18/04/2026

ലയനം : ഭാഗം 13

രചന – ഭവ്യ ഭാസ്ക്കരൻ

താമരയെ പെട്ടെന്ന് കണ്ട ഷോക്കിൽ ഇന്ദ്രനും മേനകയും കിരണും രുദ്രനും ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. താമര പുച്ഛത്തോടെ അവരുടെ അടുത്തേക്ക് നടന്നു ചെന്നു. എന്താ എല്ലാവരും പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നെ…? താമര പരിഹാസത്തോടെ ചോദിച്ചു. അവൾ എന്തിനാണ് ഇപ്പോ ഇങ്ങോട്ട് വന്നത് എന്ന് അവരുടെ മനസ്സിൽ പല ചിന്തകളും ഉയർത്തി. അവർ എല്ലാം പുറത്തേക്കു നോക്കി. ഞാൻ ഒറ്റയ്ക്കാ വന്നത്. കൂടെ ആരും ഇല്ല. അവരുടെ സംശയത്തിന് അവൾ ഉത്തരം നൽകി. ഇത്ര നാളും കണ്ണീരോടെ ഞങ്ങൾക്ക്‌ മുന്നിൽ നിന്നവൾ ഇന്ന് ധൈര്യത്തോടെ സംസാരിക്കുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. പതിയെ അവരുടെ മുഖം മങ്ങി. ദേഷ്യം നിറഞ്ഞു. കിരൺ അവളുടെ അടുത്തേക്ക് ചെന്നു. നീ എന്താ താമര എന്നോട് പറയാതെ പോയത്. എവിടെ ഓക്കെ അന്വേഷിച്ചു എന്നറിയോ..? കിരൺ അവളെ നോക്കി കൊണ്ടു പരിഭവത്തോടെ ചോദിച്ചു. അവൾ കിരണിനെ കൂർപ്പിച്ചു നോക്കി.

അതിന് നീ എന്റെ ആരാ..? നെറ്റി ചുളിച്ചു കൊണ്ടവൾ ചോദിച്ചു. താമര… കിരൺ വിളിച്ചു. നിനക്ക് ഇനി മതിയായില്ലേ.. ഡാ. അവൾക്ക്‌ നിന്നെ വേണ്ട. പിന്നെ നീ എന്തിനാടാ.. അവളുടെ പുറകെ. രുദ്രൻ ദേഷ്യത്തോടെ ചോദിച്ചു. ഇവളായിട്ട് തന്നെ ഇങ്ങോട്ട് വന്നത് നന്നായി. ഇനി നീ ആഗ്രഹിച്ചാൽ പോലും ഇവിടെ നിന്നെ പുറത്തേക്കു പോവാൻ കഴിയില്ല താമര. രുദ്രൻ അവളെ നോക്കി കൊണ്ടു പറഞ്ഞു. അത് നീയാണോ തീരുമാനിക്കുന്നെ..? ഞാൻ ഇവിടെ വന്നിട്ടുണ്ടെങ്കിൽ അതുപോലെ തിരിച്ചു പോയിരിക്കും. താമര അവനെ നോക്കി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു. നീ പോവില്ല. അത്‌ ഞങ്ങൾ അങ്ങോട്ടു തീരുമാനിച്ചു. നിന്നെ രക്ഷിക്കാനും ആരും വരില്ല. അങ്ങനെ വന്നവനെ ആ നാട്ടിൽ നിന്ന് തന്നെ ഓടിച്ചു. ഒരു നിമിഷം താമരയുടെ മനസ്സിൽ സൂര്യന്റെ മുഖo മിന്നി മറഞ്ഞു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു.

