ പരിജയപെടുത്തി.. ഒന്ന് ചിരിക്കാൻ കൂടി വയ്യാതെ പ്രിയ അവന്റെ നേരെ നോക്കി.. ആ കണ്ണിൽ അപ്പോഴും സംശയം ആയിരുന്നു.. അവന്റെ കൈപിടിച്ചു മാറ്റി നിർത്തി ആ അമ്മ ഓരോന്നു പറയുന്നുണ്ട്.. ഇടയ്ക്കിടെ അവന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു.. പിന്നെ ഒന്നും പറയാതെ അവളുടെ കയ്യിൽ നിന്നും ബില്ല് വാങ്ങി തിരിഞ്ഞു നടന്നു.. “എനിക്ക് മോൾടെ അമ്മയെ കാണാൻ തോന്നുന്നു..’ അവർ പറയുമ്പോൾ അവളും എഴുന്നേറ്റു.. മുറിയിൽ എത്തും വരെയും തന്റെ ജീവിതം തന്നെ മാറി മറിയുന്ന ഒന്നാണ് ആ കണ്ടു മുട്ടൽ എന്നറിഞ്ഞില്ല.. മുറിയിൽ എത്തിയ പാടെ.. അമ്മയെ കണ്ടപ്പോൾ തന്നെ ഷോക്കേറ്റ പോലെ നിന്നിരുന്ന ആ അമ്മയെ അവൾ പകച്ചു നോക്കി..

അമ്മയെ നോക്കുമ്പോൾ അമ്മയും കരയുന്നു.. പിന്നെയും ഏറെ നേരം കഴിഞ്ഞു… അത് തന്റെ അമ്മയുടെ സ്വന്തം അമ്മയാണ് എന്നത് തിരിച്ചറിയാൻ.. ബില്ലടച്ചു തിരികെ വന്നവനും പുതിയ ബന്ധം കണ്ടു അന്ധം വിട്ട് പോയിരുന്നു.. അമ്മയുടെ സഹോദരൻ അശോകിന്റെ മോനാണ് ആള്.. പിന്നെ എല്ലാം പെട്ടന്നായിരുന്നു.. അമ്മയുടെ പരിതാപകരായ അവസ്ഥ കണ്ടപ്പോൾ തന്നെ അമ്മമ്മയുടെ മനസ്സിൽ പകയൊക്കെ കെട്ട് പോയിരുന്നു എന്ന് തോന്നി.. ഏറെ സ്നേഹത്തോടെ പ്രിയയെയും അമ്പിളിയെയും ചേർത്ത് പിടിച്ചു.. ഈ അവസ്ഥയിൽ തിരികെ ആ വാടക വീട്ടിലേക്ക് ഒറ്റയ്ക്ക് പോയിട്ട് മോൾ എന്താ ചെയ്യുക “എന്ന ചോദ്യത്തിന് മുന്നിൽ പതറി പോയിരുന്നു.. സത്യത്തിൽ അറിയില്ല… ഇനി എങ്ങനെ എന്നത്.. “ആ വീട് ഇവൾക്കും കൂടി അവകാശം ഉള്ളതാ.. ഇനി എന്റെ മക്കൾ അവിടെ നിന്നാൽ മതി ” അന്തിമ തീരുമാനം പോലെ അമ്മമ്മ പറഞ്ഞത് അംഗീകരിക്ക അല്ലാതെ മറ്റ് വഴി ഒന്നും ഉണ്ടായിരുന്നില്ല.. ശ്രീ ജിത്തും ധൈര്യം പകർന്നു.. ഒരുപാട് ആളുകൾ ഉള്ള തറവാട്ടിൽ… എങ്ങനെ എന്നൊക്ക ആലോചിച്ചു മനസ്സിൽ പേടി ഉണ്ടായിരുന്നു..