എന്തായിരുന്നു അച്ഛാ ആ വാദ്യരുടെ പേര്.. രുദ്രൻ പുച്ഛത്തോടെ ചോദിച്ചു. സൂര്യൻ.. ഇന്ദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ആ പേര് കേട്ടപ്പോൾ ഒരു നിമിഷമവൾ തറഞ്ഞു നിന്നു. നെഞ്ച് നീറി. ചുണ്ടുകൾ കടിച്ചുപിടിച്ചു സങ്കടത്തെയവൾ കണ്ട്രോൾ ചെയ്തു കൊണ്ടവരെ നോക്കി. അവളുടെ കണ്ണിൽ പകയെരിഞ്ഞു. ഇന്ദ്രൻ അവൾക്ക് അരികിലേക്ക് നടന്നു വന്നു. എവിടെക്കാടി നീ പോയത്.. അവളുടെ മുടി കുത്തിൽ പിടിക്കാൻ തുടങ്ങും മുന്നേ കിരൺ അവർക്ക് ഇടയിൽ കയറി നിന്നു. കിരൺ കത്തുന്ന മിഴികളോടെ ഇന്ദ്രനെ നോക്കി. ഞാൻ നിങ്ങളോട് പറഞ്ഞതാണ്.. ഇവളെ എനിക്ക് വേണമെന്ന്. നിങ്ങൾക്ക് വേണ്ടത് സ്വത്ത് അല്ലെ..? അത്‌ ഇവൾ എഴുതി തരും. കിരൺ അവരെ നോക്കി കൊണ്ട് തറപ്പിച്ചു പറഞ്ഞു. താമരയുടെ മുഖത്ത് പുച്ഛചിരി വിരിഞ്ഞു. അച്ഛന്റെ മകന്റെ പോർവിളികൾ കഴിഞ്ഞു വെങ്കിൽ എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാമായിരുന്നു. താമര പരിഹാസത്തോടെ പറഞ്ഞു.

ആഹ്.. കിട്ടിയോ ഇവളെ… ചിലങ്ക റൂമിൽ നിന്നും പുറത്തേക്കു വന്നു. ഞാൻ ഏട്ടനെ വിളിച്ചു പറയട്ടെ.. ചിലങ്ക ഫോൺ കൈയിൽ എടുത്തു. താമര അവളുടെ കൈയിൽ നിന്നും ഫോൺ തട്ടി പറിച്ചു വാങ്ങി. ഡീ.. നീ എന്താ കാണിച്ചത്.. ചിലങ്ക ദേഷ്യത്തോടെ അവൾക്ക് നേരെ കൈ ഉയർത്തി. താമര അവളുടെ കൈ പിടിച്ചു വളച്ചു. ചിലങ്ക വേദന കൊണ്ട് പുളഞ്ഞു. ഒരു നിമിഷം പകപോടെ എല്ലാവരും അവളെ നോക്കി നിന്നു. വിടടി അവളെ.. മേനക താമരയെ വന്ന് പിടിച്ചു. താമര ചിലങ്കയെ പിടിച്ചു താഴേക്ക് തള്ളി ഇട്ടു. താഴേക്കു വീണ ചിലങ്കയെ രുദ്രൻ പിടിച്ചു എഴുന്നേൽപ്പിച്ചു. അവളെ വെറുതെ വിടരുത് രുദ്രാ.. ചിലങ്ക ദേഷ്യത്തോടെ പറഞ്ഞു. നിങ്ങൾ എന്നെ ഒന്നും ചെയ്യില്ല. താമര ധൈര്യത്തോടെ അവരെ നോക്കി കൊണ്ടു പറഞ്ഞു. ആരേ കണ്ടാടി.. നീ കിടന്ന് തിളയ്ക്കുന്നെ…?മേനക അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ടു ചോദിച്ചു. താമര മേനകയുടെ കൈ തട്ടി തെറിപ്പിച്ചു, അവരുടെ കവിളിൽ ആഞ്ഞടിച്ചു.