ആദ്യം നിന്നിരുന്ന വാടക വീട്ടിൽ നിന്നും അത്യാവശ്യം വേണ്ടുന്നത് എല്ലാം എടുത്തു ആ കൂടെ പടിയിറങ്ങി.. ചെന്ന് കയറുമ്പോൾ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായിരുന്നു.. അത് പ്രതീക്ഷിച്ചു.. അത് കൊണ്ട് വല്ലാത്ത വേദന തോന്നിയില്ല.. ശ്രീജിതിന്റെ അച്ഛൻ കൂടാതെ അമ്മക്ക് ഒരു ആങ്ങള കൂടി ഉണ്ട്.. വിശാകൻ.. അയാളുടെ ഭാര്യ സുലോചന.. രണ്ടു മക്കൾ.. അശോകൻ ഭാര്യ ദേവകി.. ശ്രീജിത്തു കൂടാതെ ഒരു മകൾ കൂടി ഉണ്ട്.. പിന്നെ അമ്മയുടെ ചേച്ചി സുഭദ്ര.. ഭർത്താവ് വാസു ദേവൻ… മൂന്നു മക്കൾ… ഇനിയും അറിയാതെ വേറെയും ചിലർ.. പക്ഷേ എല്ലാ മുഖത്തും ദേഷ്യം.. പുച്ഛം.. അതിന് മാത്രം ഒരേ ഭാവം.. “ആ കാണുന്ന കുഞ്ഞു വീട്ടിൽ താമസിക്കാൻ സമ്മതിക്കുമോ ഞങ്ങളെ ” കുറച്ചു മാറി ഓടിട്ട ചെറിയ ഒരു വീടിന്റെ നേരെ ചൂണ്ടി പ്രിയ ചോദിച്ചു.. അതാണ്‌ നല്ലത് എന്ന് അവൾക്ക് തോന്നി. ചുറ്റും പകയോടെ നോക്കുന്നവർ.. അവർക്കിടയിൽ വയ്യാത്ത അമ്മ.. സമനില തെറ്റിയ അനിയത്തി… അത് വയ്യ.. ഏറെ എതിർത്തു എങ്കിലും അവസാനം അമ്മമ്മ അവൾക്ക് മുന്നിൽ മുട്ട് മടക്കി.. രണ്ടു റൂമും കുഞ്ഞു അടുക്കളയും ഉള്ള ഒരു കുഞ്ഞു വീട്..

അവൾക്ക് അത് സ്വർഗം തന്നെ ആയിരുന്നു..വാടക ചോദിച്ചു പരുക്കൻ സ്വഭാവം കാണിച്ചു ആരും വരില്ലല്ലോ.. അത് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു. അമൽ പിന്നെ ആ ഭാഗത്തു തന്നെ വന്നിട്ടില്ല.. കട ഏറക്കുറെ നിന്ന് പോയിരുന്നു എന്ന് തന്നെ പറയാം.. അമ്മയെ ചവിട്ടി വീഴുതി എന്നും പറഞ്ഞു കേസ് കൊടുക്കണം എന്നൊക്കെ ഒരുപാട് പേര് ഉപദേശിച്ചു.. ഒന്നിനും തോന്നിയില്ല.. അതിനും നല്ല കാശ് വേണം.. വെറുതെ എന്തിനാ.. മൊത്തത്തിൽ ഒരു തളർച്ച പോലെ.. തറവാട്ടിൽ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല.. മാമന്മാരെ പേടിച്ചാണ് എന്ന് അമ്മമ്മ വന്നപ്പോൾ ഒരിക്കൽ പറഞ്ഞു. അമ്മമ്മ എന്നും വന്നിരുന്നു.. മാമന്മാർ ഇപ്പോഴും വാശി കാണിച്ചു നടപ്പാണ് പോലും.. ആരോട്.. മരിച്ചു മണ്ണടിഞ്ഞു പോയ അപ്പനോടോ.. പാതി മരിച്ച അമ്മയോടോ ശ്രീ ജിത്ത് മാത്രം അമ്മമ്മയുടെ കൂടി ഇടയ്ക്കിടെ വരും.. നിറയെ ധൈര്യം തരും.. ഒറ്റക്കല്ല എന്ന് ഓർമിപ്പിക്കും. അമ്പിളിക്ക് പലഹാരം കൊണ്ട് വന്നു കൊടുക്കും.. ശെരിക്കും ഒരു ഏട്ടൻ എങ്ങനെ ആവണം എന്ന് അറിയിക്കുന്നു ഭാവം.. “TTC കഴിഞ്ഞ സർട്ടിഫിക്കേറ്റ് കയ്യിലുണ്ട്.. ഇവിടെ എവിടെ എങ്കിലും ഒരു ജോലി സംഘടിപ്പിച്ചു തരുമോ എന്ന് ” മടിയോടെ ആണ് ചോദിച്ചത്.. ആള് ഒന്നും മിണ്ടാതെ അൽപ്പനേരം നോക്കി ഇരുന്നു പോയി..