തല കറങ്ങി അവർ കസേരയിൽ പിടിച്ചു നിന്നു. കുറച്ച് സമയം വേണ്ടി വന്നു എന്താ നടന്നത് എന്ന് തിരിച്ചറിയാൻ. മേനക കവിളിൽ പിടിച്ചു കൊണ്ട് പകപ്പോടെവളെ നോക്കി. ഇത് എന്തിനാണെന്ന് അറിയോ.. സ്വന്തം മക്കളെ നേരെ വളർത്താത്തിന്. ഒരാൾ ക്രിമിനലും മറ്റയാൾ മയക്ക് മരുന്നിനു അടിമയും. കിരൺ ഞെട്ടി കൊണ്ടവളെ നോക്കി. താമര ദേഷ്യത്തോടെ കിരണിനെ ഒന്ന് നോക്കി. താമര വീണ്ടും തുടർന്നു. അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും നിങ്ങൾ വൻ തോൽവിയാണ്. അല്ലെങ്കിൽ എന്റെ അമ്മയെയും എന്നെയും നിങ്ങളുടെ ഭർത്താവ് എന്ന് പറയുന്ന ഇയാൾ കയറി പിടിക്കില്ലായിരുന്നു. ഇന്ദ്രനെ നോക്കി കൊണ്ടവൾ പുച്ഛത്തോടെ പറഞ്ഞു. മേനക അവൾക്ക്‌ മുന്നിൽ തറഞ്ഞു നിന്നു. അവളുടെ ഓരോ വാക്കുകളും ശരം കണക്കെ അവരുടെ ഹൃദയത്തിൽ തുളച്ചു കയറി രക്തം കിനിഞ്ഞു. മേനക പകപോടെ ഇന്ദ്രനെ നോക്കി. അയാൾ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ആ സ്ത്രീയുടെ നെഞ്ച് പിടഞ്ഞു.

ഞാൻ മനസ് വച്ചാൽ എനിക്ക് ഇവിടെ റാണിയെ പോലെ കഴിയാം എന്നാ ഓഫർ. പരിഹാസചിരിയോടെ അവരെ നോക്കി താമര പറഞ്ഞു. മേനകക്ക്‌ ആകെ ശരീരം തളരുന്ന പോലെ തോന്നി. അവർ നിലത്തേക്ക് ഊർന്നിരുന്നു. രുദ്രൻ അപ്പോഴും കേട്ട ഞെട്ടലിലാണ്. അച്ഛൻ അങ്ങനെ ചെയ്യുമെന്ന് അവൻ കരുതിയിരുന്നില്ല. മേനകയെ നോക്കുമ്പോൾ അവന്റെ കണ്ണുകൾ എന്തിനന്നറിയാതെ നിറഞ്ഞു. മായ ഒരു നിമിഷം അവളുടെ മുഖം അവന്റെ മനസ്സിൽ വന്ന് പോയി. മേനക ഇവൾ നുണ പറയാ.. നീ ഇത് വിശ്വസിക്കരുത്. ഇന്ദ്രൻ അവരുടെ അരികിലേക്ക് വന്നിരുന്ന് കൊണ്ടു പറഞ്ഞു. തൊട്ട് പോവരുത് എന്നെ.. മേനക ഇന്ദ്രന്റെ കൈകൾ തട്ടി മാറ്റി. മേനക ഇവൾ വെറുതെ പറയാ.. നീ ഇതൊന്നും വിശ്വസിക്കരുത്. കത്തുന്ന മിഴികളോടെ താമരയെ നോക്കി കൊണ്ടയാൾ പറഞ്ഞു. തന്റെ ഇഷ്ടത്തിന് വഴങ്ങാത്തത് കൊണ്ട് അല്ലെ.. എന്റെ അമ്മയെ നീ കൊന്നത്. എന്നിട്ട് അത്‌ സ്വാഭാവിക മരണമാക്കി തീർത്തു. എന്റെ അച്ഛനെ ചേച്ചിയെ എല്ലാം നിങ്ങൾ.. അവളുടെ വാക്കുകൾ മുറിഞ്ഞു.

ഒടുവിൽ എന്നെയും നിങ്ങൾ.. അന്ന് കിരൺ വന്നില്ലായിരുന്നെങ്കിൽ.. ദേഷ്യo കടിച്ചമർത്തി കൊണ്ടവൾ അയാളെ നോക്കി. മേനക കലങ്ങിയ കണ്ണുകളോടെ ഇന്ദ്രനെ നോക്കി. ചിലങ്ക വന്ന് അവരെ ചേർത്ത് പിടിച്ചു എഴുന്നേൽപ്പിച്ചു. ഇന്ദ്രൻ ദേഷ്യം സഹിക്കാതെ വന്ന് താമരയുടെ മുടി കുത്തിന് പിടിച്ചു. നായിന്റെ മോളെ..എന്ത് ധൈര്യത്തിലാടി… നീ കിടന്ന് തുള്ളുന്നത്. ഇനി എന്തെങ്കിലും പറഞ്ഞാൽ…. ഇന്ദ്രൻ ദേഷ്യം കൊണ്ട് വിറച്ചു. വേദനയിലും താമര ഇന്ദ്രനെ പുച്ഛത്തോടെ നോക്കി. ദേഷ്യത്തോടെയാൾ അവളെ നിലത്തേക്ക് തള്ളിയിട്ടു. കിരൺ വന്ന് അവളെ താങ്ങി പിടിച്ചു. വെറുപ്പോടെ അവനെ തള്ളി മാറ്റി അവൾ നിവർന്നു നിന്നു. താമര കത്തുന്ന മിഴികളോടെ ഇന്ദ്രനെ നോക്കി. ഇനി നീ എന്റെ ദേഹത്ത് തൊട്ടാൽ, താമര പാന്റിന്റെ പോക്കറ്റിൽ നിന്നും തോക്ക് കൈയിൽ എടുത്തു അയാൾക്ക് നേരെ ചൂണ്ടി.