ചോദിക്കണ്ടായിരുന്നു എന്ന് തോന്നി പോയി. ഒത്തിരി കാശ് വേണ്ടി വരുമായിരിക്കും.. പക്ഷേ ജീവിക്കാൻ ഒരു ജോലി ഇപ്പൊ കിട്ടിയേ തീരു.. എത്ര എന്ന് വെച്ച മറ്റുള്ളവരെ ആശ്രയിക്കുന്നത്.. വീട്ട് സാധനം മുഴുവനും അമ്മമ്മ എത്തിച്ചു തരും… വേണ്ടന്ന് പറയുമ്പോൾ ദേഷ്യത്തോടെ നോക്കും.. പിന്നെ ഒന്നും പറയാൻ തോന്നിയില്ല.. അമ്മയുടെ ചികിത്സാ ചിലവ് മുഴുവനും അമ്മമ്മ തന്നെ ആണ്.. തറവാട്ടിൽ ആരും അമ്മമ്മയെ എതിർക്കില്ല.. മാമന്മാർ പോലും ആ മുന്നിൽ നില വിട്ടു ഒന്നും പറയാറില്ല എന്നാണ് അമ്മ പറഞ്ഞത്.. അച്ഛാച്ചൻ മരിച്ചിട്ട് മൂന്നു വർഷം ആവുന്നേ ഒള്ളു പോലും.. അമ്പിളിയുടെ ചികിത്സാ മുഴുവനും മുടങ്ങി കിടക്കുന്നു. എന്നെങ്കിലും അവൾ തിരിച്ചു വരും… എന്നുള്ള മങ്ങിയ പ്രതീക്ഷ.. അത് മുടക്കാൻ തോന്നിയില്ല.. അത് കൂടി അമ്മമ്മയെ ഏല്പിക്കാൻ തോന്നിയില്ല.. അടുത്തുള്ള വീടുകളിൽ ജോലിക്ക് ആള് വേണോ എന്ന് ചോദിച്ചു നോക്കാം എന്നുറപ്പിച്ച ദിവസം വൈകുന്നേരം ശ്രീജിത്ത് വന്നത് അടുത്തുള്ള സ്കൂളിൽ പിറ്റേന്ന് പോയി ജോയിൻ ചെയ്യാനുള്ള അപ്പോയിമെന്റ് ഓർഡർ കൊണ്ടാണ്.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയിരുന്നു…

ആളുടെ സുഹൃത് ആണ് പ്രിൻസിപ്പൽ.. അങ്ങനെ കിട്ടിയ ജോലി.. തന്റെ അവസ്ഥ പറഞ്ഞു കാണും.. ഇന്റർവ്യൂ പോലും ഇല്ല.. “നന്ദി എന്നൊക്കെ പറഞ്ഞു എന്നെ അങ്ങ് ചെറുതാക്കി കളയല്ലേ പ്രിയ.. തനിക്കു കഴിവുണ്ട്.. നാളെ മുതൽ റെഡി ആയിക്കോ.. പുതിയ അങ്കത്തിനു “കണ്ണിറുക്കി പറയുന്നവനെ നന്ദിയോടെ നോക്കി.. “എല്ലാർക്കും ഞാൻ ശ്രീഏട്ടൻ ആണ്.. തനിക്കും അങ്ങനെ വിളിക്കാം.. പേര് വിളിക്കാൻ ഇല്ലാതെ വെറുതെ മുക്കിയും മൂളിയും ബുദ്ധി മുട്ടണ്ട ഇനിയും ” ചിരിച്ചു കൊണ്ട് ആള് പറയുമ്പോൾ പ്രിയയും ചിരിച്ചു പോയി… അങ്ങനെ ആണ് എല്ലാർക്കും പ്രിയപ്പെട്ട പ്രിയ ടീച്ചർ ആവുന്നത്.. തികച്ചും പുതിയ മാറ്റം.. ഇത്തിരി നിറം പകർന്നു കിട്ടി ജീവിതം മുഴുവനും… “ചേച്ചി…” ആരോ കുലുക്കി വിളിക്കുമ്പോൾ ഓർമകൾ തിരിച്ചു ഓടി മറഞ്ഞു.. ” എന്തോര് ഇരുപ്പാണ് ചേച്ചി.. സ്ഥലം എത്തി.. ഞാൻ എത്ര നേരം ആയി വിളിക്കുന്നു ” കണ്ടക്ടർ പയ്യന്റെ പരിഭവം.. ഒന്ന് ചിരിച്ചു കൊണ്ട് പ്രിയ എഴുന്നേറ്റു.. ശെരിയാണ്.. തന്റെ നാട് എത്തി.. അഞ്ചു വർഷം കൊണ്ട് ഒത്തിരി മാറ്റം.. അവൾ പുറത്ത് ഇറങ്ങി.. കാണുന്നവർ എല്ലാം സൂക്ഷിച്ചു നോക്കുന്നുണ്ട്.. എല്ലാ മുഖത്തും അത്ഭുതം.. ചുണ്ടിൽ ഒരു കുഞ്ഞു ചിരിയോടെ പതിയെ നടന്നു നീങ്ങി… റോഡ് കഴിഞ്ഞു ഇടവഴി എത്തിയപ്പോൾ മുതൽ ഹൃദയം മിടിപ്പ് വല്ലാതെ കൂടി.. ശരീരം ഐസ് പോലെ മരവിച്ചു. അഞ്ചു വർഷം മുൻപ് കയ്യിൽ വിലങ്ങും അണിഞ്ഞു പോകുന്ന തന്റെ ചിത്രം ഓർക്കവേ അവളിൽ ഒരു വിറയൽ പാഞ്ഞു കയറി… തുടരും…