കിരണും രുദ്രനും ഇന്ദ്രനും ഞെട്ടി കൊണ്ടവളെ നോക്കി. നീ എന്താടാ വിചാരിച്ചത്.. എന്റെ പേരിൽ ഉള്ള സ്വത്ത് നിനക്ക് കിട്ടുമെന്നോ..? അതിന് വേണ്ടിയല്ലേ.. നീ എന്റെ കുടുംബത്തെ ഇല്ലാതാക്കിയത് എന്നാൽ കേട്ടോ.. നിനക്ക് എന്റെ പേരിൽ ഉള്ള സ്വത്ത് കിട്ടില്ല ഞാൻ അത്‌ ട്രസ്റ്റ്‌ന് എഴുതി കൊടുത്തു. പുച്ഛത്തോടെ നോക്കിയവൾ വാശിയോടെ പറഞ്ഞു. ഇന്ദ്രന്റെ സംശയത്തോടെ അവളെ നോക്കി. നീ ഇപ്പോ എന്താ പറഞ്ഞത്‌. ദേഷ്യത്തോടെയാൾ ചോദിച്ചു. നിങ്ങൾ എന്തിന് വേണ്ടിയാണോ കഷ്ടപ്പെട്ടത് ആ സ്വത്ത് എല്ലാം ട്രസ്റ്റ്‌ ന് കൈ മാറിന്ന്. അവർ കേൾക്കാൻ പാകത്തിൽ ഉച്ചത്തിലവൾ പറഞ്ഞു. ഇന്ദ്രൻ തളർച്ചയോടെ അവളെ നോക്കി. പതിയെ രുദ്രന്റെയും ഇന്ദ്രന്റയും കണ്ണുകളിൽ ഒരുപോലെ പകയെരിഞ്ഞു. രുദ്രൻ തോക്ക് അവളുടെ കൈയിൽ നിന്നും തട്ടി തെറിപ്പിച്ചു. താമര പകപോടെ അവനെ നോക്കി. രുദ്രൻ തോക്ക് എടുത്തു അവൾക്ക് നേരെ നീട്ടി വന്യമായ് ചിരിച്ചു.

കിരൺ അവന്റെ കൈയിൽ കയറി പിടിച്ചു. വിടാടാ.. കൈയിന്ന് രുദ്രൻ കിരണിനെ നോക്കി അലറി. വേണ്ട.. ഏട്ടാ കിരൺ അവന്റെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു. രുദ്രൻ കിരണിനെ തള്ളി മാറ്റി. വീണിടത്ത് നിന്ന് കിരൺ എഴുന്നേറ്റ് രുദ്രന്റെ അടുത്തേക്ക് വന്നു. രുദ്രൻ അവൾക്ക് നേരെ തോക്ക് ചൂണ്ടി. ഉള്ളിൽ ഭയം തോന്നിയെങ്കിലും അത്‌ പുറമെ കാണിക്കാതെ അവൾ നിന്നു. കിരൺ രുദ്രനെ ചവിട്ടി വീഴ്ത്തി. കിരൺ തോക്ക് കൈയിൽ എടുത്തു. താമരയുടെ അടുത്തേക്ക് ചെന്നു. അവളുടെ കൈയിൽ പിടിച്ചു. വാ.. പുറത്തേക്ക് നടക്കാൻ അവൻ കാലടി വച്ചു. താമര അനങ്ങാതെ അവിടെ നിന്നു. കിരൺ പിന്തിഞ്ഞു അവളെ നോക്കി. താമര പോവാം. അവളുടെ കൈയിൽ പിടിച്ചു വലിച്ചു. രുദ്രനും ഇന്ദ്രനും അവർക്ക് കുറുക്കെ വന്നു നിന്നു. രുദ്രാ.. ഇവളെ റൂമിൽ കൊണ്ടു പോയി പൂട്ടിയിട്. അലർച്ചയോടെ ഇന്ദ്രൻ പറഞ്ഞു. അതിന് ഞാൻ സമ്മതിക്കില്ല. കിരൺ പറഞ്ഞു. അതിന് നിന്റെ സമ്മതം ആർക്ക് വേണം. എല്ലാം നഷ്ടപെടുത്തിയ ഇവൾ ഓരോ നിമിഷവും മരിക്കാതെ മരിക്കണം. ഇന്ദ്രൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ അത്‌ നടക്കില്ല. കിരൺ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. രുദ്രന്റെ കൈകൾ താമരയുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. താമര അവനിൽ നിന്നും കുതറി. കിരണിന്റെ തലയിലൂടെ ഉള്ള രക്തം പ്രവാഹം ശക്തമായി. കണ്ണുകൾ ചുവന്നു. താമരയുടെ ഇടുപ്പിൽ പിടിച്ചിരിക്കുന്ന കൈയിലേക്കും താമരയിലേക്കും അവന്റെ നോട്ടം എത്തി നിന്നു. നാഡി ഞരമ്പുകൾ വലിഞ്ഞു മുറുകി. താഴേ കിടക്കുന്ന തോക്ക് എടുത്ത് രുദ്രനെ നേരെവൻ വെടി വച്ചു. അലർച്ചയോടെ രുദ്രൻ താഴേക്ക് വീണു. മോനെ.. ഇന്ദ്രനും മേനകയും അവനടുത്തേക്ക് ഓടി ചെന്നു. രുദ്രന്റെ നെഞ്ചിൽ നിന്നും രക്തം കിനിഞ്ഞു ഒഴുകി. പതിയെ അവന്റെ ശ്വാസം നിലച്ചു. മോനെ രുദ്രാ.. കണ്ണ് തുറക്കടാ.. അമ്മയെ നോക്കടാ.. കരഞ്ഞു കൊണ്ട് മേനക രുദ്രനെ തട്ടി വിളിച്ചു. കൊന്നലോടാ മഹാപാപി നീ എന്റെ മോനെ.. കരഞ്ഞു കൊണ്ടു മേനക കിരണിന്റെ കോളറിൽ വന്ന് പിടിച്ചു കൊണ്ടു പറഞ്ഞു.

പെട്ടന്ന് മേനക നെഞ്ചിൽ കൈ വച്ചു. ഷർട്ടിൽ ശക്തിയിൽ പിടിച്ചു കൊണ്ടവർ ചലനമറ്റ് നിലത്തേക്ക് വീണു. കിരണിന്റെ കൈയിലെ തോക്ക് താഴേക്കു വീണു. അവൻ രുദ്രനെയും മേനകയെയും മാറി മാറി നോക്കി. അവന്റെ കൈകൾ മുടിഴികളിൽ കോർത്തു പിടിച്ചു, താഴേക്കു ഊർന്നിരുന്നു. ചിലങ്ക വാവിട്ട് കരഞ്ഞു. ഇന്ദ്രൻ പകച്ചു നിന്നു. ഇന്ദ്രൻ മേനകയെ തട്ടി വിളിച്ചു. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അപ്പോഴേക്കും അവർ യാത്രയായിരുന്നു. ഒരു പുഞ്ചിരിയോടെ താമരയത് നോക്കി നിന്നു. ഇവൾ… ഇവൾ.. ഒറ്റ ഒരുത്തിയാ ഇതിന് എല്ലാം കാരണം. ഇന്ദ്രൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്ന് അവളുടെ കഴുത്തിൽ പിടിച്ചു. ശ്വാസം കിട്ടാതെ അവളുടെ കണ്ണുകൾ തുറിച്ചു. കിരൺ ചുറ്റും പരതി തോക്ക് കൈയിൽ എടുത്ത് ഇന്ദ്രന് നേരെ ചൂണ്ടി…. തുടരും…….